ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 40

നാഗമാഹാത്മ്യം...

ഭാഗം: 40

48. അനന്തൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈ നാഗങ്ങളിൽ ഏറ്റവും പ്രധാനി അനന്തനാണ്. പതിനാലുലോകങ്ങളിൽ പാതാളമാണ്. നാഗവാസത്തിനു യോഗ്യമായി വിധാതാകല്പിച്ചത്. നാഗങ്ങളെ അതിനാൽ അ ങ്ങോട്ടയയ്ക്കുകയാണു ചെയ്തത്. നാഗങ്ങൾ വസിക്കുന്ന ലോകത്തിന് നാഗലോകമെന്നു പറയുന്നു . സാധാരണ മനുഷ്യർക്കൊന്നും അവിടെ എത്തിച്ചേരാനാവില്ല. പുരാണങ്ങളിൽ നാഗലോകത്തെ പറ്റി ബോധിപ്പിക്കുന്നുണ്ട്. വ്യാസദേവൻ ശ്രീമദ് ഭാഗവതത്തിൽ നാഗലോകത്തെപറ്റി പരാമർശിക്കമാത്രമല്ലാ വർണ്ണിക്കുന്നുമുണ്ട്. എന്നാലും നല്ല പോലെ വർണ്ണിക്കുന്നത്. ഭാഗവതത്തിലാണ്. അനന്തൻ തന്റെ ആയിരം തലമേൽ ഒരെണ്ണത്തിൽ ഒരു കടുകുമണി പോലെ ഭൂമിയെ താങ്ങിയിരിക്കുന്നു വെന്നാണ് പുരാണം പറയുന്നത് . ബ്രഹ്മാവിന്റെ കല്പന അനുസരിച്ചാണ് ഭൂമിയെ താങ്ങിയിരിക്കുന്നത്. അനന്തൻ തന്റെ ഒരു ഫണത്തിൽ നിന്ന് ചിലപ്പോൾ ഭൂമിയെ മറ്റൊരു ഫണത്തിലേയ്ക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന പ്രകംബനമാണ്. ഭൂമി കുലുക്കം എന്നൊരു പറച്ചിലുണ്ട്.

വ്യാസദേവൻ ശ്രീമദ് ഭാഗവതത്തിൽ അഞ്ചാംസ്കന്ധ (പഞ്ചമസ്ക്കന്ധം) ത്തിൽ ഇരുപത്തിനാലാം അദ്ധ്യായം മുപ്പത്തിയൊന്നാം ശ്ലോകത്തിൽ നാഗവാസികളായ ഈ മഹാനാഗങ്ങളെ പറ്റിപറയുന്നുണ്ട്.

"തതോഽധസ്താത് പാതാളേ നാഗലോകപതയോ വാസുകി പ്രമുഖാ: ശംഖകലിക മഹാശംഖ ശ്വേതധനഞ്ജയ ധൃതരാഷ്ട്രാ ശംഖചൂഡ കംബലാഽശ്വതര ദേവദത്താദയോ മഹാ ഭോഗിനോ മഹാമർഷാനിവസന്തിയേഷാമൂഹവൈപഞ്ചസപ്തദശശതസഹസ്രശീർഷണാം, ഫണാസുവിരയിതാ മഹാമണയോരോചിഷ്ണവ:പാതാളവിവരതിമിരനികരം സ്വരോചിഷാവിധമന്തി ''

അതായത് രസാതലത്തിനു മടിയിൽ പാതാളത്തിൽ, സാക്ഷാൽ വാസുകി , ശംഖൻ, കലികൻ, ധനഞ്ജയൻ, കംബലൻ, ശംഖചൂഡൻ, മഹാശംഖൻ , ശ്വേതൻ, ദേവദത്തൻ, ധൃതരാഷ്ട്രൻ , തുടങ്ങി മഹാ നാഗങ്ങൾ വസിക്കുന്നു. അവയുടെ അഞ്ച്, ഏഴ്, പത്ത് , ആയിരം എന്നിങ്ങനെ കാണപ്പെടുന്ന ഫണങ്ങളിലുള്ളതായ ദിവ്യരത്നങ്ങളുടെ ശോഭകൊണ്ട് അന്ധകാരം നീങ്ങി പാതാളലോകമാകെ പകൽ പോലെ പ്രകാശിക്കുന്നു എന്നാണ് സാരം . ഈ പ്രധാന ഫണികളുടെ ഫണത്തിലുള്ള മാണിക്യ ശോഭ അത്ര മഹത്തരമാണ്. സൂര്യപ്രഭ ഭൂമിയിലെ അന്ധകാരത്തെ നീക്കി പ്രകാശപൂരിതമാക്കുന്ന പോലെ ഈ ഫണികളുടെ ശിരസ്സിലെ രത്നശോഭ പാതാളാന്ധകാരത്തെ നീക്കി ശോഭയാമാനമാക്കുന്നു . അത്ര ദിവ്യമായ പ്രഭയാണ് അതിലടങ്ങിയിരിക്കുന്നത്. ഇവയെല്ലാം പാതാളലോകത്ത് സസുഖം വാഴുന്നു.

ശ്രീമദ് ഭാഗവതത്തിൽ ഇരുപത്തിയഞ്ചാം അദ്ധ്യായം ആദ്യഭാഗത്ത് അനന്തഭഗവാനായ സങ്കർഷണമൂർത്തിയുടെ സുന്ദരവർണ്ണനയാണ്.

""തസ്യമൂലദേശേ ത്രിംശത്യോജന സഹസ്രാന്തര അസ്തേയാ വൈ കലാ ഭഗവതസ്താമസീസമാഖ്യാതാനന്ത ഇതിസാത്വതീയാ ദ്രഷ്ട ദൃശ്യയോ: സങ്കർഷണ മഹമിത്യഭിമാ ന ലക്ഷണം യം സങ്കർഷണമിത്യായക്ഷതേ”".

പാതാളത്തിന്റെ മൂല ഭാഗത്തായിട്ടാണ് സങ്കർഷണ മൂർത്തിയായ അനന്തഭഗവാൻ വിളങ്ങുന്നത്. തന്റെ അന്തമില്ലാത്തതായ ശരീരത്തെ ചുരുക്കി മുപ്പതിനായിരം യോജനപ്രദേശത്തായി അദ്ദേഹം അവിടെ നിലകൊള്ളുന്നു. കാണപ്പെടുന്ന വസ്തുവിന്റേയും കാണുന്നവന്റേയും അഭേദഭാവനയെ പ്രകാശിപ്പിച്ചുകൊണ്ട് ഈ അനന്തദേവൻ സങ്കർഷണൻ എന്ന നാമധേയത്തിൽ അറിയപ്പെടുന്നു . അദ്ദേഹം ഭുജഗരാജാക്കൻമാരുടെ നമസ്കാരാദി ഭക്തി പൂജയിൽ സന്തുഷ്ടനായി ഏവരേയും കടാക്ഷിക്കുന്നു. ഈ സങ്കർഷണമൂർത്തിയും , അനന്തമൂർത്തിയും ഭഗവാനും എല്ലാം ഒന്നു തന്നെയാണ്. ഈ പരബ്രഹ്മസ്വരൂപൻ ലോകനൻമയെ മാത്രം ആഗ്രഹിച്ചാണ് നിലകൊള്ളുന്നത്. അർത്തത്രാണപരായണനും വിശ്വത്തിന്റെ ഉത്ഭവസ്ഥിതിലയ സംഹാരകാരണനുമായ ഭഗവാന്റെ രൂപം തന്നെയാണ് അനന്തമൂർത്തി. അദ്ദേഹം ഭഗവാൻ വിഷ്ണുവിനൊപ്പം ഭൂലോകത്ത് അവതാരമെടുത്ത് മാനുഷികമായ സുഖദുഃഖങ്ങൾ മറ്റുള്ളവർക്കുവേണ്ടി അനുഭവിച്ചു മാതൃക കാട്ടുന്നുണ്ട്. രാമായണത്തിലെ ലക്ഷ്മണനും, ഭാരതത്തിലെ ഭാഗവതത്തിലേയും ബലരാമനും ഈ സങ്കർഷണമൂർത്തി തന്നെയാണ് . പിന്നെ ഭഗവാൻ ചതുർവ്യൂഹത്തിലെ വ്യൂഹത്തെ നയിക്കുന്ന സങ്കർഷണാഖ്യനും ഈ ദേവൻ തന്നെ. ഈ ദേവൻ സുരാസുരസിദ്ധ വിദ്യാധരഗന്ധർവ്വൻമാരോടു കൂടിയ ദേവഗണങ്ങളുടേയും ഭൂലോകത്തുള്ള മനുഷ്യരാശിയുടേയും പാതാളത്തിലുള്ള നാഗലോകവാസികളുടേയുമെല്ലാം ആരാധനാമൂർത്തിയാണ് . അദ്ദേഹത്തിന്റെ നാമം ശ്രവിക്കുകയും സ്മരിക്കുകയും ജപിക്കുകയും മൂർത്തിയെ ദർശിക്കയും വണങ്ങുകയുമെല്ലാം തന്നെ പുണ്യമാണ്. അതുകൊണ്ട് പാപങ്ങൾ അകലുന്നു. പുണ്യം നേടാൻ സാധിക്കുന്നു.

അനന്തന് ആദ്യം ഒരുതല മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും പിന്നീട് ആയിരം തലയായി എന്നും ഒരു ഐതിഹ്യമുണ്ട്. അത് ഇങ്ങനെയാണ്. ആദിശേഷൻ ശിവഭഗവാന്റെ ശിരോഭൂഷണമായിരുന്നു. ഒരിക്കൽ ശിവഭഗവാൻ കുടുംബസമേതം കൈലാസത്തിൽ ഇരിക്കുകയായിരുന്നു. ആസമയം ദേവഗണങ്ങൾ ഒന്നിച്ച് ഭഗവദ്സന്നിധിയിൽ വന്നു . എല്ലാവരേയും വണങ്ങി. അവരെല്ലാം തിരിയെ പോയി. അപ്പോൾ ശേഷന് ഒരു വിചാരം, അല്ലാ അവരെല്ലാം പ്രത്യേകം പ്രത്യേകം ശിവനേയും , പാർവ്വതിയേയും ഗണേശനേയും വണങ്ങി. എന്നെ മാത്രം ഗൗനിച്ചില്ലല്ലോ ഇതറിഞ്ഞ ഭഗവാന് ദേഷ്യം വന്നു. ശിവനെ വണങ്ങുമ്പോൾ ശിവഭൂഷണത്തെ പ്രത്യേകം വിചാരിക്കാനുണ്ടോ? ഇതഹന്തയല്ലേ ? അദ്ദേഹം ശേഷനെ തന്റെ തലയിൽ നിന്നെടുത്ത് ഒരേറു കൊടുത്തു. അതു ചെന്നു വീണത് ഹിമാലയനിരകളിൽ. തല ആയിരമായി പിളർന്നു. ഭൂമിയെ താങ്ങാനുള്ള ശേഷിയും നഷ്ടപ്പെട്ടു. ദുഃഖിതനായ അദ്ദേഹം തനിക്കു പഴയശക്തി തിരിയെ കിട്ടണേ എന്നു പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. സന്ദർഭവശാൽ നാരദമഹാമുനി നാരായണ ജപവുമായി അതുവഴി വന്നു. ആദിശേഷന്റെ ദുഃഖഭാവം കണ്ടമുനി കാരണമാരാഞ്ഞു. കാരണമറിഞ്ഞപ്പോൾ മുനി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. നിന്റെ അഹമാണ് നാശകാരണം. ശ്രീ ഗണേശനെ ഉള്ളുരുകി പ്രാർത്ഥിച്ചു പ്രസാദിപ്പിച്ചാൽ കാര്യം ശരിയാകും . ഗണേശനു മാത്രമേ ഇപ്പോൾ നിന്നെ സഹായിക്കാനാവൂ. ഇതറിഞ്ഞ ശേഷൻ വിനായകമന്ത്രം ഉരുവിട്ട് ഉള്ളുരുകി പ്രാർത്ഥിച്ചു. ഗണേശൻ പ്രസാദിച്ച് ദർശ നം നല്കി. എന്താണ് ഇംഗിതം എന്നാരാഞ്ഞു. ഗണപതി ഭഗവാൻ പറഞ്ഞു. ഒട്ടം വിഷാദം വേണ്ട. ആയിരം ഭാഗങ്ങളായി പിളർന്ന തല ആയിരം തലയായി തീരും സഹസ്രഫണി എന്ന പേര് സിദ്ധിച്ചു. പഴയശേഷി വീണ്ടെടുക്കുന്നതിനും വരപ്രസാദം മൂലം സാധിച്ചു. പരമേശ്വരന്റെ ജഡയിൽ ഇരിക്കുവാനും കല്പിച്ചു. അഞ്ചു മുഖങ്ങളായി ജഡാമകുടത്തിൽ ശോഭിക്കട്ടെ എന്നു വരം കൊടുത്തു. കൂടാതെ ഗണേശന്റെ കടീബന്ധത്തിൽ ഇരുന്നു കൊള്ളുന്നതിനും അനുവദിച്ചു. മഹാകായനായി തീർന്ന ഗണപതി ആദിശേഷനെ അരയിലെടുത്തു ഉദരബന്ധമാക്കുകയും ചെയ്തു എന്നാണ്. അനന്തമൂർത്തിയുടെ ആയുധങ്ങളായി പറയപ്പെടുന്നത് മുസലമാണ്. അതുകൊണ്ട് അദ്ദേഹം മുസലി എന്ന പേരിലും അറിയപ്പെടുന്നു . ബലരാമനായി അവതരിച്ചപ്പോൾ അദ്ദേഹം കലപ്പയാണ് ആയുധമായി സ്വീകരിച്ചത്. അതുകൊണ്ട് ദുഷ്ടനിഗ്രഹം ചെയ്യുന്നതിന് മുസലമാണുപയോഗിച്ചത്. ബലഭദ്രരാമനും മുസലി എന്ന പേര് സിദ്ധിച്ചരുന്നു. സങ്കർഷണൻ, ബലൻ , ബലരാമൻ, മുസലി , കാമപാലൻ തുടങ്ങി അനേക പേരുകൾ സിദ്ധിച്ചിരുന്നു അദ്ദേഹത്തിന്.

അനന്തമൂർത്തിയുടെ ത്രേതായുഗത്തിലെ അവതാരം ലക്ഷ്മണനായിരുന്നു. അദ്ദേഹം ശ്രീരാമദേവന്റെ ദാസൻ സോദരൻ എന്നീ രീതിയിലായിരുന്നു. രാമന്റെ ആജ്ഞാനുവർ ത്തിയായി നിഴൽ പോലെ രാമഭക്തനായി കഴിഞ്ഞിരുന്നു . രാമ രാവണയുദ്ധകാലത്ത് ഒരു നല്ല യോദ്ധാവിനെ പോലെ വേണ്ട സഹായം ചെയ്തിരുന്നു. രാജ്യഭരണകാലത്ത് രാജസേവനം ചെയ്തിരുന്നു.

വിഷ്ണുദേവന് ഛത്രയായും ശയ്യയായും, മഹാദേവന് ശിരോഭൂഷണമായും , പാതാള ലോകത്തിന്റേയും നാഗലോകത്തിന്റേയും തലവനായും ഭൂലോകത്തെ ആരാധ്യദേവനായും ഭൂമിയെ കാത്തുരക്ഷിക്കുന്ന രക്ഷിതാവായുമൊക്കെ അനന്തമൂർത്തി അനന്തസേവനം ചെയ്ത് വാണുകൊണ്ടിരിക്കുന്നു. ആ ദേവനെ നമുക്കും ത്രികരണങ്ങളാൽ സ്തുതിക്കുക തന്നെ കരണീയം.

അന്തഃമില്ലാത്തോരനന്തനാം നാഗനെ
അന്തഃത്യാമിയെന്നറിഞ്ഞിടേണം   
അന്ത്യകാലത്തു മുക്തിയെ നല്കുവാൻ 
അനന്തമൂർത്തിയെ വണങ്ങിടുന്നു.
നിത്യവും നിൻപദസേവചെയ്തിടുവാൻ
നിത്യനാം നീയെന്നെ അനുഗ്രഹിച്ചീടണം
സത്യവും ധർമ്മവും ലേശം വിടാതെന്നെ
സത്യസ്വരൂപത്തിലെത്തിച്ചീടേണം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment