ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 11

നാഗമാഹാത്മ്യം...

ഭാഗം: 11

15. കദ്രുവിന്റെ ശാപം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പാലാഴിയിൽ നിന്നും ഉത്ഭുതമായ ഉച്ചൈശ്രവസ്സ് എന്ന കുതിര പൂർണ്ണമായും വെള്ള നിറമാണ്. ഒരു ദിവസം കദ്രുവും വിനതയും തമ്മിൽ സംസാരിച്ചിരിക്കവേ ആ കുതിരയെ പറ്റി ഒരു പരാമർശമുണ്ടായി. കദ്രു പറഞ്ഞു അതിന്റെ വാലിന്റെ അറ്റത്ത് അല്പം കറുത്ത നിറമാണ്. ബാക്കി ഭാഗം വെളുപ്പു തന്നെ.

വിനത അല്ലാ അതിന്റെ വാലിന്റെ അറ്റത്തും കറുപ്പില്ല. മുഴുവൻ വെളുപ്പാണ്. തമ്മിൽ തർക്കമായി. തർക്കം മൂത്ത് വാതുവച്ചു. കദ്രു പറഞ്ഞു. വാലിൽ കറുപ്പു നിറമുണ്ടെങ്കിൽ നീ എനിക്കു ദാസിയായിരിക്കണം . മറിച്ചാണെങ്കിൽ ഞാൻ നിനക്കു ദാസിയായിരിക്കും. ഇരുവരും സമ്മതിച്ചു. അടുത്ത ദിവസം രണ്ടു പേരും കൂടി ഉച്ചൈശ്രവസ്സിനെ കാണാനും വാതു സ്ഥിരീകരിക്കാനും നിശ്ചയമായി. രണ്ടുപേരും പിരിഞ്ഞു.

കദ്രുവിനും ശരിക്ക് അറിയാമായിരുന്നു. ഉച്ചൈശ്രവസ്സിന്റെ നിറം വെളുപ്പാണെന്ന്. എന്നാൽ താൻ വാശിപിടിച്ച് വാതുവച്ചതിനാൽ തന്റെ വാതു ജയിക്കണമെന്നും വിനതയെ ദാസിയാക്കണമെന്നും നിശ്ചയിച്ചു. തന്റെ മക്കളെയെല്ലാം വിളിച്ചു പറഞ്ഞു തന്നെ ജയിപ്പിക്കാനായി കുതിരയുടെ വാലിൽ പറ്റിക്കൂടിയിരിക്കണം , വിനത കണ്ടതിനുശേഷം മടങ്ങിപോരാം . ചില സർപ്പങ്ങൾ അതെതിർത്തു പറഞ്ഞു. അസത്യം പറയുന്നതും ചെയ്യുന്നതും പാപമല്ലേ ? ഞങ്ങൾക്കതു വയ്യ. അതും നമ്മുടെ മാതാവല്ലേ? മാതാവിനോടു സത്യവിരോധം പാടില്ല. ഇതുകേട്ട് കദ്രു കോപത്തോടെ അവരെ ശപിച്ചു. മഹാത്മാവായ രാജാവ് ജനമേജയൻ സർപ്പസത്രം നടുത്തുമ്പോൾ നിങ്ങളെല്ലാം (എന്നെ അനുസരിക്കാത്ത മക്കൾ) തീയിൽ ദഹിച്ചു പോകട്ടെ!

സ്വന്തം മക്കളെ ശപിച്ച കദ്രുവിന്റെ ഭാവം കശ്യപനും കുണ്ഠതിത്തിനു കാരണമായി. അദ്ദേഹം ബ്രഹ്മാവിനോടു ചോദിച്ചു. അങ്ങും ഇതു കേട്ടില്ലേ? എന്തുകൊണ്ട് അവരെ തടഞ്ഞില്ല. ഈ വംശനാശം എങ്ങിനെ സഹിക്കും. അങ്ങ് ഇതിന് സമ്മതം മൂളിയില്ലേ?

ബ്രഹ്മാവ് പുത്രാ! സമാധാനിക്കൂ. സർപ്പങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ട് അവരെ രക്ഷിക്കാൻ തന്നെ വിഷമമാണ്. അവർ വിഷമുള്ളതും മറ്റുള്ളവരെ പീഡിപ്പിക്കുന്നതുമാണ്. അങ്ങനെയുള്ള വിഷസർപ്പങ്ങൾ കുറെ ഒടുങ്ങേണ്ടതാവശ്യമാണ്. അന്യരെ ദ്രോഹിക്കുന്ന വിഷപാമ്പുകൾ മാത്രമേ നശിക്കുകയുള്ളൂ.സത്യസർപ്പങ്ങൾക്ക് ഒരിക്കലും ഹാനിയുണ്ടാകില്ല . ഇത് നേരത്തെ തന്നെ എനിക്കറിയാം. ഈ വിധി തടുക്കാൻ ആർക്കും സാധ്യമല്ല എന്നു പറഞ്ഞു ബ്രഹ്മദേവൻ കശ്യപന് വിഷസംഹാര വിദ്യ ഉപദേശിച്ചു. അദ്ദേഹം തനിക്കു ലഭിച്ച ആ വിദ്യ തലമുറകൾക്കുപദേശിച്ചു. പരമ്പരാഗതമായി ഇന്നും ആ വിഷസംഹാരവിദ്യ ലോകത്തിൽ പ്രചരിച്ച് നിലനിന്നു വരുന്നു.

16. വിനതയുടെ ദാസ്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പിറ്റേ ദിവസം വിനതയും കദ്രുവും കൂടി പന്തയത്തിൽ ആർക്കു ജയം കിട്ടുമെന്നുള്ള വിചാരത്തോടെ ഉച്ചൈശ്രവസ്സിനെ ചെന്നു കാണാൻ പുറപ്പെട്ടു. അമ്മയുടെ ശാപം ഭയന്ന് ചില സർപ്പങ്ങൾ അമ്മ പറഞ്ഞതുപോലെ ചെയ്യാൻ തീരുമാനിച്ചു. അവർ ആരും അറിയാതെ തന്നെ ഉച്ചൈശ്രവസ്സിന്റെ വാസസ്ഥലത്തെത്തുകയും പെട്ടന്ന് ഉച്ചൈശ്രവസ്സിന്റെ വാലിൽ പറ്റി കിടക്കുകയും ചെയ്തു . കദ്രുവും വിനതയും കൂടി അവിടെയെത്തി. സൂക്ഷ്മനിരീക്ഷണം ചെയ്തു. കുതിരയുടെ വാലിന്റെ അഗ്രത്തിൽ കറുപ്പുകണ്ട വിനത പന്തയത്തിൽ തോറ്റു. ചതിവും വഞ്ചനയുമൊന്നുമറിയാത്ത വിനത സപത്നിയായ കദ്രുവിന്റെ ചതി മനസ്സിലാക്കിയില്ല. പന്തയമനുസരിച്ച് വിനത കദ്രുവിന്റെ ദാസിയായി തീർന്നു.കദ്രു സ്വന്തം സഹോദരിയും സപത്നിയുമായ വിനതയോടു ദാസിയോടെന്ന പോലെ തന്നെ പെരുമാറി തുടങ്ങി . തനിക്കു തോല്വിപിണഞ്ഞല്ലോ എന്ന സന്താപത്തോടു കൂടി വിനത കദ്രുവിന്റെ ദാസ്യം സ്വീകരിച്ചു.ഇക്കാലത്താണ് ഉജ്വലതേജസ്സോടു കൂടി ബലശാലിയായ ഗരുഡന്റെ ജൻമമുണ്ടായത്. അരുണന്റെ വാക്കുകൾ വിനതയോർത്തു. എന്റെ സഹോദരൻ അമ്മയുടെ ദാസ്യം ഒഴിക്കാൻ പ്രാപ്തനാണ്. അവൾക്കു സമാധാനമായി . ഈ മകൻ തന്നെ സ്വതന്ത്രനാക്കും എന്ന ചിന്തയിൽ കദ്രുവിന്റെ ആജ്ഞകൾ പാലിച്ചു വന്നു.

ഒരു ദിവസം കദ്രു വിനതയോടു പറഞ്ഞു എന്നെയും എന്റെ മക്കളേയും കൂട്ടി മനോഹരമായ നാഗാലയത്തിലേക്കു പോകണം. ആ സമയം ഗരുഡനവിടെയെത്തി. ഗരുഡൻ നാഗങ്ങളേയും എടുത്തു കൊണ്ടുപോയി. ഗരുഡൻ മുകളിലേയ്‌ക്ക് പറക്കാൻ തുടങ്ങി. സൂര്യാതാപമേറ്റ നാഗങ്ങൾ പുളഞ്ഞുതുടങ്ങി . അപ്പോൾ കദ്രു ദേവേന്ദ്രനെ സ്തുതിച്ച് രക്ഷിക്കണമെന്നപേക്ഷിച്ചു. ഇന്ദ്രൻ പ്രസാദിച്ച് മഴ പെയ്യിച്ചു. ചൂടിൽ നിന്ന് സർപ്പങ്ങളെ രക്ഷിച്ചു. കദ്രുവും മക്കളും രമണീയകമായ ദ്വീപിലെത്തി. അവിടത്തെ മനോഹര ദൃശ്യങ്ങൾ കണ്ടാനന്ദിനിച്ച് സന്തുഷ്ടരായ നാഗങ്ങൾ വീണ്ടും പല പല രമണീയ സ്ഥാനങ്ങൾ കാണാനായി പോകാൻ ശഠിച്ചു. ഇങ്ങനെ ചെയ്യേണ്ടതിന്റെ കാരണം ചോദിച്ചു മനസ്സിലാക്കി. സർപ്പങ്ങൾ ഗരുഡനോടു പറഞ്ഞു ദേവലോകത്ത് ചെന്ന് സുരാലയത്തിരി ക്കുന്ന അമൃതെടുത്തു കൊണ്ട് തരുന്ന പക്ഷം അമ്മയുടെ ദാസ്യം ഒഴിയും. അതുവരെ ഞങ്ങൾ പറയുന്നതു പോലെ ചെയ്തേ മതിയാകൂ . അമൃതു കൊണ്ടുത്തന്നാൽ ഉടൻ തന്നെ വിനതയുടെ മോചനം സാധിപ്പിക്കാമെന്ന വാർത്ത അറിഞ്ഞയുടൻ ഗരുഡനു സമാധാനമായി. അമ്മയെ ദുര്യോഗത്തിൽ നിന്നും, ദാസ്യത്തിൽ നിന്നും മോചിപ്പിക്കണമെന്ന് മകൻ ദൃഢമായുറച്ചു. അതിനു വേണ്ടി എന്തു ധീരപ്രവർത്തിയും ചെയ്യാൻ സന്നദ്ധനായി പുറപ്പെടാൻ തയ്യാറായി. സർപ്പങ്ങളുടെ ചതി മനസ്സിലാക്കിയ ഗരുഡൻ അവയോടു ഒടുങ്ങാത്ത ദേഷ്യവുമുണ്ടായി.എങ്കിലും അതിനെ അടക്കി അമ്മയോടു ചേദിച്ചു പോകും വഴിക്ക് എന്തു ഭക്ഷണമാണ് എനിക്കുള്ളത്. അമ്മ പറഞ്ഞു സമുദ്രത്തിൽ നടുവിൽ നിഷാദാലയമുണ്ട് അവിടെ ഭക്ഷണമുണ്ട് ബ്രാഹ്മണരുമുണ്ട് . എന്നാൽ ബ്രാഹ്മണരെ ഭക്ഷിക്കരുത്. അതു കണ്ഠം പൊള്ളാൻ ഇടയാകും. പോയി വരൂ. നിനക്കു നൻമ നേർന്നുകൊണ്ട് നീ വരുന്നതു വരെ ഞാൻ ഇവിടെ കഴിയാം. ഗരുഡൻ പുറപ്പെട്ടു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment