ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 28

നാഗമാഹാത്മ്യം...

ഭാഗം: 28

37. നഹുഷചരിതം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പണ്ട് ഭാരതഖണ്ഡത്തിൽ നഹുഷനെന്നു പേരായ ഒരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം സൽസ്വഭാവിയും ഭരണ നൈപുണ്യമുള്ളവനും മാത്രമല്ലായിരുന്നു. ഒരു തികഞ്ഞ ഭക്തനുമായിരുന്നു. അദ്ദേഹം ജനപ്രീതിയും ഗുരുപ്രീതിയും ഈശ്വരപ്രീതിയും ഒരുപോലെ സമ്പാദിച്ചിരുന്നു . അശ്വമേധാദി അനേകയാഗങ്ങളും ചെയ്തുയശസ്വിയും പ്രസിദ്ധിയും സമ്പാദിച്ചു കഴിഞ്ഞു അനേക കാലമായി രാജ്യം ഭരിച്ചു വന്നു.

 അക്കാലത്ത് ലോകത്തിൽ വൃതാസുരൻ എന്ന ഒരു അസുരൻ ബലവാനായി. അവൻ ഭൂലോകത്തു തന്നെയല്ല സ്വർഗ്ഗലോകത്തും തന്റെ അനീതിയേയും അക്രമത്തേയും അഴിച്ചുവിട്ടു. അവനിൽ നിന്നും രക്ഷപ്പെടാൻ മാർഗ്ഗം കാണാതെ മനുഷ്യരും , താപസരും, ദേവകൾ പോലും അഹമിഹയാനട്ടോട്ടമോടി. ഒടുവിൽ സഹികെട്ട് ഇന്ദ്രൻ പ്രസിദ്ധമായ തന്റെ ആയുധമായ വജ്രായുധത്താൽ അവനെ വധിച്ചു . ഇന്ദ്രന് തൽഫലമായി ബ്രഹ്മഹത്യാ പിടിപെട്ടു. ഇന്ദ്രൻ ബ്രഹ്മഹത്യയെ ഭയന്ന് ഓടിയോടി ഒടുവിൽ അമരാവതിയിലെത്തി ഒരു നളിനനാളത്തിലൊളിച്ചു. അവിടെയിരുന്നു തപസ്സു തുടങ്ങി. ഇത്തരുണത്തിൽ ദേവലോകം ഇന്ദ്രനില്ലാതെ , നായകനില്ലാതെ വിഷമത്തിലായി. ഇന്ദ്രനെ അന്വേഷിച്ചിട്ട് ആർക്കും എങ്ങും കണ്ടെത്താനായില്ല. പിന്നെ ബ്രഹ്മദേവൻ ആലോചിച്ചു. ഇന്ദ്രനില്ലാത്ത ദേവലോകം രാജാവില്ലാത്ത രാജ്യം തന്നെ ആരെയെങ്കിലും തൽക്കാലം ആ സ്ഥാനം ഏല്പിക്കേണ്ടതിന്റെ ഓചിത്യം മനസ്സിലാക്കി ആളെ തേടി . അപ്പോഴാണ് വാജിമേധമെല്ലാം ചെയ്ത് ഭക്തനായ എല്ലാം കൊണ്ടും യോഗ്യനായ ഒരു പുരുഷനെ കണ്ടെത്തിയത് അതായിരുന്നു നഹുഷൻ. അദ്ദേഹം തന്റെ പുണ്യം കൊണ്ട് ഇന്ദ്രപദത്തിലെത്തി. ദേവലോകത്തിന്റെ അധിപനായി. സമ്പത്തും, സ്ഥാനവുമെല്ലാം കൂടാതെ ഐശ്വര്യവും എത്തിചേർന്നാൽ ആരും മദിച്ചുപോകും. അതുതന്നെ നഹുഷനും സംഭവിച്ചു. മദമത്തനായ ഐശ്വര്യം കൊണ്ടു കണ്ണുകാണാതെ വന്ന നഹുഷൻ വിചാരിച്ചു. ഇന്ദ്രപദത്തിൽ കഴിയുന്ന തനിക്ക് ഇന്ദ്രാണിയെ എന്തുകൊണ്ട് സ്വാധീനിച്ചു കൂടാ? ഇന്ദ്രന്റടുക്കൽ ഇന്ദ്രാണിവേണ്ടതല്ലേ ? ശചീദേവിയെ, അതും എങ്ങിനെയുള്ളദേവിയെ, ഭർത്താവിന്റെ അഭാവത്തിൽ ദുഃഖിതയായി കഴിയുന്ന , ഏതാണ്ടു നിരാലംബയായ ദേവിയെ, തന്റെ മഹിഷിയാക്കാൻ തന്നെ തീരുമാനിച്ചു. വിവരം ദേവിയെ അറിയിച്ചു. ദേവിയ്ക്ക് ആകെ അങ്കലാപ്പായി. അവർ ദേവഗുരു ബ്രഹസ്പതിയോടു കാര്യം പറഞ്ഞു. ദേവഗുരു നഹുഷനോടു അനുനയവിനയങ്ങളിൽ കൂടി ആകൃത്യത്തിൽ നിന്നു പിൻതിരിയണമെന്നുപദേശിച്ചു . എവിടനുസരിക്കാൻ? കാമം കൊണ്ട് മദിച്ച് തിമിരം ബാധിച്ച അന്ധന് എന്നു കാണാൻ കഴിയും ? 'വിനാശകാലേ വിപരീതബുദ്ധി..

നഹുഷൻ ഒട്ടുംതന്നെ പിന്മാറിയില്ല. ഇന്ദ്രാണിയെ കിട്ടിയേ അടങ്ങൂ എന്നായി. നിരന്തരമുള്ള പ്രലോഭനത്താൽ ശചീദേവി ഗുരുവിനെ അഭയം പ്രാപിച്ചു. അദ്ദേഹം ഉപദേശിച്ചു. മുനിമാരെ കൊണ്ടു വഹിപ്പിച്ച പല്ലക്കിൽ കയറി എന്റെ ഗൃഹത്തിലെത്തിയാൽ ഞാൻ സ്വീകരിക്കാമെന്ന് ഇന്ദ്രനെ അറിയിക്കാൻ പറഞ്ഞു ഇന്ദ്രാണി അതുപോലെയറിയിച്ചു . നഹുഷൻ പല്ലക്കുചുമക്കാൻ മുനിമാരെവരുത്തി. കാര്യം അകൃത്യമാണെങ്കിലും ഇന്ദ്രന്റെ ആജ്ഞയല്ലേ ? മുനിമാരെത്തി. കാമാന്ധനായ നഹുഷൻ പല്ലക്കിലിരുന്നു. യാത്രയായി. ഇടയ്ക്ക് നഹുഷന് എത്രയും വേഗം ഇന്ദ്രാണിയെ പ്രാപിക്കാനുള്ള ആഗ്രഹത്താൽ മുനിമാരോട് സർപ്പസർപ്പ എന്ന് ആജ്ഞാപിച്ചു. അതായത് വേഗം വേഗം നടക്കണം. വീണ്ടും വീണ്ടും ശാസനം കേട്ട മുനിമാർക്ക് അത് അലോസരമായി തോന്നുകയാൽ അഗസ്ത്യമഹർഷി കുപിതനാകുകയും നഹുഷനെ ശപിക്കുകയും ചെയ്തു. നീ സർപ്പ സർപ്പ എന്നു ശാസിച്ചതിനാൽ ഒരു മഹാസർപ്പമായി കൊടുങ്കാട്ടിൽ പതിക്കട്ടെ. ഭയവിഹ്വലനായ നഹുഷൻ പല്ലക്കിൽ നിന്നിറങ്ങി അദ്ദേഹത്തെ അനുനയവിനയങ്ങളോടെ സ്തുതിച്ചു ക്ഷമായാചനം ചെയ്തു. ശാപമോക്ഷം തരണമെന്നു പ്രാർത്ഥിച്ചു . മുനി അദ്ദേഹത്തിന് ശാപമോക്ഷം നല്കി പറഞ്ഞു. ദ്വാപരയുഗത്തിൽ ധർമ്മപുത്രനെ കാണാൻ ഇടവരും. അന്ന് അദ്ദേഹത്തിന്റെ ദർശനം മൂലം നിനക്ക് പൂർവ്വരൂപം പ്രാപിക്കാൻ സംഗതിയാകും എന്നു പറഞ്ഞ് മുനിമാർ മറഞ്ഞു. നഹുഷൻ പാമ്പായി കാട്ടിൽ വളരെക്കാലം കഴിഞ്ഞു ധർമ്മപുത്രരുടെ ദർശനത്താൽ ശാപമോക്ഷം ലഭിച്ചു.

പാണ്ഡവരുടെ വനവാസകാലത്ത് അവർ പർവ്വത (ഹിമാലയാദി) പ്രദേശത്തിൽ വസിച്ചിരുന്നു. അവർ വനാന്തരങ്ങളിലും പർവ്വതപ്രദേശങ്ങളിലും വാസം നടത്തിയിരുന്ന കാലം ഒരു ദിവസം ഭീമൻ ആ പ്രദേശത്തു കൂടി സഞ്ചരിക്കവേ നഹുഷൻ എന്ന പാമ്പ് ഭീമനെ ആക്രമിച്ചു. ആ സമയം ഭീമനെ അന്വേഷിച്ച് അവിടെ എത്തിയ ധർമ്മപുത്രനെ കാണാൻ ഇടയായി. ധർമ്മപുത്രരുടെ ദർശനം ലഭിച്ച പാമ്പ് പൂർവ്വസ്ഥിതിയിലെത്തുകയും തന്റെ പൂർവ്വകഥ അറിയിക്കുകയും ചെയ്തതായി പുരാണം പറയുന്നുണ്ട് . നഹുഷൻ പാമ്പായതിനുശേഷം ദേവേന്ദ്രൻ ഇന്ദ്രലോകത്തെത്തി. താമരനാളത്തിലിരുന്നു തപസ്സു ചെയ്ത ഇന്ദ്രനു മനഃശുദ്ധി കൈവന്നു. ഗുരുക്കൻമാരുടേയും മറ്റുള്ളവരുടേയും ഇംഗിതമനുസരിച്ച് അശ്വമേധയാഗം നടത്തി പാപശാന്തി വരുത്തി സുഖമായി ഇന്ദ്രലോകം ഭരിച്ചു തുടങ്ങി. ഒരിക്കൽ സഹസ്രപാത്ത് അഗ്നിഹോത്രസമയത്ത് പുല്ലുകൊണ്ട് സർപ്പരൂപമുണ്ടാക്കി തന്റെ സുഹൃത്തായ ഖഗമനെ കാട്ടി ഭയപ്പെടുത്തി. അതുകണ്ട് ഭയന്ന് കോപിച്ച ഖഗമൻ സുഹൃത്തിനെ സർപ്പമായി പോകട്ടെയെന്നു ശപിച്ചു. പ്രമതിയുടെ പുത്രനായി രുരുവിന്റെ ദർശനം കൊണ്ട് ശാപമോക്ഷം കിട്ടുമെന്നറിയിച്ചു. ഖഗമന്റെ ശാപം മൂലം സഹസ്രപാത്ത് സർപ്പമായി വനാന്തരങ്ങൾ തോറും അലഞ്ഞു തിരിഞ്ഞു. കാലം കഴിക്കാൻ തുടങ്ങി. അങ്ങനെ കഴിയവേ ഒരിക്കൽ രുരു തന്റെ പത്നി പ്രമദ്വരയെ സർപ്പദംശനമേറ്റു മൃതിയുണ്ടായ നിമിത്തം സർപ്പങ്ങളോടു കോപിച്ചു. കാണുന്നിടത്തെല്ലാം സർപ്പങ്ങളെ കൊന്നൊടുക്കി തുടങ്ങി . അങ്ങനെ ചെയ്തു വരവേ സഹസ്രപാത്ത് എന്ന സർപ്പത്തെ അടിച്ചു കൊല്ലാൻ തുടങ്ങവേ രുരുവിനോടു തന്റെ ദുർദ്ദശ പറയുകയും ശാപമോക്ഷം വാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് രുരു സർപ്പങ്ങളെ രക്ഷിച്ചു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment