ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 29

നാഗമാഹാത്മ്യം...

ഭാഗം: 29

38. സുദർശന മോക്ഷം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 സുദർശനൻ ഒരു വിദ്യാധരനായിരുന്നു. അദ്ദേഹം തരുണീമണികളൊത്ത് ഉല്ലസിച്ചാഹ്ലാദിച്ചു സഞ്ചരിക്കയായിരുന്നു. ഒരിക്കൽ മാർഗ്ഗമദ്ധ്യേ അംഗിരസ്സാദിമുനികളെ കണ്ടു. സുദർശനൻ അവരെ നിന്ദിച്ചു സംസാരിക്കുന്ന വിവരം മുനികളറിഞ്ഞു. അവർ അടുത്തു ചെന്നപ്പോഴും വിദ്യാധരൻ ആ വിരൂപരെ (ജടാമകുടങ്ങൾ ധരിച്ചും താടിനീട്ടി വളർത്തിയു മൊക്കെയുള്ള അവരുടെ രൂപം വിരൂപമായിട്ടുണു തോന്നിയത്) നിന്ദിച്ചു . അതിൽ അസന്തുഷ്ടനായ അംഗിരസ്സുമുനി ശപിച്ചു നീയൊരു സർപ്പമായി അലഞ്ഞു തിരിഞ്ഞു നടക്കാൻ ഇട വരട്ടെ. ഇതു ശ്രവിച്ച വിദ്യാധരൻ അവരുടെ സമീപം ചെന്ന് ചെയ്തു പോയ തെറ്റിന് മാപ്പിരന്നു ആ ക്ഷമാപണത്തിൽ മനസ്സലിഞ്ഞ് മുനി ശാപമോക്ഷത്തിനു വഴി നല്കി. ദ്വാപരയുഗത്തിൽ ഭഗവാൻ വിഷ്ണു ധർമ്മസംസ്ഥാപനാർത്ഥം ഭൂമിയിൽ മനുഷ്യനായി ശ്രീ കൃഷ്ണനെന്ന നാമധേയത്തിൽ പിറക്കും. അദ്ദേഹം ഗോകുലത്തിൽ കളിച്ചു നടക്കുന്ന കാലത്ത് നിനക്ക് ഭഗവാനെ കാണാനാകും. അദ്ദേഹത്തിന്റെ സ്പർശനത്താൽ നിനക്കു പൂർവ്വരൂപം ലഭിക്കും. സുദർശനൻ സർപ്പരൂപം പൂണ്ടു അനേകനാൾ വസിച്ചു. ഭാഗ്യവശാൽ ഗോകുലത്തിലെത്തി. ഒരിക്കൽ ആ പന്നഗം കൃഷ്ണന്റെ വളർത്തച്ഛനായ നന്ദഗോപരെ പിടി കൂടി. അദ്ദേഹം നിലവിളിച്ചു. ഗോപൻമാരൊത്തു കൂടി സർപ്പത്തിൽ നിന്നും നന്ദഗോപരെ മോചിപ്പിക്കാൻ പഠിച്ച പണിയെല്ലാം നോക്കി. വടികൊണ്ടടിക്കയും കൊള്ളിവയ്ക്കുകയും ഒക്കെ ചെയ്തിട്ടും വിടുന്ന മട്ടില്ല. അപ്പോൾ ഗോപൻമാർ കണ്ണനോട് പറഞ്ഞു. കണ്ണൻ ഓടിവന്ന് അതിനെ സ്പർശിച്ച ഉടൻ തന്നെ ആ പന്നഗം നന്ദഗോപരെ വിട്ട് ഒരു സുന്ദരരൂപമുള്ള പുരുഷനായി. ഇതു കണ്ട് ഭഗവാൻ ചോദിച്ചു . നീ ആര് , എങ്ങനെയാണു പന്നഗമായത്. നിന്റെ കഥ പറയൂ. അപ്പോൾ സുദർശനൻ പറഞ്ഞു. ഞാനൊരു വിദ്യാധരനാണ്. അംഗിരസ്സിന്റെ ശാപം നിമിത്തം സർപ്പമായി, എന്നിട്ടു കഥ വിവരിച്ചു പറഞ്ഞു. അപ്രകാരം ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യസ്പർശത്താൽ മുനിയുടെ വാക്കനുസരിച്ച് സുദർശനന് മോക്ഷം ലഭിച്ചു . പൂർവ്വരൂപത്തിലായ വിദ്യാധരൻ ഭഗവാനെ സ്തുതിച്ചു വണങ്ങി സ്വന്തം സ്ഥാനംപൂകി.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment