ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 July 2020

പ്രപഞ്ച സൃഷ്ടി

പ്രപഞ്ച സൃഷ്ടി

പ്രപഞ്ച സൃഷ്ടിയെ കുറിച്ചുള്ള ഭാരതീയ സിദ്ധാന്തം ലോകത്തിലെ മറ്റേതൊരു സൃഷ്ടി സിദ്ധാന്ത ത്തെക്കാലും സൂഷ്മവും, അര്‍ത്ഥ സംപൂര്നവും ആണ്. നാസദീയ സൂക്തം (ഋഗ്വേദം -10 129 ) പ്രപഞ്ച സൃഷ്ടി ക്രമത്തെ വിശദമാക്കുന്നു. ശബ്ദത്തില്‍ നിന്നാണ് ജഗത്തിന്റെ സൃഷ്ടി. ആദിയില്‍ സത്തോ, അസത്തോ, സൂര്യ ചന്ദ്രാ ദികളോ, രാപ്പകലുകാലോ ഒന്നും ഇല്ലാതിരുന്ന അവസ്ഥയായിരുന്നു. അവിടെ ഉപാധികള്‍ ഇല്ലാത്ത ഒരു ചൈതന്യ ബോധം മാത്രം. തന്നില്‍ നിന്നും ഉരുത്തിരിയെണ്ടാതായ വിശ്വത്തെ പറ്റിയുള്ള ധാരണയോടെ വര്‍ത്തിച്ചു. നിര്‍ഗ്ഗുണമായ ചൈതന്യത്തില്‍ ഉണ്ടായ ശക്തിയുടെ ആദി ചലന മാണ് നാദ വിസ്ഫോടനം നാദത്തില്‍ നിന്ന് ആകാശവും, അതില്‍ നിന്ന് വായുവും, വായുവില്‍ നിന്ന് അഗ്നിയും, അതില്‍ നിന്ന് ജലവും, ജലത്തില്‍ നിന്ന് ധാരനിയും ഉണ്ടായി. തുടര്‍ന്ന് പന്ചീകരണ മെന്ന ക്രിയയിലൂടെ പഞ്ച ഭൂതങ്ങള്‍ പ്രപഞ്ചമായി മാറി. പ്രപഞ്ച സൃഷ്ടിയെ കുറിച്ചുള്ള ഈ സിദ്ധാന്തം അമേരിക്കന്‍ ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിള്‍ ആവിഷ്കരിച്ച bigbang സിദ്ധാന്ത വുമായി ഒത്തു നോക്കുക. 1924 ല്‍ ആണ് എഡ്വിന്‍ ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. ഈ പ്രപഞ്ചം വിസ്ഫോടനത്തിനു ശേഷം വികസിച്ചു കൊണ്ടിരിക്കയാണെന്നും, കാല ക്രമേണ ഇത് വീണ്ടും ചുരുങ്ങിച്ചുരുങ്ങി വരുമെന്നുമാണ് bigbaang theory സ്വൂചിപ്പിക്കുന്നത് എന്നാല്‍ വളരെ മുന്‍പേ ഭഗവാന്‍ പറയുന്നു

"സര്‍വ ഭൂതാനി കൌന്തേയ പ്രകൃതിം യാന്തി മാമികാം , കല്പ ക്ഷയെ പുനസ്ഥാനി കല്പാദൌ വൃസൃജാമ്യഹം " ഭഗവദ് ഗീത --9 -7

അല്ലയോ അര്‍ജുനാ, കല്പാവസാനത്തില്‍ സര്‍വ ചരാചരങ്ങളും എന്‍റെ പ്രകൃതിയില്‍ ലയിക്കുന്നു. വീണ്ടും അടുത്ത കല്പം തുടങ്ങുമ്പോള്‍ അവയെ ഞാന്‍ പുറത്തേക്ക് വിടുകയും ചെയ്യുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ കുറിച്ച് ശാസ്ത്രം നല്‍കുന്ന അറിവുകളെക്കാള്‍ എത്ര വ്യക്തവും, യുക്തി ഭദ്രവുമാണ് ഭാരതീയ ആചാര്യന്‍ പകര്‍ന്നു നല്‍കിയത്?

മരണം

മരണം 

ജനിച്ചവർ എല്ലാം മരിക്കണം. മരണത്തിൽ എന്താണ് സംഭവിക്കുന്നത്‌ ..?  ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ്.

വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു. 

സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു. പഞ്ചേന്ദ്രിയ വ്യാപാരങ്ങൾ വികലമാകുന്നു. ഇത് ജീവൻ അന്ത്യയാത്രയ്ക്ക് തയ്യറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്.

 അപ്പോൾ അവൻ വിജ്ഞാനം ഉള്ളവനായി തീരുന്നു. മരണം അടുത്തു കഴിഞ്ഞു ഇനി ഞാൻ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു. മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്. ശുദ്ധ മാനസർക്ക് വ്യക്തമായി അറിയാൻ കഴിയും., ഞാൻ ഇനി അധികനാൾ  ഇല്ല എന്ന്...  ചിലർ അത് തുറന്നു പറയും. ജ്ഞാനി ആണെങ്കിൽ ഈ പ്രവചനം നേരത്തെ നടത്തും. ചിലർ അങ്ങനെ അറിയുമ്പോൾ  ഭാര്യാ പുത്രാദികളെ ഓർത്ത്‌ വിഷമിക്കുന്നു.

അപ്പോൾ പുറത്തു പോകാൻ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച കേൾവി ) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു.

വാഗ് ഇന്ദ്രിയം തന്‍റെ കരണസാമർത്ഥ്യത്തെ ഉപസംഹരിച്ചിട്ട് മനസ്സിൽ ലയിക്കുന്നു. അപ്പോൾ  ഉച്ചാരണ ശേഷി നശിക്കുന്നു.  ശ്രവണെന്ദ്രിയം അതിന്‍റെ കരണ സമർത്ഥ്യത്തെ ഉപാസംഹരിച്ചു മനസ്സിൽ ലയിക്കുന്നു. അപ്പോൾ, കേൾവി ഇല്ലാതാകുന്നു ചെവികൾ അടയുന്നു. സ്പശനെന്ദ്രിയം സ്പർശന ശക്തിയെ ഉപ സംഹരിച്ച് മനസ്സിൽ ലയിക്കുന്നു അപ്പോൾ സ്പർശനം അറിയാതാകുന്നു.

ദർശനേന്ദ്രിയം പിൻ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു. അപ്പോൾ കണ്ണുകളൾ അടയുന്നു. ഈ സമയം ചിലരിൽ മാത്രം വേദന അനുഭവപ്പെടുന്നു...

പ്രാണൻ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു. വലിച്ചെടുക്കുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാകും. ചില മരണങ്ങളിൽ  മാത്രം ജീവനിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങൾ  സ്വയം  ഉപസംഹരിക്കപ്പെടുന്നു.. അതിനാൽ വേദന അനുഭവപ്പെടുന്നില്ല. വാഗ് ഇന്ദ്രിയം മാത്രം ഉപസംഹരിച്ചിരിക്കുന്ന വേളയിൽ വിളിക്കുന്നത്‌ കേൾക്കാം സംസാരിക്കാൻ ആകുന്നില്ല. ശ്രവണെന്ദ്രിയം അടങ്ങുമ്പോൾ കേൾക്കുന്നില്ല എന്ന് ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിൽ പറയുന്നു. ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോൾ ശ്വാസത്തിന് വിഷമം വരുന്നു. അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു, ഈ അവസ്ഥയെ ഊർദ്ധ്വ ശ്വാസം വലിക്കുക എന്ന് പറയുന്നു. ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സിൽ ലയിച്ചു കഴിയുമ്പോൾ മനസും ഉപസംഹരിക്കപ്പെടുന്നു.

എല്ലാ ഇന്ദ്രിയങ്ങളോടും മാത്രമല്ല ഈ ജന്മത്തിൽ സമ്പാദ്യമായി അവശേഷിച്ച വിദ്യാകര്‍മ്മ സംസ്ക്കാരങ്ങളോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനിൽ  ലയിക്കുന്നു.

തന്നിൽ അടങ്ങിയിരിക്കുന്ന മനസ് ഉൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂതമാത്രകളോട് കൂടി പ്രാണൻ ഹൃദയത്തിൽ പ്രവേശിച്ച്  ജീവന്‍റെ  ചുറ്റുമായി  നിലകൊള്ളുന്നു. പ്രാണൻ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും. പ്രാണനോട് ഒന്നിച്ചു ജീവൻ ഹൃദയം വിടുന്നത് വരെ ശരീരത്തിൽ ചൂട്  ഉണ്ടായിരിക്കും.  മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കൾ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാൽ  ജീവനുണ്ട് മരിച്ചിട്ടില്ല  എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു. 

അനന്തരം ജീവൻ  അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താൻ തന്നെ ആണെന്ന് അറിയുകയും താൽകാലികമായി സർവജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉൾക്കൊണ്ടിരിക്കുന്ന പ്രാണൻ  ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തിൽ നിലകൊള്ളുന്നു.

 ഈ അവസ്ഥയിൽ പൂർവജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു. മാത്രമല്ല ഈ ജന്മത്തിൽ സമ്പാദിച്ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവർത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു. അതിന്‍റെ ഫലമായി ഭാവിജന്മശരീരവും ഭാവികർമ്മഫലാനുഭവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു. വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാൻ ഒരുങ്ങുന്നത്. അങ്ങനെ മുൻപും പിമ്പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവൻ യാത്ര ആരംഭിക്കുന്നു.

ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാനമാകുന്നു. പ്രകാശ കാരണം ഉദാനൻ എന്ന പ്രാണൻ തന്നെയാണ്.

ഏതെങ്കിലും പുറത്തേക്കുള്ള നാഡീദ്വാരം തുറക്കപെടുന്നു (പുനർജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത്) അങ്ങനെ പ്രകാശമാനമാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സർവസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണൻ പുറത്തേക്കു ഇറങ്ങുന്നു.

അപൂർവ്വ മേളം" അടന്ത

"അപൂർവ്വ മേളം" അടന്ത 

കേരളീയമായ മേള പദ്ധതിയിൽ രൂപം കൊണ്ടിട്ടുള്ള പഞ്ചാരി, ചമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, നവം, ധ്രുവം എന്നീ മേളങ്ങൾ തുല്യ പ്രാധാന്യത്തോടെ പഠിക്കുവാനും, അവതരിപ്പിക്കുവാനും ഇന്നത്തേ പുതുതലമുറ അത്യുത്സാഹം കാണിക്കുന്നത്  അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. എന്നാൽ അതിനൊപ്പം തന്നെ ഈ മേളങ്ങളുടെയെല്ലാം ശാസ്ത്രീയ അടിത്തറയേക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഏർപ്പെടുവാനുള്ള മനസ്സും ഒരു വാദ്യകലാകാരന് അത്യന്താപേക്ഷിതമാണ് എന്ന് സൂചിപ്പിച്ചു കൊള്ളട്ടേ.

കൂടുതൽ അറിയുമ്പോൾ അദ്ഭുതം തോന്നുന്ന ഒരു മികച്ച താളപദ്ധതി തന്നെയാണ്‌ ഈ മേളങ്ങളിൽ എല്ലാം തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഈ മേളങ്ങളുടെയെല്ലാം താളഘടനയിൽ ഉപയോഗിച്ചിരിക്കുന്ന ജ്യോമെട്രിക് സ്വഭാവം തന്നെ അതിനുദാഹരണമാണ്. 
എങ്കിലും ഈ മേളങ്ങളെ താരതമ്യം ചെയ്ത് പഠനം നടത്തുമ്പോൾ കൗതുകം തോന്നുന്ന ഒരു വസ്തുതയുണ്ട്. മുകളിൽ സൂചിപ്പിച്ച ഏഴ് മേളങ്ങളിൽ അടന്ത മേളത്തിന്റെ പ്രായോഗിക ശൈലിയിൽ കാണുന്ന വൈരുദ്ധ്യം.

ഒരു മേളം നിർമ്മിക്കുമ്പോൾ സാധാരണ  ഉപയോഗിച്ചിരിക്കുന്ന ചെമ്പട കണക്കുകളിൽ (8 അക്ഷരകാലം) നിന്ന് ഒരു വ്യത്യാസം അടന്ത മേളത്തിൽ ചിലയിടത്ത് ഉപയോഗിച്ചിരിക്കുന്നത് കാണാം. അതുകൊണ്ടു തന്നെ അടന്ത മേളം മറ്റു മേളങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണ ശൈലി പിന്തുടരുന്നു.  

അടന്ത മേളത്തിൽ '56' അക്ഷരകാലത്തിൽ ചിട്ടപ്പെത്തിയിരിക്കുന്ന പതികാലത്തിലും, '28' അക്ഷരകാലത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന രണ്ടാംകാലത്തിലും ഇടക്കലാശങ്ങളും, മാറ്റക്കലാശങ്ങളും പതിവ് കൊട്ട് രീതി തന്നെ അവലംബിക്കുമ്പോൾ  '14' അക്ഷരകാലത്തിലുള്ള മൂന്നാം കാലത്തിൽ നിന്നും '7' അക്ഷരകാലത്തിലുള്ള നാലാം കാലത്തിലേക്കു കടക്കുന്ന മാറ്റക്കലാശത്തിനും, തുടർന്ന്  വരുന്ന നാലാം കാലത്തിലെ ഇടക്കലാശത്തിനും പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയിൽ കൊട്ടുന്നത് കാണാം. മറ്റൊരു മേളത്തിനും ഇത്തരത്തിൽ ഒരു രീതി ഉപയോഗിക്കുന്നതായി കാണുന്നില്ല. 

"മുമ്പുള്ളവർ ഉപയോഗിച്ചവരിൽ നിന്നും കണ്ടും,കേട്ടും പഠിച്ച അതേ ശൈലി തന്നെ പിൻതുടരുന്നു" എന്ന മറുപടിക്കപ്പുറം പുതിയ അറിവുകൾ കിട്ടുമോ എന്നറിയുവാനുള്ള ആഗ്രഹമാണ് ഈ ലേഖനത്തിന്റെ ഉദ്യമം. അതിലേക്കായി ഈ വിഷയവുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങളിലേക്ക് ഒന്നു കടന്നു വരാം.

1. സാധാരണ മാറ്റക്കലാശം 16 അക്ഷരത്തിലാണ്. എന്നാൽ അടന്ത മേളത്തിൽ മൂന്നാം കാലത്തിൽ നിന്നും നാലാം കാലത്തിലേക്ക് മാറുമ്പോൾ വ്യത്യാസം ഉണ്ടാകുവാനുള്ള കാരണമെന്ത്?

*** അതിനുവേണ്ടി രണ്ടു താളവട്ടങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ അതിൽ ഒരു താളവട്ടത്തിന്റെ 85% ൽ കൂടുതൽ ഒഴിവാക്കേണ്ടി വരുമ്പോൾ ഉള്ള ഔചിത്യബോധമാവാം ചിലപ്പോൾ ഒരു കാരണം. 

*** മറ്റൊരു കാരണമായി പറയാൻ സാധിക്കുന്നത്, മാറ്റക്കലാശം 16 അക്ഷരത്തിൽ തന്നെ എടുത്താൽ തുടർന്ന് വരുന്ന നാലാം കാലത്തിന്റെ താളത്തിന്റെ രണ്ട് ഖണ്ഡങ്ങളിൽ ആദ്യത്തേതു വളരെ ചെറുതായി  പോകുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന ഒരു വിരസത ഒഴിവാക്കാനും ആവാം. ആ ധാരണകൊണ്ടാവാം നാലാം കാലത്തിലേക്ക് കടന്ന ആദ്യ കുറേ ഭാഗം ഇരട്ടി പിടിച്ചു കൊട്ടുന്നത്. 

2. ഏതൊരു മേളത്തിന്റേയും അടിസ്ഥാന താളത്തിൽ തന്നെ ആ മേളം കൊട്ടി അവസാനിപ്പിക്കണം എന്ന ഒരു അലിഖിത നിയമം പാലിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ അടന്ത മേളത്തിൽ അടിസ്ഥാന താളം  ½ കണക്കിൽ വരുന്നതെങ്ങനെ?

3. നാലാം കാലത്തിലെ ഇടക്കലാശങ്ങൾ '8' അക്ഷരകാലത്തിൽ തീർക്കുന്ന പതിവ് രീതിക്ക് മാറ്റം വരുത്തിയിരിക്കുന്നതെന്തുകൊണ്ട്?

ഇങ്ങനെ ഒട്ടനവധി ചിന്തനീയമായ ചോദ്യങ്ങൾ അടന്ത മേളവുമായി ബന്ധപ്പെടുത്തി ഉന്നയിക്കാവുന്നതുണ്ട്.
കാരണം ഏതുമാണെങ്കിലും, ഈ മേളത്തിൽ മാത്രം അവലംബിച്ചിരിക്കുന്ന ഈ പ്രത്യേക രീതിയെക്കുറിച്ചു അന്വേഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് വരും തലമുറയ്ക്ക് ഒരു പുതിയ അറിവായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

28 July 2020

വിഗ്രഹാരാധന ശരിയോ?

വിഗ്രഹാരാധന ശരിയോ?

ദേശിയപതാക ആഗസ്റ്റ് 15-ന് രാജ്യമെങ്ങും ഉയർത്താറുണ്ട്. അപ്പോഴൊക്കെ ജനങ്ങൾ സ്വാതന്ത്ര്യത്തിന്റെ സ്മരണ ഉൾക്കൊണ്ട് ബഹുമാനത്തോടെ അതിനെ നമിക്കുന്നു.

എന്താണ് പതാക ? കുറച്ചു തുണി , ചരട് , അതു നാട്ടാൻ നീളമുള്ള ഒരു കമ്പ്. പക്ഷേ പതാക ഉയർത്തുമ്പോൾ അതാണോ നാം ഓർക്കുക ? നമ്മുടെ സ്വാത്രന്ത്യത്തിന്റെ പ്രതീകമാണത് . പതാകയിലെ ആ വിശ്വാസമാണ് അതിനെ ആരാധ്യമാക്കുന്നത്.

വിഗ്രഹത്തെ ആരും ആരാധിക്കുന്നില്ല . ഉണ്ടെങ്കിൽ തെറ്റുതന്നെ . വിഗ്രഹത്തിലൂടെ ഈശ്വരനെ ആരാധിക്കുകയാണ് വേണ്ടത്. അരൂപിയായ ഈശ്വരനെ സ്മരിക്കാനുള്ള ഉപാധി മാത്രമാണ് വിഗ്രഹം.

പൂവിന് രൂപമുണ്ട്. അതിലെ സുഗന്ധത്തിന് രൂപമില്ല . പക്ഷേ, പുഷ്പം ആ സുഗന്ധത്തെ നമുക്ക് അനുഭവപ്പെടുത്തുന്നു. വിഗ്രഹം ഈശ്വരനല്ല . പക്ഷേ വിഗ്രഹം ഈശ്വരസാന്നിധ്യം നമ്മെ അനുഭവിപ്പിക്കുന്നു. നാമരൂപങ്ങളില്ലാത്ത ഒന്നും ഗ്രഹിക്കാൻ മനുഷ്യർക്ക് കഴിയുകയില്ലെന്നും ഓർക്കുക.......


രാമായണത്തിലെ രാമ രാജ്യം

രാമായണത്തിലെ രാമ രാജ്യം

രാമായണം ഭാരതത്തിന്റെ പ്രഥമേതിഹാസമാണ് .. ആദികാവ്യമാണ്.. ധർമ്മ ശാസ്ത്രമാണ്..

വ്യത്യസ്ത തലങ്ങളിലേക്കുള്ള മനുഷ്യമനസ്സുകളുടെ കടന്നു കയറ്റവും അതുവഴി ഉണ്ടാകുന്ന ധാർമ്മികാധഃപതനവും എത്ര ഭംഗിയായാണ് ഭഗവൻ വാല്മീകി രാമായണത്തിലൂടെ വരച്ചു കാണിച്ചത്  വായിക്കുമ്പോൾ ആദികാവ്യം വെറുതെ വായിച്ചു പോയാൽ പോരാ.. പഠന വിഷയമായി തന്നെ വായിക്കണം ..

രാമായണത്തിന്റെ മുഖ്യ വിഷയം ധർമ്മമാണ്.  ധർമ്മം എന്ത് എന്നറിയാൻ ശ്രീരാമനാണ് മാതൃക. അത് കൊണ്ടാണ് അവിടുന്ന് ധർമ്മ വിഗ്രഹമാകുന്നത്.. കൂടാതെ, മനുഷ്യമനസ്സിന്റെ അങ്ങേയറ്റം സൂക്ഷ്മമായ  അപഗ്രഥനം കൂടി ആദികാവ്യത്തിൽ അവിടവിടെയായി  കാണാം . 

രാമായണത്തിൽ മനഃശാസ്ത്രം കൈകാര്യം ചെയ്യുന്നു എന്ന് പറഞ്ഞുലോ .. അത്തരത്തിൽ ഒരു രംഗം പറയാം..  അയോധ്യാ കാണ്ഡത്തിൽ. ശ്രീരാമ പട്ടാഭിഷേകം നിശ്ചയിച്ച സമയം.. രാമാഭിഷേകമറിഞ്ഞ മന്ഥര രോഷത്തോടെ കൈകേയിയുടെ അടുത്തേക്ക് എത്തുന്നു.. എന്നാൽ, പട്ടാഭിഷേക വാർത്ത  മന്ഥരയിൽ നിന്നും  അറിഞ്ഞ കൈകേയിക്ക് അടക്കാനാവാത്ത ആഹ്ലാദമാണ് ഉണ്ടാകുന്നത്.

എനിക്കെന്റെ ഭരതനേക്കാൾ  പ്രിയപ്പെട്ടവനാണ് രാമൻ എന്ന് പറഞ്ഞു സമ്മാനങ്ങൾ നൽകുന്ന ആ കൈകേയിയുടെ മനസ്സിനെ, തന്റെ വിഷം പുരട്ടിയ വാക്കുകളിലൂടെ മന്ഥര പൂർണ്ണമായും മാറ്റിയെടുക്കുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ബ്രൈൻവാഷിങ് തന്നെ.

കൈകേയിയുടെ ദൗർബല്യങ്ങളെ മുതലെടുത്ത്, അങ്ങേയറ്റം  പ്രഗല്ഭമായ രീതിയിൽ, ഒരേ കാര്യങ്ങളെ ആവർത്തിച്ചവർത്തിച്ച്  പറഞ്ഞു കൊണ്ട്   മന്ഥര  നടത്തുന്ന ആ  ബ്രെയിൻ വാഷിംഗ് വാല്മീകി ഏറെ മനോഹരമായി വരച്ചു കാണിക്കുന്നുണ്ട്. ഒപ്പം ധാർമിക ശാസ്ത്രമെന്ന തലത്തിൽ, ദുസ്സംഗങ്ങൾ ഒരു മനുഷ്യനിൽ വരുത്തുന്ന  പരിവർത്തനത്തെക്കുറിച്ചും ഈ രംഗം  നമ്മെ ചിന്തിപ്പിക്കും

മന്ഥരയുടെ ബ്രെയിൻ വാഷിംഗ് ഇങ്ങനെയാണ്... മൂഢ എന്നാണ് കൈകേയിയെ വിളിക്കുന്നതെങ്കിലും   നിന്റെ ഹിതമാണെന്റെ ലക്‌ഷ്യം എന്നും നീ ഒന്നുമറിയാത്ത ബാല സ്വഭാവം ഉള്ളവളെ പോലെ ആണെന്നും  ആവർത്തിച്ചാവർത്തിച്ച് പറയുന്നതിലൂടെ  മന്ഥര കൈകേയിയിൽ ആത്മവിശ്വാസക്കുറവുണ്ടാക്കുകയാണ്..

തുടർന്ന്  കൗസല്യയെ ലക്‌ഷ്യം വെക്കുന്നതിലൂടെ   കൈകേയിയുടെ മനസ്സിൽ സപത്നീ വൈരമുണ്ടാക്കുന്നു അതോടൊപ്പം തന്നെ,  കൈകേയിക്ക് രാമനെക്കുറിച്ചുള്ള ബോധം തെറ്റാണെന്നു പറഞ്ഞു ഫലിപ്പിക്കുന്നുമുണ്ട്.. കൗസല്യക്ക് അങ്ങേയറ്റത്തെ സൗഭാഗ്യങ്ങൾ ലഭിക്കുമെന്നും, ലക്ഷ്മണൻ രാമനോട് ചേർന്ന് നിൽക്കുമെന്നും ഭരതൻ നാട് കടത്തപ്പെടുകയും ചെയ്യും എന്നും രാമനീ സ്നേഹമൊന്നും  കാണില്ലെന്നും  ശ്രദ്ധിച്ചില്ലെങ്കിൽ ഭരതന്റെ വംശം കുറ്റിയറ്റു പോകുമെന്നും  പറയുന്നു

രണ്ടു തവണ ഇതേ വിഷയം  മാറ്റി മറിച്ച് ആവർത്തിച്ചിട്ടും കൈകേയി വിശ്വസിക്കുന്നില്ല . എന്നാൽ  മൂന്നാമതും ശ്രമിക്കുമ്പോൾ വിജയം കാണുന്നു. പൂർണ്ണമായും  വിയോജിച്ച് നിന്ന കൈകേയിയുടെ മനസ്സ് മന്ഥര കീഴടക്കുന്ന വിധത്തിൽ നിന്നും മന്ഥരയുടെ സംഭാഷണ മികവ് നമുക്ക് ഊഹിച്ചെടുക്കാം.

രാമനേറെ പ്രിയപ്പെട്ടവനെന്നു  പറയുമ്പോഴും സപത്നീ വൈരത്തെ ഉപയോഗിച്ച് കൈകേയിയിൽ  'എന്റെ   മകൻ' എന്ന  മമതാബോധത്തെ മന്ഥര ഉണർത്തിയെടുത്തു. മൂന്നു തവണ തന്റെ വാക്കുകളെ മാറ്റി മറിച്ച് ആവർത്തിച്ചതോടെ  കൈകേയിയിൽ സമൂലമായ മാറ്റമാണുണ്ടാകുന്നത്. രാമനോടുണ്ടായിരുന്ന വാത്സല്യം വിദ്വേഷമായി.. തുടർന്ന് തനിക്ക് നന്മയുപദേശിച്ച മന്ഥരയോട് കൈകേയിക്ക് അടക്കാനാകാത്ത സ്നേഹമായി..

നീ വെറും കൂനിയല്ല സുരസുന്ദരിയാണ് എന്ന തരത്തിലുള്ള അംഗപ്രത്യംഗ  വർണ്ണന വരെ കൈകേയി കാഴ്ചവെക്കുന്നുണ്ട്.  എന്നാൽ , പാപദർശിനി എന്നല്ലാതെ  വാല്മീകി മന്ഥരയെ സംബോധന ചെയ്യുന്നേയില്ല.  ദുസ്സംഗത്തിന്  മനുഷ്യമനസ്സിൽ വരുത്താവുന്ന  പരിവർത്തനത്തിന്റെ ആഴവും  മമതാബോധം മൂലമുണ്ടാകുന്ന ധാർമികാന്ധതയും ഇവിടെ  വാല്മീകി വളരെ മനോഹരമായി തന്നെ വർണ്ണിച്ചിരിക്കുന്നു.

രാമനെ അരാമനാക്കുവാനും  അയോധ്യയിൽ വേരുകളില്ലാത്ത ഭരതന്റെ വേരുകൾ ഉറപ്പിക്കുവാനും  ഉറപ്പിക്കുവാനാണ് പിന്നീടുള്ള ഗൂഡാലോചനകളെല്ലാം. അക്കാലത്ത് ഒരാൾക്ക്  തന്റെ പൂർവിക സ്വത്ത് തിരിച്ചു ലഭിക്കുവാനുള്ള കാലപരിധി പന്ത്രണ്ടു വർഷമാണ്. അതാകട്ടെ, പരമാവധി പതിമ്മൂന്നര  വർഷം വരെ  നീട്ടാവുന്നതാണ്. (മഹാഭാരതം കൂടി ചേർത്ത് വായിക്കണം) പതിന്നാലു വർഷത്തെ വനവാസം കഴിഞ്ഞ്  തിരിച്ചെത്തുന്ന രാമനെ ജനങ്ങൾ മറക്കും.. അത്രയും കാലം തങ്ങളെ സേവിച്ച ഭരതനെ അവർ സ്നേഹിക്കുകയും ചെയ്യും. ഇങ്ങനെ  എല്ലാ സാധ്യതകളെയും വിശകലനം ചെയ്ത് അവർ  പദ്ധതിയൊരുക്കുന്നു തുടർന്ന്  ദശരഥന് തന്റെ മേലുള്ള ആസക്തിയെ  മുതലെടുക്കുവാൻ തന്നെ കൈകേയി തീരുമാനിക്കുന്നു.. നീ അതിൽ  മിടുക്കിയാണെന്നു മന്ഥര തീർപ്പും കൽപ്പിക്കുന്നു.

ഇനി, ഇതിന്റെ തുടർച്ചയായി വരുന്നത് രാമായണത്തിലെ പ്രഥമ പരിഗണനയായ  ധർമ്മബോധമാണ്

ക്രോധാലയം  !! ക്രോധം വന്നാൽ ചെന്നിരിക്കുവാനുള്ള ഇടമായിരുന്നുവത്രെ.. മന്ഥരയുടെ ഉപദേശപ്രകാരം അഴിഞ്ഞുലഞ്ഞ മലിന വസ്ത്രവുമായി കൈകേയി ക്രോധാലയത്തിലാണ്  പ്രവേശിക്കുന്നത്. പ്രവേശിച്ചയുടൻ അവർ തന്റെ  ആഭരണങ്ങളൂരി വലിച്ചെറിഞ്ഞു... ദശരഥനെ വേദനിപ്പിക്കുവാനുള്ള മാർഗങ്ങളെന്തെല്ലാമാണെന്നു കൈകേയിക്ക് വ്യക്തമായറിയാമായിരുന്നു..  തുടർന്ന്, തന്റെ പ്രിയ പത്നി ക്രോധാലയത്തിലാണെന്നുള്ള വാർത്ത ദശരഥനെ അങ്ങേയറ്റം വികാരഭരിതനാക്കുന്നു. അതോടെ വിചാരം പൂർണ്ണമായും മറഞ്ഞു പോകുന്നു. 

വിചാരം മറഞ്ഞതോടെ, ചക്രവർത്തിയായ  ദശരഥൻ തന്റെ പത്നിയുടെ മുന്നിൽ മുട്ടുകുത്തിക്കെഴുന്ന കാഴ്ചയാണ്  കാണുന്നത്..  നിനക്ക് സന്തോഷമാകുവാൻ ആരെയാണ് ഞാൻ ഉപദ്രവിക്കേണ്ടത് എന്നും ആർക്കാണ്  ഞാൻ അപ്രിയം ചെയ്യേണ്ടത് എന്നും ഏത് അവധ്യനെയാണ് വധിക്കേണ്ടത് എന്നും ഏതു വധ്യനെയാണ് മോചിപ്പിക്കേണ്ടതെന്നും ദശരഥൻ ചോദിക്കുന്നു. പത്നിയുടെ  ആവശ്യമെന്ത് എന്നറിയാതെ, ഒട്ടും വിവേകമില്ലാതെ,  നിനക്ക് എന്ത്  വേണമെങ്കിലും ഞാനത് നടത്തി തരാൻ തയ്യാറാണെന്നും  വീണ്ടും വീണ്ടും ദശരഥൻ പറയുന്നുണ്ട്.

മമത്വ ചിന്തകൾക്ക് ഒരു ഭരണാധികാരി വഴിപ്പെടുമ്പോൾ ഉള്ള ധാർമിക ഭ്രംശം എത്ര വലുതാണ് !! .. ആവശ്യമറിയാതെയുള്ള വാഗ്ദാനംകൊണ്ട്‌ , വിചാര ശീലമില്ലാത്തത്  കൊണ്ട്,  ദശരഥൻ വീണു പോയ കുഴി എത്ര ആഴമേറിയതായിരുന്നു  .. !! എത്രതന്നെ സ്നേഹബന്ധമുള്ളവരാണെങ്കിലും, ആവശ്യമറിയാതെ വാഗ്ദാനം നൽകരുതെന്ന ഒരു കാര്യം കൂടി ഇവിടെ ആ ഋഷീശ്വരൻ  പറയാതെ പറയുന്നു.

കൂടാതെ,  ഇവിടെ തെളിയുന്ന  ധാർമിക വെളിച്ചത്തിന്റെ  പ്രഭ സർവകാല പ്രസക്തമല്ലേ?  രാജാവാണെങ്കിൽ പോലും കാമരാഗങ്ങളിലുള്ള സ്വാധീനം, മനുഷ്യനെ എത്രമാത്രം അധഃപതനത്തിലേക്ക് എത്തിക്കും എന്നതിന് ഒരു ഉത്തമ  ദൃഷ്ടാന്തമെല്ലെ ഇത് ? കൈകേയിയുടെ സന്തോഷത്തിനു വേണ്ടി അവധ്യനായ ഒരു സാധുവിനെ  പോലും ചക്രവർത്തി വധിക്കാൻ തയ്യാറാവുന്നുണ്ട്.  ധാർമികനായ ഒരു രാജാവിന്റെ പ്രഥമ കർത്തവ്യം പ്രജാപാലനമാണ്. കൈകേയി ദുഖിതയാണെന്ന കാരണത്തെ മാത്രം മുൻനിർത്തി  ദശരഥൻ തന്റെ പ്രജകളുടെ അപ്രിയത്തിന് ഇച്ഛിക്കുന്നു.

താൻ രാജാവാണെന്നുള്ള കാര്യം മറന്നു അദ്ദേഹം തന്റെ ധർമ്മത്തിൽ നിന്നും വ്യതിചലിക്കുന്നു.  വ്യക്തിപരമായ സ്വാധീനങ്ങൾ ഒരു ഭരണാധികാരിയെ ധർമ്മ ഭ്രഷ്ടനാക്കുമെന്നും, കാമ രാഗങ്ങൾക്കടിമപ്പെട്ടു പോയ , പ്രജാഹിതമറിയാത്ത, ഒരു ഭരണാധികാരിയുടെ മുൻപിൽ പ്രജകൾക്ക് നീതി ലഭിക്കില്ല എന്നത് നമ്മുടെ വർത്തമാന കാല ദൃഷ്ടാന്തം കൂടിയാണല്ലോ  എന്നോർക്കുമ്പോൾ രാമായണത്തിന്റെ പ്രാധാന്യം  സഹസ്രാബ്ദങ്ങൾക്കിപ്പുറത്തും പ്രസക്തമാകുന്നു.

കാലങ്ങൾക്കു ശേഷം രാമനെ ധർമ്മ വിഗ്രഹമാക്കി നിലനിർത്തുന്നത്, ഒട്ടും മമത്വബോധമില്ലാതെ നിലപാടുകളെടുക്കുവാനുള്ള ചങ്കൂറ്റമാണ് എന്ന് കൂടി പറഞ്ഞാലേ പൂർണ്ണത വരൂ. മമതാബോധത്തിനു ശ്രീരാമനിൽ സ്വല്പമെങ്കിലും പ്രഭാവമേല്പിക്കാനായിരുന്നുവെങ്കിൽ  സീതാ പരിത്യാഗമുണ്ടാകില്ലായിരുന്നു.

ഒരു രാജാവിന്, ഭർതൃ ധർമ്മത്തിലുപരിയായി രാജ ധർമ്മമാണ് മുഖ്യം. ഒരു രാജാവ്, മമതാ ബോധത്തെ അതിജീവിച്ചവനാകണം എന്നതിന് ഉത്തമ ഉദാഹരണമായ ധർമ്മ വിഗ്രഹം തന്നെയാണ് വാല്മീകിയുടെ ശ്രീരാമൻ. അതെ, രാമരാജ്യമെന്നാൽ ഭരണാധികാരികളുടെ  മമതാബോധങ്ങൾക്ക് അശേഷം  വഴിപ്പെട്ട് പോകാത്ത ഒരു  രാജ്യം തന്നെയാണ്.

സീതാ ദേവിയുടെ ജനനം

സീതാ ദേവിയുടെ ജനനം

സീതയുടെ ജനനത്തെപ്പറ്റി പല രാമായണങ്ങളിലും പുരാണങ്ങളിലും വ്യത്യസ്തമായ കഥകളാണു പറയുന്നത്. വാല്മീകീരാമായണത്തില്‍ ജനകന്‍ വിശ്വാമിത്രനോടു പറയുന്നു. ''ഞാന്‍ ഒരിക്കല്‍ യാഗത്തിനായി നിലം ഉഴുത സമയത്ത് ഉഴവുചാലില്‍നിന്ന് ഒരു പെണ്‍കുട്ടി ഉയര്‍ന്നുവന്നു. നിലം ഉഴുത സമയത്തു ലഭിച്ചതിനാല്‍ അവള്‍ക്ക് സീതയെന്നു പേരിട്ടു. സീത എന്നതിന് ഉഴവുചാല്‍ എന്നര്‍ത്ഥം. അയോനിജയായ ഈ മകളെ ഞാന്‍ വീരനുള്ള പ്രതിഫലമായി നിശ്ചയിച്ചു വളര്‍ത്തി.'' അദ്ധ്യാത്മരാമായണം മുലത്തിലും ഇതേകഥ തന്നെ ജനകന്‍ പറയുന്നു. ഒരിക്കല്‍ ഞാന്‍ യജ്ഞഭൂമിയുടെ ശുദ്ധിക്കായി നിലം ഉഴുകയായിരുന്നു. എന്റെ കലപ്പയുടെ സീതയില്‍ നിന്ന് ശുഭലക്ഷണയായ ഈ കന്യക പ്രകടയായി. അവളെക്കണ്ടപ്പോള്‍ എനിക്ക് പുത്രിയോടെന്നപോലെ സ്‌നേഹം തോന്നി. അങ്ങനെ ഞാന്‍ ഈ ചന്ദ്രമുഖിയെ എന്റെ പ്രിയപത്‌നിക്കു സമര്‍പ്പിച്ചു. (ഇവിടെ സിത എന്നതിന് കലപ്പയുടെ അഗ്രഭാഗം എന്നര്‍ത്ഥം) എഴുത്തച്ഛന്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു. യാഗഭൂദേശം വിശുദ്ധ്യര്‍ത്ഥമായുഴുതപ്പോ- ളേകദാ സിതാമധേ്യ കാണായി കന്യാരത്‌നം ജാതയായൊരു ദിവ്യകന്യക തനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനതുമൂലം. ലക്ഷ്മീദേവിയുടെ അവതാരമായ സീത എങ്ങനെ ഭൂപുത്രിയായി അഥവാ മണ്ണിനടിയിലെത്തി എന്നൊരു ചോദ്യമുദിക്കുന്നു. എന്തെങ്കിലുമൊരു കാരണം വേണമല്ലോ. ദേവീഭാഗവതം, ഉത്തരരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം എന്നിവയിലൂടെ ഒരനേ്വഷണം നടത്താം. 

ആദ്യം ദേവീഭാഗവതം:- വിഷ്ണുവിന്റെ അംശത്തില്‍ ജനിച്ച ദക്ഷസാവര്‍ണ്ണി എന്ന മനുവിന്റെ പുത്രപരമ്പരയില്‍ രഥധ്വജന്‍ എന്ന രാജാവിന്റെ പുത്രന്മാരായിരുന്നു ധര്‍മ്മധ്വജനും കുശധ്വജനും. ഇവര്‍ മഹാലക്ഷ്മി പുത്രിയായി ജനിക്കണ ആഗ്രഹത്തോടെ തപസ്സാരംഭിച്ചു. തപസ്സില്‍ പ്രീതയായി ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട് രണ്ടുപേരുടെയും പുത്രിയായി ജനിക്കാമെന്നു വാഗ്ദാനം ചെയ്തു. ധര്‍മ്മധ്വജന് മാധവി എന്ന ഭാര്യയില്‍ ലക്ഷ്മി പുത്രിയായി ജനിച്ചു. കുഞ്ഞിന് തുളസി എന്നുപേരിട്ടു. ഈ തുളസിയായിയാണ് പിന്നീടൊരു ശാപം മൂലം തുളസിച്ചെടിയായിത്തീര്‍ന്നത്. അക്കഥയ്ക്ക് ഇവിടെ പ്രസക്തിയില്ല. ധര്‍മ്മധ്വജന്റെ സഹോദരനായ കുശധ്വജനും ഭാര്യ മാലാവതിയും പുത്രി ജനനത്തിനു വേണ്ടി സദാ വേദമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടിരുന്നു. ഈ അവസരത്തില്‍ കുശധ്വജന്റെ വായില്‍നിന്നും ഒരു ശിശു അവതരിച്ചു. വേദത്തില്‍ നിന്നുണ്ടായതിനാല്‍ വേദവതിയെന്നും ദൈവീകമായി ലഭിച്ചതിനാല്‍ ദേവഗതി എന്നും പേരുണ്ടായി. ഈ വേദവതി യൗവനയുക്തയായപ്പോള്‍ മഹാവിഷ്ണു ഭര്‍ത്താവായിത്തീരണമെന്നാഗ്രഹിച്ചു. ഒരിക്കല്‍ ശംഭുവെന്ന ഒരസുരന്‍ കുശധ്വജന്റെ ആശ്രമത്തിലെത്തി ദേവവതിയെക്കണ്ട് മോഹിച്ച് ഭാര്യയായി നല്‍കാന്‍ ആവശ്യപ്പെട്ടു. കുശധ്വജന്‍ വഴങ്ങിയില്ല. കുപിതനായ ശംഭു അദ്ദേഹത്തെ വെട്ടിക്കൊന്നു. ഇതുകണ്ട് ജ്വലിച്ച കോപത്തോടെ വേദഗതി അസുരനെ ഒന്നുനോക്കി. അയാള്‍ അവളുടെ കോപാഗ്നിയില്‍ ഭസ്മമായിപ്പോയി. ദുഃഖിതയായ ദേവഗതി വിഷ്ണുവിനെ ലഭിക്കാന്‍ തപസ്സാരംഭിച്ചു. ഈ ഘട്ടത്തിലാണ് ദ്വിഗ്വിജയത്തിനു പുറപ്പെട്ട രാവണന്‍ തപസ്സനുഷ്ഠിക്കുന്ന വേദഗതിയെക്കാണുന്നത്. തന്നെ ഭര്‍ത്താവായി വരിക്കാന്‍ രാവണന്‍ ആവശ്യപ്പെടുന്നു. താന്‍ വിഷ്ണുഭക്തയാണെന്നുപറഞ്ഞ് കന്യക അതു നിഷേധിച്ചു. കാമാന്ധനായ രാവണന്‍ അവളുടെ കൈയില്‍ പിടിച്ച് ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ദുഷ്ടന്റെ സ്പര്‍ശംകൊണ്ട് അശുദ്ധമായ ശരീരം ഇനി വേണ്ടയെന്നു പറഞ്ഞ് ദേവഗതി തന്റെ യോഗാഗ്നിയില്‍ ശരീരം ആഹുതി ചെയ്തു. അഗ്നിയില്‍ ചാടുന്നതിനുമുമ്പ് താന്‍ വീണ്ടും ജനിക്കുമെന്നും മഹാവിഷ്ണുവിന്റെ ഭാര്യയായിത്തീരുമെന്നും രാവണന്റെ മരണത്തിനു കാരണക്കാരിയാകുമെന്നും വേദഗതി ശപിച്ചു. ഭയന്നുപോയ രാവണന്‍ അവളുടെ ചാരം ഒരു പെട്ടിയിലടച്ച് ലങ്കയിലേക്കുകൊണ്ടുപോയി. പെട്ടി വന്നതുമൂലം ചില അനര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. നാരദന്റെ ഉപദേശപ്രകാരം ആ പെട്ടി കടലിലൊഴുക്കി. അതു മിഥിലയിലെ നദീതീരത്തെത്തി. ഈ സ്ഥലത്ത് യാഗം ചെയ്യാനായി ജനകന്‍ ഉഴുതപ്പോള്‍ സീതയെ ലഭിച്ചു.

ആനന്ദരാമായണത്തില്‍ ഏതാണ്ട് ഇതിനു സമാനമായ കഥ മറ്റൊരുരൂപത്തില്‍ പറയുന്നു. പത്മാക്ഷന്‍ എന്ന രാജാവ് ലക്ഷ്മീകടാക്ഷമുണ്ടാകാന്‍ വേണ്ടി തപസ്സുചെയ്തു. അതിന്റെ ഫലമായി ലക്ഷ്മീദേവി മകളായി ജനിച്ചു. അവര്‍ക്ക് പത്മഎന്നു പേരിട്ടു. മകള്‍ യൗവയയുക്തയാകുംതോറും രാജ്യം ഐശ്വര്യ സമൃദ്ധമാകാന്‍ തുടങ്ങി. പത്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് നിരവധി രാജാക്കന്‍മാര്‍ എത്തി. പത്മയ്ക്ക് ഇഷ്ടമുള്ളയാളെ വരിക്കാനായി പത്മാക്ഷന്‍ സ്വയംവരം പ്രഖ്യാപിച്ചു. സ്വയംവര ദിവസം രാവണന്‍ രാക്ഷസപ്പടയുമായെത്തി എല്ലാ രാജാക്കന്മാരെയും പരാജയപ്പെടുത്തി. പത്മയാകട്ടെ ദുഷ്ടനായ രാവണനെ വരിക്കാന്‍ വിസമ്മതിച്ചു. കുപിതനായ രാവണന്‍ പത്മാക്ഷനെ വധിച്ച് കൊട്ടാരമെല്ലാം നശിപ്പിച്ച് ബലാല്‍ക്കാരമായി കന്യകയെ കൊണ്ടുപോകാന്‍ ശ്രമിച്ചു. പത്മ പെട്ടെന്ന് അഗ്നികുണ്ഡത്തില്‍ മറഞ്ഞു. രാവണന്‍ നിരാശനായി മടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് പുഷ്പമവിമാനത്തില്‍ സഞ്ചരിക്കുന്ന രാവണന്‍ അഗ്നികുണ്ഡത്തില്‍നിന്നും പുറത്തുവന്ന പത്മയെക്കണ്ട് വീണ്ടും അടുത്തെത്തി ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. അടുത്തജന്മത്തില്‍ ഞാന്‍ കാരണം നിനക്കു മരണമുണ്ടാകുമെന്നും ശപിച്ചിട്ട് അഗ്നിയില്‍ ചാടി ഭസ്മമായി. അവിടെ ചാരത്തില്‍ അഞ്ചു രത്‌നങ്ങള്‍ കണ്ട് രാവണന്‍ എടുത്ത് പെട്ടിയിലടച്ച് ലങ്കയിലേക്കു കൊണ്ടുപോയി. ഒരുദിവസം മണ്ഡോദരി ആ പെട്ടി തുറന്നപ്പോള്‍ മനോഹരിയായൊരു പെണ്‍കുഞ്ഞിനെ കണ്ടു. താന്‍ രാവണനാശത്തിനായി വന്നതാണെന്ന് ആ കുഞ്ഞു പറഞ്ഞതുകേട്ട് രാവണന്‍ കുഞ്ഞിനെ പെട്ടയില്‍ അടച്ച് കടലിലെറിഞ്ഞു. അത് മിഥിലാ തീരത്തെത്തി ജനകനു കിട്ടി. കുറച്ചുകൂടി വിചിത്രമായ കഥയാണ് അത്ഭുതരാമായണത്തില്‍. ലോകകണ്ടകനായ രാവണന്‍ മുനിമാരെ സദാ ഉപദ്രവിച്ചുവന്നു. തപോനിഷ്ഠരായിരിക്കുന്ന മഹര്‍ഷിമാരെ കണ്ടാല്‍ ബാണം തൊട്ടടുത്ത് അവരെക്കൊല്ലും. കുറച്ചു രക്തമെടുത്ത് ഒരു കുടത്തിലെടുത്തുവയ്ക്കും. ഇങ്ങനെ പലരുടെയും രക്തം ശേഖരിച്ചു. ഇക്കാലത്ത് ഗ്യത്സമന്‍ എന്നൊരു മഹര്‍ഷി ലക്ഷ്മിക്കു തുല്യയായ ഒരു പുത്രിയുണ്ടാകാന്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. നിത്യവും അല്പം പാല്‍ മന്ത്രം ജപിച്ച് ഒരു പാത്രത്തില്‍ ശേഖരിക്കും. ഇതറിഞ്ഞ രാവണന്‍ രഹസ്യമായി ഗ്യത്സമന്റെ ആശ്രമത്തിലെത്തി. പാല്‍പാത്രം മോഷ്ടിച്ചുകൊണ്ടുവന്ന് രക്തപാത്രത്തിലൊഴിച്ച് മണ്ഡോദരിക്ക് കുടിക്കാന്‍ കൊടുത്തു. ആ മിശ്രിതം കുടിച്ച് മണ്ഡോദരി ഗര്‍ഭിണിയായി. മണ്ഡോദരി ആ ഗര്‍ഭത്തെ ആവാഹിച്ച് പെട്ടിയിലടച്ചു കുഴിച്ചിട്ടു. അതില്‍നിന്നുണ്ടായ മകളാണ് സീത. അതു മണ്ണിനടിയില്‍ നിന്ന് കനകനു കിട്ടി.

കാളിയും സൃഷ്ടി രഹസ്യവും

കാളിയും സൃഷ്ടി രഹസ്യവും

നമ്മൾ കാളിയുടെ രൂപ സങ്കൽപ്പത്തിൽ  കാണുന്നതാണു ശിവൻ്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഇതു ശരിക്കും ദേവിയുടെ തത്ത്വ രൂപമാണു പ്രളയകാരിണിയായ ദേവി പ്രളയാനന്തരം അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവരൂപമായ വിശ്വത്തിൻ്റെ അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവ രൂപമായ വിശ്വത്തിൻ്റെ അഥവാ ശവരൂപമായ ശിവൻ്റെ മുകളിൽ അരൂഢമായി നിൽക്കുന്നതാണ് ഈ രൂപത്തേ ശവാരൂഢാ എന്നു വിളിക്കും

സർവ്വസംഹാരകനായ മഹാകാലൻ സമസ്തപ്രപഞ്ചത്തേയും സംഹരിച്ച് നിശ്ചേതനായി വർത്തിക്കുന്നു. സർവ്വതിനെയും സംഹരിച്ചതിനാൽ ബ്രഹ്മാണ്ഡം മഹാശ്മശാനമായി ചിത്രികരിക്കപ്പെടുന്നു. മഹാശ്മശാനത്തിൽ നിശ്ചേതനായി വർത്തിക്കുന്ന മഹാകാലന്റെ ഹൃദയത്തിൽ നിന്ന് അടുത്തസൃഷ്ടിക്കായ് ചലനാത്മകമായും കാലസംഘർഷിണിയായും കാലകാലനെന്ന വിധായിനിയുമായ മഹാകാളി ഹൃദുത്ഭവിക്കുന്നു. സാക്ഷാൽ പരമാത്മാവാണ് പുരുഷൻ, പുരുഷനിൽ നിന്ന് സ്ത്രീരൂപിണിയായ പ്രകൃതി രൂപംകൊള്ളുന്നു.

പ്രകൃതിപുരുഷസംയോഗത്താൽ പ്രപഞ്ചസൃഷ്ടിയുണ്ടാകുന്നു. 'പ്ര' എന്നത് പ്രകൃത്യാഷ്ടകവും 'കൃതി' എന്നത് സൃഷ്ടി വാചകവുമാകയാൽ പ്രകൃതി പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്ന അർത്ഥം വരുന്നു.
'പ്ര' ശുദ്ധതത്വത്തെയും  'കൃ' രജസിനെയും 'ത' തമസ്സിനെയും സൂചിപ്പിക്കുന്നതിനാൽ പ്രകൃതിക്ക് സത്വരജസ്സ് തമസ്സുകൾ ചേർന്ന് ത്രിഗുണാത്മകമായ ശക്തിയോട് കലർന്ന് നിൽക്കുന്ന പ്രധാന സൃഷ്ടികർത്തൃണി എന്ന് അർത്ഥം സിദ്ധിക്കുന്നു. 'പ്ര' ശബ്ദത്തിന് മുൻപുള്ളതെന്നും 'കൃതി' എന്ന ശബ്ദത്തിന് സൃഷ്ടി എന്നും അർത്ഥമുള്ളതിനാൽ സൃഷ്ടിക്ക് മുന്പേ ഉള്ളത് എന്ന അർത്ഥം വരുന്നു.

സൃഷ്ടിക്ക് മുൻപ് ഈ ശക്തി പരമാത്മാവിനോട് കലർന്ന് അഭേദമായിരീക്കുന്ന ചിത്ശക്തിയാണ്. സൃഷ്ടിക്കുവേണ്ടി ഉദ്യമിക്കുമ്പോൾ ഈ ചിത്ശക്തി വലത്തേ പകുതി പുരുഷനായും ഇടത്തേ പകുതി സ്ത്രീയായ പ്രകൃതിയായും പരിണമിക്കുന്നു. പ്രകൃതിയും പുരുഷനും ഒന്നാണ് എന്നറിയുന്ന യോഗീന്ദ്രന്മാർ ആ പിരിവുകളെ അഗ്നിയും ചൂടും എന്നപോലെ അഭേദ്യമായി കരുതി 'സർവം ബ്രഹ്മമയം' എന്ന് സിദ്ധിക്കുന്നു എന്ന് പറയുന്നു.

ജലം മുതലായ പഞ്ചഭൂതങ്ങളെക്കൊണ്ട് ഭൂമിയിൽ ജീവികളെ സൃഷ്ടിച്ച് പ്രകൃതി ആ ബ്രഹ്മത്തിൽ നിന്നു തന്നെയാണ് ഉണ്ടായത്. പിന്നീട് ഓഷാദികളിലും മനുഷ്യരിലും മൃഗങ്ങളിലും എന്ന് വേണ്ട സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ ഭൂതങ്ങളിലും ആ ആത്മാവ് പ്രവേശിക്കുകയും ചെയ്തു. പ്രപഞ്ചസൃഷ്ടി നടത്തുന്നത് പ്രകൃതിയാണ്, സമസ്ത ചരാചരങ്ങളും പ്രകൃതിയിൽ നിന്നും ഉത്ഭവിക്കുന്നു,  ഒടുവിൽ പ്രകൃതിയിൽ തന്നെ ലയം പ്രാപിക്കുന്നു.
ആ ശക്തി ബ്രഹ്മത്തിന്റെ ശക്തി തന്നെയാണ്. ആ ശക്തിയെയാണ് 'മായ' എന്ന് പറയുന്നത്. ശക്തിസ്വരൂപിണിയായ ദേവിയായി നാം ആരാധിക്കുന്നത് സൃഷ്ടി തുടങ്ങുവാൻ ആലോചിക്കുമ്പോൾ ആ ശക്തി ബ്രഹ്മത്തിൽ നിന്ന് ആവിർഭവിച്ച്, സൃഷ്ടി നടത്തുന്ന ആ സൃഷ്ടിയിലെല്ലാം ആത്മാവിന്റെ രൂപത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഒരു നിലയിൽ ബ്രഹ്മം തന്നെയാണ് ജീവജഗത്തുക്കളായി രൂപം പ്രാപിക്കുന്നത്.

മഹാകാലനെ ചവിട്ടിനിൽക്കുകയല്ല ദേവി എന്നും, മഹാകാലനിൽ നിന്നും സൃഷ്ട്യാർത്ഥമായി ലീലാരൂപിണിയായി ബഹിർഗമിക്കുകയാണെന്നും സ്പഷ്ടമാണല്ലോ.. ദേവീപാദം മഹാദേവൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് ദേവീപുരാണം സൂചന.

27 July 2020

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 07

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 07

ഡയമകസ് (Deimachus)

മെഗസ്തനീസിനുശേഷം ഇന്ത്യയിൽ നിയമിതനായ ഗ്രീക്ക് സ്ഥാനപതിയാണ് ഡയമകസ് (Deimachus). ചന്ദ്രഗുപ്തന്റെ പുത്രനും ഭാരത ചക്രവർത്തിയുമായ ബിന്ദുസാര മൗര്യന്റെ കാലത്താണ് അദ്ദേഹം ഇന്ത്യയിൽ വന്നത്. അദ്ദേഹവും ഇന്ത്യയെപ്പറ്റി ധാരാളം എഴുതി. പക്ഷെ അദ്ദേഹത്തിന്റെ കൃതികൾ, മെഗസ്തനീസിന്റെ കൃതികൾ ആറിയൻ (Arrian) രേഖപ്പെടുത്തി വച്ച് സൂക്ഷിച്ചതുപോലെ സംരക്ഷിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ കാലത്തിനെ കുത്തൊഴുക്കിൽ അവ വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടുപോയി

ടെസിയസ്(CTESIUS)

മെഗസ്തനീസിനും നൂറു കൊല്ലം മുൻപ് (400 BCE) മറ്റൊരു ഗ്രീക്കുകാരൻ ടെസിയസ് (CTESIUS) പേർഷ്യയും ഇന്ത്യയുടെ പടിഞ്ഞാറേ അതിർത്തി പ്രദേശവും സന്ദർശിക്കു കയുണ്ടായി. ഒരു ഭിഷഗ്വരനും ചരിത്രകാരനുമായിരുന്നു അദ്ദേഹം. അദ്ദേഹവും ഇന്ത്യയെപ്പറ്റി ഇൻഡിക്ക (ഇന്ത്യയെപ്പറ്റി) എന്ന മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മുഖ്യമായും പേർഷ്യക്കാരിൽ നിന്നും ലഭിച്ച പരോക്ഷമായ വിവരരങ്ങളെ അടിസ്ഥാനമാക്കിയാണ് ആ ഗ്രൻഥം. ആ ഗ്രന്തത്തിൽ ഇന്ത്യക്കാരെ ദൈവതുല്യരായ മനുഷ്യർ എന്നാണ് വിവരിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ കണ്ടുകിട്ടിയിട്ടുളൂ. ഈ ഗ്രന്ഥത്തെ അധികരിച്ചുള്ള പഠനങ്ങൾ ഇപ്പോൾ പാശ്ചാത്യ ചരിത്രകാരന്മാരുടെ ഇടയിൽ നടക്കുന്നുണ്ട് .

ഇന്ത്യ അയച്ച പ്രതിനിധിയെപ്പറ്റി

ഒരാളെ അയച്ചിരുന്നു അദ്ദേഹം സെല്യൂക്കസിന്റെ കൊട്ടാരത്തിൽ ദീർഘകാലം സ്ഥാനപതിയായി ഉണ്ടായിരുന്നു. പേര് ചരിത്ര രേഖകളിൽ വ്യക്തമല്ല '' സാന്ദ്രകോട്ടസിന്റെ പ്രതിനിധി'' എന്നാണ് രേഖകളിൽ. ഒരുപക്ഷെ അദ്ദേഹം മെഗസ്തനീസിനെപോലെ ഒരു സഞ്ചാരിയുന്നോ എഴുത്തുകാരനോ ആയിരുന്നിരിക്കില്ല. ഒരു ഉദ്യോഗസ്ഥ പ്രതിനിധി (career diplomat) ആയിരുന്നിരിക്കാം. മറ്റൊരു വാദവും ഉണ്ട്. ഒരുപക്ഷെ അദ്ദേഹവും മെഗസ്തനീസിനെപോലെ ഗ്രന്തങ്ങൾ എഴുതിയിരുന്നിരിക്കാം. അവ നമ്മുടെ പുരാതന സർവകലാശാലകളിൽ പ്രധാന വിഷയവും ആയിരുന്നിരിക്കാം. പക്ഷെ അധിനിവേശ ശക്തികൾ ആദ്യം തകർത്തത് നമ്മുടെ സർവകലാശാലകളെ ആയിരുന്നു.

പുസ്തകങ്ങൾ എല്ലാം തീയിടുകയാണുണ്ടായത്. (നമ്മുടെ സഹിഷ്ണുതയോന്നും അവർക്കില്ലായിരുന്നു). മത ഗ്രന്തങ്ങൾ (വേദങ്ങൾ, ഇതിഹാസങ്ങൾ തുടങ്ങിയവ) നിലനിന്നത് അവ വാമൊഴിയായി (oral tradition ) തലമുറകളിലൂടെ കൈമാറ്റം ചെയ്തതുകൊണ്ടാണ്. ഇൻഡിക്ക നിലനിന്നതിനു നാം കടപ്പെട്ടിരിക്കുന്നത് അര്ര്യനോടാണ് (Arrian). വലിയ പദവിയുള്ളയാളും ചക്രവർത്തി ഹാഡ്രിയാനെ (Hadrian) സുഹൃത്തുമായതിനാൽ തന്റെ ഗ്രന്തത്തിനെ വളരെയധികം പകർപ്പുകൾ എടുത്ത് പല രാജ്യങ്ങളിലെ ഗ്രന്ധശാലകളിൽ കൊട്ടാരങ്ങളിലും എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അച്ചടിക്ക് മുൻപ് പകർപ്പെടുക്കൽ വളരെ പണച്ചെലവുള്ളതും സമയമെടുക്കുന്നതുമായിരുന്നു .

ആരിയൻ റോമാ സാമ്രാജ്യത്തിലെ ഒരു കോൺസൽ (PM or CM ) ആയിരുന്നു . തുകൊണ്ടു മാത്രം ഇൻഡിക്ക നിലനിന്നു. മെഗസ്തനീസിന് ശേഷം വന്ന സ്ഥാനപതിയായ ഡയമകസും വിശദമായ വിവരണം എഴുതി. പക്ഷെ അത് നഷ്ടപെടുകയാണുണ്ടായത്. മൗര്യർക് ശേഷം വന്ന സുങ്ക (Sunga) സാമ്രാജ്യത്തിലേക്കും ഗ്രീക്കുകാർ സ്ഥാനപതിമാരെ അയച്ചിരുന്നു. അതിലൊരാളായ ഹീലിയോടോറസ്‌ (Heliodorous) വലിയ കൃഷ്ണ ഭക്തനായിത്തീർന്നു. കൃഷ്ണന് ഒരു സ്തൂപം നിർമിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആ സ്തൂപം ''ഹീലിയോടോറസ്‌ പില്ലർ'' ഇന്നും നിലനിൽക്കുന്നു. ഇന്ത്യയും ഗ്രീക്ക് സംസ്കാരവും തമ്മിൽ 300 BCE മുതൽ100 BCE വരെ സുദ്രിഡമായ ഡിപ്ലോമാറ്റിക് ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ നിരവധിയാണ്.

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 06

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 06

ആരിയൻ (Arrian)

ആരിയൻ ഓഫ് നികോമേഡിയ (Arrian of Nicomedia )-AD 86-AD 160 ചരിത്രകാരൻ, വാഗ്മി , സേനാനായകൻ എന്നീ നിലകളിൽ വർത്തിച്ച ഒരു ഗ്രീക്ക് പ്രതിഭയാണ് ആരിയൻ. എ ഡി ഒന്നാം ശതകത്തിന്റെ അവസാന ദശകത്തിലായിരുന്നു ജനനം. പൂർണ നാമം ഫ്ലാവിയന്സ് ആരിയന്സ് നികോമേഡിയസ് (FLAVIOUS AARIANUS NICOMEDIAS) എന്നാണ്. അദ്ദേഹത്തിന്റെ കാലത്തു ഗ്രീസ് റോമൻ ഭരണത്തിലായിരുന്നു. റോമൻ ഭരണത്തിലെ പരമോന്നത ഉദ്യോഗസ്ഥ പദവിയായ കോൺസൽ (CONSUL) സ്ഥാനം അദ്ദേഹം വഹിച്ചു .

എ ഡി ഒന്നാം ശതകത്തിൽ റോമൻ ചക്രവർത്തിയുടെ (EMPEROR HADRIAN) സുഹൃത്തായതിനാൽ അദ്ദേഹത്തിന് തന്റെ ചരിത്രപരമായ പഠനങ്ങളും അന്വേഷണങ്ങളും നടത്താൻ എല്ലാ സഹായവും സ്റ്റേറ്റ് ഇൽ നിന്ന് ലഭിച്ചു .

ചരിത്രവും ഭൂമിശാസ്ത്രവും പ്രതിപാദിക്കുന്ന എട്ടു മഹദ് ഗ്രന്തങ്ങൾ അദ്ദേഹം രചിച്ചു .

പെരിപ്ലസ് ഓഫ് ദി ഉക്സിനെ സീ (Periplus of the Euxine Sea)
ദി അനസിസ് ഓഫ് അലക്സാണ്ടർ(The Anabasis of Alexander)
ഇൻഡിക്ക(Indika)
എന്നിവയാണവയിൽ ഏറ്റവും പ്രശസ്തം. ആരിയന്റെ ഇൻഡിക്ക രണ്ടു ഭാഗങ്ങളയിട്ടുള്ള ഒരു മഹദ് ഗ്രന്ധമാണ്. ആദ്യഭാഗം മെഗസ്തനീസിന്റെ ഇന്ഡികയെ യെ അടിസ്ഥാനമാക്കിയും രണ്ടാം ഭാഗം അലസേണ്ടറുടെ സേനാനായകനായ നിയാർക്കസ് ന്റെ (Nearchos) സിന്ധു നദീതീരത്തിലൂടെയുള്ള യാത്രാവിവരണത്തിനെ അവലംബം ആക്കിയുള്ളതുമാണ് .

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 05

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 05

മൗര്യ തലസ്ഥാനമായ പാടലീപുത്രത്തെ പറ്റി

ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ (historic city) നഗരമാണ് പാടലീപുത്രം. ഹസ്തിനപുരം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ പുരാതന നഗരങ്ങളെപ്പറ്റിയുള്ള ചരിത്രരേഖകൾ അപൂര്ണമായതിനാൽ അവ ഇപ്പോഴും ഐതിഹാസിക നഗരങ്ങളായി (legendary cities) തുടരുന്നു.

ബുദ്ധന്റെയും മഹാവീരന്റെയും സമകാലീകനായ ഹരിയാങ്ക രാജവംശത്തിലെ അജാത ശത്രുവാണ് പാടലീപുത്ര (പാടലീ ഗ്രാമം) ഗ്രാമത്തെ നഗരമായി വികസിപ്പിച്ചത് എന്നതാണ് ലഭ്യമായ ചരിത രേഖകൾ നൽകുന്ന വിവരം ഇന്നെന്ന് 2500വര്ഷം മുൻപായിയുന്നു അത് പിന്നീട് വന്ന നന്ദ രാജവംശ സ്ഥാപകനായ മഹാപത്മാനന്ദന്റെ കാലത്താണ് പാടലീപുത്രം മഹാനഗരമായി തീർന്നത്. ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുന്ന കാലമായപ്പോഴേക്കും പാടലീപുത്രം ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ നഗരമായിരുന്നു.

അലക്സാണ്ടറുടെ ചാരന്മാർ 5000 ആനകളും 30000 കുതിരപ്പടയാളികളും. ആറുലക്ഷം സൈനികരുമടങ്ങുന്ന സുശക്തമായ മഗധ സൈന്യത്തെപ്പറ്റിയും, മഹാനഗരമായ പാടലീപുത്രത്തെപ്പറ്റിയും അലക്സാണ്ടറെ അറിയിച്ചതിനു ശേഷമാണു ഗ്രീക്ക് സൈന്യം കലാപക്കൊടി ഉയർത്തിയതും സിന്ധു നദീതീരത്തിനു കിഴക്കോട്ടുള്ള ആക്രമണ പദ്ധതികൾ ഉപേക്ഷിച്ചു പിൻവാങ്ങിയതും.

അവസാന നന്ദ ചക്രവർത്തി ധന നന്ദനെ സ്ഥാന ഭ്രഷ്ടനാക്കിയ ചന്ദ്ര ഗുപ്ത മൗര്യന്റെ കാലത്താണ് പാടലീപുത്രം അതിന്റെ ഉച്ച സ്ഥായിയിൽ എത്തിയത്. അക്കാലത്തെ ഇന്ത്യയിലെ ഗ്രീക്ക് അംബാസിഡർ മെഗസ്തനീസ് പാടലീപുത്രത്തിനെപ്പറ്റി വളരെ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ചന്ദ്ര ഗുപ്തന്റെ കാലം മുതൽ അശോകന്റെ കാലം വരെ പാടലീപുത്രമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ നഗരം എന്ന് അനുമാനിക്കപ്പെടുന്നു.

രാജവംശങ്ങളും ചക്രവർത്തിമാര് മാറിയിട്ടും പാടലീപുത്രം തലയുയർത്തി നിന്നു. ഗുപ്ത ചക്രവർത്തിമാരുടെ കാലത്തും പാടലീപുത്രം ലോക തലസ്ഥാനം എന്ന് കരുത്തപ്പെടാവുന്ന നഗരമായിരുന്നു. പത്താം ശതകം മുതലുള്ള വൈദേശിക ആക്രമണങ്ങൾ പാടലീപുത്രത്തെ തളർത്തി. നഗരം പല തവണ കൊള്ളയടിക്കപ്പെട്ടു. ഓരോ ആക്രമണത്തിന് ശേഷവും ചെറിയ തോതിൽ പുനഃനിർമിക്കപെട്ടു.

പതിനഞ്ചാം ശതകത്തിൽ ഷേർ ഷാ പാടലീപുത്രത്തെ പാറ്റ്ന എന്ന് പുനർ നാമകരണം ചെയ്തു. എല്ലാ വൈദേശിക ശക്തികളും അവർ കീഴ്പ്പെടുത്തുന്ന ജനതയോട് ചെയ്യുന്ന വൈകാരിക ആക്രമണത്തിന്റെ ഭാഗമായിരുന്നു അത്. അതോടെ രണ്ടായിരം കൊല്ലം തലയുയത്തിനിന്ന ആ മഹാനഗരം കാലക്രമേണ വിസ്മൃതിയിലേക്കു മറഞ്ഞു.

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 04

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 04

മൗര്യസാമ്രാജ്യം

മഗധയുടെ രാജാവായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം ആണ് മൗര്യ സാമ്രാജ്യം. ബി.സി. 321 മുതൽ ബി.സി. 185 വരെ ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഇതിൽ ചന്ദ്രഗുപ്ത മൗര്യൻ മുതൽ അശോക ചക്രവർത്തി വരെയുള്ള മൂന്നു പ്രധാന രാജാക്കന്മാരുടെ ഭരണകാലമായ തൊണ്ണൂറ്റി മൂന്നു വർഷങ്ങൾ ഭാരത ചരിത്രത്തിലെ പ്രധാനമായ കാലഘട്ടമായാണ് പൊതുവെ വിലയിരുത്തുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡം ഏതാണ്ട് മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് അക്കാലത്താണ്. ആ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ളതും എക്കാലത്തേയും ഏറ്റവും വിസ്തൃതിയുള്ളതുമായ ഭരണമായിരുന്നു മൗര്യന്മാരുടേത്. ഒൻപത് തലമുറ രാജാക്കന്മാരാണ് ആ കാലയളവിൽ ഇന്ത്യ ഭരിച്ചത്. അവസാനത്തെ രാജാവായ ബൃഹദ്രഥ മൗര്യനെ ശുംഗ വർഗ്ഗത്തിൽപ്പെട്ട ഒരു പ്രമാണിയായ പുഷ്യാമിത്രൻ വധിച്ചതോടെയാണ് ഔദ്യോഗികമായി മൗര്യസാമ്രാജ്യം ഭരണം മാറുന്നതെങ്കിലും അതിനുണ്ടായ കാരണങ്ങൾ നേരത്തേ തന്നെ ശക്തമായി വേരോടിത്തുടങ്ങിയിരുന്നു.

സ്ഥാപകൻ - ചന്ദ്രഗുപ്ത മൗര്യൻ
ഔദ്യോഗിക ഭാഷ - പ്രാകൃത്
മതങ്ങൾ - ഹിന്ദു മതം, ജൈന മതം, ബുദ്ധ മതം
തലസ്ഥാനം - പാടലീപുത്രം
സാമ്രാജ്യത്തിന്റെ തലവൻ - സമ്രാട്ട്(ചക്രവർത്തി)
ആദ്യത്തെ ചക്രവർത്തി - ചന്ദ്രഗുപ്ത മൗര്യൻ
അവസാനത്തെ ചക്രവർത്തി - ബൃഹദ്രഥൻ

പൂർവ്വ പശ്ചാത്തലം

മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നു. ഇത് റോമാ റിപ്പബ്ലിക്കിന്‌ സമാനമായ തരം ഗണതന്ത്ര വ്യവസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയും അവർക്ക് ഇടയന്റെ പ്രതീകമായ ചെങ്കോൽ, അധികാരം എന്നിവ കല്പിച്ചു നൽകുകയുമായിരുന്നു. ഇതിനെ രാജാവില്ലാത്തത് എന്നർത്ഥത്തിലുള്ള വൈരാജ്യം എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ട്രീയം ഉരുത്തിരിഞ്ഞു. എന്നാൽ മറ്റു ചിലയിടങ്ങളിൽ രാജഭരണം നിലനിന്നിരുന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങൾ, ബർമ്മ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടുന്ന ഭാഗമായിരുന്നു. അതിനാൽ പേർഷ്യയിൽ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും ഇക്കാലത്ത് കാര്യമായുണ്ടായിരുന്നു. ക്രി.മു. 530 നോടടുത്ത് സൈറസ് എന്ന അഖാമാനിയൻ ചക്രവർത്തി ഹിന്ദുക്കുഷ് കടന്നുവന്ന് കാംബോജം, ഗാന്ധാരം (ഇന്നത്തെ കാണ്ഡഹാർ), എന്നിവിടങ്ങളിൽ നിന്ന്‌ കപ്പം വാങ്ങിപ്പോയിരുന്നതായി രേഖകൾ ഉണ്ട്. മറ്റൊരു പേർഷ്യൻ ചക്രവർത്തിയായ ദാരിയുസിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങൾ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്.

സിന്ധൂനദീതട പ്രദേശങ്ങൾ ഇങ്ങനെ പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പർദ്ധ വർദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ മഗധം, കോസലം, അവന്തി, വത്സം, കാശി തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം. കോസലത്തേയും കാശിയേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ അവന്തിയും വിഴുങ്ങി. പർവ്വത പ്രദേശങ്ങളിലൂടെ പേർഷ്യയിലേക്കും മധ്യേഷയയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങൾ ആരംഭിച്ചു. ഇതിൽ അവസാനം മഗധം വിജയിച്ചു. ജൈന, ബുദ്ധ മതങ്ങളുംഭൗതിക വാദങ്ങളുമെല്ലാമായി ബൌദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ അന്തഃച്ഛിദ്രങ്ങളും കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് ബിംബിസാരനും മകൻ അജാതശത്രുവുമായിരുന്നു. എന്നാൽ അവർക്ക് പിന്നീട് വന്ന തലമുറകൾ ഒന്നും അത്രകണ്ട് ശോഭിക്കാതെ ക്ഷത്രിയരല്ലാത്ത പല കുലങ്ങളും മഗധ ഭരിച്ചു. അക്കാലത്താണ് അല‍ക്സാണ്ടർ ചക്രവർത്തി ഇന്ത്യയിൽ നോട്ടമിടുന്നത്. ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപതന്റേയും വരവ്. ചന്ദ്രഗുപ്തൻ മഗധയിലെ അവസാനത്തെ നന്ദ രാജാവിനെ തോല്പിച്ച് മഗധ കൈയടക്കി.

അല‍ക്സാണ്ഡർ ചക്രവർത്തി, ക്രി.മു. 331 -ല് അഖാമാനിയൻ സാമ്രാജ്യത്തെ തറ പറ്റിക്കുകയും അതേകൊല്ലം തന്നെ കാബൂൾ വഴി കിഴക്കോട്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നിൽ അന്നത്തെ ഒട്ടുമിക്ക രാജ്യങ്ങൾക്കും പിടിച്ചു നിൽകാനായില്ല. വിതസ്താ (ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള പൗരവൻ എന്ന രാജാവുമാത്രമാണ് കാര്യമായ പ്രതിരോധം നൽകിയതു തന്നെ. പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ഡർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്. മഗധ ഒരു വൻ ശക്തിയായതിനാൽ അത്തരം ഒരു സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാനായകന്മാർക്കും മനസ്സിലായി. മാത്രവുമല്ല ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയിൽ വച്ചായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന് മേൽ പറഞ്ഞ കാരണങ്ങൾ മൂലം തിരിച്ചു പോകേണ്ടി വന്നു. അല‍ക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്ര്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പുകുത്തുകയായിരുന്നു. ഈ സമയത്താണ് ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.

ചന്ദ്രഗുപ്ത മൗര്യൻ

മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാനരാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്. അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തിൽ (ഭഗവാന്റെ വംശം) 'നിന്നാണ് വരുന്നതെന്നും നന്ദ കുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങൾ ഉണ്ട്. അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളിൽ പരാമർശമുണ്ട്. അതിൻ പ്രകാരം ആന്ത്രൊകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്. ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാൽ അലക്സാണ്ടർക്ക് കോപം വന്നുവെന്നും എന്നാൽ ചന്ദ്രഗുപ്തൻ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.

അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് പഞ്ചാബിൽ നിന്ന് പലായനം ചെയ്ത ഒരു ബ്രാഹ്മണ സന്യാസിയായ ചാണക്യൻ ആണ് ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ യാഥാർത്ഥ നാമം വിഷ്ണുഗുപ്തൻ എന്നായിരുന്നു. അർത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്. അന്ന് മഗധ ഭരിച്ചിരുന്ന ധന എന്ന രാജാവ് വലിയ അഴിഞ്ഞാട്ടക്കാരനായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും പ്രതികരിക്കുന്നവരെ നശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവർത്തികൾ മൂലം രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ കെടുതികൾ അനുഭവിച്ചു വന്നു. ജനങ്ങൾക്ക് മറ്റൊരു വഴിയില്ലാതായി.

ചന്ദ്രഗുപ്തൻ കുറേയേറെ പട്ടാളത്തെ സ്വരൂപിച്ചിരുന്നു. കുറച്ച് വലിപ്പമായപ്പോൾ പാടലീപുത്രത്ത് ചെന്ന് നന്ദരാജാവിനെ വെല്ലു വിളിച്ചു. എന്നാൽ സൈന്യത്തിന്റെ വലിപ്പത്തിന്റെ അന്തരം കണ്ടു തന്നെ പല പോരാളികളും ഭയന്ന് പിന്മാറി. എന്നാൽ പിന്നീടാണ് അർത്ഥശാസ്ത്രത്തിലെ പ്രസിദ്ധമായി വരുന്നത്. അതിൽ ഒരു സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് ചാണക്യൻ കേൾക്കാനിടയായി. കുട്ടി ചൂടുള്ള ചോറ് അതിന്റെ നടുക്കു നിന്ന് എടുക്കാൻ ശ്രമിക്കുകയും എന്നാൽ ചൂടു മൂലം പറ്റാതെ വരുമ്പോൾ അവന്റെ മുത്തശ്ശി പറയുന്ന “ നീ ചന്ദ്രഗുപ്തനെപ്പോലെ നടുക്കു നിന്ന് തിന്നാൻ നോക്കി വിഡ്ഢിയാകുന്നു അരികിൽ നിന്ന് പയ്യെ തിന്നുകയാണ് വേണ്ടത് അപ്പോൾ കൈ പൊള്ളില്ല“ എന്ന വാക്കുകൾ ആണ് അവർക്ക് പിന്നീട് വഴിത്തിരിവായിത്തീർന്നത്.

ചന്ദ്രഗുപ്തനും ചാണക്യനും കൂട്ടരുമെല്ലാം ഒളിവിൽ പോകേണ്ടി വന്നു. ഏതാണ്ട് ഇതേ സമയത്താണ് അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിക്കുന്നത്. നാട്ടുകാർ അലക്സാണ്ഡറുടെ മേൽതിരിയുകയായിരുന്നു. സൈന്യത്തിന്റെ മനോവീര്യം കെട്ടു അലക്സാണ്ഡർ തിരിച്ചു പോകാൻ തീർച്ചയാക്കിയ സമയത്ത് സൈനിക സഹായത്തിന് ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ ചെന്നു കണ്ടു. എന്നാൽ അലക്സാണ്ടർ തന്റെ സൈന്യത്തിന്റെ മനോ വീര്യം നഷ്ടപ്പെട്ടതിനാൽ പിൻ‍വാങ്ങാൻ തിരുമാനിച്ചിരിക്കുകയായിരുന്നു. പേടിച്ചോടുകയാണെന്നാണ് ചന്ദ്രഗുപ്തൻ കരുതിയത്. തന്റെയും അന്നു വരെ സമ്പാദിച്ച ഒളിപ്പോരാളികളുടേയും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും അലക്സാണ്ഡർ മനസ്സു മാറ്റാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് യവനരേഖകളിൽ അദ്ദേഹത്തെ പറ്റി പരാമർശിതമായിരിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.

ചന്ദ്രഗുപ്തൻ അലക്സാണ്ടർ പോയ തക്കത്തിന് പഞ്ചാബ് കീഴടക്കി. അവിടെ നിന്നുകൊണ്ട് ചെറിയ ചെറിയ രാജ്യങ്ങൾ കീഴടക്കി പടയോട്ടം ആരംഭിക്കുകയായിരുന്നു.

മഗധ പിടിച്ചെടുക്കൽ

ചാണക്യൻ വിദഗ്ദ്ധനായ ഒരു സൂത്രധാരനായിരുന്നു. അദ്ദേഹം വലിയ ഒരു ചാര ശൃംഖലയുണ്ടാക്കിയിരുന്നു. ധന നന്ദനെന്ന രാജാവിന്റെ അതിരു കടന്ന ഭരണത്തിൽ എതിർപ്പുണ്ടായിരുന്ന ജനങ്ങളെ അദ്ദേഹം ഇളക്കി വിട്ടു. രാജാവിന്റെ പാരമ്പര്യത്തിലും അദ്ദേഹം സംശയം ജനിപ്പിച്ചു വിട്ടു. സൈന്യത്തിൽ മുറുമുറുപ്പ് ഉണ്ടാക്കി. മദ്യശാലകളിൽ വച്ച് സേനാ നായകന്മാർ തമ്മിലിടയുന്നത് പതിവായി. ചന്ദ്രഗുപ്തൻ മഗധയിൽ നിന്നു തന്നെ വിഘടന വാദികളുടെ കൂട്ടായ്മയെ സംഘടിപ്പിച്ചു, തന്റെ മിത്രമായ പൗരവ രാജാവിന്റെ സഹായവും അദ്ദേഹത്തിന് ലഭിച്ചു.

ചാണക്യനും ചന്ദ്രഗുപ്തനും കൂട്ടരും ചേർന്ന് ഒരുക്കിയ കെണിയിൽ മഗധ വീണു. അതിനായി അവർ ചെയ്തത് മഗധയെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി നേരിടാൻ മഗധ കുറേ ദൂരത്തായിരുന്ന യുദ്ധക്കളത്തിലേയ്ക്ക് പുറപ്പെട്ടു. ഇത്തരുണത്തിൽ ചന്ദ്രഗുപ്തൻ നഗരത്തിൽ മറ്റൊരു വഴിയിലൂടെ കയ്യേറുകയും അവിടെ അഭ്യന്തര കലാപം ഉണ്ടാക്കുകയും ചെയ്തു. മിക്ക സൈന്യാധിപന്മാറ്ക്കും കൈക്കൂലി കൊടുത്ത് ഒതുക്കിയിരുന്നു. ഈ അഭ്യന്തരകലാപത്തിനിടയ്ക്ക് ധനനന്ദന്റെ പുത്രനും കിരീടാവകാശിയുമായ രാജകുമാരൻ മരിക്കുകയും ചെയ്തു. ജനങ്ങളുടെ വികാരം അനുകൂലമാക്കാൻ ചന്ദ്രഗുപ്തന് കഴിഞ്ഞു. തിരിച്ചു വന്ന ധന നന്ദൻ സമ്മർദ്ദം താങ്ങാൻ പറ്റാതെ രാജ്യം ചന്ദ്രഗുപ്തന് കൈമാറി നാടുവിട്ടു, പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

സമ്രാജ്യസ്ഥാപനം

ക്രി.മു. 321-ലാണ് ചന്ദ്രഗുപ്തൻ മഗധയിലെ രാജാവാകുന്നത്. ഇക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രം സന്ദർശിച്ച ഗ്രീക്കു ദൂതനായ മെഗസ്തനീസ് ആണ് ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതിയത്. ഇന്നത്തെ വിലപ്പെട്ട ചരിത്രരേഖയായ അതിന്റെ പേർ ഇൻഡിക്ക എന്നായിരുന്നു. ചാണക്യൻ എഴുതിയ അർത്ഥശാസ്ത്രം ആണ് മറ്റൊരു ചരിത്രാധാരം. മറ്റു ചില കഥകൾ ബൃഹത്കഥ, കഥാ ചരിത് സാഗരം എന്നിവയിലും മുദ്രാരാക്ഷസം എന്നീ കൃതികളിലും കാണാം.

മെഗസ്തനീസിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം സൈനികർ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. മഗധ സ്വന്തമാക്കിയശേഷം അദ്ദേഹം അലക്സാണ്ടറുടെ സാമന്തം സ്വീകരിച്ചിരുന്ന വടക്കൻ പ്രദേശങ്ങൾ കീഴടക്കലായി ലക്ഷ്യം. സുഹൃത്തായ പൗരവനും ഒപ്പമുണ്ടായിരുന്നു. ഗ്രീക്കുകാരുടെ സത്രപങ്ങളായ പഞ്ചാബ്, തക്ഷശില എന്നിവ അദ്ദേഹം പിടിച്ചെടുത്തു.

സെലൂക്കസിന്റെ ആക്രമണം

ക്രി.മു 305 ല് സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നുകയറി. അന്ന് ഗംഗാ സമതലം മുഴുവൻ മൗര്യ സാമ്രാജ്യത്തിന്റേതായിരുന്നു. അലക്സാണ്ഡറുടെ സേനാ നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അലക്സാണ്ഡറുടെ മരണശേഷം പടത്തലവന്മാർ രാജ്യം പങ്കിട്ടെടുക്കുകയായിരുന്നു. പേർഷ്യയും ബലൂചിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവയടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. സിന്ധൂ നദീ തടം വൻ കച്ചവട സാധ്യത ഉള്ളത് അവരെ ഇങ്ങോട്ട് ആകർഷിച്ചിരുന്നിരിക്കണം. എന്നാൽ ചന്ദ്രഗുപ്തൻ ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല എന്നു മാത്രമല്ല, അവസാനം സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ക്രി.മു. 303-ല് എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയിൽ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാർ യവന ഭാഷയിൽ അരാക്കോസിയ Arachosia), ബലൂചിസ്ഥാൻ(ഗെദ്രോസിയ gedrosia)എന്നിവ ചേർന്ന വലിയ ഒരു ഭൂ പ്രദേശം മഗധയോട് ചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപൊയത്. ഈ ആനകൾ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാൻ നിർണ്ണായക സ്വാധീനമായിരുന്നു. ഈ സെലൂക്കസിന്റെ പ്രതിനിധിയായാണ് മെഗസ്തനീസ് പാടലീ പുത്രത്തിലെത്തുന്നത്. അങ്ങനെ സിന്ധൂ നദീ തടവും അതിനപ്പുറവും മൗര്യ സാമ്രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വന്നു ചേർന്നു. ഇത്തരം ദൂര ദേശങ്ങളിൽ നേരിട്ടു ഭരണം നടത്താതെ മറ്റു ഭരണാധികാരികളെ നിയമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

ബിന്ദുസാരൻ

ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ്‌ സാമ്രാജ്യം ഭരിച്ചത്‌. ക്രി.മു. 297-ലായിരുന്നു അദ്ദേഹം സിംഹസനാരോഹണം ചെയ്തത്‌. സെലൂക്കിഡ്‌ രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ്‌ പുലർത്തിയത്‌. അന്തിയോക്കസ്‌ രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ്‌ പാടലീപുത്രത്തിൽ ഒരുപാടുകാലം താമസിച്ചിരുന്നു. യവനർ അമിത്രോഖാതിസ്‌ എന്നാണ്‌ ബിന്ദുസാരനെ വിളിച്ചിരുന്നത്‌. 24 വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക്‌ ഡക്കാൻ പീഠഭൂമിവരെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ അനേകം യുദ്ധങ്ങൾ നടത്തി. കിഴക്ക്‌ കലിംഗവും തെക്ക്‌ ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തിൽ ചേർത്തിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച്‌ അധികം രേഖകൾ കിട്ടാനില്ല.

മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്നു ബിന്ദുസാരൻ(ജനനം: ക്രി.മു. 320, ഭരണകാലം: ക്രി.മു. 298 - ക്രി.മു. 272). ചന്ദ്രഗുപ്ത മൗര്യൻആയിരുന്നു ബിന്ദുസാരന്റെ മുൻഗാമി. ബിന്ദുസാരന്റെ ഭരണകാലത്ത് സാമ്രാജ്യം തെക്കോട്ട് വികസിച്ചു. സുമനൻ, അശോകൻ എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ബിന്ദുസാരന് ഉണ്ടായിരുന്നത്. ഇവർ തക്ഷശില, ഉജ്ജയിൻ എന്നിവിടങ്ങളിലെ ഭരണാധികാരികളായിരുന്നു. ഗ്രീക്കുകാർ ബിന്ദുസാരനെ അമിത്രോകോട്ടസ്‌, അഥവാ അല്ലിട്രോച്ചേഡസ് എന്ൻ വിളിച്ചു. സംസ്കൃത പദമായ 'അമിത്രഘട്ട' (ശത്രുക്കളുടെ നിഗ്രഹകൻ) എന്ന പദത്തിന്റെ ഗ്രീക്ക് തർജ്ജിമയാണ് ഇത്.

ജീവിതം

ചന്ദ്രഗുപ്തന്റെയും ദുർധരയുടെയും മകനായ ബിന്ദുസാരൻ ഭരണമേറ്റപ്പോൾ സാമ്രാജ്യം ഇന്നത്തെ വടക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, കിഴക്കേ ഇന്ത്യ എന്നിവിടങ്ങളും അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവയുടെ ഭാഗങ്ങളും ചേർന്നതായിരുന്നു. ബിന്ദുസാരൻ ഇന്ത്യയുടെ തെക്കൻ ഭാഗത്തേയ്ക്ക് (ഇന്നത്തെ കർണ്ണാടക പ്രദേശം) സാമ്രാജ്യം വ്യാപിപ്പിച്ചു. പതിനാറ് രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കി ബിന്ദുസാരൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്കഭാഗവും തന്റെ ഭരണത്തിനു കീഴിലാക്കി. (രണ്ട് സമുദ്രങ്ങൾക്ക് ഇടയ്ക്കുള്ള ഭൂമി ബിന്ദുസാരൻ പിടിച്ചടക്കിയെന്ന് - ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയ്ക്ക് ഇടയ്ക്കുള്ള പ്രദേശം - പറയപ്പെടുന്നു). ബിന്ദുസാരൻ സൗഹൃദ രാജ്യങ്ങളായ ചോളർ‍, പാണ്ഡ്യർ, ചേരർ എന്നിവരെ ആക്രമിച്ചില്ല. ഈ തെക്കൻ രാജ്യങ്ങൾ ഒഴിച്ചാൽ കലിങ്കം (ഇന്നത്തെ ഒറീസ്സ) മാത്രമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബിന്ദുസാരന്റെ സാമ്രാജ്യത്തിൽ ഉൾപ്പെടാത്ത രാജ്യം. ബിന്ദുസാരന്റെ ഭരണത്തിൻ കീഴിൽ ഉജ്ജയിനിന്റെ ഭരണാധികാരിയായിരുന്ന മകൻ അശോകൻ പിന്നീട് കലിങ്കം പിടിച്ചടക്കി.

പിതാവായ ചന്ദ്രഗുപ്തന്റെയോ മകനായ അശോകന്റെയോ ജീവിതത്തെ അപേക്ഷിച്ച് ബിന്ദുസാരന്റെ ജീവിതത്തെക്കുറിച്ച് അധികം രേഖകളില്ല. ചാണക്യൻ ബിന്ദുസാരന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്നു. ബിന്ദുസാരന്റെ ഭരണകാലത്ത് തക്ഷശിലയിലെ ജനങ്ങൾ രണ്ടുപ്രാവശ്യം കലാപം നടത്തി.

സെല്യൂസിഡ് സാമ്രാജ്യം (ദീമാക്കസ് തുടങ്ങിയവർ), ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികൾ ബിന്ദുസാരന്റെ കൊട്ടാരം സന്ദർശിച്ചു. ഹെല്ലനിക ലോകവുമായി ബിന്ദുസാരൻ നല്ല ബന്ധം പുലർത്തി. ബിന്ദുസാരന്റെ പിതാവായ ചന്ദ്രഗുപ്ത മൗര്യൻ ഒരു ജൈനമത വിശ്വാസിയായിരുന്നെങ്കിലും ബിന്ദുസാരൻ അജീവിക (എല്ലാവരുടെയും സമത്വം പ്രചരിപ്പിക്കുന്ന ഒരു ഹിന്ദുമത ശാഖ) വിശ്വാസിയായിരുന്നു

ബിന്ദുസാരൻ ക്രി.മു. 272-ൽ അന്തരിച്ചു. (ചില രേഖകൾ പ്രകാരം ബിന്ദുസാരന്റെ മരണം ക്രി.മു. 268-ൽ ആണ്). ബിന്ദുസാരനു ശേഷം ബി.സി.ഇ. 273-ൽ മകനായ അശോകൻ കിരീടധാരിയായി.

തലസ്ഥാനം

മെഗസ്തനീസിന്റെ വിവരണങ്ങളനുസരിച്ച് മൗര്യരുടെ തലസ്ഥാനമായ പാടലീപുത്രം അതിമനോഹരവും വിശാലവുമായ ഒരു നഗരമായിരുന്നു. ചുറ്റും കോട്ടമതിൽ കെട്ടി ഭദ്രമാക്കിയ നഗരത്തിന്‌ 570 കാവൽമാടങ്ങളും, 64 വാതിലുകളും ഉണ്ടായിരുന്നു. മരവും മണ്ണിഷ്ടികയും കൊണ്ടു നിർമ്മിച്ച രണ്ടും മൂന്നും നിലയുള്ള ഭവനങ്ങളായിരുന്നു നഗരത്തിലുണ്ടായിരുന്നത്. രാജകൊട്ടാരവും മരം കൊണ്ടാണ്‌ നിർമ്മിച്ചിരുന്നത്, കല്ലുകൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് കൊട്ടാരം അലങ്കരിച്ചിരുന്നു. കൊട്ടാരത്തിനു ചുറ്റും ഉദ്യാനങ്ങളും ഇതിൽ പക്ഷിക്കൂടുകളും ഒരുക്കിയിരുന്നു.

അശോകൻ

ബിന്ദുസാരന്റെ മക്കളിലൊരുവനായ അശോകനാണ്‌ പിന്നീട്‌ രാജ്യം ഭരിക്കുന്നത്‌. അദ്ദേഹത്തെ മഹാനായ അശോകൻ എന്നാണ്‌ എച്ച്‌. ജി. വെൽസ്‌ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്‌. എന്നാൽ കണ്ണിൽ ചോരയില്ലാത്തവനാണെന്നും ബിന്ദുസാരന്റെ മക്കളെയെല്ലാം തന്റെ സഹോദരങ്ങൾ ആയിട്ടുകൂടി നിർദ്ദയം വധിച്ചാണ്‌ കീരീടാവകാശി അല്ലായിരുന്നിട്ടു കൂടി അദ്ദേഹത്തിന്‌ സിംഹാസനം ലഭിച്ചത്‌ എന്നും ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. എന്നാൽ അസാധാരണമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഇത്തരം ചോരപ്പുഴകളും നിരവധി യുദ്ധങ്ങളിലെ രക്തച്ചൊരിച്ചിലും നടത്തിയെങ്കിലും അവസാനം ഹിംസ വെടിഞ്ഞ്‌ അഹിംസയുടെ വക്താവായി മാറി, ബുദ്ധമത പ്രചരിപ്പിക്കാനായി ബാക്കിയുള്ള ജീവിതം ഉഴിഞ്ഞു വച്ചു.

അദ്ദേഹം ഏതു വർഷമാണ് സിംഹാസനാരോഹണം നടത്തിയെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ക്രി.വ. 265 ഓ 272 ഓ ആണെന്നാണ് കരുതുന്നത്. ചെറു പ്രായത്തിലേ പ്രായത്തിൽ കവിഞ്ഞ കാര്യ ശേഷി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങൾ അമർച്ചചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു. ചക്രവർത്തിയായി എട്ടു വർഷം കഴിഞ്ഞാണ്‌ അന്നു വരെ സാമ്രാജ്യത്തിൽ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്‌. ഒരു സുപ്രധാന വിജയം നേടുന്നത്‌ അദ്ദേഹത്തിന്റെ വിമർശകരെ വായടക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം. എന്നാൽ കലിംഗ യുദ്ധം പ്രതീക്ഷിച്ചതിനേക്കാൾ കനത്ത ഭാരമാണ്‌ ഇരു പക്ഷത്തും ഏൽപിച്ചത്‌. ഒരു ലക്ഷത്തിൽ പരം സൈനികരും ജനങ്ങളും മരിച്ചു. അതിനേക്കാൾ പ്രയാസാമായിരുന്നത്‌ മരിച്ചവരുടെ ജഢങ്ങൾ അടക്കം ചെയ്യാനാകാതെ ചീഞ്ഞളിഞ്ഞതും അതു മൂലം അസുഖം ബാധിച്ച്‌ വീണ്ടും അത്ര തന്നെ ജനങ്ങൾ മരിക്കാനിടയായതും ആണ്. ഇത്‌ അശോകന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചക്രവർത്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവില്ലായ്മ അദ്ദേഹം തിരിച്ചറിഞ്ഞു. തെക്കോട്ട്‌ തന്റെ പടയോട്ടം നയിക്കാനുള്ള തീരുമാനം മാറ്റി, ബുദ്ധമതത്തിൽ അഭയം തേടി അതിന്റെ പ്രചരണം സ്വയം ഏറ്റെടുത്തു. സിംഹളത്തിലും മറ്റുമായി അദ്ദേഹം ധർമ്മ വിജയത്തിന്റെ മാത്രം (രാജ്യം വിസ്ത്രിതമക്കാനോ പ്രശസ്തനാവാനോ യുദ്ധം ചെയ്യാതെ പ്രതിരോധം മാത്രമായി യുദ്ധം ചെയ്യുക) ഉപജ്ഞാതാവായി പ്രചരണം നടത്തി.

അദ്ദേഹം നായാട്ടും അത്തരത്തിൽ പെടുന്ന നായാട്ടുകളികളും നിരോധിച്ചു. അടിമത്തത്തെ നിർത്തലാക്കാൻ ശ്രമിച്ചു. 40 വർഷത്തോളം അദ്ദേഹം സൈന്യത്തെ പുലർത്തിയെങ്കിലും യുദ്ധമൊന്നും ചെയ്തില്ല. പകരം ബുദ്ധമത പ്രചരണത്തിനായി വിദേശത്തു പോലും സഞ്ചരിച്ചു. മഠങ്ങളും സ്ഥാപനങ്ങളും പണി കഴിപ്പിച്ചു. നാടെങ്ങും ബുദ്ധ തത്ത്വങ്ങൾ പഠിപ്പിക്കാനുള്ള എർപ്പാടുകൾ ചെയ്തു. സിംഹളത്തിലും പേർഷ്യ, ബലൂചിസ്ഥാൻ, ഈജിപ്ത്‌, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും വരെ അദ്ദേഹം ബുദ്ധമതം പ്രചരിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ അവസാനം ശോകമയമായിരുന്നു. രാജ്യത്തെ സ്വത്തുക്കൾ നിർലോഭം സംഭാവന ചെയ്തുകൊണ്ടിരുന്നത്‌ മക്കൾ തടയുകയും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് ഭരിച്ചിരുന്ന തലമുറകളെ പറ്റി കാലത്തിന്റെ അളവല്ലാതെ മറ്റു രേഖകൾ വിരളമാണ്. നാണയങ്ങൾ പ്രകാരം ഭരണകാലഘട്ടം അളക്കാമെന്നു മാത്രം.

ഭരണ സം‌വിധാനം

ഗോത്രഭരണരീതിയ്ക്ക് ഈ സമയമായ്പ്പോഴേയ്ക്കും അന്ത്യം കുറിക്കപ്പെട്ടിരുന്നു. ഗണതന്ത്രവ്യവസ്ഥകൾ അപ്രത്യക്ഷമായി. മൗര്യചക്രവർത്തി തലവനും ഭരണത്തിന്റെ കേന്ദ്രബിന്ദുവുമായി. സാമന്തരാജാക്കന്മാർ വാർഷികകപ്പം ഒടുക്കിയിരുന്നെങ്കിലും പരമമായ നിയന്ത്രണം അദ്ദേഹം തന്നെ ഏറ്റെടുത്തിരുന്നു. രാജകാര്യങ്ങളിൽ രാജാവിനെ സഹായിക്കാൻ മഹാമാത്രന്മാർ എന്ന മന്ത്രിമാരും അവർക്ക് പരിഷത്ത് എന്ന സഭയും ഉണ്ടായിരുന്നു.

സാമ്രാജ്യം വളരെ വിശാലമായിരുന്നതിനാൽ വിവിധ ദേശങ്ങളിലെ ഭരണരീതിയും വ്യത്യസ്തമായിരുന്നു. തലസ്ഥാനമായ പാടലീപുത്രത്തിന്റെ ഭരണനിയന്ത്രണം ചക്രവർത്തി നേരിട്ടു നടത്തി. തക്ഷശില, ഉജ്ജയനി എന്നിങ്ങനെയുള്ള വിദൂരപ്രവിശ്യകളിലെ ഭരണം അതതു പ്രവിശ്യാ ആസ്ഥാനത്തു നിന്നുമായിരുന്നു. ഇവിടത്തെ ഭരണമേൽനോട്ടത്തിനായി രാജകുടുംബാംഗങ്ങളെ നിയമിച്ചിരുന്നു. ഇത്തരം പ്രവിശ്യകളിൽ തദ്ദേശീയമായ നിയമങ്ങളും രീതികളുമാണ്‌ പിന്തുടർന്നിരുന്നത്.

സുപ്രധാനമായ സംഗതി ഏകീകൃതനാണയസമ്പ്രദായമായിരുന്നു. നാണയങ്ങൾക്ക് രൂപം എന്നർത്ഥത്തിൽ രൂപ എന്ന് വിളിച്ചിരുന്നതായി അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. അതനുസരിച്ച് സ്വർണ്ണരൂപ, രുപ്യരൂപ (വെള്ളി) താമ്ര രൂപ (ചെമ്പ്) ശീശരൂപ (ഈയം) എന്നിങ്ങനെ വിലയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയിരുന്നത് ഖജനാവായിരുന്നു. ഇതിൽ അതത് കാലത്തെ ചക്രവർത്തിയുടെ പേരും മറ്റും രേഖപ്പെടുത്തിയിരുന്നു. ഭരണം വിഭജിച്ചിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ഉപവകുപ്പുകളും ഉണ്ടായിരുന്നു. മന്ത്രിമാർ അഥവാ മഹാമാത്രന്മാരുടെ കീഴിൽ അദ്ധ്യക്ഷന്മാർ, സചിവന്മാർ, രാജൂകന്മാർ, യുക്തന്മാർ അഥവാ കാര്യനിർവാഹകർ (executives) എന്നിവർ ജോലി നോക്കിയിരുന്നു.

സമാഹർത്താവ് എന്നൊരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ഇത് ഇന്നത്തെ കളക്ടർക്ക് സമാനമായ പദവിയാണ്. വ്യാപാരം, കൃഷി, വന വിഭവങ്ങൾ, സൈനികം, അളവു തൂക്കം, ചുങ്കം, നെയ്ത്ത്, മദ്യം, കശാപ്പ്, വേശ്യാവൃത്തി, ജലയാനം, കാലികൾ, വിദേശ യാത്ര എന്നിവക്കെല്ലാം അദ്ധ്യക്ഷന്മാരാണ് മേൽനോട്ടം നടത്തിയിരുന്നത്.

രാജാവും അദ്ദേഹത്തിന്റെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥരും അഞ്ചു കൊല്ലം കൂടുമ്പോൾ വേഷ പ്രച്ഛന്നരായി ഭരണത്തിന്റെ പുരോഗതി വിലയിരുത്തുമായിരുന്നു. നാട്ടു വാർത്തകൾ ശേഖരിച്ച രാജാവിനടുത്തെത്തിക്കാൻ പ്രത്യേക വിഭാഗം ഉണ്ടായിരുന്നു.

രാജ്യ വരുമാനത്തിന്റെ നാലിലൊന്ന് ഉദ്യോഗസ്ഥന്മാർക്ക് ശമ്പളത്തിനും ക്ഷേമപ്രവർത്തനത്തിനും മറ്റുമായി ചെലവാക്കിയിരുന്നു. ഉദ്യോഗത്തിനനുസരിച്ച ശമ്പളം ഏറിയും കുറഞ്ഞുമിരിക്കും. സേനാപതിയ്ക്കും പുരോഹിതനും 48,000 രൂപയായിരുന്നു ശമ്പളം, സമാഹർത്താവിന്റെ വേതനം 24,000 രൂപയായിരുന്നു.

പാത നിർമ്മാണം, പൊതു മരാമത്ത് ജലസേചനം തുടങ്ങിയവ ഭരണകൂടം നിർവ്വഹിച്ചിരുന്നു.

പ്രധാനപ്പെട്ട പട്ടണങ്ങൾക്കിടയിലുള്ള വിശാലമായ മേഖലയിലെ ഗതാഗതപ്രാധാന്യമുള്ള പാതകളും, നദികളും മൗര്യന്മാർ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. ഇവിടെ നിന്നും സാധ്യമായ കപ്പവും നികുതിയും പിരിക്കുകയും ചെയ്തിരുന്നു. വടക്കു പടിഞ്ഞാറൻ മേഖലകൾ പരവതാനികൾക്കും, ദക്ഷിണേന്ത്യ സ്വർണ്ണത്തിനും വിലപിടിച്ച രത്നങ്ങൾക്കും കേൾവികേട്ടതാണെന്നും ഈയിടങ്ങളിൽ നിന്ന് ഇത്തരം സാധനങ്ങൾ കപ്പമായി പിരിച്ചെടുക്കാമെന്നും അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇതിനു പുറമേ വനമേഖലയിൽ ജീവിച്ചിരുന്ന ആളുകൾ അവർ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഏറെക്കുറേ സ്വതന്ത്രരായിരുന്നെങ്കിലും, ആന, തടി, തേൻ, മെഴുക് തുടങ്ങിയ വനവിഭവങ്ങൾ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർക്ക് കപ്പമായി നൽകിപ്പോന്നു.