ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label തന്ത്ര ശാസ്ത്രം. Show all posts
Showing posts with label തന്ത്ര ശാസ്ത്രം. Show all posts

11 July 2021

തന്ത്ര 11

തന്ത്ര 11

അവസാന ഭാഗം

ഇനി  ഭൂമിശാസ്ത്രപരമായി തന്ത്രയുടെ വികാസത്തെക്കുറിച്ച് വിശദമാക്കാം . തന്ത്രയുടെ ഭൂമിശാസ്ത്രപരമായ വികാസം സംഭവിച്ചത് വിന്ധ്യാചലത്തെ കേന്ദ്രമാക്കിയാണെന്നു പറയാവുന്നതാണ് . വിന്ധ്യാചലത്തിന് നാലു ഭാഗത്തേക്കുമായാണ് തന്ത്ര വികസിക്കുന്നത്. വിന്ധ്യന് വടക്കോട്ട് പ്രചരിച്ച തന്ത്ര രഥക്രാന്ത അല്ലെങ്കിൽ രാധാ ക്രാന്ത എന്നും, കിഴക്കോട്ട് വ്യാപിച്ച തന്ത്ര വിഷ്ണു ക്രാന്ത എന്നും, പടിഞ്ഞാറോട്ട് ഇന്നത്തെ ഇറാനിലേക്കും സിറിയയിലേക്കും വ്യാപിച്ച തന്ത്ര അശ്വക്രാന്ത എന്നും, തെക്കോട്ട് വികസിച്ച തന്ത്രയെ ഗജക്രാന്ത എന്നും വിളിച്ചു .

തന്ത്രയുടെ ആചാര പദ്ധതികളെക്കുറിച്ച് പറയുമ്പോൾ കാശ്മീരം, ഗൗഢം, കേരളം, വിലാസം തുടങ്ങിയ ആചാര പദ്ധതികളെക്കുറിച്ച് കൂടി പറയാതിരിക്കാൻ കഴിയില്ല. കാശ്മീരം എന്നു വിളിക്കുന്ന സമ്പ്രദായം കൂടുതൽ ശൈവസമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു .

ശൈവാഗമങ്ങളും ഭൈരവ തന്ത്രയും കൂടുതലായി വികസിച്ചത് കാശ്മീരിലാണ് . പ്രത്യഭിജ്ഞാ ദ്വൈതം, സ്പന്ദകാരികം തുടങ്ങിയ വിജ്ഞാന പദ്ധതികളും വിജ്ഞാന ഭൈരവ തന്ത്രം,  മാലിനി വിജയോത്തര തന്ത്രം തുടങ്ങിയ തന്ത്രങ്ങളും വികസിച്ചിട്ടുള്ളതും കാശ്മീരിലാണ്. വിലാസം ഭാരതത്തിന്റെ എല്ലാ ഭാഗത്തും പ്രചരിച്ചിരുന്നു എന്നാണ് പറയുന്നത്. ഇതു പോലെ കേരള തന്ത്രം കേരളാചാരം എന്നപേരിൽ പ്രശസ്തമായിരുന്നു. ഇത്  സാമാന്യം പ്രചാരവും നേടിയിരുന്നു.

സിദ്ധ സമ്പ്രദായം യഥാർത്ഥത്തിൽ തന്ത്ര ശാസ്ത്രത്തിന്റെ ഒരു ഭാഗം തന്നെയാണെന്നറിഞ്ഞാലും. കാശ്മീര സമ്പ്രദായം പോലെ തന്നെ വിന്ധ്യാചലത്തിന് താഴോട്ട്, കൃത്യമായി പറഞ്ഞാൽ തമിഴ്നാടും കേരളവുമുൾപ്പെടുന്ന ദേശത്ത് ഉണ്ടായിരുന്ന ശിവയോഗികളെയാണ് സിദ്ധർ എന്നു വിളിച്ചിരുന്നത്. തിരുമൂലർ, ഭോഗർ, കാലാംഗിനാഥൻ, അഗസ്ത്യർ തുടങ്ങിയ പതിനെട്ട് സിദ്ധയോഗി പരമ്പര ആരാധിച്ചിരുന്നതും ഉപാസിച്ചിരുന്നതും ശ്രീചക്രത്തെയും ശിവശക്തി സ്വരൂപത്തെയും ആയിരുന്നു എന്നതുകൊണ്ടുതന്നെ ഈ പരമ്പരയും തന്ത്ര ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല .

ശാക്തേയം എന്നതിനർത്ഥം മാതൃഭാവത്തിലുള്ള ശക്തിയുടെ ആരാധന എന്നാണ്.  ഈ സമ്പ്രദായം കേരളത്തിലോ ഭാരതത്തിലോ മാത്രമല്ല ലോകമെങ്ങും നിലനിന്നിരുന്നതായി മനസ്സിലാക്കാം . പക്ഷേ ഇത് വ്യത്യസ്തങ്ങളായ പേരുകളിൽ മാത്രമാണെന്നു മാത്രം .

കേരളത്തിൽ ശാക്തേയമായിരുന്നെങ്കിൽ ബംഗാളദേശത്ത് അത് ദുർഗ്ഗാപൂജയും താരാ പീഠത്തിലെ പൂജയുമായി മാറുന്നു. കാമാഖ്യ തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ അവിടെ അനുഷ്ഠിക്കുന്ന ശക്തി  പൂജയും ഈ ഉപാസന തന്നെയാണെന്ന് കാണാം .

കൂടാതെ ലോകത്തിന്റെ പല ഭാഗത്തും ഇത്തരം മാതൃഭാവത്തിലുള്ള ശക്തി പൂജകൾ ഉണ്ടായിരുന്നതായി മനസ്സിലാക്കാം. സ്വാമി സിദ്ധി നാഥാനന്ദ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ "ശക്തിപൂജ" എന്ന ഗ്രന്ഥത്തിൽ  ഇറാസ്മസ്സ് എന്ന പണ്ഡിതൻ യേശുവിന്റെ മാതാവായ  മേരിയുടെ സാധനയിലൂടെ മോക്ഷം ലഭിച്ചയാളാണെന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്. ഈ മേരീസാധന ലോകത്തിന്റെ പല ഭാഗത്തും നിലനിന്നിരുന്നതായി മനസ്സിലാക്കാം .

ഊർവരദേവതയായ ഡിമീറ്ററിന്റെ സാധനയും ലോകത്തിന്റെ പല ഭാഗത്തും നില നിൽക്കുന്നതായി കാണാം .

തന്ത്രയിലെ വിവിധ മാർഗ്ഗങ്ങളെ പഠിക്കുന്ന സമയത്ത് മനസ്സിലാവുന്ന കാര്യം ഇവരെല്ലാം പ്രപഞ്ച ശക്തിയെയാണ് ആരാധിച്ചിരുന്നത് എന്നാണ്. എന്നാൽ അവിടെ നിന്നും അതെപ്പോഴോ ദേവതാ സങ്കൽപ്പത്തിലേക്ക് മാറിയതാണ്.  ദേവത എന്ന സങ്കൽപ്പം മനസ്സിന്റെ സൃഷ്ടിയാണ്. ഒരു ചൈതന്യത്തിന് രൂപം നൽകി ആ രൂപത്തിന് ഒരു പേരു നൽകി മന്ത്രത്തിലൂടെ ആ രൂപത്തെ എല്ലാവർക്കും എത്തിച്ചു കൊടുക്കുന്ന സാമൂഹിക ബോധത്തിന്റെ സൃഷ്ടിയാണ് ഒരു ദേവത. ഉദാഹരണത്തിന് അഗ്നി എന്ന ഒരു തത്വം  അഗ്നി ദേവനായി മാറിപ്പോകുന്നത് ഇപ്രകാരമാണ്.

മുപ്പത്തി മുക്കോടി മനുഷ്യർ ജീവിച്ചിരുന്നൊരു കാലഘട്ടത്തിൽ മുപ്പത്തി മുക്കോടി ദേവതകൾ ഉണ്ടായിരുന്നു. ഇന്ന് എഴുന്നൂറ് കോടി ദേവതകൾ ഉണ്ട് എന്നു പറഞ്ഞാലും തെറ്റില്ല. ശ്രീരാമകൃഷ്ണദേവൻ ആരാധിച്ചിരുന്ന കാളിയെ അല്ല വിവേകാനന്ദ സ്വാമികൾ ആരാധിച്ചിരുന്നത്. കുറൂരമ്മ പ്രാർത്ഥിച്ച കൃഷ്ണനെയല്ല മീരാ ദേവി പ്രാർത്ഥിച്ചത് .

കേരളത്തിലെ കാവുകളിൽ കാണുന്ന തെയ്യം തിറ, കോമരം എന്നിവയുമൊക്കെ ഒരു കലാപരമായ പ്രകടനം മാത്രമല്ല  . ഇവയൊക്കെ തന്ത്രയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. തെയ്യവും തിറയും കോമരവുമൊക്ക  മനുഷ്യനെ ദൈവമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു.

കാശ്മീര ശൈവതന്ത്രത്തിൽ ഈ രീതിയെ വിജ്ഞാന ഭൈരവ  തന്ത്രം എന്നാണ് പറയുക, പക്ഷേ വിജ്ഞാന ഭെരവത്തിന്റെ പ്രചാരം കേരളത്തിൽ ഉണ്ടാവുന്നതിനു മുമ്പ് തന്നെ മേൽപ്പറഞ്ഞവയൊക്കെ ഇവിടെ ഉണ്ടായിരുന്നു .

ഇതിൽ നിന്നും മനുഷ്യനെന്ന പരിമിത ബോധത്തിൽ നിന്നും ദൈവമെന്ന വിശാല ബോധത്തിലേക്ക് മനുഷ്യനെ വളർത്താനുള്ള പദ്ധതികൾ ഇവിടെ അന്നേ രൂപം കൊണ്ടിരുന്നു എന്ന് മനസ്സിലാക്കാം . വിജ്ഞാന ഭൈരവ തന്ത്രത്തിൽ ഈ പദ്ധതി വളരെ  വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .  ഇനി അത്തരം ഒരു ഗ്രന്ഥത്തിന്റെ പിൻബലമില്ലെങ്കിൽ പ്പോലും തെയ്യവും തിറയും കോമരവു മൊക്കെ മനുഷ്യനെ അത്തരം വിശാലമായ ഒരു സങ്കൽപ്പത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവാൻ വന്നതാണെന്ന് നിസംശയം പറയാൻ സാധിക്കും.

(കടപ്പാട് : ശ്രീ: ആർ രാമാനന്ദിന്റെ തന്ത്രരഹസ്യം)

തന്ത്ര 10

തന്ത്ര 10

തന്ത്രഎന്നാൽ കേവലം  തത്വശാസ്ത്രമല്ല അതിലുപരിയായി തന്ത്ര ഒരു ജീവിത രീതിയാണ്. തന്ത്രയും പറയുന്നത് ആകാരമില്ലാത്ത ശക്തിയെ ആരാധിക്കാൻ തന്നെയാണ്. തന്ത്ര ശിവനെന്നും ശക്തിയെന്നും വിളിക്കുന്നത് കേവലം ഏതെങ്കിലും രൂപത്തിൽ ഒതുക്കാവു ഒരു ശക്തിയെ അല്ല പക്ഷേ, തന്ത്ര കൃത്യമായ ഒരു ജീവിത പദ്ധതിയായതു കൊണ്ട് തന്നെ കൃത്യമായ പദ്ധതികളിലൂടെ ഈ തത്വത്തിലേക്ക് മനുഷ്യനെ കൈപിടിച്ചുയർത്താൻ പര്യാപ്തമാകുന്നു .

സ്വാഭാവികമായ മനുഷ്യ മനസ്സിന് ആകാരമില്ലാത്ത ശക്തി എന്നത് പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്നതല്ല. ആകാരമുള്ള ഒരു ശക്തിയെ കണ്ട് മാത്രമേ ആകാരമില്ലാത്ത ഒരു ശക്തിയിലേക്ക് വളരാൻ അവന് സാദ്ധ്യമാവു . മനുഷ്യമനസ്സിന്റെ പരിമിതികളെ കൃത്യമായും മനസ്സിലാക്കിയ ഒരു ശാസ്ത്രമാണ് തന്ത്ര . അതുകൊണ്ടുതന്നെ  മനുഷ്യനെ ആകാരത്തിൽ നിന്നും നിരാകാരത്തിലേക്ക് കൊണ്ടുപോവുകയാണ് തന്ത്ര ചെയ്യുന്നത്.

പ്രാഗ് വാമ കാലഘട്ടത്തിൽ മലകളേയും നദികളേയും ആരാധിച്ച മനുഷ്യൻ വാമ കാലത്ത് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളെ ആരാധിച്ചു . അവിടെ നിന്നും പ്രതി രൂപങ്ങളിലേക്കും പീഠങ്ങളിലേക്കും ഒടുവിൽ ദക്ഷിണാ ചാരത്തിലേക്കെത്തിപ്പോൾ ക്ഷേത്രങ്ങളിലേക്കും, സമയത്തിലും ദിവ്യത്തിലുമെത്തുമ്പോൾ അത് ആന്തരിക പൂജയിലേക്കും ധ്യാനത്തിലേക്കും വഴി മാറുന്നത് വ്യക്തമായി കാണാം . ഉപാസനയുടെ പ്രാഥമിക ഘട്ടത്തിൽ നിന്നും അതിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്കുള്ള തന്ത്രയുടെ ഈ വികാസ പരിണാമം ശ്രദ്ധിച്ചാൽ തന്ത്ര വിഗ്രഹാരാധനയിൽ മാത്രമൊതുങ്ങുന്നതല്ല എന്നു മനസ്സിലാവും. തന്ത്രയുടെ ആത്മീയ വികാസത്തെക്കുറിച്ച് ഇപ്പോൾ ഏകദേശം ധാരണ വന്നല്ലോ .

തുടരും...

തന്ത്ര - 9

തന്ത്ര - 9

സമയാചാരം

തന്ത്രയിലെ വികാസം പ്രാപിച്ച ഒരു മാർഗ്ഗം തന്നെയാണ് സമയാചാരം. കൗളം, പൂർവ്വം,  ഉത്തരം എന്ന രീതിയിൽ വികാസം പ്രാപിച്ചതുപോലെ തന്നെയാണ് ഇതിൽ നിന്നും - സമയാചാരവും വികസിക്കുന്നത് . മറ്റ് ആചാരങ്ങളൊക്കെ ബാഹ്യ പ്രതീകങ്ങളെ ഉപാധികളാക്കി ആചരണം നടത്തിയപ്പോൾ സമയാചാരികൾ യാതൊരു തരത്തിലുള്ള ക്രിയാ കലാപങ്ങളുടേയും ആവശ്യമില്ല എന്ന് വിശ്വസിച്ചു. പകരം ആന്തരിക സാധയിലൂടെ മോക്ഷം ലഭിക്കും എന്നതാണ് അവർ വിശ്വസിച്ചത്.

കൗളത്തിലെ പഞ്ചമകാരങ്ങൾ സമയത്തിൽ യൗഗികമായ മുദ്രകളായി മാറുന്നത് കാണാം, സൈദ്ധാന്തികമായി തന്ത്ര - ശാസ്ത്രത്തെ സമീപിച്ചവരാണ് സമയാചാരികൾ എന്നുവേണമെങ്കിൽ പറയാം ..

ദിവ്യാചാരം

ലഡാക്ക്, ചീനം എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട മഹാചീനം എന്ന സ്ഥലത്താണ് ദിവ്യാചാരം പ്രചുരപ്രചാരം നേടിയത്. ഈ ആചാരത്തിനെ സിദ്ധാചാരം എന്നു  വിളിച്ചിരുന്നു. സമയാചാരത്തിൽ നിന്നുമാണ് ദിവ്യാചാരം രൂപം കൊള്ളുന്നത്.

സിദ്ധൻ എന്ന വാക്കിനർത്ഥം  സിദ്ധി നേടിയവർ എന്നാണ്. എന്തിനുള്ള സിദ്ധിയാണ് അവർ നേടിയത് എന്നു പരിശോധിക്കുമ്പോൾ നമുക്കു കാണാം അവർ നേടിയ സിദ്ധി മറ്റ് സാധാരണക്കാരെ മോക്ഷത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള സിദ്ധിയാണെന്ന് - ദിവ്യാചാരത്തിൽ കാണുന്ന ബോധിസത്വന്മാരെയാണ് സിദ്ധർ എന്നു വിളിക്കുന്നത് എന്നൊരു പക്ഷമുണ്ട്.  സമയാചാരത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച് മോക്ഷം നേടി ആ മോക്ഷ പാതയിൽ നിന്നറങ്ങിവന്ന് സാധാരണക്കാരേയും ആ പാതയിലേക്ക് കൂട്ടികൊണ്ടു പോയവരെയാണ് ദിവ്യാ ചാരികൾ എന്ന് തന്ത്രം വിളിക്കുന്നത് .

സമയാചാരത്തെക്കുറിച്ച് വിശദമാക്കുമ്പോൾ ഒരു സംശയം മനസ്സിൽ ഉയരാം. നമ്മുടെ വേദാന്ത സമ്പ്രദായവും സമയാചാരവും ഒന്നല്ല എന്നതാണത്. പ്രഥമ ദൃഷ്ട്യാ ആ സംശയം ശരിയാണെന്നു തോന്നും. കാരണം  വേദാന്തം എന്നാൽ ആന്തരികമായ  ഒരു സാധനാ പദ്ധതിയാണ്.  സമയവും ഇതു പോലെ തന്നെ  അതു കൊണ്ടാണ് ഇവ രണ്ടും ഒന്നാണ് എന്ന ചിന്ത വരുന്നത്.

പക്ഷേ വൈജാത്യം പ്രകടമാവുന്നത് കുണ്ഡലിനി യോഗത്തിന്റെ കാര്യത്തിലാണ്. വേദാന്തം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നില്ല എന്നാൽ സമയാചാരം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നു.

ഈ പ്രധാന വൈജാത്യം നമ്മൾ കാണാതെ പോവരുത്.  വളരെയധികം രഹസ്യാത്മകവും നിഗൂഡവുമായ ഒരു വിജ്ഞാനമാണ് കുണ്ഡലിനി തത്വം, തന്ത്ര ശാസ്ത്രം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഈ തത്വത്തെക്കുറിച്ചാണ് .

കുണ്ഡത്തിൽ ലീനമായിരുന്ന ശക്തി അതാണ് കുണ്ഡലിനി. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവന്റെ ആദിമ തുടിപ്പിനെയാണ് കുണ്ഡലിനി എന്നു പറയുന്നത്. ജീവനെ അല്ലെങ്കിൽ പ്രാണനെ പ്രവർത്തിപ്പിക്കുന്ന അത്യന്തം നിഗൂഡമായ ഒരു ശക്തി എന്നതാണ് കുണ്ഡലിനി എന്നതുകൊണ്ട് തന്ത്ര വിവക്ഷിക്കുന്നത് .

നട്ടെല്ലിന്റെ ഏറ്റവും താഴെയായി മൂലാധാരം എന്ന ചക്രത്തിൽ മൂന്നരച്ചുറ്റായി ആത്മബോധമാവുന്ന, സ്വയം ഭൂവായ ശിവലിംഗത്തിന് ചുറ്റും കറങ്ങുന്ന സർപ്പാകൃതി പൂണ്ട ഒരു ശക്തി ചൈതന്യമാണ് കുണ്ഡലിനി എന്ന് അഭിപ്രായത്തെ തന്ത്ര ശരിവെക്കുന്നു . ,

കുണ്ഡലിനി എന്നത് അത്യന്തം ഗൂഢമായ ഒരു ശക്തി വിശേഷമാണ് . നേരത്തെ നട്ടെല്ലിന്റെ അടിയിലാണ് കുണ്ഡലിനി എന്ന് പറഞ്ഞുവല്ലോ . എന്നാൽ ഒരു ശസ്ത്രക്രിയ നടത്തി നോക്കിയാൽ അവിടെ ഈ ശക്തിയെ കാണാൻ സാധിക്കില്ല . അത് തികച്ചും യൗഗികമായ അവസ്ഥയാണ് , യോഗികൾക്ക് മാത്രം അനുഭവിക്കാനും മുകളിലേക്ക് കൊണ്ടുവരാനും പറ്റുന്ന ഒരനുഭൂതിയെയാണ് കുണ്ഡലിനി എന്നു പറയുന്നത് .

ഇനി ആറ് ആധാരചകങ്ങളെക്കുറിച്ച് ചിന്തിക്കാം  മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുടേയും ഏല്ലാ വിധ പ്രവർത്തനങ്ങളും ഈ ആധാര ചകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരികം, അനാഹതം, വിശുദ്ധി, ആജ്ഞാ,  സഹസ്രാരം, എന്നിവയാണ് ഈ ചകങ്ങൾ.  പ്രകൃതി പുരുഷനോട് യോജിക്കുക എന്ന തത്വമാണ് മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡിലിനി സഹസ്രാരത്തിലെത്തുമ്പോൾ സംഭവിക്കുന്നത് എന്നും തന്ത്ര പഠിപ്പിക്കുന്നു.

തുടരും...

തന്ത്ര - 8

തന്ത്ര - 8

3 മിശ്രാചാരം

എന്താണ് മിശ്രാചാരം എന്ന് നോക്കാം ഉത്തരകൗളരാണ് പിൽക്കാലത്ത് മിശ്രത്തിലേക്ക് വരുന്നത് . മനുഷ്യകുലത്തിനുണ്ടായ വികാസം അവന്റെ സമസ്ത മേഖലകളിലും വികാസമുണ്ടാക്കിയതുപോലെ ആത്മീയ മേഖലയിലും മാറ്റമുണ്ടാക്കി. അവന്റെ സാമൂഹികാവബോധത്തിൽ വന്ന മാറ്റം സ്വാഭാവികമായും ആത്മീയ മേഖലയിലും പ്രതിഫലിച്ചു. പ്രകൃതിയിൽ നിന്നും ലൈംഗികാവയവത്തിലേക്കും അവിടെ നിന്നും മൈഥുനത്തിലേക്കും എത്തി .

കൗളത്തിലെത്തുമ്പോൾ യന്ത്രങ്ങൾ പൂജാ ഉപാധികളായി. എന്നാൽ ഉത്തര കൗളരിൽ ഒരു വിഭാഗം അവിടെ നിന്നും മുന്നോട്ടുപോയി, പീഠത്തെ സ്ഥാപിച്ച് ആരാധിക്കാൻ തുടങ്ങി . അങ്ങനെ ഇവർ ക്രമേണ മിശ്രാചാരികൾ എന്നറിയിപ്പെടാൻ തുടങ്ങി .

4 ദക്ഷിണാചാരം

മിശാചാരത്തിൽ നിന്നുമാണ് ദക്ഷിണാചാരം ഉരുതിരിഞ്ഞു വന്നത്. മിശ്രാചാര കാലഘട്ടത്തിൽ ആരാധന സ്വകാര്യ സങ്കേതങ്ങളിലേക്കും പൂജാ പദ്ധതി പീഠത്തി ലേക്കും എത്തി. ഇവയാണ് പിൽക്കാലത്ത് കാവുകളായി പരിണമിച്ചത്. കാവുകൾ കുലത്തിന്റെ സ്വകാര്യ സ്വത്താണെങ്കിൽ അവിടെ നിന്നും വിശാല സമൂഹത്തെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്ന തരത്തിൽ ഈ സമ്പ്രദായം വികസിച്ചു. കൂടാതെ പീഠങ്ങളുടെ സ്ഥാനത്ത് വിഗ്രഹങ്ങൾ വരികയും വ്യക്തികൾ പൂജകന്മാരായിത്തീരുകയും ചെയ്തു.

ഇതോടൊന്നിച്ചുണ്ടായ മറ്റൊരു കാതലായ മാറ്റം മിശ്രാചാരകാലത്ത് ശക്തിപ്പെട്ടു തുടങ്ങിയ പൗരോഹിത്യ മേൽക്കോയ്മ ദക്ഷിണ കാലമാവുമ്പോഴേക്കും സാമൂഹ്യ ജീവിതത്തിൽ പിടിമുറുക്കുന്നത് കാണാൻ സാധിക്കും എന്നതാണ് .

തന്ത്രയുടെ വികാസ പരിണാമത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ശ്രീചകം , വാമത്തിൽ നിന്നും കൗളത്തിലേക്കും അവിടെ നിന്ന് ഉത്തര കൗളത്തിലേക്കും ദക്ഷിണത്തിലേക്കുമുള്ള പരിണാമം ശ്രീചകം നമുക്ക് കാട്ടിത്തരുന്നു .

ശ്രീചക്രത്തിന്റെ വികാസത്തിന് മൂന്നവസ്ഥകളുണ്ട്. നമുക്കതിനെ ഭൂപ്രസ്ത്രരം, കൂർമ്മ പ്രസ്തരം കൈലാസപ്രസ്തരം (മേരുപസ്തരം) എന്നുവിളിക്കാം.

ഇതിൽ ഭൂപ്രസ്തരമാണ് ആദ്യഘട്ടം. ഒരു പരന്ന പ്രതലത്തിൽ ശ്രീചക്രം വരക്കുകയും ആരാധിക്കുകയും ചെയ്യുകയായിരുന്നു ഭൂ പ്രസ്തരത്തിൽ -

എന്നാൽ രണ്ടാം ഘട്ടമായ കൂർമ്മ പ്രസ്തരത്തിൽ ശ്രീചക്രം കാണാൻ കുറച്ചു കൂടി ഉയർന്ന രൂപത്തിലേക്ക് മാറുന്നു .

മൂന്നാം ഘട്ടമായ കൈലാസ പ്രസ്തരത്തിൽ മേരു രൂപത്തിൽ  പൂർണ്ണ വളർച്ച നേടിയ ശ്രീചക്രത്തെയാണ് നമുക്ക് കാണാൻ സാധിക്കുക .

കൗളത്തിൽ നിന്നും ദക്ഷിണത്തിലേക്കുള്ള തന്ത്രയുടെ വികാസത്തിന്റെ ഉത്തമോദാഹരണമാണ് ശ്രീചക്രം.

കുലദേവത ആചാര രൂപം കൊള്ളുന്നത് കൗളത്തിൽ നിന്നാണ്. വാമകാലഘട്ടത്തിൽ മനുഷ്യന്റെ മുഖ്യ ഉപാധി കൃഷിയായിരുന്നു. കൃഷി വിളവ് നന്നാവുക എന്നതായിരുന്നു അവന്റെ പ്രധാന ആവശ്യം. കൃഷിയെ അനുഗ്രഹിക്കുന്ന അല്ലെങ്കിൽ ഉർവരതയെ അനുഗ്രഹിക്കുന്ന ദേവതകളെ അവർ ആരാധിക്കാൻ തുടങ്ങി. ഈ ഊർവ്വരതാ ദേവതകളിൽ നിന്നാണ് നാം ഇന്നു കാണുന്ന ഭഗവതി, ഗുളികൻ, കുട്ടിച്ചാത്തൻ, മുണ്ട്യൻ, ദണ്ഡൻ എന്നീ ദേവതകളൊക്കെ രൂപപ്പെട്ടത്.

അതുകൊണ്ടുതന്നെ ഇവരെ ഊർവ്വര ദേവതകളായി കണക്കാക്കാം .

തുടരും...

തന്ത്ര - 7

തന്ത്ര - 7

2 കൗളാചാരം

മനുഷ്യൻ ഭൗതികമായും ആത്മീയമായും വികസിക്കാൻ തുടങ്ങിയപ്പോൾ ഈ വികാസം അവന്റെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രതിഫലിച്ചു . ഒപ്പം അവന്റെ ആത്മീയ ജീവിതത്തിലും ഈ വികാസം പ്രതിഫലിക്കാൻ തുടങ്ങി . മനുഷ്യൻ കാർഷികവൃത്തി മുഖ്യ ജീവനോപാധിയായി തിരഞ്ഞെടുത്തതോടെയാണ്  ഗോത്രം രൂപം കൊണ്ടതും, ഗോത്രത്തിൽ നിന്നും കുലം പരിണമിച്ചതും.

കുലം രൂപം പ്രാപിച്ചതോടെയാണ് കൗളമാർഗ്ഗവും ഉണ്ടാകുന്നത്. മത്സ്യവും മാംസവും മൈഥുനവും ആരാധനാ സമ്പ്രദായങ്ങളാക്കിയ അവൻ  ഈ കാല ഘട്ടത്തിൽ മുദ്രയേയും ഈ ഗണത്തിൽപ്പെടുത്തി. കാർഷിക വൃത്തിയിലേക്ക് കടന്ന മനുഷ്യൻ അതിൽ നിന്നും കിട്ടിയ ധാന്യത്തേയും ആരാധനാ വസ്തുവായി കണക്കാക്കി. മുദ്ര എന്നതിന്റെ അർത്ഥം ധാന്യം അഥവാ വറ പൊടി എന്നാണ്. മുദ്ര എന്നാൽ പണം എന്നഒരർത്ഥത്തിലും നമുക്കെടുക്കാ വുന്നതാണ്. വാമ കാലഘട്ടത്തിൽ ധാന്യത്തെ പണമായി ഗണിച്ചിരുന്നതിനാൽ ഈ വാക്കിന് പണമെന്ന അർത്ഥം എടുക്കുന്നതിൽ തെറ്റില്ലല്ലോ. ഈ കാലഘട്ടത്തിലെ പണവുമായി മുദ്രക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മുദ്രയും മദ്യവുമാണ് പഞ്ചമകാരങ്ങളിൽ അവസാനമായി കൂട്ടിച്ചേർക്കപ്പെട്ടത്. മുദ്ര എന്നതിന്റെ അർത്ഥം ധാന്യമാണെന്ന് വിശദമാക്കിയല്ലോ .

ധാന്യത്തിൽ നിന്ന് മനുഷ്യൻ അതിന്റെ സത്ത് വേർതിരിച്ചെടുക്കാൻ   തുടങ്ങിയപ്പോൾ അവൻ അതിനെയും ഒരാരാധന വസ്തുവാക്കി മാറ്റി.  ഈ സത്തിനെയാണ് മദ്യം എന്നു പറയുന്നത്. യവത്തിന്റെ സത്താണ് ആദ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത്. മദ്യം എന്നതിനെ ധാന്യത്തിന്റെ സത്ത് എന്നർത്ഥം  മാത്രമേ കൽപ്പിക്കേണ്ടതുള്ളൂ.

പ്രാഗ് വാമ കാലഘട്ടത്തിലോ വാമ കാലഘട്ടത്തിലോ പുരുഷ  - പൗരോഹിത്യ മേധാവിത്തം നമുക്ക് കാണാൻ കഴിയില്ല .

പക്ഷേ കുലം രൂപം കൊള്ളുകയും കുലചാരമായി കൗളം കടന്നു വരികയും ചെയ്തപ്പോഴാണ് ഈ പൗരോഹിത്യ  കേന്ദ്രീകരണത്തിന്റെ ചെറിയ  തുടക്കവും നമുക്ക് കാണുവാൻ  സാധിക്കുന്നത്. പ്രാഗ്വാമ, വാമ കാലഘട്ടങ്ങളിൽ സ്ത്രീയായിരുന്നു  പുരോഹിത. അവളെ ശക്തിയുടെ  പ്രതീകമായിട്ടായിരുന്നു ആ കാലഘട്ടം കണ്ടിരുന്നത്  സ്ത്രീത്വത്തിന് പരമ പ്രാധാന്യവും സ്ത്രീക്ക് ദിവ്യത്വവും കൊടുത്തിരുന്ന സംസ്കാരമായിരുന്നു നമ്മുടേത്.

പ്രാഗ് വാമ കാലഘട്ടത്തിൽ ഗോത്രത്തിന്റെ ശക്തി എന്നത് ആ ഗോത്രത്തിന്റെ ആൾ ബലമായിരുന്നു.  ഈ ബലത്തെ പ്രദാനം ചെയ്യുന്ന സ്ത്രീയെ അതു കൊണ്ടുതന്നെ അവൻ ശക്തിയുടെ പ്രതീകമായി കണക്കാക്കി.

പ്രാഗ് വാമകാലഘട്ടത്തിൽ കൃത്യമായ ഉപാധികളില്ലാതെയായിരുന്നു മനുഷ്യൻ ആരാധന നടത്തിയിരുന്നതെങ്കിലും മലകളേയും നദികളേയും അവൻ ആരാധിച്ചിരുന്നു. എന്നാൽ വാമകാലഘട്ടത്തിലാവട്ടെ സ്ത്രീ പുരുഷ ലിംഗങ്ങളെ നേരിട്ട് ആരാധിക്കുന്ന ഒരു രീതി രൂപപ്പെട്ടു.  തുടർന്ന് കൗള മാർഗ്ഗത്തിന്റെ കാലഘട്ടമാവുമ്പോഴേക്കും വ്യത്യസ്തങ്ങളായ രണ്ട് ആരാധനാ സമ്പ്രദായങ്ങൾ രൂപപ്പെടാൻ തുടങ്ങി .

ഒരു വിഭാഗം വാമകാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ മുറുകെ പിടിച്ചപ്പോൾ രണ്ടാമത്തെ കൂട്ടർ സത്രീ പുരുഷ ലിംഗങ്ങളുടെ സ്ഥാനത്തെ അവ പ്രതീകങ്ങളെ ആരാധിച്ചാൽ മതി എന്ന് വാദിച്ചു. ഇതിൽ ആദ്യ വിഭാഗത്തിനെ പൂർവ കൗളർ എന്നും  രണ്ടാമത്തെ വിഭാഗത്തിനെ ഉത്തര കൗളർ എന്നുമാണ് അറിയപ്പെട്ടിരുന്നത് .

ഇതിൽ ഉത്തര കൗളരുടെ ആരാധനാ സമ്പ്രദായത്തിലാണ് യോനിയന്ത്രം,  നവയോനി യന്ത്രം തുടങ്ങിയ ജ്യാമിതിയ രൂപങ്ങൾ യോനിക്ക് പകരമായി ആരാധനാ വസ്തുക്കളായി രൂപം കൊള്ളാൻ തുടങ്ങിയത്. ഇതിൽ ശാക്തയം ഒരു പദ്ധതി മാത്രമാണ്. ശാക്തയം എന്നതിന്റെ  അർത്ഥം ശക്തി ഉപാസന് എന്നതാണ്.  ശക്തി എന്നാൽ സ്ത്രീ എന്നാണ്. അത് ശാക്തയത്തിൽ ഭഗവതി സങ്കൽപത്തിൽ ആരാധിക്കപ്പെടുന്നു എന്നു മാത്രം .

പ്രാഗ് വാമത്തിൽ സങ്കേതം എന്ന പദ്ധതി ഉണ്ടായിരുന്നില്ല മലകളേയും നദികളേയും ആരാധിച്ചു എന്നല്ലാതെ ഒരു സങ്കേതം ഉണ്ടായിരുന്നില്ല . വാമത്തിൽ പാടങ്ങളായിരുന്നു സങ്കേതം . എന്നാൽ കൗളത്തിലെത്തിയപ്പോഴാണ്  സങ്കേതം എന്നത് അതിന്റെ സാങ്കേതികാർത്ഥത്തിൽ വരുന്നത്. കൗളത്തിൽ ഗോത്രം കുലം എന്ന രൂപത്തിലേക്കെത്തിയപ്പോൾ ആരാധന സ്വകാര്യ ഇടങ്ങിലേക്ക് മാറുന്നതായി നമുക്ക് കാണാം .

ഇക്കാലത്ത് ഏറെ വിവാദമുയർത്തിയ ഒരു പ്രശ്നത്തെക്കുറിച്ച് നമുക്കിനി ചർച്ച ചെയ്യാം:

സർവ്വ ചരാചരങ്ങളും ഈശ്വര സൃഷ്ടിയായിരിക്കുമ്പോൾ അതിലൊന്നിനെ ബലി എന്ന പേരിൽ കൊല്ലുന്നത് മഹാ പാപമല്ലേ ?

ആധുനിക കാലഘട്ടത്തിൽ തന്ത്രക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്നാണിത്.

എന്താണ് ബലി ?

ബലി എന്ന് വാക്കിന്റെ അർത്ഥമെടുത്താൽ ബലപ്പെടുത്തുന്നത് എന്നാണ്. മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് അവന്റെ ശരീരത്തെ പോഷിപ്പിക്കാനാണല്ലോ.

താൻ എന്താണോ കഴിക്കുന്നത് അതു തന്നെ തന്റെ ദേവതക്കും  നൽകുക എന്നത് ലോകത്തിലെ മനുഷ്യർ എല്ലാ കാലത്തും ചെയുന്ന ഒരു കാര്യമാണ്. ഇങ്ങിനെ മാംസാഹാരിയായ മനുഷ്യൻ താൻ കഴിക്കുന്ന മാംസവും തന്റെ ഇഷ്ട ദേവതക്ക് നൽകാൻ തുടങ്ങി. പഞ്ചമകാരങ്ങളിൽ മത്സ്യവും മാംസവും കടന്നു വന്നത് ഈ വിധത്തിലാണ്.

മത്സ്യമാംസാദികൾ  കഴിക്കാത്തവർ അതവരുടെ ദേവതക്ക് നൽകുന്നതിനെ തന്ത്രതന്നെ എതിർക്കുന്നുണ്ട്. ഞാൻ കഴിക്കുന്നത് എന്റെ ദേവതക്കും പഥ്യമാണെന്ന സങ്കൽപം പോലെ ഞാൻ കഴിക്കാത്തത് എന്റെ ദേവതക്കും ആവശ്യമില്ല എന്ന സാമാന്യബോധം ഉണ്ടായാൽ ബലി എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം നമുക്ക് ലഭിക്കുന്നതാണ് .

തുടരും...

തന്ത്ര - 6

തന്ത്ര - 6

വിളയെ നമുക്ക് രതിയിൽ  നിന്നുണ്ടാവുന്ന സന്താനവുമായി താരതമ്യപ്പെടുത്താം.  പാടം എന്നാൽ യോനി സങ്കല്പമാവുകയും പാടം ഉഴുന്നതും വിത്തിറക്കുന്നതും രതിയായി കണക്കാക്കുകയും ചെയ്യാൻ തുടങ്ങി. മനുഷ്യന്റെ ആദ്യ സന്തത സഹചാരിയായ കാള രതിയുടെ പ്രതീകമായി  വരുന്നത് ഇവിടെയാണ്. കൃഷിയിടത്തിൽ കാളയേയും കലപ്പയേയും അവർ രതിയുടെ പ്രതീകങ്ങളായി കണക്കാക്കി. അവിടെ വിത്തിറക്കുന്നത് വേഴ്ചയുടെ പ്രതിരൂപമായി മാറുന്നതും ഇത്തരത്തിലാണ്. രതിയും കൃഷിയും അവനെ സബന്ധിച്ചിടത്തോളം പ്രത്യുത്പാദനത്തിന്റെ ഇഴപിരിയാത്ത കണ്ണിയായി മാറി. ഇങ്ങനെയാണ് പഞ്ചമകാരങ്ങളിൽ മൈഥുനം കടന്നു വരുന്നത് .

മെഥുനം യഥാർത്ഥതിൽ ആരാധന തന്നെയാണ്. വാമകാലഘട്ടത്തിൽ
ലൈംഗികാവയവങ്ങളെ നേരിട്ട് ആരാധിക്കുക എന്നതായിരുന്നു  രീതി. ലിംഗത്തിന് അണ്ഡവം രക്തവും കൽപ്പിച്ചപ്പോൾ ഇതേ സമ്പ്രദായം അവർ വാമ കാലഘട്ടത്തിൽ കൃഷിയിടങ്ങളിലും നടപ്പിലാക്കി. കൃഷിയുടെ പ്രധാന ഉദ്ദേശം നല്ല വിള ലഭിക്കുക എന്നതാണല്ലോ. നല്ല വിള ലഭിക്കാൻ വിതക്കുന്നിതിന് മുമ്പ് കൃഷിയിടത്തിൽ മൈഥുനം നടത്തണമെന്ന് ആ കാലഘട്ടത്തിലുള്ളവർ കരുതി. കൊയ്ത്തുത്സവങ്ങൾ എന്ന പ്രയോഗം ഭാരതത്തെ സംബന്ധിച്ചേടത്തോളം തെറ്റായ പ്രയോഗമാണ്. എന്തിനേയും പാശ്ചാത്യമായ രീതിയിൽ കാണുക എന്ന രീതിയിൽ നിന്നാണ് ഈ പ്രയോഗവും വന്നത് . ഭാരതത്തിൽ യഥാർത്ഥത്തിൽ നടന്നിരുന്നത് വിത ഉത്സവങ്ങളായിരുന്നു. കൊയ്ത കഴിഞ്ഞ് വിതക്കുന്നതിനുമുമ്പാണ് ഇത് അരങ്ങേറിയിരുന്നത് (കൊയ്ത്തു കഴിഞ്ഞു നടന്നത് കൊണ്ട് കൊയ്ത്തുത്സവം എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ്)

കേരളത്തിലെ വിഷു ആസാമിലെ ബിഹു എന്നിവ ഇതിന് ഉത്തമോദാഹരണങ്ങളാണ് . ഈ ഉത്സവങ്ങളുടെ മറ്റൊരു പ്രത്യേകത അവയിൽ പ്രാചീനമായവ ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ആദിവാസി വിഭാഗങ്ങളിൽ നടക്കുന്ന ഉത്സവങ്ങളിൽ ലൈംഗിക സൂചനയോടെയുള്ള നൃത്തച്ചുവടുകൾ നമുക്ക് കാണാൻ സാധിക്കും

തുടരും...