ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2018

എന്നെ എന്തിന് ഇങ്ങനെ വച്ച് നരകിപ്പിക്കുന്നു...?

എന്നെ എന്തിന് ഇങ്ങനെ വച്ച് നരകിപ്പിക്കുന്നു...?

"എന്റെ മുന്നിൽ വരുന്നതെല്ലാം ദൈവ നിശ്ചയമാണ്. പ്രാരാബ്ധ കർമങ്ങൾ എല്ലാം വേഗം തന്നെ അനുഭവിച്ചു തീർക്കാനായി ഭഗവാൻ തന്നെ എന്റെ എല്ലാ കർമ്മഫലങ്ങളും ഒന്നിച്ചു വേഗം തന്നെ തരുന്നു. എന്നെ  കൂടുതൽ ഇഷ്ടമുള്ളതുകൊണ്ടും ഞാൻ ജ്ഞാനത്തിനു യോഗ്യനായതുകൊണ്ടുമാണ് എനിക്ക് ഇമ്മാതിരി കഷ്ടപ്പാടുകൾ ഭഗവാൻ തരുന്നത്. ഇതു വഴി എന്റെ വൈരാഗ്യം ഉറക്കുകയും അജ്ഞാനവും അഹങ്കാരവും കൊണ്ട് ഞാൻ ആർജ്ജിച്ച പൂർവ കർമ്മഫലങ്ങൾ  വേഗം ഒടുങ്ങുകയും ജ്ഞാനത്തിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്യും. ഏറ്റവും പ്രിയപ്പെട്ട പാണ്ടവർക്കും കുന്തിയമ്മക്കും ഭഗവാൻ എത്രയോ ദുഃഖങ്ങൾ നല്കി. പ്രഹ്ലാദനും ധ്രുവനും എത്രോയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. മഹാബലിയുടെ സർവ്വവും നഷ്ടമായി. ഗോപസ്ത്രീകൾക്കും ഗോപന്മാർക്കും  പിന്നെ തന്റെ എല്ലാ സ്വന്തക്കാർക്കും  മുക്തിക്കു മുൻപ് ദുഖത്തിന്റെ പെരുമഴ തന്നെയാണ്  ഉണ്ടായിരുന്നത്. സംസാരം അനിത്യവും അസുഖവുമാണെന്ന് ഉറപ്പുവന്നവർക്ക് മാത്രമേ പൂര്ണ്ണമായും തന്നെ ആശ്രയിക്കാൻ പറ്റുകയുള്ളു എന്ന് ഭാഗവാനറിയാം.

ഭഗവദ് ഗീതയിലെ ശാസ്ത്രം

ഭഗവദ് ഗീതയിലെ ശാസ്ത്രം

ശ്രീമദ് ഭഗവദ് ഗീതയെക്കുറിച്ച് ശാസ്ത്രീയമായി അറിയുവാന്‍ ആഗ്രഹം ഉള്ളവരും, ആത്മ സാക്ഷാത്കാരം ജീവിത ലക്ഷ്യമായി കരുതുന്നവരും താഴെ പറയുന്ന കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും, എവിടെയെല്ലാം ആണെന്നും ശ്രദ്ധിച്ചു വായിച്ചു മനനം ചെയ്ത് ഉറപ്പിക്കുക. ഇത് ഏറ്റവും എളുപ്പമാണ്, കാരണം ഇവയെ തിരഞ്ഞു നിങ്ങള്‍ എങ്ങും പോകേണ്ടതില്ല സ്വയം അനുഭവിച്ചറിയാന്‍ പാകത്തില്‍ നമ്മിലും; നമുക്ക് ചുറ്റുമായി ഇവര്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ അവിശ്വസിക്കേണ്ടതായി ഇവിടെ ഒന്നും തന്നെയില്ല എന്ന് തീര്‍ത്തു പറയാം, കാരണം ശ്രീമദ് ഭഗവദ് ഗീത ശാസ്ത്രമാണ്, എക്കാലവും ഒരുപോലെ അത്യാധുനികവും ചിരപുരാതനവും ആയി നില കൊള്ളുന്ന പ്രപഞ്ച രഹസ്യം ആണ് ശ്രീമദ് ഭഗവദ് ഗീത.

കുരുക്ഷേത്രം - ശരീരം
ഇന്ദ്രപ്രസ്ഥം - സത്വഗുണ സ്വരൂപിയായ മനസ്സ്
ശ്രീ കൃഷ്ണന്‍ - ആത്മാവ് അഥവാ ഈശ്വരന്‍.
അര്‍ജ്ജുനന്‍ - സദ്‌ബുദ്ധി
തേര് - ശ്രദ്ധ
കുതിരകള്‍ - ഇന്ദ്രിയങ്ങള്‍ / വാസനകള്‍
പാണ്ഡവര്‍ - സത്ചിന്തകള്‍ അഥവാ സത്ഗുണങ്ങള്‍
പാഞ്ചാലി - ആത്മവിദ്യ, ആത്മ സുഖം
പാണ്ഡു - കാമം (രജോഗുണം)
കുന്തി - പ്രകൃതി
വിദുരര്‍ - സാത്വിക ഗുണം (സത്വഗുണം)
യുധിഷ്ടിരന്‍ - ധര്‍മ്മം
ഭീമന്‍ - പ്രാണശക്തി
നകുലന്‍ - കുലീനത
സഹദേവന്‍ - ക്ഷമ, സഹനശക്തി
ധൃഷ്ടദ്യുമ്നന്‍ - ധൈര്യം
ഹസ്തിനപുരം - തമോഗുണ സ്വരൂപിയായ മനസ്സ്
ധൃതരാഷ്ടര്‍ - അജ്ഞാനം (തമോഗുണം)
ഗാന്ധാരി - സ്വജന സ്നേഹം
കൌരവര്‍ - അസത് ചിന്തകള്‍ അഥവാ ദുര്‍ഗ്ഗുണങ്ങള്‍ - To be killed by Bheema
ശകുനി - അസൂയ - To be Killed by Sahadeva
ഭീഷ്മര്‍ - ഭയം - To be Killed by Arjuna
ദ്രോണര്‍ - മരണം - To be Killed by Dhrishtadhyumna
കര്‍ണ്ണന്‍ - അഹങ്കാരം - To be Killed by Arjuna
ദുര്യോധനന്‍ - സ്വാര്‍ത്ഥത - To be Killed by Bheema
ദുശ്ശാസനന്‍ - ദുശ്ശീലം - To be Killed by Bheema
ജയദ്രഥന്‍ - ദുര്‍മ്മോഹം - To be Killed by Arjuna
സ്വര്‍ഗ്ഗം - ഭൌതിക സുഖം
നരകം - ഭൌതിക ദുഃഖം

ഞാൻ എന്ന തിരിച്ചറിവ്

ഞാൻ എന്ന തിരിച്ചറിവ്

ഞാൻ നിത്യ ശുദ്ധ ആത്മാ.  ആനന്ദമാണെൻ്റെ ശരിക്കുള്ള സ്വരൂപം. ജഗത്തായി കാണുന്നത് മനസ്സിന്റെ സൃഷ്ടി. ഞാൻ എന്ന വ്യക്തി ബോധമായി കാണുന്നത് കിണറിൽ പ്രതിഫലിക്കുന്ന സൂര്യനെപോലെ  പൂർണ്ണ സത്യമല്ല. ശരിയായ ഞാൻ എല്ലാത്തിനെയും താങ്ങി നില്ക്കുന്ന പ്രകാശം മാത്രം.  മനസ്സ്  മേഘം, ഞാൻ സൂര്യൻ. ബാഹ്യ സൂര്യനും പോലും, ഈ  ബ്രഹ്മാണ്ഡം മുഴുവനും ഞാൻ എന്ന പ്രകാശത്തിലാണ് നിലനില്ക്കുന്നത്.  സൂര്യനെ ആകാശം താങ്ങി നിറുത്തുന്നു. ബാഹ്യാകാശത്തെ എന്റെ ചിത്തം താങ്ങി നിറുത്തുന്നു. ചിത്തം എന്നത് ചിദാകാശത്തിലെ ലീല. ചിദാകാശത്തിലെ ശുദ്ധ പ്രകാശമാണ് എന്റെ സ്വരൂപം.  അങ്ങിനെയുള്ള ഞാൻ നിരഞ്ചനനാണ് നിർവികല്പനാണ് ശാന്തചിത്തനാണ് നിരാശ്രയനാണ് ജ്ഞാനസ്വരൂപനാണ് സർവജ്ഞനാണ് ശുധബോധമാണ് നിർമല പ്രകാശമാണ്. ഞാൻ എന്ന ശുദ്ധ  പ്രകാശം മാത്രമാണ് സത്യം , നിത്യം. മറ്റെല്ലാം പ്രകാശ സമുദ്രത്തിൽ അലയടിക്കുന്ന പ്രതീതികൾ. ഞാൻ എല്ലാത്തിനെയും ലീലയായി മാത്രം അറിയുന്നു. സ്വപ്നത്‌ല്യം. ഗന്ധർവ നഗരം പോലെയുള്ള ഈ ലോകത്തി ൽ  എന്ത് തന്നെ ഉണ്ടായാലും എനിക്ക് അത്ഭുതമില്ല അകാംക്ഷയില്ല. എല്ലാം കുറച്ചുനേരം നിലനിന്നിട്ടു മറഞ്ഞു പോകും. പക്ഷെ ഞാൻ എന്ന പ്രകാശം മാത്രം നിത്യം, സുഖ ദുഃഖങ്ങൾ സ്വപ്നം പോലെ ഞാൻ അനുഭവിച്ചു തളളും. എനിക്കിവിടെ ഈ സ്വപ്നതുല്യമായ ജീവിതത്തിൽ ഒന്നും ഇനി  പുതിയതായി ചെയ്യാനില്ല. യാദൃശ്ചികമായി വന്നു ചേരുന്നത് കണ്ടു ഞാൻ രസിക്കും. ആഗ്രഹിക്കാനോ ത്യജിക്കാനോ വാസ്തവത്തിൽ യാതൊന്നുമില്ല. ബാഹ്യമായ വസ്തുക്കളെല്ലാം വെറും ധാരണകളും സങ്കല്പ്പങ്ങളും മാത്രമാണ്. ബാഹ്യമായ യാതൊന്നും സ്വന്തമാക്കാൻ യോഗ്യതയുള്ളതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ തന്നെ യാതൊന്നും ഉപേക്ഷിക്കാനും ഇല്ല എന്നും ഞാൻ തിരിച്ചറിഞ്ഞു.

വേദാന്തം ശാസ്ത്രീയമോ?

വേദാന്തം ശാസ്ത്രീയമോ?

ആധുനികകാലഘട്ടത്തിലെ സയന്‍സ്‌വാദികളും യുക്തിവാദികളും ചില ജിജ്ഞാസുക്കളും ചോദിക്കുന്ന ചോദ്യമാണ് വേദാന്തം ശാസ്ത്രീയമോ എന്നത്. ഈ ചോദ്യം യുക്തിവാദികള്‍ പലപ്പോഴും അവരുടെ പൊതുചര്‍ച്ചാവിഷയമാക്കാറുമുണ്ട്. ഈ ചോദ്യത്തിന് ഉത്തരം ആലോചിക്കുന്നതിനു മുന്‍പായി ചോദ്യത്തിന്റെ സാംഗത്യത്തെക്കുറിച്ച് ചിന്തിക്കുന്നത് യുക്തമായിരിക്കും...

എന്താണ് വേദാന്തം?

വേദാന്തമെന്നാല്‍ വേദത്തിന്റെ അന്തം അഥവാ നിര്‍ണ്ണയം എന്നാണ് അര്‍ത്ഥം. വേദം എന്നതിന് 'അനധിഗതാബാധിതാര്‍ത്ഥബോധക: ശബ്ദോ വേദ:' എന്നാണു നിരുക്തകാരന്മാര്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. അതായത് പ്രത്യക്ഷാദി പ്രമാണങ്ങളാല്‍ അറിയപ്പെടാത്തതും നിഷേധിക്കുവാന്‍ കഴിയാത്തതുമായ അര്‍ത്ഥത്തെ തത്ത്വത്തെ ബോധിപ്പിക്കുന്ന ശബ്ദമാണ് വേദം. വേദത്തിന്റെ ഷഡ്വധിലിംഗങ്ങളെക്കൊണ്ട് നിര്‍ണ്ണയിച്ചിട്ടുള്ള തത്ത്വമാണ് വേദാന്തം. ആ തത്ത്വം നിത്യശുദ്ധബുദ്ധമുക്തവും നിരതിശയവുമായ അദ്വൈതമാകുന്നു. തപോധനന്മാരായ മഹാത്മാക്കള്‍ ഇന്ദ്രിയാതീതമായ അനുഭവത്തെ തലനാരിഴകീറി ചര്‍ച്ചചെയ്ത് നിര്‍ണ്ണയിച്ചിട്ടുള്ള സിദ്ധാന്തമാണ് അ ദ്വൈതം.
യുക്തിയും അനുഭവവും കൊണ്ടാണ് അ ദ്വൈതം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. അനുഭവാന്തമായതിനാല്‍ ആ നിര്‍ണ്ണയം മാറപ്പെടുന്നില്ല. പൊതുവേ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് 'ശാസ്ത്രീയം' എന്നത്. ഇംഗ്ലീഷിലെ 'scientific' എന്ന പദത്തിന് തത്തുല്ല്യമായാണ് ഇന്ന് നാം ആ പദം ഉപയോഗിച്ചുവരുന്നത്.
ശാസ്ത്രീയം എന്നതിന് സാമാന്യമായി ശാസ്ത്രസംബന്ധമായത് എന്നാണു അര്‍ത്ഥം. ശാസ്ത്രം എന്നാല്‍ 'ശിഷ്യതേ അനേന' എന്ന അര്‍ത്ഥത്തില്‍ യാതൊന്നുകൊണ്ടാണോ ശിക്ഷണം ചെയ്യുന്നത് എന്നും 'ശാസ് അനുശിഷ്ടൌ' എന്ന ധാത്വര്‍ത്ഥപ്രകാരം അനുശാസിക്കുന്നത് എന്നും അര്‍ത്ഥം പറയാം.
ശില്പശാസ്ത്രം, ജ്യോതിശാസ്ത്രം, കാമശാസ്ത്രം, മീമാംസാശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളെയും കുറിക്കുന്നതിനാണ് ശാസ്ത്രം എന്ന പദം ഭാരതത്തില്‍ ഉപയോഗിച്ചിരുന്നത്. അറിയപ്പെടേണ്ട വിഷയത്തെ യാതൊന്നുകൊണ്ടാണോ അനുശാസിക്കുന്നത് അത് ശാസ്ത്രമാകുന്നു. നിദേശമെന്നും ഗ്രന്ഥമെന്നും അമരകോശം ശാസ്ത്രത്തിനു അര്‍ത്ഥം പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അറിയപ്പെടേണ്ടതായ സത്യത്തെ നിര്‍ണ്ണയിക്കുന്നതിനു വേദാംഗങ്ങളും ഷഡ്വധിലിംഗങ്ങളും ഉപയോഗിക്കുന്നതിനാല്‍ വേദനിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗം ശാസ്ത്രീയമാണെന്ന് വ്യക്തമാണല്ലോ. ശാസ്ത്രം എന്ന പദത്തിന്റെ വ്യുത്പത്തികൊണ്ട് തന്നെ വേദാന്തം ശാസ്ത്രീയമോ എന്ന ചോദ്യത്തിന്റെ സാംഗത്യമില്ലായ്മ വെളിവാകുന്നു.

ഇനി 'scientific' എന്ന പദം നോക്കാം. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഈ വാക്കിനു 'Based on or characterized by the methods and principles of science' എന്ന് അര്‍ത്ഥം പറയുന്നു. ലോകത്ത് അനേകം വിജ്ഞാനധാരകളുണ്ട്. അതില്‍ ഒന്നുമാത്രമാണ് സയന്‍സ്. ആ സയന്‍സിന്റെ വഴിയും ഭാഷയും രീതികളും വളരെ വ്യത്യസ്തമാണ്.
സയന്‍സിന്റെ, അതിനു മാത്രമായ ആ വഴിയില്‍ സഞ്ചരിച്ച്, ആ രീതികള്‍ അവലംബിച്ച്, ആ ഭാഷയില്‍ സംവദിക്കുന്ന ഒരു വിജ്ഞാനപദ്ധതിയെ 'scientific' എന്നു വിളിക്കാം. വേദാന്തം 'scientific' ആണോ എന്ന ചോദ്യത്തിനുമുന്‍പ് അത് 'scientific' ആകേണ്ടതുണ്ടോ എന്നത് ചിന്തിച്ചുനോക്കാം. സയന്‍സില്‍ നിന്നും ഭിന്നമായി അറിയപ്പെടുന്ന വിജ്ഞാനശാഖയാണ് വേദാന്തശാസ്ത്രം. 
ആ ശാസ്ത്രം സയന്‍സിന്റെ വഴിയില്‍ സഞ്ചരിച്ച് ആ ഭാഷയില്‍ സംവദിച്ചാലേ അതിനെ ഞങ്ങള്‍ അംഗീകരിക്കൂ എന്ന് പറയുന്നത് മലയാളത്തില്‍ സംസാരിക്കുന്ന ഒരാള്‍ ഇംഗ്ലീഷില്‍ സംസാരിച്ചെങ്കില്‍ മാത്രമേ അയാള്‍ക്ക് സംസാരശേഷി ഉണ്ടെന്നു ഞങ്ങള്‍ സമ്മതിക്കുകയുള്ളൂ എന്ന് പറയുന്നതുപോലെ ഒരു ഛലവാദം മാത്രമാണ്. വേദാന്തശാസ്ത്രത്തിനു അതിന്റേതായ ഭാഷയും വഴിയും ലക്ഷ്യവുമുണ്ട്.

മനുഷ്യജന്മം

മനുഷ്യജന്മം

ലോകത്തിലെ മറ്റു കോടി കണക്കിന് ജന്തുക്കളെ അപേക്ഷിച്ചാലും എന്റെ ദുഃഖങ്ങൾ ചെറുതാണ്. എത്രയോ പേര് ഇപ്പോൾ ജീവിതം വ്യർത്ഥമായി കഴിച്ചിട്ട് അന്ത്യ ശ്വാസത്തിനായി പിടയുന്നു, എത്രയോ ജന്തുക്കളും മനുഷ്യരും  ഒരു തുള്ളി വെള്ളത്തിനും, ഭക്ഷണത്തിനുമായി കേഴുന്നു, ക്രൂരന്മാരുടെ അടിമകളായി നരകിക്കുന്നു ? എത്രയോ കുട്ടികളും വൃദ്ധരും പരിപാലിക്കേണ്ടവരാൽ തന്നെ നിഷ്കരുണം  ഉപേക്ഷിക്കപ്പെടുന്നു? അവയൊക്കെ വെച്ച് നോക്കുമ്പോൾ എന്റെ അവസ്ഥ എത്രയോ ഭേദം. എത്രയോ ക്രൂരതകൾ ഇപ്പോൾ ഈ സമയത്ത് ലോകത്തിൽ പലയിടത്തും നടക്കുന്നു. മറ്റുള്ളവരോട് അസൂയയും കുശുമ്പും വൈരാഗ്യവും ഒക്കെ തോന്നുമ്പോൾ ഓർക്കുക. ഈ മനുഷ്യ ജന്മം എത്രയോ ദുർലഭവും ചഞ്ചലവും ചപലവും ദുര്‍ബ്ബലവും എപ്പോൾ വേണമെങ്കിലും പോകുന്നതുമാണ്.

അത്യനുഗ്രഹമായ മനുഷ്യജന്മം കിട്ടുന്നത് വളരെ ദുർലഭം. അധ്യാത്മ വഴിയിൽ ശ്രദ്ധ ഉണ്ടാകുന്നത് അതിലും കഠിനം ദുർലഭം.  ഗുരു ലാഭവും സാധനകൾ ചെയ്യാനുള്ള ആരോഗ്യവും സാവകാശങ്ങളും കിട്ടുന്നത് കോടികളിൽ ഒരാൾക്ക്‌ മാത്രം. അതുകൊണ്ട് ഇനിയുള്ള ജീവിതം ശാസ്ത്ര വിചാരവും സത്സംഗവും ആനന്ദവുമായി കഴിയണം.  അതിനിടയിൽ വരുന്ന വ്യഥകൾ ഞാൻ തിതിക്ഷയോടെ സഹനത്തോടെ ക്ഷമയോടെ സഹിച്ചു തീർക്കും.

ശിവപദ മഹാത്മ്യം

ശിവപദ മഹാത്മ്യം

"സ്വയം ഭുവം, സദാശിവം, അവിനാശം, " എന്ന ത്രിഗുണങ്ങൾ ശിവന്റെ സത്വമാണ്, ശൈശവം എന്തെന്ന് അറിയാൻ  അമ്പാടിയിലേക്ക് ഗോപാലകൃഷണനെ കാണുവാൻ ശ്രീ പരമേശ്വരൻ ചെന്നാതായി ഗർഗ്ഗഭഗവതത്തിൽ ഉണ്ട്. കാലാതിവർത്തിയും, യോഗധ്യാനമൗനങ്ങളുടെ വൈരാഗ്യവും, മൗനജ്ഞനവും ഘനീഭവിച്ച്, സാന്ദ്രമായരൂപമാണ് ദക്ഷിണാമൂർത്തി സ്വരൂപം. മുനിയും, യോഗിയും, സമാധിസ്ഥനും ആയ ദേവൻ തമോരൂപനാണെന്ന്  പറയപ്പെടുന്നു. എന്നാൽ പഞ്ചമുഖങ്ങളിൽ ഒന്നായ സദ്യോജാതത്തിൽ നിന്ന് സപ്തസ്വരങ്ങളിലൂടെ സംഗീതം നിർഗ്ഗളിച്ചുവെന്ന് ത്യാഗോശരുടെ പ്രശസ്ത കീർത്തമായ "നാദതനും അനിശം ശങ്കരം" അടിവരവരയിട്ടു  പ്രകീർത്തിക്കുന്നു. അക്ഷരങ്ങൾ , ചില്ലക്ഷരങ്ങൾ, വിസർഗ്ഗങ്ങൾ, വിരാമങ്ങൾ എന്നിവ വാചാലമായും നിർഗ്ഗളിച്ചുവെന്ന് ഭാഷാശാസ്ത്രം ഘോഷിക്കുന്നു.   

യോഗശാസ്ത്രം പതഞ്ജലിക്കും,  താണ്ഡവം, തണ്ഡുവിനും ദ്രാവിഡഭാഷയായ തമിഴ് മൊഴി  പുത്രനായ ശ്രീമുരുകനും, അഗസ്ത്യർക്കും  ശിവദത്തം തന്നെയാണ്.   വൈദ്യശാസ്ത്രമായ സിദ്ധവൈദ്യം , അർക്കവൈദ്യം, വിഷവൈദ്യം എന്നിവയുടെയും ഉപജ്ഞാതവായി മഹാദേവൻ വാഴ്ത്തപ്പെടുന്നു. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളും, പ്രതീകത്മരീതിയിൽ നൃത്തം ചെയ്തു പരിപാലിക്കുന്ന നടരാജ സ്വരൂപം വിശ്വപ്രസ്വിദ്ധമാണ്.

ബോധിവൃക്ഷചുവട്ടിൽ , സനകൻ, സനാതനൻ, സനന്ദനൻ, സനൽകുമാരൻ, എന്നിവർക്ക് ദക്ഷിണാമൂർത്തിരൂപത്തിൽ ദേവൻ ജ്ഞാന ബോധം ചെയ്യുന്നു. ആദിയും അന്തവും തേടിപ്പോയ ബ്രഹ്മ-വിഷ്ണുമാർക്ക് അപ്രാപ്യമായിരുന്നതാണ് ശിവവരൂപം.  പഞ്ചഭൂത രൂപനായും ദ്വാദശാ ലിംഗരൂപനായും, ദേവൻ വിരാചിക്കുന്നു. അഗ്നി, ചന്ദ്രൻ, സൂര്യൻ, എന്നീ ത്രിലോചനങ്ങളും, സമാധിരൂപത്തിലും പ്രപഞ്ചത്തെ പരിപാലിക്കുന്നു. പ്രദോഷത്തെകാത്തുള്ള അന്തികാളരൂപത്തിലുള്ള ആനന്ദനൃത്തം കണ്ട് ആസ്വദിയ്കുവാൻ  എല്ല ദേവഗണങ്ങളും എത്താറുണ്ട്,

കാലപാശം, വരുണപാശം എന്നി മൃത്യുബന്ധനങ്ങളിൽ നിന്നും ദേവൻ ത്രാണനം ചെയ്യുന്നതിനാൽ മഹാമൃത്യുഞ്ജയനാകുന്നു, ഡക്കാ, ഡമരു, മൃദംഗം, ഉടുക്ക്, എന്നീ തുകൽ വാദ്യങ്ങളിൽ പ്രഗത്ഭരാണ് ശിവനും അനുചരന്മാരും. ആനത്തുകൽ വസ്ത്രമായണിഞ്ഞിരിക്കുന്നതിനാൽ കൃത്തിവാസനും, പുലിതോൽ ധരിച്ചിരിക്കുന്നതിനാൽ സന്തുഷ്ടനുമാണ് ശങ്കരൻ. മൃഗചർമ്മം അംബരമായും , കപാലം, രുദ്രാക്ഷം, വാസുകി എന്നിവ ആഭരണങ്ങളായും, ശ്മശാനഭസ്മം മേലാകെ പൂശിയും, പ്രാകൃതമായ ദരിദ്രരൂപം ബാഹ്യത്തിൽ പ്രകടിപ്പിക്കുമ്പോഴും  സ്വർണ്ണാകർഷണ ഭൈരവനായി സാക്ഷാൽ ലക്ഷ്മീകുബേരന്മാർക്കും ശിവൻ സ്വർണ്ണാദി നവനിദികൾ ചൊരിയുന്നു.

നാഗങ്ങളെ മേലാകെ ആഭരണങ്ങളാക്കിയ നാഗഭൂഷണനാണ് തൃനാഗേശ്വരൻ.  വ്യോമകേശനായി ചെഞ്ചെടിയിൽ സാക്ഷാൽ ആകാശഗംഗയുടെ ഹുങ്കുപോലും അടക്കിയ ധുർജ്ജടിയുമാണ് ദേവൻ.  ഹാലാഹലം പാനം ചെയ്ത് മാനവ, ദാനവ, വാനവവരുടെയും ആപത്തിന്റെ കോലാഹലങ്ങൾ മാറ്റിയ ദേവനാണ് നീലകണ്ഠ്ൻ.  വൃദ്ധിക്ഷയങ്ങളാൽ ഉഴറി ദക്ഷശാപമേറ്റ ചന്ദ്രദേവനെ സ്വന്തം ശിരസ്സിലണിഞ്ഞ് ഭഗവാൻ ചന്ദ്രശേഖരനായിത്തിർന്നു.  "സ്വന്തം ദേഹത്തിന്റെ നല്ല പാതി ശക്തിപ്രതീകമായ സ്ത്രീ വർഗ്ഗത്തിനും മറുപാതി നാരയണനും നൽകി രുദ്രൻ അർദ്ധനാരീശ്വരനും ശങ്കരനാരയണനുമായി. ലിംഗരൂപത്തിൽ  സൃഷ്ടി പ്രതീകമായി അരൂപിയായ ലിംഗേശ്വരൻ, പഞ്ചരൂപങ്ങളായ അപ്, വായു, അഗ്നി, പൃഥ്വി, ആകാശ രൂപങ്ങളിലും വിളങ്ങുന്നു.  സുമേരു പർവ്വതത്തെ വില്ലാക്കി, വാസുകിയെ ഞാണാക്കി, ബ്രഹ്മാവിനെ സാരഥിയാക്കിയ മഹാരഥിയാണ് ത്രിപുരാന്തക ദേവൻ. ധനഞ്ജയന്റെ ധനുർഗർവ്വഭംഗം  കീരാതരൂപത്തിൽ നടത്തിയ കിരാതമൂർത്തിയുമാണ് ശർവ്വൻ. മുരുക പ്രവചനം അന്വർത്ഥമാക്കി ഭിക്ഷാടനേശ്വനായി സാക്ഷാൽ അന്നപ്തിയായ ശിവന് അലയേണ്ടിവന്നു. " ജ്യോതിഷശാസ്ത്രം പകുതി സത്യവും പകുതി മിഥ്യയും ആയിതീരട്ടെ"  എന്ന ശിവശാപവും തുടർന്നുണ്ടായി.  രുദ്രാക്ഷത്തിലൊളിഞ്ഞ്  ദേവൻ ശനി ബാധയേയും  അതിശയിച്ച കഥ വിസ്മയാവാഹമാണ് .  

സ്മരന്റെ സുമസായകമേറ്റ് ക്രുദ്ധനായ ഹരൻ ,  സ്മരനെ തൃക്കണ്ണാൽ  ദഹിപ്പിച്ച്  അനംഗനാക്കി. ഇതുമൂലം പാർവ്വതീ സമാഗമവും സുബ്രമണ്യ ജനനവും ഹേതുവുമായി. ഇതേ ഹരൻ മോഹനീ രൂപത്തിൽ  സംഗമം ചെയ്ത് ഭഗവാൻ ഹരിഹര പുത്രനും ഭൂജാതനായി. അംശാവതാരമായി അഞ്ജ്നേയ ജന്മമെടുത്ത് രുദ്രഭഗവാൻ  പുരാണസ്മരണീയനുമായി.  ഹനുമാന്റെ  അപദാനങ്ങൾ വിശ്വസാഹിത്യത്തിലെ നിത്യസ്തുതമായ പൊന്നേടുകളാണ്....

ഉഗ്രസ്വരൂപവും ശാന്തസ്വരൂപവും

ഉഗ്രസ്വരൂപവും ശാന്തസ്വരൂപവും

പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി, വൈദ്യതി, കാറ്റ് തുടങ്ങി പ്രകൃതിയിലെ ഏത് പ്രതിഭാസത്തെ എടുത്താലും ഈ നിഗ്രഹാനുഗ്രഹ ശക്തികൾ കാണാൻ സാധിക്കും. അങ്ങനെയിരിക്കേ മൂലപ്രകൃതിയായിരിക്കുന്ന പരാശക്തിയിലും ഈ നിഗ്രഹാനുഗ്രഹശക്തികൾ ഉണ്ടെന്ന് ധരിക്കണമല്ലോ. അനുഗ്രഹദായിനി ആകുമ്പോൾ ശാന്തരൂപിണിയും നിഗ്രഹഭാവത്തിൽ ദേവി ഉഗ്രരൂപിണിയും ആകുന്നു.

ശാന്തരൂപിണിയും ഉഗ്രരൂപിണിയുമാണ്. ഭക്തന്മാർക്ക് നേരെ ശാന്തരൂപിണിയും ദുഷ്ടന്മാർക്ക് നേരെ ഉഗ്രരൂപിണിയുമാണ്. പശുജനങ്ങൾക്ക് ഭയം ജനിപ്പിയ്ക്കുന്നത് കൊണ്ടാണ് പശുലോകഭയങ്കരി എന്ന് പറയപ്പെടുന്നത്. ഇവിടെ പശുഭാവത്തിലുള്ള മനുഷ്യരേയാണുദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വീരസാധകനെ സംബന്ധിച്ചിടത്തോളം ദേവി അഭയപ്രദായിനിയാണ്. ശാന്തസ്വരൂപിണിയുമാണ്. അതിനാൽ ദേവി വീരാരാധ്യയായി അറിയപ്പെടുന്നു. ജീവിതക്ലേശങ്ങളെ ധീരതയോടെ നേരിടുന്ന വീരസാധകനു മാത്രമേ ദേവീപദം പ്രാപിക്കുവാൻ സാധ്യമാവുകയുള്ളു. അവരെ സംബന്ധിച്ചിടത്തോളം ദേവി ത്രിപുരസുന്ദരിയാണ്.

വാത്സല്യത്തിടമ്പും കളിത്തോഴനുമൊക്കെയായി ഭക്തന്മാർക്ക് നേരെ സദാസമയവും കാരുണ്യം പൊഴിച്ച് മന്ദഹസിച്ചുകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ഉഗ്രരൂപവും പല സന്ദർഭങ്ങളിലായി കാണുന്നുണ്ടല്ലോ. ദുര്യോധനന്റെയും കംസന്റെയും ഒക്കെ നേർക്ക് ഭഗവാൻ ഉഗ്രരൂപിയായിട്ടാണല്ലോ പ്രത്യക്ഷപ്പെടുന്നത്. ഗീതോപദേശ സമയത്ത് ഭഗവാൻ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുത്തപ്പോൾ അർജ്ജുനൻ പേടിച്ച് വിറച്ചുപോയ സന്ദർഭവും ഉണ്ടായിട്ടുണ്ട്.

ചെന്ന കേശവ ക്ഷേത്രം

ചെന്ന കേശവ ക്ഷേത്രം

12മാതു നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം വിജയ നാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ യാഗചി നദീ തീരത്താണ് ഈ ക്ഷേത്രം നില കൊള്ളുന്നത്. ഹൊയ്സാല രാജവംശമാണ് ഈ ക്ഷേത്രം നിർമിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. ഹൊയ്സാല രാജ വംശത്തിലെ പേരുകേട്ട രാജാവായ വിഷ്ണു വർദ്ധനൻ ആണ് നിർമാണത്തിന് നേതൃത്വം നിർവഹിച്ചത്. ബേലൂർ എന്ന ഈ പ്രദേശം ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു ഒരു കാലത്ത്. ചെന്ന കേശവ എന്നാൽ സുന്ദരനായ വിഷ്ണു എന്നാണ് അർഥം. ചാലൂക്യന്മാരെ യുദ്ധത്തിൽ തോല്പിച്ചതിന്റെ ഓർമ്മക്കായാണ് വിഷ്ണു വർദ്ധൻ ഈ ക്ഷേത്രം നിർമിച്ചത് എന്നാണ് ഐതീഹ്യം. ഏതാണ്ട് 103 വർഷങ്ങൾ വേണ്ടി വന്നു ഈ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകാൻ.

ഹൊയ്സാല രാജവംശം പണികഴിപ്പിച്ച എല്ലാ ക്ഷേത്രങ്ങൾക്കും അടിസ്ഥാനമായി ഒരു പ്രത്യേകത ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ അടിത്തറ നക്ഷത്ര ആകൃതിയിൽ ആയിരിക്കും എന്നുള്ളതാണ് അത്. ഇവിടെയും അതേ നക്ഷത്ര ആകൃതിയിൽ തന്നെയാണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. ഈ ക്ഷേത്ര ഭൂമി ഏക കുട ക്ഷേത്രമാണ്. ഒരൊറ്റ വിമാനം മാത്രം ഉയർന്നു കാണുന്ന ക്ഷേത്രത്തെ ആണ് ഏക കുടം എന്നു പറയുന്നത്. Soap stone എന്ന കല്ലുപയോഗിച്ചാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പത്തു വർഷത്തിൽ ഒരിക്കൽ ക്ഷേത്രം ചില രാസ വസ്തുക്കൾ ഉപയോഗിച്ചു കഴുകി മെഴുകു പുരട്ടി മോഡി പിടിപ്പിക്കാറുണ്ട്.

ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിച്ചാൽ ആദ്യം കാണാൻ കഴിയുന്നത് കേഷത്ര സന്നിധിയെ അഭിമുകീകരിച്ചു നില കൊള്ളുന്ന ഗരുഡനെയാണ്. രാജ വംശത്തിന്റെ രക്ഷകനായിട്ടാണ് ഗരുഡനെ കണക്കാക്കിയിരുന്നത്.

ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനു വലതു വശത്തായാണ് പുഷ്കർണി (ക്ഷേത്ര കുളം) സ്ഥിതി ചെയുന്നത്. ക്ഷേത്ര ആചാരങ്ങൾക്ക് ആവിശ്യമായ വെള്ളം ഇതിൽ നിന്നുമായിരുന്നു എടുത്തിരുന്നത്. പൂജകൾ നിർവഹിക്കുന്നതിന് മുൻപ് കുളിച്ചു ദേഹശുദ്ധി വരുത്താനും ഈ ക്ഷേത്ര കുളം ഉപയോഗിച്ചിരുന്നു.

നക്ഷത്ര ആകൃതിയിലുള്ള തറയിലാണ് 42 മീറ്റർ ഉയരമുള്ള ഒറ്റ കല്ലിൽ തീർത്ത ഈ സ്തംഭം നില്കുന്നത്. യാതൊരുവിധ പിന്തുണയും കൂടാതെയാണ് ഈ തൂൺ ഇങ്ങനെ നില്കുന്നത് എന്നത് ആശ്ചര്യം ഉളവാക്കുന്നതാണ്.

മഹാഭാരതത്തിലെയും രാമായണത്തിലെയും നിരവധി കഥകൾ ശില്പ രൂപത്തിൽ കൊത്തി വെച്ചിട്ടുണ്ട് ഈ ക്ഷേത്രത്തിൽ. എല്ലാ ശിൽപ രൂപങ്ങൾക്കുമൊപ്പം പ്രത്യേകതയയോടെ ശ്രദ്ധിക്കപ്പെടുന്ന ചില ശിൽപ രൂപങ്ങൾ ഉണ്ട്. നർത്തകിമാരുടെ ശിൽപ രൂപങ്ങൾ തന്നെയാണ് അത്. ഇത്തരം അനേകം ശിൽപങ്ങളിൽ അതി മനോഹരമായ ഒരു ശിൽപമാണ് ദർപ്പണ സുന്ദരി എന്നറിയപ്പെടുന്ന ഈ ശിൽപം. ഗഗന ചാരിയാണ് ഇതിന്റെ ശിൽപി. ഇത്രയും മനോഹരമായ ശിൽപം ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിൽപിയുടെ കഴിവിനെ എത്ര പുകഴ്ത്തിയാലും മതി വരില്ല.

ക്ഷേത്രത്തിന്റെ അടിത്തറ ശിൽപ നിർമിതികളാൽ മനോഹരമാണ്. ഇതിൽ എന്നെ കൂടുതൽ അതിശയിപ്പിച്ചത് ഏറ്റവും താഴെയായി കാണുന്ന ഗജ വീരന്മാരുടെ ശിൽപ ങ്ങളാണ്. ആകെ 650 ഗജ വീരന്മാരുടെ ശിൽപങ്ങളാണ് കൊത്തി വെച്ചിരിക്കുന്നത്. ഈ 650 ആനകളും അതിന്റെ രൂപം കൊണ്ട് വ്യത്യസ്തമാണ്. സംശയമുണ്ടെങ്കിൽ ചിത്രത്തിൽ നിങ്ങൾക്കു സൂക്ഷിച്ചു നോക്കാവുന്നതാണ്. ആനകളുടെ ഈ നീണ്ട നിര രാജ വംശത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. അതിനു മുകളിലായി സിംഹങ്ങളുടെ ശിൽപമാണ്. ഇത് രാജ വംശത്തിന്റെ ധീരതയെ കാണിക്കുന്നു. അതിനും മുകളിലായി കുതിരകളുടെ നിരയാണ്. രാജവംശത്തിന്റെ വേഗതയെയാണ് ഇത് പ്രധിനിധീകരിക്കുന്നത്.

ക്ഷേത്ര ഭിത്തിയിൽ ആകമാനം പുരാണങ്ങളിലെ പല രംഗങ്ങളും ആവിഷ്കരിച്ചു വെച്ചിരിക്കുന്നത് കാണാൻ കഴിയും. കൂടാതെ പടയാളികൾ, നർത്തകിമാർ, സംഗീതജ്ഞർ എന്നിവയുടെയും ശിൽപങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും ഇതൊന്നും കാര്യമായ കേടു കൂടാതെ നിലനിൽക്കുന്നത് ആശ്ചര്യം തന്നെയാണ്.

ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നിടത്തു ഇരു ഭാഗങ്ങളിലുമായി കാണുന്നത് രാജ മുദ്രയാണ്. തപസു ചെയ്യുകയായിരുന്ന ഒരു യോഗിയെ കടുവയുടെ ആക്രമണത്തിൽ നിന്നും രാജ വംശത്തിലെ ഒരു പൂർവികൻ രക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഈ ധീര പ്രവർത്തിയാണ് രാജവംശത്തിനു ഹൊയ്സാല എന്ന പേര് വരൻ കാരണം. ഹൊയ്സാല എന്നാൽ Strike sala എന്നാണ് അർഥം.

മൊത്തം 42 കൽത്തൂണുകളാണ് ക്ഷത്രത്തിനകത്തുള്ളത്. ശിൽപ ചാതുര്യം കൊണ്ടും നിർമാണ വൈവിധ്യം കൊണ്ടും ഓരോ കൽത്തൂണും ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവുമാണ്.

ക്ഷേത്രത്തിനകത്തുള്ള എല്ലാ കൽത്തൂണുകളും തന്നെ കൊത്തു പണികളാൽ മനോഹരമാണ്. എല്ലാം ഒന്നിനൊന്നു മെച്ചം. പക്ഷെ ഇതിൽ നിന്നെല്ലാം നരസിംഹ തൂണിനു ചില പ്രത്യേകതകൾ ഉണ്ട്. ഒരു കാലത്തു കൈ കൊണ്ട് തിരിക്കുവാൻ സാധിക്കുന്നതായിരുന്നു ഇത്. ഇതിന്റെ നിർമാണത്തിൽ പങ്കാളികളായ ശിൽപികളുടെ പേര് വിവരങ്ങൾ ഇതിൽ ആലേഖനം ചെയ്തു വെച്ചിരിക്കുന്നത് കാണാവുന്നതാണ്. രസകരമായ മറ്റൊരു കാര്യം ഈ കൽത്തൂണിന്റെ ചെറിയ ഒരു ഭാഗം കൊത്തു പണികൾ ഒന്നും ചെയ്യാതെ ശൂന്യമായി ഇട്ടിരിക്കുന്നു എന്നതാണ്. ഇത് പോലെ ഇത്രയും സൂക്ഷ്മമായ കൊത്തുപണി ആർകെങ്കിലും ചെയാന് പറ്റുമെങ്കിൽ അവരെ വെല്ലുവിളിക്കാൻ വേണ്ടിയാണു ഇങ്ങനെ ചെയ്തിരിക്കുന്നത്.

ഒറ്റ കല്ലിൽ കടഞ്ഞെടുത്ത മോഹിനി ശിൽപത്തിന്റെ സൗന്ധര്യം വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. വിഷ്ണു ഭഗവാന്റെ അവതാരമായ മോഹിനി സൗന്ധര്യത്തിന്റെ മൂർത്തി ഭാവമാണ്. പദ്മിനി ശില്പ ശൈലിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ശിൽപ മുഖം നെറ്റി, മൂക്ക്, താടി എന്നീ മൂന്ന് സമ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിരസ്സിൽ അതി മനോഹരമായ കൊത്തു പണികളാൽ അലംകൃതമായ കിരീടവും കഴുത്തിൽ അതിമനോഹരമായ മാലകളും അണിഞ്ഞിരിക്കുന്നു. ഒറ്റക്കല്ലിൽ തീർത്ത ഈ ശിൽപം ഒരു അത്ഭുതം തന്നെയാണ്.

വിഷ്ണു വർദ്ധൻ രാജാവിന്റെ പ്രഥമ പത്നി ആയിരുന്നു ശാന്തളാ ദേവി. മികച്ച ഒരു നർത്തകി കൂടിയായിരുന്നു ഇവർ. ക്ഷേത്രത്തിൽ കാണുന്ന പല മാധനിക ശില്പങ്ങളും ഇവർക്കു വേണ്ടിയാണു പണികഴിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ 42 ശില്പങ്ങൾ ഇവിടെ കാണാൻ കഴിയും. ക്ഷേത്രത്തിനകത്തു നടു ഭാഗത്തായി വൃത്താകൃതിയിൽ ഒരു കൽ മണ്ഡപം ഉണ്ട്. ഒരു കാലത്തു ശാന്തളാ ദേവി ഇവിടെ നൃത്തം ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു.

വളരെ സൂക്ഷ്മവും മനോഹരവുമായ അനേകം കൊത്തു പണികളാൽ അലംകൃതമായ ഈ വിമാനം ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നിർമിതികളിൽ ഒന്നാണ്. ഇതിന്റെ കേന്ദ്ര ഭാഗത്തായി നരസിംഹ അവതാരത്തിന്റെ ശിൽപം കാണാവുന്നതാണ്.

രാവിലെ 7.30 മുതൽ വൈകുനേരം 7.30 വരെയാണ് ക്ഷേത്ര സമയം. രാവിലെ 10 മുതൽ 11 വരെ പൂജ ആവിശ്യങ്ങൾക്കു വേണ്ടി നടയടക്കുന്നതായിരിക്കും. എന്നാലും സന്ദർശകർക്ക് ഈ സമയത് ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്.

ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഉചിതം. താമസിക്കാനുള്ള സൗകര്യങ്ങൾ ബേലൂരിൽ പരിമിതമാണ്. കർണാടക സർക്കാരിന്റെ കീഴിലുള്ള ഒരു ഹോട്ടൽ ഇവിടെ ക്ഷേത്രത്തിനു അടുത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ താമസ സൗകര്യം ലഭ്യമാണ്. മൈസൂരിൽ നിന്നും ഇവിടെക് നേരിട്ട് ബസ് സർവീസുകൾ ലഭ്യമാണ്. മൈസൂരിൽനിന്നും 149 കിലോമീറ്റർ സഞ്ചരിച്ചു വേണം ഇവിടെക് എത്തി ചേരാൻ. അരിസിക്കരെ ആണ് അടുത്തുള്ള ഏക റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്നും ബസ് സർവീസുകൾ സുലഭമാണ്.