ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 November 2019

വ്യാഴവട്ടം

വ്യാഴവട്ടം

മലയാളികള്‍ പലപ്പോഴും സംസാരഭാഷയിലും അച്ചടി ഭാഷയിലും ഉപയോഗിച്ചുവരുന്ന വാക്കാണ് വ്യാഴവട്ടം. 12 വര്‍ഷത്തെ സൂചിപ്പിക്കുവാനാണിത് ഉപയോഗിക്കുന്നത്. ഇതെങ്ങനെ വന്നു എന്നു പലര്‍ക്കും അറിയില്ല. പണ്ടുകാലം മുതലുള്ള മലയാളികളുടെ ജ്യോതിഷ ബന്ധമാണ് സംസാര ഭാഷയിലേക്ക് വ്യാഴവട്ടം കടന്നുവരുവാനിടയാക്കിയത്. ജ്യോതിഷത്തില്‍ വ്യാഴത്തെ സര്‍വ്വേശ്വരകാരകനായിട്ടാണ് കണക്കാക്കപ്പെടുന്നത്.

വ്യാഴം എന്ന ഗ്രഹം ഉച്ചനായോ സ്വക്ഷേത്ര രാശിയിലോ നില്‍ക്കുക മറ്റു ഗ്രഹങ്ങളെ വീക്ഷിക്കുക എന്നിവയെല്ലാം വ്യക്തികളുടെ അനുഗ്രഹമായാണ് കണക്കാക്കുന്നത്. സ്ഥിതി കര്‍ത്താവായ വിഷ്ണു ഭഗവാന്റെ പ്രാധാന്യം നാം വ്യാഴ ഗ്രഹത്തിന് നല്‍കുന്നു. കൂടാതെ വ്യാഴം സന്താനത്തിന്റെ കാരകന്‍ കൂടിയാണ്. വ്യാഴത്തിന്റെ സ്ഥിതിനോക്കിയാണ് കഴിഞ്ഞ ജന്മത്തിലേയും ഈ ജന്മത്തിലേയും പുണ്യപാപങ്ങളെ വിലയിരുത്തുന്നത്. ”ജന്മ കര്‍മ്മകൃതം പാപം വ്യാധിരൂപേണ ജായതേ” പൂര്‍വ്വജന്മത്തിലും ഈ ജന്മത്തിലും ചെയ്യുന്ന ദുഷ്‌കര്‍മ്മങ്ങളുടെ പ്രതികരണങ്ങള്‍ രോഗമായി നമ്മെ പിന്തുടരുമെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാഴത്തിന്റെ നല്ല സ്ഥിതിയാണ് സന്തതികളുടെ മികവിനും വിജയത്തിനും അടിസ്ഥാനമായി തീരുന്നത്.

വ്യാഴമെന്ന ഗ്രഹം ഓരോ രാശിയിലും ഒരു വര്‍ഷക്കാലം നില്‍ക്കുന്നു. ഭൂമിയുടെ മാസിക ചലനം ഒരു മാസംകൊണ്ട് 30ഡിഗ്രിയാണ് സഞ്ചരിക്കുന്നത്. ഒരു കറക്കത്തിന് 365 ദിവസം എടുക്കുന്നു. ഈ സമയം മുഴുവന്‍ വ്യാഴം ഒരു രാശിയില്‍ തന്നെയാണ്. ആയതിനാല്‍ 12 വര്‍ഷം കൊണ്ടാണ് ഒരു പ്രാവശ്യം രാശീചക്രത്തില്‍ സമ്പൂര്‍ണ്ണമായി യാത്ര ചെയ്യുന്നത്. ഈ ചലനത്തെ ചന്ദ്രനുമായി ചേര്‍ത്താണ് മലയാളികള്‍ ചിന്തിക്കാറുള്ളത്. ചന്ദ്രന്‍ രണ്ടേകാല്‍ ദിവസം മാത്രമാണ് ഒരു രാശിയില്‍ നില്‍ക്കുന്നത്. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയിലോ മൂന്നിലോ, ആറിലോ, എട്ടിലോ, പന്ത്രണ്ടിലോ വ്യാഴം നില്‍ക്കുന്ന സമയം ഈശ്വരാധീനം കുറവാണെന്നാണ് മലയാളികളുടെ വിശ്വാസം. വ്യാഴം പിഴച്ചാല്‍ എല്ലാം പിഴച്ചു പോകുമെന്ന് ചിന്തിക്കുന്ന ഒരു സ്വഭാവം കലശലായുണ്ട്.

വ്യാഴം സഞ്ചരിക്കുന്ന മേടം മുതല്‍ മീനം വരെയുള്ള രാശികളെ സസൂക്ഷ്മം ജീവിതത്തില്‍ പലരും ശ്രദ്ധിക്കുന്നു. ഒരു വര്‍ഷം ഒരു രാശിയില്‍ നില്‍ക്കുന്ന വ്യാഴത്തിന് 12 വര്‍ഷംകൊണ്ട് മാത്രമേ 12 രാശികളിലും സഞ്ചരിച്ച് ഒരു വൃത്തം പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ. ഈ കാലത്തെയാണ് വ്യാഴവട്ടം എന്നു പറയുന്നത്. ജ്യോതിഷത്തെ വ്യാവഹാരിക ജീവിതത്തിന്റെ ഭാഗമായാണ് പൂര്‍വ്വികര്‍ കണക്കാക്കിയിരുന്നത്. 12 വര്‍ഷത്തെ സൂചിപ്പിക്കുവാനുള്ള ഒരളവ് കോലായി വ്യാഴവട്ടം എന്ന മലയാള ഭാഷാപ്രയോഗം ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്നു.

മലയാളികളുടെ പ്രപഞ്ചബോധം അവന്റെ വ്യവഹാരത്തിലും ഭാഷയിലും നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.

സുഭദ്രാപഹരണം

സുഭദ്രാപഹരണം

അര്‍ജ്ജുനന്റെ ഒരുവര്‍ഷ വനവാസകാലം അവസാനിക്കാറാകുമ്പോള്‍ ഒരിക്കല്‍ അര്‍ജ്ജുനന് ശ്രീകൃഷ്ണ സഹോദരി സുഭദ്രയെ പറ്റി അറിയുന്നു.(സുഭദ്ര കുന്തിയുടേ സഹോദരനായ വസുദേവരുടെ പുതിയാകയാല്‍ അര്‍ജ്ജുനന്റെ മുറപ്പെണ്ണുമാണ്) അവളുടെ സൌന്ദര്യത്തില്‍ മോഹിതനായി അവളെ വരിക്കണം എന്ന ആഗ്രഹം ജനിക്കയാല്‍ ഒരു പേരാല്‍ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ശ്രീകൃഷ്നെ ധ്യാനിക്കാന്‍ തുടങ്ങി.

സത്യഭാമയോടൊപ്പം അവിടെ ചെല്ലുന്ന ശ്രീകൃഷ്ണന് കപടസന്യാസിയെപ്പോലിരുന്ന് തന്നെ ധ്യാനിക്കുന്ന അര്‍ജ്ജുനനെ കണ്ട് ചിരിവരുന്നു. സത്യഭാ‍മ കാരണം ആരായുമ്പോള്‍ അര്‍ജ്ജുനന് തന്റെ സഹോദരി സുഭദ്രയെ വേള്‍ക്കാനായാണ് ഈ ധ്യാനം എന്നുപറഞ്ഞ് കളിയാക്കുന്നു.

ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ എണീപ്പിച്ച് ആശ്ലേഷിക്കുന്നു.

തുടര്‍ന്ന് അര്‍ജ്ജുനനും ശ്രീകൃഷ്ണനും രൈവതക പര്‍വ്വതത്തിലേക്ക് പോകുന്നു.

രൈവതക പര്‍വ്വതത്തില്‍ യാദവരുടെ ഒരു ഉത്സവം നടക്കുമ്പോള്‍ അവിടെ വച്ച് അര്‍ജ്ജുനന്‍ സുഭദ്രയെ നേരില്‍ കാണുന്നു. അര്‍ജ്ജുനനു സുഭദ്രയോടുള്ള അനുരാഗം വര്‍ദ്ധിക്കുന്നു. സുഭദ്ര പോയശേഷം അര്‍ജ്ജുനന്‍ വിഷാദവാനായി ഒരിടത്തിരിക്കുമ്പോള്‍ കൃതവര്‍മ്മാവ് ബലന്‍ തുടങ്ങിയ യാദവ വീരന്മാര്‍ അതുവഴി വരുന്നു. അവര്‍ വിഷാദവാനായി ഇരിക്കുന്ന ആ സന്യസിയോട് കുശലപ്രശനം ഒക്കെ നടത്തി, ചങ്ങാത്തം സഥാപിച്ച്, ഒടുവില്‍ അര്‍ജ്ജുനനെ ബലഭദ്രന്റെ അനുമതിയോടെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പോകുന്നു.

അവിടെ സുഭദ്രയുടെ ഗൃഹത്തിനടുത്ത് ഒരു ആരാമത്തില്‍ അദ്ദേഹത്തിനു താമസിക്കാന്‍ തക്ക സംവിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നു. ശ്രീകൃഷ്ണന്‍ ഒന്നും അറിയാത്തപോലെ ആരോഗ്യവാനും സുന്ദരനും ആയ ഒരു സന്യാസിയെ സുഭദ്രാഗ്രഹത്തിനടുത്ത് താമസിപ്പിക്കുന്നതില ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ബലരാമനും മറ്റും സന്യാസിയില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. അവര്‍ സുഭദ്രയെ സന്യാസിയെ സല്‍ക്കരിക്കാന്‍ ഏര്‍പ്പാടാക്കുക കൂടി ചെയ്തു.

അര്‍ജ്ജുനനു ഇതില്‍പ്പരം ആനന്ദം ഇനി ഉണ്ടാവാനില്ല. സുഭദ്രയെ ദിനം തോറും കാണുമ്പോള്‍ അര്‍ജ്ജുനന്‌ അവളുടെ മേല്‍ അനുരാഗം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. അര്‍ജ്ജുനന്റെ രൂപസാദൃശ്യം ഉള്ള ആ സന്യാസിയോട് സുഭദ്രയ്ക്കും ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അവള്‍ അര്‍ജ്ജുനനെ പറ്റി സന്യാസിയോട് ചോദിക്കുകയും സന്യാസി അര്‍ജ്ജുന കഥകള്‍ അവളെ പറഞ്ഞുകേള്‍പ്പിക്കയും ചെയ്ത് അവളില്‍ അര്‍ജ്ജുനനോട് അനുരാഗം വളര്‍ത്തി. ഒടുവില്‍ തന്നില്‍ സുഭദ്രയ്ക്ക് ദൃഢാനുരാഗം ഉറപ്പായപ്പോള്‍ അര്‍ജ്ജുനന്‍ സ്വയം ആരാനെന്ന് വെളിപ്പെടുത്തി. സുഭദ്ര നാണിച്ചു നിന്നു.

ശ്രീകൃഷ്ണന്‍ സുഭദ്രാവിശേഷങ്ങളെല്ലാം ദിവ്യദൃഷ്ടിയാല്‍ അറിയുന്നുണ്ടായിരുന്നു. ബലരാമന് സുഭദ്രയെ തന്റെ ശിഷ്യനായ ദുര്യോദനനു വിവാഹം ചെയ്തു കൊടുക്കുവാനായിരുന്നു താല്പര്യം. അതിനാല്‍ അര്‍ജ്ജുനന് നേരാം വണ്ണം അവളെ വിവാഹം കഴിക്കാനാവില്ലെന്നറിയാമായിരുന്നു ശ്രീകൃഷ്ണന്‍ വേണ്ട ഒത്താശകള്‍ ചെയ്യുന്നു.

ശ്രീകൃഷ്ണന്‍ തന്നെ മുപ്പത്തിലാലും ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മാരോത്സവം സംഘടിപ്പിക്കുന്നു. ഇതിനകം സുഭദ്ര സന്യാസിയെപ്പറ്റി ശ്രീകൃഷ്നോട് സംശയം പറയുമ്പോള്‍, അവളുടെ ഇഷ്ടപ്രകാരം ചെയ്യാന്‍ അനുമതി നല്‍കി ശ്രീകൃഷ്ണനും മറ്റു യാദവപ്രമുഖരെല്ലാവരും മാരോത്സവത്തില്‍ പങ്കെടുക്കാനായി പോകയും ചെയ്യുന്നു.

ഈ സമയം അര്‍ജ്ജുനന്‍ സുഭദ്രയെ ഗാന്ധര്‍വ്വവിവാഹം ചെയ്യുന്നു. സകല മഹര്‍ഷി ശ്രേഷ്ഠന്മാരും ദേവേന്ദ്രനും അവിടെ വിവാഹത്തില്‍ സന്നിഹിതരായി. വിവാഹം കഴിഞ്ഞ് ഇരുപത്തി രണ്ടാം ദിവസം ഒരു ബ്രാഹ്മണ ഭോജനം വേണമെന്ന് അര്‍ജ്ജുനന്‍ തീരുമാനിച്ചു.

വ്രതസമാപ്തിക്ക് പോകാനായി ഉഗ്രസേനന്‍ രഥവും കൊണ്ട് വരുമ്പോള്‍ അര്‍ജ്ജുനന്‍ തന്നെ തേര്‍തെളിച്ച്, സുഭദ്രയെയും കൊണ്ട് പോകുന്നു. തടുത്തു നിര്‍ത്തിയവരോട് അര്‍ജ്ജുനന്‍ നേരിടുമ്പോള്‍ സുഭദ്ര തേര്‍ തെളിക്കുന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ തട്ടിക്കൊണ്ടു പോയതല്ല എന്നു വരുത്താനായി ശ്രീകൃഷ്ണന്‍ പറഞ്ഞപ്രകാരമാണ് സുഭദ്രയെക്കൊണ്ട് തേര്‍ തെളിക്കുന്നത്.

ഇന്ദ്രപ്രസ്ഥം എത്താറാകുമ്പോള്‍ അര്‍ജ്ജുനന്‍ സുഭദ്രയോട് ഒരു ഗോപികയുടെ വേഷം ധരിക്കാന്‍ ആവശ്യപ്പെടുന്നു. കൊട്ടാരത്തിലെത്തിയപ്പോള്‍ ശ്രീകൃഷ്ണ സഹോദരിയെ കണ്ട് കുന്തിയും പാഞ്ചാലിയും സന്തോഷിക്കുന്നു.

ശ്രീകൃഷ്ണന്റെ സഹോദരിയായതിനാല്‍ സുഭദ്രയെ അര്‍ജ്ജുനന്‍ വിവാഹം ചെയ്തു കൊണ്ടുവന്നപ്പോള്‍ പാഞ്ചാലിയ്ക്ക് വിഷമം അധികം തോന്നിയില്ല.

ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും

ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും

അധര്‍മ്മത്തിന്റെ കടലില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാന്‍ ഭഗവാന്‍ നിരവധി അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. ഭഗവാന്‍ വിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്നത് ഗരുഡന്‍ ആണെങ്കിലും തുല്യ പ്രാധാന്യം ശേഷനാഗത്തിനും ഉണ്ട്.

എല്ലാ അവതാരങ്ങളിലും ശേഷനാഗവുമായി ഭഗവാന്‍ വിഷ്ണുവിന്റെ ബന്ധം ശക്തമാണ്. എന്തുകൊണ്ടാണ് ഭഗവാന്‍ വിഷ്ണു സര്‍പ്പത്തിന്‍മേല്‍ ശയിക്കുന്നത്? അതിന് ഉത്തരം എന്താണന്ന് നോക്കാം.

സമയത്തിന്റെ മാര്‍ഗ്ഗദര്‍ശി ലോകത്തില്‍ അധര്‍മ്മം നിറയുന്നതായി അനുഭവപ്പെടുന്ന സമയത്ത് ഭഗവാന്‍ വിഷ്ണു ലോകത്തെ പുനരുദ്ധരിക്കും. അനന്തതയുടെ പ്രതീകമാണ് ശേഷനാഗം. മനുഷ്യന് ഗുണകരമാകുന്ന തരത്തില്‍ഭഗവാന്‍ വിഷ്ണു സമയത്തിന്റെ മാര്‍ഗദര്‍ശിയാകും.

ആത്മാവിഷ്‌കാരം ലോകത്തെ ഓരോ സമയത്തും സംരക്ഷിക്കുന്നതിനായി ഭഗവാന്‍ പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തിട്ടുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന്റെ ഊര്‍ജ രൂപമാണ്. അതിന്‍മേലാണ് ഭഗവാന്‍ വിശ്രമിക്കുന്നത്.

എല്ലാ ഗ്രഹങ്ങളുടെയും ആസ്ഥാനം
ശേഷനാഗം അതിന്റെ വലയത്തിനുള്ളില്‍ എല്ലാ ഗ്രഹങ്ങളെയും വഹിക്കുകയും ഭഗവാന്‍ വിഷ്ണുവിന്റെ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു എന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. സമസ്ത ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മേല്‍ ശയിക്കുന്ന ഭഗവാന്‍ വിഷ്ണുവിനെ വിശ്വത്തിന്റെ ദേവനായാണ് ആരാധിക്കുന്നത്.

വിഷ്ണുവിന്റെ സംരക്ഷകന്‍ ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന് വിശ്രമത്തിനുള്ള സ്ഥലം മാത്രമല്ല സംരക്ഷണവും നല്‍കുന്നുണ്ട്. ഇത് വിരോധാഭാസമാണന്ന് തോന്നുന്നുണ്ടോ? പിതാവായ വസുദേവര്‍ നന്ദഗോപരുടെ വസതിയിലേക്ക് കൊണ്ടുപോകവെ ഉണ്ടായ കൊടുങ്കാറ്റില്‍ നിന്നും ശിശുവായ ശ്രീകൃഷ്ണനെ സംരക്ഷിക്കുന്നത് ശേഷനാഗമാണ്. അതിനാല്‍ തീര്‍ച്ചയായും സംരക്ഷകന്‍ എന്നു തന്നെ പറയാം.

അനശ്വരമായ ബന്ധം ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും തമ്മിലുള്ള ബന്ധം അനശ്വരമാണ്. ഓരോ അവതാരത്തിലും ലോകത്തിലെ തിന്മകളെ നേരിടാനും അധര്‍മ്മങ്ങളില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാനും ശേഷനാഗം ഭഗവാന്‍ വിഷ്ണുവിനെ സേവിക്കുന്നുണ്ട്.

ത്രേതായുഗത്തില്‍ ശേഷനാഗമാണ് ലക്ഷ്മണനായി അവതരിക്കുന്നത്, ദ്വാപരയുഗത്തിലാകട്ടെ ബലരമാനായാണ് ജന്മമെടുക്കുന്നത്. ഈ രണ്ട് ജന്മങ്ങളിലും യഥാക്രമം രാമന്റെയും കൃഷ്ണന്റെയും സേവകരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്

സമയത്തെ നിയന്ത്രിക്കുന്നത് ഭഗവാന്‍ വിഷ്ണു ശേഷനാഗത്തിന്‍മേല്‍ ശയിക്കുന്നതിന്റെ കാരണം ഇതെല്ലാമാണ്. ശേഷം എന്നാല്‍ അവശേഷിക്കുന്നത് എന്നാണര്‍ത്ഥം. നാഗം സമയത്തിന്റെ പ്രതീകമാണ്. അതില്‍ ശയിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാത്തിനും ഉപരിയായ ഭഗവാനാണ് സമയത്തെ നിയന്ത്രിക്കുന്നത് എന്നാണ്.

എന്താണ് യഥാർത്ഥഭക്തി?

എന്താണ് യഥാർത്ഥഭക്തി?

ശരീരസംബന്ധമായ മോഹത്തിൽനിന്നും സ്ത്രീപുരുഷന്മാർക്ക്  വിഷയാസക്തി ജനിക്കുന്നു. ഭക്തികൊണ്ടുമാത്രമേ നരകപ്രദമായ വിഷയാസക്തിയെ പരിത്യജിക്കുവാൻ സാധിക്കുകയുള്ളൂ.

"നല്ലതെന്തെനിക്കിനി- ശോകത്യാഗാർത്ഥം ബന്ധമോക്ഷത്തെ വരുത്തുവാൻ?
ഞാനെന്തുചെയ്യേണ്ടുന്നതെങ്ങനെ വേണ്ടു പര-
മാനന്ദസാദ്ധ്യം  പറഞ്ഞീടുനീമടിയാതെ." എന്ന് മാതാവായ ദേവഹൂതി ചോദിച്ചതിന് മകൻ കപിലമഹർഷി അമ്മയോടുപദേശിച്ചതിങ്ങനെ,

യഥാർത്ഥമായ ഭക്തിയാണ് മുക്തിക്ക് കാരണം. ഭക്തിക്കുവേണ്ടി ഇന്നവിധത്തിൽ ദൈവത്തെ ഭജിക്കണമെന്നില്ല. ഈ പ്രപഞ്ചംമുഴുവനും ഈശ്വരനായി കണ്ടുകൊണ്ട് സർവ്വവും ഈശ്വരനിൽ സമർപ്പിച്ചുകൊണ്ട്, ഈശ്വരചിന്തയോടെ ഏതുകാര്യവും പ്രവർത്തിക്കുന്നത് ഭക്തിയോഗമാണ്. ഒന്നിലും പ്രത്യേകമായ അഭിനിവേശമോ, ആശയോ, പ്രതിഫലേച്ഛയോ കൂടാതെയുള്ള നിഷ്കാമഭക്തിയാണ് ഉത്തമമായഭക്തി. ഭൂമി, ജലം, വായു, അഗ്നി (തേജസ്സ്), ആകാശം എന്ന പഞ്ചഭൂതങ്ങളും; ഗന്ധം, രസം, സ്പർശം, രൂപം, ശബ്ദം എന്ന പഞ്ചസൂക്ഷ്മഭൂതങ്ങളും;  മൂക്ക്, നാക്ക്, ത്വക്ക്, കണ്ണ്, കർണ്ണം എന്ന അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും; ഉപസ്ഥം, ജനനേന്ദ്രിയം, പാദം, പാണി, കൈകൾ എന്ന പഞ്ച കർമ്മേന്ദ്രിയങ്ങളും - എല്ലാം മായികമായ വെറും തോന്നലാണെന്നും, അവ നശ്വരമായ ശരീരത്തെ സംബന്ധിക്കുന്നവ മാത്രമാണെന്നുമുള്ള ബോധമുണ്ടായാൽ ഉടൻതന്നെ യഥാർത്ഥമായ ഭക്തിയുണ്ടാകുന്നു.

മൂന്നുതരത്തിനുള്ള ഭക്തിമാർഗ്ഗമാണ് നാം കണ്ടുവരുന്നത്.  ഒന്നാമതായിട്ടു, 'താമസഭക്തി.' താമസഭക്തിയെന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കാനും ഉപദ്രവിക്കാനും ദൈവത്തെ കൂട്ടുപിടിക്കുക എന്നതാണ്.

രണ്ടാമത്തേത്, "രാജസഭക്തിയാണ്.' അവനവൻറെ കാര്യസാധ്യത്തിനുള്ള സ്വാർത്ഥഭക്തിയാണ് രാജസഭക്തി. ഉദാഹരണം വെടിവഴുപാടുകൾ, സൂക്തങ്ങൾ മുതലായവ. പിന്നീടുള്ളത് 'സാത്വികഭക്തി.' ഇതാണ് ഋഷിമാർ ഉപദേശിച്ചുതന്ന നിഷ്കാമമായഭക്തി. ഇതിൻറെ ഉദ്ദേശം തൻറെ മനസ്സിനെ ഉണർത്തി ഉയർത്താനുള്ള മാർഗ്ഗമാണ്. ഇതാണ് ഉത്തമമായഭക്തി.

മനസ്സാകട്ടെ ഈ ഇന്ദ്രിയങ്ങളിൽനിന്നും വ്യത്യസ്ഥമാണ്. 'മനസ്സ്' അന്തഃകരണമാണ്. അത് ഉള്ളിൽ ഉണരുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. മനസ്സിനു കാര്യങ്ങൾ ഉണർത്തിച്ചുകൊടുക്കുന്നത്‌ 'ബുദ്ധി' യാണ്. ഉദാഹരണം, ഉണർന്നുകഴിഞ്ഞാൽ സമയോചിതം പോലെ കാര്യങ്ങൾ നിർവ്വഹിക്കാനുള്ള ബോധം. 'ചിത്തം' എന്നുപറയുന്നത് ഓർമ്മകളുടെ ശേഖരമാണ്. ഉദാഹരണം ഒരു വ്യക്തിക്ക് എന്തൊക്കെ സാധനങ്ങൾ എവിടെയൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്ന ബോധം. ഇതിനെയെല്ലാം പ്രവർത്തിപ്പിക്കുന്നതിന് 'ചൈതന്യം' വേണം. അതിനെയാണ് 'അഹങ്കാരം' എന്നുപറയുന്നത്. ആ ചൈതന്യത്തിനു രൂപമില്ലാത്ത ഇതിനെയെല്ലാം രൂപമെടുക്കാനും, അതുപോലെ കൈവിടാനും സാധിക്കും.

പരമാത്മചൈതന്യം ഉള്ളിൽ പുരുഷരൂപത്തിലും, പുറത്ത് കാലരൂപത്തിലുമാണുള്ളത്. പുരുഷരൂപത്തിനു മാറ്റമില്ല (ചലനമില്ല). എന്നാൽ കാലാരൂപത്തിനാകട്ടെ മാറ്റമുണ്ട്. അതുകൊണ്ട്, മനസ്സിനെ, മാറ്റമുള്ള കാലരൂപത്തിൽനിന്നും മാറ്റമില്ലാത്ത (ചലനമില്ലാത്ത) പുരുഷരൂപത്തിലെത്തിക്കണം. അത് സത്വഗുണങ്ങളിൽക്കൂടി മാത്രമെ കൈവരിക്കാനാവൂ. മനസ്സിൽ സത്വഗുണം ഉണ്ടാകണമെങ്കിൽ സമചിത്തബോധമുണ്ടാകണം. അതായത് സുഖദുഃഖങ്ങളെ ഒരേപോലെ കാണാനുള്ള കഴിവ്. ഇങ്ങനെയുള്ള മനസ്സിനെയാണ്  "വാസുദേവൻ" എന്നറിയപ്പെടുന്നത്. ഭക്തിയിൽക്കൂടി ഭക്തൻറെ മരണകാലത്ത് 'നാരായണസ്മൃതി' ഉദയംകൊള്ളും. അല്ലാതെ നാരായണനാമമല്ല വേണ്ടത്. അങ്ങനെയുള്ള മനസ്സിനുമാത്രമേ (നാരായണസ്മൃതിയുള്ള) സച്ചിതാനന്ദസ്വരൂപത്തെ അറിയാനും അനുഭവിക്കാനും സാധിക്കുകയുള്ളൂ. ഇതിനെയാണ് മുക്തി അഥവാ മോക്ഷം അഥവാ പരമധാമം എന്നൊക്കെ വിശേഷിപ്പിക്കുന്നത്.

12 November 2019

ദേവി തത്ത്വം - 29

ദേവി തത്ത്വം - 29

PART - 01

ദേവാത്മ ശക്തിക്കാണ് ശരണാഗതി. നിശ്ചല ബ്രഹ്മത്തിന് ശരണാഗതി ചെയ്യാൻ പറ്റില്ല. ആ ബ്രഹ്മത്തിനെ കാണണമെങ്കിൽ തന്നെ ശരണാഗതിക്ക് ശേഷമേ ബ്രഹ്മാനുഭവം ഉണ്ടാവുകയുള്ളു . അതിന് മുമ്പ് ഈ ശക്തിയുടെ മണ്ഡലം കടന്ന് പോകണം നമുക്ക്.

ആചാര്യ സ്വാമികൾ കേനോപനിഷത്ത് ഭാഷ്യത്തിൽ പറയുന്നുണ്ട് പ്രാണോപാസനയ്ക്ക് ശേഷം നമുക്ക് ബ്രഹ്മ വിദ്യ തുടങ്ങാം എന്ന്.  അപ്പോഴേ നമുക്ക് ബ്രഹ്മവിദ്യ തെളിയു. അഹങ്കാരത്തോടെ ബ്രഹ്മവിദ്യ അഭ്യാസം  ചെയ്യാൻ പറ്റില്ല. മനസ്സിലാവുകയുമില്ല. അദ്ധ്യാത്മ ജീവിതം നിറയട്ടെ പൂർണ്ണമാകട്ടെ. അതിന് ജഗദീശ്വരി അനുഗ്രഹിക്കട്ടെ .

End of part 1

ദേവി തത്ത്വം - 28

ദേവി തത്ത്വം - 28

PART - 01

നാമം ജപിക്കുന്നതും ധ്യാനിക്കുന്നതും ഒന്നും നേടിയെടുക്കാൻ വേണ്ടിയല്ല. എന്തെങ്കിലും നേടിയെടുക്കുക എന്ന സമ്പ്രദായം ലൗകികമാണ്.

അത് അദ്ധ്യാത്മതയിൽ വിലപ്പോകില്ല. സത്യാന്വേഷണത്തിന് ഉപകരിക്കില്ല.

അതു കൊണ്ടാണ് ഒരു തമിഴ് സിദ്ധൻ പറഞ്ഞത് ആശയെ അറുവിൻ ആശയെ അറുവിൻ ഈശനോടാകിലും ആശയെ അറുവിൻ. ആശയ് പട പട തുമ്പം താനേ ആശയ് വിട വിട ഇമ്പം താനേ.

ആഗ്രഹങ്ങൾ എങ്ങനെ പോകും? എപ്പോൾ ശരണാഗതി ചെയ്യുന്നു. എല്ലാ ചുമതലകളും നമ്മുടെ in charge ആയ ആ ശക്തിക്ക് ഏൽപ്പിച്ച് കൊടുത്ത്. ആ ശക്തി നമ്മളെ പ്രവർത്തിപ്പിക്കുന്നതൊക്കെ കണ്ട് . നമ്മുടെ ജീവിതത്തിൽ വരുന്നതെല്ലാം ആ ശക്തിയുടെ ഇച്ഛയാണെന്ന് സ്വീകരിക്കുക.

  ഓരോ ക്ഷണത്തിലും ഓരോ പ്രവർത്തിയിലും ആ ശക്തിയുടെ ഇച്ഛയെ കാണുക. അതിനടങ്ങി കൊടുക്കുക.

അപ്പോൾ കാണാം നമ്മുടെ വ്യക്തിത്വം പ്രപഞ്ചം മുഴുവൻ നടത്തുന്ന സമഗ്ര ശക്തിയിൽ ഇല്ലാതായി തീരും.

അതിന് ശേഷം നാമ മാത്രമായ വ്യക്തിത്വം ഉണ്ടാകുമെങ്കിലും അതാ സമഗ്ര ശക്തിയുടെ കൈയ്യിൽ യന്ത്രമായി ലോകത്തിൽ പ്രവർത്തിക്കും.

അപ്പോഴാണ് നമുക്ക് ആനന്ദമുണ്ടാകുന്നത്.

അല്ലാതെ ലൗകിക ജീവിതത്തിലും സന്തോഷമുണ്ടാകില്ല. അല്പ സ്വല്പം യോഗ സ്ഥിതി ഒക്കെ ഉള്ളിൽ നേടിയെടുത്ത് ഒരു trance ഒക്കെ സാധിച്ചെടുത്താലും പുറത്തേയ്ക്ക് വരുമ്പോൾ അത് നഷ്ടപ്പെട്ടു പോകുന്നു. ഇതിന് രണ്ടിനും അപ്പുറം പോകേണ്ടിയിരിക്കുന്നു.

യോഗത്തിനും ഭോഗത്തിനും അപ്പുറം പോണം.

നിശ്ചലതയ്ക്കും ചലനത്തിനുമപ്പുറം പോണം.

എന്നിട്ട് പുരുഷോത്തമനായ ഭാഗവാന് അല്ലെങ്കിൽ ആ മഹാശക്തിക്ക് അഥവാ ദേവാത്മ ശക്തിക്ക് ശരണാഗതി ചെയ്യണം.

ദേവാത്മ ശക്തി എന്നത് ഉപനിഷത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. 

ശ്വേതാശ്വ ഉപനിഷത്തിൽ ഋഷികളൊക്കെ കൂടിയിരുന്ന് ആലോചിച്ചു എന്താണ് ഈ പ്രപഞ്ചത്തിന് കാരണം. എന്താണ് എല്ലാത്തിനേയും നിയന്ത്രിക്കുന്നത്. ഒന്നും പിടി കിട്ടാതെ വന്നപ്പോൾ കണ്ണടച്ചിരുന്ന് ആഴമായി ഉള്ളിൽ വിചാരം ചെയ്തു. അപ്പൊ അവർ കണ്ടു

ധ്യാനയോഗാനു ഗതാ പശ്യൻ ദേവാത്മ ശക്തിം സഗുണേഹി നിഗൂഢാം.

സത്വ രജോ തമോ ഗുണങ്ങളാൽ തല്കാലം മറയ്ക്കപ്പെട്ടിട്ട് ഉള്ളിൽ പ്രവർത്തിക്കുന്നതായ ദേവാത്മ ശക്തിയെ കണ്ടു.

ദേവി തത്ത്വം - 27

ദേവി തത്ത്വം - 27

PART - 01

ഒരാൾ പാലക്കാട് നിന്ന് എറണാകുളത്ത് വന്നു. പെട്ടിയെല്ലാം താമസ സ്ഥലത്ത് വച്ചിട്ട് പട്ടണം കാണാനിറങ്ങുമ്പോൾ വളരെ ഫ്രീയായിട്ടാകും നടക്കുന്നത്. കാരണമെന്താ? ആകുലതകൾ ഒന്നുമില്ല ഭാരമൊക്കെ ഇറക്കി വച്ച് കഴിഞ്ഞു. തിരിച്ച് ചെന്നാൽ കിടക്കാൻ മുറിയുണ്ട്. ഇതുപോലെയാണ് ഈ പരംധാമം കണ്ടെത്തി തിരിച്ച് വരുന്ന ആള്. അല്ലാത്തയാൾ തലയിൽ പെട്ടിയും വച്ച് നടക്കുന്ന ആളെ പോലെയാണ്. ഇത് രാമകൃഷ്ണദേവൻ പറയുന്ന ഒരു ഉദാഹരണമാണ്.

ആ ശക്തിയെ കണ്ടെത്തി ശക്തിയുടെ കൈയ്യിൽ യന്ത്രമായി തീർന്നാൽ നമ്മുടെ വ്യക്തി ബോധം ആ ശക്തിയാൽ വിഴുങ്ങപ്പെട്ടാൽ നമ്മൾ ആനന്ദിക്കും നിത്യ നിരന്തരമായിട്ടാനന്ദിക്കും. ആ ആനന്ദം അനുഭവവേദ്യമായി തീരും. അങ്ങനെയൊരാനന്ദം ഏർപ്പെടുന്നതുവരെ നമ്മൾ അദ്ധ്യാത്മ സാധന തുടർന്ന് കൊണ്ട് പോകണം. അദ്ധ്യാത്മ സാധനയിൽ ഒന്നും നേടാനില്ല ചെറിയ തെറ്റുകൾ മാത്രം നീക്കിയാൽ മതി.

ഭക്തൻമാരെ ശ്രദ്ധിച്ചാൽ കാണാം എനിക്കൊന്നും വേണ്ട എന്നാണ് അവർ എപ്പോഴും പറയുന്നത്. ആചാര്യ സ്വാമികൾ ഒരു ദേവി സ്തോത്രമെഴുതി
ന മോക്ഷസ്യ ആകാംക്ഷാ വിഭവ വാഞ്ഛാ വിജനമേ
ന വിജ്ഞാനാപേക്ഷ ശശിമുഖി സുഖേച്ഛാ പിന പുനഃ
അതസ്ത്വാം സംയാജേ ജനനി ജനനം യാതു മമ വൈ മൃഢാണി രുദ്രാണി ശിവ ശിവ ഭവാനി ധിജ പദഃ
ന മോക്ഷസ്യ എനിക്ക് മോക്ഷത്തിനുള്ള ആഗ്രഹവുമില്ല. എനിക്ക് സ്വത്തും സമ്പത്തും വരണമെന്നുള്ള ആഗ്രഹവുമില്ല. എനിക്ക് അറിവ് നേടണമെന്നുള്ള ആഗ്രഹവുമില്ല ന വിജ്ഞാനാപേക്ഷ. സ്ത്രീ സുഖമോ പുരുഷ സുഖമോ അനുഭവിക്കാനുള്ള ആഗ്രഹമില്ല. ജനനി ജനനം യാതു മമ ഇനി ജനിക്കേണ്ടി വന്നാലും കുഴപ്പമില്ല. മൃഢാണി രുദ്രാണി ശിവ ശിവ ഭവാനി ധിജ പദഃ എന്റെ മൂലസ്ഥാനമായ എന്റെ അമ്മയും അച്ഛനും ബന്ധുവും എല്ലാമായ മൂലസ്ഥാനമായ ആ ശക്തിയെ ആശ്രയിച്ച് കൊണ്ട് ,ലോകത്തിൽ ആ നാമം ഉരുവിട്ട് കൊണ്ട് ഞാൻ ആനന്ദമായി ഇരുന്ന് കൊള്ളാം. ഇത് ഒരു മന്ത്രം പോലെ ഇടയ്ക്കിടക്ക് ഉള്ളിൽ പറയുക.

ദേവി തത്ത്വം - 26

ദേവി തത്ത്വം - 26

PART - 01

ജീവൻ മുക്തന്റെ ആ ധന്യതയെ ആണ് ശക്തിലാസ്യം എന്ന് പറയുന്നത്.

ഈ ശരീരത്തിലുണ്ടാകുന്ന ശക്തിലാസ്യം ജ്ഞാനികൾക്ക് അനുഭവവേദ്യമായിട്ടുള്ള വിഷയമാണ്.

ഇത്രയൊക്കെ ജ്ഞാനം നമുക്ക് വരണമെങ്കിൽ, ബ്രഹ്മ വിദ്യ ഉള്ളിൽ തെളിയണമെങ്കിൽ ബ്രഹ്മ സ്വരൂപിണിയായ അംബികയുടെ കൃപ നമുക്കുണ്ടാകണം.

ഈ വിഷയം ഒരു verbal compartment ന്റെ ഉള്ളിൽ ഇടാൻ പറ്റില്ല.

ഇത് നാം അനുഭവിക്കേണ്ട ഒന്നാണ്.

നമ്മുടെ വ്യക്തിത്വം ഭഗവാന്റെ കൃപയ്ക്ക് പാത്രമാകുമ്പോൾ വ്യക്തിത്വം വ്യക്തിത്വമല്ലാതായി തീരുമ്പോൾ ശരീരത്തിലിരിക്കുമ്പോൾ ആ മഹാശക്തി നമ്മളെ ഒരു യന്ത്രം കണക്കെ വച്ച് ആനന്ദിപ്പിക്കുന്നതും നമുക്കനുഭവിക്കാം.

അങ്ങനെ ഒരു ആനന്ദ സ്ഥിതി നമുക്ക് ലക്ഷ്യ സ്ഥാനമായുണ്ട് എന്നറിയുക. അതായത് ശരീരത്തിലിരിക്കുമ്പോൾ നമുക്ക് ആനന്ദം മാത്രമായിരിക്കാൻ കഴിയും.

ശരീരത്തിന് വ്യാധി വരുന്നത് കൊണ്ടോ വിഷമം വരുന്നത് കൊണ്ടോ ഒന്നു കൊണ്ടും ബാധിക്കപ്പെടാത്ത ഒരാനന്ദം.

ആ ആനന്ദമാണ് ശക്തിലാസ്യം. ശുദ്ധമായ ശക്തിയുടെ ആവിർഭാവം. അതിനെ ചിത് ശക്തിയെന്നും പറയുന്നു.

ആ ആനന്ദം അനുഭവിക്കാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി.

ആ ആനന്ദത്തിന് സാധനയൊന്നും പ്രധാനമല്ല. സാധന ചിത്ത ശുദ്ധിക്കു വേണ്ടിയാണ്.

മുഖ്യമായ കാര്യം ആശ്രയമാണ്.

നമ്മുടെ ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്ന തത്ത്വം നാം എന്തിനെ ആശ്രയിക്കുന്നു എന്നതാണ്.
ഭാഗവതത്തിൽ പന്ത്രണ്ടാമത്തെ സ്കന്ദത്തിന് ആശ്രയ സ്കന്ദം എന്നാണ് പറയുന്നത്. പതിനൊന്നാമത്തെ സ്കന്ദം മുക്തി സ്കന്ദമാണ്. ഇവിടെ മുക്തി കഴിഞ്ഞാണ് ആശ്രയം.

മുക്തി എന്നത് സ്വരൂപേണ അവസ്ഥിതിഃ

എന്ന് ഭാഗവതത്തിൽ വ്യാഖ്യാനിക്കുന്നു. തന്റെ യഥാർത്ഥ സ്വരൂപം അറിയുന്നതാണ് മുക്തി.

അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ നിത്യ മുക്തമാണ് നമ്മൾ. ഒന്നും നേടിയെടുക്കാനില്ല.

കിട്ടിയിട്ടുള്ളതാണ് പ്രാപിക്കേണ്ടതല്ല. അതറിഞ്ഞ് കഴിഞ്ഞിട്ട് വീണ്ടും ശരീര തലത്തിൽ നിൽക്കുമ്പോൾ നമ്മൾ ഏതൊരു നിത്യ വസ്തുവിനെ ഉള്ളിൽ കണ്ടുവോ അതിൽ നിന്നും പുറപ്പെടുന്ന ശക്തി അഥവാ സഗുണ ബ്രഹ്മത്തെ ആശ്രയിച്ച് കൊണ്ട് ലോകത്തിൽ ജീവിക്കുമ്പോഴാണ് ആനന്ദം ഉണ്ടാകുന്നത്.