ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 62

നാഗമാഹാത്മ്യം...

ഭാഗം: 62

67. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

അനന്തൻകാട് തുടർച്ച
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സ്വാമിയാർ നടന്നു നടന്ന് അലഞ്ഞ് തിരിഞ്ഞ് ഏതാണ്ട് അനന്തപുരത്തിനടുത്തെത്തി. അപ്പോൾ ഒരുസ്വരം കേട്ടു. ഒരു സ്ത്രീ തന്റെ കുഞ്ഞിനോടു പറയുന്നു. നോക്ക് ഇനിയും കിട ന്നലറിയാൽ ഞാൻ നിന്നെ തൂക്കിയെടുത്ത് അനന്തൻ കാട്ടിലേയ്ക്കെറിയും. ഇതുകേട്ട സ്വാമിയാർക്കു മനസ്സിലായി . അനന്തങ്കാട് ഇതിന് സമീപമെങ്ങോ ആണ്. അദ്ദേഹം വീണ്ടും അന്വേഷണം തുടർന്നു. അക്കാലത്ത് കേരളത്തിന്റെ മിക്ക ഭാഗങ്ങളും കാടും മേടുമാണ്. അല്പദൂരം കൂടി പോയപ്പോൾ അതാ ദൃശ്യമായി. സാക്ഷാൽ അനന്തമൂർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിന്റെ താഴെ ഒരു സാളഗ്രാമം. സ്വാമികൾക്കു മനസ്സിലായി.ഇതുതന്നെയാണ് അനന്തൻകാട് , സാക്ഷാൽ അനന്തമൂർത്തി വാഴുന്ന കാട് . ഭഗവാൻ പള്ളിയുറുപ്പ് കൊള്ളുന്ന ശേഷനാഗമല്ലേ ഇത്. അടിയന്റെ നേത്രം സഫലമായി, ചിന്തിച്ചു. പെട്ടെന്നു തന്നെ രൂപം മാറി ഭാവം മാറി. അനന്തനിൽ പള്ളികൊള്ളുന്ന പത്മനാഭൻ പ്രത്യക്ഷമായി. അദ്ദേഹം ഓടി നടന്നു. എന്താണു നിവേദ്യം കൊടുക്കുക. പെട്ടെന്ന് ഒരു സ്ത്രീ അല്പം ചോറും , ഉപ്പുമാങ്ങയും ഒരു ചിരട്ടയിൽ കൊടുത്തു അദ്ദേഹം അത് അനന്തപത്മനാഭന് നിവേദിച്ചു. ഇന്നും ആ ചിരട്ട നിവേദ്യം തുടർന്നിരുന്നുവെന്നുമാണ് പഴമക്കാർ പറയുന്നത് . അങ്ങനെ സ്വാമിയാർ അമ്പലപ്പുഴയിൽ നിന്നും തുടങ്ങിയ ഉണ്ണിക്കണ്ണന്റെ അന്വേഷണം അനന്തൻ കാട്ടിൽ ചെന്നവസാനിച്ചു.

പിന്നീട് ക്ഷേത്രം പണിഞ്ഞ് ശ്രീ പത്മനാഭനെ അനന്തപുരത്ത് കുടിയിരുത്തി. അവിടം അനന്തപുരമായും കുറെ കഴിഞ്ഞപ്പോൾ അത് തിരുവനന്തപുരമായും പ്രസിദ്ധിയാർജ്ജിച്ചു. ഇന്നും കീർത്തിയ്ക്കൊരു കോട്ടവും തട്ടാതെ ഭഗവാൻ അനന്തപുരത്തുവാണു കൊണ്ട് മാനവർക്ക് ശ്രേയസ്സും ക്ഷേമവും , ഐശ്വര്യവും പ്രദാനം ചെയ്യുന്നു . ഈ അനന്തൻ കാടിനെ പറ്റി ശ്രീ. സി. വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികളിൽ (മാർത്താണ്ഡവർമ്മാ, ധർമ്മാരാജ) പരാമർശമുള്ളതായി കാണുന്നുണ്ട്.

മാർത്താണ്ഡവർമ്മ മഹാരാജാവിനെ തമ്പിമാർ (പപ്പു തമ്പി, രാമൻ തമ്പി) കൊല്ലാനായി നെട്ടോട്ടമോടുന്ന കാലത്ത് അദ്ദേഹത്തെ രക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും അക്കാലത്ത് ധാരാളം രാജ്യസ്നേഹികൾ ഉണ്ടായിരുന്നു. അന്ന് വേണാട്ടരചരൻ എന്നായിരുന്നു രാജാവ് അറിയപ്പെട്ടിരുന്നത് . പിന്നീടാണ് വേണാട് തിരുവിതാംകൂർ എന്നായത്. രാജാവിനെ രക്ഷിക്കുന്ന രാജ്യസ്നേഹികൾ അനന്തൻ കാട്ടിൽ പലപ്പോഴും അകപ്പെട്ടിട്ടുണ്ട്. അക്കാലത്ത് നമ്മുടെ നാട്ടിൽ മരുമക്കത്തായം ആയിരുന്നു. അതായത് നാടുവാഴിയുടെ അനന്തരവൻമാർ (സഹോദരീ പുത്രൻമാർ) അനന്തരാവകാശികളാണ്. അവരാണ് രാജാവായി വാഴേണ്ടത്. എന്നാൽ മാർത്താണ്ഡവർമ്മ രാജാവായി വാഴുന്നത് (രാജ്യാവകാശം ഏല്ക്കുന്നത്. തമ്പിമാർക്ക് ഇഷ്ടമില്ലായിരുന്നു. അവർ മക്കത്തായം അനുസരിക്കാൻ തയ്യാറായി. അനന്തിരവൻമാർക്കല്ല രാജ്യാവകാശം, മക്കൾക്കാണ് എന്നവർ വാദിച്ചു. കീഴ്വഴക്കമനുസരിച്ച് അനന്തിരവനാണ് കിരീടധാരണം നടത്തേണ്ടത് . ഇങ്ങനെ വന്നപ്പോൾ കീഴ്വഴക്കമനുസരിച്ച് അനന്തരാവകാശിയായ മാർത്താണ്ഡവർമ്മയെ നാമാവശേഷമാക്കേണ്ടത് അവർ കടമയായി കരുതി. രാജ്യപ്രേമികൾ അതിന് കൂട്ടുനില്ക്കാൻ തയ്യാറായില്ല. ഒളിഞ്ഞും തുറന്നും കലഹം പൊട്ടി പുറപ്പെട്ടു. അതിന് സാക്ഷിത്വം വഹിക്കുന്നതിൽ അനന്തകാടിന് നല്ലൊരു പങ്കുണ്ടായിരുന്നു. നീളെ കിടക്കുന്ന കാടുകൾ ഒളിത്താവളങ്ങളായി പ്രയോജനപ്പെട്ടു. പലപ്പോഴും പലരേയും ശത്രുക്കൾ പരസ്പരം വെട്ടി വീഴ്ത്തി അനന്തൻ കാട്ടിലേയ്ക്കെറിയുമായിരുന്നു. കൂടാതെ ചാരൻമാർക്ക് ആ കാടൊരു അഭയകേന്ദ്രവും കൂടിയായിരുന്നു . അവിടെ പതുങ്ങിയിരുന്ന് ശത്രുവിന്റെ തന്ത്രം അറിയുന്നതിന് സാധിച്ചിരുന്നു. അനന്തപുരത്തിന്റെ ചരിത്രത്തിൽ ആ കാടുകൾ നിർണ്ണായക പങ്കു വഹിച്ചിരുന്നു എന്നു കാണാം.

ഒടുവിൽ തമ്പിമാർ കൊല്ലപ്പെടുകയും മക്കത്തായം ഉത്ഭവിക്കാതിരിക്കയും ചെയ്തു. സത്യം ജയിച്ചു. ധർമ്മം വാണു.

രാജാവു ജയിച്ചു. കീഴ്വഴക്കമനുസരിച്ചുള്ള മരുമക്കത്തായ ഭരണം നിലവിൽ വന്നു. രാജാവ് സ്വന്തം രാജ്യം ശ്രീപത്മനാഭന് അടിയറവച്ചു. അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ട്ടാണ് രാജ്യം ഭരിച്ചു വന്നത്. പിന്നീടദ്ദേഹം ദേശവിസ്തൃതിക്കായ് പുറപ്പെട്ടു. വടക്കൻ ഭാഗങ്ങൾ പിടിച്ചടക്കി വന്ന കൂട്ടത്തിൽ പ്രക്കാട്ടെത്തി . പ്രക്കാട്ടെ കോട്ടകൊത്തളങ്ങൾ കണ്ടപടയാളികൾ അതു പിടിച്ചടക്കുക അസാധ്യമാണെന്നു കരുതി. ആ കോട്ട പനമ്പു കൊണ്ടു കെട്ടി കുമ്മായമടിച്ചുള്ളതായിരുന്നു. കണ്ടാൽ ദൂരെ നിന്നു നോക്കുമ്പോൾ ഉഗ്രൻ കോട്ട. തകർക്കാൻ വളരെ ബുദ്ധിമുട്ടാണെന്നു തോന്നും. അക്കാലത്ത് ചെമ്പകശ്ശേരി (അമ്പലപ്പുഴ) യിലെ പടത്തലവൻമാർ പണിക്കരും , വെള്ളൂർ കുറുപ്പുമായിരുന്നു. അതിൽ മാത്തൂർ പണി ക്കരെ സ്വാധീനിച്ച് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സചിവൻ കോട്ട തകർത്തുവെന്നും സൈന്യം മുന്നോട്ടു വന്നു അമ്പലപ്പുഴ കീഴടക്കിയെന്നുമാണ് ചരിത്രം . അമ്പലപ്പുഴ രാജ്യം അങ്ങനെ വേണാടിനോടു ചേർത്തു. അപ്രകാരം അമ്പലപ്പുഴ അനന്തപുരവുമായി യോജിച്ചു ഐക്യം പ്രാപിച്ചു.

അപ്പോൾ അമ്പലപ്പുഴ എന്നൊരു രാജ്യമില്ലാതായി. അമ്പലപ്പുഴയിലെ അന്തിമ രാജാവായ ദേവനാരായണൻ എല്ലാം വിട്ടു കൊടുത്തു വിടവാങ്ങി. കുടമാളൂരേയ്ക്കു തന്നെ താമസം മാറ്റി പോകുന്ന സമയത്ത് ബ്രാഹ്മണനായ അദ്ദേഹം ഒരു ശാപം നല്കി. വേണാട്ടു കൊട്ടാരത്തിലെ സ്ത്രീപ്രജകൾ ഇവിടെ അന്തിയുറങ്ങിയാൽ സർപ്പദംശനമേറ്റു മൃതിയടയട്ടെ!. പല സമയ ത്തും അനന്തപുരത്തു നിന്നും റാണിമാർ ഇവിടെ വന്നിട്ടുള്ളപ്പോൾ സന്ധ്യകഴിഞ്ഞിരുന്നാൽ സർപ്പങ്ങളെ കണ്ടു ഭയപ്പെട്ടിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട് . അതിനാൽ അവർ വന്നാൽ ആലപ്പുഴ കൊട്ടാരത്തിലാണ് അന്തിയുറങ്ങിയിരുന്നത് എന്നാണ്. അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അല്പം തെക്കുമാറി ഒരു വലിയ സർപ്പക്കാവുണ്ട്. അവിടെയും യഥാവിധി പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നു. ഇന്നും അതു നിലവിലുണ്ട്. ആരാധന നടത്തുന്നുണ്ട്. ഇവിടെയും ആ അനന്തമൂർത്തിയുടെ സാന്നിദ്ധ്യം തന്നെയാണ്. തിരുവനന്തപുരത്ത് പ്രത്യക്ഷത്തിൽ അനന്തശയനം കാണപ്പെടുന്നു. മുപ്പത്തുമുക്കോടി ദേവൻമാരുടേയും സേവനത്താൽ വസിക്കുന്ന വൈകുണ്ഠനാഥനാണ് അവിടെയെങ്കിൽ ഇവിടെ അമ്പലപ്പുഴയിൽ പാർത്ഥസാരഥിയായി വാണിരുന്ന ദ്വാരകാനാഥൻ. രണ്ടും ഒന്നു തന്നെ . ആകാരത്തിൽ അല്പവ്യത്യാസം മാത്രം. ഈ രണ്ടുമൂർത്തികളേയും പ്രത്യക്ഷീകരിച്ചത് വില്വമംഗലം സ്വാമിയാർ.

ഭൂമിയിലെ വൈകുണ്ഡമാണ് അനന്തപുരമെങ്കിൽ അമ്പലപ്പുഴ ദക്ഷിണദ്വാരകയാണ്. രണ്ടിന്റേയും അധിപതിഒന്നു തന്നെ. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കര കൂട്ടിലാണ് നിർമ്മിച്ചിരിക്കുന്നത് . ആയിരം കൽമണ്ഡപവും സപ്തസ്വരസംഗീതം പൊഴിയ്ക്കുന്ന കൽതൂണുകളും അത്യുഗ്രമായ ഹനുമൽവിഗ്രഹവും അവിടുത്തെ പ്രത്യേകതയാണ്. ഇവിടുത്തെ വിഗ്രഹം ദേവനിർമ്മിതശിലാരൂപമാണ്. ഇക്കാലത്ത് അമ്പലപ്പുഴയും തിരുവനന്തപുരവും , (അമ്പലപ്പുഴ ശ്രീകൃഷ്ണ നും തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമിയും) അതിശയ തരമാം വിധം യശസ്സിന്റെ കൊടുമുടിയിലാണ് . ശ്രീ കൃഷ്ണന് ഇവിടെ സന്ധ്യാവേളയിൽ ദശാവതാരരൂപങ്ങൾ മാറി മാറി ചാർത്തുന്ന ഒരു പതിവുമുണ്ട്. കൂടാതെ മോഹിനീവേഷം ചാർത്തുക എന്നത് ഒരു പ്രത്യേകതയുമാണ്.

പരിഷ്ക്കാരത്തിന്റെ കൊടുമുടിയിൽ കഴിയുന്ന ഇക്കാലത്ത് കാടുകളെല്ലാം നാടുകളായി മാറി കൊണ്ടിരിക്കുന്നു. അനന്തൻ കാടിനും ഇന്നു പഴയനിലനില്പില്ലെന്നു കാണാം.വീരമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം വരെയുള്ള ചരിത്രത്തിന്റെ ഏടുകളിൽ അനന്തകാടിന്റെ ജീവൻ നിലനിന്നിരുന്നതായി കാണുന്നുണ്ട്. പിന്നീട് കുറെയൊക്കെ വെട്ടി തെളിച്ച് നാടായി മാറ്റിയിട്ടുണ്ട്. ഇക്കാലത്ത് അനന്തൻകാട് അനന്തപുരമായി വിരാജിക്കുന്നു . കിഴക്കൻ മലകളിലെ കാടുകൾ പോലും വെട്ടിവെട്ടി വെളുപ്പിച്ച് മനുഷ്യവാസയോഗ്യമാ ക്കുന്നതിനും കൃഷി സ്ഥലമാകുന്നതിനും മനുഷ്യർ (ആധുനിക മനുഷ്യർ) മടിക്കുന്നില്ലെന്നു കാണാം. പിന്നെ നഗരപ്രാന്തങ്ങളിലുള്ള സ്ഥലത്തെ കാടുകളെ പറ്റി ഊഹിക്കുന്നതു മാത്രം ഉത്തമം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ


No comments:

Post a Comment