ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ. Show all posts
Showing posts with label നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ. Show all posts

1 July 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 25/108 പാരിവാലൂർ – പാഴൂർ പെരും തൃക്കോവിൽ

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 25/108

പാരിവാലൂർ – പാഴൂർ പെരും തൃക്കോവിൽ

പാരിവാലൂരെന്ന ക്ഷേത്രം കണ്ടെത്താനായിട്ടില്ല. ആ പേര് രൂപാന്തരം പ്രാപിച്ച് പാഴൂരാകാൻ സാധ്യത കാണുന്നു. അവിടെയുള്ള പെരുംതൃക്കോവിൽ ക്ഷേത്രം പ്രസിദ്ധമാണ്. പാരി+ വാൽ+ ഊർ = പാരിവാലൂർ. ശുദ്ധിയുള്ള ഒരു കുമ്പിൾ ജലമെടുത്തിന്റെ സ്ഥലമെന്നാണ് അതിന്റെ അർത്ഥം. ക്ഷേത്രം മുവാറ്റുപുഴ ആറിന്റെ തീരത്താണ്. ക്ഷേത്രത്തിന്റെ. മുൻപിലും പിൻപിലും വടക്കുഭാഗത്തും നദിയൊഴുകുന്നു. പുണ്യജലപ്രവാഹത്താൽ ക്ഷേത്രസങ്കേതം പരിശുദ്ധ ശുദ്ധമാക്കുന്നു. ഈ പ്രദേശം മുഴുവൻ നമ്പൂതിരി ഭവനങ്ങൾ ആയിരുന്നു കൂറ് മത്സരം മൂത്തപ്പോൾ പന്നിയൂർ ഗ്രാമത്തിൽനിന്നും ഓടിപ്പോന്ന നമ്പൂതിരിമാരുടെ പരദേവതാക്ഷേത്രമായിരുന്നു ഇതെന്ന് കരുതുന്നു. മുൻപ് 41 ഇല്ലക്കാരുണ്ടായിരുന്നു. ഇപ്പോൾ അതിൽ അവശേഷിക്കുന്നത് 14 ഇല്ലക്കാർ മാത്രമാണ്. പടുതോൾ, പാഴൂർ, കുറൂർ, പുളിമറ്റം, പനമിറ്റം, കാഞ്ഞിരപ്പിള്ളി മുതലായവയാണ്. അതിൽ പാഴൂര് ഇല്ലക്കാർ പുഴയെ ആവാഹിച്ച് കൊണ്ടുവരാൻ പോലും പ്രാപ്തനായിരുന്ന ശങ്കരാചാര്യസ്വാമികളുടെ അനുഗ്രഹം നേടിയിരുന്ന മാതൃ ഭവനമാണ്.

എറണാകുളം ജില്ലയിലെ പിറവത്തു നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് നീങ്ങി പെരുംതൃക്കോവിലപ്പൻ – പരമശിവൻ – പരിലസിക്കുന്നു. ക്ഷേത്രോത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യ കഥ ഇങ്ങനെയാണ്; പ്രസിദ്ധനായ ജ്യോതിഷ പണ്ഡിതൻ തലക്കുളത്ത് ഭട്ടതിരിക്ക് വിജാതീയ സ്ത്രീയിലുണ്ടായ പരമ്പരയാണ് പാഴൂർ കണിയാന്മാരെന്ന് പറയപ്പെടുന്നു. പാഴൂർ കണിയാൻ പറഞ്ഞാൽ പിന്നെ അതിൽ നീക്കുപോക്കില്ലെന്നാണ് വിശ്വാസം. ഒരിക്കൽ കണിയാന്റെ അടുത്ത് ഒരു നമ്പൂതിരി ജാതകം പരിശോധിക്കാൻ എത്തിച്ചേർന്നു. കണിയാന് നമ്പൂതിരിയെ കണ്ടപ്പോൾതന്നെ കാര്യം മനസ്സിലായി. മുഖത്ത് മരണലക്ഷണമുണ്ടായിരുന്നുവത്രേ ! ഇവിടെ ഇരുത്തി താമസിപ്പിച്ചാൽ മരിച്ചുപോയേക്കുമോ എന്നുപോലും സംശയമായി. പിറ്റേന്ന് വരാൻ പറഞ്ഞു തിരുമേനിയെ മടക്കിയയച്ചു. തിരുമേനി പെരുംതൃക്കോവിൽ ചെന്ന് ഭഗവാനെ തൊഴുത് രാത്രി അവിടെ കഴിച്ചുകൂട്ടി. ക്ഷേത്രം നാശോന്മുഖമായി കിടക്കുകയായിരുന്നു. നനയാതെ കിടക്കാൻ പോലും അവിടെ ബുദ്ധിമുട്ടായിരുന്നു. ഈ മഹാക്ഷേത്രം നന്നാക്കണമെന്ന് തിരുമേനി മനസ്സിൽ തീരുമാനിച്ചു . നേരം വെളുത്തു തിരുമേനി ദർശനം കഴിഞ്ഞ് കണിയാന്റ അടുത്തുവന്നു. കണിയാൻ അത്ഭുതപ്പെട്ടു ! തിരുമേനി വലിയൊരു പുണ്യകർമ്മം ആരംഭിച്ചിരിക്കണം അല്ലെങ്കിൽ രാത്രി തന്നെ അദ്ദേഹം മരിക്കേണ്ടതായിരുന്നു. ഈശ്വരേച്ഛ നിറവേറ്റാനുള്ള ഭാഗ്യമുണ്ട്. ശിവ ക്ഷേത്രം നിർമ്മിച്ച് അങ്ങ് ശതാഭിഷേകം കഴിഞ്ഞേ മരിക്കുകയുള്ളൂ. അതിന് പെരുംതൃക്കോവിലപ്പൻ അനുഗ്രഹിച്ചിരിക്കുന്നു. പൊയ്ക്കോളൂ ഇനി ജാതകം നോക്കേണ്ട. തിരുമേനി സന്തോഷ് അവിടെനിന്ന് പോയി. ഉടനെ ക്ഷേത്രം പണിതു. വൈക്കത്തെ മഹാദേവക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചത്. അത് വൈക്കം ഗ്രാമത്തോട് കിടപിടിക്കാനായിരുന്നു എന്നഭിപ്രായവും പ്രചാരത്തിലുണ്ട് .

വലിയ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമേകി ഭഗവാൻ ശിവലിംഗത്തിൽ സാന്നിധ്യമരുളുന്നു .അഞ്ചു പൂജയും ശീവേലിയും ഉണ്ട്. എല്ലാം ഒരു മഹാക്ഷേത്രത്തിന്റെ പദവിക്കൊത്തവണ്ണം ചിട്ടയോടെ നടന്നുവരുന്നു. ഉപദേവതകൾ ശാസ്താവ്, ശ്രീകൃഷ്ണൻ, ഗണപതി, നാഗൻ എന്നിവരാണ്. ശാസ്താവിന് ശിവനോടൊപ്പം പ്രാധാന്യമുണ്ട്. കുംഭമാസത്തിലാണ് ഉത്സവം. ശിവരാത്രി ആറാട്ട് ആറ് ദിവസത്തെയാണ് ഉത്സവം. ശിവനും ശാസ്താവിനും ഒപ്പമാണ് ഉത്സവം. രണ്ടുപേർക്കും ഒപ്പം കൊടികയറും. ഉത്സവം ഗംഭീരമായി കൊണ്ടാടുന്നു. ക്ഷേത്രത്തിൽ ധാര പ്രധാനമാണ് .പക്ഷേ ഇവിടെ ജലധാര പതിവില്ല. ശിവലിംഗത്തിൽ കൂവളത്തില വെച്ച് ശംഖ് തീർത്ഥം തളിക്കുകയേ പതിവുള്ളു .കാരണം പാർവ്വതി മണ്ണുകൊണ്ടുണ്ടാക്കിയ ശിവലിംഗമാണത്രേ പരശുരാമൻ പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിലെ ഉച്ചശീവേലിക്ക് ഇവിടെ ഒരു പ്രദക്ഷിണമേ പതിവുള്ളു .ക്ഷേത്രം നിർമ്മിച്ച തച്ചന്റെ തല ചെമ്പകശ്ശേരിരാജാവ് വെട്ടിയപ്പോൾ ഭഗവാനതറിഞ്ഞ് പെട്ടെന്ന് പ്രദക്ഷിണം നിർത്തിവച്ച് അവിടേക്ക് എഴുന്നുള്ളി എന്നാണ് ഐതിഹ്യം.

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 24/108 എറണാകുളം ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 24/108

എറണാകുളം ശിവക്ഷേത്രം

എറണാകുളം നഗരമധ്യത്തിൽ പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്ത് എറണാകുളത്തപ്പൻ സർവ്വർക്കും അനുഗ്രഹങ്ങൾ വർഷിക്കുന്നു. കായൽക്കരയിൽ റോഡിന്റെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിനു മുമ്പിൽ നിർമ്മിച്ച ക്ഷേത്രകവാടം ക്ഷേത്രം തേടിവരുന്ന ഭക്തജനങ്ങൾക്ക് വഴികാട്ടിയാണ്.

ശ്രീകോവിലിനു മുകളിലുള്ള സ്വർണ്ണ താഴികക്കുടവും സ്വർണ ധ്വജവും രാജകീയ പ്രൗഢി നിലനിർത്തുന്നവയാണ്. പടിഞ്ഞാറും കിഴക്കുമുള്ള ഗോപുരങ്ങൾ സാമാന്യം വലുതാണ് .ഉദ്ദേശ്യം രണ്ട് ഏക്കറോളം വിസ്തീർണ്ണമുള്ള മണൽ വിരിച്ച മതിൽക്കകവും മതിൽക്കെട്ടും ആകർഷണമാണ്. ചുറ്റമ്പലവും വിളക്കുമാടത്തറയും ക്ഷേത്രത്തിന്റെ ആകാരഭംഗി നിലനിർത്തുന്നു. വട്ടശ്രീകോവിൽ ചെമ്പുമേഞ്ഞ് മനോഹരമാണ്. ശ്രീകോവിലിന്റെ കിഴക്കേനട തുറക്കാറില്ല. അവിടെ പാർവ്വതി സങ്കൽപമുണ്ട്. കിഴക്കേനടയിൽ വിളക്ക് വച്ചാൽ മംഗല്യസൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. പണ്ടെന്തോ കാരണത്താൽ ഈ നട വില്വമംഗലം സ്വാമിയാർ അടപ്പിച്ചതാണത്രെ!

ക്ഷേത്രത്തിൽ അഞ്ചു പൂജയും ശീവേലിയുമുണ്ട്. തന്ത്രിമാർ പുലിയന്നൂരും ചേന്നാസും ആകുന്നു. ഉപദേവന്മാർ ശാസ്താവ്, ഗണപതി ,നാഗരാജാവ്, എന്നിവരാകുന്നു. പണ്ട് ക്ഷേത്രം ചേരാനല്ലൂര് കർത്താക്കൻമാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരുമാണ് ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.

ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. ഏഴ് ദിവസം ഗംഭീരമായി എഴുന്നള്ളിപ്പും വിവിധ കലാപരിപാടികളും ലക്ഷദീപവും ഉണ്ടായിരിക്കും. തിരുവാതിര ആറാട്ട് പ്രധാനമാണ്. പ്രധാന വഴിപാടായി ആയിരത്തൊന്ന് കുടം ജലം അഭിഷേകവും എള്ള് തുലാഭാരവുമാണ് .

ക്ഷേത്രത്തിന്റെ ആവിർഭാവത്തെക്കുറിച്ച് പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കുലുമുനിയുടെ പ്രിയപ്പെട്ട ശിഷ്യനാണ് ദേവലൻ. അവനെ ഒരു ഉഗ്ര സർപ്പം കടിച്ചു. ദേവലൻ സർപ്പത്തെ ബന്ധിച്ചു. നാഗം ചത്തുപോയി. കുലുമുനി ദേവലനെ ശപിച്ചു. അവൻ നാഗർഷിയായിത്തീർന്നു. നാഗർഷിക്ക് ഒരു ദിവ്യ ശിവലിംഗം ലഭിച്ചു. അവൻ ആ ശിവലിംഗം എടുത്ത് രാമേശ്വരത്ത് ചെന്ന് ഭഗവാനെ വന്ദിച്ച് വടക്കോട്ട് തിരിച്ചു. കുറെ നടന്നു തളർന്നപ്പോൾ നാഗർഷി ശിവലിംഗം കുളക്കരയിൽവെച്ചു കുളിച്ച് ശിവനെ പൂജിച്ചു. നല്ല ക്ഷീണമുള്ളതിനാൽ അന്ന് അവിടെ വിശ്രമിച്ചു. പിറ്റേന്ന് രാവിലെ നാഗർഷി ഭഗവാനെ പൂജിച്ച് യാത്രക്കൊരുങ്ങി. എന്തൊരത്ഭുതം! വിഗ്രഹം അനങ്ങുന്നില്ല .അത് കുളക്കരയിൽ ഉറച്ചിരിക്കുന്നു. ആ പുണ്യ ഭൂമിയിലാണ് ഇന്ന് ക്ഷേത്രം ഇരിക്കുന്നത്. ശാപമോക്ഷം ലഭിച്ച നാഗർഷി മോക്ഷം പ്രാപിച്ച് അപ്രത്യക്ഷനായി. പരശുരാമൻ സാന്നിധ്യമരുളി വിഗ്രഹം പ്രതിഷ്ഠിച്ചു. യഥാവിധി പൂജിച്ചു എന്നാണ് ഐതീഹ്യം.

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 23/108 ഗോകർണ്ണം മഹാബലേശ്വര ക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 23/108

ഗോകർണ്ണം മഹാബലേശ്വര ക്ഷേത്രം

ദക്ഷിണ കർണാടകത്തിൽ പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം .

ഗോകർണത്തിൽ മഹാബലേശ്വരൻ (ശിവൻ) ഗോകർണനായിക (പാർവതി) യോടൊപ്പം ആത്മലിംഗത്തിൽ സാന്നിധ്യമരുളി പടിഞ്ഞാട്ട് അഭിമുഖമായി അധിവസിക്കുന്നു. ശിവലിംഗത്തിന് ഒരാൾ ഉയരമുണ്ട്. സാളഗ്രാമപീoത്തിലുള്ള ദ്വാരത്തിലൂടെ നോക്കിയാൽ ആത്മ ലിംഗത്തിന്റെ നെറുക ദർശിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഗോകർണം ഉൾപ്പെടെ ഏഴ് മുക്തി സ്ഥലങ്ങളുണ്ട്. തമിഴ്, ഉടുപ്പി, കൊല്ലൂര്, സുബ്രഹ്മണ്യ, കുംബസി, കോടേശ്വര, ഗോകർണം, എന്നിവയാണ് ആ ഏഴ് പുണ്യസ്ഥലങ്ങൾ. എല്ലാം പരശുരാമൻ പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. സമുദ്രസ്നാനം ചെയ്ത് ക്ഷേത്രദർശനം ചെയ്യണമെന്ന് പഴമൊഴി. ഗോകർണ ദർശനം സാധിച്ചാൽ പുനർജന്മത്തിൽ നിന്ന് മുക്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവരാത്രിയാണ് ഉത്സവം. അന്ന് ഭഗവാനെ രഥത്തിലാണ് എഴുന്നള്ളിക്കുന്നത്. ഉപദേവന്മാർ ഗണപതി, ചണ്ഡികേശ്വരൻ, ആദിഗോകർണേശൻ, ദത്താത്രേയൻ ഇവരാണ്. കോടി തീർത്ഥകുളം പ്രസിദ്ധമാണ്. കോടി തീർത്ഥകുളം ഗരുഡൻ നിർമ്മിച്ചതാണെന്ന് ഐതിഹ്യം. തീർത്ഥ കുളത്തിനരികിൽ ഒരു കൃഷ്ണക്ഷേത്രവും വെങ്കിടേശ്വര പ്രതിഷ്ഠയുമുണ്ട്.

ഗോകർണ്ണ ക്ഷേത്രത്തെക്കുറിച്ചും പുരാണഗ്രന്ഥങ്ങളിൽ പരാമർശങ്ങൾ കാണുന്നതുകൊണ്ട് ക്ഷേത്രം പണ്ടുമുതൽക്കുതന്നെ വിഖ്യാതമായിരുന്നു. ദിനംപ്രതി തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നതും അതുകൊണ്ടാണല്ലോ?

ക്ഷേത്രോത്സവത്തെപ്പറ്റിയുള്ള ഐതിഹ്യ നിറച്ചാർത്ത് ഇങ്ങനെയാണ്; സൃഷ്ടിയുടെ ആരംഭത്തിൽ ബ്രഹ്മാവിനാൽ ആദ്യം സൃഷ്ടിക്കപ്പെട്ടവരാണ് സനകാദി നാല് പുത്രന്മാർ. അവരാകട്ടെ ബ്രഹ്മാവിനാൽ സൃഷ്ടിക്കുവേണ്ടി പ്രേരിപ്പിക്കപ്പെട്ടിട്ടും ആ വാക്ക് വകവച്ചില്ല. ബ്രഹ്മാവിന് കോപം അടക്കാൻ വയ്യാതായി. പുരികക്കൊടികളുടെ ഇടയിൽ നിന്ന് മൃഡൻ (ശിവൻ) ഉത്ഭവിച്ചു. അവന് രുദ്രൻ എന്ന പേര് നൽകി. രുദ്രനോട് പ്രജകളെ സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. രുദ്രൻ പാതാളത്തിലേക്ക് പോയി. സൃഷ്ടി ആരംഭിച്ചു. രുദ്ര സൃഷ്ടി കണ്ട് ഭയപ്പെട്ട് ബ്രഹ്മാവ് അത് തടഞ്ഞു. അത് രുദ്രന് ഇഷ്ടപ്പെട്ടില്ല. ഭഗവാൻ കോപിച്ച് പാതാളത്തിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങി. അപ്പോൾ ഭൂമിദേവി രുദ്രനെ തടഞ്ഞു. രുദ്രൻ തൻറെ ശരീരം ചെറുതാക്കി ഭൂമിദേവിയുടെ ചെവിയിൽ കൂടി പുറത്തു കടന്നു. ഭഗവാൻ ഭൂമിദേവിയെ വർന്ദിച്ചു. ഗോവിന്റെ കർണത്തിൽ കൂടി ഭഗവാൻ പുറത്തു വന്നതുകൊണ്ട് ആ സ്ഥലം ഗോകർണം എന്ന പേരിൽ അറിയപ്പെട്ടു. ഭൂമിദേവിയുടെ – ഗോവിന്റെ – ഗർഭത്തിൽ നിന്ന് രുദ്രൻ പിറന്നതുകൊണ്ട് ആ പ്രദേശത്തിന് രുദ്ര യോനി എന്നും പേരുണ്ട്. ആത്മലിംഗസങ്കല്പത്തിന്റെ പൊരുൾ ഈ കഥയാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രതിഷ്ഠക്ക് അടിസ്ഥാനമായി മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. രാവണൻ ശിവനെ കൈലാസത്തിൽ പോയി തപസ്സു ചെയ്തു പ്രീതിപ്പെടുത്തി വരം വാങ്ങി. പ്രതിഷ്ഠിക്കാൻ ശിവലിംഗവും കൊണ്ട് ഭൂമിയിലേക്ക് പ്രവേശിച്ചു. ശിവലിംഗം എവിടെ വെക്കുന്നുവോ അവിടെ പ്രതിഷ്ഠിക്കപ്പെടുഷ്ടിക്കമെന്നാണ് ഭഗവാൻ പറഞ്ഞിരുന്നത്. ഗണപതിവിഗ്രഹം ഗോകർണത്തിൽ വെപ്പിക്കാൻ ബ്രാഹ്മണനായി ചമഞ്ഞ് രാവണനെ പറ്റിച്ചു. അങ്ങനെ ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ പരശുരാമ പ്രതിഷ്ഠയാണെന്ന വിശ്വാസമാണ് കൂടുതൽ പ്രബലം. 40 വർഷം കൂടുമ്പോൾ ശിവലിംഗം അഷ്ടബന്ധമിട്ട് ഉറപ്പിച്ച് കുംഭാഭിഷേകം പതിവുണ്ടെന്ന് പറയപ്പെടുന്നു.

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 22/108 കൈനൂർ ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 22/108

കൈനൂർ ശിവക്ഷേത്രം

തൃശൂരിൽ നിന്നും മന്ദാമംഗലം പുത്തൂർ ബസ്സിൽ ഏകദേശം പന്ത്രണ്ട് കിലോമീറ്റർ തെക്ക് കിഴക്ക് സഞ്ചരിച്ചാൽ കൈനൂർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഇറങ്ങാം. അവിടെനിന്നും ഒരു കിലോമീറ്റർ പോയാൽ ക്ഷേത്രത്തിനു മുന്നിലെത്താം. ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്ന കൈനൂർ ഗ്രാമത്തിൽ, ബ്രാഹ്മണാധിപത്യ കാലത്തെ പ്രൗഢി അയവിറക്കികൊണ്ട് മഹാദേവൻ ശോഭിക്കുന്നു.

കിരങ്ങാട്ടെ മന വകയായിരുന്നു ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനം. ധാരാളം സമ്പത്തും പ്രഭാവവും ഉണ്ടായിരുന്ന കിരങ്ങാട്ടു മന നാടിന്റെ സമ്പദ്‌വ്യവസ്ഥയിൽ പങ്കാളിയായിരുന്ന കാലത്ത് ക്ഷേത്രം കൈനൂർ ഗ്രാമത്തിന്റെ തൊടുകുറിയായി തിളങ്ങിയിരുന്നു. ഊട്ടും മുറജപവും സദ്യയും ആ ക്ഷേത്രസങ്കേതത്തെ ഉണർവുള്ളതാക്കി തീർത്തു .പട്ടിണി പാടെ മറന്ന് ഗ്രാമവാസികൾ മഹാദേവനെ വാഴ്ത്തി സ്തുതിച്ചു. അന്ന് ഉത്സവം വളരെ കേമമായി ആഘോഷിച്ചിരുന്നു. പിന്നീട് ഭൂപരിഷ്കരണ നിയമം വന്നപ്പോൾ കിരങ്ങാട്ടുമന തളർന്നു. ഭൂമിയെല്ലാം നഷ്ടപ്പെട്ടപ്പോൾ വരുമാനം കണക്കുപുസ്തകങ്ങളിൽ മാത്രമൊതുങ്ങി. നിവേദ്യത്തിനുപോലും വകയില്ലാതായി. ക്ഷേത്ര ഭരണം കയ്യാളാൻ ആളില്ലാതായി തീർന്നു. പക്ഷേ കൈനൂർ വാസികൾക്ക് ദേവനെ മറക്കാൻ കഴിയില്ല. അവർ സംഘടിച്ച് ജനപങ്കാളിത്തത്തോടെ ശിവക്ഷേത്ര സേവാ സമിതി രൂപവൽക്കരിച്ച് ക്ഷേത്ര ഭരണം ഏറ്റെടുത്തു നടത്താൻ തുടങ്ങി. ഉത്സവം പ്രതിഷ്ഠാദിനമായ മേടത്തിലെ രോഹിണിയിൽ ഒതുക്കിനിർത്തി ആഘോഷിക്കുന്നു. തന്ത്രിസ്ഥാനം പെരുമ്പടപ്പ് മലയിലേക്കാണ്. ധാരാളം ഉത്സവബലി നടത്തിയിട്ടുള്ള തിരുമേനി ശ്രീഭൂതബലിയും നവകവും നടത്തി ദേവനെ ആരാധിച്ച് തൃപ്തിപ്പെടുത്തി.

സാമാന്യം തരക്കേടില്ലാത്ത ഗോപുരവും നടപ്പുരയുമുണ്ട്. കൊടിമരം ഇല്ല. ദീപസ്തംഭം പഴയ കാല വൈഭവം ഓർമ്മിപ്പിക്കുന്നു. വലിയ ബലിക്കല്ല് ഉത്സവകാല കഥയെ ഓർമ്മിപ്പിക്കുന്നു. നമസ്കാരമണ്ഡപം ചെറുതാണ്. മണ്ഡപത്തിൽ നന്ദിയുണ്ട്. നാലമ്പലവും പ്രദക്ഷിണവഴിയും മതിൽക്കെട്ടും കുളവുമെല്ലാം ഉന്നതനിലവാരം പുലർത്തുന്നതല്ലെങ്കിലും കേരളതനിമ വെളിവാക്കുന്നതാണ്.

മനോഹരമായ ചതുര ശ്രീകോവിൽ രണ്ടുനിലയിൽ പുത്തൻ നിർമ്മാണ ശൈലിയിൽ നിർമിച്ചതാണെങ്കിലും പഴയ കാല വൈഭവം വിളിച്ചറിയിക്കുന്ന വിധത്തിലാണ്. ഗർഭഗൃഹമുണ്ട്. അതിനുചുറ്റും ഇടനാഴിയും. പീഠത്തിൽ നിന്ന് മൂന്നടി ഉയരമുള്ള ശിവലിംഗത്തിൽ ദേവൻ വാണരുളുന്നു. പാർവതിയുടെ പ്രത്യേക പ്രതിഷ്ഠയില്ല. പിൻ വിളക്ക് തെളിയിച്ച് ദേവിയുടെ സാന്നിധ്യം ശ്രീകോവിൽ ഉണ്ടെന്ന് സങ്കൽപ്പിക്കുന്നു. മതിലകത്തിന് ഏകദേശം മുക്കാൽ ഏക്കർ വിസ്തീർണ്ണമുണ്ട് ഉപദേവൻ ഗണപതി മാത്രം.

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 21/108 ഐരാണിക്കുളം മഹാദേവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 21/108

ഐരാണിക്കുളം മഹാദേവക്ഷേത്രം

പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രംതൃശൂർ ജില്ലയിൽ മാളയിൽ നിന്നും ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂരിലേക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണ് സങ്കല്പം.

ക്ഷേത്രത്തിൽ രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്, തെക്കേടത്തപ്പനും വടക്കേടത്തപ്പനും. രണ്ടും ശിവൻ തന്നെയാണ്. കിഴക്കോട്ടാണ്ദർശനം. സമീപകാലത്തു നടന്ന പുനരുദ്ധാരണത്തിൽ തകർന്ന വിഗ്രഹംമാറ്റി പഞ്ചലോഹത്തിൽ പുതിയതു പ്രതിഷ്ഠിച്ചു. തെക്കേടത്തപ്പൻ സാമാന്യം വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗപ്രതിഷ്ഠയാണ്. വടക്കേടത്തപ്പന്റെ ശ്രീകോവിലിൽ ശിവനും പാർവ്വതിയും സുബ്രഹ്മണ്യനും ഒരേ പീഠത്തിൽ വസിക്കുന്നു. മൂന്നും പഞ്ചലോഹ വിഗ്രഹങ്ങളാണ്. കേരളത്തിലെന്നല്ല, ഭാരതത്തിലെത്തന്നെ അപൂർവ്വമായിട്ടുള്ള വിഗ്രഹരൂപത്തിലെ ശിവപ്രതിഷ്ഠകളിൽ ഒന്നാണ് ഇത്. നിലയില്ലാത്ത ചതുരാകൃതിയിലുള്ള ശ്രീകോവിലാണ്.

ക്ഷേത്രത്തിൽ നിന്നും ക്ഷേത്രവ്യവസ്ഥ ലംഘിക്കുന്നവർക്കുള്ള ശിക്ഷ, ക്ഷേത്രത്തിന് ദാനം കിട്ടിയ സ്വത്തുവിവരം മുതലായവ രേഖപ്പെടുത്തിയ ധാരാളം ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അറുപത്തിനാലു ഗ്രാമങ്ങളിൽ ഒന്നായ ഐരാണിക്കുളം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ഇത്. ചേരന്മാരുടെഭരണം ദുർബ്ബലമായപ്പോൾ ക്ഷേത്രഭരണം നമ്പൂതിരിമാരുടെ കയ്യിലായി. എന്നാൽ അവർ തമ്മിലുള്ള ആഭ്യന്തരകലഹം മൂത്തപ്പോൾ ഭരണകർത്താക്കളായിരുന്ന ഇല്ലക്കാർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് രണ്ട് പ്രതിഷ്ഠ നടത്തിയെന്നും അതിനാലാണ് ക്ഷേത്രത്തിൽ രണ്ട് ശിവപ്രതിഷ്ഠ വന്നതെന്നും പറയപ്പെടുന്നു. അവ തെക്കേടത്തപ്പനെന്നും വടക്കേടത്തപ്പനെന്നും അറിയപ്പെടുന്നു.

ആദ്യകാലത്ത് വൃശ്ചികമാസത്തിലെതിരുവാതിര കൊടികയറി ധനുമാസത്തിലെതിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവമുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. എന്നാൽ ഇന്ന് ധനുമാസത്തിലെ തിരുവാതിര ആറാട്ടായി 8 ദിവസം മാത്രമേ ഉത്സവം കൊണ്ടാടുന്നുള്ളൂ. കൊടിമരമില്ലാത്തതിനാൽ താത്കാലികമായി അടയ്ക്കാമരം കൊണ്ട് അത് നിർമ്മിച്ചാണ് കൊടിയേറ്റം.

തന്ത്രി താമരശ്ശേരി മേയ്ക്കാടാണ്. ഗണപതിയും നാഗദൈവങ്ങളുംശാസ്താവും ഭഗവതിയും ഉപദേവതകൾ. കൂടാതെ വടക്കുഭാഗത്ത് കീഴ്തൃക്കോവിലിൽ മഹാവിഷ്ണുവും വാണരുളുന്നു. ക്ഷേത്രത്തിൽ നിത്യവും മൂന്നുനേരം പൂജയുണ്ട്‌. ആദ്യം തെക്കേടത്തപ്പനാണ് പൂജ. അതിനുശേഷമേ മറ്റുള്ള ദേവന്മാർക്ക് പൂജയുള്ളൂ.

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 20/108 അഷ്ടമംഗലം ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 20/108

അഷ്ടമംഗലം ശിവക്ഷേത്രം

തൃശൂർ നഗരത്തിൽനിന്നും കാഞ്ഞാണി ബസിൽ കയറി എൽത്തുരുത്ത് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും സെൻറ് അലോഷ്യസ് കോളേജിലേക്ക് പോകുന്ന വഴിക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ പിൻവശത്തുള്ള വിസ്തൃതമായ ക്ഷേത്ര പറമ്പിൽ എത്താം. പറമ്പിന്റെ കിഴക്കേ അറ്റത്താണ് ക്ഷേത്രം. ക്ഷേത്രത്തിന് ഗോപുരമോ അലങ്കാര കവാടമോ ഒന്നുംതന്നെയില്ല. പ്രവേശന ദ്വാരത്തിൽ ക്ഷേത്രത്തിന്റെയും ഉടമസ്ഥനായ ദേവസ്വം ബോർഡിന്റെയും പേര് എഴുതിവച്ച ബോർഡ് കാണാം.

വിശാലമായ മൈതാനത്തിലൂടെനടന്ന് ക്ഷേത്രനടയിലെത്താം. കിഴക്കോട്ടാണ് ദർശനം. മുന്നിൽ ഒരു വലിയ കുളമുണ്ട്. കരയിൽ ഒരാലും. ആലിനും ക്ഷേത്രത്തിനുമിടയ്ക്ക് വെട്ടുകല്ലിൽ മിനുസപ്പെടുത്തി പണിത വലിയ ബലിക്കല്ല് ഉണ്ട്. ആൽ മരത്തിനും കുളത്തിനും ബലിക്കല്ലിനുമെല്ലാം ശോക കഥകളെപറയാനുള്ളൂ.

ക്ഷേത്രത്തിലെ ദേവൻ ശിവലിംഗത്തിൽ സാന്നിധ്യം ചെയ്യുന്നു. ലിംഗത്തിന് പീഡനത്തിൽനിന്ന് രണ്ടടി ഉയരം കാണും. മനോഹരമായ വട്ടശ്രീകോവിൽ. കലാപരമായ മേന്മയൊന്നും പറയാനില്ലെങ്കിലും ശ്രീകോവിൽ തികച്ചും ശില്പചാതുരിയോടെ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹ മുണ്ട്. ഗർഭഗൃഹത്തിൽ ചുറ്റും നടക്കാവുന്ന രീതിയിൽ ഇടനാഴിയുണ്ട്. ഉപപ്രതിഷ്ഠകൾ ഒന്നും തന്നെ ഇല്ല .മുമ്പിൽ ചെറിയ നമസ്കാരമണ്ഡപമുണ്ട്. ചുറ്റമ്പലം ഇല്ല. അതിന്റെ സ്ഥാനത്ത് മതിൽ കെട്ടി ക്ഷേത്രത്തെ വിസ്തൃതമായ പറമ്പിൽനിന്ന് സംരക്ഷിച്ചിരിക്കുന്നു. കിഴക്കുഭാഗത്ത് കാണുന്ന വലിയമ്പലത്തിന്റെ ഒരുഭാഗത്ത് തിടപ്പള്ളിയും ക്ഷേത്ര കിണറും ഉണ്ട്. ശിവൻ രൗദ്രഭാവത്തിലായതുകൊണ്ടാണ് ക്ഷേത്രത്തിന് മുന്നിൽ കുളമുള്ളതത്രെ.! ഭഗവാൻ ജലത്തിലേക്ക് ദർശനം ചെയ്തിരിക്കുന്നു. തന്ത്രിസ്ഥാനം പുലിയന്നൂർ മനയിലേക്കാണ് രണ്ട് പൂജയുണ്ട്. കന്നി മാസത്തിലെ തിരുവാതിരക്ക് തന്ത്രിപൂജയും, ശിവരാത്രി ആഘോഷവും പതിവുണ്ട്.

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 19/108 വെള്ളൂർ പെരിന്തട്ട ശിവക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 19/108

വെള്ളൂർ പെരിന്തട്ട ശിവക്ഷേത്രം

കോട്ടയം ജില്ലയിൽ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിക്ക് അടുത്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങൾ കണ്ട് രസിച്ചു കൊണ്ട് ഒരു കുന്നിൻ നെറുകയിൽ ശിവലിംഗത്തിൽ സാന്നിധ്യം കൊണ്ട് മഹാദേവൻ വിരാജിക്കുന്നു. ശിവലിംഗത്തിന് സാമാന്യ വലിപ്പമുണ്ട്. ഒരു മഹാക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് എന്തുകൊണ്ടും യോഗ്യമാണ് എന്ന് തോന്നിപ്പോകും. കിഴക്കോട്ടാണ് ദർശനം. മൂലക്ഷേത്രം മുമ്പ് അഗ്നിക്കിരയായിട്ടുണ്ടത്രേ! അക്കാലത്ത് ക്ഷേത്രത്തിൽ ഗംഭീരമായി ഉത്സവം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൂവാറ്റുപുഴയിലായിരുന്നു ആറാട്ട്. ഉത്സവം മുടങ്ങിയത് ക്ഷേത്രം കൊള്ളയടിക്കപ്പെട്ട് നശിച്ചപ്പോഴാണെന്നും അഭിപ്രായമുണ്ട്. ഇപ്പോൾ ശിവരാത്രി മാത്രമേ ആഘോഷിച്ചുവരുന്നുള്ളൂ. രണ്ടുനേരം പൂജയുണ്ട്. ഉപദേവനായി ശ്രീകൃഷ്ണനും അയ്യപ്പനും. പ്രതിഷ്ഠക്ക് മൂല ക്ഷേത്രത്തോളം പഴക്കം അവകാശപ്പെടാൻ കഴിയില്ല.

ക്ഷേത്രത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ള ഒരു ഐതിഹ്യം ഏതാണ്ട് ഇങ്ങനെയാണ്. തെക്കുംകൂർ രാജാവിന്റെതായിരുന്നു ക്ഷേത്രം. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, എന്നീ പ്രദേശങ്ങൾ അധീനതയിലായിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ സാമന്തരന്മാരായിരുന്ന അവർ തിരുവിതാംകൂറിന് എതിരായ യുദ്ധത്തിൽ പരാജയപ്പെട്ടു. ക്ഷേത്രം തിരുവിതാംകൂറിന് കൊടുക്കുന്നത് തെക്കുംകൂറിന് ഇഷ്ടമല്ലായിരുന്നു. തോൽവി ഉണ്ടാകുമെന്ന് തീർച്ചയായപ്പോൾ അതിനുമുമ്പായി ക്ഷേത്രം ചാലിയം പുറം തിരുമേനിക്ക് ദാനം ചെയ്തു. തിരുമേനി മഹാദേവനെ ഭജിച്ച് ക്ഷേത്രം പരിപാലിച്ചു പോന്നു. അപ്പോഴേക്കും മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കുംകൂർ പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. ക്ഷേത്രം വിട്ടുകൊടുക്കാൻ തിരുമേനിയോട് ആവശ്യപ്പെട്ടു. തിരുമേനി വിട്ടുകൊടുത്തില്ല. അത്രയ്ക്ക് ഭക്തിയായിരുന്നു മഹാദേവനോട്. വിവരം അറിഞ്ഞു കുപിതനായ തിരുവിതാംകൂർ രാജാവ് തിരുമേനി അനുസരിപ്പിക്കാൻ ഭടൻമാരെ വിട്ടു. തിരുമേനി ക്ഷേത്രത്തിന് തീവെച്ച് ക്ഷേത്രത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. ഐതിഹ്യ കഥ പൂർണമായി വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കഥയിൽ സത്യത്തിന്റെ മിന്നലാട്ടം ഉണ്ടായിക്കൂടെന്നില്ല. നാട്ടുകാരുടെ കമ്മിറ്റി ക്ഷേത്രഭരണം നിർവഹിക്കുന്നു. വെള്ളൂർ ശിവക്ഷേത്രം എന്നപേരിൽ വെള്ളൂരിൽ മറ്റൊരു ശിവക്ഷേത്രമുണ്ട്. അതും 108 ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്നു.