ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 January 2017

വരണമാല്യം

വരണമാല്യം

വിവാഹവേളയിൽ സ്ത്രീ പുരുഷനും, പുരുഷൻ സ്ത്രീക്കും മാല ചാർത്തുന്ന ചടങ്ങാണ് വരണമാല്യം ചാർത്തൽ. മൃഗചാപല്യത്തോടെ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന വിദേശിയുടെ അസഭ്യവും നിഷ്കൃഷ്ടവുമായ വിവാഹബോധത്തെക്കാൾ എത്രയോ ആഴമുള്ളതും പവിത്രവും ആണ് ഹിന്ദുവിന്റെ ഈ ആചാരതലം. വിദേശിക്ക് വിവാഹം വെറുമൊരു ഇന്ദ്രിയശാന്തി മാത്രമാണെങ്കിൽ ഭാരതീയ ഹിന്ദുവിന് അത് ഈശ്വര പ്രാപ്തിക്കുള്ള ലക്ഷ്യമാണെന്ന് വിവാഹ ചടങ്ങിലൂടെ പ്രകടിപ്പിക്കുന്നു.

മാല പൂക്കൾ കൊണ്ട് നിർമ്മിച്ചതാണല്ലോ. പൂക്കൾ ആകാശ പ്രതീകമാണ്. ആകാശത്തിനുള്ള ഗുണം ശബ്ദമാണ്. ഒരു ചെടിയുടെ ശബ്ദം അതിന്റെ പൂവാണ്. പൂക്കൾ കൊണ്ട് കോർത്തിണക്കിയ മാലയാകട്ടെ ഈ വിശ്വത്തിലെ സകല വാക്കുകളേയും ശബ്ദങ്ങളേയും കുറിക്കുന്നു.

സകല ശബ്ദത്തിന്റെയും മൂലം വേദമാണ്. അപ്പോൾ പുഷ്പമാല്യം എന്നാൽ വേദമെന്നര്‍ത്ഥം. വേദമെന്നാൽ കർമ്മം, ഉപാസന, ജ്ഞാനം എന്നീ മൂന്നു കാണ്ഡങ്ങൽ അടങ്ങിയ ആധികാരിക നിയമഗ്രന്ഥം. ഈശ്വരനാകുന്ന പുരുഷൻ മന്ത്രങ്ങളും ഛന്ദസ്സുകളുമാകുന്ന പൂക്കൾ കൊണ്ട് കോർത്തിണക്കിയ മാല ധരിച്ചിരിക്കുന്നു ( മഹാവിഷ്ണുവിന്റെ വനമാല ). പുരുഷൻ സൃഷ്ടിയിലെ ചില നിയമങ്ങളെ പാലിക്കുവാൻ നിര്‍ബ്ബന്ധിതനാണ്. സ്ത്രീയുടെ കർമ്മമാകട്ടെ പുരുഷനെ ഈ നിയമം നില നിർത്താൻ നിയോഗിക്കുകയും, അവൾ തന്റെ പാതിവ്രത്യം, ശുചിത്വം, സ്നേഹം, സത്യം, പവിത്രത തുടങ്ങിയ ശീല ഗുണങ്ങളാൽ പുരുഷന് ബന്ധനരൂപമായ ഈ പ്രപഞ്ചത്തിന്റെ തടസ്സങ്ങളെ അതിജീവിപ്പിച്ച് ധർമ്മിഷ്ഠനും, ദയാലുവും, നീതിമാനും, ഈശ്വരഭക്തനുമാക്കി മാറ്റണം.അതുകൊണ്ട് അവൾ ധർമ്മപത്നി എന്ന പദവിക്ക് അർഹതയുള്ളവളായിത്തീരുന്നു.

ആദ്യം സ്ത്രീ പൂമാല കൈയിലേന്തി ഇതാ, ” വേദരൂപമായ ഈ മാല താങ്കൾക്കായി ഞാൻ അർപ്പിക്കുന്നു. താങ്കളെ എന്റെ ആദ്ധ്യാത്മികമായ ഒരു ജീവിതത്തിന്റെ ആചാര്യനായി ഇതാ വരിക്കുന്നു.” എന്ന അർത്ഥത്തിൽ കണ്ഠമായ പ്രാണസ്ഥാനത്തിൽ അർപ്പിക്കുന്നു. ഈ മാല ശ്രോതം ( ചെവി ), ചുണ്ട്, കണ്ഠം, ഹൃദയം, നാഭി, ലിംഗമൂലം ഇത്രയും ഭാഗത്തിൽ സ്പർശിച്ച് ശോഭിക്കുന്നു. ഈ ഭാഗമത്രയും വേദവും യജ്ഞവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെവി ജ്ഞാനപ്രാപ്തിയും, ചുണ്ട് നല്ലവാക്കിനേയും, കണ്ഠം പ്രാർത്ഥനയുടേയും, ഹൃദയം ശുദ്ധിയുടേയും, നാഭി പൂർവ്വസംസ്കാരത്തിന്റേയും, ലിംഗം അടുത്ത സംസ്കാരത്തിന്റേയും പ്രതീകമാണ്. വേദത്തിന്റെ ലക്ഷ്യമായ ഈശ്വരപ്രാപ്തിക്ക് ഈ ആറു ഭാഗങ്ങളും അത്യന്താപേക്ഷിതമാണ്. അപ്പോൾ മാലചാർത്തൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പൂക്കളാകുന്ന വേദപ്രമാണങ്ങളെ ഈശ്വരനാകുന്ന നൂലിഴയിൽ കോർത്ത് സംരക്ഷിക്കുക എന്ന ഉപദേശമാണ്.

പുരുഷൻ രണ്ടാമതാണ്‌ സ്ത്രീക്ക് മാല ചാർത്തുന്നത്. ഇതും നേരത്തെ സൂചിപ്പിച്ചമാതിരി ആറംഗങ്ങളിലും സ്പർശിച്ചാണ് കിടക്കുന്നത്. ഈ മാല പുരുഷന്റെ കർമ്മ സ്വരൂപമാണ്. കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം എന്നീ ബന്ധനരൂപങ്ങൾ സ്ത്രീയുടെ ആറു അംഗങ്ങളിൽ യഥാക്രമം അധോഭാഗം കാമസ്വരൂപവും, കണ്ഠം ക്രോധസ്വരൂപവും, ഹൃദയം മോഹനനാളവും, നാഭി ലോഭത്തിന്റേയും, ചുണ്ട് അഹങ്കാരഭാഷയുടെയും, ചെവികൾ മത്സരബുദ്ധിയുടെ ശ്രദ്ധയേയും ചൂണ്ടിക്കാട്ടുന്നു. വേദമന്ത്രാത്മകമായ മാലയാൽ താൻ ഈ ആറു വികാരങ്ങളേയും യഥാവിധി സംയോജിപ്പിച്ച് സംയമനം ചെയ്യും എന്നാണ് പുരുഷന്റെ ഈ മാല ചാർത്തലിലുള്ളത്.

ഉപനിഷതകഥകൾ - 6 [ദേഷ്യം വരുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?]

ഉപനിഷതകഥകൾ - 6

മനുഷ്യർ ദേഷ്യം വരുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?

ഒരിക്കൽ ഒരു ഗുരു തൻറെ ശിഷ്യന്മാരോട് ചോദിച്ചു. ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി.
"മനസ്സിൽ ദേഷ്യം നുരഞ്ഞ് പൊന്തുമ്പോൾ ശാന്തത നഷ്ടപെടും അതുകൊണ്ട്"
"അതിന് തൊട്ടടുത്ത് നിൽക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ? ശബ്ദം കുറച്ച് സംസാരിച്ചാലും അടുത്ത് നിൽക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ? പിന്നെ എന്തിന് ഉച്ചത്തിൽ അലറണം?"
അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി...
അപ്പോൾ ഗുരു പറഞ്ഞു....
"രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിൽ ആയിരിക്കും സ്ഥിതി ചെയ്യുന്നത്. ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്. നേരേ മറിച്ച് സ്നേഹിക്കുന്ന രണ്ടുപേരേ നോക്കു... അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് ആശയം കൈമാറുന്നത്...! ഹൃദയത്തിൻറെ അടുപ്പം പലപ്പോഴും ശബ്ദത്തിൻറെ ആവശ്യം ഇല്ലതാക്കും...ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും"


30 January 2017

ശ്രീ ദേവീ ഖഡ്ഗമാലാ സ്തോത്രമ്

ശ്രീ ദേവീ ഖഡ്ഗമാലാ സ്തോത്രമ്

ശ്രീ ദേവീ പ്രാര്ഥന
ഹ്രീംകാരാസനഗര്ഭിതാനലശിഖാം സൗഃ ക്ലീം കളാം ബിഭ്രതീം
സൗവര്ണാംബരധാരിണീം വരസുധാധൗതാം ത്രിനേത്രോജ്ജ്വലാമ് |
വംദേ പുസ്തകപാശമംകുശധരാം സ്രഗ്ഭൂഷിതാമുജ്ജ്വലാം
ത്വാം ഗൗരീം ത്രിപുരാം പരാത്പരകളാം ശ്രീചക്രസംചാരിണീമ് ||

അസ്യ ശ്രീ ശുദ്ധശക്തിമാലാമഹാമംത്രസ്യ, ഉപസ്ഥേംദ്രിയാധിഷ്ഠായീ വരുണാദിത്യ ഋഷയഃ ദേവീ ഗായത്രീ ഛംദഃ സാത്വിക കകാരഭട്ടാരകപീഠസ്ഥിത കാമേശ്വരാംകനിലയാ മഹാകാമേശ്വരീ ശ്രീ ലലിതാ ഭട്ടാരികാ ദേവതാ, ഐം ബീജം ക്ലീം ശക്തിഃ, സൗഃ കീലകം മമ ഖഡ്ഗസിദ്ധ്യര്ഥേ സര്വാഭീഷ്ടസിദ്ധ്യര്ഥേ ജപേ വിനിയോഗഃ, മൂലമംത്രേണ ഷഡംഗന്യാസം കുര്യാത് |

ധ്യാനമ്
ആരക്താഭാംത്രിണേത്രാമരുണിമവസനാം രത്നതാടംകരമ്യാമ്
ഹസ്താംഭോജൈസ്സപാശാംകുശമദനധനുസ്സായകൈര്വിസ്ഫുരംതീമ് |
ആപീനോത്തുംഗവക്ഷോരുഹകലശലുഠത്താരഹാരോജ്ജ്വലാംഗീം
ധ്യായേദംഭോരുഹസ്ഥാമരുണിമവസനാമീശ്വരീമീശ്വരാണാമ് ||

ലമിത്യാദിപംച പൂജാമ് കുര്യാത്, യഥാശക്തി മൂലമംത്രമ് ജപേത് |

ലം - പൃഥിവീതത്ത്വാത്മികായൈ ശ്രീ ലലിതാത്രിപുരസുംദരീ പരാഭട്ടാരികായൈ ഗംധം പരികല്പയാമി - നമഃ
ഹം - ആകാശതത്ത്വാത്മികായൈ ശ്രീ ലലിതാത്രിപുരസുംദരീ പരാഭട്ടാരികായൈ പുഷ്പം പരികല്പയാമി - നമഃ
യം - വായുതത്ത്വാത്മികായൈ ശ്രീ ലലിതാത്രിപുരസുംദരീ പരാഭട്ടാരികായൈ ധൂപം പരികല്പയാമി - നമഃ
രം - തേജസ്തത്ത്വാത്മികായൈ ശ്രീ ലലിതാത്രിപുരസുംദരീ പരാഭട്ടാരികായൈ ദീപം പരികല്പയാമി - നമഃ
വം - അമൃതതത്ത്വാത്മികായൈ ശ്രീ ലലിതാത്രിപുരസുംദരീ പരാഭട്ടാരികായൈ അമൃതനൈവേദ്യം പരികല്പയാമി - നമഃ
സം - സര്വതത്ത്വാത്മികായൈ ശ്രീ ലലിതാത്രിപുരസുംദരീ പരാഭട്ടാരികായൈ താംബൂലാദിസര്വോപചാരാന് പരികല്പയാമി - നമഃ

ശ്രീ ദേവീ സംബോധനം (1)
ഓം ഐം ഹ്രീം ശ്രീമ് ഐം ക്ലീം സൗഃ ഓം നമസ്ത്രിപുരസുംദരീ,

ന്യാസാംഗദേവതാഃ (6)
ഹൃദയദേവീ, ശിരോദേവീ, ശിഖാദേവീ, കവചദേവീ, നേത്രദേവീ, അസ്ത്രദേവീ,

തിഥിനിത്യാദേവതാഃ (16)
കാമേശ്വരീ, ഭഗമാലിനീ, നിത്യക്ലിന്നേ, ഭേരുംഡേ, വഹ്നിവാസിനീ, മഹാവജ്രേശ്വരീ, ശിവദൂതീ, ത്വരിതേ, കുലസുംദരീ, നിത്യേ, നീലപതാകേ, വിജയേ, സര്വമംഗളേ, ജ്വാലാമാലിനീ, ചിത്രേ, മഹാനിത്യേ,

ദിവ്യൗഘഗുരവഃ (7)
പരമേശ്വര, പരമേശ്വരീ, മിത്രേശമയീ, ഉഡ്ഡീശമയീ, ചര്യാനാഥമയീ, ലോപാമുദ്രമയീ, അഗസ്ത്യമയീ,

സിദ്ധൗഘഗുരവഃ (4)
കാലതാപശമയീ, ധര്മാചാര്യമയീ, മുക്തകേശീശ്വരമയീ, ദീപകലാനാഥമയീ,

മാനവൗഘഗുരവഃ (8)
വിഷ്ണുദേവമയീ, പ്രഭാകരദേവമയീ, തേജോദേവമയീ, മനോജദേവമയി, കള്യാണദേവമയീ, വാസുദേവമയീ, രത്നദേവമയീ, ശ്രീരാമാനംദമയീ,

ശ്രീചക്ര പ്രഥമാവരണദേവതാഃ
അണിമാസിദ്ധേ, ലഘിമാസിദ്ധേ, ഗരിമാസിദ്ധേ, മഹിമാസിദ്ധേ, ഈശിത്വസിദ്ധേ, വശിത്വസിദ്ധേ, പ്രാകാമ്യസിദ്ധേ, ഭുക്തിസിദ്ധേ, ഇച്ഛാസിദ്ധേ, പ്രാപ്തിസിദ്ധേ, സര്വകാമസിദ്ധേ, ബ്രാഹ്മീ, മാഹേശ്വരീ, കൗമാരി, വൈഷ്ണവീ, വാരാഹീ, മാഹേംദ്രീ, ചാമുംഡേ, മഹാലക്ഷ്മീ, സര്വസംക്ഷോഭിണീ, സര്വവിദ്രാവിണീ, സര്വാകര്ഷിണീ, സര്വവശംകരീ, സര്വോന്മാദിനീ, സര്വമഹാംകുശേ, സര്വഖേചരീ, സര്വബീജേ, സര്വയോനേ, സര്വത്രിഖംഡേ, ത്രൈലോക്യമോഹന ചക്രസ്വാമിനീ, പ്രകടയോഗിനീ,

ശ്രീചക്ര ദ്വിതീയാവരണദേവതാഃ
കാമാകര്ഷിണീ, ബുദ്ധ്യാകര്ഷിണീ, അഹംകാരാകര്ഷിണീ, ശബ്ദാകര്ഷിണീ, സ്പര്ശാകര്ഷിണീ, രൂപാകര്ഷിണീ, രസാകര്ഷിണീ, ഗംധാകര്ഷിണീ, ചിത്താകര്ഷിണീ, ധൈര്യാകര്ഷിണീ, സ്മൃത്യാകര്ഷിണീ, നാമാകര്ഷിണീ, ബീജാകര്ഷിണീ, ആത്മാകര്ഷിണീ, അമൃതാകര്ഷിണീ, ശരീരാകര്ഷിണീ, സര്വാശാപരിപൂരക ചക്രസ്വാമിനീ, ഗുപ്തയോഗിനീ,

ശ്രീചക്ര തൃതീയാവരണദേവതാഃ
അനംഗകുസുമേ, അനംഗമേഖലേ, അനംഗമദനേ, അനംഗമദനാതുരേ, അനംഗരേഖേ, അനംഗവേഗിനീ, അനംഗാംകുശേ, അനംഗമാലിനീ, സര്വസംക്ഷോഭണചക്രസ്വാമിനീ, ഗുപ്തതരയോഗിനീ,

ശ്രീചക്ര ചതുര്ഥാവരണദേവതാഃ
സര്വസംക്ഷോഭിണീ, സര്വവിദ്രാവിനീ, സര്വാകര്ഷിണീ, സര്വഹ്ലാദിനീ, സര്വസമ്മോഹിനീ, സര്വസ്തംഭിനീ, സര്വജൃംഭിണീ, സര്വവശംകരീ, സര്വരംജനീ, സര്വോന്മാദിനീ, സര്വാര്ഥസാധികേ, സര്വസമ്പത്തിപൂരിണീ, സര്വമംത്രമയീ, സര്വദ്വംദ്വക്ഷയംകരീ, സര്വസൗഭാഗ്യദായക ചക്രസ്വാമിനീ, സമ്പ്രദായയോഗിനീ,

ശ്രീചക്ര പംചമാവരണദേവതാഃ
സര്വസിദ്ധിപ്രദേ, സര്വസമ്പത്പ്രദേ, സര്വപ്രിയംകരീ, സര്വമംഗളകാരിണീ, സര്വകാമപ്രദേ, സര്വദുഃഖവിമോചനീ, സര്വമൃത്യുപ്രശമനി, സര്വവിഘ്നനിവാരിണീ, സര്വാംഗസുംദരീ, സര്വസൗഭാഗ്യദായിനീ, സര്വാര്ഥസാധക ചക്രസ്വാമിനീ, കുലോത്തീര്ണയോഗിനീ,

ശ്രീചക്ര ഷഷ്ടാവരണദേവതാഃ
സര്വജ്ഞേ, സര്വശക്തേ, സര്വൈശ്വര്യപ്രദായിനീ, സര്വജ്ഞാനമയീ, സര്വവ്യാധിവിനാശിനീ, സര്വാധാരസ്വരൂപേ, സര്വപാപഹരേ, സര്വാനംദമയീ, സര്വരക്ഷാസ്വരൂപിണീ, സര്വേപ്സിതഫലപ്രദേ, സര്വരക്ഷാകരചക്രസ്വാമിനീ, നിഗര്ഭയോഗിനീ,

ശ്രീചക്ര സപ്തമാവരണദേവതാഃ
വശിനീ, കാമേശ്വരീ, മോദിനീ, വിമലേ, അരുണേ, ജയിനീ, സര്വേശ്വരീ, കൗളിനി, സര്വരോഗഹരചക്രസ്വാമിനീ, രഹസ്യയോഗിനീ,

ശ്രീചക്ര അഷ്ടമാവരണദേവതാഃ
ബാണിനീ, ചാപിനീ, പാശിനീ, അംകുശിനീ, മഹാകാമേശ്വരീ, മഹാവജ്രേശ്വരീ, മഹാഭഗമാലിനീ, സര്വസിദ്ധിപ്രദചക്രസ്വാമിനീ, അതിരഹസ്യയോഗിനീ,

ശ്രീചക്ര നവമാവരണദേവതാഃ
ശ്രീ ശ്രീ മഹാഭട്ടാരികേ, സര്വാനംദമയചക്രസ്വാമിനീ, പരാപരരഹസ്യയോഗിനീ,

നവചക്രേശ്വരീ നാമാനി
ത്രിപുരേ, ത്രിപുരേശീ, ത്രിപുരസുംദരീ, ത്രിപുരവാസിനീ, ത്രിപുരാശ്രീഃ, ത്രിപുരമാലിനീ, ത്രിപുരസിദ്ധേ, ത്രിപുരാംബാ, മഹാത്രിപുരസുംദരീ,

ശ്രീദേവീ വിശേഷണാനി - നമസ്കാരനവാക്ഷരീച
മഹാമഹേശ്വരീ, മഹാമഹാരാജ്ഞീ, മഹാമഹാശക്തേ, മഹാമഹാഗുപ്തേ, മഹാമഹാജ്ഞപ്തേ, മഹാമഹാനംദേ, മഹാമഹാസ്കംധേ, മഹാമഹാശയേ, മഹാമഹാ ശ്രീചക്രനഗരസാമ്രാജ്ഞീ, നമസ്തേ നമസ്തേ നമസ്തേ നമഃ |

ഫലശ്രുതിഃ
ഏഷാ വിദ്യാ മഹാസിദ്ധിദായിനീ സ്മൃതിമാത്രതഃ |
അഗ്നിവാതമഹാക്ഷോഭേ രാജാരാഷ്ട്രസ്യവിപ്ലവേ ||

ലുംഠനേ തസ്കരഭയേ സംഗ്രാമേ സലിലപ്ലവേ |
സമുദ്രയാനവിക്ഷോഭേ ഭൂതപ്രേതാദികേ ഭയേ ||

അപസ്മാരജ്വരവ്യാധിമൃത്യുക്ഷാമാദിജേഭയേ |
ശാകിനീ പൂതനായക്ഷരക്ഷഃകൂഷ്മാംഡജേ ഭയേ ||

മിത്രഭേദേ ഗ്രഹഭയേ വ്യസനേഷ്വാഭിചാരികേ |
അന്യേഷ്വപി ച ദോഷേഷു മാലാമംത്രം സ്മരേന്നരഃ ||

താദൃശം ഖഡ്ഗമാപ്നോതി യേന ഹസ്തസ്ഥിതേനവൈ |
അഷ്ടാദശമഹാദ്വീപസമ്രാഡ്ഭോക്താഭവിഷ്യതി ||

സര്വോപദ്രവനിര്മുക്തസ്സാക്ഷാച്ഛിവമയോഭവേത് |
ആപത്കാലേ നിത്യപൂജാം വിസ്താരാത്കര്തുമാരഭേത് ||

ഏകവാരം ജപധ്യാനമ് സര്വപൂജാഫലം ലഭേത് |
നവാവരണദേവീനാം ലലിതായാ മഹൗജനഃ ||

ഏകത്ര ഗണനാരൂപോ വേദവേദാംഗഗോചരഃ |
സര്വാഗമരഹസ്യാര്ഥഃ സ്മരണാത്പാപനാശിനീ ||

ലലിതായാമഹേശാന്യാ മാലാ വിദ്യാ മഹീയസീ |
നരവശ്യം നരേംദ്രാണാം വശ്യം നാരീവശംകരമ് ||

അണിമാദിഗുണൈശ്വര്യം രംജനം പാപഭംജനമ് |
തത്തദാവരണസ്ഥായി ദേവതാബൃംദമംത്രകമ് ||

മാലാമംത്രം പരം ഗുഹ്യം പരം ധാമ പ്രകീര്തിതമ് |
ശക്തിമാലാ പംചധാസ്യാച്ഛിവമാലാ ച താദൃശീ ||

തസ്മാദ്ഗോപ്യതരാദ്ഗോപ്യം രഹസ്യം ഭുക്തിമുക്തിദമ് ||

|| ഇതി ശ്രീ വാമകേശ്വരതംത്രേ ഉമാമഹേശ്വരസംവാദേ ദേവീഖഡ്ഗമാലാസ്തോത്രരത്നം സമാപ്തമ് ||

വാസ്തുശാസ്ത്രത്തിലെ മാനവ്യവസ്ഥകള്‍:

വാസ്തുശാസ്ത്രത്തിലെ മാനവ്യവസ്ഥകള്‍:

വാസ്തുവിദ്യ അളവുകളില്‍ നിബദ്ധമാണ്. മാനസാരം എന്ന ഗ്രന്ഥത്തിന്‍റെ അര്‍ത്ഥം തന്നെ അളവുകളുടെ സത്ത് എന്നാണല്ലോ? സൂക്ഷ്മവും സ്ഥൂലവുമായ വാസ്തുക്കളുടെ അളവിന് ലളിതവും സൌകര്യപ്രദവുമായ രണ്ടുതരം മാനവ്യവസ്ഥകള്‍ ആദികാലം മുതല്‍ തന്നെ മുനികള്‍ കണ്ടുപിടിച്ച് ചിട്ടപ്പെടുത്തിയിരുന്നു.

കൃത്യമായ അളവുകളിലും, അനുപാതത്തിലും നിർമ്മിക്കപ്പെട്ട എന്തും കണ്ണിനു ഇമ്പകരവും, മനസ്സിന് ഉന്മേഷദായകവുമാണ്, നാം ഇരിക്കുന്ന ഒരു കസേര മുതൽ ബഹുനിലക്കെട്ടിടങ്ങൾ വരെ എന്തും.

വേങ്ങകൊണ്ടുചമച്ചോരു
കരികൊണ്ടുഴുതോരിടം
അളന്നുകൊണ്ടു വിധിക്കു-
തക്കവണ്ണം ചമപ്പിതു
അതില്‍ വേലിക്കകത്തേട-
മെന്നുവച്ചടയാളവും
സൂത്രം പിടിച്ചു തച്ചന്‍ കോല്‍
വച്ചുകൊണ്ടംഗുലങ്ങളും
യവമെന്നൊരു നെല്‍കൊണ്ട-
തെട്ടുകൊണ്ടതൊരംഗുലം
ഏഴുകൊണ്ടതുമാം പിന്നെ
ആറുകൊണ്ടതുമാം തഥാ
ഉത്തമാധമമദ്ധ്യം സ്യാ-
ദംഗുലം വിധിരൂപ്യതേ.
(വിശ്വകര്‍മ്മീയം)

വേങ്ങ കൊണ്ടു ഉണ്ടാക്കിയ കലപ്പവച്ചു ഭൂമിയെ ഉഴുതു സമീകൃതമാക്കി അളന്ന് വിധിയനുസരിച്ച് ഗൃഹത്തെ നിര്‍മ്മിക്കണം. വസ്തുവിന്‍റെ അളവുകണ്ട് സ്ഥപതി സൂത്രങ്ങള്‍ വിന്യസിക്കണം. മുഴക്കോല്‍ വച്ച് അംഗുലങ്ങളും മറ്റ് അളവുകളും അടയാളപ്പെടുത്തണം. യവം എന്ന നെല്ലിട എട്ടുകൂടുന്നത് ഒരംഗുലം, ഏഴുകൊണ്ടും ആറു കൊണ്ടും മൂന്നു വിധത്തിലും ക്രമത്തിലും അംഗുലപ്രഭേദങ്ങളുടെ ഉത്തമ-മദ്ധ്യമ-അധമത്വങ്ങള്‍ പറയുന്നു.

വാസ്തു ശാസ്ത്രത്തില്‍ ആനുപാതിക (Relational) മാനവ്യവസ്ഥയും,  കേവല (Absolute) മാനവ്യവസ്ഥയും ഉണ്ട്.

ആനുപാതിക മാനവ്യവസ്ഥയില്‍

1)മനുഷ്യശരീരത്തിലെ അനുപാതങ്ങളില്‍ നിന്ന് ജന്യമായ താലമാനം 

2)ഗണിതശ്രേണികളില്‍ ആധാരിതമായ ദണ്ടു മാനം.

കേവല മാനവ്യവസ്ഥയില്‍ 1)മനുഷ്യശരീരത്തിന്‍റെ അളവുകളില്‍ ആധാരിതമായ അംഗുലമാനം

2)ധാന്യത്തിന്‍റെ അളവുകളില്‍ ആധാരിതമായ യവമാനം.

ഒരു താലം എന്നത് പൂര്‍ണ്ണ വളര്‍ച്ചയുള്ള ഒരു മനുഷ്യന്‍റെ കൈപ്പത്തിയുടെ നീളമാണ്. മുഖത്തിന്‍റെ ദൈര്‍ഖ്യവും ഒരു താലമാണ്. മൂര്‍ത്തിനിര്‍മ്മാണത്തിനാണ് താലമാനം പൊതുവേ ഉപയോഗിക്കുന്നത്. മൂലാധാരമായി  സങ്കല്‍പ്പിക്കുന്ന അളവ് ദണ്ട് ആയി എടുത്ത്, മറ്റ് അളവുകള്‍ ഈ ദണ്ടിനെ ആധാരമാക്കി എടുക്കുന്നു.

അംഗുലത്തിന്‍റെ അളവ് വലതുകൈയ്യിലെ നടുവിരലിന്‍റെ മദ്ധ്യഖണ്ഡത്തിന്‍റെ നീളമാണ്. നവധാന്യങ്ങളില്‍ പെടുന്ന ഗോതമ്പിന്‍റെ ഒരിനമാണ്‌ യവം. നെല്‍വര്‍ഗ്ഗങ്ങളിലെ ധാന്യങ്ങളും
യവത്തിന്‍റെ സ്ഥാനത്ത് സ്വീകരിച്ചിരുന്നു. യവോദരം (യവത്തിന്‍റെ വീതി) ആണ് യവം എന്ന അളവ്. 8 യവം ഒരു അംഗുലമാണ്. 24 അംഗുലം ഒരു കോല്‍.

യവം ബിംബനിര്‍മ്മാണത്തിനും, കോല്‍ ഗൃഹനിര്‍മ്മാണത്തിനും, ദണ്ട് ഭൂമി അളക്കുവാനും ഉപയോഗിക്കുന്നു.

വാസ്തുരൂപങ്ങളില്‍ ഉപയോഗിക്കുന്ന അളവുകള്‍:

1. 8 പരമാണു  -  ഒരു രേണു
2. 8 രേണു – ഒരു ബാലാഗ്രാം
3. 8 ബാലാഗ്രാം – ഒരു ലിക്ഷ
4. 8 ലിക്ഷ – ഒരു യൂകം
5. 8 യൂകം – ഒരു യവം
6. 8 യവം – ഒരു അംഗുലം
7. 8 അംഗുലം – ഒരു പദം
8. 12 അംഗുലം – ഒരു വിതസ്തി
9. 24 അംഗുലം – ഒരു കോല്‍
10. 4 കോല്‍ - ഒരു ദണ്ട്
11. 8 ദണ്ട് – ഒരു രജ്ജു
12. 1000 ദണ്ട് – ഒരു നാഴിക
13. 8000 ദണ്ട് – ഒരു യോജന
14. 1000 രജ്ജു - ഒരു യോജന

32768 പരമാണു ഒരു യവം എന്ന് വാസ്തുപ്രമാണങ്ങളില്‍ പറയുന്നു. ഈ അളവ് മാംസചക്ഷുസ്സുകള്‍ക്ക് ഗോചരമല്ല. മുനികള്‍ ധ്യാന സങ്കല്‍പ്പത്തിലാണ് ഇതു ദര്‍ശിച്ചിരുന്നത്. ഒരു നാഴിക (24 മിനിറ്റ്) കൊണ്ട് നടന്ന് എത്താവുന്ന ദൂരമാണ് ഒരു നാഴികയായി നിജപ്പെടുത്തിയിരിക്കുന്നത്. ഇത് 2.88 കി.മീ ആണ്. 8000 ദണ്ട് 23കി.മീ (ഒരു യോജനയാണ്).

24 അംഗുലം ഒരു കോല്‍ അല്ലെങ്കില്‍ കിഷ്കു എന്ന് അറിയപ്പെടുന്നു. “കിഷ്കു” എന്ന മുഴക്കോലിന് 72 cm കണക്കാക്കിയിരിക്കുന്നു; എന്നാല്‍ ദേശഭേദമനുസരിച്ച് ഇത് 63cm മുതല്‍  84cm വരെ ഉണ്ട്.

പൌരാണികമായി പല വംശങ്ങളും ഭാരതത്തില്‍ താമസിച്ചിരുന്നു; അതിനാല്‍ മുഴക്കോലിന്‍റെ ദൈര്ഖ്യത്തിലും വ്യത്യാസമുണ്ട്. 

24 അംഗുലം മുതല്‍  31 അംഗുലം വരെ നീളമുള്ള 8 തരം കോല്‍ അളവുകളെപ്പറ്റി വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു:

1. കിഷ്കു ( 24 അംഗുലം)
2. പ്രജാപത്യം(25 അംഗുലം)
3. ധനുര്‍മുഷ്ടി(26 അംഗുലം)
4. ധനുര്‍ഗ്രഹം(27 അംഗുലം)
5. പ്രാച്യം(28 അംഗുലം)
6. വൈദേഹം(29 അംഗുലം)
7. വൈപുല്യം(30 അംഗുലം)
8. പ്രകീര്‍ത്തിതം(31 അംഗുലം)

ഇവയ്ക്കെല്ലാം പുറമേ, യജമാന ഹസ്തം തന്നെ യാഗശാലകള്‍ക്കും മറ്റും മാനപ്രമാണമായി ഉപയോഗിക്കാറുണ്ട്. ഈ അളവ് പിന്നീടു വരാവുന്ന പണികള്‍ക്ക് ഉപയോഗപ്പെടാന്‍ കല്ലില്‍ രേഖപ്പെടുത്തും.

പന്നിയൂര്‍ ക്ഷേത്രത്തിന്‍റെ മണ്ഡപത്തറയിലും, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മണ്ഡപ സ്തംഭത്തിലും, ഗുരുവായൂര്‍ ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിലും ഹസ്തം അങ്കനം ചെയ്യപ്പെട്ടിരിക്കുന്നു. അവയുടെ കേവലദൈര്‍ഖ്യം വ്യത്യാസപ്പെട്ടിരിക്കാം. എന്നാല്‍, എല്ലായ്പ്പോഴും ഒരു ഹസ്തം 24 അംഗുലം തന്നെയാണ്.

ഇപ്പോള്‍ 24 അംഗുലം ദീര്‍ഘമുള്ള “കിഷ്കു” എന്ന കോലാണ് എല്ലാ സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. ഇത് എല്ലാ ആചാര്യന്മാര്‍ക്കും സമ്മതമായിരിക്കുന്നു. 

ഗൃഹം, അങ്കണം മുതലായവയെ കോല്‍പ്രമാണത്തിലാണ് അളക്കേണ്ടത്‌. എന്നാല്‍, മൂന്നു കോലില്‍ താഴെ ചുറ്റളവുള്ളവയെ അംഗുലപ്രമാണത്തിലും അളക്കേണ്ടതാണ്; ചുറ്റളവ് മൂന്ന് അംഗുലത്തില്‍ കുറവാണെങ്കില്‍,  അവയെ യവ പ്രമാണമാക്കിയും അളക്കണമെന്നാണ് ആചാര്യമതം.   

3 cm=1 അംഗുലം
8 അംഗുലം = 1 പദം

ശ്രീകൃഷ്ണനും ഉതംഗ മഹർഷിയും

ശ്രീകൃഷ്ണനും ഉതംഗ മഹർഷിയും

മഹാഭാരത യുദ്ധം കഴിഞ്ഞു ശ്രീകൃഷ്ണൻ തിരിച്ചു ദ്വാരകയിലെയ്ക്ക് പോകും വഴിയെ പഴയ സുഹൃത്തായ ഉതംഗ മഹർഷിയെ കണ്ടു. പിരിയാൻ നേരം അദ്ദേഹത്തിനു എന്തെങ്കിലും വരം നൽകാൻ കൃഷ്ണൻ തീരുമാനിച്ചു. പക്ഷെ കൃഷ്ണന്റെ വിശ്വരൂപം തന്നെ കണ്ട ഉതംഗ മഹർഷിക്ക് വേറെ ഒരു വരവും വേണ്ട എന്ന് പറഞ്ഞു. അവസാനം ഭഗവാന്റെ നിർബന്ധത്തിനു വഴങ്ങി എപ്പോഴൊക്കെ തനിക്കു ദാഹിക്കുന്നുവോ അപ്പോഴൊക്കെ കുടിക്കാനാവശ്യമായ ജലം ലഭിക്കണം എന്നാ വരം ആവശ്യപ്പെട്ടു. അങ്ങനെയാവട്ടെ എന്ന് കൃഷ്ണൻ അനുഗ്രഹിച്ചു.

ഒരു ദിനം ഉതംഗ മഹർഷിക്ക് യാത്രയ്ക്കിടയിൽ വനത്തിനു നടുവിൽ വച്ചു ദാഹം തോന്നി. അദ്ദേഹം തനിക്കു കൃഷ്ണനിൽ നിന്ന് ലഭിച്ച വരത്തെ കുറിച്ചു ആലോചിച്ചു. അപ്പോൾ ഒരു കാട്ടാളൻ അത് വഴി വരുന്നത് കണ്ടു. കീറിയ, മുഷിഞ്ഞ വസ്ത്രവും, കൂടെ അഞ്ചു വേട്ട നായ്ക്കളും ഉണ്ടായിരുന്ന അയാളുടെ ചുമലിൽ തുകൽസഞ്ചി തൂക്കിയിട്ടിരുന്നു.. ഉതംഗമഹാര്ഷിയെ കണ്ട കാട്ടാളൻ ചിരിച്ചു കൊണ്ട് "അങ്ങയെ കണ്ടിട്ട് ദാഹം കൊണ്ട് തളർന്നത് പോലെയുണ്ടല്ലോ, ഇതാ ജലം കുടിച്ചാലും" എന്ന് പറഞ്ഞു തന്റെ തുകൽ സഞ്ചിയിലെ ജലം വാഗ്ദാനം ചെയ്തു. പക്ഷെ യാതൊരു വൃത്തിയും ഇല്ലാത്ത ഈ കാട്ടാളന്റെ വേഷവും സഞ്ചിയും ഒക്കെ കണ്ടു അതൊക്കെ ഇഷ്ടപ്പെടാതിരുന്ന ഉതംഗ മഹർഷി പറഞ്ഞു "സുഹൃത്തേ നന്ദി, പക്ഷെ എനിക്ക് വേണ്ട". എന്നിട്ട് മനസ്സില് സങ്കടത്തോടെ കരുതി.. "കൃഷ്ണാ നീ എനിക്ക് തന്ന വരം എവിടെപ്പോയി?"

കാട്ടാളൻ വീണ്ടും വീണ്ടും ജലം കുടിക്കാൻ ഉതംഗനെ നിർബന്ധിച്ചു, പക്ഷെ മഹർഷി വെള്ളം വേണ്ട എന്ന് നിഷേധിച്ചു കൊണ്ടേയിരുന്നു. അവസാനം കാട്ടാളൻ അപ്രത്യക്ഷനായി. അപ്പോഴാണ്‌ ഉതംഗ മഹര്ഷിക്ക് ഇത് ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല എന്ന് മനസ്സിലായത്‌. ആകെ വിഷമത്തിലായ അദ്ദേഹത്തിന്റെ മുന്നിൽ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് ഉതംഗമുനി ചോദിച്ചു, "കൃഷ്ണാ, ഇതെന്തു പരീക്ഷണമാണ്... ഒരു വൃത്തിയുമില്ലാത്ത കാട്ടാളന്റെ കൈവശമാണോ ജലം കൊടുത്തയക്കുന്നത് ?."

കൃഷ്ണൻ ദുഖത്തോടെ പറഞ്ഞു "ഉതംഗാ, അങ്ങയ്ക്ക് ദാഹിച്ചപ്പോൾ ഇന്ദ്രനോട് അമൃത് തന്നെ തരാൻ ആണ് ഞാൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സാധാരണ മനുഷ്യൻ അമൃത് കുടിച്ചു അമരൻ ആവുന്നത് ഇഷ്ടമില്ലാതിരുന്ന ഇന്ദ്രൻ അതിനു തയാറായില്ല. അവസാനം എന്റെ നിര്ബന്ധം കാരണം, ഒരു നിബന്ധന ഇന്ദ്രൻ മുന്നോട്ടു വച്ചു... ഒരു കാട്ടാളന്റെ രൂപത്തിൽ പോയി മാത്രമേ താൻ ഉതംഗനു അമൃതം കൊടുക്കൂ എന്നായിരുന്നു ആ നിബന്ധന. അങ്ങ് യഥാർത്ഥ ജ്ഞാനം നേടിയതിനാൽ ഈ പരീക്ഷണം ജയിക്കും എന്നും കാട്ടാളന്റെ വേഷത്തിൽ വന്ന ഇന്ദ്രനിൽ നിന്നും അമൃത് കുടിക്കുമെന്നും വിശ്വസിച്ചു ഞാൻ അത് സമ്മതിച്ചു. പക്ഷെ ഇതാ നിന്റെ മനസ്സിലെ ഭേദഭാവം കാരണം ഇന്ദ്രന്റെ മുന്നില് ഞാനും തോറ്റു പോയിരിക്കുന്നു."

ഇത് കേട്ട ഉതംഗമഹർഷിക്കു തന്റെ തെറ്റ് മനസ്സിലായി.... യഥാർത്ഥജ്ഞാനം തനിക്കു ഇത് വരെ ലഭിച്ചിട്ടില്ല എന്ന് തന്നെ മനസ്സിലാക്കിക്കാൻ വേണ്ടി കൃഷ്ണൻ തന്നെ നടത്തിയ ഒരു പരീക്ഷണം ആണ് എന്ന് അദ്ദേഹത്തിനു ബോധ്യമായി. ഒരാളുടെ കുലമോ വസ്ത്രമോ ഒന്നും അല്ല പ്രധാനം എന്നും, എല്ലാവരും തുല്യരാണ് എന്നും ഉള്ള കാര്യം ഉതംഗൻ മറന്നു പോയിരുന്നു. കാട്ടാളനിലും ഉള്ളത് ഒരേ ഈശ്വരൻ തന്നെയാണ് എന്ന് ഉതംഗമുനിക്ക്‌ കൃഷ്ണൻ മനസ്സിലാക്കി കൊടുത്തു. സർവ്വ ജീവജാലങ്ങളിലും വിളങ്ങുന്നത് ഒരേ ഒരു ഈശ്വരചെെതന്യം തന്നെയെന്ന് മനസ്സിലാക്കി എല്ലാവരേയും ഒരുപോലെ സ്നേഹിക്കാൻ തയ്യാറാവുമ്പോൾ നമ്മളും ആ മഹാശക്തിയോളം ഉയർത്തപ്പെടും.

ഉപനിഷതകഥകൾ 5 [ദമം, ദാനം, ദയ]

ഉപനിഷതകഥകൾ - 5

ബൃഹദാരണ്യകോപനിഷത്ത്
ദമം, ദാനം, ദയ

ദേവന്മാര്, മനുഷ്യന്മാര്, അസുരന്മാര് എന്നിങ്ങനെ മൂന്നുകൂട്ടരും പ്രജാപതിയുടെ മക്കളാണ്. മൂന്നു കൂട്ടരും സ്വഭാവത്തില് വിഭിന്നരായിരുന്നു. ഉത്തമഗുരുക്കളും ദിവ്യശക്തികളും നിറഞ്ഞവരും സത്വഗുണപ്രധാനികളുമാണ് ദേവന്മാര്. എങ്കിലും സ്വര്ഗ്ഗീയ സുഖങ്ങളില് ആസക്തരും ഇന്ദ്രിയനിഗ്രഹമില്ലാത്തവരുമായിരുന്നു. കാമികളും ലോഭികളുമാണ് മനുഷ്യര്. ജന്മനാ മനസ്സുനിറയെ ഓരോരോ ആഗ്രഹങ്ങളാണ്. എവിടെയും ലോഭബുദ്ധിയോടു കൂടി മാത്രമേ മനുഷ്യര് പ്രവര്ത്തിക്കുകയുള്ളൂ.

അസുരന്മാര്ക്ക് ലോഭബുദ്ധി അധികമില്ല. പക്ഷേ അഹങ്കാരികളും, ധാരാളികളുമാണ്. ദേവന്മാരേക്കാളും മനുഷ്യരേക്കാളും ബാഹുബലമുണ്ട്. ശാരീരികമായ കരുത്തില് അഹങ്കരിച്ചു നടക്കുന്നവര്. അധികം പേരും ക്രൂരന്മാരും പരോപദ്രവകാരികളുമാണ്.

മൂവരും അവരുടെ സ്വഭാവവൈജാത്യം അനുസരിച്ച് ജീവിച്ചുപോന്നു. ക്രമേണ അവര്ക്ക് ജീവിതത്തില് തൃപ്തിയില്ലാതായി. ഒന്നിലും ഒരു സുഖമില്ല. കൂടുതല് കൂടുതല് വിഷയാസക്തി ലോഭബുദ്ധിയും ക്രൂരമനോഭാവവും വര്ദ്ധിക്കുകയാണ്.

എങ്ങനെയും കൂടുതല് സുഖം നേടണം. അതിന് എന്തു ചെയ്യണം? പിതാവായ പ്രജാപതിയുടെ അടുക്കല് ബ്രഹ്മചാരിമാരായി വിദ്യാഭ്യാസം നേടാന് അവര് നിശ്ചയിച്ചു. വിദ്യയാണ് ഏറ്റവും വലിയ ധനമെന്ന് അവര്ക്കറിയാം ആത്മജ്ഞാനം നേടുന്നതാണ് ഉത്തമമെന്ന ധാരണ മൂവര്ക്കും ഉണ്ടായി. ദുഃഖനിവൃത്തി വരുത്തിയാല് മാത്രമേ ശാശ്വതസുഖം ലഭിക്കുകയുള്ളൂ.

ആത്മജ്ഞാനത്തിനുള്ള ഉപായം അറിയുന്നതിനു വേണ്ടി ദേവന്മാരും ബ്രഹ്മചാരിമാരായി പ്രജാപതിയുടെ അടുത്ത് താമസം ആരംഭിച്ചു. പണ്ടുകാലത്ത് ഗുരുമുഖത്ത് നിന്ന് ഏതൊരു വിദ്യയും ആത്മജ്ഞാനോപദേശവും ലഭിക്കണമെങ്കില് ബ്രഹ്മചാരികളായി ഗുരുവിനോടൊപ്പം ആശ്രമത്തില് വളരെക്കാലം താമസിക്കണം.

ഗുരുശുശ്രൂഷ, നിത്യാനുഷ്ഠാനങ്ങള്, ആശ്രമപരിപാലനം തുടങ്ങിയവ ശ്രദ്ധയോടും ഭക്തിയോടും വിശ്വാസത്തോടും കൃത്യമായി ചെയ്യണം. വിദ്യാസമ്പാദനത്തിനുള്ള യോഗ്യത തെളിയിച്ചതിനുശേഷമേ ഗുരുക്കന്മാര് ശിഷ്യന്മാര്ക്ക് ഉപദേശം കൊടുത്തിരുന്നുള്ളൂ. അനര്ഹരായവര്ക്ക് വിദ്യപകര്ന്നു നല്കിയാല് അവരതിനോട് ആദരവ് പുലര്ത്തുകയില്ല. വിശ്വാസവും അനുഷ്ഠാനവും ഇല്ലാത്തവരില് വിദ്യ ഫലിക്കുകയുമില്ല.

ബ്രഹ്മചര്യവാസം പൂര്ത്തിയാക്കിയ ദേവന്മാര് പ്രജാപതിയോട് പറഞ്ഞു:

"ഭഗവാന്, അങ്ങ് ഞങ്ങള്ക്ക് ഉപദേശത്തെ നല്കിയാലും."

പ്രജാപതി ദേവന്മാരെ അരികില് വിളിച്ചിരുത്തി. എന്നിട്ട് ‘ദ’ എന്ന ഒരക്ഷത്തെ മാത്രം ഉപദേശമായി പറഞ്ഞുകൊടുത്തു. എന്നിട്ട് അവരോട് ചോദിച്ചു:

"എന്താ നിങ്ങള്ക്ക് മനസ്സിലായോ, ഞാന് ഉപദേശിച്ചതിന്റെ പൊരുള്?"

ദേവന്മാര് നിസ്സംശയം തലയാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഞങ്ങള്ക്കു മനസ്സിലായി. ദമം ശീലിക്കുവാനല്ലേ അവിടുന്ന് ഞങ്ങളോട് പറഞ്ഞത്?"

"അതെ, ശരിതന്നെ. ഞാന് പറഞ്ഞതിന്റെ അര്ത്ഥം ശരിയായവിധത്തില് നിങ്ങള് മനസ്സിലാക്കിയിരിക്കുന്നു. സന്തോഷപൂര്വ്വം പോയാലും. ദമം ശീലിച്ച് ധന്യരാകുക."

പ്രജാപതി അവരെ അനുഗ്രഹിച്ചയച്ചു.

ദേവന്മാര് സുഖലോലുപരാണ്. അവര്ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്ക്ക് അടക്കമില്ല. സ്വര്ഗ്ഗസുഖാനുഭൂതിയില് ആമഗ്നരാണ് അവര്. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര് ആദ്യം ‘ദമം’ ശീലിക്കണമെന്ന് ഉപദേശിക്കുന്നത്.

‘ദമം’ എന്നുപറഞ്ഞാല് ഭൗതികവിഷയങ്ങളില് ആസക്തമായിട്ടിരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളേയും വിഷയങ്ങളില്നിന്നും വൃത്തികളില് നിന്നും പിന്വലിച്ച് അന്തര്മുഖമാക്കുകയാണ്. ഇന്ദ്രിയനിഗ്രഹമില്ലാത്ത ദേവന്മാര് ‘ദ’ എന്നു കേട്ടപ്പോള് ‘ദാമൃത’(ദമ ശീലിക്കുവിന്) എന്നാണ് പ്രജാപതി അവരോട് ഉപദേശിക്കുന്നതെന്ന് ധരിച്ചു.

പിന്നീട് ബ്രഹ്മചര്യവാസം കഴിഞ്ഞ് മനുഷ്യര് പ്രജാപതിയെ സമീപിച്ചു. പ്രജാപതി മനുഷ്യനോടും ‘ദ’ എന്നുപദേശിച്ചു.

മനുഷ്യര്ക്ക് സന്തോഷമായി.

"നിങ്ങള്ക്ക് മനസ്സിലായോ?" പ്രജാപതി ചോദിച്ചു.

ഞങ്ങള്ക്കു മനസ്സിലായി. ദാനം പരിശീലിക്കുക എന്നാണ് അവിടുന്നു ഉപദേശിക്കുന്നത്."

"ശരിയാണ്. നിങ്ങള്ക്ക് മനസ്സിലായി. ദാനം പരിശീലിക്കുക. ദാനം മനുഷ്യരെ ശ്രേഷ്ഠരാക്കും." പ്രജാപതിയുടെ അനുഗ്രഹവുമായി മനുഷ്യര് പിന്വാങ്ങി.

സ്വതവേ ദാനവിമുഖരും ലോഭികളുമായതിനാല്’ദത്ത’ (കൊടുക്കുക) എന്നാണ് ‘ദ’ എന്നതിന്റെ അര്ത്ഥമെന്ന് മനുഷ്യര് ധരിച്ചു. ഒടുക്കം അസുരന്മാരും ആശ്രമവാസത്തിനുശേഷം പ്രജാപതിയെ ഉപദേശലബ്ധിക്കായി സമീപിച്ചു.

"ഭഗവാന്, അങ്ങ് ഞങ്ങള്ക്ക് ഉപദേശം നല്കിയനുഗ്രഹിച്ചാലും."

‘ദ’. പ്രജാപതി അവര്ക്ക് ‘ദ’ എന്ന അക്ഷരത്തെ ഉപദേശമായി നല്കി.

അസുരന്മാര് ക്രൂരസ്വഭാവികളാണ്. സ്വതവേ ദയയില്ലാത്തവരാണ്. അന്യരെ ഉപദ്രവിക്കുന്നതിനും മറ്റുള്ളവരുടെ സ്ഥാനമാനങ്ങള് കരുത്തുകാട്ടി പിടിച്ചെടുക്കുന്നതിനും വൈമുഖ്യമൊന്നുമില്ല. അതുകൊണ്ട് ‘ദ’ എന്ന അക്ഷരത്തിന്റെ ഉപദേശത്തിലൂടെ ദയത്വം (ദയയുള്ളവരാകുക) എന്നാണ് അസുരന്മാര് ധരിച്ചത്.

നിങ്ങള്ക്ക് മനസ്സിലായോ?" പ്രജാപതി ചോദിച്ചു.

"മനസ്സിലായി. ദയ ശീലിക്കണമെന്നാണ് അങ്ങ് ഞങ്ങളോട് ഉപദേശിക്കുന്നത്."

"ശരിയാണ്. നിങ്ങള് ദയ ശീലിക്കണം." പ്രജാപതി അനുഗ്രഹിച്ചു.

ദമം, ദാനം, ദയ ഇവ മൂന്നും ഒരു സത്യാന്വേഷിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ശീലങ്ങളാണ്. ഇവ ആദ്ധ്യാത്മിക സാധനയുടെ അംഗങ്ങളുമാണ്. ആകാശത്ത് മഴമേഘങ്ങള് ഗര്ജ്ജിക്കുന്നത് ശ്രദ്ധിക്കുക.

"ദ,ദ,ദ" എന്നാണ് മേഘഗര്ജ്ജനം മുഴങ്ങുന്നത്. ദമ്യത, ദത്ത, ദയത്വം എന്നാണ് ഇടിമുഴക്കം വിളബരം ചെയ്യുന്നത്. ദിവ്യ വാക്കുകളാകുന്ന ദമം, ദാനം, ദയ ഇവയെയാണ് ആകാശത്തു നിന്ന് മുങ്ങിക്കേള്ക്കുന്നത്.

ദമം ശീലിക്കുവിന്!
ദാനം ചെയ്യുവിന്!
ദയയുള്ളവരായിരിക്കുവിന്!

കാമത്തെ ജയിക്കുവാന് ദമവും ക്രോധത്തെ ജയിക്കുവാന് ദയയും ലോഭത്തെ ജയിക്കുവാന് ദാനവുമാണ് ശീലിക്കേണ്ടത്. കാമവും ക്രോധവും ലോഭവും ഏതൊരാളെയും നശിപ്പിക്കും. അതുകൊണ്ട് ‘ദ’ എന്നു തുടങ്ങുന്ന ഈ മൂന്നു (ദമം, ദാനം, ദയ) സര്വ്വരും അഭ്യസിക്കണം.