ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 55

നാഗമാഹാത്മ്യം...

ഭാഗം: 55

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

മണ്ണാർശാല
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കേരളത്തിലെ വളരെ പ്രസിദ്ധിയും പ്രശസ്തിയുമാർജ്ജിച്ചിരിക്കുന്ന സർപ്പാരാധനാകേന്ദ്രമാണ് മണ്ണാർശാല. ഇത് ആലപ്പുഴ ജില്ലയിൽപ്പെട്ട ഹരിപ്പാട് എന്ന സ്ഥലത്താണ്. അവിടത്തെ പ്രസിദ്ധക്ഷേത്രമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും അല്പം വടക്കു മാറിയാണിതുസ്ഥിതി ചെയ്യുന്നത്. ധാരാളം കാവുകളാൽ വനനിബിഡമാണിവിടം . ക്ഷേത്രത്തിനു ചുറ്റും കാവുകളും സർപ്പപ്രതിമക ളും ധാരാളം കാണാം. ക്ഷേത്രത്തിലേക്കെത്തി ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ ധാരാളമാണ്. ബസ്സിലും ട്രയിനിലുമൊക്കെ എത്തിച്ചേരാനുള്ള മാർഗ്ഗമുണ്ട് . ബസ്സിലാണെങ്കിൽ ക്ഷേത്രത്തിനു തൊട്ടു പുറകുവശത്ത് ഇറങ്ങാം. ട്രയിനിലെത്തിയാൽ അല്പദൂരം നടന്നോ ബസ്സിലോ എത്താം.

ഈ പേര് കിട്ടുന്നതിനു തന്നെയൊരു ഐതീഹ്യമുണ്ട്.പാണ്ഡവൻമാരുടെ കാലത്ത് (ദ്വാപരയുഗന്തത്തിൽ) മദ്ധ്യമപാണ്ഡവനായ അർജ്ജുനൻ ഖാണ്ഡവവനം ദഹിപ്പിക്കാൻ അഗ്നിദേവനെ സഹായിച്ചു എന്നൊരു കഥയുണ്ട്. അഗ്നിദേവന് വിശേഷാൽ അജീർണ്ണമേറിയകാലം അഗ്നി ബ്രഹ്മദേവനോട് അ ഭ്യർത്ഥിച്ചു തനിക്ക് രക്ഷവേണം. ബ്രഹ്മദേവൻ ഖാണ്ഡവവനം ഭക്ഷിച്ച് തൃപ്തിയടയാൻ ഉപദേശിച്ചസ് . അക്കാലത്ത് തക്ഷകൻ അവിടെ താമസമായിരുന്നു. വനം ദഹിപ്പിക്കുമ്പോൾ താനും ദഹിച്ചു പോകും എന്നു വിചാരിച്ച് തക്ഷകൻ ഇന്ദ്രനെ ശരണം പ്രാപിച്ചു. അഗ്നി വനത്തിൽ പ്രവേശിക്കുമ്പോൾ തക്ഷകനെ രക്ഷിക്കാൻ ഇന്ദ്രൻ പതുക്കെ മഴ പെയ്യിച്ചു തുടങ്ങും. അഗ്നി നിരാശനായി ബ്രഹ്മദേവനോടു സങ്കടമുണർത്തിച്ചു. ബ്രഹ്മാവ് അരുളി ചെയ്തു . അർജ്ജുനൻ ശ്രീകൃഷ്ണനോടൊത്ത് അവിടെ വരുമ്പോൾ പറഞ്ഞാൽ മതി. പാർത്ഥൻ സഹായിക്കും. അതിനുള്ള കഴിവ് പാർത്ഥനുണ്ട്. നിരാശപ്പെടേണ്ട എല്ലാത്തിനും കാലവും സമയവുമുണ്ട്. സമയം വരുമ്പോൾ കാര്യം നടക്കുക തന്നെ ചെയ്യും.

ഒരിക്കൽ ഉഷ്ണം സഹിക്കവയ്യാതെ വിജയൻ ശ്രീകൃഷ്ണനോടൊത്ത് ഖാണ്ഡവവനത്തിലെത്തി. അവരെ സമീപിച്ച് അഗ്നിദേവൻ കാര്യമറിയിച്ചു. സഹായമഭ്യർത്ഥിച്ചു. കൃപാലുവായ കൃഷ്ണാർജ്ജുനൻമാർ സഹായിക്കാമെന്നേറ്റു . ഇന്ദ്രനു മഴ പെയ്യിക്കാൻ ഇടം കൊടുക്കാതെ വനം ദഹിപ്പിക്കാൻ അർജ്ജുനൻ അഗ്നിയെ സഹായിച്ചു. ഖാണ്ഡവവനം ദർശിച്ചു നിന്ന ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു സഹായിയായിരുന്നു. ഹരിപ്പാടുഭാഗം മുതൽ കിഴക്കു വടക്കോട്ടു വ്യാപിച്ചു കിടന്നവനം അഗ്നി ഭക്ഷിച്ചു. ഇന്നു കുട്ടനാട് എന്ന പ്രദേശത്തിലും അതിനടുത്തുമുള്ള 64 കരികളും ഖാണ്ഡവദഹനകാലത്തു കരിഞ്ഞവയാണ് .അതുകൊണ്ട് അവയെ കരികൾ (രാമങ്കരി , തായങ്കരി, മിത്രങ്കരി , ചങ്ങങ്കരി എന്നു തുടങ്ങിയ) എന്നാണ് പറയുന്നത്.

അഗ്നി അങ്ങനെ ചുട്ടു നശിപ്പിച്ച ആ പ്രദേശത്തിന് മൊത്തത്തിൽ ചുട്ടനാട് എന്നു പറഞ്ഞു വന്നു. കാലക്രമത്തിൽ അത് കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ഇന്ന് കുട്ടനാടെന്നു തന്നെയാണ് പേര്.

ഖാണ്ഡവവനം ദഹിച്ചു കൊണ്ടിരിക്കെ ആ തീയ് കിഴക്കോട്ടു പടർന്ന് പന്തലിച്ച് പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ സമീപത്തെത്തി. സർപ്പങ്ങൾ കുറെ നശിച്ചു തുടങ്ങിയപ്പോൾ അവ നിലവിളിച്ചു കൊണ്ട് ഇല്ലത്തെ മുറ്റത്തു വന്നു കൂടി നിന്നു . ഈ അപകടം മനസ്സിലാക്കിയ ഇല്ലത്തമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരികോരി തീ കെടുത്തുകയും സർപ്പങ്ങളുടെ മേൽ തളിച്ച് ചൂടാറ്റുകയും ചെയ്തു. മണ്ണാറുന്നവരെ വെള്ളമൊഴിച്ച് അവയെ രക്ഷിച്ചു. അന്നു മുതൽ ആ പ്രദേശത്തെ മണ്ണാർശാല എന്നറിയപ്പെടുന്നു, ഇന്നും അങ്ങനെ തന്നെ. അപ്പോൾ മുതൽ തങ്ങളെ രക്ഷിച്ചത് അമ്മയായതിനാൽ സ്ത്രീ ജനങ്ങൾ പൂജിച്ചാൽ മതിയെന്നും . അതുകൊണ്ടു തൃപ്തിയാണന്നും സർപ്പരാജൻ അറിയിച്ചു. അവിടുത്തെ പ്രധാന പൂജാരി അമ്മയായി. പ്രധാന ദിവസങ്ങളിലെ പൂജ അമ്മയാണ് ചെയ്യുന്നത്.

വെട്ടിക്കോട്ടെ പ്രതിഷ്ഠയ്ക്ക് ശേഷം പരശുരാമൻ രണ്ടാമത് മണ്ണാർശാലയിലാണ് പ്രതിഷ്ഠ നടത്തിയത്. അന്ന് ഈ പ്രദേശത്തിന് മന്ദാരശാലയെന്നായിരുന്നുപേര്.. നന്ദനോദ്യാനം പോലെ മനോഹരമായ കാഴ്ചകളായിരുന്നു അന്നവിടെ . ധാരാളം വനങ്ങളും ലതകളും വള്ളിപ്പടർപ്പുകളും എന്നു വേണ്ട വളരെ നയനാന്ദകരമായ കാഴ്ചയായിരുന്നു അവിടം. മന്ദാരശാലയിൽ കേരളത്തിൽ അവിടുത്തെ (അനന്തമൂർത്തിയുടെ) നിത്യസാന്നിദ്ധ്യം വരമായി വരിച്ച പരശുരാമൻ ആ മനോഹരസ്ഥാനത്ത് നാഗപ്രതിഷ്ഠ നടത്തുകയും പൂജ നടത്തുകയും ചെയ്തു. എല്ലാ ദേവൻമാരേയും സന്തുഷ്ടരാക്കി. ഇന്നും പൂജ നടത്തുന്ന ഇല്ലക്കാർക്ക് പൂജാധികാരം സമർപ്പിച്ച് പൂജാവിധികളുമെല്ലാം അറിയിച്ചു കൊടുത്തു . പൂജ ഭംഗിയായി നടത്തണമെന്നും കോട്ടമൊന്നും ഉണ്ടാകരുതെന്നും നാഗപ്രസാദം ഇല്ലത്തിനും ഭൂമിയ്ക്കും നാടിനും ലഭിക്കുമെന്നും അറിയിച്ചു.

പരശുരാമൻ അവിടെ നിന്നും തപസ്സിനായി മഹേന്ദ്രാചലത്തിലേയ്ക്ക് പോയി. കാലം പൊയ്ക്കൊണ്ടിരുന്നു. ആ പൂജാരിയുടെ ബ്രാഹ്മണവംശത്തിൽ ശ്രീദേവി അന്തർജ്ജനവും വാസുദേവൻ നമ്പൂതിരിയും (ദമ്പതികൾ) വാണകാലം അവർക്ക് ഒരത്ഭുത പ്രസവത്തിനുടമസ്ഥരാകേണ്ടി വന്നു. ശ്രീദേവി പ്രസവിച്ചു.

ആദ്യം പിറന്നത് അഞ്ചു തലയുള്ള ഒരു മനോഹരമായ ദിവ്യ സർപ്പം. പിന്നെ അല്പം കഴിഞ്ഞ് ഒരു ബ്രാഹ്മണകുമാരനും. ആ ഇരട്ടപ്രസവമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. രണ്ടും ശിശുക്കളാണങ്കിൽ അത്ഭുതത്തിനവകാശമില്ലായിരുന്നു . ഇത് ഒരു അഞ്ചു തലനാഗവും കൂടെ കുമാരനും. എല്ലാവരും അതിശയിക്കാതെന്തു ചെയ്യും. വിചിത്രദൃശ്യം തന്നെ. ദൈവനിശ്ചയമെന്നല്ലാതെ എന്തു പറയാൻ ?

ഒരിക്കൽ ഒരു വിശേഷനാളിൽ ധാരാളം ഭക്തജനങ്ങൾ അവിടെ വന്നു. അമ്മയ്ക്ക് അവരുടെ സേവനത്തിനായി പോകേണ്ടിയും വന്നു. ആ നാഗം സാധാരണയായി തന്റെ ഫണം ഉയർത്തിപ്പിടിച്ച് ആളുകളുടെയിടയിൽ തത്തിക്കളിച്ചു രസിച്ചു നടക്കുക പതിവായി . ചിലർ അതു കണ്ടു ഭയക്കുകയും ചെയ്തിരുന്നു. ആ വിശേഷ ദിവസം ഇതുപോലെ തത്തിക്കളി ച്ചും അമ്മയുടെ സമീപമെത്തി. അപ്പോൾ അമ്മ പറഞ്ഞു. ഉണ്ണി നിനക്കു വല്ല മൂലയിലും ഇരുന്നു കൂടെ? എന്നു ശാസിച്ചതു കേട്ട നാഗശ്രേഷ്ഠൻ അമ്മയെ ഒന്നു ശരിക്ക് നോക്കിയിട്ട് (ഇതാ ഞാൻ പോകുന്നു എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം) വേഗം ഇഴഞ്ഞു നിലവറയിൽ കയറി. പിന്നെ കരഞ്ഞു വിളിച്ച് വാത്സല്യത്തോടെ വിളിച്ചു . വന്നില്ല. ഒടുവിൽ അമ്മ ബോധം കെട്ടു വീണു. അപ്പോൾ ആ സർപ്പം ദർശനം കൊടുക്കാതെ പറഞ്ഞു. എനിക്കിനി പുറത്തുവന്ന് പഴയതു പോലെ കഴിയാൻ വയ്യ. ആണ്ടിൽ ഒരു ദിവസം ഞാൻ അമ്മയ്ക്ക് ദർശനം തരാം അതുകൊണ്ട് തൃപ്തിപ്പെടുക ആ ഒരു ദിവസത്തെ പൂജ മതി എനിയ്ക്ക് ബാക്കി ദിവസം ഞാൻ ഇവിടിരുന്നു തപസ്സുചെയ്തു കൊള്ളാം. അതാതു കാലങ്ങളിലെ അമ്മമാരും അങ്ങനെ ചെയ്താൽ മതിയാകും. അതിനുശേഷം കൊല്ലത്തി ലൊരിക്കൽ ആ നാഗം പുറത്തു വന്ന് ദർശനം കൊടുക്കും. ആ ദർശനം അമ്മയ്ക്ക് പരമാനന്ദമായ പരമാത്മാദർശനമായിരുന്നു. അമ്മയ്ക്കല്ലാതെ മറ്റാർക്കും ആ ദർശനം ലഭിച്ചില്ല. ആ അമ്മയുടെ ഭക്തികൊണ്ടാണ് ആ ദിവ്യദർശനം ലഭിച്ചത് . അമ്മയാണ് പൂജാരിയും. അത് സാക്ഷാൽ അനന്തമൂർത്തിതന്നെ യെന്നു അമ്മയ്ക്കു മനസ്സിലായി. ദിവ്യചക്ഷുസ്സുകൊണ്ട് ഭഗവദ്ദർശനം സാധിക്കൂ എന്നറിയാമായിരുന്ന അമ്മ ആരേയും നിലവറയിൽ കടത്തുന്നതിനോ നാഗദർശനം സാധിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.

ഒരിക്കൽ കൂടപ്പിറന്ന കുമാരൻ തന്റെ സഹോദരനെ കാണണമെന്ന ഒരേ വാശിയിൽ മുറുകെ പിടിച്ചു. കണ്ടേ അടങ്ങൂ എന്നായി. ഒടുവിൽ ഒരു നോക്കുകണ്ടാൽ മതി പിന്നെ കാണണമെന്നു പറയില്ലെന്നായി . നിർബന്ധം മൂത്തപ്പോൾ അമ്മ മകനെ നിലവറയുടെ വാതിക്കൽ കൊണ്ടു പോയി പറഞ്ഞു. ഒരു കണ്ണു പൊത്തികൊണ്ട് ഒന്നു നോക്കി പിൻമാറണം. കുമാരൻ ദിവ്യതേജസ്സു കണ്ടു. പക്ഷേ ഒരു കണ്ണു നഷ്ടപ്പെട്ടു. പിന്നീടാരും ആ സാഹസത്തിനു മുതിരുന്നില്ല.

മണ്ണാർശാല നാഗരാജാക്ഷേത്രത്തിൽ നാഗരാജാവ്, നാഗയക്ഷിയമ്മ , സർപ്പയക്ഷി, നാഗചാമുണ്ഡി എന്നിവരുടെ വിഗ്രഹങ്ങൾ വച്ചു പൂജിക്കുന്നുണ്ട്. അമ്മയാണ് (വലിയമ്മ) പ്രധാനപൂജാരി . പൂജാദികർമ്മങ്ങൾ നടത്തുകയും , ഭക്തജനങ്ങൾക്ക് ദർശനമരുളി അവരുടെ ആവലാതികൾ കേട്ട് പ്രതിവിധി നിശ്ചയിക്കുകയും ചെയ്യുന്നു അമ്മ..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment