ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 47

നാഗമാഹാത്മ്യം...

ഭാഗം: 47

59. പുള്ളുവൻ പാട്ട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സർപ്പപ്രീതിയ്ക്കുളള പാട്ട് നടത്തുന്നത്. സാധാരണ പുള്ളുവൻമാരാണ്. പുള്ളുവൻമാരുടെ ഉദയത്തെ പറ്റിയുള്ള ഒരു കഥയുണ്ട്. ജനങ്ങളിൽ സർപ്പാരാധനയുടെ ശ്രദ്ധ കുറഞ്ഞു വന്ന കാലം സർപ്പങ്ങൾ കോപിച്ച് ഉപദ്രവങ്ങൾ ഉണ്ടാക്കി തുടങ്ങി. ഭൂമിയിലെല്ലാം ദുർനിമിത്തങ്ങൾ കാണപ്പെട്ടു. അപ്പോൾ ഭയചകിതരായ ആളുകളിൽ ചിലർ (ബ്രാഹ്മണർ) ബ്രഹ്മദേവനെ ഭജിച്ചു. പ്രീതിപ്പെടുത്തി . ഈ അവസരത്തിൽ നാരദൻ വൈകുണ്ഡത്തിലെത്തി നാഗവീണാലാപം നടത്തി. ഇതു കേട്ടവർ വളരെ സന്തോഷിച്ചു. നാഗപ്രീതിയ്ക്കായി നാരദൻ വീണയും കുറെ ദർഭപുല്ലും കൊടുത്തു.ത്രിമൂർത്തികൾ ചേർന്ന് ദർഭപുല്ലു കൊണ്ട് കുടവും വീണയും ഉണ്ടാക്കി താളവും സൃഷ്ടിച്ചു. പുല്ലു കൊണ്ടു തന്നെ മനുഷ്യനെ സൃഷ്ടിച്ചു. അതുപയോഗിക്കാനും അറിയിച്ചു. ആ പുല്ലുകൊണ്ടുണ്ടാക്കിയ മനുഷ്യരാണ് പുള്ളുവരെന്നും അവർക്ക് ത്രിമൂർത്തികൾ കല്പിച്ചു കൊടുത്ത വീണയും കുടവും താളത്തിനൊത്തു പാടി നാഗങ്ങളെ രസിപ്പിച്ച് പ്രീതിപ്പെടുത്തിയെന്നുമാണ് കഥ . അന്നു മുതലാണ് പുള്ളുവൻ പാട്ടിന്റെ ഉദയം. ഈ വീണസ്വരവും കുടം കൊട്ടും കേട്ട് സർപ്പങ്ങൾ പ്രസാദിച്ചനുഗ്രഹിക്കുമെ ന്നാണ് വിശ്വാസം.വീണയ്ക്ക് രുദ്രവീണയെന്നും, കുടത്തിന് ബ്രഹ്മൻ കുടമെന്നും , താളത്തിന് വിഷ്ണു താളമെന്നും പേർ കൊടുത്തു. ഇതു വായിക്കുന്നതിനുള്ള വരബലവും പുള്ളുവർക്ക് ത്രിമൂർത്തികൾ ദാനം ചെയ്തു എന്നുമാണ് ഐതിഹ്യം . ആദ്യമായി പുള്ളുവനായി വീണമീട്ടി പാടിയത് രുദ്രനാണെന്നും അതുകൊണ്ടതിനു രുദ്രവീണയെന്നു പേരാണെന്നും ഒരു പറച്ചിലുണ്ട് (അഭിപ്രായമുണ്ട്).

ഇക്കാലത്തും ഗൃഹങ്ങളിലെ കാവുകളിൽ പുള്ളുവൻ പാട്ടിന് പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ആളുകൾ മാസത്തിൽ ഒരിക്കൽ ആയില്യത്തിനോ അവരുടെ മറ്റിഷ്ടനാളിലോ പാടിപ്പിക്കുന്ന സമ്പ്രദായമുണ്ട്. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളിലും സർപ്പാരാധനാലയങ്ങളിലും ഈ പാട്ട് സുലഭമാണ് . കണ്ണിൻ ദോഷം , നാവിന്റെ ദോഷം, സന്താനസൗഭാഗ്യം, രോഗം ( കുഷ്ഠം, പുണ്ണ്, ആദി) തുടങ്ങിയവയ്ക്കുള്ള ഉപശാന്തിയ്ക്കാണ് ഈ പാട്ട്. കൂടാതെ സർപ്പപ്രീതിയ്ക്കും ഈ പുള്ളുവൻ പാട്ട് പ്രധാനമാണ്. ഈ പരിഷ്കൃതകാലത്തും സർപ്പാരാധനയും കാവു പൂജയുമുണ്ട്. കാവിന്റെ നിലനില്പിനെ പണ്ട് ഏവരും സമ്മതിച്ചിരുന്നു . കാവിനെ സംരക്ഷിക്കുന്നത് ഭൂമിക്കും നല്ലതാണ്. മണ്ണിലെ ഈർപ്പം നിലനിൽത്തി ഉഷ്ണം കുറച്ച് കുളിർമയേകുന്നതിന് കാവുകൾ ഒരു പരിധിവരെ നല്ല സഹായമാണ്. അതിനാൽ അന്ന് കാവു സംരക്ഷണം ആവശ്യമായി തീർന്നു..

പ്രകൃതി സംരക്ഷണത്തിനും കാവുകൾ ഒരു പരിധിവരെ സഹായകമാണ്. കാവുകളിലെ വൃക്ഷങ്ങൾ ഇടതിങ്ങി നിന്ന് സൂര്യപ്രകാശം താഴോട്ടു വീഴുന്നതിനെ കുറയ്ക്കുന്നു. അപ്പോൾ മനുഷ്യർക്ക് കാവുകളുടെ സമീപത്ത് ചൂടു കുറയുന്നു അന്തരീക്ഷത്തിൽ പ്രാണവായുവിന്റെ അളവു കൂടുന്നു. അപ്പോൾ ചൂടു കുറയുന്നു . ഉഷ്ണം കുറയുന്നതു മൂലം നീറ്റൽ അനുഭവപ്പെടില്ല ഇന്നത്തെ പോലെ. ഇലകൾ ധാരാളം കൊഴിഞ്ഞു വീണു കിടക്കവേ മഴ പെയ്യുമ്പോൾ ജലാംശത്തെ കേന്ദ്രീകരിച്ചു നിർത്തുന്നു കാവുകൾ. അതുകൊണ്ട് നല്ലവളക്കൂറുള്ള മണ്ണ് രൂപപ്പെട്ട് പരിസരം കൃഷിയോഗ്യമായി തീർന്നു. കൃഷിയെ ആശ്രയിച്ചു നില്ക്കുന്ന നമ്മുടെ രാജ്യത്ത് വനങ്ങൾ സഹായകമാണ്. പക്ഷികൾക്കു കൂട്ടുകൂടി താമസിക്കുന്നതിനു സാധിക്കുന്നു. കാടുകളിലുണ്ടാകുന്ന ക്ഷുദ്രജീവികളെ സർപ്പങ്ങൾ തിന്നൊടുക്കി അവയ്ക്ക് നിയന്ത്രണം വരുത്തുന്നു. നമ്മുടെ പരിസരങ്ങളിലുള്ള കീരി , എലി, പാറ്റ, മറ്റു പ്രാണികൾ തുടങ്ങിയവ പാമ്പുകളുടെ ഭക്ഷണമാണ്. കൊതുകിന്റെ കൂത്താടികളെ ചെറിയ ഇനം പാമ്പുകൾ തിന്ന് കൊതുകു പെരുക്കുന്നതിൽ നിന്നും നിയന്ത്രണം ഉണ്ടാകുന്നു. പാടങ്ങളിലും വരമ്പുകളിലും കൃഷി നശിപ്പിക്കുന്ന ക്ഷുദ്രജീവികളിൽ നിന്ന് കൃഷിയിടം രക്ഷിക്കുന്നു . വരമ്പുകളിലെ മാളങ്ങളിലും വസിച്ച് വനങ്ങളിലെ ചെറു ജീവികളിൽ പാമ്പുകൾ നിന്ന് കൃഷിയിടം രക്ഷിക്കുന്നു. വരമ്പുകളിലെ മാളങ്ങളിലും വനങ്ങളിലെ മാളങ്ങളിലും വൃക്ഷ ങ്ങളിൽ തന്നെയും ഇവ വസിക്കുന്നുണ്ട്.

കേരളക്കരയിലെ ജനങ്ങൾ മിക്കവാറും സർപ്പങ്ങളെ ദൈവമായി സങ്കല്പിച്ചാരാധിക്കുന്നതിനാൽ വനവൃക്ഷങ്ങളിലെ പൊത്തുകളിലും ചുവട്ടിലുമൊക്കെ സർപ്പവാസമുണ്ടെന്ന നിഗമനത്തിൽ വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കാറില്ല. ഇനി അഥവാ വൻ മരങ്ങൾ വീണുപോയാൽ തന്നെ അത് സ്വയം വെട്ടിയെടുക്കാറില്ല . കാവുകളിലെ വൃക്ഷങ്ങൾ സർപ്പങ്ങൾക്കധീനമാണ്. അത് ഒരു പ്രത്യേക തരം ആളുകളെ (ഉള്ളാടർ എന്നൊരു ജാതിക്കാരെ) വിളിച്ചു മാത്രമേ വെട്ടിമാറ്റുകയുള്ളൂ. ആ മരം വിറകായി ഉപയോഗിക്കയില്ല. അത്ര പവിത്രമായിട്ടായിരുന്നു കാവുകൾ സംരക്ഷിച്ചിരുന്നത്. കാവുകൾ മനുഷ്യരേയും സംരക്ഷിച്ചിരുന്നു. ഭൂമിയേയും ആ ഭൂമിയിൽ വസിക്കുന്ന, ആ വീട്ടിൽ വസിക്കുന്ന ജനങ്ങളേയും സർപ്പദൈവം കാത്തിരുന്നു. ഇന്നും ചിലർക്ക് വിശ്വാസമില്ലെങ്കിലും അവർ നമ്മളെ കാക്കുന്നുണ്ട് . തിട്ടം എന്നാൽ ഇക്കാലത്ത് പൗരാണിക പ്രാധാന്യത്തോടു കൂടി സംരക്ഷിക്കുന്ന , ആരാധിക്കുന്ന കാവുകൾ കുറഞ്ഞു വരികയാണ്. പഴമയിലും ഈശ്വരനിലും വിശ്വസിക്കുന്ന പഴമയുടെ രീതി അറിയുന്നവർ കാവും പരിസരവും സൂക്ഷിക്കുകയും കാവു നശിപ്പിക്കാതെ വച്ചു പുലർത്തുകയും ചെയ്യുന്നു . ഗൃഹാന്തരീക്ഷത്തിൽ കാവു സംരക്ഷണം വളരെ അത്യാവശ്യമാണന്നും കാവുപൂജ പ്രധാനമായും അവർ കരുതിയിരുക്കുന്നു. കാവിലെ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. കാവ് (സർപ്പക്കാവ്) പവിത്രമായി കരുതിയിരുന്നു...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment