ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label ദേവി / ദേവൻ. Show all posts
Showing posts with label ദേവി / ദേവൻ. Show all posts

3 January 2025

മധുരവീരൻ

മധുരവീരൻ

തമിഴ്നാട്ടിലും കേരളത്തിലെ ചിലപ്രദേശങ്ങളിലും ദേശത്തിന്റെ കാവൽദൈവമായി ആരാധിച്ചുവരുന്ന ഒരു വീരപുരുഷ ദൈവഭാവമാണ് മധുരവീരൻ സ്വാമി. കുതിരപ്പുറത്ത് ഉടവാൾ ഉയർത്തിപ്പിച്ചിട്ട് ഇരിക്കുന്ന രൂപത്തോടെയും വള്ളിയമ്മ, ബോമ്മയമ്മ എന്നീ ദേവിമാരോടൊപ്പവും മധുരവീരൻ സ്വാമിയെ ആരാധിക്കുന്നു. 
പലകഥകളിലും ഈ മൂർത്തിയുടെ ഉത്ഭവവുമായി പ്രചരിക്കുന്നു.

കാശീരാജാവിൻെറ പുത്രനായാണ് ശ്രീ മധുരവീരൻ സ്വാമി ജനിച്ചതെന്ന് പറയപ്പെടുന്നു. ജനിച്ചസമയത്തെ ഗ്രഹനില നോക്കി ജ്യോതിഷികൾ ആ കുഞ്ഞ് കൊട്ടാരത്തിൽ വളർന്നാൽ രാജാവിനും രാജ്യത്തിനും നാശം ചെയ്യുമെന്ന് പ്രവചിച്ചു. അതുകൊണ്ട് രാജാവ് ആകുട്ടിയെ ഒരു പേടകത്തിലടച്ച് നദിയിൽ ഒഴുക്കി.
മധുരക്ക് അടുത്ത് കാട്ടിൽ വിറക് വെട്ടാൻപോയ ഒരു വ്യക്തിക്ക് ആ പേടകം ലഭിക്കുകയും അതിലെ കുട്ടിയെ അയാൾ ഏറ്റെടുത്ത് വളർത്തുകയും ചെയ്തു. ചെറുപ്പകാലം മുതലേ അതീവമായ ദേവിഭക്തി പ്രകടിപ്പിച്ചിരുന്ന ആ കുട്ടി ആയോധനകലയിലും നൃത്തകലയിലും തുടങ്ങി സകലകലകളിലും അതീവസാമർത്ഥ്യം നേടിയിരുന്നു. യുവാവായികഴിഞ്ഞപ്പോൾ ആ യുവാവിന്റെ വീരകഥകൾ അന്യനാടുകളിൽ പോലും പ്രചരിച്ചിരുന്നു.

ആ കാലഘട്ടത്തിൽ മധുരനഗരം ഭരിച്ചിരുന്നത് ശ്രീ തിരുമലനായ്ക്കർ രാജാവായിരുന്നു, ദിവസംപ്രതി രാജ്യത്ത് കൊള്ളക്കാരുടെ ഉപദ്രവം കൂടിവരികയും അതിന്റെ കാരണക്കാർ അവിടത്തെ കള്ളർ സമുദായക്കാരായ ചിലയാളുകളാണെന്നും രാജാവ് അറിഞ്ഞു. തൻെറ സൈന്യം പലകുറി ശ്രമിച്ചിട്ടും ആ കൊള്ളസംഘത്തെ പിടികൂടാൻ സാധിച്ചില്ല. അവസാനം അതീവ ബലശാലിയും ആയോധനകലകളിൽ അഗ്രകണ്യനുമായ ഒരുയുവാവ് അടുത്തഗ്രാമത്തിൽ ഉണ്ടെന്നറിഞ്ഞ് രാജാവ് ആ യുവാവിനേ മധുരയുടെ പടതലവനായി നിയോഗിച്ചു. 

അതേസമയം യുവാവിന്റെ നൃത്തകലയിലെ സാമർഥ്യം കണ്ട് രാജാവ്, രാജകുമാരിയായ വള്ളിയമ്മാളെ നാട്യശാസ്ത്രവും പഠിപ്പിക്കാൻ ഏൽപ്പിച്ചു. ആ ബന്ധം അവസാനം രണ്ടുപേരെയും പ്രേമബന്ധത്തിലേക്ക് നയിച്ചു.
രാജാവുമായും കൊട്ടാരവുമായും മധുരവീരന് ഉള്ള അടുപ്പം മറ്റുള്ളകൊട്ടാരവാസികളുടെ കണ്ണിലെ കരടായി മാറി. എങ്ങനെയും മധുരവീരനേ വകവരുത്താൻ അവർ തീരുമാനിച്ചു. അവസാനം മധുരവീരനെ എടുത്തുവളർത്തിയത് കള്ളാർ സമുദായത്തിലെ ഒരാളാണെന്നും ആയതിൽ മധുരവീരൻ കൊള്ളസംഘത്തിലെ പ്രധാനിയാണെന്നും രാജാവിനോട് പറഞ്ഞുവിശ്വസിപ്പിച്ചു. യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കാതെ ഉടൻതന്നെ മധുര വീരന്റെ ഒരു കാലും തലയും വെട്ടാൻ രാജാവായ തിരുമലനായ്ക്കർ ഉത്തരവിട്ടു. ഇതേസമയം പരമദേവീഭക്തനായ മധുരവീരന് പരാശക്തി ദർശനം നൽകി നടന്നകാര്യങ്ങൾ വെളിപ്പെടുത്തി കൊടുത്തിരുന്നു. രാജകല്പന അറിഞ്ഞ വള്ളിയമ്മാളും ഇതേസമയം തന്നേ മധുരവീരനെ മനസിൽ കൊണ്ടു നടന്നിരുന്ന ബൊമ്മിയമ്മയും ശിക്ഷനടത്തുന്ന സ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ ശിക്ഷകഴിഞ്ഞ് പോകുന്ന ഭടന്മാരെയും നിലത്ത് മുറിഞ്ഞ് കിടക്കുന്ന മധുരവീരന്റെ വിരലുകളും മാത്രമാണ് കാണാനായത്. അതീവദുഃഖത്തോടെ പരാശക്തിയെ വിളിച്ചുകരഞ്ഞ അവരിൽ ദേവി കാരുണ്യം ചൊരിയുകയും മധുരവീരന്റെ ജീവൻ തിരികെനൽകുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. ജീവൻ തിരിച്ചുകിട്ടിയ മധുരവീരനും ബോമ്മിയമ്മയും, വള്ളിയമ്മാളും അവിടെതന്നെയുള്ള ഗുഹയിലേക്ക് കയറിപോയതായും പറയപ്പെടുന്നു. 
പിന്നീട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ തിരുമലനായ്ക്കർ പശ്ചാതാപത്തോടെ മധുരവീരൻ കയറിയ ഗുഹക്കുമുൻവശം മധുരവീരന് ദൈവീകപരിവേഷം നൽകി ആരാധിച്ചതായും ആസ്ഥലം ഇപ്പോൾ മധുര മീനാക്ഷിക്ഷേത്രത്തിന്റെ ഗോപുരത്തോടൊപ്പം ചെറിയ ക്ഷേത്രം നിർമ്മിച്ചു മധുരയുടെ കാവൽദൈവമായി ആരാധിച്ചുവരുന്നു.


5 December 2021

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ

എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട്. ദേവതകളെ ദേവഗൃഹം, അസുരഗൃഹം, ഗന്ധർവ്വഗൃഹം, യക്ഷഗൃഹം, പിശാച്ഗൃഹം, ബ്രഹ്മരക്ഷസ്, പിതൃഗൃഹം, ഗുരു- വൃദ്ധഗൃഹം, സർപ്പഗൃഹം, പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്താം.

അമരകോശത്തിൽ വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രാക്ഷസന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഹുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.

തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.

ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രൻ, ക്ഷേത്രപാലൻ, ഭൈരവൻ തുടങ്ങിയവരാണ്.

താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്. യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.

യക്ഷികൾ

സുന്ദരയക്ഷി, അന്തരയക്ഷി, അംബരയക്ഷി(ആകാശയക്ഷി), മായയക്ഷി, അരക്കി, അയലിയക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി, അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.

പക്ഷി(പുള്ള്) ദേവതകൾ

ഈശ്വരപുള്ള്, കോൽപുള്ള്, കോലിറച്ചിപുള്ള്, നീലപുള്ള്, നീർപുള്ള്, പരന്തറച്ചിപുള്ള്, രാക്ഷസപുള്ള്, രുദ്രപുള്ള്, വരടപുള്ള്, വർണ്ണപുള്ള്, വിങ്ങാപുള്ള്, വിങ്ങുപുള്ള്, വിഷ്ണുപുള്ള്... ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.

ഗന്ധർവ്വൻ (കാമൻ, കന്നി, മാരൻ)

ആകാശഗന്ധർവ്വൻ, പൂമാലഗന്ധർവ്വൻ,ബാലഗന്ധർവ്വൻ, വിമാനഗന്ധർവ്വൻ,  കാമൻ, ഭൂതകാമൻ, വൈശ്രകാമൻ, ഇരസികാമൻ, ചന്ദനമാരൻ, കന്നി... ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.

ഭൂതം

വെളുത്ത ഭൂതം, ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി, തോട്ടു ചിലച്ചി.... ഇവ ഭൂതങ്ങളാണ്.

മാടൻ

ചെറുമാടൻ, തൊപ്പിമാടൻ, വടിമാടൻ, പുള്ളിമാടൻ, ചുടലമാടൻ, കാലമാടൻ, അഗ്നിമാടൻ, ഭൂതമാടൻ, പിള്ളതിന്നിമാടൻ, ചിതവറയിൽമാടൻ... അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.

ഭൈരവൻ

അഗ്നിഭൈരവൻ, കാലഭൈരവൻ, ആദിഭേരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയഭൈരവൻ, കപാലഭൈരവൻ... അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.

പോട്ടൻ

പുലപ്പൊട്ടൻ, മാരണപ്പൊട്ടൻ, ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.

കുട്ടിച്ചാത്തൻ

കരിങ്കുട്ടിച്ചാത്തൻ, പൂങ്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, വിഷ്ണുമായച്ചാത്തൻ, കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.

ഗുളികൻ

കുളിയൻ(ഗുളികൻ), തെക്കൻ കുളിയൻ, കാര ഗുളികൻ, മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ, മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.

കുറത്തി

കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, വടക്കൻ കുറത്തി... അങ്ങനെ പലതരം കുറത്തികളുണ്ട്.

മറുത

കരിമറുത, കാലകേശി മറുത, ഈശാന്തൻ മറുത, പണ്ടാരമറുത, പച്ചമറുത, തള്ളമറുത... ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.

രക്ഷസ്സ്

ബ്രഹ്മരക്ഷസ്സ്, ഗോരക്ഷസ്സ്, മാർജ്ജാരരക്ഷസ്സ്. ഇവ വിവിധ രക്ഷസ്സുകളാണ്.

വീരൻ

കതുവന്നൂർ വീരൻ, കോയിച്ചാറു വീരൻ, പാടൻകുളങ്ങര വീരൻ, തുളുവീരൻ, മലവീരൻ, പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.

മല്ലൻ

മൂവോട്ടുമല്ലൻ, തെറ്റിക്കോട്ടുമല്ലൻ, കാരക്കോട്ടുമല്ലൻ, പറമല്ലൻ, മലിമല്ലൻ.... ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.

പിശാച്

കാലപിശാച്, ഭസ്മപിശാച്, ജലപിശാച്, പൂതപിശാച്, എരിപിശാച്, മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.

കാളി

ഭദ്രകാളി, ചുടലഭദ്രകാളി, വീരർ കാളി, കൊടുങ്കാളി, പറക്കാളി, പുള്ളിക്കരിങ്കാളി, മലയകരിങ്കാളി, വേട്ടക്കാളി, ശൂലക്കാളി... ഇങ്ങനെ പലതരം കാളികളുണ്ട്.

ചാവ്

പുലിചാവ്, ആനചാവ്, പാമ്പ്ചാവ് (ഇങ്ങനെ  ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).

ഈശ്വരി

രക്തേശ്വരി, ഭുവനേശ്വരി, പരമേശ്വരി... തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.

ചാമുണ്ഡി

രക്തചാമുണ്ഡി, മാടച്ചാമുണ്ഡി, മുട്ടിയറച്ചാമുണ്ഡി, നീലംകൈച്ചാമുണ്ഡി, പെരിയാട്ടുചാമുണ്ഡി, മലച്ചാമുണ്ഡി, എടപ്പാറച്ചാമുണ്ഡി, ആനമടച്ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി... ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.

നാഗദേവതകൾ

നാഗകണ്ഠൻ, നാഗകന്നി, നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, എരിനാഗം, കരിനാഗം, മണിനാഗം, കുഴിനാഗം, നാഗക്കാളി, നാഗഭഗവതി, നാഗേനീശ്വരി... ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.

വനദേവതകൾ

ആയിരവില്ലി, കരിവില്ലി, പൂവല്ലി, ഇളവില്ലി, കരീമലദൈവം, തലച്ചിറവൻ, താന്നിയോടൻ, മലക്കാരി, പുളിപ്പൂളോൻ... ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.

മൂർത്തികൾ

കണ്ടകമൂർത്തി, കടുവാ മൂർത്തി, മാരണമൂർത്തി, വനമൂർത്തി, പാഷാണമൂർത്തി, കാട്ടുമൂർത്തി... ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.

രോഗദേവതകൾ

ചീറുമ്പമാർ, ദണ്ഡദേവൻ, വസൂരിമാല, ഭദ്രകാളി, മാരിയമ്മൻ, മാരിമടക്കിത്തമ്പുരാട്ടി, തൂവക്കാളി, അപസ്മാരമൂർത്തി... ഇവ രോഗദേവതകളാണ്.

ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് കരിങ്കുഴി ശാസ്താവ്, കൊട്ടിയൂർ പെരുമാൾ, ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി, തൃക്കരിപ്പൂർ ചക്രപാണി.... എന്നിവ.

കാട്ടുമടന്ത, പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി, ചെറുകുന്നത്തമ്മ.. തുടങ്ങിയ നാമങ്ങൾ മല, പാറ, കുന്ന്, കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്.

10 October 2021

മനുഷ്യ ചൈതന്യത്തിൽ ദേവിയുടെ ഭാവങ്ങൾ

മനുഷ്യ ചൈതന്യത്തിൽ ദേവിയുടെ ഭാവങ്ങൾ

സുരഥസമാധികൾ ഋഷി മുഖത്തുനിന്നും  ദേവിമഹാത്മ്യ ശ്രവണം തുടരുന്നു.....

മഹിഷാസുരനിൽ നിന്നും ദേവന്മാരെ രക്ഷിച്ച ദേവിയെ ഇന്ദ്രാദികൾ സ്തുതിക്കുന്നു. "ലോകമാതാവേ ബ്രഹ്മവിഷ്ണുമഹേന്ദ്രന്മാർക്ക് പോലും അങ്ങയുടെ പ്രഭാവം വർണ്ണിക്കാൻ ആവുന്നില്ല. ലോകനന്മയ്ക്കും അശുഭ നാശത്തിനും രൂപംകൊണ്ട അങ്ങ് സുകൃതികൾ മന്ദിരത്തിൽ ശ്രീദേവിയായി കുടികൊള്ളുന്നു. പണ്ഡിതന്മാരുടെ ഉള്ളിൽ ബുദ്ധിയായും പുണ്യാത്മാക്കളുടെ ഉള്ളിൽ ശ്രദ്ധയായും നല്ല കുലത്തിൽ ജനിച്ചവരുടെ മനസ്സിൽ ലജ്ജയായും അങ്ങ് കുടികൊള്ളുന്നു. ഇതുപോലെ എന്നും ആപത്തിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ. അങ്ങയുടെ മഹത്വകഥകൾ കേൾക്കുന്ന ചൊല്ലുന്ന മനുഷ്യർക്ക് സങ്കടം തീർത്തു സമ്പത്ത് നൽകേണമേ"

പണ്ട് ശുംഭനിശുംഭന്മാർ എന്ന രണ്ട് അസുരന്മാർ ബ്രഹ്മദേവനെ തപസ്സ് ചെയ്തു ഇന്ദ്രാധികാരവും, സൂര്യാധികാരവും, ചന്ദ്രാധികാരവും എല്ലാം അടക്കി വാണു. എല്ലാ ലോകങ്ങളും യജ്ഞ ഭാഗങ്ങളും അവർ കൈയ്യടക്കി. രാജ്യം നഷ്ടപ്പെട്ട ദേവേന്ദ്രൻ പ്രശ്നപരിഹാരത്തിന് ബ്രഹ്മദേവനോടുകൂടി ദേവിയെ സ്മരിക്കാൻ തുടങ്ങി. "കാലാകാലങ്ങളിൽ ഞങ്ങളെ ആപത്തിൽ നിന്നും രക്ഷിച്ച അങ്ങ് ഈ അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. മനുഷ്യരുടെ ഉള്ളിൽ ചൈതന്യമായി കുടികൊള്ളുന്ന അമ്മയുടെ മഹാത്മ്യം എത്ര വർണ്ണിച്ചാലും മതിയാവുകയില്ല. മനുഷ്യമനസ്സുകളിൽ ഏതെല്ലാം രൂപത്തിൽ അങ്ങ് കുടികൊള്ളുന്നു. അങ്ങനെയുള്ള ദേവിക്ക് നമസ്കാരം

1. വിഷ്ണുമായ :

നമ്മളിൽ എല്ലാ ചലനങ്ങളും ഉണ്ടാക്കുന്നത് ദേവിയുടെ മായയാകുന്നു. ഈ ചൈതന്യം നമ്മളിൽ കുടികൊള്ളുന്നില്ലെങ്കിൽ നമ്മൾ ചലനമില്ലാത്ത ജീവൻ ആയി മാറുന്നു

2. ചേതന :

ഭാഗവതം നാലാം സ്കന്ധം ഒമ്പതാം അദ്ധ്യായം ആറാം ശ്ലോകത്തിൽ ധ്രുവസ്തുതിയിൽ പറയുന്നത് "ഏതൊരു ചൈതന്യമാണ് എന്നിൽ കുടികൊള്ളുന്നതും അവയവങ്ങളുടെ ചലനം ഉണ്ടാക്കുന്നതും ആ ചൈതന്യത്തെ ഞാൻ നമിക്കുന്നു" ഈ ചൈതന്യം ദേവി രൂപത്തിൽ നമ്മളിൽ കുടികൊള്ളുന്നു.

3. ബുദ്ധി :

ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളെയും വിശകലനം ചെയ്തു നമ്മെ നേർവഴിക്കു നയിക്കുന്നത് നമ്മളിൽ ദേവി രൂപത്തിൽ കുടികൊള്ളുന്ന ബുദ്ധി ആകുന്നു. ഉപനിഷത്തിൽ പറയുന്നത് ശരീരരഥത്തിൽ യാത്രചെയ്യുന്ന ആത്മാവിനെ  നയിക്കുന്നത് ബുദ്ധി എന്ന സാരഥി ആകുന്നു

4. നിദ്ര :

നമ്മൾ കർമ്മനിരതരല്ലാത്ത സമയത്ത് നിദ്ര രൂപത്തിൽ ദേവി നമ്മുടെ ബുദ്ധിയേയും, ശരീരത്തെയും സാന്ത്വനപ്പെടുത്തുന്നു.

5. ക്ഷുധാ :

വിശപ്പും, ദാഹവും മനുഷ്യ ശരീരത്തിൻറെ ആവശ്യകതകൾ ആണ്. ഭക്ഷണത്തിനു മാത്രമല്ല വിദ്യ സമ്പാദനത്തിനും ജ്ഞാന സമ്പാദനത്തിനും വിശപ്പ് ആവശ്യമാണ്.

6. ഛായ :

നമ്മളിൽ എല്ലാവരിലും ഭഗവാൻ ഒരേ രൂപത്തിൽ കുടികൊള്ളുന്നു. ഈ സത്യം മനസ്സിലാക്കാത്ത മനുഷ്യൻ അവിദ്യയിൽ മൂടപ്പെട്ടുപോകുന്നു. നമ്മളിൽ ഛായ രൂപത്തിൽ ദേവി കുടികൊള്ളുന്നു എന്ന് സാരം

7. ശക്തി :

പ്രവർത്തികൾ നമ്മളെ മുന്നോട്ട് നയിക്കുന്ന ശക്തി രൂപത്തിൽ നമ്മളിൽ കുടികൊള്ളുന്ന ദേവി മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം എന്ന ഏഴ് ചക്രങ്ങളിൽ കുടികൊള്ളുന്നു (സൗന്ദര്യലഹരി)

8. തൃഷ്ണ :

ജീവിതത്തിലെ ആദ്ധ്യാത്മിക കാര്യങ്ങളിൽ നമ്മൾക്കുണ്ടാകുന്ന ദാഹത്തിന്റെ രൂപത്തിൽ ദേവി നമ്മളിൽ കുടികൊള്ളുന്നു

9. ജാതി :

ജാതി എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും കാരണമെന്നാണ്. ദേവി ഈ രൂപത്തിൽ നമ്മളിൽ കുടികൊള്ളുന്നു

10. ലജ്ജ :

ദുഷ്പ്രവർത്തികൾ ചെയ്യുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നുത് ലജ്ജ രൂപിണിയായ ദേവി തന്നെ

11. ശാന്തി :

അശാന്തമായ മനസ്സിന് സുഖം ലഭിക്കുകയില്ല. ശാന്തി രൂപത്തിൽ ദേവി നമ്മുടെ മനസ്സിൽ കുടികൊള്ളുന്നു

12. ശ്രദ്ധ :

എന്നാൽ വിശ്വാസം എന്ന അർത്ഥം എടുക്കാം. ഈ വിശ്വാസം നമ്മളിൽ ജനിപ്പിക്കുന്നത് ദേവി ആകുന്നു

13. കാന്തി :

മനസ്സിൽ എപ്പോഴും സന്തോഷിക്കുന്ന വ്യക്തിയുടെ മുഖത്തിന് സൗന്ദര്യം ഉണ്ടാവും. ഈ സൗന്ദര്യ രൂപത്തിൽ ദേവി നമ്മളിൽ കുടികൊള്ളുന്നു

14. ലക്ഷ്മി :

ഐശ്വര്യം നമ്മളിൽ കുടികൊള്ളുന്നത് ദേവിയിലൂടെ എന്ന് സാരം.

15. വൃത്തി :

നമ്മളിൽ കുടികൊള്ളുന്നു ദേവി എപ്പോഴും നമ്മളെ കർമ്മനിരതർ ആക്കുന്നു

16. സ്മൃതി :

എല്ലാ കാര്യങ്ങളും ഓർത്തുവയ്ക്കാൻ ഉള്ള ഓർമശക്തി നമുക്ക് ലഭിക്കുന്നത് ഉള്ളിൽ കുടികൊള്ളുന്ന ദേവിയിൽ നിന്നും.

17. ദയ :

സഹജീവികളോടുള്ള അനുകമ്പയും ദയയും നമ്മിൽ ഉണ്ടാക്കുന്നത് മാതൃരൂപിണിയായ ദേവി.

18. തുഷ്ടി :

സന്തുഷ്ടി ഇല്ലാത്ത മനസ്സ് എപ്പോഴും വ്യാകുലപ്പെട്ടു കൊണ്ടിരിക്കും. ഇതിൽ നിന്നും നമ്മെ രക്ഷിക്കുന്നത് ദേവിയുടെ സാമീപ്യം.

19. മാതൃ :

ദേവിയെ അമ്മയായി കാണുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഒരു ഉദാത്തമായ സങ്കല്പമാണ്.

20. ഭ്രാന്തി :

പ്രവർത്തികളിൽ നമ്മൾക്ക് വിഭ്രാന്തി ഉണ്ടാകുന്നത് ദേവി സാന്നിദ്ധ്യം മൂലമാണ്. മനസ്സ് നന്നായി വിശകലനം ചെയ്താൽ ഈ വിഭ്രാന്തിയിൽ നിന്നും നല്ല തീരുമാനങ്ങൾ മനസ്സിൽ ഉണ്ടാകും

21. ഇന്ദ്രിയങ്ങൾ :

ഇന്ദ്രിയങ്ങൾ ശരീര രഥത്തിലെ കുതിരകൾ പോലെയാണ്. കടിഞ്ഞാണില്ലാതെ അവയെ മുന്നോട്ടു കൊണ്ടുപോയാൽ ജീവിതത്തിൽ പരാജയം സംഭവിക്കും. ഇന്ദ്രിയങ്ങളെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നത് ദേവിയുടെ ചൈതന്യം കൊണ്ടാണ്

(ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, ദേവി മാഹാത്മ്യം, ദേവി ഭാഗവതം എന്നീ ഉപാസന പ്രക്രിയയിലൂടെ നമുക്ക് ഈ ദേവി ഭാവങ്ങളെ ഉണർത്താം.)

ഇങ്ങനെ ചൊല്ലി സ്തുതിക്കപ്പെട്ട ദേവി ദേവന്മാരെ സമാശ്വസിപ്പിക്കുകയും എപ്പോഴും തങ്ങളെ രക്ഷിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

അതിസുന്ദരമായ രൂപത്തിൽ ഊഞ്ഞാലാടുന്നു ദേവിയെ ശുംഭനിശുംഭന്മാരുടെ ശിഷ്യഗണങ്ങൾ ആയ ചണ്ഡമുണ്ടന്മാർ കാണുകയും ശുംഭനിശുംഭന്മാരുടെ അടുത്തു ചെന്ന് വിവരം അറിയിക്കുകയും ചെയ്തു. ഇതുകേട്ട് ശുംഭൻ സുഗ്രീവൻ എന്ന തന്റെ ശിഷ്യനെ ദേവിയുടെ അടുത്തേക്ക് പറഞ്ഞയക്കുന്നു. ദേവിയെ പറഞ്ഞു മനസ്സിലാക്കി സൗമ്യ ഭാഗത്തിൽ ഇവിടെ കൊണ്ടുവരണമെന്ന് ചട്ടംകെട്ടുകയും ചെയ്യുന്നു.

യജമാനന്റെ ആജ്ഞയനുസരിച്ച് സുഗ്രീവൻ ദേവിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ അറിയിക്കുന്നു. ദേവി മറുപടിയായി "ഏതൊരുവൻ എന്നെ യുദ്ധത്തിൽ ജയിച്ചു എന്റെ ദർപ്പം അടക്കാൻ പ്രാപ്തനാണോ അവൻറെ സഹധർമ്മിണിയായി മാത്രമേ ഞാൻ വർത്തിക്കൂ,"

31 July 2021

ലക്ഷ്മി ദേവിയുടെ കടാക്ഷം

ലക്ഷ്മി ദേവിയുടെ കടാക്ഷം

ലക്ഷ്മി ദേവി പല ഹിന്ദു കുടുംബങ്ങളുടെയും കുടുംബ ദേവത ആയതു കൊണ്ട് തന്നെ എല്ലാ ദിവസവും ലക്ഷ്മി ദേവിയെ ഭക്തിയോടെ പൂജിച്ചു ആരാധന നടത്തുന്നു.
ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു.
തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു.
ലക്ഷ്മിദേവിയുടെ ജനനത്തെക്കുറിച്ചറിയാൻ വിഷ്ണു പുരാണത്തിലേക്കൊന്നിറങ്ങിച്ചെല്ലണം.

യോഗിയായ ദുർവ്വാസാവിന്റെയും ഇന്ദ്ര ദേവന്റെയും കൂടിക്കാഴ്ച്ചയിലൂടെയാണ് ഈ കഥ തുടങ്ങുന്നത്.
വളരെ ആദരവോടുകൂടി ദുർവാസാവ് മഹർഷി ഇന്ദ്ര ദേവന് ഹാരാർപ്പണം നടത്തി.
ആ ഹാരം ഇന്ദ്ര ദേവൻ തന്റെ വാഹനമായ ഐരാവതത്തിന്റെ നെറ്റിത്തടത്തിൽ വച്ചു.
എന്നാൽ ഐരാവതം ആ മാല ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു.

തന്റെ ഉപഹാരത്തെ ഇത്തരത്തിൽ അപമാനിച്ചതിൽ ദുർവാസാവ് മഹർഷിക്ക് ദേഷ്യം സഹിക്കാനായില്ല.
"നിങ്ങൾക്ക് അഹംഭാവവും അഹങ്കാരവും ഉണ്ട്, ഭാഗ്യദേവതയുടെ ഇരിപ്പിടമായിരുന്ന ഞാൻ അർപ്പിച്ച ഹാരം നിങ്ങൾ ആദരവോടെ സ്വീകരിച്ചില്ല, മറിച്ചു അതിനെ അപമാനിച്ചു."
ഇത് പറഞ്ഞു കൊണ്ട് ദുർവാസാവ് മഹർഷി ഇന്ദ്ര ദേവനെ ഇങ്ങനെ ശപിച്ചു:

"നീ വലിച്ചെറിഞ്ഞ ഹാരം പോലെ നിന്റെ കുലവും നശിക്കട്ടെ."

ഇത്രയൊക്കെ ഉണ്ടായിട്ടും അഹങ്കാരിയായ ഇന്ദ്രന്റെ അമിതമായ പ്രൗഢി കാരണം ദുർവാസാവ് മഹാർഷിയോട് മാപ്പ് പറയാൻ തയ്യാറായില്ല.

ദുർവാസാവ് മഹർഷി മടങ്ങിയതിനു ശേഷം ഇന്ദ്രൻ തന്റെ രാജധാനിയായ അമരാവതിയിലേക്ക് പോയി.
ദുർവാസാവ് മഹർഷിയുടെ ശാപം അമരാവതിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ദേവതകൾക്ക് അവരുടെ പ്രഭാവവും ഊർജ്ജവും നഷ്ടപ്പെടാൻ തുടങ്ങി, പച്ചക്കറികളും സസ്യങ്ങളും ഉണങ്ങിക്കരിഞ്ഞു തുടങ്ങി, മനുഷ്യർ ദാനധർമ്മം നിർത്തി, ആളുകളുടെ മനസ്സ് മലിനമാകാൻ തുടങ്ങി, ആളുകൾ ആത്യന്തിക വികാര വിചാരങ്ങളിൽ മുഴുകി തുടങ്ങി, പുരുഷന്മാരും സ്ത്രീകളും വസ്തു വകകളിൽ ആവേശഭരിതരായിത്തീരുന്നു. എല്ലാവരുടേയും ആഗ്രഹങ്ങൾ അനിയന്ത്രിതമായിത്തീരാൻ തുടങ്ങി.

അമരാവതിയിലെ ദേവതകൾ ബലഹീനരായപ്പോൾ, രാക്ഷസന്മാർ അവരെ ആക്രമിക്കുകയും അവരെ കീഴടക്കുകയും ചെയ്തു. ഇതാണ് ദൈവവും പിശാചും നമ്മിൽ വസിക്കാൻ കാരണവും, അതായത്, ഇത് നമ്മിലെ നന്മയും തിന്മയും സൂചിപ്പിക്കുന്നു.

പരാജയത്തിന് ശേഷം ദേവന്മാർ ഭഗവാൻ വിഷ്ണുവിന്റെ അരികിലേക്ക് പോയി. സമുദ്രത്തിൽ നിന്ന് അമൃത് കടഞ്ഞെടുത്തു അതിലൂടെ അവരെ അനശ്വരമാക്കണമെന്നും പഴയ ഊർജ്ജം തിരികെ നൽകണമെന്നും അവർഅപേക്ഷിച്ചു.

ഇവിടെയാണ് പാലാഴി മഥനം ആരംഭിക്കുന്നത്.
ഈ കഥയിൽ ദേവതകളും രാക്ഷസന്മാരും തമ്മിലുള്ള വടം വലി യുദ്ധത്തെയാണ് അമൃത് കടയൽ അഥവാ പാലാഴി മഥനം സൂചിപ്പിക്കുന്നത്.
ഈ അമൃത് കടയലിൽ നിന്നും സമുദ്രത്തിന്റെ തിരമാലകൾക്കിടയിൽ വിടർന്ന താമരയിൽ സ്ഥാനമുറപ്പിച്ച ലക്ഷ്മി ദേവി ഉത്ഭവിച്ചു. ലക്ഷ്മി ദേവി വിഷ്ണുവിനെ തന്റെ യജമാനനായും, രാക്ഷസന്മാർക്കു മേലെ ദൈവത്തെയും തിരഞ്ഞെടുക്കാൻ ഇതൊരു കാരണമായി. ദേവതകൾക്ക് ശക്തി തിരികെ ലഭിക്കുകയും അസുരന്മാരെ യുദ്ധം ചെയ്ത് അവരെ കീഴടക്കുകയും ചെയ്തു.

ഈ കഥയിലെ ആദ്യ പാഠം എന്തെന്നാൽ, അഹങ്കാരവും അഹംഭാവവും ഉണ്ടായാൽ അത് ദൈവമായാൽ പോലും ഭാഗ്യ ദേവത ഉപേക്ഷിക്കും. ലക്ഷ്മി ദേവി ഭൗതികസമ്പത്തിന് വേണ്ടി മാത്രമല്ല.
ഭാഗ്യ ദേവതയെ വെറുപ്പിച്ചാൽ അത് നല്ല പ്രവൃത്തി ചെയ്യുന്നതിനുള്ള കഴിവില്ലായ്മ, ഊർജ്ജ നഷ്ടം, പട്ടിണി, ദാരിദ്ര്യം, മാനസിക സമാധാനമില്ലായ്മ, ഇച്ഛാശക്തിയുടെ അഭാവം, അർത്ഥരഹിതമായ ജീവിതം എന്നിവയിലേക്ക് നയിക്കുന്നതായിരിക്കും.

22 July 2021

ലോകനാഥനായ ഭഗവാൻ ശ്രീ കൃഷ്ണന്റെ പ്രധാനപ്പെട്ട വിവരങ്ങൾ

ലോകനാഥനായ  ഭഗവാൻ ശ്രീ കൃഷ്ണന്റെ പ്രധാനപ്പെട്ട വിവരങ്ങൾ

1. ഭഗവാൻ ശ്രീ കൃഷ്ണൻ ജനിച്ചത് ഇന്നേക്ക് 5252വർഷം മുമ്പാണ്

2. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം ബിസി 3228ജൂലൈ 18ആം തിയതിയാണ്

3. മാസം= ശ്രാവണം

4. ദിവസം -അഷ്‌ടമി

5. നക്ഷത്രം -രോഹിണി

6. ജനനദിവസം -ബുധനാഴ്ച

7. ജനനസമയം 00.00am

8. ഭഗവാൻ  ശ്രീകൃഷ്ണൻ  ജീവിച്ചിരുന്നത് 125വർഷം 8മാസം 7ദിവസം

9. ഭഗവാൻ ശ്രീകൃഷ്ണന്റെ സ്വർഗ്ഗരോഹണം ബിസി 3102ഫെബ്രുവരി 18ആം തിയതിയാണ്

10. കുരുക്ഷേത്രയുദ്ധം നടക്കുമ്പോൾ ഭഗവാൻ  ശ്രീകൃഷ്ണന് 89വയസ് ആയിരുന്നു

11. കുരുക്ഷേത്രയുദ്ധം കഴിഞ്ഞു 36 വർഷങ്ങൾക്കു ശേഷമാണു ഭഗവാൻ സ്വർഗാരോഹണം ചെയ്തത്

12. കുരുക്ഷേത്രയുദ്ധം തുടങ്ങിയത് മൃഗശിരഃ ശുക്ല ഏകാദശി ദിവസം ബിസി 3139ഡിസംബർ 8ആം തിയതി മുതൽ ബിസി 3139ഡിസംബർ 25തിയതിയിൽ അവസാനിച്ചു

13. ജയദ്രഥന്റെ  മരണം ബിസി 3139ഡിസംബർ 21ആം തിയതി 3മാണിക്കും 5മാണിക്കും ഇടയിലുള്ള സൂര്യഗ്രഹണ സമയത്താണ് നടന്നത്

14. ഭീഷ്മപിതാമഹന്റെ മരണം ബിസി 3138ഫെബ്രുവരി 2ആം തിയതി ആയിരുന്നു

15. ശ്രീകൃഷ്ണന്റെ പ്രധാനക്ഷേത്രങ്ങൾ
A.. കൃഷ്ണകനയ്യ(മധുര up)
B.. ജഗന്നാഥ (പുരി ഒഡിഷ )
C.. വിദേവ (മഹാരാഷ്ട്ര )
D.. ശ്രീനാഥ (രാജസ്ഥാൻ )
E.. ദ്വാരകേശ്വര (ഗുജറാത്ത്‌ )
F.. റേഞ്ചേർ (ഗുജറാത്ത്‌ )
G.. ഉഡുപ്പി (കർണാടക )
H.. ഗുരുവായൂർ (കേരള )

16.ശ്രീകൃഷ്ണന്റെ അച്ഛൻ വാസുദേവർ അമ്മ ദേവകി [കൃഷ്ണന്റെ അമ്മ ഉഗ്ര വംശത്തിൽ നിന്നുള്ളയാളായിരുന്നു, യാദവ വംശത്തിൽ നിന്നുള്ള പിതാവ് വംശീയ വിവാഹമായിരുന്നു.] വളത്തച്ഛൻ നന്ദഗോപാൽ വളത്തമ്മ യശോദ ജേഷ്ഠൻ ബലരാമൻ സഹോദരി ശുഭദ്ര.

17. ജനനസ്ഥലം  മധുര

18. ശ്രീകൃഷ്ണന്റെ ഭാര്യമാർ രുഗ്മിണി. സത്യഭാമ. ജാമ്പവതി. കാളിന്ദി. മിത്രവൃന്ദ. നഗ്‌നചിതി. ഭദ്ര. ലക്ഷ്മണ

19. ശ്രീകൃഷ്ണൻ വധിച്ച 4പേർ
ചാണൂരൻ. കംസൻ. ശിശുപാലൻ. ദന്തവക്ര

20. ശ്രീകൃഷ്ണന്റെ അമ്മയുടെ കുലം ഉഗ്രകുലം അച്ഛന്റെ കുലം യാദവകുലം

21. ശ്രീകൃഷ്ണൻ ഒൻപതാമത്തെ വയസിൽ ഗോകുലത്തിൽ നിന്നു വൃന്ദാവനത്തിലേക്ക്  പോയി

22. ശ്രീകൃഷ്ണൻ വൃന്ദാവനിയിൽ താമസിക്കേ 10വയസും 8മാസവും പ്രായമായപ്പോൾ അമ്മാവൻ കംസനെ വധിച്ചു സ്വന്തം അമ്മയെയും അച്ഛനെയും മോചിപ്പിച്ചു

23. വൈനതേയ ആദിവാസികളുടെ രക്ഷക്കായി ജരാസന്ധനെ വധിച്ചു ഗോവന്തക  പർവതം വീണ്ടെടുത്തു (ഇന്നത്തെ ഗോവയിലാണ് )

24. ഭഗവാൻ 16വയസു മുതൽ 18വയസു വരെ സാന്ദീപനി ആശ്രമത്തിൽ വിദ്യാഭാസത്തിനുപോയി ( സാന്ദീപനി ആശ്രമം  ഇന്നത്തെ ഉജ്ജയ്നിലാണ് )

25. ഭൂതം  ഭാവി വർത്താനം ഇവ അറിയാവുന്ന ഒരേയൊരാൾ ഭഗവാൻ ശ്രീകൃഷ്ണനാണ്. എന്നിട്ടും അദ്ദേഹം എപ്പോഴും ആ നിമിഷത്തിൽ ജീവിച്ചു.

26. കൃഷ്ണ ഭഗവാനെ ആരാധിക്കുന്ന പേരുകൾ
കൃഷ്ണ, കൻഹയ്യ [മഥുര]
ജഗന്നാഥ് [ഒഡീഷയിൽ]
വിത്തോബ [മഹാരാഷ്ട്രയിൽ]
ശ്രീനാഥ് [രാജസ്ഥാനിൽ]
ദ്വാരകധീഷ് [ഗുജറാത്തിൽ]
റാഞ്ചോഡ് [ഗുജറാത്തിൽ]
കൃഷ്ണൻ [കർണാടക]

13 January 2021

പഞ്ചദേവിമാർ

പഞ്ചദേവിമാർ

1. ദുർഗ്ഗാ ദേവി

ദുർഗ്ഗ, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആർത്തികളേയും ഇല്ലാതാക്കുന്നവളും, അതി തേജസ്സുളളവളും, ശ്രേഷ്ഠയും, സർവ്വ ശക്തി സ്വരൂപിണിയും, സിദ്ധേശ്വരിയും, സിദ്ധിരൂപിണിയും, ബുദ്ധി, വിശപ്പ്, നിദ്ര, ദാഹം, ദയ, ഓർമ്മ, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടു കൂടിയവളും, പരമാത്മാവിൻ്റെ ശക്തി സ്രോതസ്സുമാകുന്നു. ഭഗവാൻ ഗണേശൻ്റെ മാതാവും, ശിവരൂപിണിയും, ശിവപ്രിയയും, വിഷ്ണുമായയായ നാരായണിയും, പരിപൂർണ്ണ ബ്രഹ്മ സ്വരൂപിണിയും, ബ്രഹ്മാവ് ആദിയായ ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും, സർവ്വതിനും അധിപയും സത്യാത്മികയും, പുണ്യം, കീർത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ കൊടുക്കുന്നവളുമാണ് ദുർഗ്ഗാ ദേവി.

2. ലക്ഷ്മീ ദേവി

വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സദാ ഭർത്തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും, സതിയും, സ്വർഗ്ഗത്തിൽ സ്വർഗ്ഗശ്രീയായും രാജധാനിയിൽ രാജലക്ഷ്മിയായും ഗൃഹത്തിൽ ഗൃഹലക്ഷ്മിയായും സകല പ്രാണികളിലും വസ്തുക്കളിലും ഐശ്വര്യം പ്രദാനം ചെയ്യുന്നവളായും രാജാക്കന്മാരിൽ പ്രഭാരൂപിയായും, പുണ്യാത്മാക്കളിൽ കീർത്തിരൂപിയായും, കച്ചവടക്കാരിൽ വ്യാപാരശ്രീയായും ദയാരൂപിയായും, സർവ്വ പൂജ്യയായും, സർവ്വ വന്ദ്യയായും ലക്ഷ്മി വിളങ്ങുന്നു.  പരമാത്മാവിൻ്റെ ശുദ്ധ സത്യസ്വരൂപിണിയാണ് പത്മാദേവിയായ മഹാലക്ഷ്മി. സർവ്വ സമ്പദ്സ്വരൂപിണിയും, സമ്പത്തുക്കൾക്ക് അടിസ്ഥാന ദേവതയും, കാന്തി, ശാന്തി, ദയ, സൗശീലം, മംഗളം ഇവകളുടെ ഇരിപ്പിടവും, മോഹ മദ മാത്സര്യങ്ങൾക്കതീതയും, ഭക്തരിൽ പ്രിയമെഴുന്നവളും, പരമ പതിവ്രതയും, ഭഗവാൻ വിഷ്ണുവിന് പ്രാണതുല്യയും, ഭഗവാനോട് അപ്രിയം പറയാത്തവളുമാണ് ലക്ഷ്മി.

3. സരസ്വതി ദേവി

സരസ്വതി ദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ സകല മനുഷ്യരും സംസാര ശേഷി ഇല്ലാത്തവരായിത്തീരും.  വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാനദേവതയാണ് സരസ്വതി. തന്നെ ഉപാസിക്കുന്നവർക്ക് ബുദ്ധി, കവിത, ചാതുര്യം, യുക്തി, ധാരണാശക്തി എന്നിവ കൊടുക്കുന്നവളും, നാനാസിദ്ധാന്ത ഭേദങ്ങൾക്ക് പൊരുളായി വിളങ്ങുന്നവളും, സർവ്വാർത്ഥ ജ്ഞാനസ്വരൂപിണിയും, ഗ്രന്ഥ നിർമ്മിണത്തിനുളള ബുദ്ധിയെ കൊടുക്കുന്നവളും, സ്വരം, രാഗം, താളം മുതലായവയ്ക്ക് കാരണഭൂതയുമാണ് സരസ്വതി ദേവി. വാഗ്രൂപയും സുശീലയും, സർവ്വ ലോകത്തിനും ഉണർവ്വ് നൽകുന്നവളും, വാക്യാർത്ഥ വാദങ്ങൾക്ക് കാരണഭൂതയും ശാന്തയും വീണാ പുസ്തകധാരിണിയും, മഞ്ഞുകട്ട, ചന്ദനം, വെളളാമ്പൽ, മുല്ലപ്പൂ, ചന്ദ്രൻ മുതലായവയെപ്പോലെ വെളുത്ത നിറത്തോടു കൂടിയവളും, തപസ്വികൾക്ക് തപഃഫലം കൊടുക്കുന്നവളും സിദ്ധ വിദ്യാ സ്വരൂപിണിയും, സദാകാലം സർവ്വ സിദ്ധികളേയും കൊടുത്തുകൊണ്ടിരിക്കുന്നവളുമാകുന്നു.

4. സാവിത്രീദേവി

തപഃസ്വരൂപിണിയായും ബ്രഹ്മ തേജോരൂപിണിയായും, ജപരൂപിണിയായും, തന്ത്ര ശാസ്ത്രങ്ങൾ, സന്ധ്യാ വന്ദനാദി മന്ത്രങ്ങൾ തുടങ്ങിയവയ്ക്ക് മാതാവായും, ഗായത്രിയെ ജപിക്കുന്നവർക്ക് പ്രിയയായും തീർത്ഥസ്വരൂപിണിയായും, സ്ഫടിക നിറത്തോടു കൂടിയവളായും വിളങ്ങുന്നു. തീർത്ഥ സ്ഥാനങ്ങൾക്കു പുണ്യഫലം പ്രദാനം ചെയ്യാൻ കഴിവുണ്ടാകണമെങ്കിൽ സാവിത്രീ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കണം. ദേവിയുടെ പാദസ്പർശം ലോകത്തെ പരിശുദ്ധമാക്കി തീർത്തിരിക്കുന്നു. ശുദ്ധ തത്ത്വസ്വരൂപിണിയും പരമാനന്ദ സ്വരൂപിണിയും ബ്രഹ്മ തേജസ്സിൻ്റെ അധിഷ്ഠാന ദേവതയും ആയിരിക്കുന്ന ദേവിയുടെ കാന്തി അവർണ്ണനീയമാണ്

5. രാധാദേവി

ശ്രീകൃഷ്ണൻ്റെ വാമാംഗാർദ്ധ സ്വരൂപിണിയും ഭഗവാനേപ്പോലെ തന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളാണ് രാധാദേവി. ഏറ്റവും ശ്രേഷ്ഠയും സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും ധന്യയും മാന്യയുമാണ്. ഭഗവാൻ്റെ രാസക്രീഡയുടെ അധിദേവിയും രസികയും, ഗോപികാ വേഷധാരിണിയും അതേസമയം നിർഗുണയും നിരാകാരയും നിർലിപ്തയും ആത്മസ്വരൂപിണിയുമാണ് രാധാദേവി. ഭക്തന്മാർക്ക് അനുഗ്രഹമേകുന്നവളും വേദവിധി പ്രകാരമുളള ധ്യാനത്തിലൂടെ മാത്രം വെളിപ്പെടുന്നവളും, അഗ്നിയിൽ പോലും ദഹിക്കുകയില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവളും, അനേകചന്ദ്രപ്രഭയുളളവളും, യാതൊരവസ്ഥാഭേദവും ബാധിക്കപ്പെടാത്തവളും, നിരീഹയും നിരഹങ്കാരയുമാണ് ദേവി.

ആദിപരാശക്തിയായ സാക്ഷാൽ മഹാമായയ്ക്ക് ഈ അഞ്ചു രൂപങ്ങളെ കൂടാതെ ആറ് അംശരൂപങ്ങൾ കൂടിയുണ്ട്. ഗംഗാദേവി, തുളസീദേവി, മനസാ ദേവി, ദേവസേനാദേവി, മംഗളചണ്ഡിക, ഭൂമീദേവി എന്നീ പേരുകളിൽ അവ അറിയപ്പെടുന്നു...