ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 November 2018

ഈശ്വരന്‍ ആര്‌?

ഈശ്വരന്‍ ആര്‌?

ഈശ്വരന്റെ സ്വരൂപത്തെയും ഈശ്വരന്റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല. അനുഭവിച്ചറിയേണ്ടതാണ്‌. തേനിന്റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയില്ല. രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്റെ ഗുണത്തെയും ഭാവത്തെയും മനസ്സിലാക്കുവാന്‍ സാധിക്കൂ. ഈശ്വരന്‍ വാക്കുകൾക്കതീതനാണ്‌, പരിമിതികൾക്കപ്പുറമാണ്‌, അവിടുന്ന്‌ എല്ലായിടത്തും എല്ലാവരിലും സ്ഥിതിചെയ്യുന്നു. ജീവനുള്ളതിലും ഇല്ലാത്തതിലും അവിടുന്നുണ്ട്‌. പ്രത്യേകിച്ച്‌ ഒരു രൂപമെടുത്തവെന്ന്‌ പറയാന്‍ പറ്റുകയില്ല. ഇന്നതാണെന്ന്‌ വിശേഷിച്ച്‌ പറയുവാന്‍ കഴിയുകയില്ല. ബ്രഹ്മമെന്നു പറയുന്നതും ഈശ്വരനെത്തന്നെ. നമുക്ക്‌ സങ്കല്പ്പിലക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളും അതിനപ്പുറവും കവിഞ്ഞു നില്ക്കുന്നതാണ്‌ ബ്രഹ്മം. ഈശ്വരന്‍ ഗുണാതീതനാണ്‌. അവിടുത്തെക്കുറിച്ച്‌ വാക്കാല്‍ പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതല്ല. പിന്നെ, നമ്മുടെ ബുദ്ധിക്ക്‌ മനസ്സിലാകുന്നതിന്‌ വേണ്ടി ഈശ്വരന്‍ ചില ഗുണങ്ങളോടുകൂടിയവനാണെന്ന്‌ പറയുന്നു. ആ ഗുണങ്ങളാകട്ടെ ത്യാഗികളായി മഹാത്മാക്കളില്‍ പ്രതിഫലിച്ച്‌ കാണാം. അങ്ങനെയുള്ളവരാണ്‌ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍. സത്യം ധർമ്മം ത്യാഗം സ്നേഹം ദയ കരുണ്‌ തുടങ്ങിയവയാണ്‌ ഈശ്വരന്റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണ്‌ ഈശ്വരന്‍. ഇവ നമ്മില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മളില്‍ പ്രതിഫലിക്കുകയുള്ളൂ. വിത്തിനുള്ളില്‍ പൂവും കായും എല്ലാമുണ്ടെങ്കിലും അത്‌ മണ്ണിനടിയില്പോതയി അഹമാകുന്ന തോട്‌ പൊട്ടിക്കഴിയുമ്പോഴാണ്‌ അവയൊക്കെ പുറത്ത്വരുന്നത്‌. തോടുപൊട്ടി അത്‌ വളര്ന്ന് ‌ കഴിയുമ്പോള്‍ എല്ലാ രീതികളിലും ഉപകാരമേയുള്ളൂ. സ്വന്തം ചുവടുമുറിക്കുമ്പോഴും വൃക്ഷം തണല്‍ നല്കുരന്നു. ത്യാഗത്തിലൂടെ ഹൃദയം കണ്ണാടിപോലെയാകുമ്പോള്‍ ഈശ്വരന്റെ സ്വരൂപം എന്തെന്നറിയാന്‍ കഴിയും. അവിടുത്തെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറ്റും. ഭഗവദ്ഗുണങ്ങള്‍ നമ്മളില്‍ പ്രതിഫലിക്കും. ഈശ്വരന്‍ നിര്ഗുംണനാണ്‌. പക്ഷേ, അവിടുത്തെ ഉള്ക്കൊെള്ളണമെങ്കില്‍ സാധാരണക്കാരായ നമുക്ക്‌ ഉപാധിയോടോകൂടി മാത്രമേ സാധിക്കുകയുള്ളൂ. നമുക്ക്‌ ദാഹമുണ്ട്‌. വെള്ളം വേണം. എന്നാലത്‌ കൊണ്ടുവരണമെങ്കില്‍ ഒരു പാത്രം ആവശ്യമാണ്‌ . വെള്ളം കുടിച്ച്‌ കഴിഞ്ഞാല്‍ ആ പാത്രം നമ്മള്‍ ഉപേക്ഷിക്കും. ഈശ്വരനെ നിര്ഗുിണഭാവത്തില്‍ ഉള്ക്കൊള്ളുവാന്‍ പ്രയാസമാണ്‌. അതിനാല്‍ ഭക്തന്റെ സങ്കലല്പ്പമനുസരിച്ച്‌ ഈശ്വരന്‍ രൂപം കൈക്കൊള്ളുന്നു. ഈ സഗുണഭാവമാണ്‌ നമുക്ക്‌ എളുപ്പമായിട്ടുള്ളത്‌. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഈ ഉപാധിസഹായകമാണ്‌. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഈ ഉപാധി സഹായകമാണ്‌. മരത്തില്‍ കയറാന്‍ അറിഞ്ഞുകൂടാത്ത ഒരാളിന്‌ കൈയില്‍ ഒരു തോട്ടിയുണ്ടെങ്കില്‍ മാമ്പഴം പിച്ചിയെടുക്കാം. അതുപോലെ നമ്മിലിരിക്കുന്ന നല്ല ഗുണങ്ങളെ പുറത്തുകൊണ്ടുവരുവാന്‍ ഒരു ഉപാധി വേണ്ടിയിരിക്കുന്നു. ഈശ്വരശക്തി ലോകത്തില്‍ പ്രകടമാകുന്നത്‌ ഈ ഉപാധികളില്ക്കൂടിയാണ്‌. എന്നാലവിടുന്നു നിര്ഗു്ണന്‍ തന്നെ.

കൗളം അഥവാ കൗളാചാരം

കൗളം അഥവാ കൗളാചാരം

തികച്ചും യോഗ ശാസ്ത്രപരമായ ഒരു ആചാരമാകുന്നു കൗളം എന്നത് യഥാർത്ഥത്തിൽ ഈ ശാസ്ത്രത്തെ നശിപ്പിച്ചത് ഈ ശാസ്ത്രത്തിന്റെ പുറത്തുള്ളവരല്ല അകത്തുള്ളവരാണ്. കൗളം എന്ന് പറഞ്ഞാൽ കള്ളുകുടിയും മറ്റും ചെയ്യാനുള്ള ലൈസൻസ് ആയിട്ടാണ് ഇത്തരക്കാർ കാണുന്നത്.  സമൂഹത്തിൽ ഈ ശാസ്ത്രത്തെ അധഃപതിപ്പിച്ചത് ഇവർ ആകുന്നു. കൗളം ഒരിക്കലും ദ്രവ്യ പൂജ അല്ല കൗളം തികച്ചും യോഗീ ഭാവം ആകുന്നു . വാമാചാരത്തിൽ നിന്ന് കൊണ്ട് ദ്രവ്യാസക്തി മകാരങ്ങളിലൂടെ പൂജിച്ചു അറിഞ്ഞതിനു ശേഷം കിട്ടുന്ന സാധകന്  വിഷയങ്ങളിൽ നിന്നുള്ള വൈരാഗ്യ ഭാവമാണ് കൗളൻ. ഇപ്പൊ കൗളം എന്നാൽ മദ്യവും മാംസവും വച്ചുള്ള ഏതു പൂജയും കൗളമാകുന്നു ഒരു ഗുരുവിൽ നിന്ന് ദീക്ഷ വാങ്ങിയവനും കൗളൻ എന്ന് പറയുന്നു. മനോബലം കിട്ടാത്ത ഇത്തരത്തിലുള്ള ശിഷ്യന്മാർ ഇങ്ങനെ ഉള്ള പൂജകളിലൂടെ സ്വയം നശിക്കുന്നതോടൊപ്പം സമൂഹത്തെ നശിപ്പിക്കുന്നു. അതിലൂടെ ഗുരുപരമ്പരയെ നശിപിക്കുന്നു അതിലൂടെ സാക്ഷാൽ ആനന്ദ ഭൈരവൻ ആനന്ദ ഭൈരവിക് നൽകിയ ഈ പ്രപഞ്ച രഹസ്യമാകുന്ന കൗള ശാസ്ത്രത്തെയും നശിപ്പിക്കുന്നു .

കൗളാചാരം എന്തെന്ന് തന്ത്ര ശാസ്ത്രം പറയുന്നു ..

കാളി തന്ത്ര ...(26/4)

ഏതൊരു സാധകൻ തന്റെ സുഷുമ്ന നാഡിയിലൂടെ കുണ്ഡലിനി (ശക്തി) ഉണർത്തി സഹസ്രാരത്തിൽ (ശിവൻ) എത്തി അവിടെ വച്ച് യോഗാമൃതം കുടിക്കുന്നുവോ അവൻ കൗളനായി ഭവിക്കും
മറ്റൊരു പ്രമാണം നോക്കാം

"അകുലം ശിവ ഇത്യുക്തം കുലം ശക്തി പ്രകീർത്തിത
കുലാ അകുല അനുസന്ധാന നിപുണ: കൗളിക പ്രിയേ " (B/T..567.4)

അകുലം (സഹസ്രാരം) ശിവനും കുലം (മൂലാധാരം) ശക്തിയും  ഇവ തമ്മിലുള്ള സമ്മേളനം നടത്തി യോഗാമൃതം നടത്തുന്നവൻ ആരോ അവൻ കൗളൻ ആകുന്നു

അൽപ ജ്ഞാനികളായ ഗുരു ചമയുന്നവരാകുന്നു ഇത്തരത്തിൽ കൗളാചാരത്തെ നശിപ്പിക്കുന്നത് ..

മനുഷ്യൻ ആസക്തിയിൽ മനസിനെ വ്യാപാരിപ്പിക്കുന്നവൻ ആണ് ആ മനുഷ്യനിൽ നിന്ന് ബോധത്തെ ഉയർത്താൻ നിരന്തരമായ വാമാചാര പ്രക്രിയയിലൂടെ ഉപാസന ചെയ്തു കൗളം പന്ഥാവ് സ്വീകരിക്കുക. ഇവിടെ വാമാചാരം കർമ്മ മാർഗം അഥവാ ബാഹ്യാരാധന ആകുന്നു .
കൗളം ജ്ഞാന മാർഗം അഥവാ ആന്തരിക സാധന ആകുന്നു ..

വ്യക്തമായി നല്ല ഗുരുവിൽ നിന്ന് ഇതിന്റെ രഹസ്യങ്ങളെ അറിയുക.

പുനർജ്ജനി ഗുഹ

പുനർജ്ജനി ഗുഹ

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് ഉദ്ദേശം രണ്ട് കിലോമീറ്റർ തെക്കുകിഴക്കുമാറി ഭൂതന്മലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഗുഹയാണ് പുനർജ്ജനി ഗുഹ. 150 മീറ്റർ നീളം വരുന്ന ഈ ഗുഹ താണ്ടിക്കടക്കാൻ വളരെ സമയമെടുക്കും. തിരുവില്വാമലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇതെങ്കിലും വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. ഐതിഹ്യപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവ് പരശുരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ് ഈ ഗുഹ. ഇതിനുപിന്നിലും ഒരു ഐതിഹ്യകഥയുണ്ട്. അതിങ്ങനെ:

മഹാവിഷ്ണുദർശനം കിട്ടിയെങ്കിലും പ്രേതങ്ങൾക്ക് മോക്ഷം ലഭിച്ചില്ല. ഇക്കാരണത്താൽ ദുഃഖിതനായ പരശുരാമൻ പരിഹാരമാരായാൻ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ടു. അദ്ദേഹം പരശുരാമനോട് ഇങ്ങനെ പറഞ്ഞു: 'അല്ലയോ ഭാർഗ്ഗവാ, പ്രേതങ്ങൾ ഒരുപാട് ജന്മങ്ങൾ എടുത്തുകഴിഞ്ഞവരാണ്. കർമ്മം കാരണമാണ് ജന്മമുണ്ടാകുന്നത്. കർമ്മമൊടുങ്ങിയാൽ മാത്രമേ മോക്ഷം കിട്ടൂ.' തുടർന്ന് പരശുരാമൻ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ദേവേന്ദ്രന്നും ബൃഹസ്പതിയ്ക്കുമൊപ്പം വില്വാദ്രിയിലെത്തി. എന്നാൽ, പ്രേതസാന്നിദ്ധ്യം ഒരിയ്ക്കലും ക്ഷേത്രത്തിനടുത്തുണ്ടാകാൻ പാടില്ലെന്ന് പരശുരാമൻ പറഞ്ഞപ്പോൾ വിശ്വകർമ്മാവ് ഉടനെ അനുയോജ്യമായ സ്ഥലമന്വേഷിച്ച് പുറപ്പെട്ടു. അവർ അങ്ങനെ ഈ മലയിലെത്തി. തുടർന്ന് ഒരു സ്ഥലത്ത് വിശ്വകർമ്മാവിന് ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം അനുഭവപ്പെടുകയും ബൃഹസ്പതി പൂജകൾ തുടങ്ങുകയും ചെയ്തു. ആ സമയത്ത് ഭൂതന്മലയുടെ അടിവാരത്ത് പരശുരാമൻ വിഘ്നനിവാരണത്തിനായി 'ഗണപതിതീർത്ഥം' നിർമ്മിച്ചു. ഗുഹയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പായിത്തന്നെ അദ്ദേഹം 'പാപനാശിനി' (ഇതേ പേരിൽ തിരുനെല്ലിയിൽ ചെറിയൊരു നദിയുമുണ്ട്), 'പാതാളതീർത്ഥം' എന്നിങ്ങനെ വേറെയും രണ്ട് തീർത്ഥങ്ങൾ നിർമ്മിച്ചുകഴിഞ്ഞിരുന്നു. ദേവേന്ദ്രൻ അമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിച്ചു. അത് തന്മൂലം 'അമ്പുതീർത്ഥം' എന്ന് അറിയപ്പെടാൻ തുടങ്ങി. ദേവേന്ദ്രന്റെ വാഹനമായ ഐരാവതം തന്റെ കൊമ്പുകൾ കൊണ്ട് മറ്റൊരു തീർത്ഥം നിർമ്മിയ്ക്കുകയും അത് തന്മൂലം 'കൊമ്പുതീർത്ഥം' എന്ന് അറിയപ്പെടുകയും ചെയ്തു. ശിവശിരസ്സിൽ നിന്നും വിഷ്ണുപാദത്തിൽ നിന്നും ഗംഗാതീർത്ഥം കൊണ്ടുവന്ന് പരശുരാമൻ അവയിൽ നിറച്ചു. തുടർന്ന്, നിർമ്മാണം പൂർത്തിയായ ഗുഹയിലൂടെ പ്രേതങ്ങൾ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.

അതേ സമയം, ഏതാനും ബ്രാഹ്മണരും അവിടെയെത്തി. അവർ പരശുരാമനോട് തങ്ങൾക്കും നൂഴണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പരശുരാമൻ അവരോട് ഇങ്ങനെ പറഞ്ഞു: 'വർഷത്തിൽ ഒരു ദിവസം - വൃശ്ചികമാസത്തിൽ വെളുത്തപക്ഷത്തിലെ ഏകാദശിനാൾ - അന്നുമാത്രമേ ഈ ഗുഹയ്ക്കകത്ത് മനുഷ്യർക്ക് പ്രവേശനമുള്ളൂ. മറ്റ് ദിവസങ്ങൾ പ്രേതങ്ങൾക്കുള്ളതാണ്. മാത്രവുമല്ല, നൂഴാൻ വരുന്നവർ വ്രതനിഷ്ഠയോടുകൂടിയായിരിയ്ക്കണം വരേണ്ടത്.' ബ്രാഹ്മണരെത്തിയ ദിവസം പരശുരാമൻ പറഞ്ഞ ആ ദിനം തന്നെയായിരുന്നു! അവർ എല്ലാ നിഷ്ഠകളോടെയാണ് സ്ഥലത്തെത്തിയത്. തുടർന്ന് അവരും ഗുഹയിലൂടെ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.

ഈ ഗുഹയെ മഹാഭാരതവുമായി ബന്ധിപ്പിയ്ക്കുന്ന ഒരു ഐതിഹ്യകഥയും പ്രചാരത്തിലുണ്ട്. അതിങ്ങനെ: കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ തങ്ങളുടെ പൂർവ്വികർക്കും യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധുക്കൾക്കും ബലിയിടാനായി തിരുവില്വാമല ദേശത്തുവന്നിരുന്നു. കൂടാതെ, തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി നേടാനായി അവർ പുനർജ്ജനി നൂഴൽ നടത്തുകയും ചെയ്തു. ഒപ്പം, ചില ക്ഷേത്രങ്ങളും ഇവർ നിർമ്മിച്ച് പ്രതിഷ്ഠാകർമ്മങ്ങൾ നടത്തി. അവ ഐവർമഠം ശ്രീകൃഷ്ണക്ഷേത്രവും ('ഐവർ' എന്നാൽ അഞ്ചുപേർ. പഞ്ചപാണ്ഡവർ പ്രതിഷ്ഠ നടത്തിയതെന്ന അർത്ഥത്തിൽ ആ പേരുവന്നു) സോമേശ്വരം, കോതക്കുറുശ്ശി ശിവക്ഷേത്രങ്ങളുമായിരുന്നു.

ഗുരുവായൂർ ഏകാദശിനാളിലെ പ്രസിദ്ധമായ നൂഴൽ മഹോത്സവത്തിന് വളരെ കടുത്ത അനുഷ്ഠാനങ്ങളാണുള്ളത്. നൂഴുന്ന ഭക്തർ തലേദിവസം (ദശമി) തന്നെ ക്ഷേത്രത്തിലെത്തുകയും അന്നേദിവസം വ്രതമനുഷ്ഠിച്ച് ക്ഷേത്രത്തിൽത്തന്നെ കഴിച്ചുകൂട്ടുകയും വേണം. ഏകാദശിനാളിൽ പുലർച്ചെ നാലുമണിയ്ക്ക് ക്ഷേത്രത്തിലെ ശാന്തിക്കാർ വടക്കുഭാഗത്തെ ഭഗവതിച്ചിറയിൽ കുളികഴിഞ്ഞെത്തി നടതുറക്കുകയും തുടർന്ന് ഗുഹാമുഖത്തെത്തി ചില വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. നൂഴൽക്കാർ ക്ഷേത്രദർശനം നടത്തി കിഴക്കേ നടയിലൂടെ പുറത്തുകടന്ന് ഗണപതിതീർത്ഥം വരെ ചെല്ലുകയും അവിടെ കുളിയ്ക്കുകയും വേണം. തുടർന്ന് പാപനാശിനി, പാതാളതീർത്ഥം, അമ്പുതീർത്ഥം, കൊമ്പുതീർത്ഥം എന്നിവയിലും കുളിച്ച് ഈറനോടെ ഗുഹാമുഖത്തെത്തണം. രാമേശ്വരത്തെ ചില തീർത്ഥങ്ങൾ പോലെ ഇവ ചെറുതും വലുതുമായ കിണറുകളാണ്. ഇവയിൽ നിന്ന് വെള്ളം കോരി തലയിലൊഴിച്ചാണ് ഭക്തർ കുളിയ്ക്കാറുള്ളത്. ഗുഹാമുഖത്ത് ഏകദേശം ആറടി ഉയരമുണ്ട്. അതിനാൽ, സാധാരണ ഉയരമുള്ള ഏതൊരാൾക്കും ഇതിനകത്തുകൂടെ നിഷ്പ്രയാസം നടന്നുപോകാം. കുറച്ചുകഴിഞ്ഞാൽ, തലതാഴ്ത്തി നടക്കേണ്ടിവരും. വീണ്ടും കുറച്ചുകൂടിപ്പോയാൽ ഇരുന്നുനിരങ്ങേണ്ട സ്ഥലങ്ങളെത്തും. പിന്നെയും കുറച്ചുപോയാലാണ് ശരിയ്ക്കും നൂഴൽ തുടങ്ങുന്നത്. ചിലയിടങ്ങളിൽ വായുസഞ്ചാരവും വെളിച്ചവും തീരെയില്ല. അതുകൊണ്ട് ഒരാൾക്ക് മുന്നിലും പിന്നിലുമുള്ള ആളുകളുടെ സഹായത്തോടെ മാത്രമേ പോകാൻ കഴിയൂ. അവസാനം, കുറച്ച് പടിക്കെട്ടുകൾ കൂടി കടന്നുകിട്ടിയാൽ ഒരാൾക്ക് പുറത്തുകടന്ന് വീണ്ടും പാപനാശിനിയിൽ കുളിയ്ക്കാൻ പോകാം. ഭക്തിയോടൊപ്പം അപാരമായ മനഃസാന്നിദ്ധ്യം കൂടിയുണ്ടെങ്കിലേ പുനർജ്ജനി നൂഴ്ന്നുകടക്കാൻ പറ്റൂ. അതിനാൽ, സാധാരണക്കാർ ഈ ശ്രമത്തിന് മുതിരാറില്ല. ഗുഹയ്ക്കകത്ത് കടുത്ത ഇരുട്ടും ഭീകരതയുമുണ്ടായിട്ടും ഇഴജന്തുക്കളോ ക്രൂരമൃഗങ്ങളോ ഇല്ലാത്തത് അത്ഭുതമാണ്. കൂടാതെ, ഇതിനകത്തുകിടന്ന് ആരും മരിച്ചതായും കേട്ടിട്ടില്ല. പുരുഷന്മാർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ.

1861ൽ ക്ഷേത്രത്തിൽ ഒരു വൻ അഗ്നിബാധയുണ്ടായി. അതിനുശേഷം ക്ഷേത്രം നവീകരിച്ചപ്പോൾ ഇതേപോലൊരു ഗുഹ പടിഞ്ഞാറേ നടയിലും പ്രത്യക്ഷപ്പെട്ടു. ചിലർ ഇതും നൂഴ്ന്നുകടക്കാൻ ശ്രമിച്ചെങ്കിലും അനന്തമായ പടികളും കൂരിരുട്ടും കാരണം ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇതുവഴിയുള്ള രഹസ്യമാർഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിലെത്താം എന്നൊരു വിശ്വാസമുണ്ട്.

29 November 2018

ശബരിയുടെ പൂര്‍വകഥ

ശബരിയുടെ പൂര്‍വകഥ

ചിത്രകവചന്‍ എന്ന ഗന്ധര്‍വന്റെ ഏക പുത്രിയായിരുന്നു മാലിനി. യൗവനയുക്തയായപ്പോള്‍ തപസ്വിയായ വീതിഹോത്രന്‍ എന്ന ബ്രാഹ്മണന്‍ അവളെ വിവാഹം ചെയ്തു.

മഹാജ്ഞാനിയുമായിരുന്നു ഈ യുവാവ്. മാലിനി ഭര്‍ത്താവുമൊത്ത് വനത്തിലെ പര്‍ണശാലയില്‍ വാസമായി. പൂജയ്ക്കും ഹോമത്തിനുമൊക്കെ ഒരുക്കുക, ആശ്രമം വൃത്തിയാക്കുക, ഭക്ഷണമുണ്ടാക്കുക തുടങ്ങിയ കര്‍മ്മങ്ങളിലും ഭര്‍ത്തൃശുശ്രൂഷയിലും മുഴുകിയെങ്കിലും അവള്‍ തൃപ്തയായിരുന്നില്ല.

വീതിഹോത്രന്‍ സദാ ഈശ്വരചിന്തയിലായതിനാല്‍ വിഷയസുഖങ്ങളൊന്നും ആഗ്രഹിച്ചില്ല. മാലിനിയാകട്ടെ വിഷയസുഖം ആഗ്രഹിച്ചു. കാമവികാരത്തിനടിമപ്പെട്ട് കല്മാഷന്‍ എന്ന കാട്ടാളനുമായി വേഴ്ചയുണ്ടായി. ജ്ഞാനിയായ വീതിഹോത്രന്‍ ഇതറിഞ്ഞപ്പോള്‍ അവളെ ശപിച്ചു. കാട്ടാളനുമായി ബന്ധപ്പെട്ട നീ കാട്ടാളത്തിയായിത്തീരട്ടെയെന്നായിരുന്നു ശാപം.

ദുഃഖിതയായി മാപ്പുചോദിച്ച മാലിനിയോട് ത്രേതായുഗത്തില്‍ മഹാവിഷ്ണു രാമനായി അവതരിക്കും. നിനക്ക് ശ്രീരാമചന്ദ്രന്റെ ദര്‍ശനം കിട്ടുമ്പോള്‍ മുക്തിയും ലഭിക്കും എന്ന് ശാപമോക്ഷവും കൊടുത്തു.

മാലിനി ശബരന്മാര്‍ എന്ന കാട്ടാളവംശത്തില്‍ ജനിച്ചു. പേര് ശബരിയെന്നുമായി. പൂര്‍വജന്മസ്മരണയുണ്ടായതിനാല്‍ ജ്ഞാനിയും പുണ്യവാനുമായിരുന്ന ഭര്‍ത്താവിന്റെ ശാപകഥ അവള്‍ ഓര്‍മ്മിച്ചുകൊണ്ടിരുന്നു. വിഷയസുഖങ്ങളിലേക്കു തിരിഞ്ഞതേയില്ല. സദാ ഈശ്വരചിന്തയോടെ ജീവിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ആ വനത്തിലൊരിടത്ത് ഒരു ആശ്രമം അവളുടെ ശ്രദ്ധയില്‍പെട്ടത്.

പമ്പാസരസ്സിനടുത്ത് വളരെ ശാന്തമായ അന്തരീക്ഷത്തില്‍ വസിച്ചിരുന്ന ദിവ്യനായ മതംഗമഹര്‍ഷിയുടെ ആശ്രമമായിരുന്നു അത്. മഹാതപസ്വിയായിരുന്ന മതംഗമഹര്‍ഷി ബാലിയെ ശപിക്കുന്ന കഥ കിഷ്‌കിന്ധാകാണ്ഡത്തില്‍ പറയാം. ശബരി വളരെ ദൂരെനിന്ന് ആശ്രമത്തില്‍ നടക്കുന്നതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. ശിഷ്യന്മാര്‍ കായ്കനികളും പുഷ്പങ്ങളും ശേഖരിച്ച് ചുമന്നുകൊണ്ടുപോകുന്നു. ആശ്രമം വൃത്തിയാക്കുന്നു.

പമ്പയില്‍നിന്നും വെള്ളം ശേഖരിച്ച് ചുമന്നുകൊണ്ടുപോകുന്നു. അവള്‍ക്ക് അവരെ സഹായിച്ചാല്‍കൊള്ളാമെന്ന് അതിയായ ആഗ്രഹമുണ്ടായി. എന്നാല്‍ ഹീനജാതിക്കാരിയായതിനാല്‍ തനിക്കവിടെ പ്രവേശനം കിട്ടുകയില്ലയെന്നവള്‍ തീര്‍ച്ചയാക്കി. എങ്കിലും എങ്ങനെയെങ്കിലും മുനിമാരെ സഹായിക്കാന്‍ അവളുറച്ചു. ശിഷ്യന്മാരായ മുനികുമാരന്മാര്‍ ഉണരുന്നതിനുമുമ്പ് അവള്‍ ആശ്രമത്തിലെത്തി. മുറ്റമടിച്ചുവാരി വെള്ളം തളിക്കും.

കഴിഞ്ഞ ജന്മത്തില്‍ കുറെക്കാലം ആശ്രമസേവചെയ്തു പരിചയമുണ്ടല്ലോ. വാടാത്ത പൂക്കളും ഫലമൂലാദികളും തലേദിവസം ശേഖരിച്ചത് ആശ്രമവരാന്തയില്‍ കൊണ്ടുവയ്ക്കും. ആരെങ്കിലും ഉണരുന്നതിനുമുന്‍പ് സ്ഥലംവിടും. തങ്ങളാരുമറിയാതെ ആശ്രമത്തില്‍ ആരോവന്ന് ഇങ്ങനെ സേവചെയ്യുന്നുവെന്ന വിവരം ശിഷ്യന്മാര്‍ മതംഗമഹര്‍ഷിയെ അറിയിച്ചു. അവര്‍ ഒരുനാള്‍ ശബരിയെ കൈയോടെ പിടികൂടി മഹര്‍ഷിയുടെ മുന്നിലെത്തിച്ചു. അവള്‍ ഭയന്നുവിറച്ചു. കടുത്ത ശിക്ഷ പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹം കാരുണ്യത്തോടെ ശബരിയെ അനുഗ്രഹിച്ചു. തന്റെ ആശ്രമത്തില്‍തന്നെ വസിച്ചുകൊണ്ട് സേവചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ത്രികാലജ്ഞാനിയായിരുന്ന മതംഗമുനി ശബരിയിലെ തപസ്വിനിയെ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയവള്‍ മതംഗമഹര്‍ഷിയുടെ ശിഷ്യനും ആശ്രമഅന്തേവാസിയുമായിത്തീര്‍ന്നു.

മഹര്‍ഷി ഭൗതിക ശരീരം വെടിയാന്‍ സമയത്ത് ശബരിയെ വിളിച്ച് പറഞ്ഞു. ഞങ്ങള്‍ ആയിരമായിരം വര്‍ഷങ്ങളായി ഇവിടെ തപസ്സുചെയ്തു. ഇപ്പോള്‍ ബ്രഹ്മപദം പ്രാപിക്കുന്നു. നീ ഇവിടെത്തന്നെ വസിക്കണം. മഹാവിഷ്ണു നമ്മെയും ധര്‍മ്മത്തെയും രക്ഷിക്കാന്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ അവതരിച്ചുകഴിഞ്ഞു. ശ്രീരാമചന്ദ്രന്‍ ഇപ്പോള്‍ ചിത്രകൂടത്തില്‍ വസിക്കുകയാണ്. പരംപുരുഷനായ ആ രാമന്‍ ഇവിടെയും എത്തും. അതുവരെ നീ ഇവിടെത്തന്നെ വസിക്കണം. രാമന്റെ ദര്‍ശനം ലഭിക്കുമ്പോള്‍ നിനക്കും പരമപദം ലഭിക്കും.

28 November 2018

ഏകാദശരുദ്രന്മാര്‍

ഏകാദശരുദ്രന്മാര്‍

രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍.

1. മൃഗവ്യാധൻ
2. നിര്യതി
3. അഹിർബുദ്ധ്ന്യൻ
4. പിനാകി
5. സർപ്പൻ
6. അജൈകപാത്
7. ദഹനൻ
8. ഈശ്വരൻ
9. കപാലി
10. ഭർഗ്ഗൻ
11. സ്ഥാണു

രുദ്രന്‍ ബ്രഹ്മാവില്‍നിന്നു ജനിച്ചുവെന്നാണ്‌ പുരാണത്തില്‍ കാണുന്നത്‌. രുദ്രന്‍ ശിവരൂപമാണ്‌.

രുദ്രന്‍ ജനിച്ചപ്പോള്‍ തനിക്ക്‌ പേരു കിട്ടാത്തതുകൊണ്ട്‌ കരഞ്ഞതായും അങ്ങനെ കരയുന്നവന്‍ എന്നര്‍ഥംവരുന്ന "രുദ്രന്‍' എന്ന പേര്‍ നല്‌കപ്പെട്ടതായും ബ്രാഹ്മണത്തില്‍ കാണുന്നു.

കൊടുങ്കാറ്റ്‌, പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന കാറ്റ്‌ എന്നീ പ്രകൃതിയുടെ ക്രൂരതയെ പ്രതിനിധീകരിച്ച്‌ കാട്ടുപന്നിയെ വാഹനമാക്കിയിരിക്കുന്നവനായും രുദ്രനെ ചിത്രീകരിച്ചിട്ടുണ്ട്‌. നാശവും വ്യാധിയും, സംരക്ഷണവും രോഗശാന്തിയും രുദ്രന്റെ വൈരുധ്യാത്മക വ്യക്തിത്വത്തിന്റെ ഘടകങ്ങളാണ്‌.

കാലക്രമത്തില്‍ രുദ്രന്‍ പുരാണങ്ങളിലെ ശിവനായി രുപാന്തരപ്പെട്ടു. ശിവന്റെ സംഹാരപരമായ വശത്തെക്കുറിക്കുന്ന പദമാണ്‌ രുദ്രനെന്നും പറയാം.

രുദ്രന്റെ ഉദ്‌ഭവത്തെപ്പറ്റിയുള്ള മറ്റൊരു കഥ ഇപ്രകാരമാണ്‌.

ബ്രഹ്മാവിന്റെ പുത്രന്മാരായ സനന്ദന്‍, സനകന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ലോകസൃഷ്‌ടിയില്‍ തത്‌പരരല്ലാതിരുന്നതിനാല്‍ ബ്രഹ്മാവിന്‌ അത്യധികം കോപമുണ്ടാവുകയും അതില്‍നിന്ന്‌ അഗ്നി ആളിക്കത്തുകയും ചെയ്‌തു. ആ കോപാഗ്നിയില്‍നിന്ന്‌ അതിഭയങ്കരനായ രുദ്രന്‍ പിറന്നു. രുദ്രന്റെ പകുതി സ്‌ത്രീരൂപവും പകുതി പുരുഷരൂപവുമായിരുന്നു.

ശരീരത്തെ വിഭജിക്കാന്‍ രുദ്രനോട്‌ ബ്രഹ്മാവ്‌ ആജ്ഞാപിച്ചു. ഉടന്‍ രുദ്രന്‍ സ്‌ത്രീയായും പുരുഷനായും വേര്‍തിരിഞ്ഞു. പുരുഷരൂപത്തെ വീണ്ടും പതിനൊന്നായി വിഭജിച്ചു. അവരാണ്‌ ഏകാദശരുദ്രന്മാര്‍. മത്യു, മനു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്‌, ഭപന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിങ്ങനെയാണ്‌ അവരുടെ പേരുകള്‍.

ചില പുരാണങ്ങളില്‍ നാമനിര്‍ദേശം താഴെപ്പറയുന്ന വിധത്തിലാണ്‌. അജൈകപാത്ത്‌, അഹിര്‍ബുദ്ധന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്യംബകന്‍, വൈവസ്വതന്‍, ഹരന്‍

സ്‌ത്രീകളായി വേര്‍തിരിഞ്ഞവര്‍ ധീ, വൃത്തി, ഉശന, ഉമ, നിയുത, സര്‍പ്പിസ്‌, ഇള, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമായി. ഇവര്‍ പതിനൊന്നു രുദ്രന്മാരുടെയും ഭാര്യമാരായിത്തീര്‍ന്നു.

ഹൃദയവും പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉള്‍ക്കൊള്ളുന്ന പതിനൊന്നു സ്ഥാനങ്ങളും രുദ്രന്‍, പ്രാണന്‍, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നീ എട്ടു സ്ഥാനങ്ങളും ബ്രഹ്മാവ്‌ അവര്‍ക്ക്‌ നല്‌കിയെന്നാണ്‌ പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്.

വടക്കുപുറത്തു പാട്ട്

വടക്കുപുറത്തു പാട്ട്

വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, പാട്ട് കാലം കൂടുന്ന നാൾ ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തു പാട്ട്.

വൈക്കം ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. ആദ്യ നാലുദിവസം എട്ട് കൈകളുള്ള ഭഗവതിയുടെ രൂപമാണ് കളത്തിൽ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും.

അടുത്ത നാലുദിവസങ്ങളിൽ പതിനാറ് കൈകളുള്ള രൂപവും, അതിനു ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ 32 കൈകളുള്ള രൂപവും വരയ്ക്കുന്നു. കാലം കൂടുന്ന ദിവസം വളരെ ബൃഹത്തായ, 64 കൈകളിൽ 64 ആയുധങ്ങളുമായി ദേവിയുടെ വാഹനമായ വേതാളത്തിന്റെ പുറത്ത് എഴുന്നള്ളുന്ന സംഹാര രുദ്രയായ ഭദ്രകാളിയുടെ, കളമാണ് വരയ്ക്കുക.

സാവിത്രി വ്രതം

സാവിത്രി വ്രതം

അതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും  വ്രതാനുഷ്ഠാനത്തെ കുറിച്ചുമൊക്കെ ലോകത്തിനുമുന്നിൽ വിളബരം ചെയ്തത് സാക്ഷാൽ മഹാവിഷ്ണുവാണ്. നാരദമുനിയുടെ മുന്നിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. 

ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷചതുർദശിയിലും, കൃഷ്ണപക്ഷത്രയോദശയിലുമാണ് സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്. 

"ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ"  ഇതാണ് അതി വിഷിഷ്ടമായ സാവിത്രീ മന്ത്രം. 

മഹനീയമായ ഈ മന്ത്രത്തോടപ്പം സാവിത്രീവ്രതം അനുഷ്ഠിക്കുന്നതിന്ന്  ചിട്ടയോടുകൂടിയ ചര്യകാളാണ് ആവിശ്യം. പതിനാല് വർഷകാലം ഭക്തിയോടെ അർച്ചന നടത്തണമെന്നാണ് ഈ വ്രതത്തിന്റെ പ്രധാനവിധി. 

"പതിനാല് നൈവേദ്യത്തോടും, അത്രയും തന്നെ ഫലത്തോടും, പൂക്കളോടും, ധൂപത്തോടും, വസ്ത്രത്തോടും. കൂടിയാണ് അർച്ചന നടത്തേണ്ടത്,  ഭക്തിയോടുകൂടിയാണ് സാവിത്രീ ദേവിയെ ധാനിക്കേണ്ടത്" .

സാവിത്രീ ധ്യാന മന്ത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
സപ്തകാഞ്ചന വർണ്ണാഭാം
ജ്വലന്തിം ബ്രഹ്മതേജസാ
ഗ്രീഷ്മ മാധ്യാഹ്ന മാർത്താണ്ഡേ  
സഹസ്ര  സമ്മിതപ്രഭാം,
ഈഷദ്ധ്യാസ്യ  പ്രസന്നാസ്യാം
രത്നഭൂഷണഭൂഷിതാം,
വഗ്നിദ്ധാം ശുകാധാനം
ഭക്താനുഗ്രഹവിഗ്രഹാം
സുഖദാം മുക്തിദാം ശാന്താം 
കാന്താം ച ജഗതാം വിധേഃ
സർവ സമ്പത് സ്വരൂപാം ച
പ്രദാത്രീം സർവ സമ്പദാം
വേദാധിഷ്ഠാതൃദേവിം ച
വേദശാസ്ത്രസ്വരൂപിണിം
വേദാബീജസ്വരൂപാം ച    
ഭജേതാം വേദമാതരം".
                    
സന്ധ്യാവന്ദനത്തിനുശേഷം സ്തുതിച്ചാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതാണ്  സാവിത്രീധ്യാനം.

ആരാണോ സന്ധ്യാവന്ദനത്തിനു ശേഷം ഈ സ്തുതി ആലപിക്കുന്നത് അയാൾക്ക് നാലു വേദങ്ങളും  ചൊല്ലിയതിന്റെ ഫലം സിദ്ധിക്കുമെന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. (ഭാരതീയ ചിന്തയിലെ അംഗങ്ങൾ, ഹ്രിദിസ്ഥമാക്കുക, ഉരുവിടുക)

ഒരിക്കൽ സക്ഷാൽ ബ്രഹ്മാവുതന്നെ സാവിത്രീദേവിയെ സ്തുതിച്ച്  സന്തുഷ്ടയാക്കിയതും ഈ സ്തോത്രത്താലാണ്.

ധ്യാനം
ॐ➖➖➖➖ॐ➖➖➖➖ॐ
“സച്ചിദാനന്ദസ്വരൂപേ ത്വം
മൂലപ്രകൃതിരൂപിണി
ഹിരണ്യഗർഭരൂപേ ത്വം 
പ്രസന്നാഭവസുന്ദരീ
തേജഃസ്വരൂപേ പരമേ
പരമാനന്ദരൂപിണി
ദ്വിജാതീനാം ജാതിരൂപേ
പ്രസന്നാ ഭവ സുന്ദരീ
നിത്യേ നിത്യപ്രിയേദേവി
നിത്യാനന്ദ സ്വരൂപിണീ
സർവമംഗളരൂപേ ച
പ്രസന്നാ ഭവ സുന്ദരീ
സർവസ്വരൂപേ വിപ്രാണാം 
മന്ത്രസാരേ പരാത്പരേ
സുഖദേ മോക്ഷദേ ദേവി
പ്രസന്നാഭവ  സുന്ദരി
വിപ്രപാപേധ്മദാഹായ
ജ്വാലദഗ്നിശിഖോപമേ        
ബ്രഹ്മതേജഃപ്രദേ ദേവി
പ്രസന്നാ ഭവ സുന്ദരി
കായേന മനസാ വാചാ
യത്പാപം കുരുതേനരഃ
തത്ത്വത്സ്മരണമാത്രേണ
ഭസ്മീഭൂതം ഭവിഷ്യതി”

അശ്വപതി രാജാവ് ഈ സ്തോത്രം ചൊല്ലി ദേവീ സാവിത്രിയെ പൂജിച്ചാണ് അഭിഷ്ടസിദ്ധി കൈവരിച്ചതെന്ന ദേവീ ഭാഗവതം പറയുന്നു.

ആയിരം ആദിത്യന്മാർക്ക് തുല്യമായ പ്രഭയോടുകൂടി രാജാവിനുമുന്നിൽ പ്രത്യക്ഷയായ ദേവി ഇങ്ങനെ അരുളിചെയ്തു. "അല്ലയോ അശ്വപതി, എന്തുദ്ദേശിച്ചാണോ നീ നമ്മെ പൂജിക്കുകയും സ്തുതിക്കുകയും  ചെയ്തത് അത് താമസിയാതെ യാഥാർഥ്യമാകുന്നതണ്"

സാവിത്രീദേവിയുടെ വരദാനതിന്റെ ഫലമായി അശ്വപതിക്ക്  സുന്ദരിയായ ഒരു പെൺകുട്ടിപിറന്നു . രാജദമ്പതിമാർ ആ പൈതലിന് സാവിത്രിയെന്നാണ് നാമകരണം ചെയ്തത്.  ജന്മനാൽ ബുദ്ധി വൈഭവവും സൗന്ദര്യവും കൈമുതലായിരുന്ന സാവിത്രി വിവാഹം ചെയ്തത് സത്യവാനെയായിരുന്നു.

സത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം സത്ഗുണങ്ങൾ തികഞ്ഞവനും ദ്യുമത്സേനന്റെ പുത്രനുമായിരുന്നു.

സത്യവനും സാവിത്രിയും തമ്മിലുള്ള ദാമ്പത്യം ഏതാണ്ട് ഒരു  സംവൽസരം നീണ്ടുനിന്നു. അതിനിടയിലാണ് സത്യവാന് നേരെ യമപാശം വീണത്.

ഫലമൂലങ്ങൾ ശേഖരിക്കാൻ സാവിത്രിക്കൊപ്പം വനത്തിലേക്കുപോയ സത്യവാൻ ഒരു വൃക്ഷത്തിൽ നിന്ന്  വിഴുകയും മരണപ്പെടുകയും ചെയ്തു. യമധർമ്മൻ  സത്യവാന്റെ ജീവനുംകൊണ്ട് യമലോകത്തേക്ക് യാത്രതിരിച്ചു.  എന്നാൽ തന്റെ പതിയുടെ ജീവനും കൊണ്ടുപോകുന്ന യമധർമ്മനെ സാവിത്രി പിന്തുടർന്നു.  ഇതുകണ്ട യമധർമ്മൻ  സംയമനത്തോടെയും വാൽസല്യത്തോടെയും സാവിത്രിയോട് പറഞ്ഞത് തത്വശസ്ത്രവചനം മാത്രമായിരുന്നില്ല.

പ്രിയ സാവിത്രി, നീയെന്താണു ചെയ്യുന്നത്? മർത്യശരീരത്തോടൊപ്പം നിനക്ക് ഭർത്താവിനെ അനുഗമിക്കാനാകില്ല. അങ്ങനെ ചെയ്യണമെങ്കിൽ  നീയും ഈ ശരീരം വെടിയേണ്ടതുണ്ട്. പഞ്ചഭൂത നിർമ്മിതവും നശിക്കുന്നതുമായ ഈ ശരീരത്തോടപ്പം ആർക്കും  തന്നെ യമലോകത്തേക്ക് കടക്കാനാകില്ല.

നിന്റെ ഭർത്താവിന്റെ ഈ ലോകത്തുള്ള വാസം അവസാനിച്ചിരിക്കുന്നു . ഇനി കർമഫലം അനുഭവിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഈ ശരീരം ഉപേക്ഷിച്ചിരിക്കുന്നത്. ഒരു ജീവി പിറക്കുന്നതും ഇല്ലാതാകുന്നതും കർമ്മ കൊണ്ടാണ്. മാത്രമല്ല സുഖവും ദുഃഖവുമൊക്കെ അനുഭവിക്കുന്നതും കർമഫലത്താലാണ്.

ഇന്ദ്രനായിത്തിരാനും ബ്രഹ്മപുത്രനായിത്തീരാനും വിഷ്ണുദാസനായിത്തീരാനുമൊക്കെ  കഴിയുന്നത് സ്വകർമഫലം കൊണ്ടാണെന്നറിയുക. എന്തിനും പിന്നിൽ സ്വന്തം കർമമാണെന്നറിഞ്ഞാലും.

യമധർമന്റെ വാക്കുകൾക്കുമുമ്പിൽ കൂപ്പുകൈകളോടെനിന്ന  സാവിത്രി തന്റെ സംശയങ്ങൾക്കെല്ലാം നിവൃത്തിവരുത്തിച്ചെങ്കിലും  ഭർത്താവിനെ വിട്ടുതരണമെന്ന നിശ്ചയദാർഡ്യത്തിൽ നിന്നും  പിന്മാറാൻ ഒരുക്കമായിരുന്നില്ല.

അവസാനമായി ധർമ്മരാജൻ സാവിത്രിക്ക് വിശിദീകരിച്ചുകൊടുത്തത്  നിർലോഭമായ ഭക്തിയെക്കുറിച്ചാണ്, അതു ദേവീഭക്തിയെപ്പറ്റി.

ഹേ വത്സേ, ദേവീസേവയെത്തുടർന്ന് അതീവ ശ്രേഷ്ഠഫലങ്ങൾ തന്നെയായിരിക്കും ലഭിക്കുക. നിന്റെ നിശ്ചയദാർഡ്യം നമ്മുക്ക് പൂർണമായും മനസ്സിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിന്റെ ഭർത്താവിന്റെ ജീവൻ തിരികെ നൽകുകയാണ്.

ഇങ്ങനെ പറഞ്ഞ് സത്യവാന്റെ ജീവൻ തിരികെ നൽകി മടങ്ങാൻ ഒരുങ്ങിയ യമദേവനു  മുന്നിൽ സാവിത്രി വിതുമ്പി  അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു. യമധർമ്മന്റെ തുടർന്നുള്ള വാക്കുകൾ അവളിൽ പുതിയൊരു ലോകം തീർത്തു.  "അല്ലയോ പുണ്യവതി , ഈ സുന്ദരഭൂമിയിൽ നീ ലക്ഷം വർഷം വസിക്കും ഭവനത്തിൽ മടങ്ങിയെത്തി സാവിത്രി വൃതം അനുഷ്ഠിച്ചാലും"

യമദേവന്റെ അനുഗ്രഹത്താൽ സാവിത്രീവ്രതം അനുഷ്ഠിച്ച സാവിത്രിക്ക് ഭൂവാസത്തിനിടയിൽ നിരവധി ശുഭാനുഭവങ്ങൾ ലഭിച്ചുവെന്നാണ് പുരാണപ്രസിദ്ധം.

ഏതൊരു  സ്ത്രീയാണോ പതിനാലു വർഷക്കാലം സാവിത്രീവ്രതം അനുഷ്ഠിക്കുന്നത് അവൾക്ക് അത് മോക്ഷകാരണമായി  തീരുമെന്നാണ് വിശ്വാസം....