ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 September 2024

നീലമ്പേരൂര്‍ പടയണി

നീലമ്പേരൂര്‍ പടയണി

മലബാറില്‍ ഓണക്കാലം കുട്ടിത്തെയ്യങ്ങളുടേതാണെങ്കില്‍ തെക്ക് അത് പടയണിയുടേതാണ്. പ്രശസ്തമായ നീലമ്പേരൂര്‍ പടയണി തിരുവോണം കഴിഞ്ഞ് അവിട്ടം നാള്‍ ആരംഭിക്കും. മൂന്നാം ഓണത്തിന് തുടങ്ങുന്ന നീലമ്പേരൂര്‍ പടയണി 16 ദിവസം നീണ്ടു നില്ക്കും. ചിങ്ങത്തിലെ പൂരം നാളിലാണ് അവസാനിക്കുക. ചിങ്ങത്തില്‍ പടയണി നടക്കുക ഇവിടെ മാത്രമാണ്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മറ്റ് പടയണികളെല്ലാം ധനുമാസത്തിലാണ് നടക്കുക.

പടയണിയെന്നാല്‍ സൈന്യം അഥവാ പടയുടെ നീണ്ടനിര. യുദ്ധത്തിലെന്ന പോലെ ജനങ്ങള്‍ അണിനിരക്കുന്ന ഉത്സവമായതിനാലാണ് പടയണി എന്ന പേര് വന്നത്. പടേനി എന്നും പ്രാദേശിക വിളിയുണ്ട്. ചേരമാന്‍ പെരുമാള്‍ നീലമ്പേരൂര്‍ സന്ദര്‍ശിച്ചതിന്റെ ഐതിഹ്യമാണ് ഈ പടയണിക്ക് പിന്നിലുള്ളതെന്ന് പറയുന്നു. തിരുവഞ്ചിക്കുളത്ത് നിന്ന് കായല്‍ വഴി എത്തിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരിന്റെ പ്രകൃതി ഭംഗി കണ്ട് അവിടെ ഇറങ്ങിയെന്നും പിന്നീട് കൊട്ടാരം കെട്ടി താമസമായെന്നുമാണ് കഥ. പെരുമാള്‍ തന്റെ ഉപാസനാ മൂര്‍ത്തിയായ ഭഗവതിയെ അവിടെ പ്രതിഷ്ഠിച്ചെന്നും പറയപ്പെടുന്നു. പെരുമാളിന് കൊട്ടാര മാളികയിലിരുന്ന് കലാ പ്രകടനം ആസ്വദിക്കാനത്രെ നീലമ്പേരൂര്‍ പടയണി തുടങ്ങിയത്.

ബുദ്ധ സന്യാസിയായി മാറിയ പള്ളിബാണപ്പെരുമാള്‍ നീലമ്പേരൂരില്‍ തന്നെ സമാധിയായെന്ന് കരുതപ്പെടുന്നു. ദാരിക നിഗ്രഹത്തിനു ശേഷം ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവന്റെ ഭൂതഗണങ്ങള്‍ കോലങ്ങള്‍ വെച്ച് കെട്ടി തുള്ളിയെന്നും കാളി സംപ്രീതയായെന്നുമാണ് പടയണിയുടെ ഹൈന്ദവ വിശ്വാസം. 

ആയിരത്തോളം വര്‍ഷം പഴക്കമുണ്ട് ഈ പടയണിക്കെന്ന് കരുതുന്നു. ഫാഹിയാന്റെ യാത്രാ വിവരണത്തില്‍ നീലമ്പേരൂര്‍ പടയണിയുണ്ട്. അവിട്ടം നാളില്‍ ചൂട്ടിടലോടെ പടയണി ആരംഭിക്കുന്നു. ചതയത്തിന് രാവിലെ യുവജനങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തുന്നു. വലിയ അന്നത്തിന്റെയും, ആനയുടെയും, ചെറിയ അന്നങ്ങളുടെയും, ഭീമന്‍, യക്ഷി എന്നീ കോലങ്ങളും വെളിയിലെടുക്കുന്നു. കുടം പൂജ കളിയോടെ പടയണി ആരംഭിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം വിവിധ കോലങ്ങള്‍ അരങ്ങിലെത്തി പടയണി തുടരും. പതിനഞ്ചാം ദിവസം മകം പടയണിയാണ്. പടയണിയുടെ കലാശം പൂരം നാളിലാണ്. രാത്രിയോടെ കോലങ്ങളുടെ എഴുന്നള്ളിപ്പാണ്. വെളുപ്പിനെ മൂന്നുമണിയോടെ നീലമ്പേരൂര്‍ പടയണി അവസാനിക്കും. 

ഓണപ്പൊട്ടന്

ഓണപ്പൊട്ടന്

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വീടുകളിലെത്തുന്ന തെയ്യമാണ് ഓണപ്പൊട്ടന്‍. ഓണേശ്വരന്‍ എന്നും വിളിപ്പേരുണ്ട്. ഓണത്തിന്റെ വരവറിയിച്ചാണ് ഓണപ്പൊട്ടന്റെ വരവ്. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നും വിശ്വാസമുണ്ട്. നാല്പത്തിയൊന്നു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുക.

നേരം വെളുത്താല്‍ ആറുമണിയോടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നല്കി മറ്റ് വീടുകളിലേക്ക് ഐശ്വര്യ പ്രാര്‍ത്ഥനകളുമായി ഓണപ്പൊട്ടന്‍ തിരിക്കും. ഒരിടത്തും നില്‍ക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടന്റേത്. പരമാവധി വീടുകളിലെത്താനുള്ള പ്രയത്‌നമാണത്. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണികിലുക്കിയാണ് വരവ്. ഓണപ്പൊട്ടന്‍ വാ തുറന്ന് ഒന്നും ഉരിയാടാറില്ല. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന വിളിപ്പേര് ഉണ്ടായതും. വൈകിട്ട് 7-ന് വീട്ടില്‍ തിരിച്ചെത്തും വരെ ആരോടും മിണ്ടാന്‍ പാടില്ലെന്നാണ് ചിട്ട.

ഓണപ്പൊട്ടന്റെ വേഷവും മനോഹരമാണ്. മനയോലയും ചായില്യവും ചേര്‍ത്ത മുഖത്തെഴുത്ത്. ചൂഡകവും ഹസ്തകടവും ചേര്‍ന്ന ആടകള്‍. തെച്ചിപ്പൂവിനാല്‍ അലങ്കരിച്ച പൊക്കമുള്ള കിരീടം. ചിത്രത്തുന്നലുള്ള ചുവന്ന പട്ടും ഉടുക്കും. തോളില്‍ സഞ്ചിയും കൈയ്യില്‍ ചെറിയ ഓലക്കുടയും ഉണ്ടാകും. എന്നാലും ഒറ്റനോട്ടത്തില്‍ ഓണപ്പൊട്ടനെ വ്യത്യസ്തനാക്കുക ആ താടി തന്നെ. കമുകിന്‍ പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടി ഓണപ്പൊട്ടന്‍ ചുണ്ടിന് മുകളിലാണ് കെട്ടുക. അതുകൊണ്ട് മൗനിയായ ഓണപ്പൊട്ടന്‍ ചുണ്ടനക്കിയാലും ആരും കാണില്ല. അരിയും ഓണക്കോടിയും ദക്ഷിണയും വീട്ടുകാര്‍ നല്കാറുണ്ട്. ചിലര്‍ ഭക്ഷണവും നല്കും. അരി നിറച്ച നാഴിയില്‍ നിന്ന് അല്പം അരിയെടുത്ത് പൂവും ചേര്‍ത്ത് ചൊരിഞ്ഞ് ഓണപ്പൊട്ടന്‍ അനുഗ്രഹിക്കും. വേഗത്തില്‍ അടുത്ത വീട്ടിലേക്ക് നീങ്ങും.

ഓണപ്പൊട്ടന്‍ പ്രതിഷ്ഠയാണ് കോഴിക്കോട് നാദാപുരം പരപ്പന ക്ഷേത്രത്തിലേത്. ഇവിടെ ഓണപ്പൊട്ടന്‍ തെയ്യവും കാരണവര്‍ തെയ്യവും ആടാറുണ്ട്. 

ഓണത്താര്‍

ഓണത്താര്‍

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓണത്തിന്റെ വരവ് അറിയിച്ച് വീടുകളില്‍ എത്തുന്ന തെയ്യമാണ് ഓണത്താര്‍. കുട്ടികളാണ് ഈ വേഷവും കെട്ടുക. ചില ഭാഗങ്ങളില്‍ അത്തം മുതല്‍ തിരുവോണം വരെ ഓണത്താര്‍ ഭവനങ്ങളില്‍ എത്തും. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ മഹാവിഷ്ണു സങ്കല്പമാണ് ഓണത്താറിനുള്ളത്. ബാലരൂപത്തിലുള്ള ശ്രീകൃഷ്ണനായും സങ്കല്പമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ ഓണത്താറെന്നാല്‍ മഹാബലി സങ്കല്പമാണ്. ഉത്രാടത്തിനും തിരുവോണത്തിനുമാണ് മഹാബലി സങ്കല്പത്തോടെ ഓണത്താര്‍ ഇവിടങ്ങളില്‍ എത്തുക. ഓട്ടുമണിയും കിലുക്കി ഓണവില്ലിന്റെയും ഒറ്റച്ചെണ്ടയുടെയും താളത്തിലാണ് വരവ്. മുഖത്തെഴുത്തും ഉടയാടകളും തലയില്‍ കിരീടവും ഉണ്ടാകും. പൂക്കളത്തിനു ചുറ്റും ഓണത്താര്‍ നൃത്തം വെയ്ക്കും. പാട്ടിന്റെ അകമ്പടിയുമുണ്ടാകും. മഹാബലിയുടെ ആഗമന കഥയാണ് ഇതിവൃത്തം. മാവേലിപ്പാട്ടെന്നും ഓണപ്പാട്ടെന്നും ഇത് പറയപ്പെടുന്നു. വണ്ണാന്‍ സമുദായത്തിലെ ആണ്‍കുട്ടികളാണ് ഓണത്താര്‍ വേഷം കെട്ടുക. 

ആടിവേടന്‍ തെയ്യം

ആടിവേടന്‍ തെയ്യം

ഉത്തര മലബാറിലാണ് ഓണത്തിന്റെ അനുഷ്ഠാന കലകളില്‍ പലതും നടക്കാറുള്ളത്. തെയ്യത്തിന്റെ നാട്ടില്‍ കുട്ടിത്തെയ്യങ്ങളുടെ കാലം കൂടിയാണിത്. പാലക്കാടും കോലത്തുനാട് പ്രദേശങ്ങളിലും കര്‍ക്കിടകത്തില്‍ ആധിവ്യാധികള്‍ അകറ്റി ഐശ്വര്യ പൂര്‍ണ്ണമായ ചിങ്ങത്തെ വരവേല്ക്കാന്‍ ആടിവേടന്‍ തെയ്യം വീടുകളിലെത്തും.

ശിവ-പാര്‍വ്വതി സങ്കല്പമാണ് ആടിവേടന്റെ ഐതിഹ്യം. ഒറ്റവേഷത്തിലും ഇരട്ട വേഷത്തിലും ആടിവേടന്‍ എത്താറുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്പത്തിലാണ് ഒറ്റവേഷം. ആടിയും വേടനുമായി രണ്ട് വേഷത്തിലും വരുന്നുണ്ട്. വേടന്‍ ആണ് അങ്ങനെ ആദ്യം വരിക. മാസത്തിന്റെ പകുതിയാകുമ്പോള്‍ ആടിയും എത്തും. ആടി എന്ന പാര്‍വ്വതിവേഷം കെട്ടുക വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവവേഷം കെട്ടുക മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്.

ആടിവേടന്‍ ചെണ്ടയുടെയും പാട്ടിന്റെയും അകമ്പടിയോടെയാണ് എത്തുക. എന്നാല്‍ യാത്രാവേളയില്‍ അകമ്പടി വാദ്യമുണ്ടാകില്ല. വീട്ടു പടിക്കല്‍ എത്തുമ്പോഴെ വാദ്യമുള്ളൂ. ആടിയ ശേഷം മഞ്ഞള്‍പൊടിയും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതി വെള്ളം മുറ്റത്ത് കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും ഒഴിക്കുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങിയെന്നാണ് വിശ്വാസം. ആടിവേടന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയുമാണ് നല്കുക. ആടിത്തെയ്യത്തെ കര്‍ക്കിടോത്തി എന്നും വിളിക്കുന്നുണ്ട്. 

കമ്പള നാട്ടി

കമ്പള നാട്ടി

ഓണക്കാലം വയനാട്ടില്‍ കൃഷിക്കാലമാണ്. പുഞ്ചയും നഞ്ചയുമാണ് വയനാട്ടിലെ കൃഷിക്കാലങ്ങള്‍. മേയില്‍ കൊയ്ത്ത് നടക്കുന്ന പുഞ്ചകൃഷി വയനാട്ടില്‍ തീരെ കുറഞ്ഞിരിക്കുന്നു. ഇടവപ്പാതിയെ ആശ്രയിച്ചുള്ള നഞ്ചകൃഷിയാണ് പൊതുവെ എല്ലായിടത്തുമുള്ളത്. ഇടവപ്പാതിയ്ക്ക് വിത്ത് വിതച്ച് കര്‍ക്കിടകം തീരും മുമ്പ് ഞാറ് പറിച്ച് നടും. മഴയില്‍ മാറ്റം വന്നാല്‍ ഞാറു നടീല്‍ ചിങ്ങത്തിലും തുടരും. ആഗസ്റ്റ് അവസാനം വരെ ഞാറ് പറിച്ച് നടുംകാലമാണ് ആദിവാസി മേഖലയില്‍. കൃഷിയുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളുണ്ട് അവര്‍ക്ക്. കൃഷിയിറക്കുന്ന കാലത്തും, വിത്ത് വിതക്കുമ്പോഴും വിളവെടുപ്പിനും ആദിവാസികള്‍ക്ക് കമ്പള ആഘോഷമുണ്ട്. അവസാനത്തെ കമ്പളം രാജകമ്പളമാണ് അത് കൊയ്ത്തുത്സവമാണ്. നെല്‍കൃഷിയുടെ ഓരോ ദശയും അങ്ങനെ കമ്പള ആഘോഷത്തിന്റേതാണ്. ഉഴുതു മറിച്ച വിശാലമായ പാടത്തെയും കമ്പളയെന്ന് പറയാറുണ്ട്. ഇവിടുത്തെ ഞാറ് നടീല്‍ ഉത്സവമാണ് കമ്പള നാട്ടി. ആണും പെണ്ണും സംഘമായി നൃത്തച്ചുവടുകളോടെയാണ് കമ്പള നാട്ടി നടത്തുന്നത്. വിത്തിടും മുമ്പ് ദൈവങ്ങളോടും പിതൃക്കളോടും സമ്മതം വാങ്ങുന്ന ചടങ്ങുണ്ട്. കന്നിമാസത്തെ മകം നാള്‍ തെക്കന്‍ തിരുവിതാംകൂറിലെ പോലെ നെല്ലിന്റെ ജന്മ ദിനം കുറിച്യരും ആഘോഷിക്കും. തുലാപ്പത്തിന് കതിര്‍കയറ്റല്‍ ചടങ്ങുണ്ട്. നിറപുത്തരി തന്നെ ഇതും. കൊയ്ത്ത് കഴിഞ്ഞാലും കമ്പള ആഘോഷം നടക്കും. ഉത്തര മലബാറില്‍ കന്നുകാലി മത്സരങ്ങള്‍ക്കും കമ്പളയെന്ന് പറയുന്നുണ്ട്. 

ഓച്ചിറ കാളവേല

ഓച്ചിറ കാളവേല

ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണം. ചിലയിടങ്ങളില്‍ ഇരുപത്തെട്ടാം ഓണത്തിനും അത്തപ്പൂക്കളമിടാറുണ്ട്. ഈ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ചാണ് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തില്‍ കാളകെട്ട് അഥവാ കാളവേല ആഘോഷം നടക്കുന്നത്. ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്ര പരിസരത്ത് നിരത്തി നിര്‍ത്തിയാണ് കാളവേല. കെട്ടിയുണ്ടാക്കുന്ന ഈ കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നും പറയും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഇരുപത്തെട്ടാം ഓണത്തിന് കെട്ടുകാളകള്‍ ഒരുങ്ങുക. ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കും. കാര്‍ഷികാഭിവൃദ്ധിക്ക് കൂടിയാണ് കാളവേല നടത്തുന്നത്. വലിയ രഥങ്ങളില്‍ വടം കെട്ടിയാണ് കാളകളെ പടനിലത്തിലൂടെ ആനയിക്കുക. 


ഓണക്കാഴ്ച

ഓണക്കാഴ്ച

ഓണത്തിന്റെ ചടങ്ങുകളില്‍ ഓണക്കാഴ്ച സമര്‍പ്പണത്തിനും പ്രാധാന്യമുണ്ട്. ഗുരുവായൂരിലടക്കം ഉള്ള ക്ഷേത്രങ്ങളിലെല്ലാം കാഴ്ചക്കുല സമര്‍പ്പണം നടക്കും. പച്ചക്കറികളും മറ്റ് കാര്‍ഷിക വിളകളും സമര്‍പ്പിക്കുന്നവരും ഉണ്ട്. എന്നാല്‍ ഓണക്കാഴ്ച സമര്‍പ്പണത്തിന്റെ പണ്ടത്തെ ചരിത്രം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ അദ്ധ്വാനത്തിന്റെ ഫലം ജന്മി കൊണ്ടു പോകുന്ന ദു:ഖകരമായ അവസ്ഥയായിരുന്നു.

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നിര്‍ബന്ധപൂര്‍വ്വം നല്‍കേണ്ട പിരിവാണ് ഓണക്കാഴ്ച സമര്‍പ്പണം. കൃഷിയില്‍ നിന്ന് ലഭിച്ച ഏറ്റവും നല്ല വാഴക്കുലയും വിളകളും കുടിയാന്‍ ജന്മിക്ക് നല്കണം. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്‍മാര്‍ക്ക് ജന്മിയുടെ വക തുച്ഛമായ സമ്മാനങ്ങളുണ്ടാകും. അടിമത്തത്തിന്റെ ഉദാഹരണമായിരുന്നു ഈ കാഴ്ച സമര്‍പ്പണം. ഭൂമിയുടെ ഉടമസ്ഥന്‍ ജന്മിയും കൈവശാവകാശം കുടിയാനും മണ്ണില്‍ പണിയെടുക്കാന്‍ കര്‍ഷക തൊഴിലാളിയും.

മഹാകവി ചങ്ങമ്പുഴയുടെ 'വാഴക്കുല'യെന്ന കാവ്യം ഈ കാഴ്ചക്കുല സമര്‍പ്പണത്തിന്റെ പഴയ ഓണ യാഥാര്‍ത്ഥ്യം കൊണ്ടു വരുന്നു. 'മലയപ്പുലയന്‍ മാടത്തിന്‍ മുമ്പില്‍ മഴ വന്ന നാളൊരു വാഴ നട്ടു'. വാഴ വളര്‍ത്തിയെടുക്കുന്ന മലയനും കുടുംബവും അത് പട്ടിണി മാറ്റാനുള്ള ആശ്വാസമായാണ് കരുതുന്നത്. മലയന്റെ കുടിലില്‍ തിരുവോണം വന്നത് വാഴ കുലച്ചപ്പോഴാണെന്ന് കവി പാടുന്നു. കുട്ടികള്‍ കൊതിയോടെ പഴത്തെ കാത്തിരിക്കുന്നു. ഒടുവില്‍ മോഹിച്ച വാഴക്കുല മലയപ്പുലയന് ജന്മിക്ക് ഓണക്കാഴ്ചയായി നല്‍കേണ്ടി വരുന്നു. ഇതറിഞ്ഞ മലയന്റെ കുട്ടികള്‍ കുടിലില്‍ കൂട്ടക്കരച്ചിലായി. ഉടയോന്റെ മേടയില്‍ ഉണ്ണികള്‍ പഞ്ചാരപ്പാലട സദ്യയുണ്ട് ഉറങ്ങുമ്പോള്‍ അടിയോന്റെ മക്കള്‍ തോട്ടു വെള്ളം കുടിക്കുകയാണെന്ന് ചങ്ങമ്പുഴ പാടി. ഇതായിരുന്നു പഴയ ഓണക്കാഴ്ചയുടെ അവസ്ഥ.

ഇന്നും ക്ഷേത്രങ്ങളില്‍ വാഴക്കുലകള്‍ തന്നെയാണ് പ്രധാന കാഴ്ച സമര്‍പ്പണം. ഗുരുവായൂരില്‍ ഓണക്കാഴ്ച സമര്‍പ്പണം ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഉത്രാട ദിവസം ഭക്തര്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കുന്നത്. ചെങ്ങാലിക്കോടന്‍ എന്ന ഇനം നേന്ത്ര വാഴക്കുലയാണ് കാഴ്ചക്കുല സമര്‍പ്പണം നടത്തുന്നത്. ചെങ്ങഴിക്കോടനെന്നും ഇതിനെ വിളിക്കുന്നുണ്ട്. തൃശ്ശൂരിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ഈ വാഴക്കുലയുടെ കൃഷി ഓണക്കാഴ്ച സമര്‍പ്പണത്തിന് മാത്രമായി ചെയ്യുന്നുണ്ട്. ഉത്രാട ദിനത്തിലെ സമര്‍പ്പണത്തില്‍ കിട്ടുന്ന ഈ വാഴക്കുല വെച്ചാണ് ഗുരുവായൂരില്‍ തിരുവോണത്തിന് പഴപ്രഥമന്‍ ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ രാജവാഴ്ചയുടെ ബാക്കിയായി ആദിവാസി വിഭാഗക്കാര്‍ ഓണക്കാഴ്ച സമര്‍പ്പണം നടത്തുന്ന ചടങ്ങുണ്ട്.