ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2020

എന്തേ കണ്ണനിത്ര കറുപ്പ് നിറം....

എന്തേ കണ്ണനിത്ര കറുപ്പ് നിറം.... 

വിഷ്ണു സൂര്യൻ തന്നെ. 'ഗോ' എന്നാൽ ഭൂമി തുടങ്ങിയ ഗ്രഹങ്ങളാവാം. ആകർഷണശക്തിയുള്ളതിനാൽ കൃഷ്ണൻ എന്ന് പേരായി. ഗോക്കളെ കൃഷ്ണൻ മേയ്ക്കുന്നതു ആകർഷണശക്തികൊണ്ടാണ്. ഭൂമി മുതലായ ഗ്രഹങ്ങൾ സൂര്യന് ചുറ്റും മേഞ്ഞു നടക്കുന്നത് ഇതേ ആകർഷണശക്തികൊണ്ടുതന്നെ. ഇതേ അർത്ഥത്തിലുള്ള ഒരു മന്ത്രം തന്നെ ഋഗ്വേദത്തിലും യജുർവേദത്തിലുമുണ്ട്.
"ആകൃഷ്ണേന രാജസാ" 
എന്ന് തുടങ്ങുന്ന മന്ത്രത്തിന്റെ അർത്ഥം ഇങ്ങനെ; "ആകർഷണ ശക്തിയുള്ള ഭൂമി തുടങ്ങിയവയെ ചലിപ്പിച്ചു നടത്തുന്നത് സവിതാവായ സൂര്യനാണ്. വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെ അതതു സ്ഥാനത്ത് ഉറപ്പിച്ചുകൊണ്ടു പ്രാനീസമൂഹത്തിന് കാഴ്ചശക്തിയെ നൽകി സ്വർണ്ണതുല്യമായ രഥത്തിലേറി വരികയാണ് സൂര്യൻ". 

ഇവിടെ 'കൃഷ്ണ' ശബ്ദത്തിന് "ആകർഷണശക്തിയുള്ളത്" എന്ന അർത്ഥം തന്നെയാണുള്ളത്. "കൃഷ്ണ" നെന്നാൽ ആകർഷണശക്തിയുള്ളതെന്നർത്ഥം വരുന്ന മറ്റൊരു മന്ത്രവും ഋഗ്വേദത്തിലുണ്ട്. "ഹരിഃ" കൃഷ്ണനുണ്ടായതും ഇതേ വേദമന്ത്രത്തിൽ നിന്നാണ്. 
"ആദിത്യസ്യ ഹരയ: സുപർണാ ഹരണാആദിത്യരശ്മയ:" 
എന്ന് നിരുക്തത്തിൽ വിശദീകരിക്കുന്നു. താനെ സുവർണ്ണ കിരണങ്ങളാൽ ജലത്തെ ഹരിക്കുന്നതിലൂടെ മേഘങ്ങളിൽ വെള്ളം നിറയ്ക്കുകയാണ് സൂര്യൻ. ജലം സൂര്യതാപത്താലാണ് വറ്റിപ്പോകുന്നതും മേഘങ്ങളിൽ നിറയുന്നതും. ഹരി സൂര്യൻ തന്നെയാണ്. കൃഷ്ണൻ സൂര്യന്റെ ആകർഷണ ശക്തിയും. "ഗോ" ക്കളാകട്ടെ ഭൂമി തുടങ്ങിയ ഗ്രഹങ്ങളുമാകുന്നു. "ഗോ" മാതാവെന്ന് പറയുമ്പോൾ പലരും അതിനെ നിസ്സാരമായി കാണാറുണ്ട്. 'ഗോ' എന്നാൽ കേവലം 'പശു' വെന്നുമാത്രം അർത്ഥമെടുക്കരുത്. അത് ഭൂമിയുടെ പര്യായപദമായെന്നു യാസ്കനെപോലുള്ള പ്രാചീന ഋഷിമാർ നിരുക്തത്തിൽ എഴുതിയത് ഉൾക്കൊള്ളണം. ( "ഗൗരിതി പൃഥിവ്യാ നാമധേയം"-നിരുക്തം 2.5) ഇങ്ങനെ ശ്രീകൃഷ്ണൻ ഗോക്കളെ മേച്ചു നടക്കുന്നു എന്ന ആലങ്കാരിക പ്രയോഗത്തിന്റെ നേരായ അർത്ഥമറിയാൻ ശ്രമിച്ചാൽ നിരവധി ജ്യോതിശാസ്ത്ര രഹസ്യങ്ങൾ പുറത്തുവരും.

വിഷ്ണുവിന് കറുപ്പും വെളുപ്പും നിറമുണ്ടെന്ന് നമുക്ക് പുരാണങ്ങളിൽ വായിക്കാം. ഒരാൾക്ക് ഒരേസമയം എങ്ങനെ രണ്ടു നിറമുണ്ടാകും? കൂടാതെ ശ്യാമവർണ്ണവും കറുപ്പും ഒന്നാണോ തുടങ്ങിയ ചോദ്യങ്ങളൊന്നും ആരും ചോദിച്ചു കാണാറില്ല. പ്രശസ്തമായ ഒരു ശ്ലോകമുണ്ട്.

ശുക്ലാംബരധരം വിഷ്ണും,
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്,
സർവവിഘ്നോപശാന്തയേ

എന്ന പദ്മപുരാണത്തിലെ ഈ ശ്ലോകത്തിൽ വെളുത്ത വസ്ത്രം ധരിച്ചവനാണ് വിഷ്ണു. "നിലാവ് പോലെ വെളുത്ത നിറമുള്ളവനും നാലുകൈകളോടുകൂടിയവനും പ്രസന്നവദനനുമായ വിഷ്ണു ഭഗവാനേ അവിടുന്ന് സർവ്വവിഘ്നങ്ങളെയും അകറ്റിയാലും" എന്നാണീ പ്രാർത്ഥനയുടെ സാരം. ഇവിടെ വിഷ്ണു വെളുത്ത നിറക്കാരനാണെന്ന് സ്പഷ്ടമായി പറയുന്നു. കറുപ്പുനിറം ആകർഷണശക്തിയെ കുറിക്കുന്നതാണെന്ന് സൂചിപ്പിച്ചുവല്ലോ. "ഗോ" അഥവാ ഗോളങ്ങളാകുന്ന പശുക്കളെ ഭ്രമണപഥമാകുന്ന മേച്ചില്പുറത്ത് ആകർഷണമാകുന്ന കയർകൊണ്ട് കെട്ടി മേയ്ക്കുകയാണ് സൂര്യനായ് കൃഷ്ണൻ. അപ്പോൾ പിന്നെ ഈ വെളുപ്പ് നിറത്തിനെന്താണ് പ്രസക്തി. യജുർവേദത്തിലെ ഒരു മന്ത്രത്തിന് പ്രായേണ ആധുനികനായ മഹീധരൻ നൽകുന്ന ഒരു ഭാഷ്യം അതീവ രസകരമാണ്. "സൂര്യൻ" ദ്യൂ ലോക മൈതാനിയിൽ മിത്രാവരുണന്മാരുടെ രൂപത്തെ മനുഷ്യർക്കെന്നപോലെ കാട്ടിക്കൊടുക്കുന്നു. മിത്ര രൂപത്തിൽ സുകൃതികളായ ജനങ്ങൾക്ക് അനുഗ്രങ്ങൾ ചൊരിഞ്ഞു നൽകുന്നു. വരുന്ന രൂപത്തിൽ പാപികളെയും അഭിമുഖീകരിക്കുന്നു. ആസൂര്യന്റെ ഒരു രൂപം ദേശകാലങ്ങൾക്കുപരിയായ ദിവ്യപ്രകാശത്തോടെ വെളുത്തിരിക്കുന്നു. അത് വിജ്ഞാനഘനരൂപമായ ബ്രഹ്മമാകുന്നു. മറ്റേ രൂപം കറുത്ത അഥവാ ദ്വൈത ലക്ഷണ രൂപത്തോടുകൂടി ദിശകളെ അഥവാ ഇന്ദ്രിയങ്ങളെ ധാരണം ചെയ്യുന്നു, അതായത് സൂര്യന് രണ്ടു രൂപങ്ങളുണ്ട്. ഇന്ദ്രിയങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന കൃഷ്ണ വർണ്ണവും ശുദ്ധചൈതന്യവും അദ്വൈതലക്ഷണവുമായ ശുക്ലവർണ്ണവും.

മഹീധരൻ പോലും സൂര്യന് രണ്ടു രൂപങ്ങളുണ്ടെന്ന അഭിപ്രായക്കാരനാണ്. പൗരാണിക ലോകത്തിന്റെ വ്യാഖ്യാതാവാണ് മഹീധരൻ. ഇവർക്ക് സൂര്യൻ അദ്വൈതവും നിർഗ്ഗുണവുമായ ബ്രഹ്മസമാനമാണ്. ഈ മന്ത്രത്തിന്റെ യഥാർത്ഥ അർത്ഥം ഇങ്ങനെയാണ് - ദ്യുലോകത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന സൂര്യൻ സംപൂർണ്ണ ജഗത്തിനു രൂപം നൽകുന്നു. സൂര്യന് സ്വയം രണ്ടുരൂപങ്ങളുണ്ട്. ഒന്ന് പ്രകാശ പൂർണ്ണമായ ധവള രൂപവും രണ്ടാമത്തേത് ആകർഷണ യുക്തമായ കൃഷ്ണ വർണ്ണവും. സൂര്യന് പ്രകാശമുണ്ട് അത് ശ്വേതവർണ്ണം. സൂര്യന് ആകർഷണ ശക്തിയുണ്ട് അത് കറുപ്പ് നിറം.

ഘനശ്യാമ മോഹന കൃഷ്ണനെക്കുറിച്ചു വർണ്ണിക്കാത്ത കവികൾ ചുരുങ്ങും. ഒരുപക്ഷെ ഭാരതത്തിലെ ചിരന്തരരായ നിരവധി മഹാരഥന്മാർക്ക് ശ്യാമവർണ്ണം കല്പിച്ചു കൊടുത്തിട്ടുണ്ട് നമ്മുടെ കവികൾ. രാമനും കൃഷ്ണനും വ്യാസനും പരശുരാമനും വാമനനുമൊക്കെ എങ്ങനെയാണൊരുപോലെ ശ്യാമവർണ്ണക്കാരാവുന്നത്? അവർ വെളുത്തവരായാലെന്ത്? കറുത്തവരായാലെന്ത്? നിറത്തിൽ എന്തെരിക്കുന്നു? ഇവർ ദ്രാവിഡരായതുകൊണ്ടാണോ നിറം ശ്യാമവർണ്ണമായത്? വാസ്തവത്തിൽ ഇതൊന്നും വർഗ്ഗ ചിന്തയുമായി അശേഷം ബന്ധമില്ലാത്ത കാര്യങ്ങളാണ്. ഇവരെല്ലാം വിഷ്ണു തത്വമുള്ളവരാണ്. അതിനാൽ തന്നെ ഇവരിലെല്ലാം കൃഷ്ണ വർണ്ണം സ്വാഭാവികമായും ഉണ്ടാകും. ശ്യാമവർണ്ണം സൗന്ദര്യത്തിന്റെ പ്രതിരൂപമായും വാഴ്ത്തപ്പെട്ടിട്ടുണ്ട്. കാവ്യങ്ങളിൽ പരമ സുന്ദരിയെ ശ്യാമ എന്ന് വിളിക്കുന്നത് നമുക്ക് കാണാം. സീത വെളുത്ത നിറക്കാരി ആയിരുന്നെങ്കിലും വാല്മീകി 'ശ്യാമ' എന്നാണ് വിളിച്ചിരുന്നത്. ഇതുപോലെ ദ്രൗപതിയെയും 'ശ്യാമ' എന്ന് വിളിച്ചിരുന്നു.

29 April 2020

ഓം

ഓം

അതിമഹത്തായ മന്ത്രമാകുന്നു.  വേദാന്തസാര സംഗ്രഹവും സനാതനധർമ്മമൂലവുമാണത്. സച്ചിദാന്തസ്വരൂപമായ പരബ്രഹ്മത്തെ ശബ്ദരൂപേണ പ്രതീകവൽക്കരിക്കുകയാണ് "ഓം"  പരമമായ അവസ്ഥയും പരിമിതപ്പെടുത്തുവാൻ കഴിയാത്തതും പരിണാമങ്ങൾക്ക് അതീതവുമായ , പുതുമ നശിക്കാത്ത 'പരബ്രഹ്മ' പ്രകാശിപ്പിക്കുന്നതുകൊണ്ട് ' പ്രകർഷേണ നവം'  എന്നാർത്ഥത്തിൽ 'പ്രണവം' എന്നപേരിലും അറിയപ്പെടുന്നു, ഓംങ്കാരനാദം പ്രപഞ്ചം മുഴുവൻ   പ്രകമ്പനം കൊള്ളുന്നതിനാലും 'പ്രണവം'   എന്ന് പറയുന്നു.  

"ഓം" എന്നത് അ ഉ മ എന്നീ മൂന്ന് അക്ഷരങ്ങൾ ഒന്നിച്ച് ചേർന്ന ഒരു വാക്കാണ്  കണ്ഠത്തിൽ നിന്നും തുടങ്ങി ചുണ്ടിൽ അവസാനിക്കുന്ന ഒരു ശബ്ദമാണെകിൽ  ആ ശബ്ദം  സർവ്വ ശബ്ദത്തിനും  അടിസ്ഥാനമായിരിക്കും കാരണം  ശബ്ദോച്ചാരണത്തിനുള്ള പത്തു സ്ഥാനങ്ങളായ കണ്ഠ, താലു, മൂർദ്ധ, ദന്തം, ഓഷ്ഠം , നാസിക, കണ്ഠതാലു, കണ്ഠോഷ്ഠം, ജിഹ്വമൂലം എന്നിവയെ  ആ ശബ്ദം സ്പർശിക്കുന്നു. , ഓം ജപിക്കുമ്പോൾ 'അ' ശബ്ദം   കണ്ഠത്തിൽ നിന്നും നാഭിപ്രദേശത്തെ വായു ശക്തികൊണ്ട്  പുറപ്പെട്ട്  'ഉ' എന്ന ശബ്ദത്തോട്  ചുണ്ടിൽ നിന്നും ചേർന്ന് നാസികാസ്ഥാനത്തും നിന്നും നിർഗ്ഗമിക്കുന്ന 'മ' എന്ന അനുനാസികത്തെ ആശ്രയിക്കുമ്പോൾ  എല്ലാ ശ്ബ്ദസ്ഥാനങ്ങളെയും സ്പർശിക്കുന്നു. .  ഓംങ്കാരത്തെ ആ,ഉ,മ,   എന്ന് മൂന്ന് അക്ഷരങ്ങളോടും അല്ലെങ്കിൽ മാത്രകളായും  അവയുടെ ഉച്ചാരണ ശേഷം ശേഷിക്കുന്ന് അമാത്രയായ  നാദവും കൂടി ചേർത്ത്  നാലു  ഘടകങ്ങളാക്കി വേർതിരിച്ചിരിക്കുന്നു.

ജാഗ്രദ്, സ്വപ്നം, സുഷുപ്തി, അവസ്ഥകളെ യഥാക്രമം അ,ഉ,മ,  എന്നി മാത്രകളാലും തുരിയാവസ്ഥയെ 'നാദം' അല്ലെങ്കിൽ 'ധ്വനി' എന്ന അമാത്രയാലും പ്രതീകാത്മകമായി കാണിക്കുന്നു ഓംങ്കാരം.

'ഓംങ്കാരം' അക്ഷരബ്രഹ്മമാണല്ലോ അതിൻ്റെ ഒന്നാമത്തെ 'അ' ശബ്ദം സ്ഥൂലപ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നു.  അതിൽ പഞ്ചഭൂതങ്ങൾ , ശബ്ദാദി പഞ്ചതന്മാത്രകൾ, സ്ഥൂലപ്രപഞ്ചന്ദ്രിയങ്ങൾ , സ്ഥൂലശരീരം ,  അതിൽ അഭിമാനിക്കുന്ന 'വിശ്വനെന്ന ജീവഭാവം', സൃഷ്ടിയാകുന്ന ധർമ്മം ബ്രഹ്മാവാകുന്ന അധിദേവത എന്നിവ പ്രകാശിക്കുന്നു.

'ഉ' എന്ന ശബ്ദമാകട്ടെ പഞ്ചേന്ദ്രിയങ്ങൾ പഞ്ചപ്രാണൻ, മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം, അപഞ്ചീകൃതഭൂതങ്ങൾ,(സൂക്ഷ്മഭൂതങ്ങൾ) അവയുടെ സൂക്ഷ്മതന്മാത്രങ്ങൾ, , സ്ഥിതിയാകുന്ന ധർമ്മം, വിഷ്ണുവാകുന്ന അധിദേവത,  തൈജസനെന്ന ജീവഭാവം, എന്നിവയെ സ്വപ്നാവസ്ഥയിൽ  സൂക്ഷ്മപ്രപഞ്ചത്തെ വിവക്ഷിക്കുന്നു.

സംഹാരമാകുന്ന ധർമ്മം , ശിവനാകുന്ന ദേവത, പ്രപഞ്ചകാരണമായ മൂലവിദ്യ, പ്രാജ്ഞൻ എന്ന ജീവഭാവം, അവയുടെ പ്രാകാശസ്വരൂപമായ  സുഷുപ്ത്യവസ്ഥയിൽ കാരണ പ്രപഞ്ചത്തെ 'മ' എന്ന നാസികാശബ്ദം പ്രതിനിധാനം ചെയ്യുന്നു.  

പരിണാമത്തിനും നാശത്തിനും വിധേയമായ ആഭരണങ്ങൾ ഭാവങ്ങളും സ്വർണ്ണം ഏതവസ്ഥയിലും  സത്യവുമെന്നപോലെ അവസ്ഥത്രയങ്ങൾ കൽപിതങ്ങളാണെന്നും സത്യമല്ലെന്നും ബോദ്ധ്യമായി ശ്രദ്ധയെ  പ്രാപഞ്ചികധർമ്മങ്ങളിൽ നിന്നും നാലാം പദമായ തുരിയാവസ്ഥയിലേക്കെത്തിച്ച് ദൃഢതപ്രാപിക്കാനും സാധകൻ ക്രമേണ ജീവമുക്തമാകനും  ഓംകാരോപാസന കൊണ്ട് സാധിക്കുന്നു.    

 മൂന്ന് വേദങ്ങൾ , ജാഗ്രദ്സ്വപ്നസുഷുപ്ത്യാദി അവസ്ഥാത്രയങ്ങൾ , സ്വർഗ്ഗാദികളായ മൂന്ന് ലോകങ്ങൾ, ബ്രഹ്മാദിത്രിമൂർത്തികൾ, എന്നിവയെ  അ,ഉ,മ എന്നീ മാത്രകളാൽ 'ഓം'  വിവക്ഷിക്കുന്നു.  അതിനുശേഷം  ആത്മസ്വരൂപമായ തുരിയാവസ്ഥയേയും  ഗ്രഹിക്കുന്നു.  

 ഓംകാരോപാസന ഒരു സാധകനെ അജ്ഞാനജന്യമായ  സംസാരക്ലേശങ്ങളിൽ നിന്നും ത്രാണനം ചെയ്യുന്നു.  ഈ ശക്തിയുള്ളതുകൊണ്ട്  ഓംകാരത്തെ താരം എന്ന് വിളിക്കുന്നു.   ബ്രാഹ്മമുഹൂർത്തത്തിൽ സുഗമമായ ഒരാസനത്തിൽ ഉപവിഷ്ട്നായി നട്ടെല്ല് നിവർത്തി നേരെയിരുന്ന് ഇരുപത്തൊന്നു തവണ  ഓംകാരം ജപിക്കുക.   അഞ്ചു കർമ്മേന്ദ്രിയങ്ങൾ, അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചപ്രാണൻ, പഞ്ചകോശങ്ങൾ, മനസ്സ്  എന്നീ അജ്ഞാന ഘടകങ്ങളെയാണ് 21 എന്ന സംഖ്യകൊണ്ട്  ഹരിക്കേണ്ടത്.   ഈ അജ്ഞാനഘടകങ്ങൾ അനാത്മാക്കളാണെന്ന ബോധം ഓംകാരോപസനയിലൂടെ സാധകൻ നേടിയെടുത്ത്  തുരിയത്തിലെ  ആത്മനെ  പ്രാപിക്കേണ്ടതാണ്.

പരമശിവൻ സൃഷ്ടിച്ച വീണ

പരമശിവൻ സൃഷ്ടിച്ച വീണ

 ശ്രീപാർവ്വതിദേവി തന്റെ വളയണിഞ്ഞ കൈകൾ മാറിൽ ചേർത്ത് നിദ്രയിലാണ്ടപ്പോൾ ശ്വാസത്തിന്റെ ഉയർച്ച താഴ്ചക്കനുസരിച്ച് തങ്കവളകൾ മൃദുമന്ത്രണം പുറപ്പെടുവിപ്പിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാർവ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്റെ മനസ്സിൽ നിത്യസംഗീതത്തിന്റെ ആനന്ദം നൽകി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തിൽനിന്നും സംഗീതധ്വനി ഉണർത്തുന്ന ഒരു വസ്തു സൃഷ്ടിക്കണമെന്ന് പരമശിവൻ ആഗ്രഹിച്ചു. ഭഗവാൻ യോഗദക്ഷിണാമൂർത്തിധ്യാനരൂപം പൂണ്ടു. 
ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്റെ മനസ്സിൽ മായാതെ തെളിഞ്ഞുനിന്നു. അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവൻ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികൾ ഉണർത്തി. ഭഗവാന്റെ ആ രൂപത്തെ 'വീണാ ദക്ഷിണമൂർത്തി' എന്നറിയപ്പെടുന്നു.

ശ്രുതിലയസമന്വിതമാണ് വീണ. ശ്രുതി പാർവ്വതിദേവിയും ലയം ശ്രീപരമേശ്വനുമാകുന്നു. 

പരമേശ്വര ധ്യാനത്തിൽ നിന്നും പിറവികൊണ്ട വീണ മഹാദേവൻ ബ്രഹ്മാവിന് നൽകുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നൽകുകയും ചെയ്തു. സരസ്വതീദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്റെ മാതാവായി കണക്കാക്കിയ സരസ്വതീദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു. 

ശിവശക്തിയുടെ അംശസമന്വിതരൂപമാണ് വീണ.

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

ജപിക്കാന്‍ തുടങ്ങിയാല്‍ ക്രമേണ മറ്റു ചലനങ്ങളെല്ലാം മാറി മനസ്സ് നിശ്ചലമായി വരുന്നതായും ഈ പ്രക്രിയയില്‍ ഒരു ലയം അനുഭവപ്പെടുകയും ചെയ്യും. സാധാരണഗതിയില്‍ നാം ചെയ്യുന്ന ശ്വാസോച്ഛാസം ക്രമേണ നേര്‍ത്തുനേര്‍ത്തു വരികയും അങ്ങനെ അവസാനം സ്വാഭാവികമായി ശ്വാസചലനം നില്‍ക്കുന്നതായും സാധകന്മാര്‍ക്ക് അനുഭവപ്പെടാറുണ്ട്. ജപത്തിന്റെ ഉച്ചകോടിയാണിത്. ശ്വാസവും ജപവും തമ്മില്‍ ബന്ധമുണ്ട്. സാധാരണ ശ്വാസത്തില്‍ നാം ബോധവന്മാരല്ല. നമ്മുടെ ഇച്ഛക്കതീതമായി നമ്മുടെ ദേഹത്തിന്റെ സ്വാഭാവികസ്പന്ദനത്തിനനുസൃതമായി അത് നടന്നുകൊള്ളും. ഈ ശ്വാസവും മന്ത്ര ജപകാലവും ഏകതാനമായി വരുവാനും ശ്രദ്ധിക്കേണ്ടതാണ്. ശ്വാസചലനത്തോടൊത്തുവേണം ജപിക്കുവാന്‍. ജപത്തിന്റെ ഇടയില്‍ ശ്വാസം മുറിയരുത്. ശ്വാസം ഇല്ലാതെയുള്ള അവസരത്തില്‍ ജപം നടത്തുകയെന്നത് എത്രയോ കൂടുതല്‍ അഭ്യാസത്തിന് ശേഷം വരേണ്ട ഒരു അവസ്ഥയാണ്. ആദ്യകാലത്ത് അതിനാല്‍ ഒരു പ്രാവശ്യത്തെ മന്ത്രജപത്തില്‍ ശ്വാസം മുറിയാതെ നോക്കണം. വൈദിക ഋക്കുകള്‍ ഒരൊറ്റ ശ്വാസത്തില്‍ തന്നെ ചൊല്ലിത്തീരണമെന്നും ഒരു ഋക്ക് ചൊല്ലുന്നതിനിടയ്ക്ക് മറ്റൊരു ശ്വാസചലനം വരാന്‍ പാടില്ലെന്നും പഴയ ആളുകള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിന്റെ രഹസ്യം ഇതാണ്.

അപ്പോള്‍ സാധാരണ ഉച്ചജപം അഥവാ വൈഖരീജപം നമ്മുടെ നിശ്വാസത്തില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഉച്ച്ച്വാസത്തില്‍ (ശ്വാസം മേലോട്ട് വലിക്കുമ്പോള്‍) സാധ്യമല്ലെന്നും പ്രായോഗികമായി ചെയ്തുനോക്കിയാല്‍ അറിയാം. മാനസിക ജപത്തിനിത് ബാധകമല്ല. ഉച്ച്ച്വാസത്തിലും നിശ്വാസത്തിലും അതായത് രേചകങ്ങളിലും കുംഭകങ്ങളിലും മാനസിക ജപത്തിന് പ്രസക്തിയുണ്ട്. അത് വൈഖരിക്ക് സാധ്യമല്ല.

ജപത്തിന്റെ ഉച്ചാരണത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില അവസരങ്ങളുണ്ട്. ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വൈഖരീ, മാധ്യമഃ പശ്യന്തി, പരാ എന്നീ തട്ടുകളില്‍ ചെന്നെത്തുന്നു. ഈ ശബ്ദതത്വങ്ങള്‍ അത്മതത്ത്വത്തില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. നാം സ്വയം ആ ദേവതയായി തീരുമ്പോള്‍, ഒപ്പം മന്ത്രം ജപിക്കുക കൂടി ചെയ്യുമ്പോള്‍ അസാധാരണമായ ഊര്‍ജ്ജമണ്ഡലം സൃഷ്ടിക്കപ്പെടുന്നു. ഇത് നമ്മുടെ നാഡീശക്തിയും പ്രാണശക്തിയും ഉണര്‍ത്തുന്നു. ഈ അസാധാരണപ്രവൃത്തിയാണ്‌ ജപം.

പലരും ഒരു ദേവതയെ കണ്ണടച്ച് ഉള്ളില്‍ കാണാന്‍ പരിശ്രമിക്കാറുണ്ട്. പക്ഷേ അങ്ങനെ ആര്‍ക്കും ഏറെനേരം കാണാനുള്ള ഏകാഗ്രത ഉണ്ടാവില്ലതാനും. അപ്പോള്‍പ്പിന്നെ ഈ സ്ഥൂല ദേവതാസങ്കല്‍പം കൊണ്ട് എന്താണ് പ്രയോജനം? വാസ്തവത്തില്‍ ഇങ്ങനെയല്ല ജപിക്കേണ്ടത്? മന്ത്രസ്പന്ദനത്തില്‍ രൂപംകൊള്ളുന്ന സ്ഥൂലദേവതാരൂപം താന്‍തന്നെയാണെന്ന് ഓരോരുത്തരും ഉള്‍കൊള്ളേണ്ടതുണ്ട്. അതായത് ശിവനെ ജപിക്കുന്നവന്‍ സ്വയം ധ്യാനസ്വരൂപത്തിലുള്ള ശിവനാകേണ്ടതുണ്ട്. ഗണപതിയെ ഉപാസിക്കുന്നവന്‍ സ്വയം ഗണപതിയാകേണ്ടതുണ്ട്. ഭദ്രകാളിയെ  ജപിക്കുന്നവന്‍ സ്വയം ഭദ്രകാളിയാകേണ്ടതുണ്ട്. ഇങ്ങനെ ഏതു ദേവതയെ ഉപാസിക്കുന്നവനും സ്വയം ആ ദേവതയായി തീരേണ്ടതുണ്ട്.

ദേവതയെ മനുഷ്യന്റെ രൂപത്തില്‍ കല്‍പ്പിക്കുന്നതും തികച്ചും മനഃശാസ്ത്രപരമായ ഒരു താന്ത്രീകസമീപനമാണ്. ദേവത കേവലം ജഡമായ ഒന്നല്ലെന്നും മറിച്ച് നമ്മുടെ ഓരോരുത്തരേയും പോലെ സ്വന്തം ജീവനും ചൈതന്യവുമുള്ള ശക്തിയാണെന്നുമുള്ള അറിവ് സംജാതമാകും. മാത്രമല്ല, നാം ബാഹ്യരൂപം മാത്രമല്ലല്ലോ. കൃഷ്ണന്‍ എന്നുപേരുള്ള ഒരാള്‍ അയാളുടെ ഭൗതികശരീരം മാത്രമല്ലല്ലോ. കൃഷ്ണന്‍ എന്നയാളുടെ ജീവന്‍ വേറിട്ടുപോയാല്‍ കുറച്ചുനേരം മാത്രമേ ആ ശരീരം എന്ന നിലയില്‍ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ കൃഷ്ണന്‍ ഇതിനെല്ലാം ഉപരിയാണ്. നിരവധി സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും അതിനുള്ളിലുണ്ട്. ഈ ഗുണങ്ങള്‍ക്ക് ഒരു രൂപം നല്‍കുകയാണെങ്കില്‍ അത് കൃഷ്ണന്‍ എന്നയാളിന്റെ ഭൗതികരൂപത്തിന് സമാനമായിരിക്കും. ഇങ്ങനെ ആന്തരികമായ ശക്തിയുടെ പ്രതിരൂപമാണ് ഭൗതികമായ രൂപമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രസാധനയ്ക്ക് ഋശീശ്വരന്മാര്‍ പദ്ധതി തയ്യാറാക്കിയത്. ഈ ആന്തരികചോദന വ്യത്യസ്തമായിരിക്കാം. അതുകൊണ്ടാണ് ശിവന്‍, ഗണപതി, സുബ്രഹ്മണ്യന്‍, വിഷ്ണു, ഭദ്രകാളി എന്നീ ദേവതകള്‍ക്കൊക്കെ വ്യത്യസ്തസ്പന്ദനങ്ങള്‍ ഉണ്ടായത്. ഈ വ്യത്യസ്ത സ്പന്ദനങ്ങളാണ് ദേവതകളുടെ വ്യത്യസ്ത രൂപങ്ങള്‍. ഇങ്ങനെ മന്ത്രം ചൊല്ലുമ്പോള്‍ ഉണ്ടാകുന്ന സ്പന്ദനവിശേഷമാണ് രൂപമായി മാറുന്നത്.

ജപം പ്രധാനമായും മൂന്നുതരത്തിലാണെന്ന് തന്ത്രശാസ്ത്രങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. വാചികം, ഉപാംശു, മാനസികം എന്നിങ്ങനെ. വാചികം എന്നാല്‍ ഉച്ചത്തില്‍ ഉച്ചരിച്ചുകൊണ്ടുള്ളത്. വാചികത്തേക്കാള്‍ ശ്രേഷ്ഠം ഉപാംശുവാണ്. ഉപാംശു ശബ്ദം പുറത്തേയ്ക്ക് വരാതെ ചുണ്ടുമാത്രം ചലിപ്പിച്ചുചെയ്യുന്ന ജപമാണ്. ഉപാംശുവിനേക്കാള്‍ ഉത്തമം  മാനസികമാണ്. ശാരീരികമായ ചലനങ്ങള്‍ ക്രമേണ അവസാനിപ്പിക്കണം. തുടര്‍ന്ന് മനസ്സുമാത്രം ചലിക്കുന്ന ഒരു ക്രമം രൂപപ്പെടും.

മനസ്സിനെ ഏകാഗ്രമാക്കി ധ്യാനോക്തമായ ദേവതാരൂപത്തെ മനസ്സിലുറപ്പിച്ചു ജീവന്റെ ശ്വാസോച്ചാസത്തെ മന്ത്രസ്പന്ദനരൂപത്തിലാക്കിത്തീര്‍ക്കലാണ് യഥാര്‍ത്ഥജപം. ഇതു നിരവധി തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായി നാം കേവലകുംഭകാവസ്ഥ, അഥവാ ശ്വാസനിരോധം എന്നാ അവസ്ഥയിലെത്തും. യോഗസൂത്രത്തില്‍ പതഞ്ജലി പറയുന്നു:

യോഗശ്ചിത്തവൃത്തി നിരോധഃ' എന്ന അവസ്ഥ.

യോഗം ചിത്തവൃത്തികളെ നിരോധിക്കലാണെന്നര്‍ത്ഥം അപ്പോള്‍ സുഷുമ്നയിലുള്ള ചൈതന്യം നേരായ വഴിക്ക് ചലിക്കാന്‍ തുടങ്ങുന്നു.

മന്ത്രജപം എന്നത് കേവലം മൗഖികമായ ഒരു വ്യായാമാമാല്ലെന്നു കൂടി നാം മനസ്സിലാക്കണം. കുണ്ഡലിനീശക്തി ഉണരുന്നതോടെ ഇഡപിംഗള നാഡികളിലേക്കുള്ള ചലനങ്ങള്‍ അവസാനിക്കും. അപ്പോള്‍ സുഷുമ്ന തുറന്ന് കുണ്ഡലിനീശക്തി വിവിധ ആധാരങ്ങളിലൂടെയും പത്മങ്ങളിലൂടെയും ചലിക്കുവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ കേവലകുംഭകം ഉണ്ടാകും. അതായത് ശ്വാസം നിലയ്ക്കുന്ന അഥവാ ശ്വാസനിരോധം സംഭവിക്കുന്ന ഘട്ടം സമാഗതമാകുമെന്നു സാരം.
   
മന്ത്രശാസ്ത്രസംബന്ധമായ കൃതികളില്‍ ഇഡയിലൂടെയുള്ള സ്വാഭാവികചലനം "സഃ" എന്ന അക്ഷരമാണെന്നും പിംഗളയിലൂടെയുള്ളത് 'ഹം' എന്ന അക്ഷരമാണെന്നും വ്യക്തമായി പറയുന്നുണ്ട്. സമസ്തജീവികളും സദാസമയവും ഈ തരത്തില്‍ ജപിച്ചുകൊണ്ടിരിക്കുകയാണെന്ന് ശിവസൂത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണാം. നാം ബോധപൂര്‍വമല്ല ഈ ജപം നടത്തുന്നത്. ഇതാണ് ഹംസഃജപം. അഥവാ 'അജപാമന്ത്രജപം' ഇത് ആര്‍ക്കും ആരും ഉപദേശിക്കുന്ന ഒന്നല്ല. സ്വാഭാവികമായി നാം അനുവര്‍ത്തിച്ചു വരാറാണ്‌ പതിവ്. ഉറങ്ങികിടക്കുന്ന കുണ്ഡലിനീശക്തിയുടെ നേരിയ ചലനങ്ങള്‍ മാത്രമാണിവ. ഈ ചലനങ്ങള്‍ ശ്വാസച്ച്ച്വാസം നടത്തിക്കുന്നു. ഇത് അവസാനിക്കുന്നതോടെ നാം ഇഹലോകവാസം വെടിയുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്ന ഈ അനന്തചൈതന്യത്തെ ഉണര്‍ത്താന്‍ ഹംസമന്ത്രത്തോടുകൂടി മൂലമന്ത്രം ജപിക്കണമെന്നു പറയാറുണ്ട്‌.

നാമംചൊല്ലി നമസ്കരിക്കല്‍
  
കുട്ടിക്കാലത്ത് രാവിലെയും വൈക്കുന്നേരവും നാമം ചൊല്ലി നമസ്കരിക്കുന്ന പതിവ് നിര്‍ബന്ധമായിരുന്നു. ഇന്നും ചില കുടുംബങ്ങളില്‍ അത് തുടര്‍ന്ന് വരുന്നുണ്ട്. സീരിയലിന്റെയും ടി.വി. പ്രോഗ്രാമുകളുടേയും സ്വാധീനം അതിനെ ദുര്‍ബലപ്പെടുത്തുന്നുണ്ടെങ്കിലും കാലത്തിനെ അനുസരിച്ചുള്ള മാറ്റം ഉള്‍കൊണ്ടുകൊണ്ട് സന്ധ്യക്ക്‌ ഒരു നിശ്ചിതസമയം അതിന് നീക്കിവെയ്ക്കുന്നത് ഹൈന്ദവസംസ്കാരം നിലനിര്‍ത്തുന്നതിനും ഈശ്വരീയചിന്ത കുട്ടികളില്‍ വളര്‍ത്തുന്നതിനും വളരെ ഉപകാരപ്രദമാകുന്നു. അക്കാര്യത്തില്‍ മാതാപിതാക്കളുടെ സഹകരണം വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ രാവിലെ അതിന് സമയം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് വൈകുന്നേരമെങ്കിലും കുറച്ച് സമയം കണ്ടത്തേണ്ടതാകുന്നു.

നാമംചൊല്ലി നമസ്കരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. അതില്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികളെന്നോ തരംതിരിവും ആവശ്യമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ അല്പം വലുതായാല്‍ മുട്ടുകുത്തി തല ഭൂമിയില്‍ മുട്ടിച്ച് നമസ്കരിച്ചാല്‍ മതി.

ശിവന്‍, വിഷ്ണു തുടങ്ങിയ ഇഷ്ടദേവതകളേയും, പരദേവതകളേയുമാണ് നമസ്കരിക്കേണ്ടത്. ഓരോ കുടുംബത്തിലും ഓരോ പരദേവതകള്‍ ഉണ്ടാകും. അത് ആ കുടുംബത്തില്‍ തലമുറകളായി ആരാധിച്ചുവരുന്ന ദേവതയാണ്. സ്തുതികള്‍ ചൊല്ലുന്നതിനും ഈ മാനദണ്ഡംതന്നെ സ്വീകരിക്കാവുന്നതാണ്.

ഹിന്ദുക്കളുടേത് ബഹുദൈവാരാധനയോ?

ഹിന്ദുക്കളുടേത് ബഹുദൈവാരാധനയോ? 

തീർച്ചയായും ശ്രദ്ധയോടെ ഇത് നിങ്ങൾ വായിക്കുക. ഇന്നത്തെ കാലത്ത് എന്നല്ല, എല്ലാ കാലത്തും പ്രസക്തമാണിത്.

ഹിന്ദുമതത്തിന്റെ ആരാധനാ സങ്കല്പങ്ങളോട് വിയോജിപ്പ് വരുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് ആഴത്തിലുള്ള ചിന്താ ശേഷിയോ ഭാവനാശക്തിയോ ഇല്ലാതെ വെറും മേൽപ്പുറത്തു മേയുന്നവരാണ് എന്നതാണ്. പ്രധാനമായും ബഹുദൈവാരാധന എന്ന രീതിയിൽ വരുന്ന വിഭിന്നങ്ങളായ അനേക ദേവതാ ഉപാസനകളും ആചരണങ്ങളും ആണ് പലർക്കും മനസ്സിലാവാത്തത്. 

എളുപ്പവഴിയിലും എണ്ണം കൊണ്ടും ലോകത്തെ സ്വാധീനിക്കാൻ കഴിഞ്ഞ ക്രിസ്തുമതത്തിലേയും  ഇസ്ലാം മതത്തിലേയും കേട്ടുപരിചയിച്ച ഏക ദൈവ വിശ്വാസം അതിനേക്കാൾ മുമ്പേ അതിനേക്കാളും സൂക്ഷ്മാർത്ഥത്തിൽ ഹിന്ദുമതം വളരെ ഭംഗിയായി പറഞ്ഞിട്ടുണ്ടെങ്കിലും ബൗദ്ധികമായ പരിവേഷത്തിനകത്ത് ഒതുങ്ങിക്കൂടിയ ബ്രഹ്മ സങ്കല്പം വെറും സാധാരണയിലപ്പുറം ചിന്തിക്കാൻ കഴിയാത്ത, ഇന്ദ്രിയ നിയന്ത്രണമില്ലാത്ത ലോക ജനതയ്ക്ക് എങ്ങനെ ഉൾക്കൊള്ളാനാവും? 

അവർ നോക്കിയപ്പോൾ ഈ മതത്തിൽ ഒരുപാട് ദൈവങ്ങൾ! ഇതുതന്നെയാണ് നിരീശ്വര വാദിയുടെയും പ്രശ്നം. ഒന്നിനെയും അവർ ഉൾക്കൊള്ളുന്നില്ലെങ്കിലും ഏക ദൈവ വാദം പിന്നെയും അവൻ സഹിക്കും. ബഹു ദൈവ വാദം അവരുടെ വൈകാരിക ബുദ്ധിക്ക് ഒരിക്കലും ദഹിക്കില്ല. അതവരെ പഠിപ്പിക്കാനും ആവില്ല. 

ശരിക്കും എന്താണ് ഹിന്ദുമതത്തിലെ ബഹു ദേവതാ കാര്യം എന്നറിയാമോ? ഇവയെല്ലാം മന്ത്രമൂർത്തികളാണ് എന്നതാണ് രഹസ്യം. എന്താണ് മന്ത്രമൂർത്തി? 

പ്രാർത്ഥന അല്ലെങ്കിൽ അപേക്ഷയുടെ വ്യാവഹാരിക പദങ്ങൾ മാത്രമേ മറ്റു മതങ്ങൾക്കറിയൂ. മന്ത്രം, അതിന്റെ ശക്തി, ഊർജ്ജ പ്രസരണം, അതിലടങ്ങിയിരിക്കുന്ന പ്രാകൃതീയ നിഗൂഢതകൾ ഇവയെല്ലാം ഭാരത മണ്ണിൽ മാത്രമേ, ഇവിടുത്തെ തപഃ ശുദ്ധ അന്തക്കരണമുള്ള, അല്പം പോലും കളങ്കമില്ലാത്ത  ഋഷി മനസ്സുകളിൽ മാത്രമേ തെളിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് മറ്റൊരു മതത്തിലും മന്ത്രം എന്നത് കണ്ടെത്തിയിട്ടേയില്ലാത്തത്. 

ഓരോ മന്ത്രവും വ്യത്യസ്തങ്ങളായ അനേകം അക്ഷരങ്ങൾ ചേർന്നതാണ്. ഈ അക്ഷരകൂട്ടങ്ങൾ കണ്ടെത്തിയ ആളാണ് ഋഷി. അയാൾ കണ്ടെത്തിയ ആ 'മന്ത്ര'ത്തിന്റെ നാഥനായി അയാൾ ഒരു 'ദേവത'യെ കൽപ്പിച്ചിട്ടുണ്ട്. അതാണ് "മന്ത്രമൂർത്തി". ഒന്നുകിൽ അതയാൾക്ക് വെളിപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അയാൾ കല്പിച്ചിട്ടുണ്ട്. മന്ത്രത്തിലെ ഓരോ അക്ഷരങ്ങളുമാണ് ആ ദേവതയുടെ അവയവങ്ങൾ. അതിനെ മന്ത്രാവയവം എന്ന് വിളിക്കുന്നു. അങ്ങനെ ഒരു മന്ത്രത്തിന് ഋഷി, ദേവത, ഛന്ദസ്സ് എന്ന മൂന്നു അനിവാര്യ ഘടകങ്ങളുണ്ട്. ഈ മന്ത്രത്തെ ഏതൊരുവൻ ഉപാസിക്കുന്നുവോ അതിലെ ദേവത അവന് ആഗ്രഹിക്കുന്ന ഫലങ്ങൾ കൊടുക്കുന്നു.  

ഇങ്ങനെ പറഞ്ഞാലും നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകില്ല.അതിന് വേറൊരു ഉദാഹരണം പറയാം. അക്ഷരവും , വാക്കും അർത്ഥവും പോലെ എന്ന്. അതായത്, കുറച്ചു അക്ഷരങ്ങൾ കൊണ്ട്  കുറച്ചു വാക്കുകളും   കുറച്ചു വാക്കുകൾ കൊണ്ട് അനേക അർത്ഥങ്ങളും   സൃഷ്ടിക്കുന്ന പ്രതിഭാസം പോലെയാണ് ഇതെന്ന് ഉദാഹരിക്കാം. അതായത് ഭാരതത്തിന് അപ്പോഴും ശബ്ദ പ്രസക്തിയും വൈവിധ്യവുമായിരുന്നു വിഷയം. ലോകത്തിലെമ്പാടും അനേകം പദാർത്ഥങ്ങൾക്ക് അഥവാ രൂപങ്ങൾക്ക് നാമങ്ങൾ വന്നപോലെ ഇവിടെ അനേകം നാമങ്ങൾ അഥവാ മന്ത്രങ്ങൾക്ക് അനേകം രൂപങ്ങൾ കൽപ്പിക്കപ്പെട്ടു. ഓരോ മന്ത്രങ്ങളും വാക്കുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നതു പോലെ തന്നെ  ദേവതാ രൂപങ്ങളിലും വ്യത്യാസപ്പെടും. 

അങ്ങനെ "ഓം" എന്ന ഏക അക്ഷരത്തിന് പരബ്രഹ്മം എന്ന നിരാകാരത്വം കൽപ്പിക്കപ്പെട്ടെങ്കിൽ ആ പരബ്രഹ്മ മാണ് ഓം എന്ന ശബ്ദത്തിന്റെ മന്ത്രമൂർത്തി. ഈ മന്ത്രമൂർത്തിയ്ക്കാകട്ടെ, പരമ പുരുഷാർത്ഥമായ മോക്ഷം മാത്രമാണ് പ്രദാനം ചെയ്യാനുള്ള തലം . പിന്നീട് അതിൽ നിന്ന് തൊട്ടു താഴെ  ഈശ്വരാദികളുടെ മന്ത്രം മുതൽ ക്ഷുദ്ര ദേവതകളുടെ മന്ത്രം വരെ ഉണ്ടാകുമ്പോൾ അതെല്ലാം ഓരോരുത്തരുടെ മനോകാമനകൾ അനുസരിച്ചുള്ള പ്രാർത്ഥനാ അഭിലാഷങ്ങളാകയാൽ അവയ്‌ക്കെല്ലാം ഓരോ മന്ത്രമൂർത്തികൾ സംജാതമാകുന്നു. ഇങ്ങനെ നമുക്ക് ലഭിച്ച 72 കോടി മഹാമന്ത്രങ്ങൾക്കും അവയുടെ ഉപമന്ത്രങ്ങൾക്കും അത്രകോടി ദേവതകൾ/ മന്ത്രമൂർത്തികൾ  നിലനിന്നേ പറ്റൂ. അവയാണ്, പിന്നീട്, പ്രധാനപ്പെട്ടതിനെ ഒക്കെ, വിഗ്രഹരൂപത്തിലൊക്കെ ആരാധിച്ചു തുടങ്ങിയത്. 

ഇനി അതിനെ നമുക്ക് നമ്മുടെ വ്യാവഹാരിക ലോകത്തിലേക്ക് ഒന്ന് കൊണ്ടുവരാം. ഒരു തലച്ചോറ് എന്നത് കോടാനുകോടി കോശങ്ങൾ ആണെന്ന് പറയുമ്പോൾ; ഓരോ ചിന്തകളും ഈ കോടാനുകോടി കോശങ്ങൾ അവയുടെ ഓർമ്മ പങ്കുവെച്ചിരിക്കുന്നു എന്നുപറഞ്ഞാൽ തെറ്റുണ്ടോ? അഥവാ, ഒരു ചിന്താ സ്പന്ദനത്തിനു ഒരു കോശം തീർച്ചയായും വേണം (തലച്ചോറിലെ കോശങ്ങൾ നശിക്കുമ്പോൾ ഓർമ്മ മായുന്നതും ഇതിനാലാണ്). ഇതുതന്നെയാണ് ശിരസ്സിനുള്ളിലെ സഹസ്രാര പത്മം എന്ന സർവ്വ വർണ്ണ ബീജാത്മികമായ താന്ത്രിക സങ്കൽപ്പം. കോടാനുകോടി ബീജങ്ങളടങ്ങിയ അത്രയും ഇതളുകളുള്ള താമരയാണ് സഹസ്രാര പത്മം. (അല്ലാതെ ആയിരം ഇതൾ എന്നു മാത്രമല്ല.) അത്രയും ബീജങ്ങൾ എന്നാൽ അത്രയും ചിന്താ ബീജങ്ങൾ എന്നാണ് . വാക്കുകൾ , പദങ്ങൾ അർഥങ്ങൾ എല്ലാം.....

ഓരോ ചിന്തയ്ക്കും ഓരോ കോശം എന്ന് നാം പ്രതീകാത്മകമായി പറയുന്ന നമ്മുടെ ഭൗതിക ശാസ്ത്ര രഹസ്യം തന്നെയേ ഉള്ളൂ, ഓരോ ചിന്തകൾക്കും അതിനെ സാഫല്യ രൂപമാക്കാൻ ഛന്ദസ്സിലധിഷ്ഠിതമാക്കി മന്ത്രമായി പരിണമിക്കുമ്പോൾ അതിനോരോ ദേവതയുണ്ട് എന്നു പറയുന്ന ആദ്ധ്യാത്മിക മതത്തിലും. ഓരോ ചിന്തയ്ക്ക് ഒരു കോശമെങ്കിൽ ഓരോ അക്ഷരത്തിനും ഓരോ വാക്കിനും ഒരു ദേവത. അതാണ് മന്ത്രമൂർത്തി. അങ്ങനെ ദേവതാ സങ്കൽപം ഹിന്ദുമതത്തിൽ ഈ മട്ടിലാണ് അസംഖ്യമായത്. ഇതിനെ ബഹുദൈവാരാധനാ എന്ന 'പോരായ്‌മ'യായി നിങ്ങൾ ആക്ഷേപിക്കുമെങ്കിൽ നമ്മുടെയെല്ലാം സംഭാഷണത്തേയും എഴുത്തുകളേയും ബഹു അക്ഷരാത്മികമായ 'വൈകല്യം' എന്ന് വിളിക്കണം! എന്തുകൊണ്ട് ഒറ്റവാക്കിൽ എല്ലാ സന്ദേശങ്ങളും നാം മനുഷ്യർക്ക് കൈമാറാൻ കഴിയുന്നില്ല?

ഇതിനെ  എല്ലാത്തിലും അടങ്ങി നിൽക്കുന്ന ഏക ദൈവവുമായി കൂട്ടിക്കെട്ടേണ്ടതേയില്ല. കാരണം ഭാഷയിൽത്തന്നെ ഒറ്റ വാക്കുമാത്രമല്ല, അനേക അക്ഷരങ്ങൾ ചേർത്ത് ഓരോ വാക്കുണ്ടാക്കി ആ ഓരോ വാക്കും  സ്വതന്ത്ര അസ്തിത്വത്തോടെ നിന്ന് നമ്മുടെ എല്ലാ കാര്യങ്ങളും സാധിച്ചു തരുമ്പോൾ അതിൽ ഏതെങ്കിലും ഒരു വാക്കും അക്ഷരവും മാത്രമാണ് സുപ്രധാനം എന്ന് പറയുന്നതുപോലെയേ ഉള്ളൂ സെമറ്റിക് മതങ്ങളുടെ ഏക ദൈവ വാദം. എന്നാൽ അവിടെയും ഹിന്ദുമതം വാക്കുകൾക്കെല്ലാം ആധാരമായി ഒറ്റവാക്കായ പരമ മന്ത്രമായ ഓംകാരത്തെ  വരെ തന്നിരിക്കുന്നു. ഇതിലപ്പുറം പോകാൻ വയ്യ!!. ഇത്രയും സുസൂക്ഷ്മവും ഗംഭീരവുമായ ഈ മത ദർശനത്തിനെയാണ് പുരോഗമന വാദം എന്ന പേര് പറഞ്ഞുകൊണ്ട് ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നത് എന്ന് കാണുമ്പോൾ ആരിലാണ് മൂഢത എന്ന് പ്രത്യേകം പറയണോ?

അതായത് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ എല്ലാ മന്ത്ര മൂർത്തികളും (അതായത് ബഹുദൈവങ്ങളും) മന്ത്രങ്ങളിൽ അടങ്ങുമെന്നും മന്ത്രങ്ങൾ പദങ്ങളിൽ അടങ്ങുമെന്നും പദങ്ങൾ അക്ഷരങ്ങളിൽ അടങ്ങുമെന്നും അക്ഷരങ്ങൾ ഏകാക്ഷരത്തിൽ (ഓം - ഇൽ) അടങ്ങുമെന്നുമാണ് പ്രമേയം. അതായത് ബഹു അക്ഷര ബോധവും ബഹു ദേവതാ ബോധവും കേവലം കാല്പനികങ്ങളോ അവാസ്തവികങ്ങളോ ആണെന്നർത്ഥം. എന്നാലും പല അക്ഷരങ്ങൾ കൂടിയ വാക്ക് പ്രയോഗിക്കുന്നവന് അതാത് ഫലത്തെ നൽകാൻ കഴിയുന്നതുപോലെ ഏകാക്ഷരത്തിൽ നിന്ന് വേർപെടുന്ന ബഹു അക്ഷരങ്ങളും മന്ത്രങ്ങളായിക്കൊണ്ട് ദേവതാ രൂപത്തെ പ്രാപിച്ച്  അതാത് ഫലങ്ങളെ തരുന്നതായി അനുഭവപ്പെടുന്നു.

ഈ മന്ത്രമൂർത്തികളെ രേഖീയമായി പരിവർത്തനം ചെയ്യുമ്പോഴാണ് യന്ത്രങ്ങൾ ഉണ്ടാകുന്നത്. അതിന് ശരീരാകാരം നൽകുമ്പോൾ വിഗ്രഹങ്ങൾ ഉണ്ടാകുന്നു. ഇവ തമ്മിലുള്ള പാരസ്പര്യത്തിനെ 'തന്ത്രം' എന്നുവിളിക്കുന്നു. (മന്ത്രം, യന്ത്രം, തന്ത്രം) മഹാ കലുഷിതമായ ഏത് യുഗത്തും മന്ത്രോപാസന നിഷ്ഫലമാകില്ല.അല്ല!, മന്ത്രോപാസനയ്ക്കല്ലാതെ ഈ ലോകത്ത് ഒന്നിനും പരിഹാരം തരാനുമാകില്ല. അതുകൊണ്ട് കഴിയുന്നത്ര പേർ മന്ത്രങ്ങളിലേക്ക് മടങ്ങൂ, ഭാരതത്തിന്റെ അലൗകികതയെ തിരിച്ചുകൊണ്ടുവരൂ. മന്ത്രമൂർത്തികൾ പ്രസാദിക്കട്ടെ.

ആദിഗുരുവിന് ആത്മപ്രണാമം

ആദിഗുരുവിന് ആത്മപ്രണാമം

ശിവന്‍ എന്നു നാം വിളിക്കുന്ന ആ ശൂന്യതയ്ക്ക്, ആ ഊര്‍ജ്ജത്തിന്, നാം ഒരു രൂപം നല്‍കിയിട്ടുണ്ട്. ആ രൂപവും, അദ്ദേഹത്തെക്കുറിച്ച് ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്തവിധമാണ് നമ്മുടെ പാരമ്പര്യത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. ഒട്ടും ഇഷ്ടപ്പെടാത്തവിധം കഴുത്തില്‍ ഒരു പാമ്പിനെ ചുറ്റിയിട്ടുണ്ട്. ഏറ്റവും അപരിഷ്‌കൃത രീതിയില്‍, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍, തലയോട്ടികൊണ്ടുള്ള ഒരു ഹാരം അണിഞ്ഞിരിക്കുന്നു. അതേസമയം അദ്ദേഹത്തില്‍ നിന്നും അകലാന്‍ മനസ്സുവരാത്തവിധം ശക്തമായ ഒരു തേജസ്സ് അദ്ദേഹത്തിനുണ്ട്. നമ്മെ നിസ്സഹായരാക്കുന്ന വിധത്തില്‍ ഒരു ആകര്‍ഷണവും ശക്തമായ വികര്‍ഷണവും അദ്ദേഹത്തിനുണ്ട്.

യോഗസംസ്‌കാരത്തില്‍ ശിവന്‍ ഒരു ദൈവമായിട്ടല്ല അറിയപ്പെടുന്നത്. ആദ്യത്തെ ഗുരു അഥവാ ആദിഗുരുവാണ് അദ്ദേഹം, അതുപോലെ തന്നെ ആദ്യത്തെ യോഗി അഥവാ ആദിയോഗിയും. സാക്ഷാത്കാരം സിദ്ധിച്ച അദ്ദേഹം ഹര്‍ഷോന്മത്തനായി പര്‍വ്വതത്തിലുടനീളം നൃത്തം ചെയ്തു നടക്കുകയോ നിശ്ചലനായി തനിയേ ഒരിടത്തിരിക്കുകയോ ചെയ്തു. അദ്ദേഹം എപ്പോഴും നിശ്ചലനായിരിക്കുകയോ, അല്ലെങ്കില്‍ അനുസ്യൂതം ഭ്രാന്തമായി നൃത്തം വയ്ക്കുകയോ  ചെയ്യുമായിരുന്നു. അദ്ദേഹത്തെ ദര്‍ശിച്ച ദേവന്മാരെല്ലാം അദ്ദേഹത്തിന് എന്തോ സംഭവിക്കുന്നതായി മനസ്സിലാക്കി.. പക്ഷേ അത് എന്തെന്ന് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. പെട്ടെന്ന് സ്വര്‍ഗ്ഗം വളരെ മോശപ്പെട്ട സ്ഥലമായി അവര്‍ക്കു തോന്നി, കാരണം ഇയാള്‍ അത്രക്കും പരമാനന്ദത്തിൽ ആണ് ! എന്തോ ഒന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നവര്‍ക്ക് തോന്നാന്‍ തുടങ്ങി. ഒടുവില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെ അദ്ദേഹത്തിന്റെ മുന്നിലിരുന്നവര്‍ക്ക് അവരുടെ പാകതയ്ക്കനുസരിച്ച് വിവിധതരം യോഗാമാര്‍ഗ്ഗങ്ങള്‍ അദ്ദേഹം വെളിവാക്കി.

ആദ്യമായി ശിവന്‍ ഉപദേശം കൊടുത്തത് പത്‌നി പാര്‍വ്വതിക്കാണെന്ന് പറയപ്പെടുന്നു. ഒരു പ്രത്യേക ആത്മൈക്യത്തോടെയാണത്രെ  അത് ഉപദേശിക്കപ്പെട്ടത്. വളരെ വിശദമായും സൗമ്യമായും ശിവന്‍ യോഗാമാര്‍ഗ്ഗങ്ങള്‍ ദേവിക്കു വെളിപ്പെടുത്തി. എന്താണോ നല്‍കപ്പെട്ടത് അതു സ്വീകരിക്കാന്‍ യാതൊരു എതിര്‍പ്പുമില്ലാതെ (resistence) ദേവി പൂര്‍ണ്ണമായും സന്നദ്ധയായിരുന്നു. രണ്ടാമത് ഉപദേശങ്ങള്‍ നല്‍കിയത് സപ്തഋഷിമാര്‍ക്കായിരുന്നു. സൃഷ്ടിയുടെ അടിസ്ഥാന ശാസ്ത്രത്തെക്കുറിച്ചായിരുന്നു അത്, 'നിങ്ങള്‍ എന്ന ഈ സൃഷ്ടി ഖണ്ഡത്തെ, അതിന്റെ പരമമായ സാധ്യതയിലേക്ക് എങ്ങനെ നയിക്കാം' എന്നതിനെക്കുറിച്ചായിരുന്നു.. സപ്തഋഷിമാരില്‍ അഗസ്ത്യമുനിയാണ് യോഗ ദക്ഷിണഭാരതത്തിനു സമര്‍പ്പിച്ചത്. ഇതൊരു നിഗൂഢവിദ്യയായിട്ടല്ല, എങ്ങിനെ നില്‍ക്കണം, നടക്കണം, ഇരിക്കണം, ഭക്ഷണം കഴിക്കണം എന്ന രീതിയിലുള്ള ഒരു ദിനചര്യയായിട്ടാണ് ഈ സാധന മനുഷ്യരാശിക്കു കൈമാറിയിരിക്കുന്നത്.

ഗണപതിയുടെ മൂന്നാം കണ്ണിന്റെ പൊരുൾ

ഗണപതിയുടെ മൂന്നാം കണ്ണിന്റെ പൊരുൾ 

പുരികങ്ങൾക്കു മധ്യേ മൂന്നാം കണ്ണ് പല ഗണപതി രൂപങ്ങളിലും കാണാം. ഒരു ആത്മീയഅന്വേഷകൻ എത്തിച്ചേരുന്ന പരമമായ സ്വാതന്ത്ര്യഭാവത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഭൂതം ഭാവി വർത്തമാനം എന്നീ കാലവിഭാഗങ്ങൾക്ക് അതീതമായ സ്വാതന്ത്രബോധതലത്തിലെത്തിയ ആളാണ് ആ മനുഷ്യൻ. അപ്രകാരമുള്ള ഒരാൾ ജീവിതത്തിൽ അനശ്വരത കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിലും വിളങ്ങുന്ന ആ ഒന്ന് ആയിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ മണ്ണിൽ അന്തർലീനമായിരിക്കുന്ന ജീവൻ ഏറ്റവും താഴ്ന്ന ജന്തുക്കളിൽ തുടിക്കുകയും പടി പടിയായി ബോധാവസ്ഥയിലേക്ക് പരിണമിച്ചുയരുകയും ബോധസത്തയുടെ പരമോന്നത തലത്തിൽ എത്തുകയും ചെയ്യുന്ന പ്രതിഭാസത്തിന്റെ മനോഹരവും അത്യുജ്ജലവുമായ ഒരു പ്രതീകമാണ് ഗണപതിയുടെ രൂപം. എല്ലാ വിഘ്‌നങ്ങളെയും അകറ്റുന്ന ദൈവീക ശക്തി ഈ രൂപത്തെ അറിയുന്നതിലൂടെ നമ്മിലുണരുന്നു. 

താഴ്ന്ന ജന്തുക്കളിൽ പരിണാമത്തിലൂടെ ബോധശക്തി അവയറിയാതെ ഉണർന്നുണർന്നു വരുന്നു. മനുഷ്യനതിനെ ബോധപൂർവം വികസിപ്പിച്ചു സ്വാതന്ത്ര്യത്തിലേക്ക് സ്വയം ഉയരണം. അതിനുള്ള മാർഗ്ഗം ഗണപതിയുടെ രൂപം കാട്ടിത്തരുന്നു. സ്വാതന്ത്ര്യമെന്ന ലക്ഷ്യവും ആ രൂപം തന്നെ വെളിവാക്കുന്നു. അപ്രകാരം ഒരേ സമയം തന്നെ ഗണപതി മാർഗ്ഗവും ലക്ഷ്യവുമാകുന്നു. അതാണ് ഗണപതിയുടെ മൂലാധാരത്തിന്റെ അതിദേവതയും സഹസ്രാരപദ്മത്തിലെ പരബ്രഹ്മചൈതന്യമായും ഒരേ സമയം തന്നെ ഗണിക്കുന്നത്. 

ഗണപതി പ്രതിനിധാനം ചെയ്യുന്ന ഈ രണ്ടു തത്വങ്ങളും പ്രകടമാക്കുന്ന രണ്ടു ക്ഷേത്രങ്ങൾ തമിഴ്നാട്ടിലുണ്ട്. അഗസ്ത്യമഹർഷി സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന തിരുവാവൂരിലെ മൂലാധാരക്ഷേത്രം ഗണപതിയുടെ ഒരു പ്രധാന ക്ഷേത്രമാണ്. തിരുച്ചിയിൽ കുന്നിൻ മുകളിലുള്ള ഉച്ചിപ്പിള്ളയാർ സഹസ്രാരപദ്മത്തിലെ പരമാത്മചൈതന്യത്തിന്റെ പ്രതീകമാണ്.

28 April 2020

ഒരു അഘോരിയുടെ ജീവിത പാത - 07

ഒരു അഘോരിയുടെ ജീവിത പാത - 07

പന്നി, മീൻ, മനുഷ്യൻ, കഴുകൻ, കാകൻ ഇവയുടെ മാംസങ്ങളാണ് മഹാമാംസങ്ങളെന്നറിയപ്പെടുന്നത്.
ഇവ അപൂർവ്വമായ അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുവാൻ വിധാനമുള്ളൂ. സാധനയിലെ ചില രഹസ്യങ്ങളുടെ പൂർത്തീകരണത്തിന് ഭൈരവിയെക്കൂടാതെ സാധ്യമല്ല. അതിനുള്ള ഭൈരവി സ്വമേധയാ സാധകന് എത്തിച്ചേരുമെന്നുള്ളതാണ് ഇങ്ങനെയുള്ളവരുടെ സാധനയുടെ രഹസ്യം.
(ശ്രീചക്രസാധനയോടനുബന്ധിച്ച് പഞ്ചമകാരസാധന നന്നായി തനിമയോടു കൂടി അനുഷ്ഠിക്കുന്ന/അനുഷ്ഠിച്ചിരുന്ന പല സാധകരും ഇന്നും കേരളത്തിലുണ്ട്. അവർക്ക് ഇന്നും ഭൈരവിമാരുമുണ്ട്. സാന്ദർഭികവശാൽ ഇക്കാര്യങ്ങൾ പറഞ്ഞുവെന്നു മാത്രം!) 

സംസ്ക്കാര പാരമ്പര്യത്തെ സംരക്ഷിക്കുന്ന സാധകനാണ് യഥാർത്ഥസാധകൻ എന്നാണ് ഇവരുടെ വിശ്വാസം. അഘോരികളുടെ ഗോപ്യപൂജയുടെ ചക്രമണ്ഡലത്തിൽ അവരുടെ സാമ്പ്രദായികമല്ലാത്ത മറ്റൊരാളെ പ്രവേശിപ്പിക്കാറില്ല. ചില പ്രത്യേക സമയം നടത്തുന്ന അനുഷ്ഠാനത്തിൽ വീരഭാവമുള്ള സാധകർക്കു മാത്രമേ പ്രവേശനമുള്ളൂ. ഗുരുനിന്ദകന്മാർക്കും, ചക്രനിന്ദകന്മാർക്കും, ജാത്യാഭിമാനികൾക്കും ഇതിൽ പ്രവേശനമില്ല.

അഘോരന്മാരുടെ ദിനചര്യ ശ്രീചക്ര ഉപാസകരുടെ കാലകൃത്യദിനചര്യയോടു സമാനതയുണ്ട്. അഘോരികളുടെ പ്രത്യേകതയായ "അഘോരക്രിയ " ദിനവും അനുഷ്ഠിക്കുന്നതിനാൽ ദുർഗ്ഗന്ധത്തെ സുഗന്ധമാക്കി മാറ്റുവാൻ ഇവർക്ക് കഴിയും. അഘോരികളുടെ വേഷവിധാനം സാമ്പ്രദായിക മനുസരിച്ച് വ്യത്യസ്തമാണ്.

കഴിഞ്ഞ post ൽ പരാമർശിച്ച പഞ്ചശ്മശാനങ്ങൾ:

1. മുള്ള് കൊണ്ടു വരിഞ്ഞ കട്ടിൽ
2. വാരാംഗനയുടെ കിടക്ക
3. യഥാർത്ഥ ശ്മശാനം
4. അരയാൽ ചുവട് (ഗ്രാമത്തിനുളളിലുള്ളവയല്ല)
5. തൻ്റെ പത്നിയുടെ ഒപ്പം .

ചില വിഷയങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടവ ഒഴിവാക്കി കൊണ്ടു മാത്രമാണ് മേൽ കാണുന്നവയെല്ലാം എഴുതിരിക്കുന്നത്. ഇനിയും മറ്റൊരിക്കൽ വീണ്ടും മറ്റൊരു വിഷയവുമായി .

ഒരു അഘോരിയുടെ ജീവിത പാത - 06

ഒരു അഘോരിയുടെ ജീവിത പാത - 06

അഘോരസമ്പ്രദായത്തിൻ്റെ അടിസ്ഥാനം  ശൈവദർശനമാണെന്നു പൊതുവിൽ പറയാവുന്നതാണ്. ശിവനും ശക്തിയും അടിസ്ഥാനപരമായി ഒന്നായതുകൊണ്ട് ശൈവവും ശാക്തേയവുമായ ദർശനങ്ങൾക്ക് അഘോരസമ്പ്രദായത്തിൽ തുല്യ പ്രാധാന്യമുണ്ട്. അഘോരസാധകൻ ശക്തിസിദ്ധനും, ശിവശക്തി സാമരസ്യം അഥവാ പ്രകാശവിമർശങ്ങളുടെ ഐക്യരൂപംദർശിച്ചവനുമായിരിക്കും. അഘോര സമ്പ്രദായകേന്ദ്രങ്ങൾ ഭാരതത്തിലുടനീളമുണ്ട്. അവയെ " സ്ഥലങ്ങൾ " എന്ന ഗോപ്യനാമത്തിലാണറിയപ്പെടുന്നത്. ബറോഡയിൽ കാണപ്പെടുന്ന അഘോരക്ഷേത്രം കഴിഞ്ഞ കുറച്ചുകാലമായി ശൂന്യമായിക്കിടക്കുകയാണ്. അഘോരികളിൽ പുരുഷന്മാർ മാത്രമല്ല അഘോരിണികളായ സ്ത്രീകളുമുണ്ട്. ശിരസ്സിൽ ജഡാഭാരം, കല്ലും സ്ഫടികവും കൊണ്ടുള്ള മാലകൾ ,അരയിൽ നീണ്ടപാവട, കയ്യിൽ ത്രിശൂലം ഇവയാണ് അഘോരിണികളുടെ വേഷഭൂഷാദികൾ.

മഹാതത്വമാംസഭക്ഷണവും, പഞ്ചശ്മശാനങ്ങളിലെ സാധനയും, ശവസാധനയും അഘോരികളുടെ സാധനയിൽപ്പെടുന്നതാണ്. നാല് തരം അഘോര സന്യാസികളാണുള്ളത്. എന്നാൽ പ്രധാനമായും അവരെ രണ്ടു തരത്തിൽ തിരിച്ചിരിക്കുന്നു. "ഹിമാലയീ "അഘോരപരമ്പരയിൽ ഗൃഹസ്ഥാശ്രമം കാണപ്പെടുന്നു. ഗിർണാർപർവ്വതത്തിലെ മൂന്ന് ശിഖിരങ്ങളിൽ മധ്യത്തിലുള്ളത് അഘോരിശിഖരമാകുന്നു. ഇന്നും ഈ ഭാഗത്ത് അഘോര സാമ്പ്രദായികരെ കാണുവാൻ കഴിയും.

അഘോര സന്യാസിമാർ പഞ്ചാബിൽ "സരഭംഗ" എന്നും, തമിഴ്നാട്ടിൽ "ബ്രഹ്മനിഷ്ഠർ ", ബംഗാളിൽ "അഘോരികൾ " ,ബീഹാറിൽ " ഔഘട്ട് " എന്നും അറിയപ്പെടുന്നു. യഥാർത്ഥ അഘോരയോഗികൾ സാധനയുടെ തുടക്കത്തിൽ മാത്രം ഭിക്ഷ ആവിശ്യപ്പെടുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ അവർ ആരെങ്കിലും കൊടുക്കുന്നതു മാത്രം സ്വീകരിക്കുന്നു.

അഘോരരുടെ സർവേശ്വരീ ആശ്രമത്തിൽ ശ്രീചക്രപ്രതിഷ്ഠ കാണുന്നുണ്ട്. അന്നം, മദ്യം, മാംസം, മത്സ്യം തുടങ്ങിയ നൈവേദ്യങ്ങളെല്ലാം ഉപയോഗിക്കുന്നു. അഘോരസാധകൻ ഗൃഹസ്ഥനെങ്കിൽ ചക്രമണ്ഡലത്തിൽ  "ചില പ്രത്യേകതരം നിഗൂഢസാധനകളും " പത്നിയോടു കൂടി അനുഷ്ഠിച്ചു വരുന്നുണ്ട്.

തുടരും...

ഒരു അഘോരിയുടെ ജീവിത പാത - 05

ഒരു അഘോരിയുടെ ജീവിത പാത - 05

ബാബാകാലുറാം കീനാറാമിനെ കാശിയിലെ ക്രീംകുണ്ഡിലേക്ക് കൂട്ടികൊണ്ടു പോകുകയും ക്രീംകുണ്ഡിൽ എല്ലാ തീർത്ഥങ്ങളും വന്നു ചേരുന്നുവെന്നരഹസ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. കാലുറാം അവിടെ വച്ചാണ് അഘോരമന്ത്രം നൽകി കീനാറാമിനെ ശിഷ്യനായി സ്വീകരിക്കുന്നത്. ശിഷ്യന് ഉപദേശം കൊടുത്തതിൻശേഷം  ബാബാകാലുറാം സമാധിയായി. പിന്നീട്  അഘോരപരമ്പരയുടെ    ഉത്തരദേശത്തെ ഏറ്റവും പ്രസിദ്ധനായ അഘോരസന്യാസിയായി ബാബാകീനാറാം മാറുകയും ചെയ്തു. സിദ്ധപീംഠങ്ങളിൽ പവിത്രമെന്ന് ഇന്നും അഘോരസന്യാസിമാർ കരുതുന്ന സ്ഥലം ക്രീംകുണ്ഡു തന്നെയാണ്. ഇവിടെ അഖണ്ഡമായ ഒരു അഗ്നികുണ്ഡം കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ശ്മശാനത്തിൽ നിന്നുള്ള വിറകുകൊള്ളികളാണ് ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിലെ വിഭൂതി അത്യന്തം വിശിഷ്ടമായി കരുതപ്പെടുന്നു.

ബാബാകീനാറാമിൻ്റെ ചരിതം ഇനിയുമുണ്ടെഴുതാനായി. തൻ്റെ ജന്മസ്ഥലമായ രാമഗഢിലെ കിണർ സൃഷ്ടിക്കുന്നതും, (ആ കിണറ്റിലെ 4 ഭാഗത്തു നിന്നും ശേഖരിക്കപ്പെടുന്ന ജലം നാല് തരം രുചികളിലാണ് കാണപ്പെടുന്നത് ).. അങ്ങനെ ധാരാളം അത്ഭുതങ്ങൾ... തൽക്കാലം അദ്ദേഹത്തിൻ്റെ സിദ്ധകഥകൾ നിർത്തുകയാണ്.

അഘോരസിദ്ധനായ ബാബാകീനാറാം തൻ്റെ ആദ്യ ഗുരുവിൻ്റെ ഓർമ്മയ്ക്കായി നാല് വൈഷ്ണവമഠങ്ങൾ മാതഫ്പൂർ, നയീട്ടീഹ്, പരാനാപൂർ, മഹുവാർ എന്നിവിടങ്ങളിൽ സ്ഥാപിച്ചു. രണ്ടാമത്തെ ഗുരുവിൻ്റെ ഓർമ്മയ്ക്കായി കാശിയിലെ ക്രീംകുണ്ഡിലും, രാംഗഢിലും, ദേവലിലും, ഹരിഹർപൂരിലും അഘോര സമ്പ്രദായത്തിൻ്റെ "ഗദ്ദികർ " അഥവാ പീoങ്ങൾ സ്ഥാപിച്ചു. 

രാമഗീത, ഗീതാവലി, ഉച്ചുനീരാം, വിവേകസാരം, രാമരസാൽ എന്നീ അഞ്ച്കൃതികൾ ബാബാ കീനാറാം പുറംലോകത്തിനായി എഴുതി. ഇതിൽ ഒരേഒരു ഗ്രന്ഥത്തിൽ മാത്രമാണ് അഘോരസമ്പ്രദായത്തിനെപ്പറ്റിയും, സാധനയെപ്പറ്റിയുമുള്ള  വിവരണങ്ങൾ കാണുന്നത്.

തൻ്റെ 142 മത്തെ വയസ്സിൽ സമാധി സമയം മുൻകൂട്ടിയറിച്ചുകൊണ്ട്, ശിഷ്യന്മാരേയും, ഭക്തരേയും ബാബാകീനാറാം വിളിച്ചുകൂട്ടുകയും അവരുടെയെല്ലാം മുന്നിൽതന്നെയിരുന്നു കൊണ്ട് സ്വശരീരം ഉപേക്ഷിക്കുകയും ചെയ്തു, ബ്രഹ്മരന്ധ്രം വഴി ഒരു പ്രകാശധാര ആകാശത്തിലെ സിദ്ധഭൂമികയിലേക്ക്  ഉയർന്ന് പോകുന്ന കാഴ്ച അവരെല്ലാം നേരിൽ കാണുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഭൗതികശരീരം ശിഷ്യന്മാർ കാശിയിലെ കീനാറാമമെന്നസ്ഥലത്ത് അടക്കം ചെയ്യുകയും ചെയ്തു. ഇവിടെ ഗർഭഗൃഹത്തിൽ ഒരു കാളീപ്രതിഷ്ഠയുമുണ്ട്.

തുടരും...

ഒരു അഘോരിയുടെ ജീവിത പാത - 04

ഒരു അഘോരിയുടെ ജീവിത പാത - 04

ജൂനഗഢിൽ നിന്നും യാത്ര തിരിച്ച കീനാറാമും, ശിഷ്യനും ബലൂചിസ്ഥാൻ പ്രദേശത്തെ ശക്തികേന്ദ്രത്തിലേക്ക് പോകുകയും അവിടെ വച്ച് ഹിഗലാമ്മദേവിയുടെ ദർശനം ലഭിക്കുകയും അമ്മയുടെ നിർദ്ദേശപ്രകാരം കാശിയിലേക്ക്‌ യാത്ര തിരിക്കുകയും ചെയ്തു. വരുന്ന വഴി ഹിമാലയത്തിൽ സാധന അനുഷ്ഠിക്കുകയും, അവിടെ നിന്നും തിരിച്ച്  കാശിയിലെ കേദാരഘാട്ടിനടുത്തുള്ള ഹരിശ്ചന്ദ്ര ശ്മാശാനത്തിലെത്തിച്ചേരുകയും ചെയ്തു. 

അവിടെ ഒരാൾ ശ്മശാനത്തിലിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് കടല കൊറിക്കുന്നതും ഒപ്പം തന്നെ ശ്മശാനത്തിൽ ചുറ്റും കിടക്കുന്ന തലയോട്ടികളെ പേരെടുത്തടുത്തു വിളിച്ച് അവർക്കും കടല കൊറിക്കാൻ കൊടുക്കുന്നതും കീനാറാമും, ശിഷ്യനും കാണുകയുണ്ടായി. പല പല ചിതകളിൽ നിന്ന് പോലും തലയോടുകൾ കൂട്ടം കൂട്ടമായി തുള്ളിച്ചാടി വരുന്നതും, അവയെല്ലാം ശ്മശാനവാസിയുടെ ചുറ്റും  നിൽക്കുന്ന കാഴ്ച കണ്ട് ആശ്ചര്യചകിതനായിത്തീർന്ന കീനാറാം അവിടെ തൻ്റെ സ്തംഭനവിദ്യ പ്രയോഗിക്കാൻ തീരുമാനിച്ചു.

ശ്മശാനവാസിയായ ആൾ വീണ്ടും തല കൊണ്ട് മാടി വിളിച്ചപ്പോൾ കീനാറാമിൻ്റെ സ്തംഭനശക്തിയാൽ തലയോട്ടികൾ ഒന്നും  അനങ്ങിയില്ല. ആ മനുഷ്യൻ ചിരിനിർത്തി തൻ്റെ കൈകളിലിരുന്ന കടലപ്പൊതി മാറ്റി വച്ചതിൻ ശേഷം കീനാറാമിനോട് തൻ്റെ അരികെ വരുവാൻ ആജ്ഞാപിച്ചു. കീനാറാമും, പിന്നിലായി ബീജാറാമും അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു. ശ്മശാനവാസിയുടെ കണ്ണുകളിലെ തിളക്കം ചുറ്റും കത്തുന്ന ചിതകളിപ്പോലെയുള്ളതാണെന്ന് കീനാറാം തിരിച്ചറിഞ്ഞു.

ഹരിശ്ചന്ദ്രഘട്ടിലെ കത്തിയെരിയുന്ന ചിതകളുടെ സമീപമിരുന്ന വ്യക്തി അഘോരസിദ്ധനായിരുന്ന ബാബാകാലൂറാം തന്നെയെന്ന് കീനാറാമിന് മനസ്സിലായി. മുന്നേഗിർണാർപർവ്വതത്തിൽ ശ്രീ ഗുരു ദത്താത്രേയദർശനശേഷം ലഭിച്ച ദർശനവും ബാബാ കാലുറാമിൻ്റെതായിരുന്നുവെന്ന് കീനാറാമിന് ഓർമ്മവന്നു. 

"ഇതെന്തു കളിയാണ്?" എന്നു ചോദിച്ച കീനാറാമിനോട്, "വിശക്കുന്നു , മീനു വേണം" എന്ന് ബാബാകാലുറാം മറുപടി പറയുകയും ചെയ്തു. അതു കേട്ട കീനാറാം ദിവ്യശക്തിയാൽ ഗംഗയിൽ നിന്ന് ജീവനുള്ള മത്സ്യങ്ങളെ വരുത്തുകയും, ചിതയിൽ നിന്നു തന്നെ അഗ്നികൂട്ടി അവയെ ചുട്ട് മൂന്ന് പേരും കഴിക്കുകയും ചെയ്തു.

ശിഷ്യനെ പരീക്ഷിക്കാൻ വീണ്ടും നിശ്ചയിച്ച ബാബാകാലുറാം ഗംഗയിലേക്ക് നോക്കി ഇപ്രകാരം പറഞ്ഞു , .

"മഹാരാജ്, ഒരു ശവം ഒഴുകി വരുന്നുണ്ടല്ലോ?"

"ഹേയ്, അത് ശവമല്ല, ജീവനുള്ളതാണ് " കീനാറാം മറുപടി പറഞ്ഞു.

"ജീവനുള്ളതാണെന്നാൽ ഒന്ന് വിളിക്കരുതോ " ഉള്ളിൽച്ചിരിച്ചു കൊണ്ട് കാലുറാം ചോദിച്ചു.

കീനാറാം ഉടൻ തന്നെ ഒഴുകിവന്ന ശവത്തിനെ  വിളിക്കുകയും അത് കരയ്ക്കടുക്കുകയും ചെയ്തു. ഉടൻ കീനാറാം അതിനോട് ഇങ്ങനെ കല്പിച്ചു, "എന്താ, ഇങ്ങനെ തുറിച്ചു നോക്കുന്നത്, എഴുനേറ്റ് വീട്ടിൽ പോകരുതോ ?"

ഇതു കേട്ട ശവം ജീവനുള്ള മനുഷ്യനായി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് ആ മനുഷ്യൻ അവിടേക്ക് തിരിച്ചു വരുകയും താൻ മരിച്ചു കഴിഞ്ഞു തിരിച്ചു ചെന്നിട്ടുള്ള വീട്ടിലെ അവസ്ഥ വിവരിക്കുകയും ചെയ്തു.
കീനാറാം ആ മനുഷ്യനെ രണ്ടാമത്തെ ശിഷ്യനാക്കുകയും "റാംജിയാവൻറാം " ,
(രാം ജീവൻ കൊടുത്ത രാം) എന്ന് നാമധേയം കല്പിക്കുകയും ചെയ്തു. AD 1697 നടുത്താണ് ഈ സംഭവങ്ങൾ നടക്കുന്നത്.

ശ്മശാനത്തിലപ്പോഴും നിശബ്ദനായി ബാബാകാലുറാം ഈ കാഴ്ചകൾ കണ്ട് രസിച്ചിരിക്കുകയായിരുന്നു.

തുടരും...

ഒരു അഘോരിയുടെ ജീവിത പാത - 03

ഒരു അഘോരിയുടെ ജീവിത പാത - 03

ആദ്യഗുരുവായ ശിവരാമയോഗിയിൽ നിന്നും മറ്റൊരു ഗുരുവിലേക്കുള്ള അന്വേഷണപാതയിൽ, കീനാറാം ഒരു ഗ്രാമത്തിലെത്തി. അവിടെ ഗ്രാമത്തിൽ ഒരു വൃദ്ധയെയും അവരുടെ മകനേയും കടത്തിൻ്റെ പേരിൽ ഒരു ജമീന്ദാർ പീഡിപ്പിക്കുന്ന ദു:ഖകരമായ കാഴ്ച കണ്ടു. അവരോട് ദയ തോന്നിയ കീനാറാം താൻ നിന്നിരുന്ന വഴിയിലെ തൻ്റെ കാൽചുവട്ടിലെ ഭാഗം കുഴിക്കുവാൻ ആവിശ്യപ്പെടുകയും, പറഞ്ഞതുപോലെ ജമീന്ദാർ ചെയ്യുകയും ചെയ്തു. തനിക്കു കിട്ടാനുള്ള തുകയുടെ ഇരട്ടി അവിടെ നിന്നും നിധിപോലെ ലഭിച്ച ജമീന്ദാർ  അസ്തപ്രജ്ഞനായി ബാബയുടെ കാലടികളിൽ വീണു. ബാബയുടെ ഈ പ്രവൃത്തിയിൽ ജമീന്ദാരുടെ ഉടമസ്ഥയിൽ നിന്നു മോചിതനായ വൃദ്ധയും മകനും ബാബയുടെ മുന്നിൽ നിന്ന് കണ്ണീരോടു കൂടി നിൽക്കുകയും, തൻ്റെ മകനെ കൂടി കീനാറാമിൻ്റെ കൂടെ  കൂട്ടികൊണ്ടു പോകുവാൻ വൃദ്ധ അപേക്ഷിക്കുകയും ചെയ്തു. ബാബ ഇക്കാര്യം നിരസ്സിച്ചുവെന്നാലും അവർ സമ്മതിച്ചില്ല. ഒടുവിൽ വിജയെന്ന പേരോടു കൂടിയ ആ ബാലനേയും കൂട്ടിയാണ് ഗിർണാർപർവ്വതനിരകളിലേക്ക് സാധനക്കായി കീനാറാം പോയത്.

ബീജാറാമെന്ന് ശിഷ്യന് നാമകരണം ചെയ്ത ശേഷം കീനാറാം പർവ്വതശിഖരത്തിൽ സാധനയ്ക്കായി കയറിപ്പോയി. ആ സമയമെല്ലാം തൻ്റെ ഗുരുവിൻ്റെ തിരിച്ചു വരവും കാത്ത് ബീജാറാമെന്ന ശിഷ്യൻ പർവ്വതത്തിൻ്റെ താഴ്ഭാഗനിരകളിൽ കഴിഞ്ഞു.

ഇരുപത്തിഒന്നു ദിവസത്തെ അതികഠിനമായ സാധനയ്ക്കു ശേഷം ത്രിമൂർത്തികളുടെ അവതാരവുമായ ശ്രീഗുരു ദത്താത്രേയൻ്റെ ദർശനം ബാബാ കീനാറാമിന് ലഭിച്ചു. അതോടൊപ്പം അഘോരഗുരുവായ ബാബാ കാലൂറാമെന്ന ഗുരുവിൻ്റെ ദർശനവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അവിടെ നിന്നും തിരിച്ചെത്തിയ ബാബാ കീനാറാം തൻ്റെ ശിഷ്യനായ ബീജാറാമിനേയും കൂട്ടി ഉത്തരാപഥത്തിലെ ജൂനഗഢിൽ എത്തി താവളമുറപ്പിച്ചു. ജൂനഗഢിലെ സുൽത്താൻ്റെ നിർദ്ദേശപ്രകാരം ആ പ്രദേശമാകെ ഭിക്ഷാടന നിരോധിത മേഖലയായിരുന്നു. അതറിഞ്ഞു കൊണ്ടു തന്നെയാണ് ബാബ കീനാറാം ആ പ്രദേശം തെരെഞ്ഞെടുത്തത്..

ഗുരുവായ കീനാറാമിൻ്റെ ആജ്ഞയനുസരിച്ച് ബീജാറാം എന്നും 3 വീടുകളിൽ നിന്നു മാത്രമേ ഭിക്ഷ മേടിച്ചിരുന്നുള്ളൂ. ഒരു ദിവസം ഭിക്ഷ മേടിച്ചു കൊണ്ടുവരുന്ന വഴി ബീജാറാമിനെ സുൽത്താൻ്റെ അനുയായികൾ ബന്ധനസ്ഥനാക്കുകയും കാരാഗൃഹത്തിലടക്കുകയും ചെയ്തു. ബീജാറാം ജയിലിൽ ചെന്നപ്പോൾ കാണുന്ന കാഴ്ചയിതായിരുന്നു. ബന്ദികളായി കഴിയുന്ന ധാരാളം സന്ന്യാസിമാരെകൊണ്ടായിരുന്നു സുൽത്താൻ്റെ കിങ്കരന്മാർ തിരികക്കല്ല് തിരിപ്പിക്കുന്നത്. അവിടെയുണ്ടായിരുന്ന 981 തിരികക്കല്ലികളിലൊരണ്ണം ബീജാറാമിനും നൽകി.

ശിഷ്യനെ കാണാതായപ്പോൾ ധ്യാനത്തിലൂടെ വിവരം ഗ്രഹിച്ച കീനാറാം നഗരത്തിലേക്കു ചെന്നു. ഭിക്ഷയ്ക്കായി വന്ന കീനാറാമിനേയും സുൽത്താൻ്റെ ആളുകൾ ജയിലിൽ പിടിച്ചടച്ചു. അദ്ദേഹത്തിനും ഒരു തിരികക്കല്ല് നൽകപ്പെട്ടു. എന്നാൽ തിരികക്കല്ലിനോട് അദ്ദേഹം "കറങ്ങ് " എന്ന് ആജ്ഞാപിക്കുകയും തൻ്റെ കൈകളിൽ ഉണ്ടായിരുന്ന വടി കൊണ്ട് നിലത്തടിക്കുകയും ചെയ്തു. അതോടു കൂടി 981 തിരികക്കല്ലുകളും വേഗത്തിൽ തനിയെ കറങ്ങുവാൻ തുടങ്ങി. 

ഒടുവിൽ സുൽത്താൻ കാര്യങ്ങലെല്ലാമറിയുകയും കീനാറാമിനേയും ബീജാറാമിനേയും ദർബാറിൽ എത്തിക്കുകയും ചെയ്തു. കീനാറാമിനെ സുൽത്താൻ വളരെയധികം ആദരിക്കുകയും ധാരാളം രത്നങ്ങൾ അദ്ദേഹത്തിന് കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാൽ രത്നങ്ങൾ വായിലിട്ട് ചവച്ച്പൊട്ടിച്ചതിൻ ശേഷം "മധുരമോ, പുളിപ്പോ ഒന്നും ഇല്ലല്ലോ " എന്ന് പറഞ്ഞതിൻ ശേഷം തുപ്പിക്കളയുകയും ചെയ്തു. സുൽത്താൻ കൈ കൂപ്പികൊണ്ട് " വേറെ എന്താണ് വേണ്ടത് " എന്നു ചോദിക്കുകയും അതിന് മറുപടിയായി " കാരാഗൃഹത്തിലെ എല്ലാ സന്ന്യാസിമാരേയും മോചിപ്പിക്കുവാനും, ഇവിടെ എത്തുന്ന എല്ലാ സന്ന്യാസിമാർക്കും ഭക്ഷണവും മറ്റും കൊടുക്കണം" എന്ന് ആജ്ഞാപിക്കുകയും ചെയ്തു. സുൽത്താന് വളരെക്കാലമായി കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല. സുൽത്താനെ കുട്ടികൾ ഉണ്ടാകാൻ അനുഗ്രഹിക്കുകയും, അതിൻ ശേഷം വന്ന തലമുറകളെല്ലാം ബാബാ കീനാറാമിനോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു പോന്നു. AD 1667ൽ ആണ് ഈ സംഭവം നടന്നതെന്ന് എഴുതപ്പെട്ടിട്ടുണ്ട്.

തുടരും...

ഒരു അഘോരിയുടെ ജീവിത പാത - 02

ഒരു അഘോരിയുടെ ജീവിത പാത - 02

ഉത്തരാപഥത്തിലെ പ്രസിദ്ധനായ അഘോരാചാര്യനായി രുന്നു ബാബാകീനാറാം. മധ്യകാലഘട്ടത്തിൽ വാരാണസിയിലെ റാംഗഡിൽ രഘുവംശക്ഷത്രിയകുലത്തിൽ 1601 ൽ അദ്ദേഹം ഭൂജാതനായി. അക്ബർസിംഗിനും, മാനസദേവിക്കും സ്വപ്നദർശന ഫലമായി ഭൂജാതനായ കുട്ടിയെ ദർശിക്കുന്നതായി മൂന്ന് സന്യാസിശ്രേഷ്ഠന്മാർ എത്തുകയും അവരിൽ പ്രധാനിയായ സന്യാസിശ്രേഷ്ഠൻ കുഞ്ഞിനെയെടുക്കുകയും അതിൻ്റെ കർണ്ണങ്ങളിൽ ഏതൊക്കെയോ മന്ത്രങ്ങൾ ഉച്ചരിക്കുകയും ചെയ്യുകയുണ്ടായി. "രാശി " എന്ന നാമധേയമായിരുന്നു അദ്ദേഹത്തിന് ആദ്യമുണ്ടായിരുന്നത്.

12 മത്തെ വയസ്സിൽ കീനാറാമിൻ്റെ വിവാഹം  നിശ്ചയിക്കപ്പെട്ടതിൻ്റെ തലേദിവസം ഭാര്യയാകേണ്ട പെൺകുട്ടി മൃതിയടഞ്ഞു. ബാലനായിരുന്ന കീനാറാമിന് പൂർവ്വജന്മസംസ്കാരം കാരണം ഇതെല്ലാം അറിയാമായിരുന്നു. ആ ദിവസം രാവിലെ അദ്ദേഹം തൻ്റെ അമ്മയെ നിർബന്ധിച്ച് മൃതസംസ്കാരത്തിൻ ശേഷം മാത്രം കഴിക്കുന്ന പ്രത്യക തരത്തിലുള്ള പാൽച്ചോറ് തയ്യാറാക്കി വച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ്  കീനാറാം തൻ്റെ വീട്ടിൽ നിന്ന് പൂർവ്വജന്മ സ്മരണയാൽ ഇറങ്ങിത്തിരിക്കുന്നത്... ഒടുവിൽ ഹാജിപ്പൂരിൽ കാരോഗ്രാമത്തിൽ ശിവരാമയോഗിയെ അദ്ദേഹം തൻ്റെ ഗുരുവായി സ്വീകരിച്ചു.

തന്നെ തേടിയെത്തിയ ശിഷ്യനായ കീനാറാമിന്, ശിവരാമയോഗി തുടക്കത്തിലെന്നും മന്ത്രോപദേശം നൽകിയില്ല. വളരെയധികം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നുവെങ്കിലും കീനാറാം അതൊന്നും കാര്യമായിട്ടെടുത്തതേയില്ല. തൻ്റെ ശിഷ്യനിലുള്ള പ്രത്യേകതകളൊന്നും ശിവരാമയോഗിക്ക് പൂർണ്ണമായും തുടക്കത്തിൽ ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നില്ല. ഒരിക്കൽ പരീക്ഷണാർത്ഥം പൂജാ സാമഗ്രികളുടെ കൂട്ടത്തിൽ ഗംഗാജലവും ആവിശ്യപ്പെട്ട ഗുരുനാഥൻ തൻ്റെ ശിഷ്യൻ ഗംഗാജലം എങ്ങനെയെത്തിക്കും എന്നത് അറിയുവാൻ ശിഷ്യനെ പിൻതുടരുകയും, ഗംഗാനദി കീനാറാമൻ്റെ വിളി കേട്ട് പാദങ്ങളിലേക്ക് സ്വയം ഒഴുകി വന്ന കാഴ്ചയും, കൈകളിലിരുന്ന പാത്രത്തിലേക്ക് ഗംഗാനദി തനിയെ കയറുന്ന കാഴ്ചയും ദർശിച്ച ശിവരാമയോഗി, തൻ്റെ ശിഷ്യൻ മന്ത്രസാധനയ്ക്ക് അർഹതപ്പെട്ടവനാണെന്ന ഉൾവിളിയുണ്ടാകുകയും അന്നുതന്നെ മന്ത്രോപദേശം ചെയ്യുകയും ചെയ്തു. 

കുറച്ചു നാളുകൾക്കു ശേഷം ശിവരാമയോഗിയുടെ ധർമ്മപത്നി മരിച്ചപ്പോൾ ഗുരു ഉടൻതന്നെ മറ്റൊരു വിവാഹം കഴിക്കുകയുണ്ടായി. ഗുരുവിൻ്റെ പെട്ടെന്നുള്ള ഈ പ്രവൃത്തി കീനാറാമിനെ അസ്വസ്ഥനാക്കുകയും ആദ്യഗുരുവിൻ്റെ അനുവാദത്തോടുകൂടി അദ്ദേഹം മറ്റൊരു ഗുരുവിനെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുകയും ചെയ്തു. 

തുടരും...

ഒരു അഘോരിയുടെ ജീവിത പാത - 01

ഒരു അഘോരിയുടെ ജീവിത പാത - 01

അഘോരാചാര്യന്മാപ്പറ്റി കാണപ്പെടുന്ന വിവരണം. നാമങ്ങൾ മാത്രം ഇവിടെ പരാമർശിക്കുന്നു.

കൗശികമുനി
വാമദേവൻ
വസിഷ്ഠൻ
വിക്രമാദിത്യൻ
പുഷ്പഭൂതി
ദാക്ഷിണാത്യൻ
അഭിനവഗുപ്തൻ
സർവ്വാനന്ദൻ
ശിവനാഥൻ
ബാബാകീനാറാം*
നാഗലിംഗപ്പ
മോഹൻ സ്വാമി
വാമക്ഷേപൻ
പരമതീർഥീബാബ
കേശവാനന്ദദാദാ
അവധൂതിബാബാജാൻ
ഗണേശ് നാരായൺ ഔഘട്ട്
ബാബാ ശങ്കര സ്വാമി
ഖരാബ്ദാസ്
രമയ്യാ ബാബാ
ലക്ഷ്മണൻ ബാബാ
രാം നരേശ് ജി
ബാബാകാലൂറാം.

തുടരും...

27 April 2020

കംസനിഗ്രഹം

കംസനിഗ്രഹം

 കംസനെ ഭഗവാൻ നിഗ്രഹിച്ചത് തെറ്റായിപ്പോയില്ലേ എന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്താണ് കംസ നിഗ്രഹത്തിലൂടെ ഭഗവാൻ ലക്ഷ്യമാക്കിയത്?

ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിന്, നിത്യാനന്ദത്തിന് അർഹനാക്കുക എന്നതാണ്. എന്നാൽ അവിടുത്തേക്ക് എത്തുവാൻ ധർമത്തിന്റെ പാതയിൽക്കൂടിയല്ലാതെ സാധ്യമല്ല. ചില അവിവേകികൾക്ക് ധർമം എന്ന വാക്ക് കേൾക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോൾ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസൻ. കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധർമം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല.

ശ്രീകൃഷ്ണ ഭഗവാൻ വന്നിട്ടുള്ളത് ധർമിക്കും അധർമിക്കും വേണ്ടിയാണ്. അധർമിയെയും ഈശ്വരങ്കൽ എത്തിക്കുക എന്ന കടമ അവിടുത്തേക്കുള്ളതാണ്. അധർമികളിൽ ധർമബോധം ചെലുത്താൻ വേണ്ടതെല്ലാം അവിടുന്നു ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താൽ മത്തരായ അവർ ധർമമാർഗം കൈക്കൊണ്ടില്ല. പിന്നീട് ഭഗവാന്റെ മുമ്പിൽ ഒരു വഴിയേ ബാക്കിയുള്ളൂ. അവരുടെ എല്ലാ അധർമങ്ങള്‍ക്കും പ്രേരകമായിരിക്കുന്ന, ബഹിർമുഖങ്ങളായ ഇന്ദ്രിയങ്ങൾക്ക് അധിഷ്ഠാനമായ ശരീരം നശിപ്പിക്കുക. ശരീരമാകുന്ന തടവറയിൽനിന്നും അവരുടെ ജീവനെ മോചിപ്പിക്കുക. അതാണ് ഭഗവാൻ ചെയ്തത്. അങ്ങനെേയ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്പർശമേൽക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങൾ എന്ന അനുഭവജ്ഞാനം അവർക്കു കൈവരൂ.

മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തിൽനിന്ന് അധർമിയായ ഒരു വ്യക്തിക്കു മോചനം നൽകുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധർമത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാൻ അവര്‍ക്കു സാധിക്കും. 

കംസന് ഈ ജന്മത്തിൽ ധർമമാർഗത്തിൽ സഞ്ചരിക്കാൻ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധർമത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. ഇതു നഷ്ടമായി പുതിയ ശരീരം ലഭിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ. ഭഗവാന്റെ കൈ കൊണ്ട് മരണം സംഭവിക്കുമ്പോൾ, അവിടുത്തെ ദർശിച്ച്, സ്മരിച്ചു കൊണ്ട് ശരീരം വെടിയുമ്പോൾ പാപമെല്ലാം ക്ഷയിക്കുകയാണു ചെയ്യുന്നത്. വാസ്തവത്തിൽ കംസന്റെ ആഗ്രഹം തന്നെ ഭഗവാന്റെ കൈകൊണ്ട് മരിക്കണം എന്നതായിരുന്നു. ഭഗവാൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കംസന്റെ ജീവനെ ആ ശരീരത്തിൽനിന്ന് ഭഗവാൻ ഉദ്ധരിക്കുകയാണു ചെയ്തത്. കംസനു പരമാത്മാവിൽ എത്താനുള്ള സാഹചര്യം അവിടന്ന് ഒരുക്കി.

ഒരു രാക്ഷസനെയോ അസുരനെയോ ഒരു ദൈവീകശക്തി വധിക്കുന്നതായി പുരണങ്ങളിൽ ചിത്രീകരിക്കുമ്പോൾ വാസ്തവത്തിൽ അയാൾ നശിക്കപ്പെടുന്നില്ല ദുഷിച്ച ഭാവം കൈവിട്ട് അയാളിൽ ഒരു ദിവ്യശക്തി ഉയർത്തെണിക്കുയാണ് ചെയ്യുന്നത് . അതായത് തിന്മ എന്നത് സത്യത്തിൽ നിന്നും വഴുതി പോകുമ്പോൾ സംഭവിക്കുന്ന ഒരു തെറ്റുമാത്രമാണ്. അടിസ്ഥാനപരമായി പാപമോ തിന്മയോ ഇല്ല എല്ലാം അടിസ്ഥാനപരമായി ദൈവീകമാണ്, തിന്മയെന്ന തെറ്റ് നിർമ്മാർജ്ജനം ചെയ്യുമ്പോൾ സ്വഭാവികമായി ഫലം ദൈവീകതയുടെ അവിഷ്കാരമാണ്.

"സർവ്വധർമ്മാൻ പരിത്യജ്യ"

"സർവ്വധർമ്മാൻ പരിത്യജ്യ"

ഗീതോപദേശം കേട്ട അർജ്ജുനന് ഞാനും മറ്റെല്ലാ ജീവജാലങ്ങളും അനശ്വരനായ ആത്മാവിൻ്റെ പ്രകടിതരൂപങ്ങൾ മാത്രമാണെന്നും മനുഷ്യൻ വസ്ത്രം മാറുന്നതുപോലെ ആത്മാവ് ശരീരങ്ങളെ  മാറിമാറി സ്വീകരിക്കുന്നതാണ് മരണമെന്നും  മനസ്സിലാക്കിയ അർജ്ജുനൻ യുദ്ധത്തിന് തെയ്യാറായി . എന്നാൽ യുദ്ധം ചെയ്താൽ മതിയോ? പോരാ പിന്നെ എന്തുചെയ്യണം, എങ്ങനെ ചെയ്യണം , എന്താണ്, ലക്ഷ്യം ഓരോ മനുഷ്യനും സ്വയം ചോദിക്കേണ്ടതായ ചോദ്യങ്ങളാണ് ഇവ. ലക്ഷ്യം ഉറപ്പിച്ച് വേണം അതിലേക്ക് നിങ്ങാൻ. ഭഗവദ്പ്രാപ്തിയാണ് ലക്ഷ്യം.  ഭഗവദ് പ്രാപ്തിയെന്ന് പറഞ്ഞാൽ താൻ ശരീരമല്ല, മറിച്ച് ആത്മാവാണ്, ആ ആത്മാവാകട്ടെ ഈ ലോകത്തിൻ്റെ സൃഷ്ടിസ്ഥിതി കർത്താവായ ഭഗവാൻ തന്നെയാണ്. എന്ന ഉറച്ച ബോധത്തോടെ പ്രാപിക്കലാണ്.  ഈ സ്ഥിതിക്ക് തന്നെയാണ് ഈശ്വരസാക്ഷത്ക്കാരം, മുക്തി, മോക്ഷം എന്നൊക്കെ പറയുന്നത്. പിന്നെ ജനനവുമില്ല  മരണവുമില്ല.  ജനനവും മരണവുമൊക്കെ ശരീരത്തിനാണ്. അത് മുജ്ജന്മ കർമ്മവാസനകളുടെ ഉൽപന്നമാണ്. അതിന് വ്യാവഹാരികമായ അതായത് കർമ്മവാസനകൾ നശിക്കുന്നതുവരെ മാത്രമെ നിലനിൽപ്പുള്ളൂ. താൻ ആത്മാവാണ് തനിക്ക് ശരീരധാരണം വിട്ട് ആനന്ദപ്രാപ്തി  കൈവരണം  ഭഗവാൻ സച്ചിദാനന്ദസ്വരൂപനാണല്ലോ.

"മന്മനാ ഭവ മദ്ഭക്തോഃ
 മദ്യാജീ മാം നമസ്ക്കുരു  
മാമേവൈഷ്യസി സത്യം തേ
  പ്രതിജാനേ പ്രിയോഽസി മേ"
                                                                                       
മനസ്സ് ഭഗവാനിൽ ഉറപ്പിക്കുക ഇപ്പോൾ മനസ്സ് ലൗകികവസ്തുക്കളിലും ലൗകികന്മാരിലും  ലൗകികനേട്ടങ്ങളിലുമാണ് ശ്രദ്ധിക്കുന്നത് , അവയൊക്കെ നശിച്ചു പോകുന്നവയാണ്. പൂർവ്വജന്മവാസനകൾ കാരണമാണ് മനസ്സ് ഇവയിൽ തൽപര്യം കാണിക്കുന്നത്. അവയൊക്കെ ഭഗവതാരാധനയായി, ഭഗവാനിൽ അർപ്പിച്ച് ചെയ്യുക. ഞാൻ , എനിക്ക് വേണ്ടി എന്ന ഭാവം ഉപേക്ഷിച്ച് ഫലേച്ഛ തീരെയില്ലാതെ ഫലം ഹിതമായാലും  അഹിതമായാലും അചഞ്ചലനായി വർത്തിക്കുക.  അപ്പോൾ പുതിയ കർമ്മവാസനകൾ ഉണ്ടാകില്ല്. ചിത്തശുദ്ധിവന്ന് വരും ജന്മങ്ങളിൽ കൂടി ഭഗവാനെ പ്രാപിക്കും എന്ന് ഭഗവാൻ സത്യം ചെയ്യുന്നു. "നീ എനിക്ക് പ്രിയപ്പെട്ടവനാണ്" എന്നും പറയുന്നു. എന്തുകൊണ്ടാണ് പ്രിയപ്പെട്ടവനായത്! ജ്ഞാനത്തിനുവേണ്ടി ഭഗവാനെ ആശ്രയിച്ചതുകൊണ്ട്.  ശരണാഗതിയെ കുറിച്ച്  അർജ്ജുനൻ നിരവധി ചോദ്യങ്ങളിൽ കൂടി തൻ്റെ ജിജ്ഞാസ വ്യക്തമാക്കിയിട്ടുണ്ട്.  ഇവിടെ  ഭഗവാൻ നീ എൻ്റെ ഭക്തനായി ഭവിക്കുക എന്ന് പറയുണ്ട്.

ഭക്തിക്ക് പല നിർവചനങ്ങളുമുണ്ട്. ഭക്തി ഭഗവാൻ്റെ നേരെയുള്ള വികാരമാണ് .  

"നീയല്ലോ സൃഷ്ടിയും സ്രാഷ്ടാവയതും സൃഷ്ടിജാലവും  
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമാഗ്രിയായതും" 

എന്ന സത്യം മനസ്സിലാക്കി താൻ ശരീരമാണെന്ന ഭാവന വിട്ട് ഭഗവാനിൽ ലയിച്ചു ചേരുവാനുള്ള തീവ്രമായ വാഞ്ഛയാണ് ഭക്തി എന്ന് പറയാം . ഈ ഭക്തിയുടെ ബലത്തിലെ ഈശ്വരാർപ്പണ ബുദ്ധിയും കർത്തൃത്വഭാവവും ഭോക്ത്യത്വഭാവവും വിട്ട് ചിത്തശുദ്ധി ഉണ്ടാകുകയുള്ളൂ.

എല്ലാമെല്ലാമായ ഭഗവാനിൽ ജീവിതം നിരുപാധികമായി സമർപ്പിക്കുന്നത് തന്നെയാണ് നമസ്കാരം.

എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി ചെയ്താൽ പുണ്യപാപഫലരൂപത്തിലുള്ള കർമ്മവാസനബന്ധങ്ങളിൽ നിന്നും മുക്തനായി  സന്യാസയോഗം കൈവന്ന്പരത്മാവായ ഭഗവാനെ പ്രാപിക്കും. സന്യാസയോഗം എന്നത്  ഞാൻ എനിക്ക് വേണ്ടി എൻ്റെ വേണ്ടപ്പെട്ടവർക്ക് വേണ്ടി കർമ്മം ചെയ്യുന്നു എന്ന ഭാവത്തെ ഉപേക്ഷിച്ച്  അതായത് കർകർത്തൃത്വഭോക്തൃത്വ ഭാവം  ഇല്ലാതെ  ഈശ്വരാർപ്പണമായി കർമ്മം ചെയ്യുക എന്നർത്ഥം.

ചിത്തശുദ്ധി കൈവന്നാൽ ജ്ഞാനവും   വൈരാഗ്യവും  ഒടുവിൽ ഭഗവത് പ്രാപ്തിയും.

താൻ ശരീരമാണെന്ന മിഥ്യാധാരണയിൽ വർത്തിക്കുന്ന മനുഷ്യന് ശരീരഭാവനയുടെ ഫലമായി പല ധർമ്മങ്ങളും നിറവേറ്റേണ്ടി വരും പുത്രധർമ്മം, പിതൃധർമ്മം, ഗൃഹസ്ഥധർമ്മം,  പൗരധർമ്മം എന്നിങ്ങനെ പല സങ്കൽപങ്ങളോടും   ആഗ്രഹങ്ങളോടും സ്വാർത്ഥതാൽപര്യങ്ങളുടെ പരിവേഷത്തിലുമാണ് ഇവയോക്കെ നിർവഹിക്കുക.  " സർവ്വധർമ്മാൻ പരിത്യജ്യ" ഈ ഭാവത്തെയാണ് ഭഗവാൻ പരിത്യജ്യ എന്ന് പറയുന്നത്.  ധർമ്മനിർവഹണത്തിനുള്ള കർമ്മങ്ങൾ ചെയ്യാതെ പറ്റില്ല.  പൂർവ്വജന്മവാസനക്കുള്ള കർമ്മങ്ങൾ ചെയ്തേ  പറ്റൂ.  അതു ഭഗവാൻ്റെ നിശ്ചയമാണെന്ന് കരുതി  ഭക്തിയോട്  കൂടി ഭഗവതാരാധനയാണെന്ന് കരുതി  ഫലചിന്തകൂടാതെ ഞാൻ ചെയ്യുന്നു. എനിക്ക് വേണ്ടി എന്ന ഭാവം തീരെ ഉപേക്ഷിച്ച് ചെയ്യുക എന്നാൽ  ഈ ജന്മത്തിന് കാരണമായ കർമ്മവാസനകൾ ഉണ്ടാകില്ല.  പുനർജന്മത്തിന് കാരണമായ കർമ്മവാസകൾ ഉണ്ടാകില്ല.  പുനർ ജന്മങ്ങൾ ഭക്തിയും ജ്ഞാനവും വൈരാഗ്യവും ഉറപ്പിച്ച്  ആ ബോധത്തോട് കൂടി ആനന്ദസ്വരൂപനായ ഭഗവാനിൽ ലയിക്കും.

വിഷ്ണുഭഗവാൻ

വിഷ്ണുഭഗവാൻ

ദേശകാല പരിധികളില്ലാതെ എല്ലാറ്റിലും വ്യാപിക്കുന്ന പരമചൈതന്യത്തെയാണ് വിഷ്ണു എന്ന് പറയുന്നത്. സത്താമാത്രവും സർവ്വത്രവ്യാപ്തവും ഇന്നപ്രകാരത്തിലുള്ളതെന്ന് നിർവചിക്കാൻ കഴിയാത്തതും അപരിച്ഛിന്നവുമായ ബ്രഹ്മം തന്നെയാകുന്നു വിഷ്ണു സ്വരൂപം. വിഷ്ണു ഭഗവാന്റെ ചൈതന്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലാ ജഗത്തും ഉണ്ടാവുന്നതും, നിലനിൽക്കുന്നതും ലയിക്കുന്നതുമെല്ലാം. സത്താ മാത്രനായ വിഷ്ണുഭഗവാനിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് ഈ ജഗത്തെന്ന് തോന്നാമെങ്കിലും ജഗത്തിന്റെ എല്ലാ വശങ്ങളും വിഷ്ണുചൈതന്യത്താൽ മാത്രം നിറയപ്പെട്ടതാണ്. അതുകൊണ്ടാണ് ഭഗവാന് വാസുദേവൻ എന്ന നാമമുണ്ടാവാനുള്ള കാരണം. ചരാചരാത്മകമായ ജഗത്തുമുഴുവൻ ആരിൽ നിൽക്കുന്നുവോ, ആര് എല്ലാറ്റിന്റെയും നിയന്താവായിട്ടിരിക്കുന്നുവോ അദ്ദേഹമെന്നർത്ഥത്തിലാണ് വാസുദേവശബ്ദം പറയപ്പെട്ടിരിക്കുന്നത്.

മഹാഭാരതം ശാന്തി പർവ്വത്തിൽ ഭഗവാൻ അർജ്ജുനനോട് പറഞ്ഞത് “ഹേ…പാർത്ഥാ! ഭൂമിയും ആകാശവും എന്നാൽ വ്യാപ്തമാണ്. എന്റെ അനന്തമായ വ്യാപ്തിയാൽ ഞാൻ വിഷ്ണു എന്ന് പറയപ്പെടുന്നു”.

ഈ പ്രപഞ്ചത്തിൽ കാണാവുന്നതും കേൾക്കാവുന്നതുമായി എന്തെല്ലാം ഉണ്ടോ അതിന്റെ ഉള്ളിലും പുറത്തും ഭഗവാൻ മഹാവിഷ്ണു വ്യാപിച്ചിരിക്കുന്നു എന്നാണ് ബൃഹത്തരായണോപനിഷിത്ത് പറഞ്ഞിരിക്കുന്നത്.

ഈ മഹാത്മാവിന്റെ ശക്തിവിശ്വം മുഴുവൻ പ്രവേശിച്ചിട്ടുള്ളതുകൊണ്ട് അദ്ദേഹത്തെ വിഷ്ണു എന്ന് വിളിക്കുന്നു എന്നാണ് വിഷ്ണു പുരാണം പറയുന്നത്. സംഭവിച്ചു കഴിഞ്ഞതും സംഭവിക്കാനുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതിനും പ്രഭുവായിട്ടുള്ളവനാരോ അവനാണ് വിഷ്ണു ഭഗവാൻ! ദേശകാലാവസ്ഥകളിൽ വ്യാപിച്ചിരിക്കുന്നവനാണ് മഹാവിഷ്ണു! സർവൈശ്വര്യ പരിപൂർണ്ണനുമാണ് ശ്രീഹരി!

സ്വർണ്ണത്തിന് അഗ്നിയും രശ്മികൾക്ക് ആദിത്യനും എപ്രകാരം പതിയായിരിക്കുന്നുവോ അതുപോലെ സർവ്വലോകങ്ങൾക്കും പതിയായിരിക്കുന്നവനാണ് ശ്രീ ആദിനാരായാണനായ വിഷ്ണുഭഗവാൻ! 

ചരാചരാത്മകമായ ജഗത്തൊട്ടാകെ തന്നെ വിഷ്ണുമയമാക്കി തീർത്തവനും സർവ്വചരാചരങ്ങളിലും വിദ്യാവിദ്യാ സ്വരൂപേണയും കാര്യകാരണസ്വരൂപേണയും വർത്തിക്കുന്ന പരമപുരുഷനാണ് വിഷ്ണുഭഗവാൻ!

കാലദേശങ്ങളിൽ നിന്നും നാമരൂപങ്ങളിൽ നിന്നും ഗുണധർമ്മങ്ങളിൽ നിന്നും അതീതനും കേവലസ്വരൂപിയുമായ ശ്രീവാസുദേവനാകുന്നു പരമബ്രഹ്മം. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ മാഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു. നിർഗുണബ്രഹ്മമാണ് ഭഗവാന്റെ പരമമായ സ്വരൂപം. പുരുഷൻ, പ്രകൃതി അല്ലെങ്കിൽ പ്രധാനം, കാലം തുടങ്ങിയ അവ്യക്തങ്ങളായ ജഗത്കാരണ ശക്തികളെല്ലാം പരബ്രഹ്മസ്വരൂപിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ മാത്രമാണ്. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം.

സത്വമൂർത്തിയും ഹിരണ്യഗർഭനുമായ ശ്രീമഹാവിഷ്ണു നിരവധി അവതാരങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സർവ്വാധാരനും സർവ്വസ്വരൂപിയുമാണ് വിഷ്ണു ഭഗവാൻ! സർവ്വത്ര വ്യാപ്തനും സർവ്വന്തര്യാമിയുമായ വിഷ്ണുഭഗവാൻ ചിലനേരങ്ങളിൽ കേവലം ലീലാമാത്രമായി ഓരോ സ്വരൂപത്തിലവതരിക്കും.

അഗ്നി, വായു, ആദിത്യദേവതമാരാൽ രഞ്ജിക്കപ്പെടുന്ന പൃഥിവി, അന്തരിക്ഷം, ദ്യോവ് എന്നീ മൂന്നു ലോകങ്ങൾ സൃഷ്ടിച്ചവൻ,  പൃഥിവി, അന്തരിക്ഷം, ദ്യോവ് ഈ മൂന്നു ലോകങ്ങളേയും തന്റെ മൂന്നു ചുവടുകളാൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നവൻ .(വിഷ്ണു സൂക്തം)

ആയിരം കോടി സൂര്യന്മാർ ഒന്നിച്ച് ഉദിച്ചാലെന്ന പോലെ ഉജ്ജ്വലമായ തേജോ പ്രസരം കൊണ്ട് ആകാശമണ്ഡലത്തെ മുഴുവൻ പ്രകാശമാനമാക്കിയും ശംഖ് ചക്രാദി ആയുധങ്ങൾ ധരിച്ചും പീതാംബരം, ഹാരം, വനമാല തുടങ്ങിയ എല്ലാ വൈഷ്ണവ ചിഹ്നങ്ങളേയും പ്രകാശിപ്പിച്ചുകൊണ്ടും സർവ്വാലങ്കാര ഭൂഷിതനായി, സർവ്വാംഗ സുന്ദരനായി ദിവ്യമായൊരു പ്രഭാമണ്ഡപത്തിന്റെ മദ്ധ്യത്തിൽ നിന്നു കൊണ്ട് മംഗളമൂർത്തിയായ ശ്രീനാരായണൻ ഭക്തകോടികളുടെ മനതാരിൽ കുടികൊള്ളുന്നു. കരുണാനിധിയും അന്തരാമിയും വൈകുണ്ഠനാഥനും പരമപുരുഷനും യജ്ഞസ്വരൂപനും ജഗന്നിയന്താവും മംഗളമൂർത്തിയായും ആദിമധ്യാവസാനങ്ങളോ, ഉൽപ്പത്തി സ്ഥിതിലയങ്ങളോ, ക്ഷയവൃദ്ധികളോ ഇല്ലാത്തവനും ഈ ജഗത്തിന് കാരണവും നിയന്താവുമാണ് ഭഗവാൻ മഹാവിഷ്ണു.

വ്യപ്തിയുള്ള  വ്യാപനശീലമുള്ള  ഒന്നിൻ്റെ രൂപം വിഷ്ണു, വ്യാപിക്കുന്നത് സ്വാതന്ത്രമാണ്,  അപരിമേയമാണ്, സ്വാതന്ത്രത്തിലുള്ള  അപരിമേയമായ സീമയറ്റ  പരമാന്ദം  അനന്താനന്ദം (നിർവൃതിരസം) സ്വരൂപം ദേശകാലവസ്തുപരിഛേദ ശൂന്യമായ ബ്രഹ്മത്തിൻ്റെ സച്ചിദാനന്ദസ്വരൂപം  അതിനെ അനുഭവിക്കുന്ന അറിയുന്ന ആദ്യ ഋഷിയുടെ  ബോധത്തിൽ  തെളിയുന്ന് സത്ത്(ഉണ്മ)   ചിത്ത് (വിദ്യ , പ്രകാശം)  ആനന്ദം അറിയുന്നതും  അറിയപ്പെടുന്നതും അറിവും  ഒന്നായ  ബ്രഹ്മരസാനുഭാവം ബ്രഹ്മത്തിനുകൊടുത്ത നിർവചനത്തിൻ്റെ ആനന്ദാനുഭാവ സ്വരൂപം ഈ  പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും അകത്തും  പുറത്തും നാരായണന് വ്യാപിച്ചു നില്ക്കുന്നു)  (മഹാനാരായണോപനിഷത്ത്), ഏതൊരു  മഹാത്മ്യമേറിയ ശക്തിയാണ് ഈ കാണുന്ന  സർവ്വപ്രപഞ്ചവും നിറഞ്ഞിരിക്കുന്നുവോ  അതിനെ  വിഷ്ണു  എന്ന്  പ്രകീർത്തിക്കുന്നു.    .    എങ്ങുംവ്യാപിച്ച്,  എല്ലാറ്റിലും പ്രവേശിച്ച് നിറഞ്ഞുനിൽക്കുന്ന ശക്തിയാണ്  “വിഷ്ണു.”      ഭഗവാൻ രോദസി (പടിഞ്ഞാറൻ ചക്രവാളം) യിലേക്ക്  വ്യാപിക്കുന്നുവോ ഭഗവാൻ്റെ കാന്തി (ശോഭ) അധികരിച്ചു വരുന്നത് കാണാം.  കാരണം അപ്പോഴേക്കും ഭഗവാൻ തൻ്റെ മൂന്ന്  പാദങ്ങളും ശ്രദ്ധാപൂർവ്വം അളന്ന്  ത്രിവിക്രമനായി പൂർണ്ണവളർച്ച പ്രാപിച്ചിരിക്കുന്നു.  മൂന്ന് പാദങ്ങളാൽ മൂവലകവും അളന്ന ത്രിവിക്രമൻ്റെ സർവ്വവ്യപിസ്വരൂപം, 12 ആദിത്യന്മാരിൽ ഞാൻ സൂര്യനെന്ന് ഗീത, പൂർവ്വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നങ്ങളായ ത്രിപദികളാൽ മണ്ണ്,വിണ്ണ്, ത്രിഭുവനങ്ങളും അളന്നവൻ,

വിശ്വത്തിന് ആധാരമായ അനന്ദമായ പ്രജ്ഞ,  എല്ലാം അതിൽ നിന്നുണ്ടാവുന്നു എല്ലാം അതിലെക്ക് തന്നെ, മടങ്ങുന്നു. അതി സൂക്ഷമമായ  പരമാണുകണങ്ങളെയും അതിബൃഹത്തായ ഗ്രഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്തിൽ നിന്നാണല്ലോ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും  നിലനിർത്തപ്പെടുന്നതും ചലനമില്ലെങ്കിൽ കാലവുമില്ല ഭൗതികവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഈ ചലനത്തിൻ്റെ പാശ്ചാതലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ്-വിഷ്ണുവാണ്. 

ഈ ജഗത്തിന്റെ മുഴുവൻ ശക്തിയും ചൈതന്യവും സത്തയുമാണ് ഭഗവാൻ മഹാവിഷ്ണു! കൗസ്തുഭ രത്നവും ശ്രീവത്സവും മാറിലാണിഞ്ഞ് കൈകളിൽ ഗദയും പാഞ്ചജന്യവും, ശാർങ്ഗചാപവും സുദർശനചക്രവും ഏന്തികാഴ്ച നൽകുന്നു ഭഗവാൻ!

ദൈവികതയുടെ രൂപം സർവ്വവ്യാപിയായ ഭഗവാൻ മഹാവിഷ്ണുവാകുന്നു. ശംഖ് ചക്രഗദാധാരിയായ മഹാപ്രഭുവിന്റെ ശംഖ് ആദിശബ്ദത്തിന്റെ അഥവാ വാക്കിന്റെയും ഗദശക്തിയുടേയും പ്രതാപത്തിന്റെയും പ്രതീകമാകുന്നു. സാളഗ്രാമം ഭഗവാൻ മഹാവിഷ്ണുവിന്റെ പ്രതീകമാണ്. പരമകല്യാണ മൂർത്തിയായ ഭഗവാൻ മഹാവിഷ്ണുവിൽ പ്രേമ ഭക്തി വളർന്നവൻ അമൃതസാഗരത്തിൽ നീന്തിക്കുളിക്കുന്നവനാണ്. അവന് ചളിക്കുണ്ടിലെ ദുർഗന്ധജലമാകുന്ന വിഷയഭോഗങ്ങളിൽ എങ്ങിനെ ഇച്ഛയുണ്ടാകും എന്നാണ് ശുകമഹർഷി ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നത്. ഈശ്വരാനുഗ്രഹം സ്വീകരിക്കേണ്ടവർ മാത്രമല്ല നമ്മൾ. അതിന് അവകാശമുള്ളവരുമാണ്. ഭക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭഗവാനിലേക്ക് അടുക്കുവാനുള്ളശ്രേഷ്ഠമായ, ശരിയായ പാത ഭക്തി ഒന്നുമാത്രം.

ശ്രീവിഷ്ണു ഭഗവാനിൽ നിന്ന് അന്യനായിട്ടൊരു ഈശ്വരനില്ല. ആശ്രിതവത്സലനായ ഭഗവാൻ ശ്രീനാരായണൻ തന്റെ പാദദാസരായ ഭക്തരെ സദാ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റി വിടും. ഭഗവാൻ മഹാവിഷ്ണു ധർമ്മ സംസ്ഥാപനത്തിനും ഭക്തരക്ഷക്കും വേണ്ടി കാലാകാലങ്ങളിൽ അവതാര രൂപം പുൽകാറുണ്ട്. കാര്യകാരണസ്വരൂപവും സാധന സാധ്യസ്വരൂപവുമായ ഈ ജഗത്ത് മുഴുവൻ വിഷ്ണുമയമാണ്. ഈ ജഗത്തിന്റെ ഊടും പാവും വിഷ്ണു ചൈതന്യം ഒന്നുമാത്രം.

എങ്ങും വ്യാപിച്ചിരിക്കുനതാണ് വിഷ്ണു… മനസ്സ് തന്നെ പാലാഴിയായി സങ്കല്പിച്ച് അതിൽ  അനന്തമായ് കാണുന്ന ലോകത്തെ അനന്തനായ് സങ്കല്പിച്ച് അതിൽ ശയിക്കുന്നവനാണ് (നിറഞ്ഞു നില്ക്കുന്നതാണ്) വിഷ്ണു

ഞൊറിവച്ച പട്ടുടയാടയണിഞ്ഞ് ചുണ്ടിൽ തത്തികളിക്കുന്ന മന്ദഹാസവും പേറി, മൌലിയിൽ പീലി ചാർത്തി, രത്നങ്ങൾ പതിച്ച കനക കിരീടമണിഞ്ഞ്, കൈകാലുകളിൽ സ്വർണ്ണ വളകളും തളകളുമണിഞ്ഞ്, നെറ്റിത്തടത്തിൽ ഗോരോചനകുറിയിട്ട്, അഞ്ജന കണ്ണെഴുതി, വനമാല, രത്നമാല, കൗസ്തുഭമാല, തുളസിമാല തുടങ്ങിയ ഹാരങ്ങളുമണിഞ്ഞ്, ശംഖ് ചക്രഗദാപങ്കജ പ്രശോഭിതമായകരപങ്കേരുഹങ്ങളും, കൊണ്ടൽ കാർവർണ്ണനുമായി ഭഗവാൻ മഹാവിഷ്ണുവിന്റെ ദിവ്യചൈതന്യഭാസിതമായ രൂപസൗഭാഗ്യം മനസ്സിൽ പതിയുമ്പോൾ ഏതു വിഷ്ണുഭക്തനാണ് രോമാഞ്ചകുഞ്ചുകിതനാകാത്തത്.

ശ്രീമദ് ഭാഗവതം

ശ്രീമദ് ഭാഗവതം

വേദോപനിഷത്തുകളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും പുരാണേതിഹാസങ്ങളും ഒക്കെ മനുഷ്യരാശിക്ക് സമ്മാനിച്ച പുരാതന ഋഷീശ്വരന്മാര്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ശാസ്ത്രജ്ഞന്മാരാണ്. ആധുനിക ശാസ്ത്രജ്ഞന്മാര്‍ വന്‍ സജ്ജീകരണങ്ങളുള്ള പരീക്ഷണശാലകളിലിരുന്ന് ഗവേഷണം നടത്തുന്നു. എന്നാല്‍ ഋഷി, സ്വന്തം മനസ്സിനെ തന്നെ പരീക്ഷണശാലയും ഗവേഷണവിഷയവുമാക്കി. മഹാത്യാഗത്തിന്റെയും കഠിനതപസ്സിന്റെയും മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് അവര്‍ മനസ്സിനും ബുദ്ധിക്കും അതീതമായ പ്രപഞ്ച രഹസ്യം കണ്ടെത്തി. ഈ അണ്ഡകടാഹത്തെ മുഴുവന്‍ നിയമിക്കുന്ന മഹാശക്തി, ഈശ്വരന്‍ തന്നില്‍ത്തന്നെയാണ് കുടികൊള്ളുന്നതെന്ന പരമസത്യം അവര്‍ അറിയുകയും അനുഭവിക്കുകയും ചെയ്തു. ആ ഋഷിപരമ്പരയില്‍ മത്സ്യഗന്ധിയായ സത്യവതിയുടെ മകനായി ജനിച്ച വേദവ്യാസന്റെ സ്ഥാനം ഏറ്റവും വലുതാണ്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പതിനെട്ട് പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിച്ചു. ആ വേദവ്യാസ മഹര്‍ഷിയെയാണ് ആചാര്യന്മാരുടേയും ആചാര്യനായി കണ്ട് ഇന്നും ലോകം ആരാധിക്കുന്നത്.

എന്നാല്‍, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിച്ചില്ല. ഒരപൂര്‍ണ്ണത, എന്തോ ഒരു ശുന്യത, അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അപ്പോഴാണ് നാരദമഹര്‍ഷി അവിടെയെത്തിയത്. അദ്ദേഹം വേദവ്യാസനെ ഇങ്ങനെ ഉപദേശിച്ചു. ‘ഭഗവാനോടുള്ള പരമപ്രേമം വര്‍ണ്ണിക്കാതെ, അതനുഭവിക്കാതെ, മറ്റെന്തൊക്കെ ചെയ്താലും അതെല്ലാം അര്‍ത്ഥശുന്യമായി കലാശിക്കും. അതുകൊണ്ട്, ഈശ്വരപ്രേമത്തിന്റെ അമൃതംനുകർന്ന് അതിന്റെ മഹത്വം പാടൂ.’

മഹാജ്ഞാനികള്‍ക്കും പണ്ഡിതന്മാര്‍ക്കും തപസ്വികള്‍ക്കും വേദാന്തികള്‍ക്കും അതേപോലെതന്നെ, വൃന്ദാവനവാസികളും സാധാരണക്കാരുമായ ഗോപീഗോപന്മാര്‍ക്കും എന്തിന്, പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കുപോലും ശ്രീകൃഷ്ണനോടുണ്ടായിരുന്ന നിഷ്‌ക്കളങ്കഭക്തിയുടെ മാഹാത്മ്യം വര്‍ണ്ണിക്കാനാണ് നാരദമഹര്‍ഷി വ്യാസനെ ഉപദേശിച്ചത്. അങ്ങനെ, അത്ഭുതങ്ങളില്‍ വെച്ച് അത്യത്ഭുതം, നിത്യനൂതനം, എത്ര ആസ്വാദിച്ചാലും മതിവരാത്തത്, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗോപികാപ്രേമത്തിന്റെ, കൃഷ്ണഭക്തിയുടെ അനശ്വരഗാനമായ ശ്രീമദ് ഭാഗവതത്തിന് വേദവ്യാസമുനി ജന്മം നല്‍കി.

ശ്രീകൃഷ്ണന്റെ ഹൃദയം പരമപ്രേമസ്വരൂപമാണ്. ആ പ്രേമം സര്‍വ്വഭൂതങ്ങളുടേയും ഹൃദയമാണ്. പ്രേമത്തിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല. സകലചരാചരങ്ങള്‍ക്കും മനസ്സിലാകുന്ന ഭാഷയാണത്. ഒരു നദിയുടെ പ്രവാഹം പോലെ, ശരീരത്തിനും മനസ്സിനും സുഖം പകരുന്ന ഒരു കുളിര്‍കാറ്റുപോലെ, പരപ്രേമത്താല്‍ പരിപൂരിതമായ ഹൃദയം എല്ലാത്തിനേയും തഴുകിയൊഴുകും. അതാണ് കൃഷ്ണപ്രേമത്തില്‍ വൃന്ദാവനത്തിലെ സര്‍വ്വ ജീവജാലങ്ങളും മതിമറന്ന് നിന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥം.

ജീവിതത്തില്‍ മറ്റെല്ലാമുണ്ടായാലും, പ്രേമം ഇല്ലെങ്കില്‍, ഈശ്വരനോട് നിഷ്‌ക്കാമമായ ഭക്തിയില്ലെങ്കില്‍ സൗന്ദര്യവും സന്തോഷവും സമാധാനവും ഉണ്ടാകില്ല. കാരണം, ജീവിതം നിലനില്‍ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകര്‍മ്മങ്ങളുടെ വിജയത്തിന് പോലും പ്രേമത്തിന്റെ ഊര്‍ജ്ജവും വീര്യവും ആവശ്യമാണ്.

പുരാണങ്ങളില്‍ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാര്‍ഗ്ഗവും അതിലളിതമായ രീതിയില്‍ സമന്വയിപ്പിച്ച് ലോകത്തിന് പകര്‍ന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തില്‍, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തില്‍ ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് ഈശ്വരപ്രേമത്തിനും ഭക്തിമാര്‍ഗ്ഗത്തിനും ഇത്രയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? കാരണം, കര്‍മ്മമോ ജ്ഞാനമോ രാജയോഗമോ, ഏതുമാര്‍ഗ്ഗവും ആയിക്കൊള്ളട്ടെ, അവയൊന്നുംതന്നെ ഭക്തിയില്ലാതെ, പ്രേമമില്ലാതെ അനുഭവിക്കുവാന്‍ കഴിയില്ല. എല്ലാ ആദ്ധ്യാത്മിക സാധനകള്‍ക്കും ഭക്തി അല്ലെങ്കില്‍ പ്രേമം കേന്ദ്രബിന്ദുവാണ്, പൊതുഘടകമാണ്.

ഉപാസനയും പ്രാര്‍ത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിപ്രേമങ്ങള്‍ ഇല്ലാതെ സാദ്ധ്യമല്ല. നിഷ്‌ക്കാമപ്രേമം ഇല്ലെങ്കില്‍ ഇവരണ്ടും വേണ്ട ഫലം ചെയ്യില്ല. അതു പോലെ, ഈശ്വരാര്‍പ്പണബുദ്ധിയില്ലാതെ, കര്‍മ്മം ആത്മീയ സാധനയാകില്ല, കര്‍മ്മയോഗമാകില്ല. മനഃശുദ്ധി കൈവരിക്കുവാനും സാധിക്കില്ല. ജ്ഞാനമാര്‍ഗ്ഗത്തില്‍ ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളില്‍ പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല. ഇങ്ങനെ, എല്ലാ മാര്‍ഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.

ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ച്‌നിര്‍ത്താന്‍ കഴിയില്ല. ഈ രണ്ട് ശക്തികളേയും ഒരേപോലെ ഇണക്കിച്ചേര്‍ത്ത് പോകാന്‍ സാധിക്കണം. ബുദ്ധിക്കും യുക്തിക്കും അപ്പുറം ഈ പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പും ഉണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഡവുമായ ആ മഹാശക്തിയെ കൂടി അംഗീകരിച്ചാലെ ജീവിതത്തിന് പൂര്‍ണ്ണത കൈവരൂ. അവിടെ യുക്തിയല്ല, ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും വിശ്വാസവുമാണ് ആവശ്യം. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതവും ഈശ്വരപ്രേമവും രണ്ടല്ല, ഒന്നാണ്. രണ്ട് കണ്ണുകളും കാതുകളും പോലെ, പ്രാണസഞ്ചാരത്തിന് സഹായിക്കുന്ന നാസാദ്വാരങ്ങള്‍ പോലെ, ഇരുകൈകളും കാലുകളും പോലെ, ജീവിതത്തില്‍ ഈശ്വര പ്രേമത്തിനും ജ്ഞാനത്തിനും തുല്യസ്ഥാനമാണുള്ളത്. എന്നാല്‍ പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ലോകജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും കണ്ടെത്താന്‍ കഴിയില്ല. ഇതാണ് ഭാഗവതം വേദവ്യാസനിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്.

വ്യാസമുനിക്ക് നേടാനായി ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പൂര്‍ണ്ണതൃപ്തനും പരമാനന്ദമഗ്നനും ആയിരുന്നു. പക്ഷെ, ഭാഗവതം രചിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ കൃതികളിലൊന്നും തന്നെ പരമപ്രേമത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കാര്യമായൊന്നും തന്നെ പറഞ്ഞിരുന്നില്ല. അതില്ലാതെയുള്ള ജീവിതം അപൂര്‍ണ്ണവും അസന്തുഷ്ടവും ആകും എന്ന മഹാസത്യം ലോകത്തിനു പറഞ്ഞു തരുവാൻ വേണ്ടിയാണ് സര്‍വ്വജ്ഞന്മാരായ നാരദമുനിയും വേദവ്യാസനും തമ്മിലുള്ള സംവാദം.

പരമമായ ഈശ്വരശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഭക്തി. അതുകൊണ്ടു തന്നെ, സര്‍വ്വശക്തിയുടെയും ഉറവിടമായ ഈശ്വരശക്തി, ഭക്തനു തുണയായി എപ്പോഴും കൂടെയുണ്ടാകും. ജീവിതത്തിന്റെ ഏതു സാഹചര്യത്തേയും ധൈര്യത്തോടും നിര്‍ഭയത്തോടും നേരിടാനുള്ള ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ശക്തിയും അത് ഭക്തന് നല്‍കും. ധ്രുവന്റെയും പ്രഹ്ലാദന്റെയും ഒക്കെ കഥകള്‍ അതിനുള്ള ഉദാഹരണങ്ങളാണ്.

വിഷ്ണുഭക്തിയില്‍ നിന്നും പ്രഹ്ലാദനെ പിന്‍തിരിപ്പിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഹിരണ്യ കശിപു അവലംബിച്ചത്? ഒന്നും ഫലിക്കാതെ വന്നപ്പോള്‍, സ്വന്തം മകനെ അയാള്‍ കൊടും പീഡനത്തിനിരയാക്കി. ക്രൂരവും നിഷ്ഠൂരവുമായ രീതിയില്‍ ആ ബാലനെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ, നിഷ്‌ക്കളങ്കവും അചഞ്ചലവുമായ പ്രേമഭക്തി പ്രഹ്ലാദനെ ആ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു. ഹിരണ്യകശിപുവിനെ വധിച്ചശേഷം നരസിംഹ മൂര്‍ത്തിയുടെ പ്രളയാഗ്നിപോലെയുള്ള സംഹാരരൂപം കണ്ട് അവിടെയുണ്ടായിരുന്ന ദേവീദേവന്മാരും തപസ്വികളും പേടിച്ചരണ്ട് നിന്നു. വലിയസ്ഥാനമാനങ്ങളും ഒടുങ്ങാത്ത സമ്പത്തും അധികാരവും ഒക്കെയുള്ളവരാണ് ദേവന്മാര്‍. പക്ഷെ, അവരൊന്നും തന്നെ നരസിംഹമൂര്‍ത്തിയെ സമീപിക്കാനോ ശാന്തനാക്കാനോ ധൈര്യപ്പെടാതെ ദൂരെ മാറി നിന്നു. കാരണം ഈശ്വരന്റെ സാന്നിദ്ധ്യവും കൃപയും നേടാന്‍ അധികാരവും സമ്പത്തുമൊന്നുമല്ല വേണ്ടത്. നിഷ്‌ക്കളങ്ക ഭക്തിയാണ്.

അവസാനം ഭഗവാനെ ശാന്തസ്വരൂപത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ അവരെല്ലാം ചേര്‍ന്ന് പ്രഹ്ലാദനോടഭ്യര്‍ത്ഥിച്ചു. ഭക്തിയുള്ള മനസ്സില്‍ ഭയമില്ല. അമ്മ കുഞ്ഞിനോട് ദേഷ്യപ്പെടും. കണ്ണുരുട്ടി കാണിക്കും. പക്ഷെ അമ്മ എന്തൊക്കെ ഗോഷ്ഠികാണിച്ചാലും കുഞ്ഞിന്റെ സർവ്വസ്വവും അമ്മയാണ്. അവന് ലോകത്തില്‍ അമ്മ മാത്രമേയുള്ളു. അതുപോലെ, പ്രഹ്ലാദന്റെ ഹൃദയത്തില്‍ ഭഗവാനോട് നിഷ്‌ക്കളങ്കമായ പ്രേമഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു. നരസിംഹമൂര്‍ത്തിയുടെ രൗദ്രഭാവം അവനില്‍ തെല്ലും ഭയം ജനിപ്പിച്ചില്ല. അവന്‍ നിര്‍ഭയനായി അവിടുത്തെ സമീപിച്ചു. ഭഗവാന്റെ നരസിംഹരൂപത്തെ തൊട്ട് വന്ദിച്ചു; പാടിസ്തുതിച്ചു. നിഷ്‌ക്കളങ്ക ഭക്തനായ പ്രഹ്ലാദന്റെ പ്രേമസ്പര്‍ശനം ഏറ്റ മാത്രയില്‍ തന്നെഭഗവാന്‍ ശാന്തനായി.

കല്ലിനെ കളഭമാക്കാനും, മുള്ളിനെ മുല്ലപ്പൂവാക്കാനുമുള്ള പരിവര്‍ത്തനശക്തി പ്രേമത്തിന് മാത്രമാണുള്ളത്. അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപിയായി സ്വന്തം ഉള്ളില്‍ ഒതുക്കാനും നിഷ്‌ക്കളങ്കപ്രേമത്തിന് കഴിയും.

ശ്രീരാമന്റെ പാദസ്പര്‍ശത്താല്‍ കല്ലായി തീര്‍ന്ന അഹല്യ വീണ്ടും പുനര്‍ജ്ജനിച്ചു എന്ന് രാമായണത്തില്‍ പറയുന്നു. രാമന്‍ പ്രേമസ്വരൂപനായിരുന്നു. പ്രേമത്തിന്റെ സ്പര്‍ശം കല്ലുപോലുള്ള മനസ്സിനെ പോലും പരിവര്‍ത്തനം ചെയ്യുമെന്നാണ് ആ കഥയുടെ സാരം. ഉള്ളില്‍ ഈശ്വരഭക്തി നിറഞ്ഞ്കവിയുമ്പോള്‍, പിന്നെ നമ്മള്‍ വ്യക്തിയല്ല, ഈശ്വരശക്തി തന്നെയാണ്. ആ ശക്തിയെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല.

ജീവിതത്തില്‍ ഓരോരുത്തരുര്‍ത്തക്കും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അനേകം പ്രതിബന്ധങ്ങളുണ്ടാകും. അവയെ അതിജീവിക്കണമെങ്കില്‍, അസാദ്ധ്യമായ ധൈര്യവും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും വേണം. അവിടെ പ്രഹ്ലാദനെ പോലെയും, ധ്രുവനെ പോലെയും നമ്മെ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിയാതെ ഉറപ്പിച്ച് നിര്‍ത്തണമെങ്കില്‍, മനുഷ്യശക്തിക്ക് അതീതമായ ഈശ്വരശക്തിയില്‍ അടിയുറച്ച വിശ്വാസവും സമര്‍പ്പണവും വേണം. അതുണ്ടായാല്‍ വിജയം സുനിശ്ചിതമാണ്.

നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.

മഹാഗുരുക്കന്മാരും ഭാഗവതവും മറ്റ് ശാസ്ത്രഗ്രന്ഥങ്ങളും മനുഷ്യനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. ‘നീ അശക്തനും ദുര്‍ബ്ബലനും നിന്ദ്യനുമല്ല. ശ്രേഷ്ഠനും അതി ശക്തനും ഉത്കൃഷ്ട ഗുണങ്ങളോടും കൂടിയവനുമാണ്. എല്ലാ അറിവും ഉള്ളില്‍ വിളങ്ങുന്ന നീ സൂര്യതേജസ്സോടെ ജ്വലിക്കേണ്ടവനാണ്. മുന്നോട്ട്, ഉയരങ്ങളിലേക്ക് മാത്രം പോകേണ്ടവനാണ്. നീ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാണ്…’ ഈ അര്‍ത്ഥം വരുന്ന അനേകം ശ്ലോകങ്ങളും പ്രാര്‍ത്ഥനകളും നമ്മുടെ ശാസ്ത്രങ്ങളില്‍ കാണാം. ഇവിടെ നടക്കുന്ന വിധത്തിലുള്ള യജ്ഞങ്ങളില്‍ നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.

ഭാഗവതം വായിക്കുന്നതും പഠിക്കുന്നതും കേള്‍ക്കുന്നതും പ്രഹ്ലാദനെപോലെ, ധ്രുവനെ പോലെ, വൃന്ദാവനത്തിലെ ഗോപാലന്മാരെയും ഗോപികമാരെയും പോലെ, അമ്മ യശോദയെ പോലെയും ഒക്കെ ആകാന്‍ വേണ്ടിയായിരിക്കണം.

പ്രദക്ഷിണവും അപ്രദക്ഷിണവും

പ്രദക്ഷിണവും അപ്രദക്ഷിണവും

പ്രദക്ഷിണ തത്വത്തെ കുറിച്ച് സാധാരണകാർക്ക് മനസ്സിലാക്കുന്നരിതിയിൽ  വിശദമാക്കാം. പൂജയിൽ  അനുപേക്ഷണീയമായ ഉപകരണമാണല്ലോ ശംഖ്  . പൂജയിൽ ഉപയോഗിക്കുന്ന ശംഖ് ഇടംപിരിയാണ്  അതായത് ആ ശംഖ് നമ്മുടെ  മുൻവശത്ത് പിടിച്ചാൽ നമ്മുടെ ഇടത്ത് ഭാഗത്തായിരിക്കും  അതിൻ്റെ തുറന്നവായ് ഉണ്ടായിരിക്കുക  അത്തരം ശംഖിൻ്റെ പിരി പ്രദക്ഷിണമായിരിക്കും  അതായത് ക്ലോക്കിൻ്റെ സൂചി തിരിയുന്നപോലെ  എന്നാൽ വലംപിരി ശംഖ്  വളരെ അപൂർവ്വവും വിലപിടിച്ചതുമാണ്  ആ ശംഖ് പൂജിക്കാൻ ഉപയോഗിക്കാറില്ല.  പൂജയേൽക്കാനായി ദേവസ്ഥാനത്ത് നമ്മുക്ക് അഭിമുഖമായി  വലം പിരിശംഖ് വെയ്ക്കുക. ഇടംപിരി ശംഖിന് വിപരീതമായി വലംപിരിശംഖിൻ്റെ  പിരി അപ്രദക്ഷിണവും. അതായത് സാധാരണക്കരൻ്റെ നിലവാരത്തിൽ  നിന്ന്  ദേവത്വത്തെ പ്രാപിക്കുന്നമാർഗ്ഗം  പ്രദക്ഷിണവും, അതുപോലെ ദേവത്വത്തിൽ നിന്ന് ഇറങ്ങി സാധകന് അനുഗ്രഹം ചൊരിയേണ്ട മാർഗ്ഗം  അപ്രദക്ഷിണവുമാക്കുന്നു ആയിതീരുന്നു.  പ്രദക്ഷിണത്തിൻ്റെ ഓരോചുറ്റിലും   നാം ഒരു സ്ക്രൂ ആണി എന്നപോലെ ദേവത്വത്തിലേക്ക് ഉയരുകയാണ് ആ മാർഗ്ഗത്തിൻ്റെ പ്രത്യേകതയാണത്രേ. ദേവചെതന്യത്തെ നമ്മുടെ വലതുവശത്താക്കികൊണ്ടുള്ള വലം വെക്കൽ അഥവാ പ്രദക്ഷിണം  ക്ഷേത്രത്തിൽ പോയാൽ  ദേവത്വത്തിലേക്ക് ഉയരുവാൻ സാധന ചെയ്യുകയാണല്ലോ വേണ്ടത് അതിനാൽ നാം പ്രദക്ഷിണമാണ് വെക്കേണ്ടത് അപ്രദക്ഷണമല്ല എന്ന് വരുന്നു.  അങ്ങനെ ചെയ്യുന്നത് വളരെ ശ്രദ്ധയോടും സവധാനത്തിലും  മനസ്സിൻ്റെ പൂർണ്ണമായ ഏകാഗ്രതയോടും ചെയ്യേണ്ടുന്ന സാധനാ മാർഗ്ഗമാണ്.

പ്രാണ ശക്തികളും അവയുടെ ധർമ്മങ്ങളും

പ്രാണ ശക്തികളും അവയുടെ ധർമ്മങ്ങളും

പ്രാണന്‍ എന്നതിനെ  ജീവശക്തി എന്ന് വിശേഷിപ്പിക്കാം നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്ന  ദൈവീക ശക്തിയാണ്  പ്രാണൻ.  നമ്മെ ജീവിപ്പിക്കുന്ന നിലനിർത്തുന്ന  നയിക്കുന്ന  നിയന്ത്രിക്കുന്ന ശക്തി വിശേഷം  പ്രാണനാണ്. 

ഒരു ഓഫീസിൽ വിവിധ ജോലികൾ ചെയ്യാൻ മാനേജർ, ക്ലർക്ക്, അക്കൗണ്ടന്റ്, പ്യൂൺ, സെക്യൂരിറ്റി എന്നിവർ ഉള്ളതുപോലെ, അവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ കൃത്യമായി നിറവേറ്റുന്നതു പോലെ നമ്മുടെ ശരീരത്തിൽ നടക്കുന്ന കോടാനുകോടി ജൈവ - രാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന  നയിക്കുന്ന  ഏകോപിപ്പിക്കുന്ന  ആരോഗ്യവത്താക്കുന്ന സൂഷ്മ ശക്തികളാണ് പ്രാണനുകൾ.

ഒരു ദേഹം പ്രാണനോട് ചേരുമ്പോള്‍ അതിന്ന് ജീവന്‍ വെയ്ക്കുന്നു. എപ്പോള്‍ പ്രാണന്‍ ദേഹം വിട്ടുപോകുന്നുവോ അപ്പോള്‍ ആ ദേഹം മൃതമാകുന്നു. അതുകൊണ്ട് ശരീരത്തെ ചലിപ്പിക്കുന്ന ഒരു ശക്തി വിശേഷമാണ് പ്രാണന്‍ എന്ന് പറയാം.  ഈ പ്രക്രിയ ജനനം മുതല്‍ മരണം വരെ നാമറിയാതെ തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 

പ്രാണനെ അതിന്റെ പ്രവര്‍ത്തനം അനുസരിച്ച് അഞ്ചായി തരം തിരിച്ചിട്ടുണ്ട്. അതിനെയാണ് പഞ്ചപ്രാണന്‍ എന്ന് പറയുന്നത്. കൂടാതെ അഞ്ച് ഉപ പ്രാണൻ  കൂടിയുണ്ട്. 

1. പ്രാണൻ

പഞ്ച പ്രാണനിൽ ആദ്യത്തേതാണ് പ്രാണൻ. 
നമ്മുടെ ശരീരത്തിന്റെ  ഹൃദയ ഭാഗത്ത്, സൂഷ്മ ശരീരത്തിൽ അനാഹത ചക്രത്തിലിരുന്ന് നെഞ്ചിന്റെ ഭാഗത്തുള്ള സർവ്വനാഡീ ഞരമ്പുകളേയും, അംഗങ്ങളേയും, വിശിഷ്യ ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങൾക്കും ചൈതന്യം പകരുന്നതും , പ്രവർത്തിപ്പിക്കുന്നതും ഈ പ്രാണ ശക്തിയാണ്. 

2. അപാനൻ
പഞ്ച പ്രാണനിൽ രണ്ടാമത്തേതായ അപാനൻ പ്രാണൻ കുടികൊള്ളുന്നത് മൂലാധാര ചക്രസ്ഥാനമായ ഗുദ ഭാഗത്താണ്. അത് ചെറുകുടലിന്റെ പ്രവർത്തനത്തെ നിയന്ത്രിച്ച് ശരീരത്തിലേയ്ക്ക് പോഷകങ്ങളെ വലിച്ചെടുക്കുകയും, വൻകുടലിനെ സ്വാധീനിച്ച് മലമൂത്ര വിസർജ്ജനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. നമ്മുടെ ദേഹത്തിലുള്ള അനാവശ്യമായ അഥവാ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള വസ്തുക്കളെ പുറത്തേക്ക് വിസര്‍ജ്ജനം ചെയ്യിക്കുകയാണ് അപാനന്‍ ചെയ്യുന്നത്. മലം, മൂത്രം, വിയര്‍പ്പ് മുതലായ പലതും പുറത്തേക്ക് അയയ്ക്കുന്ന ഒരു യന്ത്രമാണ് അപാനന്‍ എന്നര്‍ത്ഥം.

3. സമാനൻ

മൂന്നാമത്തെ പ്രാണൻ ആണ് സമാനൻ.  ഭക്ഷണത്തിന്റെ ദഹന പ്രക്രിയയെ സ്വാധീനിക്കുന്ന ഈ പ്രാണ ശക്തി അധിവസിക്കുന്നത് സൂര്യചക്രത്തിന്റെ  മണിപൂരക ചക്രത്തിന്റെ സ്ഥാനമായ നാഭി പ്രദേശത്താണ്. ഈ പ്രാണനാണ് ജഠരാഗ്നിയെ ജ്വലിപ്പിച്ച് ഭക്ഷണത്തെ ദഹിപ്പിക്കുന്നത്.

നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെല്ലാം ദേഹത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് സമാനൻ ആണ്. ദഹനേന്ദ്രിയ വ്യവസ്ഥ നിയന്ത്രിക്കുന്നതും സമാനനാണ്. 

4. ഉദാനൻ

നമ്മുടെ ശരീരത്തിൽ കഴുത്തിൽ തൊണ്ടക്കുഴിയുടെ ഭാഗത്തുള്ള വിശുദ്ധി ചക്രത്തിൽ നിലകൊള്ളുന്ന ഈ പ്രാണശക്തി കണ്ണ്, മൂക്ക്, വായ്, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കുകയും, നിർവഹിക്കുകയും ചെയ്യുന്നു.

ഉദാനന്റെ പ്രവൃത്തി ദേഹത്തിന് ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പുറത്താക്കുക എന്നതാണ്. എന്തെങ്കിലും അപാകമായി അരുതാത്തതായി കഴിച്ചാല്‍ ദേഹത്തിന് അത് പറ്റുകയില്ല. അതിനെ പുറത്തു കളയണമെങ്കില്‍ ഉദാനന്റെ പ്രവർത്തനം കൂടിയേ തീരൂ. കൂടാതെ ഉദാനൻ വേറൊരു കൃത്യം കൂടി നിർവ്വഹിക്കുന്നു.  മരണ സമയത്ത് പ്രാണൻ  ദേഹത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെ പിടിയും വലിയും നടത്തും. ആ അവസരത്തില്‍ ഒരു അമ്പയറെപ്പോലെ സാഹചര്യത്തെ  ശാന്തമാക്കുന്നത്  ഉദാനൻ ആണ്. അങ്ങനെ പ്രാണന്‍ സമാധാനത്തോടെ ശരീരം വിട്ടുപോകുന്നു. തന്മൂലം ശാന്തമായ ഒരു മരണം ദേഹത്തിന് കൈവരുന്നു. 

5. വ്യാനൻ

ശരീരത്തിൽ നടക്കുന്ന രക്തചംക്രമണ വ്യവസ്ഥയെ കൃത്യമായി നിർവഹിക്കുക, ശരീരത്തിന് സ്പർശന ശക്തി നൽകുക, കൈകാലുകളുടെ പ്രവർത്തനങ്ങൾക്ക് ചേതന നൽകുക എന്നീ ചുമതലകൾ വ്യാനൻ നിർവഹിക്കുന്നു. വ്യാനൻ ശരീരമാകെ വ്യാപിച്ച് നിൽക്കുന്ന പ്രാണ ചൈതന്യമാണ്.

ശരീരത്തിലെ രക്തധമനിയിലെ രക്ത ചംക്രമണം നിയന്ത്രിക്കുന്നത് വ്യാനൻ ആണ്. ഈ പ്രാണന്റെ  അനാസ്ഥമൂലമാണ് രക്തം കട്ടപിടിക്കുന്നതും ഹൃദയം വികസിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന് ചിന്തിക്കാന്‍ കൂടി വയ്യാത്ത വിധത്തിലാണ് വ്യാനന്‍ പ്രവര്‍ത്തിക്കുന്നത്. 

ഈ പഞ്ചപ്രാണന്മാരാണ് ആധുനിക വൈദ്യശാസ്ത്രം (medical science) പറയുന്ന പൂർണ്ണ ഫിസിയോളജി ശാസ്ത്രം. ഇത് എത്രയോ നൂറ്റാണ്ടുകൾക്ക്  മുമ്പ് നമ്മുടെ ഋഷിവര്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുകയും ഹൈന്ദവ ആദ്ധ്യാത്മിക ശാസ്ത്രങ്ങളില്‍ അതിനെയെല്ലാം കുറിച്ചുള്ള  പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുള്ളതുമാണ് എന്നുള്ളത്  സനാതന സംസ്ക്കാരം അത്രമാത്രം ശാസ്ത്രീയ അടിത്തറയോടുകൂടിയതാണെന്ന് ബോധ്യപ്പെടുത്തുന്നു. 

ഈ പറഞ്ഞ പഞ്ചപ്രാണന്മാരുടെ കൃത്യമായ ക്രിയ ഒരു ദേഹത്തില്‍ ഉണ്ടാകുമ്പോള്‍ ആ ദേഹം സമ്പൂര്‍ണ്ണ ആരോഗ്യത്തോട് കൂടിയതായിത്തീരുന്നു. എന്നാല്‍ ഈ പഞ്ചപ്രാണന്മാര്‍ എപ്പോഴാണോ ഉദാസീനരാകുന്നത് അപ്പോഴാണ് നമുക്ക്, ആരോഗ്യം നഷ്ടപ്പെടുന്നത്.

പഞ്ചപ്രാണന്മാർക്ക് പുറമെ അഞ്ച് ഉപ പ്രാണന്മാർകൂടിയുണ്ട്. 

6. നാഗൻ

ഉപപ്രാണനായ നാഗൻ ഭക്ഷണത്തോടൊപ്പം അകത്ത് കടന്ന് ഏമ്പക്കത്തിലൂടെ പുറത്ത് വന്ന് ശരീരത്തിൽ നടത്തുന്ന ദഹനക്രിയയയെ സഹായിക്കുന്ന ശക്തിയാണ്.

7. കൃകരൻ

ഈ ഉപപ്രാണ വായു മൂക്കിൽ സ്ഥിതി ചെയ്യുന്നു. അനാവശ്യമായ  സൂഷ്മ കണങ്ങളെ മൂക്കിലൂടെ ശരീരത്തിൽ കടക്കാൻ അനുവദിക്കാതെ തടയുകയും, അവയെ തുമ്മലിലൂടെ പുറം തള്ളി ശ്വാസോച്ഛാസ പ്രക്രിയയെ എളുപ്പമുള്ളതാക്കുന്നു.

8. ദേവദത്തൻ

കോട്ടുവാ നൽകി ശരീരത്തിന് വിശ്രമത്തിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന ഉപപ്രാണശക്തിയാണിത്.

9. കൂർമ്മൻ

നയന രക്ഷയാണ് പ്രധാന ചുമതല. രാവും പകലുമില്ലാതെ നടക്കുന്ന കണ്ണിന്റെ ഇമവെട്ടൽ ഈ പ്രാണന്റെ നിയന്ത്രണത്തിലാണ്. 

10. ധനജ്ഞയൻ

മരണസമയത്ത് പഞ്ചപ്രാണനുകളും, ഉപപ്രാണനുകളിൽ നാലെണ്ണവും ശരീരത്തെ വിട്ടു പോയ ശേഷവും ധനജ്ഞയ പ്രാണൻ അൽപ സമയം ശരീരത്തിൽ തങ്ങി അതിന്റെ ചൂടാറാതെ സൂക്ഷിക്കുന്നു. ശേഷം സ്ഥൂല ശരീരത്തിൽ നിന്നും സൂഷ്മ ശരീരത്തെ, അഥവാ ആത്മാവിനെ വേർപ്പെടുത്തി സൂഷ്മ ലോകത്തേയ്ക്ക് നയിക്കുന്നതും ഈ പ്രാണനാണ്.

ചുരുക്കത്തിൽ നമ്മുക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെല്ലാം തന്നെ ഒരു തരത്തിൽ പറഞ്ഞാൽ പ്രാണന്റെ ഏറ്റക്കുറച്ചിലുകൾ മൂലമാണെന്ന് പറയാം. പ്രാണശക്തികൾ ശരിയായി,  സമതുലിതമായി പ്രവർത്തിക്കുമ്പോഴാണ് പൂർണ ആരോഗ്യം  ലഭിക്കുന്നതെന്ന് സ്പഷ്ടം. പ്രാണായാമ പരിശീലനത്തിലൂടെ പ്രാണശക്തികൾ ശരിയായി പ്രവർത്തിക്കുകയും സമ്പൂർണ ആരോഗ്യം സിദ്ധിക്കുകയും ചെയ്യുമെന്ന് യോഗിമാർ പറയുന്നു.

സോമരസം മദ്യമാണോ?

സോമലത സോമരസം

സോമരസം മദ്യമാണോ?

ഹൈന്ദവശാസ്ത്രങ്ങളിലേയും പുരാണ,  ഇതിഹാസങ്ങളിലേയും വാക്കുകളെ വ്യാഖ്യാനിക്കുന്നവരിൽ മിക്കവരും സത്യസന്ധത പുലർത്താറില്ല. അത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ ഫലമായി ഹൈന്ദവ ആചാരങ്ങളിൽ പലതും പൊതുജനമധ്യത്തിൽ അവഹേളിക്കപ്പെടുന്നതായി കാണാറുണ്ട്. ഇങ്ങനെ തെറ്റായി ചിത്രീകരിക്കപ്പെട്ടു പ്രചരിച്ചു വരുന്ന ഒന്നാണ് സോമരസം.
 
കളിയായും കാര്യമായും നമ്മളിൽ പലരും സോമമെന്ന വാക്കിനെ മദ്യത്തോടാണ് ഉപമിക്കാറുള്ളത്. സോമരസത്തെ മദ്യമായി വ്യാഖ്യാനിച്ച്  പുരാണത്തിൽ ദേവന്മാർ മദ്യപാനികളായിരുന്നു എന്ന് വരുത്തി തീർക്കാനും, മദ്യസേവ ഈശ്വരന്മാർ പോലും അനുവർത്തിച്ചിരുന്നതാണെന്നും വരുത്തിത്തീർക്കാൻ പലരും ശ്രമിക്കാറുണ്ട്. ശ്രമിക്കാറുണ്ട് എന്നല്ല അങ്ങനെ ഒരു പൊതുധാരണ സമാജത്തിൽ ഉണ്ടാക്കി എടുത്തിട്ടുണ്ട്. സത്യം ഇതല്ല. മദ്യവും പുരാണത്തിലെ സോമരസവുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് വാസ്തവം.

സോമലത 

ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് സോമലത. 
ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ ഔഷധ വള്ളി  ചെടിയാണ്  സോമലത. ഭൂമിയിലെ ചന്ദ്രന്റെ പ്രതിനിധിയെന്ന വിശേഷണമുള്ള   സോമലതയാണ് യാഗ ശാലയിലെ രാജാവായി അറിയപ്പെടുന്നത്. 

'സാര്‍ക്കോസ്റ്റിമ' എന്നാണ് അക്ലിപീഡിയേസി കുടുംബത്തില്‍പ്പിറന്ന സോമലതയുടെ ശാസ്ത്ര നാമം. സാര്‍ക്കോസ്റ്റിമ കാറോപീജിയ എന്ന് പൂർണ നാമം. 

48 ൽ പരം സോമലതകൾ ഉണ്ടെന്നാണ് പുരാണങ്ങൾ  പറയുന്നത്. പൂജാ വസ്തുവായ സോമലത ഒന്നാന്തരം അണു നാശിനിയും ഉന്മേഷദായിനിയുമാണ്. മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു. അന്യം നിന്നു കൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളർത്താൻ സാധിക്കും.  ആഴം കുറഞ്ഞതും വിസ്താരമേറിയതും അമിതമായി സൂര്യ പ്രകാശം ലഭിക്കാത്തതുമായ   സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗർണ്ണിമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കി സമയം നിദ്രയിലായിരിക്കും.

സോമരസം

സോമലത എന്ന സസ്യത്തിൽ നിന്നും പ്രത്യേക ക്രിയകളിലൂടെ അതിന്റെ നീരുറ്റിയെടുത്ത് നിർമ്മിക്കുന്ന പാനീയമാണ്‌ സോമം അഥവാ സോമരസം. ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു പാനീയമാണ്‌ സോമരസം. യാഗങ്ങളിലും മറ്റും സമർപ്പിക്കപ്പെടുന്ന യാഗദ്രവ്യമാണിത്‌.
വേദങ്ങളിൽ സോമരസത്തെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമർപ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. സോമരസം അർപ്പിക്കൽ സോമയാഗത്തിന്റെ നാലാം ദിവസമാണ്.

സോമം എന്നാല്‍ അമൃത് എന്നാണു മനസിലാക്കേണ്ടത് അത് യഥേഷ്ടം രുചിക്കുന്നവന്‍ പരമാനന്ദത്തില്‍ എത്തുന്നു. ശുദ്ധമായ തണുത്ത ജലം എന്നും സോമത്തിനു പേരുണ്ട് ഗംഗ ജലം അമൃതാണല്ലോ   അത് ലഭിക്കാന്‍ ഗംഗയെ അദ്ദേഹം ശിരസില്‍ വഹിക്കുന്നു.  അത് ഏറെ ലഭിക്കാന്‍ ഭഗവാന്‍  കൈലാസത്തില്‍ വാഴുന്നു.
 അദ്ദേഹം ഗംഗയുടെ കുളിരാര്‍ന്ന സോമത്തിനു അടിമയാണ്. അങ്ങനെ ശിവന്‍ സോമ ശേഖരന്‍ എന്നും അറിയപ്പെടുന്നു. 

വേദത്തിൽ പറയുന്ന സോമവും മദ്യവും (സുരയും) തമ്മിൽ ഒരു ബന്ധവുമില്ല. സോമലത എന്ന വള്ളിചെടിയുടെ നീര് പിഴിഞ്ഞെടുത്ത് അതെ പോലെ ഉപയോഗിക്കുന്നതാണ് യാഗങ്ങളിൽ ഉപയോഗിക്കുന്ന സോമരസം. എന്നാൽ സുര, പൗരാണിക കാലം മുതലേ ഉപയോഗിക്കുന്ന ലഹരി നല്കുന്ന പാനീയമാണ്. 

ഉദാഹരണത്തിന് വാജപേയ യജ്ഞത്തിൽ സുര കലശവും സോമ കലശവും വേറെ വേറെ സ്ഥാനങ്ങളിൽ വയ്ക്കുന്നു. സോമം, മദ്യം ആണെങ്കിൽ മദ്യ കലശം വേറെ വയ്ക്കേണ്ട കാര്യവുമില്ല. സോമം മദ്യമായി വ്യാഖ്യാനിക്കപ്പെട്ടത് ഇംഗ്ളീഷുകാർ വേദം പഠിക്കാനും വ്യാഖ്യാനിക്കാനും തുടങ്ങിയതോടെയാണ്. വെള്ളമൊഴികെയുള്ള പാനീയങ്ങൾ വിദേശീയരുടെ കണ്ണിൽ മദ്യമായാണ് അനുഭവപ്പെടുന്നത് എന്നതുകൊണ്ടാവും പരമാനന്ദ ഭാവത്തിലേക്ക് ഈശ്വരീയ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന എന്ന ആദ്ധ്യാത്മിക അർത്ഥമുള്ള സോമത്തെ ഇവർ മദ്യമാക്കിയത്. 

മദ്യപാനത്തെ  നിഷേധിക്കുന്ന മന്ത്രങ്ങൾ വേദത്തിൽ ലഭ്യമാണ് എന്നതും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. 

നാനാഹിവാം ദേവഹിതം സദസ്കൃതം 
മാ സംസൃക്ഷാതാം പരമേവ്യോമൻ, 
സുരാത്വമസി ശുഷ്മിനീ സോമ ഇഷ 
മാ മാ ഹിംസി: സ്വം യോനിമാവിശന്തി (യജുർവേദം 19.7) 

അർത്ഥം:  അല്ലയോ സോമമേ,  ഹേ സുരേ, ദേവൻമാർ നിങ്ങൾക്ക് രണ്ടു പേർക്കും ഈ ലോകത്ത് വെവ്വേറെ സ്ഥാനമാണ് കൽപ്പിച്ചു തന്നിട്ടുള്ളത്.  നിങ്ങൾക്ക് ഒരിക്കലും ഒരുമിക്കാൻ കഴിയില്ല. 

അല്ലയോ മദ്യമായ സുരേ,  നീ ശോഷിപ്പിക്കുന്നവളാണ്.  

എന്നാൽ ഈ സോമം നിന്നിൽ നിന്ന് തീർത്തും  ഭിന്നമായി നിന്നുകൊണ്ട് ആർദ്രതയും ശാന്തിയും പ്രദാനം ചെയ്യുന്നു.

വേദത്തിൽ മദ്യത്തെ സുരയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് കൂടി ഇതിലൂടെ വ്യക്തമാവുന്നു. 

സോമവും സുരയും ഒന്നല്ല
അവർക്ക് നൽകിയ സ്ഥാനം പോലും രണ്ടാണെന്ന് യജുർവ്വേദത്തിലെ ഈ മന്ത്രത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 

വേദ ഭാഷ്യങ്ങളും ശാഖകളും സോമത്തെ ശാന്തിദായകമെന്നും 
സുരയെ മദദ്രവ്യമെന്നും വിളിക്കുന്നു.

സുരയെ ദൂരെ നിർത്തുന്നവൻ പാപത്തെയും ദൂരെ നിർത്തുന്നു.

സത്യം യശ: ശ്രീ ജ്യോതി: 
സോമോ/മൃതം പപ്മാനമാസുരാ : (ശതപഥ ബ്രാഹ്മണം)

സത്യം, ജ്യോതിസ്, ശ്രീ, ശ്രേയസ് എന്നിവയുടെ പ്രതീകം ആണ് സോമം. എന്നാൽ പാപം, അന്ധകാരം എന്നിവയുടെ പ്രതീകം സുരയും. സുരയെ ദൂരെ നിർത്തുന്നവൻ പാപത്തെ ദൂരെ നിർത്തുന്നു. അവൻ യശസിനെ പ്രാപിക്കുന്നു.

യജ്ഞത്തിനു സോമം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് ശതപഥ ബ്രാഹ്മണം പറയുന്നത് നോക്കൂ..

യാന്യരുനപുഷ്പാണി ഫല്ഗുനാനി താനഭിഷുനുയാത് = പകരം ചുവന്ന പൂവുള്ള നീർ മരുത് ഉപയോഗിക്കുക 
ഇത് ലഭിച്ചില്ലെങ്കിൽ ശ്യേനഹൃത് (പഴയ മരങ്ങളിൽ വളരുന്ന ഒരു തരം ചെടി ഉപയോഗിക്കുക) 
അതും കിട്ടിയില്ലെങ്ക്ൽ പുതീകം (ആവൽ) ഉപയോഗിക്കുക
ഇതും ലഭിചില്ലെങ്കിലോ, ചെന്നിറം ഉള്ള ദർഭയോ പച്ചനിറമുള്ള കുശപ്പുല്ലോ ഉപയോഗിക്കുക.

സോമം, മദ്യത്തിന് സമം ആയിരുന്നെങ്കിൽ, ഇതൊന്നും പറയാതെ സോമത്തിനു പകരം കഞ്ചാവ് ഉപയോഗിക്കാൻ പറയുമായിരുന്നു.. പകരം ദർഭ വരെയാണ് പറഞ്ഞിരിക്കുന്നത്.

യജുർവ്വേദം പറയുന്നതു നോക്കുക : 

സുര അഥവാ മദ്യം കഴിച്ചാലുള്ള അവസ്ഥയെക്കുറിച്ച് ശതപഥബ്രാഹ്മണം പറയുന്നുണ്ട്:

സുരാം പീത്വാ രൗദ്രമനാ: ഭവതി.
(ശതപഥം 12.7., 3.20)

മദ്യപിച്ചാൽ മനുഷ്യൻ കോപാക്രാന്തനാകുമെന്നാണ് ഈ പ്രസ്താവനയുടെ അർത്ഥം.

എന്നാൽ ' സോമം കഴിച്ചാൽ മനസ്സൊരിക്കലും രൗദ്രമാകില്ലെന്നും ഇതേ വൈദിക സാഹിത്യം ചൂണ്ടിക്കാട്ടുന്നു.

സോമൻ ഈ രൗദ്ര മനോഭാവത്തിന് എതിരാണെന്ന് ഋഗ്വേദം ചൂണ്ടിക്കാട്ടുന്നത് കാണുക.

പ്രാത: സോമ മുത രുദ്രം ഹുവേ മ

(ഋഗ്വേദം 7:41: 1)

ശതപഥബ്രാഹ്മണത്തിലെ ഈ വരി കാണണം.

ശത പഥത്തിലെ അഞ്ചാം കാണ്ഡത്തിൽ ഒന്നാം അദ്ധ്യായത്തിൽ രണ്ടാം ബ്രാഹ്മണത്തിൽ 10-ാം ഖണ്ഡികയിൽ പറയുന്നുണ്ട് സോമവും സുരയും എന്താണെന്ന്. കാണുക.

സത്യം യശ: ശ്രീ ജ്യോതി: സോമോfനൃതം
പാപ് മാ തമ: സുരാ
ശ്രതപഥം 5.1.2.10 )
അർത്ഥം.

സത്യം, യശസ്സ്, ശ്രീ, ജ്യോതി എന്നിവയുടെ പര്യായമാണ് സോമം.

അനൃതം ( കളവ് ), പാപം, അന്ധകാരം  എന്നിവയുടെ പ്രതീകമാണ് സുര.
അതിനാൽ ഋഗ്വേദത്തിൽ പറയുന്നത് കേൾക്കൂ.

യുധ്യന്തേ ദുര്മദാസോ ന സുരായാമ് 
(ഋഗ്വേദം 8.2.12)

അർത്ഥം:

മദ്യപിച്ച് മനുഷ്യർ ദുർമദരായി പരസ്പരം പോരടിക്കുന്നു.

സോമം കള്ളാണെന്നും മഹർഷിമാർ സോമരസമാകുന്ന മദ്യം കുടിച്ച് പൂസായെന്നുമൊക്കെ പറയുന്നവർ നമ്മുടെ ഋഷി പരമ്പരയെത്തന്നെ ചെളി വാരി എറിയുന്നവരാണ്.
തമാശയ്ക്ക് പോലും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കരുത്.
കാരണം സുരയെ മദ്യമായിക്കണ്ട് അത് കുടിക്കരുതെന്ന് പ്രഖ്യാപിച്ചവരാണ് നമ്മുടെ ഋഷി പരമ്പര.

ആദ്ധ്യാത്മികമായ അർത്ഥത്തിൽ സോമം ഈശ്വരനാണ്.

യജുർവ്വേദത്തിലെ 3.56, 5.7, ഋഗ്വേദം 1. 91 - ാം സൂക്തം, 1.43.9 തുടങ്ങിയ മന്ത്രങ്ങളിലെ സോമ ശബ്ദത്തിന് ഈശ്വരൻ എന്നാണർത്ഥം.

ആധി ഭൗതികാർത്ഥത്തിൽ വിദ്വാൻ, രാജാവ്, സേനാപതി, സഭാദ്ധ്യക്ഷൻ, വൈദ്യൻ, ശിഷ്യൻ തുടങ്ങിയ നിരവധി അർത്ഥങ്ങൾ സോമശബ്ദത്തിനുണ്ടെന്ന് ചതുർവേദങ്ങൾ പഠിച്ചാൽ മനസിലാക്കാൻ സാധിക്കും. 

ആധിദൈവികാർത്ഥത്തിൽ  ചന്ദ്രൻ, വായു, ജലം, ധാന്യം, മുതലായ ഐശ്വര്യങ്ങൾ എന്നൊക്കെ അർത്ഥമെടുക്കണമെന്ന് ബ്രാഹ്മണങ്ങളും നിരുക്തവും നിഘണ്ടുവും പഠിച്ചാൽ മനസ്സിലാകും.

ഋഗ്വേദത്തിൽ ഒൻപതാം മണ്ഡലത്തിലെ 96-ാം സൂക്തത്തിലെ 5, 6, 34 മന്ത്രങ്ങളിലെയും 97-ാം സൂക്തത്തിലെ 35, 40, 41 മന്ത്രങ്ങളിലെയും സോമ ശബ്ദത്തിന് വൈദിക വാങ്മയത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ള യാസ്ക മഹർഷി നൽകിയ അർത്ഥം പരമാത്മാവ് എന്നാണ്.

യാസ്കനെപ്പോലുള്ള ഒരാൾ സോമത്തിന് പരമാത്മാവെന്ന് അർത്ഥം പറയുമ്പോൾ സംസ്കൃതം പോലും നേരേ ചൊവ്വേ അറിയാത്തവർ സോമത്തിന് മദ്യമെന്ന അർത്ഥം കല്പിച്ചു.

കള്ളുകുടിയിൽ താൽപ്പര്യമുള്ളവരും വേദത്തെ ഇടിച്ചു താഴ്ത്താൻ താല്പര്യമുള്ളവരും ഭാരതീയ സംസ്കാരത്തെ തച്ചുതകർക്കാൻ വെമ്പൽ കൊള്ളുന്നവരും സോമത്തെ മദ്യമാക്കി.

കണ്ണടച്ച് ഇരുട്ടാക്കിയ സായിപ്പിന്റെ വാക്കുകളാണ് സോമത്തെ മദ്യമാക്കുന്നവരുടെ പ്രമാണം.

 വേദാർത്ഥം പറയുന്നതിന്റെ കാര്യത്തിൽ നാം ശതപഥ കാരനായ യാജ്ഞവല്ക്യ നെയാണോ,
ഗോപഥ ബ്രാഹ്മണ കാരനെയാണോ, 
യാസ്ക മഹർഷി യെയാണോ സ്വീകരിക്കേണ്ടത്, 
അതോ
സ്വാർത്ഥ താല്പര്യങ്ങൾ ഹൃദയത്തിൽ നിറച്ച് ഭാവനാ കല്പിതമായ വേദാർത്ഥം മെനഞ്ഞെടുത്ത സായിപ്പിനെയാണോ? ചിന്തിക്കുക. 

സനാതന ധർമ്മത്തിന്റെ ശ്രേയസ്സും യശസ്സും ഉയർത്തിപിടിക്കാനും, സനാതന ഹൈന്ദവ ആദ്ധ്യാത്മിക ശാസ്ത്രങ്ങൾ പഠിക്കാനും ആധുനിക ശാസ്ത്രങ്ങൾക്ക് പോലും  അതീതമായി നിൽക്കുന്ന നമ്മുടെ വേദേതിഹാസങ്ങൾ മനസിലാക്കാനും 
വേദങ്ങളെ  വികലമായി ചിത്രീകരിച്ചു സമാജത്തിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് തിരിച്ചറിയാനുമുള്ള പ്രാപ്തിയും ഇച്ഛാശക്തിയും  എല്ലാവർക്കുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 

കുണ്ഡലിനി ശക്തി

കുണ്ഡലിനി ശക്തി

കുണ്ഡലിനി സുഷുമ്‌നയുടെ അടിഭാഗത്തുള്ള മൂലാധാര ചക്രത്തില്‍ തലകീഴായി മൂന്നരച്ചുറ്റായി ഉറങ്ങിക്കിടക്കുന്ന നിദ്രാശക്തിയുള്ള സര്‍പ്പമാണ്. യഥാവിധി പ്രാണായാമം ചെയ്യുമ്പോളുണ്ടാകുന്ന ചൂട് നിമിത്തം ഈ ശക്തി നിദ്രയില്‍ നിന്നുണര്‍ന്നുവരികയും അത് ക്രമേണ മേലോട്ടുള്ള ആറ് ചക്രങ്ങളെയും കടന്ന് മൂര്‍ദ്ധാവിലുള്ള സഹസ്രാരപത്മത്തിലെത്തി അവിടെ കുടികൊള്ളുന്ന ശിവചൈതന്യത്തില്‍ ലയിച്ച് യോഗി നിര്‍വികല്‍പ സമാധിയുടെ സുഖം അനുഭവിക്കുകയും ചെയ്യുന്നു.

ഇഡ, പിംഗല

മൂലാധാരമൊഴിച്ചുള്ള മറ്റ് നാല് ആധാരചക്രങ്ങള്‍ സുഷുമ്‌നയിലാണ് സ്ഥിതിചെയ്യുന്നത്. ആറാമത്തെ ചക്രമായ ആജ്ഞ പുരികമദ്ധ്യത്തിലാണ്. സുഷുമ്‌നയെ ചുറ്റി ഇടവും വലവുമായി ഇഡ എന്നും പിംഗല എന്നും രണ്ടു നാഡികള്‍ പ്രാണനെ വഹിച്ചുകൊണ്ട് മേലും താഴെയുമായി '

ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ അതിസൂക്ഷ്മമായ നാഡികളാണ്. ഇഡയുടെ ദേവത ചന്ദ്രനായതുകൊണ്ട് അത് ചാന്ദ്രനാഡിയും പിംഗലയുടെ ദേവത സൂര്യനായതുകൊണ്ട് അത് സൂര്യനാഡിയും സുഷുമ്‌നയുടെ ദേവത അഗ്നിയായതുകൊണ്ട് അത് അഗ്നിനാഡിയുമാണ്. ശിവന്റെ രണ്ടു നേത്രങ്ങള്‍ സൂര്യചന്ദ്രന്മാരും നെറ്റിയിലെ നേത്രം അഗ്നിയുമാണ്. ഇഡയില്‍ക്കൂടി ചന്ദ്രപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ശീതളമാണ്. പിംഗളയില്‍ക്കൂടി സൂര്യപ്രവാഹമുണ്ടാകുന്നതുകൊണ്ട് അത് ഊഷ്മളമാണ്. ഇഡ ഇടതു നാസികയില്‍ക്കൂടിയും പിംഗള വലതു നാസികയില്‍ക്കൂടിയും പ്രവഹിക്കുന്നു. ഇഡ തമപ്രകൃതിയും പിംഗള രജസ്സ് പ്രകൃതിയും ഉള്ളതാണ്. ഇഡ അമൃതപ്രവാഹിയും പിംഗള വിഷപ്രവാഹിയുമാണ്.

സുഷുമ്‌ന

കുണ്ഡലിനിയില്‍ നിന്ന് 72000 നാഡികള്‍ ഉത്ഭവിക്കുന്നു. അവയില്‍ 72 എണ്ണം പ്രധാനപ്പെട്ടതും അവയില്‍ പത്തെണ്ണം അതിപ്രധാനവും അവ പ്രാണനെ ധരിക്കുന്നവകളുമാണ്. തന്നിമിത്തം പ്രാണന്‍, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിവ അവയുടെ ദേവതകളാകുന്നു. പ്രാണന്‍ സുഷുമ്‌നയില്‍ക്കൂടി ചലിക്കുമ്പോള്‍ അഗാധമായ ധ്യാനവും ക്രമേണ സമാധ്യവസ്ഥയുമുണ്ടാകുന്നു.

കുണ്ഡലിനി വര്‍ത്തുളമായി, ഓജശ്ചക്തിയായി സുഷുമ്‌നയില്‍ക്കൂടി സഞ്ചരിച്ച് ഓരോ ചക്രങ്ങളെയും മറികടക്കുമ്പോള്‍ യോഗിക്ക് പലപല അനുഭൂതികളുണ്ടാകുകയും ശക്തിയാര്‍ജിക്കുകയും അയാള്‍ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.

പ്രാണായാമത്തിലെ കുംഭകം ചെയ്യുമ്പോള്‍ ഊര്‍ജ്ജമുണ്ടാവുകയും തന്നിമിത്തം കുണ്ഡലിനി ഉണരുകയും സുഷുമ്‌നാനാഡിയിലൂടെ മേലോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ആറ് ഷഡാധാരചക്രങ്ങളെയും കടന്ന് സഹസ്രാരപത്മത്തിലെത്തി അതിന്റെ കര്‍ണികയ്ക്കുളളില്‍ കുടികൊള്ളുന്ന ശിവനുമായി ചേരുകയും ചെയ്യുമ്പോള്‍ യോഗി സച്ചിദാനന്ദസുഖം അനുഭവിക്കുന്നു. ആ യോഗി സര്‍വസ്വാതന്ത്ര്യവും സര്‍വൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു.

ഷഡാധാരചക്രങ്ങളിലെല്ലാം കുടികൊള്ളുന്നത് സൂക്ഷ്മശരീരത്തില്‍ നിഭൃതമായിരിക്കുന്ന ആത്മീയ ഊര്‍ജ്ജമാണ്. പ്രാണായാമത്തിന്റെ ശീലനംകൊണ്ട് നാഡികള്‍ സംശുദ്ധീകരിക്കപ്പെടുന്നു. യോഗിയുടെ ശരീരത്തില്‍ ലാഘവത്വം, ശരീരവര്‍ണത്തില്‍ തിളക്കം, ആമാശയാഗ്നിയുടെ വര്‍ദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവകളെല്ലാം ആകമാനമുള്ള പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികള്‍ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്.

26 April 2020

കാമാക്ഷിയായ പാര്‍വതി ദേവി

കാമാക്ഷിയായ പാര്‍വതി ദേവി 

വിശ്വ പ്രസിദ്ധമായ കാഞ്ചീപുരത്ത്ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ  കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഒരു  കഥയുണ്ട്. ഭഗവാനും ഭഗവതിയും പ്രപഞ്ച സംരക്ഷണത്തിനിടയിൽ ചില നേരത്ത്  വിനോദങ്ങളിലും ലീലകളിലും ഏർപ്പെടുക പതിവായിരുന്നു. കുറവനും കുറത്തിയുമായി നാട്ടിൽ അലഞ്ഞതും കുരങ്ങനും പെൺകുരങ്ങുമായി കാട്ടിൽ ലീലയാടിയതും മറ്റും പ്രസിദ്ധമാണല്ലോ. ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ  ശ്രീപാര്‍വതിയും  ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ   കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലാണ്ടു. ഭുമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി.

ഭഗവാൻ പെട്ടെന്ന് തൃക്കണ്ണ് തുറന്ന് ഭൂമിയെ പ്രകാശമാനമാക്കി രക്ഷിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ  പാര്‍വതി മാപ്പു ചോദിച്ചെങ്കിലും മഹാദേവൻ ക്ഷമിച്ചില്ല. പൊതുവെശാന്തം പത്മാസനസ്ഥം എന്ന പ്രകൃതമാണ് പരമശിവനെന്നാണ് പറയുന്നത്. കോപിച്ചു പോയാലാകട്ടെ എല്ലാം കരിച്ചു കളയും. ദേവിയുടെ പ്രവർത്തിയിൽ ക്ഷുഭിതനായ മഹാദേവന്‍ പക്ഷേ കടുംകൈയൊന്നും ചെയ്തില്ല; പകരം ത്രിലോകസുന്ദരിയായ ദേവിയെ ശപിച്ചു.  സൗന്ദര്യം കെട്ട് വികൃത രൂപമായിതീരട്ടെ എന്ന്. ഈ ശാപത്തിന് ആ നിമിഷം തന്നെ ഫലമുണ്ടായി. ശാപമോക്ഷത്തിന് ദേവി താണുവീണ് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോപം തെല്ല് ശമിച്ചപ്പോൾ  ശാപമോക്ഷത്തിനായി ഭഗവാന്‍ ഒരു മാർഗ്ഗം നിര്‍ദ്ദേശിച്ചു. ഭൂമിയില്‍  കാഞ്ചിപുരം എന്ന സ്ഥലത്ത് ഒരു മാവുണ്ട്. അതിന്റെ കീഴിൽ പോയിരുന്ന് തപസ്സ് ചെയ്യുക. മറ്റ് വഴിയില്ലാതെ ദേവി കാഞ്ചീപുരത്ത് കൊടും തപസ്സു തുടങ്ങി. ദേവിയുടെ കഠിന തപസിനെക്കുറിച്ചറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു വൈരൂപ്യം മറയ്ക്കാൻ കരിനീലക്കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ദേവിക്ക്  കാമം ചൊരിയുന്ന സുന്ദരമായ വലിയ കറുത്ത കണ്ണുകള്‍ സ്വന്തമായി. അതോടെ  പാര്‍വതി ദേവി കാമാക്ഷി ആയിത്തീര്‍ന്നു.

ദേവിയുടെ സൗന്ദര്യം അനേകായിരം മടങ്ങ് വർദ്ധിച്ചു. എന്നിട്ടും ദേവി ശിവലിംഗത്തിനു മുമ്പില്‍ തപസ്സ് തുടര്‍ന്നു. ഇത് കണ്ട് സംപ്രീതനായ ഭഗവാൻ പാര്‍വതിയുടെ തപോബലം പരീക്ഷിക്കുന്നതിനായി ആദ്യം അഗ്നിയെ അയച്ചു. മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ദേവി അഗ്നിയെ പ്രതിരോധിച്ചു. പിന്നെ ശിവൻ ഗംഗയെ വേഗാവതി  നദിയാക്കി അവിടേക്കയച്ചു. സംഹാരരുദ്രയായി  അതിശക്തമായി കുതിച്ചു വന്ന പ്രളയ ജലം കണ്ട് കമ്പ, കമ്പ എന്ന് വിളിച്ച് കരഞ്ഞതല്ലാതെ ദേവി ശിവലിംഗം ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ല. പകരം ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. സംതൃപ്തനായ ശിവന്‍ അപ്പോൾ തന്നെ പ്രത്യക്ഷനായി ദേവിയെ കൈലാസത്തിലേക്ക്  കൂട്ടിക്കൊണ്ടു പോയി. കാഞ്ചീപുരത്തെ മാവിന്‍ ചുവട്ടില്‍ പ്രത്യക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. കമ്പ എന്നാൽ പേടി എന്നാണ് അർത്ഥം. ഈ നദിക്ക് അങ്ങനെയാണ് കമ്പ എന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു.

ഈ ഐതിഹ്യത്തിന് രൂപാന്തരങ്ങൾ വേറെയുമുണ്ട്: ശിവന്റെ ശാപഫലമായി പാർവ്വതി ശിശുവായി ഭൂമിയിൽ അവതരിച്ചപ്പോൾ കാത്ത്യയന മഹാമുനിയത്രേ വളർത്തിയത്. അങ്ങനെ ദേവി കാത്ത്യയനിയായി. പിന്നീട് കാത്ത്യയനിക്ക് കാഞ്ചീപുരത്തേക്ക് വഴികാട്ടിയതും ശിവലിംഗമുണ്ടാക്കാൻ  പ്രത്യേക മണല്‍ത്തരികള്‍ സമ്മാനിച്ചതും കാത്ത്യയന മഹാമുനിയാണെന്നാണ് കഥയുടെ മറ്റൊരു  രൂപാന്തരം. തമിഴ്നാട്ടിലെ ഏകാംബര ക്ഷേത്രത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണ്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാവിലെ ഓരോ ശിഖരത്തിലുള്ള മാങ്ങയ്ക്ക് വെവ്വേറെ രുചിയാണ്. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഇവിടുത്തെ മാങ്ങ രുചിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹിക്കപ്പെടുമത്രേ. മംഗല്യഭാഗ്യത്തിനും കാമാക്ഷി അമ്മയുടെ സന്നിധിയിൽ അഭയം തേടുന്നത് അനേകായിരങ്ങളാണ്. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം.  ഇവിടെയുള്ള  ഏകാംബരേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക് രോഗങ്ങളും  ഉദര രോഗങ്ങളും മാറും. ശരീരത്തിലെ അമിതമായ ചൂട് ശമിക്കുമെന്നും വിശ്വാസമുണ്ട്. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ  ശിവലിംഗം  അതി വിശിഷ്ടമാണ്; അപാരമായ അനുഗ്രഹ ശക്തിയുള്ളതാണ്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത്. ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. വിവാഹങ്ങള്‍ ധാരാളം നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.

കോവക്കയും പന്തിരുകുലവും

കോവക്കയും പന്തിരുകുലവും

കാണാൻ മനോഹരവും രുചികരവും ഗുണകരവുമായ കോവക്ക പച്ചക്കറികളിലെ പഴമക്കാരനാണ്. വേലിപ്പടർപ്പിലെ വളളികളിൽ പച്ചയിൽ ചാരനിറത്തോടു കൂടിയ വരയുമായി വിരൽ നീളത്തിൽ നാണം കുണുങ്ങി തല കുനിച്ചു നിൽക്കുന്നതു കണ്ടാൽ ആളിത്ര കേമനാണെന്ന് തോന്നുകയില്ല. ഐതീഹ്യപ്രകാരം കോവക്കയുടെ ജന്മ രഹസ്യം ഏറെ കൗതുകകരമാണ്. വരരുചിപ്പഴമയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടു കിടക്കുന്നു നമ്മുടെ കുഞ്ഞു കോവക്കയുടെ ജന്മരഹസ്യം.

വിക്രമാദിത്യ രാജസദസിലെ പ്രമുഖൻ; രാജാവിന്റെ ഇഷ്ടസേവകൻ, സകലകലാ വല്ലഭൻ, പണ്ഡിതൻ, ശാസ്ത്രകാരൻ ഒക്കെയായിരുന്നു  വരരുചി.  ഏതെങ്കിലും വിഷയത്തിൽ രാജാവിന് സംശയമുണ്ടായാൽ അത് പരിഹരിയ്ക്കുന്ന വിജ്ഞാനകോശമായിരുന്നു വരരുചി.
ഒരിക്കൽ വരരുചി യാത്രക്കിടെ ഭക്ഷണത്തിനായി ഒരു ബ്രാഹ്മണ കുടുംബത്തിൽ ചെന്നെത്തി. ഭക്ഷണത്തിന് മുന്നേ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്ന് പരീക്ഷിച്ചു കളയാം എന്ന് വരരുചി തീരുമാനിച്ചു. അദ്ദേഹം വീട്ടുകാരനോട് ” ഞാൻ ഊണുകഴിയ്ക്കണമെങ്കിൽ ചില സംഗതികളുണ്ട് അതിവിടെ സാധിയ്ക്കുമൊ എന്നറിഞ്ഞിട്ടു വേണം കുളിച്ച് ഭക്ഷണം കഴിയ്ക്കാൻ ” എന്ന് പറഞ്ഞു.
ഇതു കേട്ട വീട്ടുകാരൻ നിസഹായനായി പറഞ്ഞു,” എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ സാധിച്ചു തരാം. പറയൂ..”.

വരരുചി തന്റെ ആവശ്യം പറഞ്ഞു ,”മറ്റൊന്നുമല്ല കുളി കഴിഞ്ഞാൽ ഉടുക്കാൻ വീരാളിപ്പട്ടു വേണം. മാത്രമല്ല നൂറു പേർക്ക് ഭക്ഷണം കൊടുത്തിട്ടെ ഞാൻ ഊണു കഴിയ്ക്കൂ; ഊണിന് നൂറ്റെട്ടു കൂട്ടം കറിവേണം. ഊണുകഴിഞ്ഞാൽ പിന്നെ എനിയ്ക്ക് മൂന്നു പേരെ തിന്നണം, നാലു പേരെന്നെ ചുമക്കുകയും വേണം ഇത്രേയുള്ളു…”

ഇതു കേട്ട വീട്ടുകാരൻ എന്തു ചെയ്യണമെന്നറിയാതെ അതിശയിച്ചു.. ഉടനെ വീട്ടുകാരന്റെ മകൾ അകത്ത് നിന്നും “അച്ഛനൊട്ടും വിഷമിയ്ക്കേണ്ട എല്ലാം ഇവിടെയുണ്ടെന്ന് പറഞ്ഞോളൂ…” എന്ന് അച്ഛനോട് രഹസ്യം പറഞ്ഞു.
അദ്ദേഹം മകളുടെ അഭിപ്രായം വരരുചിയെ അറിയിച്ചു. വരരുചി കുളിയ്ക്കാൻ പോവുകയും ചെയ്തു.
വീട്ടുകാരന് ആധിയായി .അദ്ദേഹം മകളെ വിളിച്ച് ഇതെല്ലം എങ്ങനെയാ തരപ്പെടുക എന്ന് അന്വേഷിച്ചു . .

”അതെല്ലാം നടക്കും,. ഇതൊന്നും അത്ര പ്രയാസമുള്ള കാര്യമല്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛന് മനസിലാകാഞ്ഞിട്ടാണ് വിഷമിയ്ക്കുന്നത്. എന്ന് മകൾ വീട്ടുകാരനെ ബോധ്യപ്പെടുത്തി .

”അദ്ദേഹം വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്.
നൂറു പേർക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞതിന്റെ സാരം അദ്ദേഹത്തിന് വൈശ്വദേവം (പൂജ കഴിക്കുക) കഴിയ്ക്കണമെന്നാണ്. വൈശ്യം തൂവുന്നത് കൊണ്ട് നൂറു ദേവതമാർക്ക് തൃപ്തിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്.. പിന്നെ നൂറ്റെട്ടു കൂട്ടം കറി വേണമെന്ന് പറഞ്ഞത് ഇഞ്ചിക്കറി വേണമെന്നാണ്.

വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും കൂട്ടിമുറുക്കണമെന്നാണ് മൂന്ന് പേരെ തിന്നുക എന്ന് പറഞ്ഞതിന്റെ പൊരുൾ.. നാലു പേർ ചുമക്കണമെന്നാവശ്യപ്പെട്ടത് ഊണുകഴിഞ്ഞാൽ കുറച്ചു നേരം കിടന്ന് വിശ്രമിയ്ക്കണം. അതിനൊരു കട്ടിലുവേണമെന്നാണ്. കട്ടിലിനെ നാലുകാലുകൾ കൂടി ചുമക്കുന്നതാണല്ലൊ” മകൾ പറഞ്ഞത് കേട്ട് വീട്ടുകാരന് വലിയ സന്തോഷമായി.

ഊണും വിശ്രമവും കഴിഞ്ഞ വരരുചി താൻ പറഞ്ഞതിന്റെ സാരം മനസിലാക്കിയ ആ വീട്ടിലെ പെൺകുട്ടി ബുദ്ധിമതിയാണെന്ന് കണ്ട് അവളെ വിവാഹം കഴിക്കണമെന്നാഗ്രഹം പ്രകടിപ്പിച്ചു .വീട്ടുകാരൻ സമ്മതിച്ചു.

വിവാഹം കഴിഞ്ഞ ദമ്പതിമാർ സ്വന്തം വസതിയിലേയ്ക്ക് മടങ്ങി. ഒരു ദിവസം ഭക്ഷണം കഴിച്ച് രണ്ട് പേരും കൂടി സന്തോഷത്തോടെ ഇരിക്കുമ്പോൾ വരരുചി ഭാര്യയുടെ മുടി ചീകി കൊടുത്തു. അതിനിടയിൽ തലയുടെ മധ്യത്തിൽ വലിയൊരു വ്രണത്തിന്റെ പാടു കണ്ടു അതെന്തെന്ന് ചോദിച്ചു. അപ്പോൾ തന്റെ യഥാർത്ഥ കഥ ആ സ്ത്രീ വരരുചിയോടു പറഞ്ഞു. തന്റെ അച്ഛനായ ബ്രാഹ്മണൻ തന്നെ ദത്ത് എടുത്തതാണെന്നും തീരെ കുഞ്ഞായിരുന്നപ്പോൾ ആരോ തന്നെ പുഴയിലൂടെ ഒഴുക്കിവിട്ടതാണെന്നും കുളിയ്ക്കാൻ വന്ന അമ്മ തന്നെ എടുത്ത് വളർത്തിയതാണെന്നും അവർ വരരുചിയോടു പറഞ്ഞു…

കഥ കേട്ട് വരരുചി വിഷണ്ണനായി. താൻ പണ്ട് വനദേവതയുടെ പ്രവചനം തെറ്റിക്കാൻ അതിബുദ്ധി കാണിച്ച് രാജാവിനെ കൊണ്ട് തെറ്റ് ചെയ്യിച്ച സംഭവം ഓർത്തു.അതിങ്ങനെ ആയിരുന്നു .

വിക്രമാദിത്യ രാജാവിന്റെ സംശയ നിവാരണത്തിനായ് രാമായണത്തിലെ പ്രധാന വാക്യം തേടിയുള്ള യാത്രയിൽ വനദേവതമാർ നടത്തിയ സംഭാഷണം കേൾക്കാനിടവന്ന വരരുചി. ” പറയിപെറ്റ പെൺകുഞ്ഞിനെ ഭാവിയിൽ വിവാഹം കഴിയ്ക്കാൻ പോകുന്നത് വരരുചിയായിരിക്കും “. ഇതൊഴിവാക്കാനായി രാജാവിനോട് അസത്യം പറഞ്ഞ് കുഞ്ഞിനെ വെള്ളത്തിൽ ഒഴുക്കിവിട്ട സംഭവം വരരുചിയെ വല്ലാതെ ദു:ഖിപ്പിച്ചു.

അദ്ദേഹം ഭാര്യയുമായി ദേശസഞ്ചാരത്തിന് പുറപ്പെട്ടു. അങ്ങനെ പല ദിക്കുകളിൽ വച്ച് പന്ത്രണ്ട് മക്കൾ ജനിച്ചു. ഓരോ കുട്ടി ജനിയ്ക്കുമ്പോഴും വരരുചി ഭാര്യയോട് ചോദിയ്ക്കും കുട്ടിയ്ക്ക് വായുണ്ടൊ? ഉണ്ട് എന്നാണ് മറുപടിയെങ്കിൽ “വായുള്ള പിള്ളയക്ക് ദൈവം ഇരയും നൽകും അതിനാൽ കുട്ടിയെ എടുക്കണമെന്നില്ല. ഒടുവിൽ പന്ത്രണ്ടാമത്തെതിനെ പ്രസവിച്ചപ്പോൾ കുഞ്ഞിനെ വളർത്താനുള്ള മോഹം കൊണ്ട് ഭാര്യ വരരുചിയോട് പറഞ്ഞു കുട്ടിയ്ക് വായില്ല. എന്നാൽ ആ കുട്ടിയെ കൈയ്യിലെടുക്കാൻ അനുവാദം കൊടുത്തു. യഥാർത്ഥത്തിൽ കുട്ടിയ്ക്ക് വായില്ലായിരുന്നു. വരരുചി ആ കുഞ്ഞിനെ ഒരു മലമുകളിൽ സ്ഥാപിച്ചു. അതാണ് വായില്ലാകുന്നിലപ്പൻ….

ബാല്യം കഴിഞ്ഞപ്പോൾ പല ദിക്കുകളിൽ വളർന്ന കുട്ടികൾ പരസ്പരം തിരിച്ചറിഞ്ഞു. അവർ സഹോദരങ്ങളാണെന്നും പന്ത്രണ്ട് ദിക്കിൽ തങ്ങളെ ഉപേക്ഷിച്ചതിന് മറ്റു പല കാരണങ്ങളും കൂടിയുണ്ടെന്നും. മാതാപിതാക്കളുടെ ചാത്തമൂട്ടിന് വായില്ലാകുന്നിലപ്പൻ ഒഴികെ മറ്റ് പതിനൊന്നു പേരും ഒത്തുചേരുമായിരുന്നു.

മേഴത്തോളഗ്നിഹോത്രിയുടെ ഇല്ലത്താണ് ചാത്ത മൂട്ടുന്നത്. ചാത്ത മൂട്ടിന് പതിനൊന്നു പേരും ഓരോ വിഭവത്തിനുള്ളത് കൊണ്ടുവരുമായിരുന്നു. പാക്കനാർ മാംസമാണ് കൊണ്ടുവരുന്നത്. അഗ്നിഹോത്രിയുടെ അന്തർജ്ജനത്തിനും ചാത്തക്കാർക്കും ഇത് വിഷമമുണ്ടാക്കിയിരുന്നു.. ഒരിയ്ക്കൽ പാക്കനാർ പശുവിന്റെ അകിട് ചെത്തിയെടുത്ത് ഒരിലയിൽ പൊതിഞ്ഞു കൊണ്ടുവന്നു. പശുവിന്റെ അകിടാണെന്നറിഞ്ഞ അന്തർജ്ജനം അത് പാചകം ചെയ്യാൻ കഴിയില്ലെന്ന് നിശ്ചയിച്ച് നടുമുറ്റത്ത് കുഴിച്ചിട്ടു. ഒടുവിൽ ചാത്തക്കാരന് വിഭവങ്ങൾ വിളമ്പിയപ്പോൾ പാക്കനാർ കൊണ്ടുവന്ന വിഭവം കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് അന്തർജ്ജനം അത് കുഴിച്ചുമൂടിയ വിവരം പറഞ്ഞത്. അപ്പോൾ പാക്കനാർ പറഞ്ഞു “അത് മുളച്ചോ എന്ന് നോക്കൂ “…
അന്തർജ്ജനം ചെന്നു നോക്കിയപ്പോൾ അത് മുളച്ച് അവിടെയാകെ പടർന്ന് പന്തലിച്ച് കായ്ച്ചുകിടക്കുന്നതാണ് .കണ്ടത്. വിവരം അറിയിച്ചപ്പോൾ അതിന്റെ കായ പറിച്ചുപ്പേരിയുണ്ടാക്കി വരാൻ പാക്കനാർ പറഞ്ഞു. ചാത്തക്കാരന് കായ പറിച്ചുപ്പേരിയുണ്ടാക്കി കൊടുത്തു. അങ്ങനെയുണ്ടായതാണ് കോവൽ.
കോവക്ക ബലിയ്ക്ക് പ്രധാനമാണ്. കോവലും കോഴിയുമുളളിടത്ത് ബലിയിട്ടില്ലെങ്കിലും പിതൃക്കൾ പ്രസാദിച്ചുകൊള്ളും എന്നൊരു ചൊല്ലുണ്ട്. അതുപോലെ തന്നെ കോവലിൽ പശുകടിച്ചാൽ കോവക്ക കയ്ക്കുമെന്നും പറയും.