ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label അയ്യപ്പൻ. Show all posts
Showing posts with label അയ്യപ്പൻ. Show all posts

15 January 2025

ശ്രീ ധർമ്മശാസ്താവ്

ശ്രീ ധർമ്മശാസ്താവ്

ശാസ്താവ് , ശനീശ്വരൻ, അയ്യപ്പൻ ഇവരെല്ലാം ഒന്നാണോ? പലർക്കും സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണിത്. പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. അപ്പോൾ എന്താണ് വാസ്തവം. ശനീശ്വരൻ അഥവാ ശനി ഭഗവാന്റെ അവതാരമാണ് ശാസ്താവ്. വിഷ്ണു മഹേശ്വരപുത്രനായ ശാസ്താവിന്റെ ജന്മകഥ എല്ലാവർക്കും അറിയാവുന്നതാണ് .
വിഷ്ണുമായയിൽ പിറന്ന ശാസ്താവ്, കൈലാസത്തിൽ ആണ് വളർന്ന് വന്നത്. എല്ലാശാസ്ത്രങ്ങളിലും ആയോധന കലകളിലും തികഞ്ഞവനായി കൈലാസത്തിൽ ശാസ്താവ് വളർന്നു. 12 വയസ്സു വരെ ഇങ്ങനെ ഒരു പുത്രൻ കൈലാസത്തിൽ വളരുന്നു കാര്യം ശിവൻ എല്ലാവരോടും മറച്ച് വെച്ചിട്ടാണ് വളർത്തിയത്. ഈ അദ്ഭുത പുത്രനെ കുറിച്ചറിഞ്ഞ ദേവന്മാർ കുറച്ച് കാലം ദേവലോകത്തിൽ വാഴുവാനും സൽക്കാരത്തിൽ പങ്കുചേരാനും പറഞ്ഞു. പക്ഷെ, മഹാദേവനു താല്പര്യം ഉണ്ടായിരുന്നില്ല. അവിടെയ്ക്ക് (ദേവലോകത്തേക്ക്) പോകുവാൻ ശാസ്താവ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പുത്രനോട് വളരെ അധികം വാത്സല്യം ഉണ്ടായിരുന്ന മഹാദേവൻ പറഞ്ഞു, നീ എല്ലാവരേക്കാളും അഗ്രഗ്രണ്യൻ തന്നെയാണ്. എങ്കിലും, ദേവന്മാർ ചതിയന്മാർ ആണ്, നിന്നെ അവർ ചതിക്കും, നീ ചതി , വഞ്ചന എന്നിവ അറിയാതെയാണ് വളർന്നിട്ടുള്ളത്. അത് കൊണ്ട് നീ അവിടേയ്ക്ക് പോകേണ്ടതില്ലാ. പക്ഷെ, ദേവലോകത്തെ അത്ഭുതങ്ങളെ കുറിച്ചറിഞ്ഞ ശാസ്താവ് അത് അനുഭവിച്ചറിയണം എന്ന നിർബന്ധബുദ്ധിയിൽ മഹാദേവന്റെ സമ്മതം വാങ്ങിച്ച് ദേവലോകത്തേക്ക് യാത്രയായി. ദേവലോകം വിഷ്ണുമഹേശ്വര പുത്രനെ ആധരവത്തോടെ സൽക്കരിച്ചു. പിന്നീട് ദേവന്മാരും ശാസ്താവും തമ്മിൽ പലവിഷയങ്ങളെ കുറിച്ച് മത്സരം തുടങ്ങി, അയോധനകലയിൽ ശാസ്താവ് വിജയിയായി. പിന്നീട് ശാസ്ത്രങ്ങളെ കുറിച്ചൂം വേദങ്ങളെ കുറിച്ചും ദേവഗുരുവായ ബ്രഹസ്പതിയുമായി മത്സരത്തിൽ ഏർപ്പെട്ടു അതിൽ ഋഗ്വേദം , സാമവേദം, യജുവർവേദം എന്നിവയിൽ സമം പാലിച്ചു. അപ്പോഴാണ് ശാസ്താവ് നാലാം വേദമായ അഥർവ്വവേദത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ദേവന്മാർക്ക് അജ്ഞാതമായ അഥർവ്വവേദം ഭഗവാൻ അവിടെ അവതരിപ്പിച്ചു. എല്ലാത്തിലും പരാജയപ്പെട്ട ദേവന്മാർ ദേവലോകവും കയ്യിലുള്ള സർവ്വതും ശാസ്താവിന് സമപ്പിക്കേണ്ടതായി വന്നു. ദേവന്മാർ അവസാനമായി ഒരു ഉപായം (സൂത്രം) പ്രയോഗിച്ചു , നാളെ കൂടെ ഒരുമത്സരമുണ്ട് അതിൽ കൂടെ ജയിക്കണം. ശാസ്താവ് സമ്മതിച്ചു . അന്നു തന്നെ ദേവന്മാർ ഒരു യാഗം നടത്തി അതിൽ ലോകത്തിലെ എല്ലാ മാലിന്യങ്ങളും അശുദ്ധിയും ദുർദ്ദേവതകളെയും അതിലേക്ക് അവാഹിച്ചിരുത്തി. യാഗശേഷം ദേവൻമാരുടെ ആവശ്യപ്രകാരം ഒരു വലിയ പനമരം അതിൽ നിന്ന് ഉയർന്നു വന്നു. പിറ്റെ ദിവസം ശാസ്താവിനോട് ദേവൻമാർ ചോദിച്ചു, ഈ പനമരം ഒറ്റവെട്ടിന് വീഴ്താൻ കഴിവുണ്ടോ?? ശാസ്താവിനു അതു കേട്ടപ്പോൾ പുച്ഛം തോന്നി. തന്റെ ചുരികയെടുത്ത് ആഞ്ഞ് വെട്ടി , പനമരം രണ്ടായി മുറിഞ്ഞു. അതിൽ നിന്നും അശുദ്ധിയും, മാലിന്യങ്ങളും, മറ്റും വെട്ടി ഒഴുകുവാൻ തുടങ്ങി , ഒഴുകിയത് നിലത്ത് പതിച്ചാൽ ഉണ്ടാകുന്ന ആപത്ത് മനസിലാക്കിയ ശാസ്താവ്, അത് രണ്ടു കയ്യും നീട്ടി കുടിച്ചു. ദേവലോകത്തെ രക്ഷിച്ചു. അശുദ്ധി അകത്തു ചെന്നതിനാൽ ദേവന്മന്മാർ ശാസ്താവിന് ഭ്രഷ്ട് കൽപ്പിച്ച്, ദേവലോകത്തുനിന്നും പോകുവാൻ പറയുകയും ചെയ്തു. ചതിമനസിലാക്കിയ ശാസ്താവ് ആയുധം കയ്യിലെടുത്ത് ദേവന്മാരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞു. ഭയന്നോടിയ ദേവന്മാർ മഹാദേവന്റെ കാൽക്കൽ ചെന്ന്‌ വീണു. മഹാദേവൻ ശാസ്താവിനോട് കൽപ്പിച്ചു, എന്റെ വാക്കുകേൾക്കാതെ നീ ചതിയിൽ പെട്ടു. അത് കൊണ്ട് ഇനിമുതൽ നീ ഭൂമിയിൽ വസിക്കുക. അതിന് ശേഷം ദേവന്മാരോട് പറഞ്ഞു , ശാസ്താകോപത്തിന് പാത്രമായ നിങ്ങൾ, ശാസ്താവിന് ഗുരുതി നൽകി ക്ഷോഭം ശമിപ്പിക്കുക. എന്നിട്ട്, ശാസ്താവിനോടായ് വാത്സല്യത്തോ ഇപ്രകാരം അരുളി, നീ ഭൂമിയിൽ സംജാതനാവേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഭൂമിയിൽ നന്മയുടെ മേൽ തിന്മ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. മനുഷ്യ കുലമാകെ മുടിയുകയാണ്, നീ വേണം ഭൂമിയേയും, ജീവ ജാലങ്ങളേയും കാത്ത് രക്ഷിക്കാൻ . ആയതിനാൽ നിന്നെ ഞാൻ ഭൂമിയിൽ എത്തിക്കാം. അങ്ങിനെയാണ് ശാസ്താവ് ഭൂമിയിൽ അയ്യപ്പന്റെ അവതാരം എടുക്കുവാൻ കാരണം. അങ്ങിനെ പന്തളരാജാവിന്റെ പുത്രനായത് .
ഇതാണ് ശനി - ശാസ്താ - അയ്യപ്പ ബന്ധം. ശനിശ്വരനേയും ശാസ്താവിനെയും പൂജിക്കുന്ന വിധി താന്ത്രികവിധിയാണ്. എന്നാൽ അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിന് ഭഗവാൻ നൽകിയിരിക്കുന്നത് നിസ്സാരവും എന്നാൽ ശക്തിയേറിയതുമായ ഒരേ ഒരു മന്ത്രത്തിൽ നിന്നുമാണ്. "സ്വാമിയേ ശരണമയ്യപ്പ" . വേറെ ഒന്നും വേണ്ട , ഈ മന്ത്രത്തിനും പകരം. എല്ലാ ദേവതകളും ദുർദേവതകളും ഈ മന്ത്രത്തിൽ ലയിക്കും, അംഗീകരിക്കും. ശബരിമല വ്രതത്തിൽ പോകുന്ന ഭക്തൻ ഈ ഒരു ശരണമന്ത്രം മാത്രം ഏതൊരു ദേവതയുടെ മുൻപിൽ ജപിച്ച് ചൊല്ലിയാൽ മതി. ആദേവത, ദേവൻ ഇത് അംഗീകരിക്കും.
സ്വാമിയേ... ശരണമയ്യപ്പാ .

2 January 2025

ശാസ്താവിന്റെ പ്രധാനമായ എട്ടു ഭാവങ്ങൾ

ശാസ്താവിന്റെ പ്രധാനമായ എട്ടു ഭാവങ്ങൾ

ശാസ്താവിന് പ്രധാനമായും എട്ടു ഭാവങ്ങൾ പറയുന്നു. ഇവയെ അഷ്ട ശാസ്താക്കന്മാർ എന്ന് പറയുന്നു.

ആദി മഹാശാസ്താവ്
ധർമ്മ ശാസ്താവ് (അയ്യപ്പൻ) 
ജ്ഞാന ശാസ്താവ്
കല്യാണ വരദ ശാസ്താവ് 
സമ്മോഹന ശാസ്താവ്
സന്താനപ്രാപ്തി ശാസ്താവ്
വേദ ശാസ്താവ്
വീര ശാസ്താവ് 
എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താക്കന്മാർ ഉണ്ട്.

ആദി മഹാശാസ്താവ്
💗✥━═══🪷═══━✥💗
ചോളന്മാരണ് ആദി ശാസ്താവിനെ ആരാധിച്ചിരുന്നതായി രേഖയുള്ളത്. ഇടുപ്പിനും ഇടത് കാലിനും മുകളിൽ ഒരു യോഗപട്ട ധരിച്ച് രണ്ട് ഭാര്യമാരായ പൂർണ്ണയും പുഷ്‌കലയും ഒപ്പം ഇരിക്കുന്നതായാണ് സങ്കൽപ്പം.

ധർമ്മ ശാസ്താവ് (അയ്യപ്പൻ)
💗✥━═══🪷═══━✥💗
കേരളത്തിൽ പൊതുവെ നാം കാണുന്നതും വളരെ പ്രചാരത്തിലുള്ളതുമായ ആരാധനാ മൂർത്തിയാണിത്. കൂടുതലും ബ്രഹ്മചാരിയായി ആരാധിക്കുന്നുണ്ടെകിലും, ധർമ്മശാസ്താവ് എന്ന സങ്കൽപ്പത്തോടെ ഇരുഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നു.

ജ്ഞാന ശാസ്താവ്
💗✥━═══🪷═══━✥💗
ജ്ഞാനത്തിൻറെ അധിപനായി രൂപപ്പെടുന്ന ശാസ്താവ്. ശിവൻറെ ദക്ഷിണാമൂർത്തി എന്ന സങ്കൽപ്പത്തോട് വളരെ സാദൃശ്യം ഉണ്ട്. ബ്രഹ്മ ദേവനും സരസ്വതി ദേവിയും ഭഗവാനിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഭഗവാൻ സരസ്വതിയെപ്പോലെ കൈയ്യിൽ വീണയും, പാദങ്ങളുടെ അരുകിൽ വേദങ്ങളും വെച്ച് യോഗാസനത്തിൽ ഇരിക്കുന്നു.

കല്യാണ വരദ ശാസ്താവ്
💗✥━═══🪷═══━✥💗
ഇരു ഭാര്യമാരോടൊപ്പം ആനപ്പുറത്ത് ഇരിക്കുന്ന ഭഗവാൻ, സ്വയംവര കർത്താവായി (വിവാഹം നടത്തിക്കൊടുക്കുന്ന സ്വരൂപം) സങ്കൽപ്പിച്ചിരിക്കുന്നു.

സമ്മോഹന ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിൻറെ ഈ രൂപം ചന്ദ്രൻറെയും ഇന്ദ്രൻറെയും സങ്കൽപ്പത്തെ പ്രതിനിധീകരിക്കുന്നു. ഇന്ദ്രൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇന്ദ്രൻ ശാസ്താവിന് ഐരാവതം നൽകിയതായി പുരാണം. ഭഗവാന് ചുറ്റുമുള്ള പ്രഭാവലയം ചന്ദ്രൻറെതാണ്. ഈ സ്വരൂപം ഉത്തമ ദാമ്പത്യവും, സകല ഐശ്വര്യവും നൽകുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു.

സന്താനപ്രാപ്തി ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിന്റെ ഈ രൂപം ശുക്രൻറെ പ്രതിബിംബമാണ്. അസുരഗുരു ശുക്രാചാര്യരുടെ മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട രൂപമാണിത്. സദാ ദമ്പതികളെ, കുട്ടികളെ അനുഗ്രഹിക്കുന്നതായി സങ്കൽപ്പിക്കുന്ന ശാസ്താവ്. ദശരഥൻ പുത്രകാമേഷ്ടി യജ്ഞം നടത്തിയപ്പോൾ അഗ്നി ദേവനൊപ്പം സംബാതം നൽകാൻ പ്രത്യക്ഷപ്പെട്ടന്ന് രാമായണത്തിൽ പരോക്ഷമായി ഈ ഭഗവാനെ പരാമർശിക്കുന്നുണ്ട്. ഭാര്യ പ്രഭയോടും സത്യകൻ എന്ന മകനോടും കൂടിയാണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടത്.

വേദ ശാസ്താവ്
💗✥━═══🪷═══━✥💗
ശാസ്താവിൻറെ ഈ രൂപം വില്ലും അമ്പും കൊണ്ട് സിംഹത്തിൻറെയോ അല്ലെങ്കിൽ കടുവയുടെയോ മേൽ ഇരിക്കുന്നതായി സങ്കൽപ്പം. കണ്ഠത്തിൽ മണിയുള്ളതിനാൽ മണികണ്ഠൻറെ രൂപമാണ്. വേദ ശാസ്‌താവായ മണികണ്ഠനെ ഇരു ഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നുണ്ട്.

വീര ശാസ്താവ്
💗✥━═══🪷═══━✥💗
യോദ്ധാവിൻറെ രൂപത്തിൽ കുതിരപ്പുറത്ത് ഇരിക്കുന്ന ശാസ്താവ് (അശ്വാരൂഡ ശാസ്‌താവ്‌). ശാസ്താവിൻറെ ഈ രൂപം തമിഴ് നാടോടി ദൈവമായ അയ്യനാറുമായി സാദൃശ്യമുണ്ട്. ഈ രൂപത്തെ വേട്ടക്കൊരുമകൻ എന്നും വിളിക്കുന്നു.

ഭക്തർക്ക് സുരക്ഷ നൽകുന്നതിൽ ശാസ്താവിനെപ്പോലെ ശക്തനായ മറ്റൊരു ദൈവമില്ല എന്നതാണ് വിശ്വാസം. എല്ലാ രാത്രിയിലും ഗ്രാമത്തിലൂടെ ശാസ്താവ് സവാരി നടത്തുകയും, കാര്യങ്ങൾ ശരിയാണെന്നും തൻറെ പ്രദേശത്ത് പ്രവേശിക്കുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വരാനിരിക്കുന്ന അപകടങ്ങളിൽ നിന്നോ, അപകടത്തിൽ നിന്നോ നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുന്നു. പക്ഷെ നിങ്ങൾ പാപികളാണെങ്കിലോ, അല്ലെങ്കിൽ അധർമ്മം ചെയ്യുന്നവരാണെങ്കിലോ സംരക്ഷണം ലഭിക്കില്ല. അതാണ് ശാസ്താവും ശിക്ഷകനായ ശനിദേവനുമായുള്ള ഉടമ്പടി.

3 May 2023

ധർമ്മശാസ്താ വിഗ്രഹരൂപങ്ങൾ

ധർമ്മശാസ്താ വിഗ്രഹരൂപങ്ങൾ

കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഭഗവാനാണ് പരമശിവൻറേയും മഹാവിഷ്ണു സ്ത്രീ രൂപമായ മോഹിനിയുടെ മകനാണ് അയ്യപ്പൻ അഥവാ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി അയ്യപ്പൻ, ശബരീശൻ, എന്നീ പേരുകളിലും അറിയപ്പെടുന്നു. 'അയ്യാ' എന്ന പദം ദ്രാവിഡർ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയിരിക്കുന്ന ശാസ്താവ്, ആര്യങ്കാവിൽ കുമാരനായും, ചിന്മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയിൽ സ്ഥിതിചെയ്യുന്ന അയ്യപ്പരൂപമാണ് ശബരിമലയിലെ അയ്യപ്പ വിഗ്രഹം.  

വനശാസ്താവായും യോദ്ധാവായും അയ്യനെ കുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങൾ. ഗൃഹസ്ഥാശ്രമിയായി വലം കൈയിൽ അമൃതകലശവും ധരിച്ച അഭീഷ്ടവരദായകനായ ശ്രീ ധർമ്മശാസ്താ പ്രതിഷ്ഠകൾ. വിഷഹാരിയായി അച്ചൻകോവിൽ ശാസ്താവ്, കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. ശ്രീ ധർമ്മശാസ്താവിനെ ബാലകൻറെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീ ബാലശാസ്താക്ഷേത്രം. കൈയ്യിൽ അമ്പേന്തി നിൽക്കുന്ന ശാസ്താവാണ് എരുമേലിയിൽ പ്രതിഷ്ഠിച്ചിട്ടുളളത്. ശ്രീബുദ്ധൻറെ വിഗ്രഹങ്ങളോടുള്ള സാദൃശ്യമാണ് തകഴി ക്ഷേത്രത്തിലെ വിഗ്രഹം. ഈ ക്ഷേത്രത്തിലെ ശാസ്താവിഗ്രഹം ഒരുകാലത്ത് ശ്രീബുദ്ധൻറേതായിരുന്നുവെന്നും ആയുർവേദം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങൾ സ്വായത്തമാക്കിയി രുന്നതിനാൽ ഔഷധനിർമ്മാണവുമായി പഴമക്കാർ ഈ ക്ഷേത്രത്തെ ബന്ധപ്പെടുത്തുന്നു. വലതുകരത്തിൽ അമ്യത കുംഭവും ഭാര്യ പ്രഭാ, പുത്രൻ സത്യകസമേതനായി സങ്കൽപ്പത്തിലുള്ള ശാസ്താ ക്ഷേത്രങ്ങൾ, മഴയും വെയിലുമേൽക്കുന്ന ശാസ്താ ശിലകൾ. ഇങ്ങനെയുള്ള ശ്രീകോവിലിൻ മേൽക്കൂരയുണ്ടാവില്ല. ശനി ദോഷ പരിഹാരത്തിനു പ്രസിദ്ധമാണ് ഈ ക്ഷേത്രങ്ങൾ. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്ന സങ്കല്പത്തിൽ തിരുവുള്ളക്കാവിൽ പൂജിച്ചുവരുന്നു. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ.

ഒരു കൈയ്യിൽ അമൃതും പിടിച്ച് പത്മാസനത്തിലിരുന്നു ധ്യാനിക്കുന്ന അപൂർവ രൂപത്തിലാണ് പ്രതിഷ്ഠയാണ് പനമുക്കുമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേത്. താരകബ്രഹ്മമൂർത്തിയായ ധർമ്മശാസ്താവ് പ്രധാനമൂർത്തിയായി കുടികൊള്ളുന്ന ക്ഷേത്രമാണ് പുഴക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം. 
പരബ്രഹ്മസ്വരൂപനായ അയ്യപ്പസ്വാമി കിരാതഭാവത്തിൽ കുടികൊള്ളുന്ന ക്ഷേത്രമാണ് ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്. പൂർണാ പുഷ്കലാ എന്നീ ഭാര്യമാരോടും പുത്രകനോടുമൊത്തുള്ള ശാസ്താവ്,
ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരിക്കുന്ന പ്രതിഷ്ഠയാണ് ചമ്രവട്ടത്തുള്ളത്, ഭാര്യയായ പ്രഭാദേവിയോടും, സത്യകൻ എന്ന മകനോടും കൂടി വസിക്കുന്ന ശ്രീ ധർമ്മശാസ്താവാണ് ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെത്.

യോഗവിദ്യയിലെ മൂലാധാരചക്ര പ്രകാരം ഉള്ള ധർമശാസ്താക്ഷേത്രം. തമിഴ്നാട്ടിലെ പാപനാശം എന്ന സ്ഥലത്താണ്, സൂരീമുത്തിയൻ എന്ന ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരയാർ അണക്കെട്ടിനു സമീപം. കൊടും കാട്ടിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിൽ എത്താം. ശാസ്താവിന്റെ വിശ്വരൂപം അഗസ്ത്യമുനിക്ക് കാണാൻ സാധിച്ചത് ഈ സ്ഥലത്തുവച്ചാണ് എന്ന് ഐതിഹ്യം.

മൂലാധാരം കഴിഞ്ഞാൽ അടുത്ത വിശിഷ്ടചക്രം ആണ് സ്വാധിഷ്ഠാനം. കേരളത്തിലെ അച്ചൻകോവിൽ ക്ഷേത്രത്തിൽ ഈ ചക്രം സ്ഥിതിചെയ്യുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശാസ്താക്ഷേത്രം.

യോഗവിദ്യയിലെ മൂന്നാമത്തെ സ്ഥാനമാണ് മണിപൂരം. ആര്യൻകാവ് ശാസ്താക്ഷേത്രത്തിൽ ആണ് ഈ സ്ഥാനം. കേരള–തമിഴ്നാട് അതിർത്തിയിൽ ആര്യൻകാവിലെ അയ്യനെ ദർശിച്ചാൽ മണിപൂരചക്രത്തിലെ മാലിന്യങ്ങൾ നീക്കാം. അനന്തമായ ആഹ്ലാദത്തിന്റെ ഉറവിടമാണ് ഈ ക്ഷേത്രം.

കുളത്തൂപ്പുഴയിലെ ബാലകനായാണ് അനാഹത ചക്രത്തിന്റെ സ്ഥിതി. ക്ഷേത്രത്തിനു മുന്നിലെ പുഴ ജീവിതത്തിന്റെ അവിരാമമായ തുടർച്ചയെ കാണിക്കുന്നു. ഇതിലെ വിശിഷ്ടമത്സ്യങ്ങൾ ദേവന്റെ പരിവാരങ്ങളായി അറിയപ്പെടുന്നു.

യോഗവിദ്യയിലെ വിശുദ്ധി എന്ന ചക്രമാണ് എരുമേലിയിൽ. ധർമശാസ്താവിന്റെ അവതാരോദ്ദേശ്യം മഹിഷീവധമാണ്. മഹിഷീവധം നടന്ന സ്ഥലം. ഇവിടെ ശാസ്താവിന് നായാട്ടുകാരന്റെ രൂപമാണ്.

ആജ്ഞാചക്രമാണ് ശബരിമലയിൽ സ്ഥിതി ചെയ്യുന്നത്. ശബരിമല ശാസ്താവിന്റെ വിഗ്രഹത്തിൽ പന്തളം രാജകൊട്ടാരത്തിലെ മണികണ്ഠകുമാരൻ എന്ന ശാസ്താവിന്റെ അവതാരപുരുഷൻ ലയിച്ച് ചേർന്നിരിക്കുന്നു എന്നു വിശ്വാസം.

29 November 2022

ശബരീശ സന്നിധാനത്തെ പവിത്രമാക്കുന്ന മഹാആഴി

ശബരീശ സന്നിധാനത്തെ പവിത്രമാക്കുന്ന മഹാആഴി

" മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ 
 നിഹന്തം കിരാതാവതാരം ചരന്തം
 പരം ജ്യോതിരൂപം ഭജേ ഭൂതനാഥം "

പഞ്ചഭൂതങ്ങളുടെ നാഥനെ ദര്‍ശിച്ചു മടങ്ങുന്ന ഭക്തസഹസ്രങ്ങള്‍ക്ക് അഗ്നിശുദ്ധിവരുത്തി താഴെതിരുമുറ്റത്ത് നിലകൊള്ളുകയാണ് പരിപാവനമായ മഹാആഴി. ശരീരമാകുന്ന നാളികേരം ഈ അഗ്നിയിലിട്ട് ദഹിപ്പിച്ചാണ് ഓരോ ഭക്തരും തീര്‍ത്ഥാടനം അവസാനിപ്പിച്ച് മലയിറങ്ങുന്നത്.

ശബരിമലയോടൊപ്പം തന്നെ പരിശുദ്ധമായതാണ് ഈ ആഴിയും. ഭഗവത് സന്നിധിയില്‍ പതിനെട്ടാംപടിക്ക് വലതുഭാഗത്തായാണ് ആഴി സ്ഥിതിചെയ്യുന്നത്. മുന്‍പ് തിരുമുറ്റത്തായിരുന്ന ആഴി ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ സുരക്ഷാകാരണങ്ങളാല്‍ ഇവിടേക്ക് മാറ്റുകയായിരുന്നു. മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിരിതെളിയുന്ന ആഴി അവസാന ഭക്തനും മലയിറങ്ങിയശേഷമേ അണയുകയുള്ളൂ. തീര്‍ത്ഥാടനം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് തലേ ദിവസം തന്ത്രിയും, മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീലകം തുറന്ന് ഭഗവാെന ഭക്തജന സാന്നിധ്യം അറിയിച്ച് തിരിതെളിക്കുകയും തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയില്‍ അഗ്നിപകരുന്നതോടെയാണ് മണ്ഡലകാലത്തിന് ആരംഭം കുറിക്കുന്നത്.

ഇവിടെയെത്തുന്ന ഭക്തകോടികള്‍ ഇതിലേക്ക് നാളികേരം നിക്ഷേപിച്ചാണ് അഗ്നികുണ്ഡമായി ഇത് മാറുന്നത്. നെയ്യഭിഷേകപ്രിയനെയെന്ന ശരണമന്ത്രത്തോടെ നാളികേരത്തില്‍ നെയ്യ് നിറച്ച് ഇരുമുടിക്കെട്ടിലാക്കി മലകയറുന്ന ഭക്തര്‍ ശബരീശ ദര്‍ശനത്തിന് ശേഷം നാളികേരം പൊട്ടിച്ച് നെയ്യ് അഭിഷേകത്തിനായി മാറ്റുകയും നാളികേരം ആഴിയിലേക്ക് സമര്‍പ്പിച്ച് മടങ്ങുകയുമാണ് പതിവ്. 

നെയ്യ് ആത്മാവായും, നാളികേരം ശരീരമായുമാണ് ഓരോ ഭക്തരും വിശ്വസിച്ചുപോരുന്നത്. നെയ്യാകുന്ന ആത്മാവിനെ പരമാത്മാവാകുന്ന ഭഗവാനില്‍ വിലയം പ്രാപിക്കുകയും, ശരീരമാകുന്ന നാളികേരം ഈ അഗ്നിയില്‍ ദഹിപ്പിച്ച് പുതിയ പുണ്യവും പേറിയാണ് ഭക്തര്‍ തങ്ങളുടെ ആ വര്‍ഷത്തെ തീര്‍ത്ഥാടനകാലം അവസാനിപ്പിക്കുന്നത്. ദഹിച്ച നാളികേര ഭസ്മം ഭക്തിപൂര്‍വ്വം പ്രസാദമായി കൊണ്ടുപോകുന്നവരുമുണ്ട്. തീര്‍ത്ഥാടനകാലം കഴിയുന്നതോടെ ആഴി തന്നെ അണയുകയും ചെയ്യും. കൂടാതെ ഈ നാളികേരങ്ങള്‍ കത്തിയുണ്ടാകുന്ന അഗ്നിയാണ് സന്നിധാനത്തെയും പരിസരത്തെയും ശുദ്ധമാക്കുന്നത്. ഇത് ഇവിടെയെത്തുന്ന കോടിക്കണക്കിന് ഭക്തരെ രോഗങ്ങളില്‍ നിന്നും മുക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മലയാളമാസത്തിന്റെയും ആദ്യദിനങ്ങളിലും ഈആഴിയില്‍ അഗ്നി പകരുന്നത് പതിവാണ്.

സന്നിധാനത്തെ പുണ്യ മുഹൂര്‍ത്തങ്ങള്‍ക്കെല്ലാം സാക്ഷിയാകുന്നത് പവിത്രമായ ആഴിയാണ്. അഗ്നി ശുദ്ധിവരുത്തുകയും അഗ്നി സാക്ഷിയാവുകയും ചെയ്യുമ്പോള്‍ കര്‍മ്മങ്ങള്‍ക്ക് ഫലമേറുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആഴിപൂജ നടത്തുന്നത്. അഗ്നി, ശുദ്ധീകരണം ചെയ്യുമ്പോഴും സ്വയം മലിനപ്പെടാറില്ല. പഞ്ചഭൂതങ്ങളില്‍ അഗ്നിക്കുമാത്രമുള്ള സവിശേഷതയും ഇതുതന്നെയാണ്. എപ്പോഴും ശബരീശ സന്നിധിയെ വിശുദ്ധമായി സൂക്ഷിക്കുന്നത് ആഴിയുടെ സാന്നിധ്യത്താലാണ്.

"ഹരിഹരസുതമീശം, താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥം"

18 June 2022

അയ്യപ്പൻ വളര്‍ന്ന വഴികളിലൂടെ

അയ്യപ്പൻ വളര്‍ന്ന വഴികളിലൂടെ

ശബരിമലയില്‍ പോകുമ്പോള്‍ ഇടത്താവളങ്ങളായി പല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ ജനനമരണങ്ങള്‍ക്കിടയിലുള്ള ദശാസന്ധികള്‍ തരണം ചെയ്ത് മോക്ഷപ്രാപ്തിയിലേക്ക് ഒരു അയ്യപ്പ പാതയുണ്ട്. ശബരീശ ജീവിതത്തിലെ ദശാസന്ധികളിലൂടെയാണാ യാത്ര. പരശുരാമന്‍ പ്രതിഷ്ഠിച്ച അഞ്ച് ക്ഷേത്രങ്ങളിലൂടെ.

കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, വഴി ശബരിമലയ്ക്ക്... ഇതില്‍ മൂന്നുക്ഷേത്രങ്ങളും കൊല്ലം ജില്ലയിലും ശബരിമല പത്തനംതിട്ട ജില്ലയിലുമാണ്. അഞ്ചാമതൊരു ക്ഷേത്രമുണ്ടായിരുന്നത് കാന്തമലയാണ്. അത് കലിയുഗാരംഭത്തോടെ ലൗകികലോകത്തുനിന്നു മറയുകയും ഇപ്പോള്‍ വിശ്വാസികള്‍ സങ്കല്‍പ്പത്തില്‍ വെച്ചാരാധിക്കുകയും ചെയ്യുന്നു എന്ന് ഐതിഹ്യം.

ബാലനായി കുളത്തൂപ്പുഴയില്‍

യാത്ര തുടങ്ങേണ്ടത് കുളത്തൂപ്പുഴയില്‍നിന്നാണ്. തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കല്ലടയാറിന്റെ തീരത്തുള്ള കുളത്തൂപ്പുഴ ശാസ്‌താക്ഷേത്രത്തിൽ തുടങ്ങുകയാണ് ശബരിമലദർശനം. ബാലാവസ്‌ഥയാണ് ഇവിടുത്തെ വിഗ്രഹത്തിന്റെ പ്രത്യേകത. പരശുരാമൻ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രം കല്ലടയാറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയത്രെ. അന്നു നശിച്ച മൂലപ്രതിഷ്‌ഠകളിൽ ഒരു ശില കല്ലടയാറിന്റെ കരയിൽ എവിടെയൊ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഒരിക്കൽ കൊട്ടാരക്കരയിലെ നാട്ടുപ്രമാണിമാരായ കുറുപ്പന്മാർ തീർത്ഥാടനത്തിനു പോകവേ ഭക്ഷണം ഉണ്ടാക്കാൻ ഈ ശില ഉപയോഗിച്ചുവെന്നും അടുപ്പുണ്ടാക്കാൻ ഈ ശില പൊട്ടിച്ചെന്നുമാണ് ഐതിഹ്യം.

ശില ഇടിച്ചുപൊളിച്ചപ്പോൾ അത് എട്ടായി മുറിയുകയും അതിൽ നിന്നു ചോര ഒഴുകുകയും ചെയ്‌തു. ദൈവചൈതന്യം മനസ്സിലാക്കിയ കുറുപ്പന്മാർ ആ ശിലകളാൽ ഒരു ക്ഷേത്രമുണ്ടാക്കി പ്രതിഷ്‌ഠിച്ചു. ഐതിഹ്യം എന്തായാലും എട്ടായി നുറുങ്ങിയ ആ ശിലയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ‘വൈകുന്നേരങ്ങളിലും പള്ളിയുണർത്താറുണ്ട് കുളത്തുപ്പുഴ ധർമശാസ്‌താവിനെ. കാരണം കുട്ടികൾ ഉച്ചയ്‌ക്ക് ഉറങ്ങിയാലും അവരെ വിളിച്ചുണർത്താറുണ്ടല്ലോ?’

മീനൂട്ടാണു പ്രധാന വഴിപാട്. ക്ഷേത്രക്കുളത്തിലെ മീനിന് ആഹാരം കൊടുക്കുന്നതാണിത്. ബ്രഹ്‌മചാരിയായ ബാലശാസ്‌താവിനെ ഒരിക്കൽ ഒരു മൽസ്യകന്യക മോഹിച്ച കഥയും പ്രചാരത്തിലുണ്ട്. ബാലശാസ്‌താവ് മൽസ്യകന്യകയ്‌ക്കു കല്ലടയാറിൽ വാസമൊരുക്കി. അതുകൊണ്ടാണു മീനൂട്ട് സവിശേഷമായത്. തിരുമക്കൾ എന്നാണ് ഈ മൽസ്യങ്ങളെ വിളിക്കുന്നത്. ഇവിടെ മീനൂട്ടിയാൽ അരിമ്പാറ പേലെയുള്ള ത്വക് രോഗങ്ങൾ ശമിക്കുമെന്നാണു വിശ്വാസം. ത്വക് രോഗങ്ങൾ മാത്രമല്ല വിവാഹ തടസ്സങ്ങൾ നീക്കാനും നല്ല മാംഗല്യത്തിനും എള്ളും കിഴിയും പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും നടയ്‌ക്കു വയ്‌ക്കുന്ന രീതിയും ഇവിടെയുണ്ട്. 

മേടവിഷുവാണ് പ്രധാന ഉത്സവം. അടിമ സമര്‍പ്പണമാണ് പ്രധാന നേര്‍ച്ച. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തില്‍ കമിഴ്ത്തിക്കിടത്തി ഭഗവാന് സമര്‍പ്പിക്കുന്നതാണ് ആചാരം.

രാവിലെയും വൈകുന്നേരവും പള്ളിയുണർത്തുന്ന കുളത്തുപ്പുഴ ശാസ്‌താവിനെ തൊഴുതിറങ്ങിയാൽ നേരെ ആര്യങ്കാവിലേക്ക്. കൗമാരക്കാരനായ ശാസ്‌താവിന്റെയടുത്തേക്ക്

  തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട് - പാലോട് - മടത്തറ വഴി 60 കിലോ മീറ്ററാണ് ദൂരം. കൊല്ലത്തുനിന്ന് കൊട്ടാരക്കര - പുനലൂര്‍ - അഞ്ചല്‍ വഴി 70 കിലോ മീറ്ററും. തമിഴ്നാട്ടില്‍നിന്ന് തെങ്കാശി, ചെങ്കോട്ട ആര്യങ്കാവ് തെന്‍മല വഴി 40 കിലോ മീറ്ററും.

കൗമാരം ആര്യങ്കാവില്‍

കുളത്തൂപ്പുഴയില്‍ നിന്ന് നേരേ ആര്യങ്കാവിലേക്ക്. തെന്‍മല വന്ന് ചെങ്കോട്ട റോഡില്‍ 22 കിലോമീറ്റര്‍ സഞ്ചരിക്കണം. യുവാവായ ശാസ്താവിന്റെ പ്രതിഷ്ഠയാണ്. ഇടതുവശത്ത് ദേവിയും വലതുവശത്ത് ശിവനും.  

കൗമാരഭാവത്തിലുള്ള ശാസ്‌താ പ്രതിഷ്‌ഠയാണിവിടെ. വിഗ്രഹം നടയ്‌ക്കുനേരെയല്ല വലതു മൂലയിലാണ്. അഞ്‌ജനപാഷാണം (പ്രത്യേകതരം കല്ലുകൾ) കൊണ്ടുള്ള വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂലപ്രതിഷ്‌ഠ. എന്നാൽ, ഈ വിഗ്രഹം ഉടഞ്ഞതിനെത്തെടുർന്ന് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്‌ഠിച്ചു. എങ്കിലും മൂലവിഗ്രഹത്തിൽ ഇപ്പോഴും പൂജയുണ്ട്. ദിവസം ഏഴുനേരം പൂജയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ശാസ്‌താവിന്റെ പുനർജന്മമാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് അയ്യപ്പൻ ബ്രഹ്‌മചാരിയായത്. എന്നാൽ പൂർണ, പുഷ്‌കല ദേവിമാരുടെ സാന്നിധ്യമുണ്ട് ഇവിടുത്തെ ശാസ്‌താവിന്.

പത്താമുദയ ദിവസം പ്രതിഷ്‌ഠയ്‌ക്കു നേരെ സൂര്യരശ്‌മികൾ പതിയുന്ന അദ്ഭുതം ആര്യങ്കാവ് ശാസ്‌താക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കൊല്ലം - ചെങ്കോട്ട റോഡിൽ കേരളാതിർത്തിക്കടുത്താണ് ആര്യങ്കാവ് ശാസ്‌താക്ഷേത്രം. ശാസ്താവിന്റെ അത്യപൂർവമായ ‘തൃക്കല്യാണം’ ഇവിടെ മാത്രമാണ്. തമിഴ്‌നാട്ടിൽ നിന്നുളള സൗരാഷ്ട്ര ബ്രാഹ്മണരാണു വധുവിന്റെ ആൾക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതിനിധികളും കേരളീയരും വരന്റെ ആൾക്കാരും.

പണ്ടു കേരളത്തിലെ ഒരു രാജാവിനു തമിഴ്‌നാട്ടിൽ നിന്നു പട്ടുവസ്‌ത്രവുമായി വന്ന ഒരു ബ്രാഹമണനെയും അദ്ദേഹത്തിന്റെ മകളെയും കാട്ടാന ആക്രമിക്കാൻ വന്നു. അന്നു കാട്ടാള വേഷത്തിലെത്തിയ ശാസ്‌താവ് ആ ബ്രാഹ്‌മണനെ രക്ഷിച്ചുവെന്നാണ് ഐതിഹ്യം. അതിനു പ്രത്യുപകാരമായി ബ്രാഹ്‌മണൻ തന്റെ മകളെ കാട്ടാളവേഷധാരിയായ ശാസ്‌താവിനു വിവാഹം കഴിച്ചു കൊടുക്കാൻ തയാറായി. എന്നാൽ, കല്യാണ ദിവസം വധു രജസ്വലയായതുകൊണ്ടു കല്യാണം മുടങ്ങി. ഈ ഐതിഹ്യത്തിന്റെ ഓർമ പുതുക്കലായാണ് ഇപ്പോഴു തൃക്കല്യാണം നടക്കുന്നത്. 

അയ്യപ്പന്റെ വിവാഹനിശ്ചയ ചടങ്ങാണിത്. ആര്യങ്കാവ് ദേവസ്ഥാനം ആണ്‍ വീട്ടുകാരും മധുരയില്‍നിന്നുള്ള സൗരാഷ്ട്ര മഹാജനസംഘം പെണ്‍വീട്ടുകാരുമായെത്തുന്നു. വിവാഹനിശ്ചയ ചടങ്ങ്-ധനു 10-നായിരിക്കും. തൃക്കല്യാണം ധനു 11-നും. മണ്ഡലാഭിഷേകം ധനു 12-നും ആഘോഷിക്കുന്നു. കൊടിയേറ്റില്ല. പകരം വാടാവിളക്ക് അണയാതെ സൂക്ഷിക്കും. ശബരിമലയിലെപോലെ 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇവിടെയും പ്രവേശനമില്ല.

ആചാരങ്ങളിൽ വൈരുദ്ധ്യം ഉണ്ടെങ്കിലും ദേവി സമേതനായ വിഗ്രഹമാണ് ആര്യങ്കാവിലേത്. തൃക്കല്യാണത്തിന് അവിവാഹിതരായ പെൺകുട്ടികൾ ധാരാളമായി എത്തുന്നു. അന്നേ ദിവസം ഇവിടെ നിന്നു കൊടുക്കുന്ന മംഗല്യച്ചരട് കെട്ടിയാൽ വിവാഹം പെട്ടെന്നു നടക്കുമെന്നാണു വിശ്വാസം.

അച്ചന്‍കോവിലിലെ യൗവന കാലം

ഗൃഹസ്‌ഥാശ്രമിയായ ശാസ്‌താവ് എന്നാണ് സങ്കൽപം. പൂർണപുഷ്‌കല ദേവിമാരുടെ സാന്നിധ്യത്തോടുകൂടിയ വിഗ്രഹമാണ് ഇവിടെയുള്ളത്. കേരള അതിർത്തിയിൽ ആണെങ്കിലും തമിഴ് സ്വാധീനമാണു കൂടുതൽ. അച്ചൻകോവിൽ അരശൻ എന്നാണ് ഈ ശാസ്‌താവ് അറിയപ്പെടുന്നത്. ഹിമാലയത്തിൽ മാത്രം കാണുന്ന പ്രത്യേകതരം കൃഷ്‌ണശില കൊണ്ടുള്ള യുഗാന്തര പ്രതിഷ്‌ഠ. അവിശ്വസനീയമായ പല ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രം. കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്കു പോയി വീണ്ടും കേരളത്തിലെത്തുന്ന അപൂർവമായ വഴി, മല ചുറ്റി ഒഴുകിപ്പോകുന്ന പുഴ... ഏറെ പ്രത്യേകതകൾ ഉണ്ട് ഇന്നും അച്ചൻകോവിൽ അരശന്.

സഹ്യപർവതത്തിന്റെ കൊടുമുടികളിൽ ഒന്നായ തൂവൽമലയിൽ നിന്നു നേർത്ത ഒരു അരുവിയായി ഒഴുകിത്തുടങ്ങുകയാണ് അച്ചൻകോവിൽ ആറ്. സാമാന്യം വലിയൊരു തോടായി ക്ഷേത്രത്തെ ചുറ്റി ഒഴുകുന്ന അച്ചൻകോവിലാറ്. നൂറുകണക്കിന് ഔഷധ സസ്യങ്ങളെ തഴുകി വരുന്നതുകൊണ്ടാവാം ഈ വെള്ളത്തിന് ഔഷധ ഗുണം കൽപ്പിക്കുന്നത്. ജലസമൃദ്ധിയിൽ ഇവിടെ കൃഷിയും കൂടുതലാണ്. തമിഴ്‌നാട്ടിലെ മേക്കര ഡാമിനടുത്തുള്ള 30 ഏക്കർ വയലിൽ വിളയുന്ന നെല്ലുകൊണ്ടാണ് ഇവിടെ ഭഗവാനു നിവേദ്യം. ശബരിമലയിലേതുപോലെ തന്നെ പതിനെട്ടു പടികളിലൂടെയാണു ശ്രീകോവിലിലേക്കു പ്രവേശനം. ശബരിമലയിൽ നിന്നു വ്യത്യസ്‌തമായി കൈക്കുമ്പിൾ കോട്ടിയിരിക്കുന്ന ശാസ്‌താവിഗ്രഹമാണിവിടെ. ഈ കൈക്കുമ്പിളിൽ എപ്പോഴും ചന്ദനം അരച്ചു വച്ചിട്ടുണ്ടാവും.

പണ്ടു കാടിനു നടുവിൽ താമസിക്കുന്നവരെ പാമ്പു കടിക്കുക നിത്യസംഭവമായിരുന്നു. ചികിൽസയ്‌ക്ക് ആശുപത്രികൾ ഇല്ലാതിരുന്ന കാലം. ആ കാലത്തു പാമ്പുകടിയേറ്റു വരുന്നവർക്കുള്ള ഔഷധമായിരുന്നു ആ ചന്ദനം. വിഗ്രഹത്തിലിരിക്കുന്ന ചന്ദനവും ക്ഷേത്ര പരിസരത്തെ തീർഥ കിണറിൽ നിന്നുള്ള ജലവുമായിരുന്നു ഇവർക്കുള്ള മരുന്ന്. ഇതും കഴിച്ച് മൂന്നു ദിവസം ക്ഷേത്രത്തിൽ താമസിക്കും. അതിനുശേഷം വീട്ടിലേക്കു മടങ്ങും. ഈ രീതി ഇന്നും തുടരുന്നു.

പാമ്പുകടിയേറ്റു വരുന്നവരുടെ ആവശ്യാനുസരണം ഏതു സമയത്തും ഇവിടെ ക്ഷേത്രനട തുറക്കും. ഇതിനു വേണ്ടി പൂജാരിമാർ ക്ഷേത്രത്തിൽ തന്നെ താമസിക്കുന്നു. തീർഥ കിണറിലെ വെള്ളത്തിന്റെ ഔഷധ ഗുണം ഒരു സമസ്യയാണ്. തികച്ചും സൗജന്യമായി ഈ ചികിൽസ എന്നു തുടങ്ങിയെന്ന് ആർക്കും അറിഞ്ഞുകൂടാ. വിഷം തീണ്ടുന്നതിനു മാത്രമല്ല കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളും ധാരാളമായി ഇവിടെ എത്തുന്നു. നൊന്തു പ്രാർഥിക്കുന്നവർക്കു ഫലം കാണുന്നു എന്നതിന്റെ തെളിവാണു കെട്ടിയിരിക്കുന്ന നൂറുകണക്കിനു കുഞ്ഞുതൊട്ടിലുകൾ. ഇവിടെ ആടുന്ന ഓരോ തൊട്ടിലും ഓരോ പ്രാർത്ഥനയുടെയും ആഗ്രഹത്തിന്റെയും സാഫല്യമാണ്.

അഞ്ചു ശാസ്‌താ ക്ഷേത്രങ്ങളുടെ ദർശനം മാനവജന്മം പുർണമാക്കാൻ ഉതകും എന്നാണ് സങ്കൽപം. എന്നാൽ കാന്തമല എവിടെയാണെന്ന് അറിയാത്തതുകൊണ്ട് ആ കുറവു പരിഹരിക്കാൻ തങ്കവാൾ ചാർത്തിയ അച്ചൻകോവിൽ അരശനെ വണങ്ങിയാൽ മതി എന്നും പറയുന്നു. ധനുമാസം ഒന്നു മുതൽ പത്തുവരെയാണു നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു കരുതുന്ന തങ്കവാൾ ഇവിടെ ചാർത്തുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ ദേവസ്വം ബോർഡിന്റെ പുനലൂരിലുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്ന ഈ തങ്കവാളിന്റെ തൂക്കം എത്രയെന്ന് ഇനിയും നിശ്‌ചയിച്ചിട്ടില്ല. അതിനുകാരണം ഓരോ പ്രാവശ്യം തൂക്കിനോക്കുമ്പോലും വ്യത്യസ്‌തമായ അളവാണ് തങ്കവാളിനുള്ളത് എന്നതാണ്.

ചിലപ്പോൾ കൂടിയ തൂക്കമായിരിക്കും കാണിക്കുന്നത്. മറ്റുചിലപ്പോൾ കുറഞ്ഞ തൂക്കം. അതുകൊണ്ടു തന്നെ ഒരിടത്തും കൃത്യമായ തൂക്കം രേഖപ്പെടുത്താൻ കഴിയില്ല. പത്തുദിവസത്തെ ഉൽസവം കഴിഞ്ഞാൽ തങ്കവാൾ പുനലൂരിലേക്കു കൊണ്ടുപോകും. ശബരിമലയിലേതുപോലെ തങ്കവാളും തിരുവാഭരണവും ചാർത്തിയാണ് ഇവിടെയും ഉൽസവം കൊണ്ടാടുന്നത്. പാലക്കാട്ടെ കാൽപ്പാത്തി കഴിഞ്ഞാൽ രഥോൽസവം കൊണ്ടാടുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് അച്ചൻകോവിൽ.

പുനലൂരിൽ നിന്ന് അലിമുക്ക്, മുള്ളുമല വഴി അച്ചൻകോവിലിലേക്ക് റോഡുണ്ട്. കാടിനുള്ളിലൂടെ പോകുന്ന ഈ റോഡിലൂടെയുള്ള യാത്ര പ്രയാസമായതുകൊണ്ട് ചെങ്കോട്ടയിൽ നിന്നാണു മിക്ക ആൾക്കാരും അച്ചൻകോവിലിലേക്കു പോകുന്നത്.

ശബരിമല / കാന്തമല

അച്ചൻകോവിലിലെ ഗൃഹസ്‌ഥാശ്രമം കഴിഞ്ഞാൽ പിന്നെ ശബരിമലയിലെ വാർധക്യ അവസ്‌ഥയിലേക്കാണു യാത്ര. കരിമലയും നീലിമലയും കടന്നു കലിയുഗവരദനായ ഹരിഹരസുതന്റെ അരികിലേക്ക്. ധർമ്മശാസ്‌ത്രാവിന്റെ വാനപ്രസ്‌ഥവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് കാന്തമല. ശബരിമല പോലെ തന്നെ കാന്തമലയും വനമധ്യത്തിലാണ്. അവിടെ പൂജ നടത്തിയിരുന്നത് മഹർഷീശ്വരന്മാരും സിദ്ധന്മാരും ആണെന്നാണു വിശ്വാസം. കാലം കഴിഞ്ഞപ്പോൾ പൂജയില്ലാതെ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടുവെന്നും അതല്ല ക്ഷേത്രം അന്തർധാനം ചെയ്‌തതാണ് എന്നും രണ്ടുതരം വിശ്വാസമുണ്ട്.

7 June 2022

അയ്യപ്പസ്വാമി തെങ്ങു വെക്കുന്നതിൻ്റെ രഹസ്യം

അയ്യപ്പസ്വാമി തെങ്ങു വെക്കുന്നതിൻ്റെ രഹസ്യം

വ്യക്തിയുടെ ഉള്ളിലുള്ള പ്രതിഭയെ പുറത്തേക്ക് കൊണ്ടുവരുന്നതിനു വേണ്ടി നിർണയിച്ചിരിക്കുന്ന ആശയങ്ങളും ആചാരങ്ങളും ഏതു തരത്തിലാണ് സിംബലുകളായി മാറുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ് 18 വർഷം ഒരാൾ ശബരിമലയ്ക്കു പോയാൽ തെങ്ങു വെക്കുന്നു എന്ന കാഴ്ചപ്പാടിൽ ഉള്ളത് .

 എന്തിനാണ് തെങ്ങു വെക്കുന്നത് ? അങ്ങനെ എത്രയോ ആളുകൾ തെങ്ങു വെച്ചിട്ടുണ്ട് .

 തെങ്ങ് വെക്കുന്നതുകൊണ്ട് ആ സ്ഥലത്തിന് ഏതെങ്കിലും തരത്തിലുള്ള ഗുണമുണ്ടാകാൻ വേണ്ടിയല്ല ഇതു ചെയ്യുന്നത് എന്ന് അയ്യപ്പഭക്തന്മാർ മനസ്സിലാക്കണം .

18 പടികളാണ് ശബരിമലയ്ക്ക് ഉള്ളത് . നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള കാമക്രോധ ലോഭ മോഹാദികളെ അവസാനിപ്പിച്ച് , അയ്യപ്പനെ സാക്ഷാത്കരിക്കാൻ മന്ത്രം സാധന ചെയ്ത് , സ്വാധ്യായം ചെയ്ത് , വ്രതങ്ങളനുഷ്ഠിച്ച് 41 ദിവസവും അയ്യപ്പനെ കാണുന്നു. 

അങ്ങനെ അയ്യപ്പനെ കാണുന്നതിലൂടെ ഭക്തന്റെ ഉള്ളിൽ ഒരു സംസ്കാരം രൂപപ്പെട്ടുവരുന്നു. ആ സംസ്കാരം താൻ ഒരു കേവലമനുഷ്യനല്ലെന്ന തിരിച്ചറിവാണ് . തന്റെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു മനുഷ്യനായി ജീവിച്ചുമരിക്കുക എന്നതു മാത്രമല്ലെന്ന് ശബരിമലവ്രതങ്ങളിലൂടെ ബോധ്യമാകും .
“ മനുർഭവ ' - നിങ്ങൾ മനുഷ്യനായിത്തീരണമെന്ന് ഋഗ്വേദം പറയും . " ജനയാം ദൈവ്യം ജനം . ' ദിവ്യഗുണശാലികളായ മനുഷ്യരായിത്തീരണമെന്നാണ് വേദോപദേശം . എങ്ങനെയാണ് കേവലമായ മനുഷ്യനിൽ നിന്ന് ദിവ്യഗുണശാലികളായ മനുഷ്യരായിത്തീരുക ? അതാണ് ഭാരതീയ ശാസ്ത്രപാരമ്പര്യം .

ഭാരതത്തിൽ പറയുന്നത് നമുക്ക് ഒരു കാട്ടാളനായിട്ട് ജീവിക്കാം . പക്ഷേ , മരിക്കുമ്പോൾ വാല്മീകിയായേ മരിക്കാവൂ എന്ന് പുരാണങ്ങൾ നമുക്ക് തെളിവു തരും .

അപ്പോൾ വാല്മീകിയാവുന്നത് എങ്ങനെയാണ് ? അവനവന്റെ ഉള്ളിലുള്ള ഈശ്വരീയതയെ വർധിപ്പിക്കുന്നതിനുവേണ്ടി മന്ത്രസാധനകൾ അനുഷ്ഠിച്ചു , വ്രതങ്ങൾ പാലിച്ചു , ദീക്ഷ എടുത്തു , ജപങ്ങൾ ആരംഭിച്ചു .

അങ്ങനെ ഒരു വർഷം ഒരു മണ്ഡലകാലം പൂർണമായ രീതിയിൽ വ്രതത്തോടുകൂടി അയ്യപ്പദർശനത്തിനായിപ്പോയി . അങ്ങനെ ഒരു വർഷം കഴിഞ്ഞു . അങ്ങനെ 18 വർഷം ഒരു പുരശ്ചരണ കാലഘട്ടം ഉണ്ടാകുന്നു . ഒരു പുരശ്ചരണത്തിന്റെ കാലം 41 ദിവസങ്ങൾ അടങ്ങുന്ന 18 വർഷം നീണ്ട പരിശ്രമത്തിലൂടെ ഒരു വ്യക്തി തന്റെ ഉള്ളിന്റെ ഉള്ളിൽ പൂർണമായും അവശേഷിക്കുന്ന സകലതിന്മകളേയും ഇല്ലാതാക്കിക്കൊണ്ട് പൂർണമായി അയ്യപ്പനായി മാറുന്ന ഒരു ഭാവം നമുക്കിവിടെ പ്രകടമാകും, തന്റെ ഉള്ളിൽ അയ്യപ്പനെ ദർശിക്കുന്നു . തത്വമസി

തന്റെ ഉള്ളിൽ അയ്യപ്പനെ സിദ്ധി വരുത്തുന്നു.

താൻ പൂർണവ്യക്തിയായി പരിണമിക്കുന്ന അവബോധം ഭക്തനിൽ ഉണ്ടായിത്തീരുന്നു. ആ അവബോധം വരുമ്പോൾ തന്റെ സാക്ഷാത്കൃതമായ കഴിവിന്റെ പ്രതിരൂപമെന്ന രൂപത്തിലാണ് ഒരു തെങ്ങ് വെക്കുന്നത് .

ആ തെങ്ങ് അവിടെ വെക്കുമ്പോൾ അവനവന്റെ ഉള്ളിൽ ഉള്ള ഈശ്വരീയസങ്കല്പത്തെ ബീജരൂപത്തിൽ വെക്കുകയാണു ചെയ്യുന്നത്. തെങ്ങ് ഒരു കല്പവൃക്ഷമാണ്. നാട്ടിൻപുറത്തെല്ലാം തെങ്ങിലുള്ളതൊന്നും കളയാനില്ലെന്നു പറയും . അതിന്റെ ഓലയായാലും നാളികേരമായാലും ഇളനീർ ആയാലും തടിയായി ഉപയോഗിച്ചാലും ശരി തെങ്ങാരുകല്പവൃക്ഷ'മാണ് . 

18 വർഷത്തെ തന്റെ സാധന കൊണ്ട് അയ്യപ്പനായിത്തീർന്ന വ്യക്തി സമൂഹത്തിൽ ഒരു കല്പവൃക്ഷത്തെപ്പോലെയാണ് .

അയാൾ എല്ലാ ആളുകൾക്കും എല്ലാം നല്കിക്കൊണ്ടിരിക്കും . ആ സാധകന്റെ ഉള്ളിൽനിന്ന് സ്വാഭാവികമായി പരിണമിക്കുന്നതെല്ലാം, പുറത്തേക്ക് വരുന്നതെല്ലാം സമൂഹത്തിനും വ്യക്തിക്കും കുടുംബത്തിനും എല്ലായ്പോഴും ഗുണകരമായി മാത്രമേ അവശേഷിക്കുകയുള്ളൂ .

 അങ്ങനെ ഒരു വ്യക്തിയുടെ ഉള്ളിൽ നിർലീനമായ സകലമാന കഴിവുകളെയും - ഒരു കല്പവൃക്ഷത്തെ - പ്രതിനിധീകരിക്കുന്ന പദ്ധതിയാണ് തെങ്ങുവെപ്പിലുള്ളത് . ആ തെങ്ങു വെപ്പു പഠിച്ചുകഴിഞ്ഞാൽ ചില കാര്യങ്ങൾ മനസ്സിലാക്കാം .

 അവനനവന്റെ ഉള്ളിലുള്ള ശക്തിയെ ഒരു തെങ്ങായി സങ്കല്പിച്ചുകൊണ്ട് , ഒരു തെങ്ങിൻ തെയായി സങ്കല്പിച്ചുകൊണ്ട് അവിടെ വെക്കുന്നു. തന്റെ ഉള്ളിലുള്ള മുഴുവൻ കാഴ്ചപ്പാടിനെയും സകലർക്കുമായി ആയി താൻ പങ്കുവെക്കും എന്നു പറയുന്ന വാഗ്ദാനം കൂടി അടങ്ങിയിട്ടുണ്ടെന്ന് ഓർക്കുക .........

28 May 2022

ഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന മകരവിളക്ക്, ഐതീഹ്യം

ഭഗവാൻ യോഗനിദ്രയിൽ നിന്നുണരുന്ന മകരവിളക്ക്, ഐതീഹ്യം

ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. 

ഇവിടെ വെച്ചാണ് അയപ്പ സ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്നു പറയുന്നു. അയ്യപ്പ സ്വാമിയെ അവസാനമായി കണ്ട സ്ഥലമെന്നും അതല്ല സമാധിയിൽ കുടികൊള്ളുന്ന സ്ഥലമെന്നും പറയുന്ന മണിമണ്ഡപം മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്. 

മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്.

 റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ , തിരുവാഭരണവിഭൂഷിതനായ ശാസതാവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.

മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയണ് മകരവിളക്ക് മഹോത്സവത്തിന്നു തുടക്കം കുറിക്കുന്നത്.

 മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്. ആദ്യ നാലു ദിവസങ്ങളിലും മണി മണ്ഡപത്തിൽ നടക്കുന്ന കളമെഴുത്തും അതിനോടനുബന്ധിച്ചു പതിനെട്ടാമ്പടി വരെ നടത്തുന്ന വിളക്കെഴുന്നെള്ളിപ്പുമാണ് മകരവിളക്ക് എന്നു പറയുന്നത്. 

അഞ്ചാം ദിവസം നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് ശരംകുത്തിയാൽ വരെ എഴുന്നെള്ളുന്നു. ജീവസമാധിയിലോട്ടക്കിയ ഭഗവാനെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖമുള്ള തിടമ്പിലോട്ട് ആവാഹിച്ചാണ് മകരം അഞ്ചിനു നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിനു എഴുന്നെള്ളിക്കുന്നത് എന്നത് പ്രധാന പ്രത്യേകതയാണ്. 

പന്തളം കൊട്ടാരത്തിൽ നിന്നു കൊടുത്തയക്കുന്ന തിരുവാരണപ്പെട്ടികളിൽ പ്രധാനമാണ് വീരയോദ്ധാവിന്റെ തിരുമുഖമുള്ള തിടമ്പ് . സംക്രമ ദിവസത്തെ ദീപാരാധനക്കു മുമ്പായി തിരുവാഭരണപ്പെട്ടികൾ സന്നിധാനത്ത് എത്തിച്ചേരുകയും പ്രധാന ആഭരണപ്പെട്ടി ശ്രീ കോവിലിലേക്കും മറ്റു രണ്ടുപെട്ടികൾ മണിമണ്ഡപത്തിലുമാണ് വയ്ക്കുന്നത്. അഭിഷേകപ്പെട്ടിയെന്നും കൊടിപ്പെട്ടിയെന്നും അറിയപ്പെടുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനപ്പെട്ടതാണ് തലപ്പാറ മലയേയും ഉടുമ്പാറ മലയേയും പ്രതിനിധീകരിക്കുന്ന കൊടികളും കുടകളും. തലപ്പാറമലയുടെ വിജയക്കൊടിക്ക് ചുവപ്പ് മുത്തുക്കുടയും ഉടുമ്പാറ മലയുടെ വിജയ കൊടിക്ക് കറുത്ത മുത്തുക്കുടയുമാണ് വക്കുന്നത്. 

രണ്ടു കൊടികളുടേയും അകമ്പടിയോടെയാണ് അയ്യപ്പ സ്വാമി ശരംകുത്തിയിലേക്ക് എഴുന്നെള്ളുന്നത്.

മകരവിളക്ക് മഹോത്‌സവത്തിന്റെ അഞ്ചാം ദിവസമാണിത് നടക്കുന്നത്. മണിമണ്ഡപത്തിൽ നിന്നും ഭഗവാന്റെ എഴുന്നെള്ളിപ്പിനു മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് എന്ന് പറയുന്നു. 

അതാണ് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പായി തെറ്റിദ്ധരിക്കപ്പെട്ടത്. ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയപ്പ സ്വാമി മണിമണ്ഡപത്തിലേക്കു മടങ്ങുന്നു. തിരിച്ചുള്ള യാത്രയിൽ തീവെട്ടികൾ അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെയാണ് പോകുന്നത്.

 അയ്യപ്പസ്വാമി യുടെ ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്.

 ശബരിമലയിലെ മകരവിളക്കുത്സവത്തിന്റെ സമാപനം കുറിച്ചു തന്റെ ഭക്തരെ യാത്രയാക്കുക എന്ന സങ്കല്പമാണ് ശരംകുത്തിയിലോട്ടുള്ള എഴുന്നെള്ളിപ്പ്ന്റെ പിന്നിലുള്ളത് .

 അയ്യപ്പൻ തൻെറ ശരങ്ങളും ആയുധങ്ങളും ശരംകുത്തിയിൽ ഉപേക്ഷിച്ചിട്ടാണ് ശബരിമലയിൽ യോഗനിദ്രയിലേക്കു പ്രവേശിച്ചത് എന്നു ഐതീഹ്യങ്ങൾ പറയുന്നു.

ശബരിമലയിൽ നടക്കുന്ന അത്യപൂർവമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. 

ശബരിമലയിലും പെരുനാട് കക്കാട് കോയിക്കൽ ക്ഷേത്രത്തിലും നായാട്ടു വിളി നടക്കുന്നു. ശബരിമലയിൽ ചാർത്തുന്ന തിരുവാഭരണം പുറത്തൊരു ക്ഷേത്രത്തിൽ ചാർത്തുന്നത് പെരുനാട്ടിലെ ശാസ്താ ക്ഷേത്രത്തിലാണ്.

തിരുവാഭരണം കൊണ്ടുള്ള മടക്കയാത്രയിൽ മകരം ഏഴിനാണ് പെരുനാട്ടിൽ തിരുവാഭരണ ദർശനം നടക്കുന്നത്.

 ഇവിടെ നിന്നുകൊണ്ടാണ് പന്തളം രാജാവ് ശബരിമലയിൽ ക്ഷേത്രം പണിതത് എന്നു ഐതീഹ്യങ്ങൾ പറയുന്നു. 

പണ്ട് മകരവിളക്ക് ഉത്സവം ആദ്യത്തെ അഞ്ചു ദിവസം ശബരിമലയിലും പിന്നീടുള്ള അഞ്ചു ദിവസത്തെ ഉത്സവം പെരുനാട്ടിലുമായിരുന്നു നടത്തിയിരുന്നതെന്നു പറയപ്പെടുന്നു.

11 September 2021

അയ്യപ്പചരിതമുറങ്ങുന്ന ചെമ്പോലക്കളരി

അയ്യപ്പചരിതമുറങ്ങുന്ന ചെമ്പോലക്കളരി

സമഭാവനയുടെ ശംഖൊലി മുഴങ്ങുന്ന ശബരി സന്നിധാനം ആചാര വൈവിധ്യങ്ങള്‍കൊണ്ടും പുരാണ പരാമര്‍ശങ്ങള്‍കൊണ്ടും ഐതിഹ്യപ്പെരുമകള്‍ കൊണ്ടും മറ്റു തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ജാതിമത ഭേദങ്ങളോ വര്‍ണ്ണ വ്യത്യാസങ്ങളോ ഉച്ചനീചത്തങ്ങളോ ഇല്ലാത്ത കേവലം അദ്വൈത ദര്‍ശനത്തിന്റെ ശാദ്വല ഭൂമിക! പ്രകൃതി പുരുഷ സംഗമ ചേര്‍ച്ചയുടെ; ജീവാത്മ പരമാത്മ ലയ ഭാവനയുടെ വേദവാക്യം സക്രിയമായി തെളിയുന്ന മംഗള ശരണാലയം...

പന്തളം കൊട്ടാരവും മണികണ്ഠനും അയ്യപ്പനും ശബരിമലയും മറ്റുമായി ബന്ധപ്പെട്ട കഥകളുടേയും ചരിത്ര സത്യങ്ങളുടേയും വഴികളും കൈവഴികളും കേരളം മുഴുവന്‍ വ്യാപിച്ചും സഹ്യസാനുവിന്റെ താഴ്‌വാരം കടന്നും നീണ്ടുനീണ്ടു പോകുന്നു. ഭഗവാനുമായി ചേര്‍ന്നു നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും ചരിത്രസത്യങ്ങളുടെയും നേര്‍സാക്ഷ്യങ്ങളാണ് ആലങ്ങാട്ട് ചെമ്പോലക്കളരിയും അമ്പലവും കുന്നുകര അമ്മണത്തു ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള കൊടിയും ഗോളകയും മറ്റും.

പന്തളരാജകുടുംബം പാണ്ഡ്യദേശത്തു നിന്നും എത്തിയവരാണല്ലോ. കേരളത്തിന്റെ പല ഭാഗങ്ങളിലും താമസിച്ചതിനു ശേഷമാണ് രാജകുടുംബം പന്തളത്ത് എത്തപ്പെട്ടത്. മിക്കവാറും എല്ലായിടത്തുനിന്നും മാറിപ്പോകേണ്ടിവന്നത് പലതരം ആക്രമണ ഭീഷണികള്‍ മൂലമായിരുന്നു. സ്വന്തം കൊട്ടാരത്തിലുള്ള സേവകരില്‍ ചിലര്‍ പോലും പുറത്തുള്ള ശത്രുവിന് കൊട്ടാരത്തിന് ദോഷം വരുത്തുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്ത ചരിത്രം പോലുമുണ്ട്.

അയ്യപ്പന്‍ പന്തളത്ത് കൊട്ടാരത്തില്‍ മണികണ്ഠനായിരുന്ന സമയത്ത് രാജ്യത്തിന്റെ നേര്‍ക്ക് തലപൊക്കിയിരുന്ന ആക്രമണ ഭീഷണികളെ പ്രതിരോധിക്കാന്‍ ഒരു യോദ്ധാവിന് സമം ആയോധന മുറകള്‍ അഭ്യസിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ രാജാവിന്റെ അറിവോടെ പോയിരുന്നു.

കരിമലക്കോട്ടയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന പാണ്ഡ്യ ദേശത്തുനിന്നു എത്തിയ മാറവപ്പടയുടെ നായകന്‍  ഉദയനന്‍ പന്തളരാജ്യം കൊള്ളയടിക്കാന്‍ പടയൊരുക്കം തുടങ്ങിയത് പന്തളരാജന്‍ അറിഞ്ഞു. യുദ്ധമുറകളില്‍ അജയ്യനായ ഈ ശത്രുവിനെ നേരിടാന്‍  ഒറ്റയ്ക്ക് സാധ്യമാകില്ലെന്നത് തമ്പുരാന് മനസ്സിലായി.  മണികണ്ഠന്റെ യുക്തിപൂര്‍വ്വമായ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്  പന്തളരാജന്‍ രഹസ്യമായി ചില നീക്കങ്ങള്‍ നടത്തുകയുണ്ടായി. അന്ന് ശക്തമായ അടവുകള്‍ പതിനെട്ടും പയറ്റിത്തെളിഞ്ഞ എന്തിനുംപോന്ന യോദ്ധാക്കളെക്കൊണ്ട് സമ്പന്നമായിരുന്നു അയല്‍നാട്ടു രാജ്യങ്ങളായിരുന്ന ആലങ്ങാടും അമ്പലപ്പുഴയും.

ആലങ്ങാട്ടു രാജാവിന്റെ ഭരണകാലത്ത് ആയോധനകലകള്‍ അഭ്യസിപ്പിക്കുന്നതിന് നാട്ടില്‍ അനവധി കളരികള്‍ ഉണ്ടായിരുന്നു. അതില്‍ പേരുകൊണ്ടും പെരുമകൊണ്ടും ഏറ്റവും മുമ്പിലായിരുന്നു ആലങ്ങാട്ട് കളരി. അവിടെയുണ്ടായിരുന്ന അഭ്യാസികളില്‍ പലരും കായിക മാനസിക ശക്തിയിലും ആക്രമണ പ്രതിരോധ അടവുനയങ്ങളിലും അഗ്രിമസ്ഥാനത്തുള്ളവരായിരുന്നതുകൊണ്ട് ആലങ്ങാട് തമ്പുരാനെ അയല്‍നാടുകളിലുള്ള തമ്പുരാക്കന്മാര്‍ക്കും പടക്കുറുപ്പന്മാര്‍ക്കും വളരെ ബഹുമാനമായിരുന്നു. അയല്‍നാട്ടു തമ്പുരാക്കന്മാരെല്ലാം ആലങ്ങാടു തമ്പുരാന് വിധേയരായിരുന്നുവത്രെ.

പന്തളത്തു രാജാവിന്റെ സര്‍വ്വസൈന്യാധിപനായിരുന്ന ശങ്കരന്‍ നായര്‍  മിടുക്കനും ദീര്‍ഘവീക്ഷണമുള്ളവനും അതികായനുമായിരുന്ന ഈ പടക്കുറുപ്പ് മുപ്പത്തടം കാമ്പിള്ളി തറവാട്ടിലെ വെളിച്ചപ്പാടായിരുന്നു.  അദ്ദേഹത്തിന്റെ കൂടി ഉപദേശം സ്വീകരിച്ചുകൊണ്ട് പന്തളത്തുരാജാവ് മേല്‍പ്പറഞ്ഞ ആലങ്ങാട്-അമ്പലപ്പുഴ രാജാക്കന്മാരുമായി ബന്ധപ്പെട്ടു.  ഉദയനനെ കീഴ്‌പ്പെടുത്താന്‍ തമ്പുരാന്‍ അവരുടെ സഹായം അഭ്യര്‍ത്ഥിച്ചു.

അയ്യപ്പന്‍, ഉദയനന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ അഭ്യാസമുറകള്‍ പഠിക്കാന്‍ കൂടുതലും തിരഞ്ഞെടുത്തത് ആലങ്ങാട് കളരിയാണ്. അദ്ദേഹം ഇതിനുവേണ്ടി ആലങ്ങാട്ട് വന്ന് പല പ്രാവശ്യം താമസിച്ചിട്ടുണ്ടെന്ന് തര്‍ക്കരഹിതമായി സ്ഥാപിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ ഇന്ന് ആലങ്ങാട് കളരിയുടെ രക്ഷാധികാരിയുടെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട്. ആലങ്ങാട്ട് കളരിയില്‍ നിന്നും ‘കുഴിക്കളരി’ അഭ്യാസ മുറകള്‍ പോലും കരസ്ഥമാക്കി പ്രഗത്ഭനായ ഒരു യോദ്ധാവായി രൂപപ്പെട്ടു മണികണ്ഠന്‍. മണികണ്ഠന്റെ അമ്മയുടെ പ്രതിഷ്ഠാസ്ഥാനമായ അമ്പലപ്പുഴയിലെ കളരിയില്‍ നിന്നും അയ്യപ്പന്‍ അഭ്യാസമുറകള്‍ പഠിക്കുകയുണ്ടായി. അവിടുത്തെ ചീരപ്പന്‍ കളരിയില്‍ നിന്നും ‘പൂഴിക്കടകന്‍ മുറകള്‍’ പ്രത്യേകമായി അദ്ദേഹം പഠിക്കുകയുണ്ടായി.  ആയോധന കലയില്‍ പ്രാവീണ്യം നേടിയ മികച്ച അഭ്യാസിയായി രൂപപ്പെട്ട മണികണ്ഠന്‍ വാവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി ഗുരുത്വമുള്ള ശിഷ്യനാക്കി മാറ്റിയിരുന്നു.

മണികണ്ഠന്റെ അച്ഛന്റെ പ്രതിഷ്ഠാ സ്ഥാനമായ ആലുവ തേവരുടെ മണപ്പുറത്തുവച്ച് യുദ്ധത്തെപ്പറ്റി ആലോചിക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ധ്യക്ഷ പദം അലങ്കരിച്ച് അയ്യപ്പന്‍ പങ്കെടുക്കുകയുണ്ടായി. ആ യോഗത്തില്‍വെച്ചാണ് കൊട്ടാരത്തിലെ സര്‍വ്വ സൈന്യാധിപനായ ശങ്കരന്‍ പടക്കുറുപ്പിനെ അയ്യപ്പനും തന്റെ സര്‍വ്വ സൈന്യാധിപനായി തിരഞ്ഞെടുത്ത്. ആലങ്ങാടിനു ചുറ്റുമുള്ള കരക്കാരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് അവിടെക്കൂടിയ എല്ലാവരേയും ഉള്‍പ്പെടുത്തി ആലങ്ങാട്ടു യോഗക്കാര്‍ എന്ന് സംബോധന ചെയ്തുപോന്നു. അയ്യപ്പനും ആലങ്ങാട്ട് കളരി യോദ്ധാക്കളില്‍ പ്രമുഖരായവരും ചേര്‍ന്ന് എരുമേലിയിലെത്തി.  അമ്പലപ്പുഴക്കാരും അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു.

വില്ലാളി വീരന്മാരായ രണ്ടുനാട്ടിലേയും യോദ്ധാക്കളുടെ ഒരു അപൂര്‍വ്വ സംഗമമായിരുന്നു അത്. ഇവിടെ വച്ച് അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യം പൂര്‍ണ്ണമാക്കുന്നതിന്റെ ഭാഗമായി മഹിഷീ നിഗ്രഹം നടന്നു. (എരുമയെക്കൊന്ന  ‘എരുമക്കൊല്ലി’യാണ് രൂപാന്തരം സംഭവിച്ച് എരുമേലിയായതത്രേ) ഇരുനാട്ടിലെ യോദ്ധാക്കളോടും വാവരോടുമൊപ്പം അയ്യപ്പന്‍ വിശ്രമിക്കുകയും ആഹാരം പാകം ചെയ്തു കഴിക്കുകയും ചെയ്തു. അതിനുശേഷം അയ്യപ്പനും സംഘവും നടത്തിയ ആനന്ദനൃത്തത്തിന്റെ സ്മരണയാണ് എരുമേലി പേട്ടയെന്ന് വിശ്വസിക്കുന്നു.  (മാറവപ്പടയെ തോല്‍പ്പിച്ചതിനു ശേഷമുള്ള സന്തോഷ നൃത്തമാണ് പേട്ടതുള്ളല്‍ എന്നും അഭിപ്രായമുണ്ട്.)

പിന്നീട് അമ്പലപ്പുഴ സംഘം വാവരുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിച്ച് കരിമലയെ ലക്ഷ്യമാക്കി മുന്നോട്ട് പോയി. അവരുടെ പിറകെ അയ്യപ്പന്‍ നയിക്കുന്ന ആലങ്ങാട്ട് സംഘവും യാത്രയായി. കരിമലക്കോട്ടയില്‍ ചെന്ന് ഉദയനന്റെ മാറവപ്പടയെ തോല്‍പ്പിച്ച് പന്തള രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷം എല്ലാവരും പാപനാശിനിയായ പമ്പയിലെത്തി കുളിച്ച് ശുഭ്രവസ്ത്രങ്ങള്‍ ധരിച്ചു. പമ്പാവിളക്കും പമ്പാസദ്യയും നടത്തി. അവിടെ നിന്നും ശരംകുത്തിയാലിനു സമീപമെത്തി. അയ്യപ്പനുള്‍പ്പെടെ എല്ലാവരും എല്ലാ ആയുധങ്ങളും അവിടെ ഉപേക്ഷിച്ചു. ആലങ്ങാട്ട് യോഗക്കാരുടെ കണ്‍മുമ്പില്‍വെച്ച് ശബരിമലയില്‍ ധര്‍മ്മ ശാസ്താവിലേയ്ക്ക് അയ്യപ്പന്‍ വിലയം പ്രാപിച്ചു. ഭഗവാന്റെ നിര്‍ദ്ദേശപ്രകാരം പന്തളത്ത് രാജാവ് പാരിതോഷികമായി ആലങ്ങാട്ട് തമ്പുരാന്  അയ്യപ്പഗോളകയും കൊടിയും സമ്മാനിച്ചു. എരുമേലിയിലും സന്നിധാനത്തും ആലങ്ങാട്ട് യോഗക്കാര്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും കല്‍പ്പിച്ചു കൊടുത്തു. ഇന്നും ആലങ്ങാട്ട് യോഗക്കാര്‍ ഈ പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും എരുമേലിയിലും സന്നിധാനത്തും അനുഭവിച്ചു വരുന്നു.

അന്ന് ആലങ്ങാട്ട് തമ്പുരാന് ലഭിച്ച പാരിതോഷികങ്ങളായ ഗോളകയും കൊടിയും ആലങ്ങാട്ടിന്റെ അയല്‍നാടായ കുന്നുകര, വയല്‍ക്കര അമ്മണത്ത് അമ്പലത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എല്ലാത്തരത്തിലും വിശേഷങ്ങളുടെ വിശേഷണങ്ങള്‍ കൊണ്ടും പരമോന്നതമായ കീര്‍ത്തികള്‍കൊണ്ടും പരിശോഭിച്ച ആലങ്ങാട്ട് കളരിയുടെ മികവിന്റെ പ്രവര്‍ത്തന രീതിയില്‍ സംപ്രീതനായ ആലങ്ങാട്ട് തമ്പുരാന്‍ ചെമ്പോലയില്‍ കളരിയുടെ അവകാശം ആലങ്ങാട്ട് യോഗത്തിന് പതിച്ചു നല്‍കി. അന്നുമുതല്‍ ആലങ്ങാട്ട് കളരി ചെമ്പോലക്കളരിയായി പ്രസിദ്ധമായി.  ആയിരം വര്‍ഷത്തോളം പഴക്കമുള്ള ചെമ്പോലക്കളരി ഇന്നും പഴയ പ്രതാപ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.

മുഖത്തളത്തിനുള്ളിലായി ദേവിയുടേതുള്‍പ്പെടെ കളരിയില്‍ മൂന്നുശ്രീകോവിലുകളും ഉണ്ട്.  ചെമ്പോലക്കളരിയുടെ തെക്ക് പടിഞ്ഞാറ് നില്‍ക്കുന്ന പ്ലാവിന് കുറഞ്ഞത് 800 വര്‍ഷം പഴക്കമുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. നേരിട്ട് കാണുമ്പോള്‍ ഇത് സത്യമാണെന്ന് ബോധ്യമാകും. പ്ലാവിന്റെ ഒന്നരയടി പൊക്കത്തില്‍ കവരകള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ള വിസ്തൃതമായ അറപോലുള്ള കുഴിഭാഗം അത്ഭുതത്തോടെയേ നോക്കി കാണാന്‍ പറ്റൂ. അന്ന് പടക്കുറുപ്പന്മാര്‍ പടക്കുപയോഗിച്ചിരുന്ന വാളുകള്‍ കാലപ്പഴക്കത്തില്‍ കുറച്ച് ദ്രവിച്ചു പോയെങ്കിലും പഴയകാല പോരാട്ട ചരിത്രങ്ങളിലേയ്ക്ക് നമ്മുടെ ഓര്‍മ്മകളെ കൊണ്ടുപോകും.  കളരിക്ക് സമീപമുള്ള സര്‍പ്പക്കാവും സര്‍പ്പക്കുളവും ഭയമുളവാക്കുന്ന നാഗങ്ങളുടെ മൗനസാന്നിധ്യം അനുഭവപ്പെടുത്തുന്നു. ചെമ്പോലക്കളരിക്കടുത്ത് പുരാതനമായ ക്ഷേത്രവുമുണ്ട്.

കുന്നുകര അമ്മണത്ത് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന ഗോളകയും കൊടിയും എരുമേലി പേട്ടയൊരുക്കങ്ങള്‍ക്കു മുമ്പായി ധനു പതിനെട്ടിനു മുപ്പത്തടം കാമ്പിള്ളി അമ്പലത്തിലെത്തിച്ചു  ദര്‍ശന കാണിക്ക സമര്‍പ്പണ കര്‍മ്മങ്ങള്‍ക്കു ശേഷം ചെമ്പോലക്കളരി ക്ഷേത്രത്തില്‍ കൊണ്ടുവരും. അവിടെ പാന പൂജകളും മറ്റും നടത്തും. ഈ കളരിക്ഷേത്രത്തില്‍ നിന്നാണ് പ്രസിദ്ധമായ എരുമേലിയിലെ ആലങ്ങാട്ട് പേട്ടക്കുള്ള പുറപ്പാട് നടക്കുക.  പേട്ടപുറപ്പാടിന് ശബരിമല തന്ത്രിയും, പന്തളത്തു രാജാവും ആലങ്ങാട്ട് തമ്പുരാനും വിശിഷ്ടാഥികളായി ഉണ്ടാകും.  ആലങ്ങാട്ട് പേട്ട കഴിഞ്ഞാല്‍ ആ കൊല്ലത്തെ എരുമേലി പേട്ട കഴിഞ്ഞെന്നാണ് സങ്കല്‍പ്പം...