ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 18

നാഗമാഹാത്മ്യം...

ഭാഗം: 18

27. ജനമേജയന്റെ സർപ്പസത്രാരംഭം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ആ കാലഘട്ടത്തിൽ ജനമേജയ മഹാരാജാവ് സർപ്പസത്രം നടത്താൻ തീരുമാനിച്ചു. നാഗകുലത്തിന്റെ വംശവിശ്ചേദം വരുത്തുകയായിരുന്നു ലക്ഷ്യം. തന്റെ പിതാവ് ധർമിഷ്ഠനായ പരീക്ഷിത്തു മഹാരാജാവിനെ തക്ഷകൻ കടിച്ചു കൊന്നില്ലേ ? അതിന്റെ പകവീട്ടാൻ നാഗങ്ങളെയെല്ലാം ചുട്ടുചാമ്പലാക്കാനാണുദ്ദേശിച്ചത്. ഋത്വിക്കുകളെയെല്ലാം വരുത്തി സത്രാരംഭത്തിനു വേണ്ടതെല്ലാം ഒരു കുറവും കൂടാതെ ഒരുക്കാൻ തീരുമാനിച്ചു . രാജാവ് ആചാര്യനോടു സത്രത്തെ പറ്റി അഭിപ്രായമാരാഞ്ഞു. ആ അവസരത്തിൽ ഒരു ബ്രാഹ്മണൻ മൂലം ഈ സർപ്പസത്രം മുഴുമിപ്പിക്കാൻ ഇടവരാതെ ഇടയ്ക്കു നിർത്തി വെയ്ക്കേണ്ടി വരുമെന്ന് ആചാര്യന്റെ അരുളപ്പാടുണ്ടായി. ഈ സത്രം ഭംഗിയായി അവസാനിപ്പിക്കാൻ സാധ്യതയില്ലന്ന് പ്രവചനം. രാജാവ് അത്രത കൂട്ടാക്കിയില്ല . സർപ്പങ്ങളോട് തീർത്താൽ തീരാത്ത പകയാണുണ്ടായിരുന്നത്. യജ്ഞശാല ചമയ്ക്കാനെത്തിയ മൂത്താശാരിയും സത്രം മുഴുമിപ്പിക്കാൻ സാധിക്കാതെ വരുമെന്നു പറഞ്ഞു. ആചാര്യന്റേയും 'മൂത്താശാരിയുടേയും പ്രവചനമൊന്നും തന്നെ ജനമേജയരാജാവിന്റെ നിശ്ചയത്തിന് ഇളക്കമുണ്ടാക്കാൻ പര്യാപ്തമായില്ല..

രാജാവിന്റെ അഹന്തയ്ക്ക് മൂർച്ച കൂടി. ഞാൻ രാജാവല്ലേ? രാജാവിന്റെ ആജ്ഞ പാലിക്കപ്പെടേണ്ടതാണ്. ആജ്ഞ പുറപ്പെടുവിച്ചു. യജ്ഞശാല ചമയ്ക്കണം, സത്രം അതീവ ഭംഗിയായി നടത്താൻ കോപ്പകൾ കൂട്ടണം. വരും വരായ്കകളെ പറ്റിയൊന്നും രാജാവ് ചിന്തിച്ചില്ല . ലക്ഷ്യത്തിൽ മാത്രം ഉറച്ചു നിന്നു. എന്താണു ലക്ഷ്യം ? തക്ഷകനാദിസർപ്പങ്ങളെയെല്ലാം യാഗാഗ്നിയിൽ ഹോമിച്ച് അവരുടെ അന്ത്യം വരുത്തുക. ഒടുവിൽ രാജാജ്ഞ പാലിക്കാൻ ഏവരും തയ്യാറായി. കുലഗുരുവിനെ വരുത്തി. അദ്ദേഹത്തിന്റെ ആജ്ഞാനുസരണം എല്ലാവരേയും ക്ഷണിച്ചു തുടങ്ങി. ശാലയ്ക്കു സ്ഥാനം നോക്കി , ശാല നിർമ്മിച്ചു. അപ്പോൾ മൂത്താശാരി ഭവിഷ്യത്ത് ഓർമ്മിപ്പിച്ചു . ഉടനെ തന്നെ യജ്ഞകവാടത്തിൽ രണ്ടു പേരെ ദ്വാരകപാലകൻമാരായി നിയമിച്ചു പറഞ്ഞു. ആരെയും യാഗശാലയിലേയ്ക്ക് കടത്തി വിടാൻ പാടില്ല. യജ്ഞത്തിനുള്ള ഒരുക്കളെല്ലാം പൂർത്തിയായി. അമാത്യൻമാർക്കും ജനങ്ങൾക്കുമെല്ലാം സംഭ്രമമായി, എന്തു സംഭവിക്കും എന്ന്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment