ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 April 2020

കംസനിഗ്രഹം

കംസനിഗ്രഹം

 കംസനെ ഭഗവാൻ നിഗ്രഹിച്ചത് തെറ്റായിപ്പോയില്ലേ എന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്താണ് കംസ നിഗ്രഹത്തിലൂടെ ഭഗവാൻ ലക്ഷ്യമാക്കിയത്?

ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിന്, നിത്യാനന്ദത്തിന് അർഹനാക്കുക എന്നതാണ്. എന്നാൽ അവിടുത്തേക്ക് എത്തുവാൻ ധർമത്തിന്റെ പാതയിൽക്കൂടിയല്ലാതെ സാധ്യമല്ല. ചില അവിവേകികൾക്ക് ധർമം എന്ന വാക്ക് കേൾക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോൾ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസൻ. കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധർമം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല.

ശ്രീകൃഷ്ണ ഭഗവാൻ വന്നിട്ടുള്ളത് ധർമിക്കും അധർമിക്കും വേണ്ടിയാണ്. അധർമിയെയും ഈശ്വരങ്കൽ എത്തിക്കുക എന്ന കടമ അവിടുത്തേക്കുള്ളതാണ്. അധർമികളിൽ ധർമബോധം ചെലുത്താൻ വേണ്ടതെല്ലാം അവിടുന്നു ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താൽ മത്തരായ അവർ ധർമമാർഗം കൈക്കൊണ്ടില്ല. പിന്നീട് ഭഗവാന്റെ മുമ്പിൽ ഒരു വഴിയേ ബാക്കിയുള്ളൂ. അവരുടെ എല്ലാ അധർമങ്ങള്‍ക്കും പ്രേരകമായിരിക്കുന്ന, ബഹിർമുഖങ്ങളായ ഇന്ദ്രിയങ്ങൾക്ക് അധിഷ്ഠാനമായ ശരീരം നശിപ്പിക്കുക. ശരീരമാകുന്ന തടവറയിൽനിന്നും അവരുടെ ജീവനെ മോചിപ്പിക്കുക. അതാണ് ഭഗവാൻ ചെയ്തത്. അങ്ങനെേയ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്പർശമേൽക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങൾ എന്ന അനുഭവജ്ഞാനം അവർക്കു കൈവരൂ.

മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തിൽനിന്ന് അധർമിയായ ഒരു വ്യക്തിക്കു മോചനം നൽകുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധർമത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാൻ അവര്‍ക്കു സാധിക്കും. 

കംസന് ഈ ജന്മത്തിൽ ധർമമാർഗത്തിൽ സഞ്ചരിക്കാൻ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധർമത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. ഇതു നഷ്ടമായി പുതിയ ശരീരം ലഭിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ. ഭഗവാന്റെ കൈ കൊണ്ട് മരണം സംഭവിക്കുമ്പോൾ, അവിടുത്തെ ദർശിച്ച്, സ്മരിച്ചു കൊണ്ട് ശരീരം വെടിയുമ്പോൾ പാപമെല്ലാം ക്ഷയിക്കുകയാണു ചെയ്യുന്നത്. വാസ്തവത്തിൽ കംസന്റെ ആഗ്രഹം തന്നെ ഭഗവാന്റെ കൈകൊണ്ട് മരിക്കണം എന്നതായിരുന്നു. ഭഗവാൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കംസന്റെ ജീവനെ ആ ശരീരത്തിൽനിന്ന് ഭഗവാൻ ഉദ്ധരിക്കുകയാണു ചെയ്തത്. കംസനു പരമാത്മാവിൽ എത്താനുള്ള സാഹചര്യം അവിടന്ന് ഒരുക്കി.

ഒരു രാക്ഷസനെയോ അസുരനെയോ ഒരു ദൈവീകശക്തി വധിക്കുന്നതായി പുരണങ്ങളിൽ ചിത്രീകരിക്കുമ്പോൾ വാസ്തവത്തിൽ അയാൾ നശിക്കപ്പെടുന്നില്ല ദുഷിച്ച ഭാവം കൈവിട്ട് അയാളിൽ ഒരു ദിവ്യശക്തി ഉയർത്തെണിക്കുയാണ് ചെയ്യുന്നത് . അതായത് തിന്മ എന്നത് സത്യത്തിൽ നിന്നും വഴുതി പോകുമ്പോൾ സംഭവിക്കുന്ന ഒരു തെറ്റുമാത്രമാണ്. അടിസ്ഥാനപരമായി പാപമോ തിന്മയോ ഇല്ല എല്ലാം അടിസ്ഥാനപരമായി ദൈവീകമാണ്, തിന്മയെന്ന തെറ്റ് നിർമ്മാർജ്ജനം ചെയ്യുമ്പോൾ സ്വഭാവികമായി ഫലം ദൈവീകതയുടെ അവിഷ്കാരമാണ്.

No comments:

Post a Comment