പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം
നഷ്ടപ്പെട്ട വസ്തുപോലും തിരിച്ചുകിട്ടും, ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ!
ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുവാനും നഷ്ടപ്പെട്ടതും കേസിൽ പെട്ടതുമായി സ്ഥലം തിരിച്ചു കിട്ടാനും ഒക്കെ പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ ശരിയാകുമെന്നാണ് വിശ്വാസം. ഭൂമി ക്രയവിക്രയങ്ങൾക്കുള്ള തടസങ്ങൾ വരാഹമൂർത്തി മാറ്റി തരുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
നാലായിരം വർഷം മുൻപ് പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. ആയിരത്തി ഇരുന്നൂറ് വർഷം മുമ്പ് ഇത് കേരളത്തിലെ പ്രമുഖ ക്ഷേത്രമായിരുന്നു. ഉളിയന്നൂർ പെരുന്തച്ചനാണ് ഈ ക്ഷേത്രം പുനരുദ്ധാരണം നടത്തിയപ്പോൾ ശ്രീകോവിലിന്റെ മേൽക്കൂര കൂടുകൂട്ടിയത് എന്നും ഒരു ഐതിഹ്യമുണ്ട്. പെരുന്തച്ചന്റെ അനുഗ്രഹം കൊണ്ട് എന്നും ഇവിടെ കുലത്തിലൊരുവന് പണിയുണ്ടാകും എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ഉളിയും മുഴക്കോലും ഇവിടെ വച്ചിട്ടാണ് പോയത്. പെരുന്തച്ചന്റെ പുത്രഹത്യയ്ക്ക് ശേഷമാണ് അതുണ്ടായത്.
ഈ ക്ഷേത്രം വീണ്ടും പ്രസിദ്ധിയും ഐശ്വര്യവും നേടും എന്നും 600 വർഷം മുൻപ് ജീവിച്ചിരുന്ന അപ്പത്ത് അടീരി എന്ന മഹാപണ്ഡിതനും ശിവഭക്തനുമായ ഒരാൾ ചെമ്പ് തകിടിൽ എഴുതിയ പ്രവചനം ഈ അടുത്തകാലത്ത് കണ്ടുകിട്ടിയിരുന്നു.
‘വരാഹമൂർത്തി രക്ഷിക്കണേ’ എന്നു മൂന്ന് തവണ വിളിച്ചു പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും ഭഗവാൻ തങ്ങളെ കരകയറ്റുമെന്നാണ് വിശ്വാസം. എന്നാൽ വിചാരിക്കുന്ന ഉടനെ ഈ ക്ഷേത്രത്തിൽ എത്താൻ ഭക്തർക്ക് കഴിയണമെന്നില്ല. നല്ലവണ്ണം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമാണ് ഇവിടെ ദര്‍ശനം നടത്താൻ സാധിക്കുക എന്നതാണ് അനുഭവം. ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം, ദുർഗാക്ഷേത്രം, ഗണപതി, സുബ്രഹ്മണ്യൻ, ലക്ഷ്മീനാരായണൻ തുടങ്ങി ഉപദേവന്മാരുടെ ക്ഷേത്രങ്ങളുള്ള ഒരു മഹാക്ഷേത്രമാണിത്. ചിത്രഗുപ്തന്റെയും യക്ഷിയുടെയും സാന്നിദ്ധ്യം ഇവിടത്തെ പ്രത്യേകതയാണ്. പഴയ കൂത്തമ്പലത്തിന്റെ അവശിഷ്ടവും ഇവിടെ കാണാം. ചരിത്ര പ്രശസ്തമായ പന്നിയൂർ തുറ ക്ഷേത്രത്തിന് തൊട്ട് വടക്കായി കാണാം.
ഇവിടത്തെ ഏറ്റവും പ്രശസ്തമായ പൂജയാണ് അഭിഷ്ടസിദ്ധിപൂജ. ഇത് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കുടുംബഐശ്വര്യത്തിനായുള്ള ഐശ്വര്യപൂജ, വിവാഹം നടക്കാനായി ലക്ഷ്മീനാരായണ പൂജയും നടത്താം.
ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ്
നിത്യവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകുന്നേരം 5 മുതൽ 8 വരെയും ക്ഷേത്രത്തിൽ ആരാധനകൾ നടക്കുന്നു. മകര മാസത്തിൽ അശ്വതിയിൽ വരാഹമൂർത്തിയുടെ പ്രതിഷ്ഠാദിനം പൂയ്യത്തിന് സുബ്രഹ്മണ്യസ്വാമിക്ക് തൈപ്പൂയ്യം. മീനം/മേടത്തിൽ വരാഹജയന്തി. മേടത്തിൽ വിഷുക്കണി. മിഥുനത്തിൽ അനിഴം പ്രതിഷ്ഠാദിനം (ഭഗവതി – സുബ്രഹ്മണ്യൻ). കര്‍ക്കടകം 31ന് മഹാഗണപതി ഹോമം. ചിങ്ങത്തിൽ അഷ്ടമിരോഹിണി. കന്നി/തുലാം മാസങ്ങളിൽ ദുർഗാഷ്ടമി– പൂജവെയ്പ്, വിജയദശമി– വിദ്യാരംഭം, അഖണ്ഡനാമജപം. വൃശ്ചികത്തിൽ ആദ്യ ശനിയാഴ്ച ശാസ്താവിന്, ധനു ആദ്യ ബുധനാഴ്ച കുചേലദിനം. ധനു പത്തിന് മണ്ഡലസമാപനം, ലക്ഷാർച്ചന എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ.
പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് പന്നിയൂര്‍ വരാഹക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്നും കുന്നംകുളം എടപ്പാൾ വഴി പന്നിയൂരിലെത്താൻ 50 km. കോഴിക്കോട് നിന്നും വളാഞ്ചേരി – കുറ്റിപ്പുറം– കുമ്പിടി വഴി 85km. പാലക്കാട് നിന്നും ഒറ്റപ്പാലം– പട്ടാമ്പി– കൂറ്റനാട്– തൃത്താല– കുമ്പിടി വഴി 75 km ആണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം.
ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ കടലിൽ താഴ്ത്തിയപ്പോൾ ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും മഹാവിഷ്ണു വരാഹമായി അവതരിച്ചു രാക്ഷസനെ നിഗ്രഹിച്ചു ഭൂമിയെ ഉയർത്തി കൊണ്ടു വന്നു എന്നാണ് വരാഹ അവതാരത്തിന്റെ ഐതീഹ്യം. കടലെടുത്ത് പോകുന്ന ഭൂമിയെയും ജനങ്ങളെയും രക്ഷിക്കാൻ സാക്ഷാൽ വരാഹമൂർത്തിയോട് പ്രാർത്ഥിക്കാം.
No comments:
Post a Comment