ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 April 2020

ഹാടി റാണി

ഹാടി റാണി

രാജസ്ഥാനിലെ മേവാറിൽ സാലുംമ്പർ നഗരം കുറച്ച് ദിവസങ്ങളായി ഉത്സവാഘോഷ തിമിർപ്പിലാണ്... കുറിച്ച് ദിവസം മുമ്പ് സൈന്യാധിപൻ രത്തൻ ചുന്ദാവത്തിൻ്റെ വിവാഹമായിരുന്നു. രാജ്പുത്തന്മാരിലെ ഹാഡാചൌഹാൻ വംശത്തിലെ ഹാടിറാണി യാണ് വധു. സമയം രാത്രിയാണ് . വധൂവരന്മാർ തങ്ങളുടെ മണിയറക്കുള്ളിലും .
അപ്പൊഴാണ് വാതിൽക്കൽ ഒരു മുട്ടു കേട്ടത്. രത്തൻ സിംഗ് കതക് തുറന്നു. 
ഒരു സന്ദേശവാഹകനാണ് ... 

''എന്താണ് കാര്യം?" കുറച്ച് നീരസത്തോടെയാണ് രത്തൻ ആരാഞ്ഞത് .

"പ്രഭോ .. മേവാർ മഹാരാജാവ് രാജ് സിംഗ് ൻ്റെ ഒരു സന്ദേശമുണ്ട്. രൂപ്നഗറിലെ പ്രഭാവതി റാണിയെ അന്തഃപുരത്തിലേക്ക് ചേർക്കുവാൻ ഔറംഗസേബ് തൻ്റെ പടയുമായി പുറപ്പെട്ടിരിക്കുന്നു. വിവാഹം കഴിക്കുവാനാണെന്നാണ് കേൾവി. റാണിയുടെ പിതാവിനും ഇതിന് സമ്മതമാണത്രേ ! എന്നാൽ റാണി, മഹാരാജാവുമായി പ്രണയത്തിലാണെന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ .. അദ്ദേഹം തൻ്റെ പടയുമായി റാണിയെ സ്വീകരിക്കുവാൻ ഇറങ്ങിക്കഴിഞ്ഞു. എന്നാൽ അവരെത്തും മുമ്പ് അവിടെയെത്തി റാണിയെ രക്ഷിക്കുവാൻ അങ്ങയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് എന്നെ അയച്ചത്. " 

ദൂതനോട് ഒന്നും പറയാതെ വാതിലടച്ച രത്തൻ വിളറിയ മുഖത്തോടെയാണ് ഹാടി റാണിയേ നോക്കിയത് 

''എന്തു പറ്റി? " റാണി ചോദിച്ചു. 

"സഹായം വേണമത്രേ! ഓറംഗസേബിൻ്റെ മണിയറയിലേക്ക് പ്രഭാവതി റാണിയെ കൊണ്ടുപോകാൻ പടയൊരുക്കം ... പക്ഷെ മഹാരാജാവ് സ്വയം പുറപ്പെട്ടിട്ടുണ്ടല്ലോ പിന്നെന്തിനാണ് പടയെ തടയാൻ എൻ്റെ സഹായം? "  

രത്തൻ്റെ ശബ്ദത്തിൽ അസ്വസ്ഥതയും പരിഹാസവും നിറഞ്ഞു നിന്നു.

റാണിയുടെ മുഖം മ്ലാനമായി. പക്ഷെ ഉടൻ തന്നെ മാഞ്ഞു പോയ പുഞ്ചിരി മടക്കിയെടുത്ത് അവർ ചോദിച്ചു. 

"അങ്ങ് എപ്പോഴാണ് പ്രഭാവതി റാണിയെ രക്ഷിക്കാനായി യുദ്ധത്തിനിറങ്ങുന്നത് ? "

"എന്ത് യുദ്ധമോ ? ഇപ്പൊഴോ ? ഒരിക്കലുമില്ല! ". .

ഈ വാക്കുകൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രത്തൻ സിംഗിൻ്റെ മുഖം കുനിഞ്ഞിരുന്നു

ഇത് കേട്ട റാണി ഉടൻ മുറിക്കു പുറത്തിറങ്ങി സന്ദേശവാഹകനോട്  രത്തൻ സിംഗിന് ജീവൻ ബാക്കിയുണ്ടെങ്കിൽ പ്രഭാവതി റാണിയെ രക്ഷിക്കുമെന്ന് രാജാവിനെ അറിയിച്ചാലും  എന്ന് പറഞ്ഞ് വാതിലടച്ചു. 

ഈ വാക്കുകൾ കേട്ട് ആകെ തകർന്നു പോയ രത്തൻ ഹാടി റാണിയുടെ അരികിലേക്ക് നീങ്ങി അവരുടെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു 

" ദേവി ! എൻ്റെ സാമിപ്യം നീയൊട്ടും ആഗ്രഹിക്കുന്നില്ലേ? നമ്മുടെ വിവാഹം കഴിഞ്ഞത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമല്ലേ  ? എന്നിട്ടും ..... !  "

തൻ്റെ കണ്ണുകളിൽ ഭർത്താവിനോടുള്ള സ്നേഹം മുഴുവൻ ഒരുമിച്ച് തെളിയിച്ച് കൊണ്ട് ദേവി മറുപടി നൽകി 

" പ്രഭോ! ഒരു സ്ത്രീയുടെ അഭിമാനം അവളുടെ ജീവനേക്കാളേറെ വില പിടിപ്പുള്ളതാണ്. ഇഷ്ടമില്ലാത്ത ഒരു പുരുഷൻ്റെ സ്പർശനത്തെക്കാൾ നൂറു മടങ്ങ് അവൾക്ക് സ്വന്തം മരണമാണ് പഥ്യമാകുക. പ്രഭാവതി ദേവിയുടെ മാനം കാത്തു രക്ഷിക്കേണ്ടത് അങ്ങയുടെ കടമയാണ്. അതിനങ്ങ് മടി കാണിച്ച് ദേവിക്ക് അശുഭമെന്തെങ്കിലും സംഭവിച്ചു പോയാൽ 
ലോകമതിന് പഴിക്കുന്നത് ഈയുള്ളവളെയായിരിക്കും . അങ്ങത് ആഗ്രഹിക്കുന്നുവോ ?" 

രത്തന് മറുപടിയുണ്ടായിരുന്നില്ല ! 

കുറച്ച് നേരത്തെക്ക് നിശബ്ദനായെങ്കിലും അദ്ദേഹം തുടർന്നു.

"ദേവി .. നമ്മുടെ ജീവിതം ആരംഭിക്കുന്നേയുള്ളു. ഈ യുദ്ധത്തിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ ....... " 

"പ്രഭോ ! ധീരതയ്ക്ക് മരണമില്ല എന്നങ്ങേക്ക് അറിവില്ലാത്തതാണൊ ? പിന്നെന്തിനാണ് ഈ മൗഢ്യം? "

പിന്നെ യുദ്ധത്തിനായുള്ള പെരുമ്പറകൾ മുഴങ്ങാൻ ഒട്ടും താമസമുണ്ടായില്ല.. 

കനം വെച്ച ഹൃദയത്തൊടെ യുദ്ധ സന്നദ്ധനായിറങ്ങിയ രത്തൻ എന്തോ ഓർത്തത് പോലെ പെട്ടന്ന് നിന്നു. തൊട്ടടുത്തുള്ള പരിചാരികയെ വിളിച്ചു. 

" ദേവി ... ദേവി .... "

ഓടിക്കിതച്ചെത്തിയ കൊട്ടാരത്തിലെ പരിചാരികയുടെ വിളി കേട്ട് ഹാടി റാണി വിവരമാരാഞ്ഞു. 

"ദേവി ... അവിടുത്തെ പ്രഭുവാണ് എന്നെ അയച്ചത്. അവിടുത്തേക്ക് സദാ പ്രചോദനം നൽകത്തക്ക ഒരു സ്മരണിക സമ്മാനമായി നൽകുവാൻ ആവശ്യപ്പെട്ടു . ഉടൻ മധുരതരമായ ആ സമ്മാനം തന്നയച്ചാലും "

പരിചാരികയുടെ മുഖത്തെ നാണം റാണി തിരിച്ചറിഞ്ഞു. അവരുടെ മുഖം താഴ്ന്നു ! തന്നോടുള്ള പ്രേമം മൂലം ഭർത്താവിന് യുദ്ധത്തിൽ മികവ് കാട്ടാനാകില്ല എന്ന ചിന്ത അവരെ നിരാശയിലാഴ്ത്തി.

ഒരു നിമിഷം അവർ ഗാഢമായചിന്തയിലാണ്ടു ..
 മനസ്സിലെന്തോ ഉപായമൊരുങ്ങിയതിനാലാകും അവരുടെ മുഖം അരുണാഭമായി !
ആ മുഖം ജൗഹറിനൊരുങ്ങിയ പദ്മിനിയുടെതിന് സമം ശോഭിച്ചു ! 

''എൻ്റെ ഉടവാളെടുക്കൂ ... എന്നിട്ട് ഞാൻ തരുന്ന ഉപഹാരം പ്രഭുവിന് നൽകു .. " റാണി പരിചാരികയോടായി പറഞ്ഞു.

ശേഷം ........ ! 

''ജയ് ദുർഗേ ! " എന്ന റാണിയുടെ ആർപ്പുവിളിയോടൊപ്പം പരിചാരികയുടെ ഉച്ചത്തിലുള്ള നിലവിളിയും ആ മുറിയിൽ പ്രതിധ്വനിച്ചു. 

യുദ്ധത്തിനിറങ്ങും മുമ്പ് തൻ്റെ ഭാര്യ തനിക്കെന്താണ് സമ്മാനമായി നൽകാൻ പോകുന്നത് എന്ന ചിന്തയിൽ അക്ഷമനായി കൊട്ടാര മുറ്റത്ത് ഉലാത്തുകയിരുന്നു രത്തൻ.

ചുവന്ന പട്ടു കൊണ്ട് മൂടിയ ഒരു തളികയുമായി വേച്ച് വേച്ച് ദൂരേ നിന്ന് വരുന്ന പരിചാരികയുടെ അടുത്തേക്ക് അദ്ദേഹം ഓടിയെത്തി.

"എന്താണെനിക്കായി റാണി തന്നയച്ചത്? " 
എന്ന ചോദ്യത്തോടെ തളികയുടെ മുകളിലെ പട്ടു മാറ്റിയ അദ്ദേഹം തളികയിൽ തൻ്റെ പത്നിയുടെ വേറിട്ട ശിരസ്സു കണ്ട് അസ്ത പ്രജ്ഞനായി നിന്നു. 

''ദേവി പ്രഭാവതിയുടെ മാനം രക്ഷിക്കാൻ ഈയുപഹാരം അങ്ങേക്ക് തുണയായിരിക്കട്ടെ "
ദേവിയുടെ അവസാന സന്ദേശമിതായിരുന്നു... എന്ന് പറഞ്ഞൊപ്പിച്ച  ആ പരിചാരിക പൊട്ടിക്കരഞ്ഞു .

പിന്നീടവിടെ  പരിചാരികയുടെ ഏങ്ങലടികൾ മാത്രമേ ഉയർന്നു കേട്ടുള്ളു. 
അതു വരെ ഉയർന്നു കേട്ട യുദ്ധാരവങ്ങൾ എല്ലാം പെട്ടന്ന് നിശബ്ദമായി

നിലത്തേക്ക് ദൃഷ്ടിയുന്നി ഒരു നിമിഷം മൂകനായി നിന്ന രത്തൻ മുഖമുയർത്തിയപ്പൊൾ അവിടെ ക്ഷത്ര തേജസ്സ് ജ്വലിച്ചിരുന്നു. 

കണ്ണുകളിൽ അഗ്നി സ്ഫുലിംഗങ്ങളോടെ , ശബ്ദത്തിൽ ഇടിനാദത്തിൻ്റെ മുഴക്കത്തോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു .

'' നമ്മുടെ പത്നി , രജപുത്രന്മാരുടെ അഭിമാനത്തെ കാത്തു രക്ഷിച്ചിരിക്കുന്നു .. നമുക്കതിനായില്ല. പക്ഷെ ദേവിക്കതിന് നിഷ്പ്രയാസം സാധിച്ചു. ശംഖനാദമുയരട്ടെ ... പെരുമ്പറകളും യുദ്ധകാഹളങ്ങളും മുഴങ്ങട്ടെ ... എല്ലാവരും യുദ്ധത്തിനൊരുങ്ങട്ടെ.. നമുക്ക് എത്രയും വേഗം ഔറംഗസേബിനെ തടയേണ്ടതുണ്ട് ... ദേവി പ്രഭാവതിയെ രക്ഷിക്കേണ്ടതുണ്ട് .... "

ഇത്രയും പറഞ്ഞ് നിർത്തിയ അദ്ദേഹം തൻ്റെ പത്നിയുടെ ശിരസ്സെടുത്ത് തലമുടിയുടെ സഹായത്തോടെ തൻ്റെ കഴുത്തിൽ ചേർത്ത് ബന്ധിച്ചു കുതിരപ്പുറത്തേറി കുതിച്ച് പാഞ്ഞു ... 
കുങ്കുമത്തലപ്പാവണിഞ്ഞ അദ്ദേഹം ഔറംഗസേബിൻ്റെ പടയാളികളെ തലങ്ങും വിലങ്ങും വെട്ടി നുറുക്കിയിട്ടു. ഒരു സ്ത്രീയുടെ ശിരസ്സ് ഹാരമാക്കി യുദ്ധം ചെയ്യുന്ന ആ ധീരന് മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ മുഗളർ യുദ്ധ ഭൂമി വിട്ട് പരക്കം പാഞ്ഞു..

യുദ്ധം ജയിച്ചു ! പക്ഷെ രത്തൻ യുദ്ധഭൂമി വിട്ട് മടങ്ങാൻ കൂട്ടാക്കിയില്ല . 
ജീവിക്കാനുള്ള ഇച്ഛനശിച്ച് മുട്ടു മടക്കി യുദ്ധഭൂമിയിലിരുന്ന ആ രജപുത്രൻ
സ്വന്തം ശിരസ്സറുത്ത് ജീവനൊടുക്കി ! 

ഈ പറഞ്ഞത് ഒരു കഥയാണോ ! ?
എന്നാൽ അല്ല ! ചരിത്രമാണ് ! 
രജപുത്രൻ്റെ പ്രണയ ചരിത്രം !

ഭർത്താവിൻ്റെ കർമ്മ നിർവഹണത്തിന് തടസമാകാതിരിക്കാൻ , 
പ്രണയമല്ല, കർമ്മമാണ് വലുതെന്ന് സ്ഥാപിക്കാൻ സ്വന്തം തല വെട്ടിയ ഒരു സ്ത്രീ !
രാഗം മാംസ ബന്ധമായിപ്പോയ ഇക്കാലത്ത് ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും ! 

മറ്റൊരു സ്ത്രീയുടെ മാനം രക്ഷിക്കാൻ സ്വന്തം ജീവനില്ലാതാക്കിയ ഒരു സ്ത്രീ ! 
പെറ്റമ്മ പോലും മാനം വിൽക്കാൻ മക്കളെ പ്രേരിപ്പിക്കുന്ന ഇക്കാലത്ത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും

അതു കൊണ്ട് തന്നെ ആ ധീരാംഗനയുടെ  ചരിത്രം ഒരു മിത്തായേക്കാം ! 

എന്നാൽ ...

ചരിത്രത്തിന് തെളിവു നൽകുന്നത് രാജസ്ഥാനിൽ തൊടാറായ്സിംഗ് സിറ്റിയിൽ ഉള്ള 
ഹാടി റാണി കി ബാവരി എന്ന സ്റ്റെപ് വെൽ ആണ്.

പക്ഷെ ... 

നിരവധി കോട്ടകളുണ്ടായിട്ടും ... 
ഗോര ബാദൽ ചുവർ ചിത്രങ്ങളുണ്ടായിട്ടും 
പദ്മാവതിയെ മിത്താക്കിയ ഒരു ചരിത്രകാരന് 
ഹാടി റാണിയെയും  മിത്താക്കി മാറ്റാൻ എന്താണ് പ്രയാസം ! 

റോമിയോ ജൂലിയറ്റ് !
ലൈലാ മജ്നു ! 
അനാർക്കലി - സലീം ! 
പാരിസ് - ഹെലൻ!
മരണ ശേഷം ഭാര്യക്ക് വേണ്ടി ആഗ്രയിൽ ഒരു വെണ്ണക്കൽ സൗധം തീർത്ത മുഗൾ രാജകുമാരൻ!

കേട്ടു കാണും ! ഇവരെക്കുറിച്ചെല്ലാം ഒരു പാട് കേട്ടു കാണും !
ജീവൻ ത്യജിച്ചവരും അല്ലാത്തവരുമായി എത്ര പ്രണയ ജോടികളാണ് നമ്മുടെ ചുറ്റും ! 

എന്നാൽ ഹാടി - രത്തൻ? 
ഇല്ല ... നമുക്കറിയില്ല. 
എന്തുകൊണ്ടറിയില്ല? 
ചിന്തിക്കുക ! 

മുല മുറിച്ച ഇല്ലാ നങ്ങേലിക്ക് കുടുംബക്കാരെ വരെ കിട്ടിയ കേരളത്തിൽ , 
തല മുറിച്ച ഹാടി റാണിയെ കേട്ടിട്ടു പോലുമില്ല ! 
എന്തു കൊണ്ട് കേട്ടില്ല? 
ചിന്തിക്കുക! 

നങ്ങേലിയുടെ ഇല്ലാക്കഥ ബിബിസിയിൽ വരെ പറഞ്ഞുറപ്പിക്കപ്പെടുമ്പോൾ
ഹാടിയും രത്തനും രാജസ്ഥാൻ്റെ പടിവാതിൽ പോലും കടക്കുന്നില്ല !
എന്തു കൊണ്ടില്ല? 
ചിന്തിക്കുക !

ഛിന്നമസ്തയെന്നൊരു ദേവി സങ്കല്പമുണ്ട് ! 
സ്വശിരസ്സെടുത്ത് കൈയ്യിൽ പിടിച്ച ദേവി. 
ദശ മഹാവിദ്യമാരിൽ ഒരാൾ !
ആ താന്ത്രികസങ്കല്പത്തിലെ സങ്കീർണ്ണതയിലേക്കൊന്നും കടക്കുന്നില്ല. 
എങ്കിലും ഈ ചിത്രത്തിലേക്ക് നോക്കിയിരിക്കുമ്പോൾ 
ആ ഛിന്നമസ്താ ദേവി മാത്രമാണ് ഓർമ്മയിൽ തെളിയുന്നത് ...

No comments:

Post a Comment