ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 April 2020

കർമ്മത്തിന്റെ ഗതി

കർമ്മത്തിന്റെ ഗതി

ആരെങ്കിലും നിങ്ങളോട് നന്ദികേട് കാണിച്ചെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? നിങ്ങളുടെ സഹായം വാങ്ങിയിട്ട് ആരെങ്കിലും നിങ്ങളോട് നന്ദിയില്ലായ്മയോടെ പെരുമാറിയിട്ടുണ്ടെന്ന് നിങ്ങൾക്ക് ചിന്തയുണ്ടോ? ഉണ്ടെങ്കിൽ ഇതൊന്നു മനസ്സിലാക്കുക....

ഈ ജീവിതനാടകത്തിൻ്റെ തിരക്കഥ വളരെ കൃത്യമായി എഴുതപ്പെട്ടതാണ്. ഏതോ പൂർവ്വജന്മത്തിൽ നിങ്ങളെ സഹായിച്ചവർ ഈ ജന്മം നിങ്ങളുടെ മുന്നിൽ വന്ന്, അന്ന് അവർ ചെയ്തു തന്ന ഉപകാരത്തിൻ്റെ പ്രതിഫലം കൈപ്പറ്റി പിരിഞ്ഞു പോയി. ഇനിയും അവർ നിങ്ങളോട് നന്ദി പറയുന്നതെന്തിന്? ഒരിക്കൽ അവർ നിങ്ങൾക്ക് നൽകിയ സഹായമല്ലേ ഇപ്പോൾ നിങ്ങൾ തിരിച്ചു കൊടുത്തത്? എല്ലാ കാര്യങ്ങളും ഏകകാലത്തിൽ ദർശിക്കാതെ തൃകാലദർശിയായി കാണൂ. നിങ്ങൾ ചെയ്തതെന്തോ അതിന് നിങ്ങൾക്ക് പ്രതിഫലം കിട്ടുകതന്നെ ചെയ്യും. നിങ്ങൾക്ക് കിട്ടിയതെന്തോ അതിന് നിങ്ങളും പ്രതിഫലം കൊടുത്തേ മതിയാകൂ. നിങ്ങൾ ആർക്ക് വേണ്ടി, എന്ത് ചെയ്തിട്ടുണ്ടോ, അത് എന്നോ ഒരു സമയത്ത് അവർ നിങ്ങൾക്കായി ചെയ്ത സേവനത്തിൻ്റെ പ്രതിഫലമാണ്. ഒരിക്കൽ നിങ്ങൾ വാങ്ങിയത് തിരിച്ചു കൊടുത്തു കഴിഞ്ഞാൽ, അതായത് കടം തീർന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധം നിലനിൽക്കില്ല. അവർ അകന്നുപോകും.
പുണ്യത്തിൻ്റെയോ പാപത്തിന്റെയോ കടമുണ്ടെങ്കിലേ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധം നിലനിൽക്കൂ. കടം തീർന്നാൽ ആ ബന്ധത്തിൻ്റെ ബന്ധനത്തിൽ നിന്നും മുക്തമാകും.

ഞാൻ സഹായിച്ചവർ എന്നെ സഹായിക്കുന്നതിന് വരും. ഞാൻ കൊടുത്ത അത്രയും സഹായം എനിക്ക് തിരിച്ചുതരും. അവരോട് ഞാൻ വിധേയത്വം കാണിക്കേണ്ടതില്ല. എന്നെ സഹായിച്ചതിന് അവരുടെ മഹിമ പാടേണ്ടതുമില്ല. അവരുടെ മഹിമ പാടാത്തതുകൊണ്ട് ഞാൻ നന്ദിയില്ലാത്തതാണെന്ന് അർത്ഥമില്ല. നമ്മൾ സദാ നന്ദിയുള്ളവരായിരിക്കേണ്ടത് ദൈവത്തോടാണ്.
നമ്മുടെ കർമ്മഫലമാണ് നമുക്ക് ലഭിച്ചത്. എങ്കിലും നമുക്ക് അഹങ്കാരം വർദ്ധിക്കിതിരിക്കുന്നതിനാണ് നമ്മൾ ദൈവത്തിന്റെ മുന്നിൽ ആ കർമ്മഫലം സമർപ്പിച്ചു വിനയാന്വിതനാകുന്നത്.

വിത്തിൽ ജലമൊഴിക്കുമ്പോൾ വൃക്ഷം മുഴുവൻ ആ ജലമെത്തിക്കൊള്ളും. ഇലകളാണ് വൃക്ഷങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതെങ്കിലും നമ്മൾ ജലമൊഴിക്കുന്നത് വൃക്ഷത്തിൻ്റെ ചുവട്ടിലാണ്. അല്ലാതെ ഓരോ ഇലകളിലുമല്ല.
അതുപോലെ, ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നതിനേക്കാളും നല്ലത് ദൈവത്തോട് കടപ്പെട്ടിരിക്കുന്നതാണ്. അപ്പോൾ ഓരോരുത്തരെയും ഓർമ്മയിൽ സൂക്ഷിക്കേണ്ട കാര്യവുമില്ല, ബുദ്ധിയ്ക്ക് ഭാരവുമുണ്ടാകില്ല, സദാ ദൈവത്തിന്റെ സ്മൃതിയും നിലനിൽക്കുന്നു, നമുക്ക് അഹങ്കാരം വരികയുമില്ല.


No comments:

Post a Comment