ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 April 2020

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

ജപിക്കാന്‍ തുടങ്ങിയാല്‍ ക്രമേണ മറ്റു ചലനങ്ങളെല്ലാം മാറി മനസ്സ് നിശ്ചലമായി വരുന്നതായും ഈ പ്രക്രിയയില്‍ ഒരു ലയം അനുഭവപ്പെടുകയും ചെയ്യും. സാധാരണഗതിയില്‍ നാം ചെയ്യുന്ന ശ്വാസോച്ഛാസം ക്രമേണ നേര്‍ത്തുനേര്‍ത്തു വരികയും അങ്ങനെ അവസാനം സ്വാഭാവികമായി ശ്വാസചലനം നില്‍ക്കുന്നതായും സാധകന്മാര്‍ക്ക് അനുഭവപ്പെടാറുണ്ട്. ജപത്തിന്റെ ഉച്ചകോടിയാണിത്. ശ്വാസവും ജപവും തമ്മില്‍ ബന്ധമുണ്ട്. സാധാരണ ശ്വാസത്തില്‍ നാം ബോധവന്മാരല്ല. നമ്മുടെ ഇച്ഛക്കതീതമായി നമ്മുടെ ദേഹത്തിന്റെ സ്വാഭാവികസ്പന്ദനത്തിനനുസൃതമായി അത് നടന്നുകൊള്ളും. ഈ ശ്വാസവും മന്ത്ര ജപകാലവും ഏകതാനമായി വരുവാനും ശ്രദ്ധിക്കേണ്ടതാണ്. ശ്വാസചലനത്തോടൊത്തുവേണം ജപിക്കുവാന്‍. ജപത്തിന്റെ ഇടയില്‍ ശ്വാസം മുറിയരുത്. ശ്വാസം ഇല്ലാതെയുള്ള അവസരത്തില്‍ ജപം നടത്തുകയെന്നത് എത്രയോ കൂടുതല്‍ അഭ്യാസത്തിന് ശേഷം വരേണ്ട ഒരു അവസ്ഥയാണ്. ആദ്യകാലത്ത് അതിനാല്‍ ഒരു പ്രാവശ്യത്തെ മന്ത്രജപത്തില്‍ ശ്വാസം മുറിയാതെ നോക്കണം. വൈദിക ഋക്കുകള്‍ ഒരൊറ്റ ശ്വാസത്തില്‍ തന്നെ ചൊല്ലിത്തീരണമെന്നും ഒരു ഋക്ക് ചൊല്ലുന്നതിനിടയ്ക്ക് മറ്റൊരു ശ്വാസചലനം വരാന്‍ പാടില്ലെന്നും പഴയ ആളുകള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിന്റെ രഹസ്യം ഇതാണ്.

അപ്പോള്‍ സാധാരണ ഉച്ചജപം അഥവാ വൈഖരീജപം നമ്മുടെ നിശ്വാസത്തില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഉച്ച്ച്വാസത്തില്‍ (ശ്വാസം മേലോട്ട് വലിക്കുമ്പോള്‍) സാധ്യമല്ലെന്നും പ്രായോഗികമായി ചെയ്തുനോക്കിയാല്‍ അറിയാം. മാനസിക ജപത്തിനിത് ബാധകമല്ല. ഉച്ച്ച്വാസത്തിലും നിശ്വാസത്തിലും അതായത് രേചകങ്ങളിലും കുംഭകങ്ങളിലും മാനസിക ജപത്തിന് പ്രസക്തിയുണ്ട്. അത് വൈഖരിക്ക് സാധ്യമല്ല.

ജപത്തിന്റെ ഉച്ചാരണത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില അവസരങ്ങളുണ്ട്. ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വൈഖരീ, മാധ്യമഃ പശ്യന്തി, പരാ എന്നീ തട്ടുകളില്‍ ചെന്നെത്തുന്നു. ഈ ശബ്ദതത്വങ്ങള്‍ അത്മതത്ത്വത്തില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. നാം സ്വയം ആ ദേവതയായി തീരുമ്പോള്‍, ഒപ്പം മന്ത്രം ജപിക്കുക കൂടി ചെയ്യുമ്പോള്‍ അസാധാരണമായ ഊര്‍ജ്ജമണ്ഡലം സൃഷ്ടിക്കപ്പെടുന്നു. ഇത് നമ്മുടെ നാഡീശക്തിയും പ്രാണശക്തിയും ഉണര്‍ത്തുന്നു. ഈ അസാധാരണപ്രവൃത്തിയാണ്‌ ജപം.

പലരും ഒരു ദേവതയെ കണ്ണടച്ച് ഉള്ളില്‍ കാണാന്‍ പരിശ്രമിക്കാറുണ്ട്. പക്ഷേ അങ്ങനെ ആര്‍ക്കും ഏറെനേരം കാണാനുള്ള ഏകാഗ്രത ഉണ്ടാവില്ലതാനും. അപ്പോള്‍പ്പിന്നെ ഈ സ്ഥൂല ദേവതാസങ്കല്‍പം കൊണ്ട് എന്താണ് പ്രയോജനം? വാസ്തവത്തില്‍ ഇങ്ങനെയല്ല ജപിക്കേണ്ടത്? മന്ത്രസ്പന്ദനത്തില്‍ രൂപംകൊള്ളുന്ന സ്ഥൂലദേവതാരൂപം താന്‍തന്നെയാണെന്ന് ഓരോരുത്തരും ഉള്‍കൊള്ളേണ്ടതുണ്ട്. അതായത് ശിവനെ ജപിക്കുന്നവന്‍ സ്വയം ധ്യാനസ്വരൂപത്തിലുള്ള ശിവനാകേണ്ടതുണ്ട്. ഗണപതിയെ ഉപാസിക്കുന്നവന്‍ സ്വയം ഗണപതിയാകേണ്ടതുണ്ട്. ഭദ്രകാളിയെ  ജപിക്കുന്നവന്‍ സ്വയം ഭദ്രകാളിയാകേണ്ടതുണ്ട്. ഇങ്ങനെ ഏതു ദേവതയെ ഉപാസിക്കുന്നവനും സ്വയം ആ ദേവതയായി തീരേണ്ടതുണ്ട്.

ദേവതയെ മനുഷ്യന്റെ രൂപത്തില്‍ കല്‍പ്പിക്കുന്നതും തികച്ചും മനഃശാസ്ത്രപരമായ ഒരു താന്ത്രീകസമീപനമാണ്. ദേവത കേവലം ജഡമായ ഒന്നല്ലെന്നും മറിച്ച് നമ്മുടെ ഓരോരുത്തരേയും പോലെ സ്വന്തം ജീവനും ചൈതന്യവുമുള്ള ശക്തിയാണെന്നുമുള്ള അറിവ് സംജാതമാകും. മാത്രമല്ല, നാം ബാഹ്യരൂപം മാത്രമല്ലല്ലോ. കൃഷ്ണന്‍ എന്നുപേരുള്ള ഒരാള്‍ അയാളുടെ ഭൗതികശരീരം മാത്രമല്ലല്ലോ. കൃഷ്ണന്‍ എന്നയാളുടെ ജീവന്‍ വേറിട്ടുപോയാല്‍ കുറച്ചുനേരം മാത്രമേ ആ ശരീരം എന്ന നിലയില്‍ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ കൃഷ്ണന്‍ ഇതിനെല്ലാം ഉപരിയാണ്. നിരവധി സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും അതിനുള്ളിലുണ്ട്. ഈ ഗുണങ്ങള്‍ക്ക് ഒരു രൂപം നല്‍കുകയാണെങ്കില്‍ അത് കൃഷ്ണന്‍ എന്നയാളിന്റെ ഭൗതികരൂപത്തിന് സമാനമായിരിക്കും. ഇങ്ങനെ ആന്തരികമായ ശക്തിയുടെ പ്രതിരൂപമാണ് ഭൗതികമായ രൂപമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രസാധനയ്ക്ക് ഋശീശ്വരന്മാര്‍ പദ്ധതി തയ്യാറാക്കിയത്. ഈ ആന്തരികചോദന വ്യത്യസ്തമായിരിക്കാം. അതുകൊണ്ടാണ് ശിവന്‍, ഗണപതി, സുബ്രഹ്മണ്യന്‍, വിഷ്ണു, ഭദ്രകാളി എന്നീ ദേവതകള്‍ക്കൊക്കെ വ്യത്യസ്തസ്പന്ദനങ്ങള്‍ ഉണ്ടായത്. ഈ വ്യത്യസ്ത സ്പന്ദനങ്ങളാണ് ദേവതകളുടെ വ്യത്യസ്ത രൂപങ്ങള്‍. ഇങ്ങനെ മന്ത്രം ചൊല്ലുമ്പോള്‍ ഉണ്ടാകുന്ന സ്പന്ദനവിശേഷമാണ് രൂപമായി മാറുന്നത്.

ജപം പ്രധാനമായും മൂന്നുതരത്തിലാണെന്ന് തന്ത്രശാസ്ത്രങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. വാചികം, ഉപാംശു, മാനസികം എന്നിങ്ങനെ. വാചികം എന്നാല്‍ ഉച്ചത്തില്‍ ഉച്ചരിച്ചുകൊണ്ടുള്ളത്. വാചികത്തേക്കാള്‍ ശ്രേഷ്ഠം ഉപാംശുവാണ്. ഉപാംശു ശബ്ദം പുറത്തേയ്ക്ക് വരാതെ ചുണ്ടുമാത്രം ചലിപ്പിച്ചുചെയ്യുന്ന ജപമാണ്. ഉപാംശുവിനേക്കാള്‍ ഉത്തമം  മാനസികമാണ്. ശാരീരികമായ ചലനങ്ങള്‍ ക്രമേണ അവസാനിപ്പിക്കണം. തുടര്‍ന്ന് മനസ്സുമാത്രം ചലിക്കുന്ന ഒരു ക്രമം രൂപപ്പെടും.

മനസ്സിനെ ഏകാഗ്രമാക്കി ധ്യാനോക്തമായ ദേവതാരൂപത്തെ മനസ്സിലുറപ്പിച്ചു ജീവന്റെ ശ്വാസോച്ചാസത്തെ മന്ത്രസ്പന്ദനരൂപത്തിലാക്കിത്തീര്‍ക്കലാണ് യഥാര്‍ത്ഥജപം. ഇതു നിരവധി തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായി നാം കേവലകുംഭകാവസ്ഥ, അഥവാ ശ്വാസനിരോധം എന്നാ അവസ്ഥയിലെത്തും. യോഗസൂത്രത്തില്‍ പതഞ്ജലി പറയുന്നു:

യോഗശ്ചിത്തവൃത്തി നിരോധഃ' എന്ന അവസ്ഥ.

യോഗം ചിത്തവൃത്തികളെ നിരോധിക്കലാണെന്നര്‍ത്ഥം അപ്പോള്‍ സുഷുമ്നയിലുള്ള ചൈതന്യം നേരായ വഴിക്ക് ചലിക്കാന്‍ തുടങ്ങുന്നു.

മന്ത്രജപം എന്നത് കേവലം മൗഖികമായ ഒരു വ്യായാമാമാല്ലെന്നു കൂടി നാം മനസ്സിലാക്കണം. കുണ്ഡലിനീശക്തി ഉണരുന്നതോടെ ഇഡപിംഗള നാഡികളിലേക്കുള്ള ചലനങ്ങള്‍ അവസാനിക്കും. അപ്പോള്‍ സുഷുമ്ന തുറന്ന് കുണ്ഡലിനീശക്തി വിവിധ ആധാരങ്ങളിലൂടെയും പത്മങ്ങളിലൂടെയും ചലിക്കുവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ കേവലകുംഭകം ഉണ്ടാകും. അതായത് ശ്വാസം നിലയ്ക്കുന്ന അഥവാ ശ്വാസനിരോധം സംഭവിക്കുന്ന ഘട്ടം സമാഗതമാകുമെന്നു സാരം.
   
മന്ത്രശാസ്ത്രസംബന്ധമായ കൃതികളില്‍ ഇഡയിലൂടെയുള്ള സ്വാഭാവികചലനം "സഃ" എന്ന അക്ഷരമാണെന്നും പിംഗളയിലൂടെയുള്ളത് 'ഹം' എന്ന അക്ഷരമാണെന്നും വ്യക്തമായി പറയുന്നുണ്ട്. സമസ്തജീവികളും സദാസമയവും ഈ തരത്തില്‍ ജപിച്ചുകൊണ്ടിരിക്കുകയാണെന്ന് ശിവസൂത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണാം. നാം ബോധപൂര്‍വമല്ല ഈ ജപം നടത്തുന്നത്. ഇതാണ് ഹംസഃജപം. അഥവാ 'അജപാമന്ത്രജപം' ഇത് ആര്‍ക്കും ആരും ഉപദേശിക്കുന്ന ഒന്നല്ല. സ്വാഭാവികമായി നാം അനുവര്‍ത്തിച്ചു വരാറാണ്‌ പതിവ്. ഉറങ്ങികിടക്കുന്ന കുണ്ഡലിനീശക്തിയുടെ നേരിയ ചലനങ്ങള്‍ മാത്രമാണിവ. ഈ ചലനങ്ങള്‍ ശ്വാസച്ച്ച്വാസം നടത്തിക്കുന്നു. ഇത് അവസാനിക്കുന്നതോടെ നാം ഇഹലോകവാസം വെടിയുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്ന ഈ അനന്തചൈതന്യത്തെ ഉണര്‍ത്താന്‍ ഹംസമന്ത്രത്തോടുകൂടി മൂലമന്ത്രം ജപിക്കണമെന്നു പറയാറുണ്ട്‌.

നാമംചൊല്ലി നമസ്കരിക്കല്‍
  
കുട്ടിക്കാലത്ത് രാവിലെയും വൈക്കുന്നേരവും നാമം ചൊല്ലി നമസ്കരിക്കുന്ന പതിവ് നിര്‍ബന്ധമായിരുന്നു. ഇന്നും ചില കുടുംബങ്ങളില്‍ അത് തുടര്‍ന്ന് വരുന്നുണ്ട്. സീരിയലിന്റെയും ടി.വി. പ്രോഗ്രാമുകളുടേയും സ്വാധീനം അതിനെ ദുര്‍ബലപ്പെടുത്തുന്നുണ്ടെങ്കിലും കാലത്തിനെ അനുസരിച്ചുള്ള മാറ്റം ഉള്‍കൊണ്ടുകൊണ്ട് സന്ധ്യക്ക്‌ ഒരു നിശ്ചിതസമയം അതിന് നീക്കിവെയ്ക്കുന്നത് ഹൈന്ദവസംസ്കാരം നിലനിര്‍ത്തുന്നതിനും ഈശ്വരീയചിന്ത കുട്ടികളില്‍ വളര്‍ത്തുന്നതിനും വളരെ ഉപകാരപ്രദമാകുന്നു. അക്കാര്യത്തില്‍ മാതാപിതാക്കളുടെ സഹകരണം വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ രാവിലെ അതിന് സമയം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് വൈകുന്നേരമെങ്കിലും കുറച്ച് സമയം കണ്ടത്തേണ്ടതാകുന്നു.

നാമംചൊല്ലി നമസ്കരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. അതില്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികളെന്നോ തരംതിരിവും ആവശ്യമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ അല്പം വലുതായാല്‍ മുട്ടുകുത്തി തല ഭൂമിയില്‍ മുട്ടിച്ച് നമസ്കരിച്ചാല്‍ മതി.

ശിവന്‍, വിഷ്ണു തുടങ്ങിയ ഇഷ്ടദേവതകളേയും, പരദേവതകളേയുമാണ് നമസ്കരിക്കേണ്ടത്. ഓരോ കുടുംബത്തിലും ഓരോ പരദേവതകള്‍ ഉണ്ടാകും. അത് ആ കുടുംബത്തില്‍ തലമുറകളായി ആരാധിച്ചുവരുന്ന ദേവതയാണ്. സ്തുതികള്‍ ചൊല്ലുന്നതിനും ഈ മാനദണ്ഡംതന്നെ സ്വീകരിക്കാവുന്നതാണ്.

No comments:

Post a Comment