ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2020

വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം

വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം

വിശ്വാസങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയുംകാൾ സമ്പന്നമാണ് ആന്ധ്രാപ്രദേശ്. വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളും അവിടുത്തെ ആചാരങ്ങളും ഒക്കെ ഇവിടേക്ക് വീണ്ടും വീണ്ടും തീര്‍ഥാടകരെ എത്തിക്കുന്നു. തിരുമല വെങ്കിടേശ്വര ക്ഷേത്രവും കനക ദുർഗ്ഗാ ക്ഷേത്രവും മല്ലികാർജ്ജുന ക്ഷേത്രവും മഹാനന്ദി ക്ഷേത്രവും ഒക്കെ ഇവിടുത്തെ നൂറുകണക്കിന് പ്രശസ്ത ക്ഷേത്രങ്ങളിൽ ചിലത് മാത്രമാണ്. ഈ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു ക്ഷേത്രം കൂടിയുണ്ട്. സിംഹാചലത്തുള്ള വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം. ആന്ധ്രയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയ ഈ നരസിംഹ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയേണ്ടെ?!

വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രം ഈ നാട്ടിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ത്രിമൂർത്തികളിലൊരാളായ വിഷ്ണുവിനെയാണ് ഇവിടെ ആരാധിക്കുന്നത്. സിംഹാചലം ഹിൽസ് എന്നു പേരായ ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രമുള്ളത്.

ആന്ധ്രാ പ്രദേശിലെ പ്രധാനപ്പെട്ട 32 നരസിംഹ ക്ഷേത്രങ്ങളിലൊന്നാണത്രെ സിംഹചാലത്തെ ഈ ക്ഷേത്രം. 32 അധ്യായങ്ങളിലായി വിഭജിക്കപ്പെട്ടു കിടക്കുന്ന ക്ഷേത്ര ചരിത്രമനുസരിച്ച് വ്യത്യസ്തമായ ഒരു രൂപമാണ് ഇവിടെ വിഷ്ണുവിനുള്ളത്. വരാഹത്തിന്റെ തലയും മനുഷ്യന്റെ ഉടലും സിംഹത്തിന്റെ വാലും ഒക്കെയുള്ള വ്യത്യസ്തമായ അവതാരമാണ് ഇവിടുത്തേത്. പ്രഹ്ളാദന്റെ പിതാവായ ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷമുള്ള ഭാവമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

സാധാരണയായി ഇവിടെ വരാഹ നരസിംഹ മൂർത്തിയുടെ രൂപം ചന്ദന ലേപനത്തിലാണ് സൂക്ഷിക്കുക. ശിവലിംഗത്തോട് സാദൃശ്യമുള്ള രീതിയിലാണ് ചന്ദനത്തില്‍ സൂക്ഷിക്കുന്നത്. എന്നാൽ അക്ഷയ ത്രിതീയ ദിവസത്തിൽ മാത്രം ഇങ്ങനെ ചെയ്യാറില്ല.

ഒട്ടേറെ രാജവംശങ്ങളുടെ ഭരണത്തിലൂടെ കടന്നുപോയ ചരിത്രമാണ് വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിനുള്ളത്. മധ്യ കാലഘട്ടത്തിൽ വൈഷ്ണവാരാധനയുടെ ഒരു കേന്ദ്രം തന്നെയായിരുന്നു ഇത്. ഒൻപതാം നൂറ്റാണ്ടിൽ ചാലൂക്യ ചോള രാജാക്കന്മാരുടെ കൈവശമായിരുന്നു ക്ഷേത്രമുണ്ടായിരുന്നത്. പിന്നാട് 13-ാം നൂറ്റാണ്ടിൽ ഈസ്റ്റേൺ ഗംഗാ രാജാവായിരുന്ന നരസിംഹ ദേവൻ ഒന്നാമ്‍റെ കീഴിൽ ക്ഷേത്രത്തിന് കാര്യമായ മാറ്റങ്ങൾ വരുത്തി. തുളുവ വംശവും വിജയ നഗര രാജാക്കന്മാരും ഒക്കെ ക്ഷേത്രത്തിന് കാര്യമായ സംഭാവനകൾ നല്കിയിട്ടുണ്ട്. എന്നാൽ 1564 AD മുതൽ 1604 AD വരെ നാല്പത് വർഷത്തോളം ക്ഷേത്രം പൂജകളോ ഒന്നുമില്ലാതെ തീർത്തും നിർജ്ജീവമായ അവസ്ഥയിൽ കഴിഞ്ഞിരുന്നു എന്നും ചരിത്രം പറയുന്നു.

സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പൂർവ്വ ഘട്ടത്തിന്റെ ഭാഗമാണ്. വിശാഖപട്ടണത്തു നിന്നും 10 മൈൽ അകലെയാണ് ക്ഷേത്രമുള്ളത്. ഇവിടെ സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണ് ക്ഷേത്രമിരിക്കുന്നത്. ഈ കുന്നിന്റെ താഴ്വരയിലും മറ്റുമായി ധാരാളം ഔഷധ സസ്യങ്ങളെയും മറ്റും കാണാൻ സാധിക്കും. ഇവിടെ നിന്നും ക്ഷേത്രത്തിന്റെ മുകളിലേക്കെത്തുവാൻ ഒരുപാട് വഴികളുണ്ട്. ആയിരത്തോളം പടികൾ കയറിവേണം ഇവിടെ എത്തുവാൻ. ഭൈരവ ദ്വാരം, മാധവ ദ്വാരം എന്നിങ്ങനെയാണ് പാതകൾ അറിയപ്പെടുന്നത്.

പുറത്തു നിന്നു നോക്കുമ്പോൾ ഒറ്റക്കാഴ്ചയിൽ ഒരു കോട്ടയ്ക്ക് സമാനമാണ് ക്ഷേത്രം. മൂന്നു പ്രകാരങ്ങളും അഞ്ച് കവാടങ്ങളും ക്ഷേത്രത്തിനുണ്ട്. നരസിംഹദേവൻ ഒന്നാമൻ പുന്ര‍വിർമ്മിച്ച മാതൃകയാണ് ഇവിടെ കാണുന്നത്. ചാലൂക്യരും ചോളരും കൂടാതെ ഒഡീഷ വാസ്തുവിദ്യയും ക്ഷേത്രത്തിൽ കാണാം. വിജയത്തെ സൂചിപ്പിക്കുവാനായി പടിഞ്ഞാറ് ദിശയിലേക്കാണ് ക്ഷേത്രത്തിന്റെ ദർശനം. 96 തൂണുകളുള്ള കല്യാണ മണ്ഡപത്തിലേക്കാണ് ആദ്യം എത്തിച്ചേരുക. വിവിധ ദേവീദേവന്മാരുടെ പ്രതിഷ്ഠയും ഉപദേവതാ ക്ഷേത്രങ്ങളും മണ്ഡപങ്ങളും ഒക്കെ ഇവിടെ കാണാം.

സന്താന ഭാഗ്യമില്ലാത്തവർ ഇവിടെ എത്തി പ്രാർഥിച്ചാൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുമെന്നാണ് വിശ്വാസം. വിജയത്തിനായി ഇവിടെ എത്തി പ്രാർഥിക്കുന്നവരും കുറവല്ല.

മിക്ക ദിവസങ്ങളിലും ആഘോഷമുള്ള ഒരു ക്ഷേത്രമാണിത്. പഴയ കാലത്ത് എങ്ങനെയാണോ ഉത്സവങ്ങൾ കൊണ്ടാടിയിരുന്നത്, അതേ പോലെ തന്നെയാണ് ഇന്നത്തെ രീതികളും. അഗാമ ഗ്രന്ഥങ്ങളിലുള്ള ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായ ഉത്സവങ്ങളും എന്നിങ്ങനെ രണ്ടായി ഇവിടുത്തെ ഉത്സവങ്ങളെ തിരിച്ചിട്ടുണ്ട്.

കല്യാണോത്സവ, ചന്ദ്രോത്സവ, നരസിംഹ ജയന്തി, നവരാത്രോത്സവ, കാമദഹന, കൃഷ്ണ ജന്മാഷ്ടമി, കാർത്തിക ദീപാവലി, ഗിരിപ്രദക്ഷിണ, തുടങ്ങിയവയാണ് ഇവിടുത്തെ ആഘോഷങ്ങള്‍.

രാമാനുജൻ ചിട്ടപ്പെടുത്തിയ ആരാധന സമ്പ്രദായമാണ് ഇവിടെ പിന്തുടരുന്നത്. തിരുമല, ശ്രീരംഗം, കാഞ്ചിപുരം തുടങ്ങിയ വൈഷ്ണവ ക്ഷേത്രങ്ങളിലും ഇതേ രീതിയാണുള്ളത്.

രാവിലെ 5.30 നാണ് ഇവിടെ പൂജ ആരംഭിക്കുക. തുടർന്ന് 6.30 മുതൽ അഞ്ച് മണിക്കൂർ നേരത്തേയ്ക്ക വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം.

11.00 ന്ഉഷപൂജ ആരംഭിക്കും. 9.00 മണിക്ക് നട അടയ്ക്കും

ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തു നിന്നും 16 കിലോമീറ്റർ അകലെയാണ് സിംഹാചലം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വിശാഖപട്ടണത്താണ്. അടുത്തുള്ള ബസ് സ്റ്റേഷൻ സിംഹാചലമിൽ സ്ഥിതി ചെയ്യുന്നു. വിജയവാഡയിൽ നിന്നും 356 കിലോമീറ്ററും വിസിനഗരത്തിൽ നിന്നും 54 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.






No comments:

Post a Comment