ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 April 2020

ഓം

ഓം

അതിമഹത്തായ മന്ത്രമാകുന്നു.  വേദാന്തസാര സംഗ്രഹവും സനാതനധർമ്മമൂലവുമാണത്. സച്ചിദാന്തസ്വരൂപമായ പരബ്രഹ്മത്തെ ശബ്ദരൂപേണ പ്രതീകവൽക്കരിക്കുകയാണ് "ഓം"  പരമമായ അവസ്ഥയും പരിമിതപ്പെടുത്തുവാൻ കഴിയാത്തതും പരിണാമങ്ങൾക്ക് അതീതവുമായ , പുതുമ നശിക്കാത്ത 'പരബ്രഹ്മ' പ്രകാശിപ്പിക്കുന്നതുകൊണ്ട് ' പ്രകർഷേണ നവം'  എന്നാർത്ഥത്തിൽ 'പ്രണവം' എന്നപേരിലും അറിയപ്പെടുന്നു, ഓംങ്കാരനാദം പ്രപഞ്ചം മുഴുവൻ   പ്രകമ്പനം കൊള്ളുന്നതിനാലും 'പ്രണവം'   എന്ന് പറയുന്നു.  

"ഓം" എന്നത് അ ഉ മ എന്നീ മൂന്ന് അക്ഷരങ്ങൾ ഒന്നിച്ച് ചേർന്ന ഒരു വാക്കാണ്  കണ്ഠത്തിൽ നിന്നും തുടങ്ങി ചുണ്ടിൽ അവസാനിക്കുന്ന ഒരു ശബ്ദമാണെകിൽ  ആ ശബ്ദം  സർവ്വ ശബ്ദത്തിനും  അടിസ്ഥാനമായിരിക്കും കാരണം  ശബ്ദോച്ചാരണത്തിനുള്ള പത്തു സ്ഥാനങ്ങളായ കണ്ഠ, താലു, മൂർദ്ധ, ദന്തം, ഓഷ്ഠം , നാസിക, കണ്ഠതാലു, കണ്ഠോഷ്ഠം, ജിഹ്വമൂലം എന്നിവയെ  ആ ശബ്ദം സ്പർശിക്കുന്നു. , ഓം ജപിക്കുമ്പോൾ 'അ' ശബ്ദം   കണ്ഠത്തിൽ നിന്നും നാഭിപ്രദേശത്തെ വായു ശക്തികൊണ്ട്  പുറപ്പെട്ട്  'ഉ' എന്ന ശബ്ദത്തോട്  ചുണ്ടിൽ നിന്നും ചേർന്ന് നാസികാസ്ഥാനത്തും നിന്നും നിർഗ്ഗമിക്കുന്ന 'മ' എന്ന അനുനാസികത്തെ ആശ്രയിക്കുമ്പോൾ  എല്ലാ ശ്ബ്ദസ്ഥാനങ്ങളെയും സ്പർശിക്കുന്നു. .  ഓംങ്കാരത്തെ ആ,ഉ,മ,   എന്ന് മൂന്ന് അക്ഷരങ്ങളോടും അല്ലെങ്കിൽ മാത്രകളായും  അവയുടെ ഉച്ചാരണ ശേഷം ശേഷിക്കുന്ന് അമാത്രയായ  നാദവും കൂടി ചേർത്ത്  നാലു  ഘടകങ്ങളാക്കി വേർതിരിച്ചിരിക്കുന്നു.

ജാഗ്രദ്, സ്വപ്നം, സുഷുപ്തി, അവസ്ഥകളെ യഥാക്രമം അ,ഉ,മ,  എന്നി മാത്രകളാലും തുരിയാവസ്ഥയെ 'നാദം' അല്ലെങ്കിൽ 'ധ്വനി' എന്ന അമാത്രയാലും പ്രതീകാത്മകമായി കാണിക്കുന്നു ഓംങ്കാരം.

'ഓംങ്കാരം' അക്ഷരബ്രഹ്മമാണല്ലോ അതിൻ്റെ ഒന്നാമത്തെ 'അ' ശബ്ദം സ്ഥൂലപ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്നു.  അതിൽ പഞ്ചഭൂതങ്ങൾ , ശബ്ദാദി പഞ്ചതന്മാത്രകൾ, സ്ഥൂലപ്രപഞ്ചന്ദ്രിയങ്ങൾ , സ്ഥൂലശരീരം ,  അതിൽ അഭിമാനിക്കുന്ന 'വിശ്വനെന്ന ജീവഭാവം', സൃഷ്ടിയാകുന്ന ധർമ്മം ബ്രഹ്മാവാകുന്ന അധിദേവത എന്നിവ പ്രകാശിക്കുന്നു.

'ഉ' എന്ന ശബ്ദമാകട്ടെ പഞ്ചേന്ദ്രിയങ്ങൾ പഞ്ചപ്രാണൻ, മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം, അപഞ്ചീകൃതഭൂതങ്ങൾ,(സൂക്ഷ്മഭൂതങ്ങൾ) അവയുടെ സൂക്ഷ്മതന്മാത്രങ്ങൾ, , സ്ഥിതിയാകുന്ന ധർമ്മം, വിഷ്ണുവാകുന്ന അധിദേവത,  തൈജസനെന്ന ജീവഭാവം, എന്നിവയെ സ്വപ്നാവസ്ഥയിൽ  സൂക്ഷ്മപ്രപഞ്ചത്തെ വിവക്ഷിക്കുന്നു.

സംഹാരമാകുന്ന ധർമ്മം , ശിവനാകുന്ന ദേവത, പ്രപഞ്ചകാരണമായ മൂലവിദ്യ, പ്രാജ്ഞൻ എന്ന ജീവഭാവം, അവയുടെ പ്രാകാശസ്വരൂപമായ  സുഷുപ്ത്യവസ്ഥയിൽ കാരണ പ്രപഞ്ചത്തെ 'മ' എന്ന നാസികാശബ്ദം പ്രതിനിധാനം ചെയ്യുന്നു.  

പരിണാമത്തിനും നാശത്തിനും വിധേയമായ ആഭരണങ്ങൾ ഭാവങ്ങളും സ്വർണ്ണം ഏതവസ്ഥയിലും  സത്യവുമെന്നപോലെ അവസ്ഥത്രയങ്ങൾ കൽപിതങ്ങളാണെന്നും സത്യമല്ലെന്നും ബോദ്ധ്യമായി ശ്രദ്ധയെ  പ്രാപഞ്ചികധർമ്മങ്ങളിൽ നിന്നും നാലാം പദമായ തുരിയാവസ്ഥയിലേക്കെത്തിച്ച് ദൃഢതപ്രാപിക്കാനും സാധകൻ ക്രമേണ ജീവമുക്തമാകനും  ഓംകാരോപാസന കൊണ്ട് സാധിക്കുന്നു.    

 മൂന്ന് വേദങ്ങൾ , ജാഗ്രദ്സ്വപ്നസുഷുപ്ത്യാദി അവസ്ഥാത്രയങ്ങൾ , സ്വർഗ്ഗാദികളായ മൂന്ന് ലോകങ്ങൾ, ബ്രഹ്മാദിത്രിമൂർത്തികൾ, എന്നിവയെ  അ,ഉ,മ എന്നീ മാത്രകളാൽ 'ഓം'  വിവക്ഷിക്കുന്നു.  അതിനുശേഷം  ആത്മസ്വരൂപമായ തുരിയാവസ്ഥയേയും  ഗ്രഹിക്കുന്നു.  

 ഓംകാരോപാസന ഒരു സാധകനെ അജ്ഞാനജന്യമായ  സംസാരക്ലേശങ്ങളിൽ നിന്നും ത്രാണനം ചെയ്യുന്നു.  ഈ ശക്തിയുള്ളതുകൊണ്ട്  ഓംകാരത്തെ താരം എന്ന് വിളിക്കുന്നു.   ബ്രാഹ്മമുഹൂർത്തത്തിൽ സുഗമമായ ഒരാസനത്തിൽ ഉപവിഷ്ട്നായി നട്ടെല്ല് നിവർത്തി നേരെയിരുന്ന് ഇരുപത്തൊന്നു തവണ  ഓംകാരം ജപിക്കുക.   അഞ്ചു കർമ്മേന്ദ്രിയങ്ങൾ, അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചപ്രാണൻ, പഞ്ചകോശങ്ങൾ, മനസ്സ്  എന്നീ അജ്ഞാന ഘടകങ്ങളെയാണ് 21 എന്ന സംഖ്യകൊണ്ട്  ഹരിക്കേണ്ടത്.   ഈ അജ്ഞാനഘടകങ്ങൾ അനാത്മാക്കളാണെന്ന ബോധം ഓംകാരോപസനയിലൂടെ സാധകൻ നേടിയെടുത്ത്  തുരിയത്തിലെ  ആത്മനെ  പ്രാപിക്കേണ്ടതാണ്.

No comments:

Post a Comment