ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 April 2020

ശ്രീരംഗനാഥപ്പെരുമാളെ രക്ഷിച്ച ദേവദാസി

ശ്രീരംഗനാഥപ്പെരുമാളെ രക്ഷിച്ച ദേവദാസി

ശ്രീരംഗനാഥൻ്റെ ഉത്സവവിഗ്രഹമായ 'നംപെരുമാളി' നെ കാത്തു രക്ഷിച്ച ദേവദാസി. വെള്ളെയമ്മാളോടുള്ള സ്മരണാർത്ഥം
നൂറ്റാണ്ടുകളായി രംഗനാഥൻ്റെ 
കിഴക്കേ ഗോപുരത്തിന് വെള്ള നിറമാണ്. 
മറ്റ് 20 ഗോപുരങ്ങളും നിറപ്പകിട്ടാർന്നു നിൽക്കുമ്പോൾ ക്ഷേത്രപാലകർക്ക് ആ ഗോപുരം വെള്ളയായിത്തന്നെ നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ തന്നെയുണ്ട്. 

ശ്രീരംഗനാഥം ഏകദേശം 2000 വർഷത്തോളം പഴക്കം. ആഴ്‌വാന്മാരുടെ കാലത്ത് രംഗനാഥപ്പെരുമാളിന് ഉലകീരേഴിലും പ്രസിദ്ധിയാർജ്ജിച്ചു. ഉണ്ടായിരുന്ന സമ്പത്തിന് കണക്കില്ല . ഒരു പക്ഷെ സോമനാഥേശ്വരനെ പ്പോലെത്തന്നെ സമ്പന്നനായിരുന്നു രംഗനാഥേശ്വരനും. ഭാരതത്തിലെ ക്ഷേത്രങ്ങളെല്ലാം സമ്പന്നമായിരുന്നല്ലോ...

നമുക്ക് 14 ആം ശതകത്തിൻ്റെ ആരംഭത്തിലേക്ക് പോകാം ..
അതു വരെ സ്വർഗതുല്യമായിരുന്ന രംഗനാഥ ക്ഷേത്രാങ്കണത്തിൽ ചോരപ്പുഴകളൊഴുകാൻ തുടങ്ങിയത് അക്കാലം മുതൽക്കാണ്.
1310 മുതൽ 1311 വരെ നീണ്ടു നിന്ന 
മാലിക്ഖുഫൂറിൻ്റെ അധിനിവേശത്തിന് ശേഷം 
ഉലൂഖ് ഖാൻ്റെ അധിനിവേശവും ശ്രീ രംഗനാഥൻ്റെ മണ്ണിലുണ്ടായി. 

ഇക്കാലത്ത് ഭാരതത്തിലുടനീളം ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിൽ നിന്നും തങ്ങളുടെ ആരാധനാ മൂർത്തികളെ നെഞ്ചോടടുക്കിപ്പിടിച്ച് പല ഭാഗങ്ങളിലേക്കായ് 
പല പല വഴികളിലൂടെ പലായനം ചെയ്യുകയായിരുന്നു നാം അന്നവർ പിൻ തലമുറയ്ക്കായി ശ്രദ്ധാപൂർവം കുഴിച്ചിട്ട പല വിഗ്രഹങ്ങളും 
ഇന്ന് പലയിടങ്ങളിൽ നിന്നുമായി കണ്ടെടുക്കപ്പെടുന്നു.  

എന്തായാലും ഈ സമയത്ത് ഒരു പലായനമായിരുന്നു രംഗനാഥപ്പെരുമാളിൻ്റെ ഉത്സവമൂർത്തിക്കും വിധിച്ചിരുന്നത്.

പിള്ളയ് ലോകാചാര്യർ ഇതായിരുന്നു ആ വയോവൃദ്ധൻ്റെ പേര്. മൂല വിഗ്രഹത്തെ മതിലു കെട്ടിമറച്ച് വെച്ച് , ഉത്സവമൂർത്തിയെ നെഞ്ചോടടുക്കിപ്പിടിച്ച് ഭക്തോത്തമനായ
അദ്ദേഹം നാടും വീടുമുപേക്ഷിച്ച് പലായനം ചെയ്തതു കൊണ്ടാണ്, ദേവദാസിയായ വെള്ളയമ്മാളിൻ്റെ ജീവത്യാഗം മൂലമാണ്, 
നമുക്കിന്നും നംപെരുമാളെ കൺകുളിർക്കേ കാണാനാകുന്നത്.

1323 ഉത്തരേന്ത്യയിൽ നിന്നും സുൽത്താനേറ്റ് അധിനിവേശം ഉണ്ടായത് വളരെ പെട്ടന്നായിരുന്നു . അതു കൊണ്ട് തന്നെ അപഹരിക്കപ്പെട്ടു പോയ സമ്പത്തിന് കൈയ്യും കണക്കുമില്ല. ക്ഷേത്രവും സ്വത്തുക്കളും സംരക്ഷിക്കാനുള്ള മുന്നേറ്റത്തിൽ 
പൊലിഞ്ഞു പോയത് പന്ത്രണ്ടായിരം ജീവനുകളാണ്.
അങ്ങനെ രംഗനാഥപ്പെരുമാളിൻ്റെ വമ്പിച്ച സ്വത്തുക്കൾ മുഴുവനും സുൽത്താനേറ്റിന് സ്വന്തമായി.

അടിമുടി തനിത്തങ്കമായിരുന്ന പെരുമാളെയവർ ലക്ഷ്യം വെയ്ക്കുമെന്നുറപ്പായിരുന്ന പിള്ളയ് ലോകാചാര്യൻ ഭഗവാനെയുമെടുത്ത് മഥുരയിലേക്ക് പലായനം ചെയ്തു.പെരുമാളുടെ വിഗ്രഹം കാണാനില്ലെന്ന വാർത്ത അധിനിവേശക്കാരെ അരിശം കൊള്ളിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട 
എല്ലാവരേയും അവർ വെട്ടി നുറുക്കിക്കൊന്നു. വിഗ്രഹമെവിടെക്ക് പോയെന്ന് കണ്ടു പിടിക്കുവാനുള്ള സംഘത്തെ അയക്കുവാൻ 
കൂടിയാലോചന നടത്തുവാനാരംഭിച്ചു.

ഇതിനിടയിൽ സ്വാഭാവികമായും സ്ത്രീകൾ തടവിൽ പിടിക്കപ്പെട്ടിട്ടുണ്ടാവും. വെള്ളയമ്മാൾ അതിനിടയിലൊരാളായാണോ അതൊ ഒറ്റക്കായിരുന്നോ എന്നറിയില്ല. എന്തായാലും പിള്ളയ് ലോകാചാര്യൻ അധികദൂരമെത്തിക്കാണില്ല
എന്നുറപ്പായിരുന്ന അവർ ഈ തിരച്ചിൽ നീട്ടിക്കൊണ്ട് പോകണം എന്ന് മനസ്സിലുറച്ചു. 

അവർക്കാകെ അറിയാവുന്നത് ആടലും പാടലും മാത്രമാണ്. മനസ്സിലെന്തോ നിശ്ചയിച്ചുറപ്പിച്ച
വെള്ളെയമ്മാൾ പടത്തലവന് മുമ്പിൽ മാദകമായിത്തന്നെ നൃത്തം ചെയ്യാനാരംഭിച്ചു. ദേവൻ്റെ ദാസി പടത്തലവൻ്റെ ദാസിയായതിൽ മറ്റു സ്ത്രീകളും ജീവനോടെ അവശേഷിച്ച പുരുഷന്മാരും അസ്വസ്ഥരായിട്ടുണ്ടാവും. വെള്ളയമ്മാളെ ശപിച്ചിട്ടുണ്ടാകും ... അവരുടെ സൗന്ദര്യത്തിൽ, നൃത്തകലാ സിദ്ധിയിൽ, മനംമനങ്ങിയ
പടനായകൻ തൽക്കാലത്തെക്ക് വിഗ്രഹത്തെക്കുറിച്ച് മറന്നു.
പടത്തലവനെയും കൂട്ടരെയും അടിമുടി മയക്കിക്കൊണ്ട് വെള്ളയമ്മാളിൻ്റെ നൃത്തവും
അഭിനയ ചപലാദികളും മണിക്കൂറുകളോളം തുടർന്നു. 

ഒടുവിൽ പിള്ളയ് ലോകാചാര്യന് രക്ഷപ്പെടാൻ വേണ്ട സമയം കിട്ടിക്കാണുമെന്ന് ഏകദേശം ഉറപ്പായതോടെ, വിഗ്രഹത്തെക്കുറിച്ചറിയാം എന്ന് പറഞ്ഞു കൊണ്ട് 
പടനായകനെയും വിളിച്ചു കൊണ്ടവർ കിഴക്കേ ഗോപുരനടയുടെ മുകളിലേക്ക് കയറി. 
അവിടെ നിന്ന് താഴേക്ക് നോക്കിയാൽ വിഗ്രഹമിരിക്കുന്ന സ്ഥലം കാണാം എന്നവർ 
പറഞ്ഞു. താഴേക്കു നോക്കിയ പടത്തലവനെ കണ്ണു ചിമ്മി തുറക്കുന്ന സമയം കൊണ്ടവർ
താഴേക്ക് തള്ളിയിട്ടു. തുടർന്ന് താൻ ജീവനോടിരുന്നാലുണ്ടാകുന്ന
ഭവിഷത്തുക്കളെക്കുറിച്ച് നന്നായറിയാവുന്ന അവർ കൂടുതലൊന്നുമാലോചിക്കാതെ 
രംഗനാഥപ്പെരുമാളെ ഉറക്കെ വിളിച്ച് ചൊല്ലി ഗോപുരമുകളിൽ നിന്നും താഴേക്ക് ചാടി ജീവത്യാഗം ചെയ്തു .

വിജയനഗരത്തിൻ്റെ ഉദയം സുൽത്താനെറ്റിനെ പരാജയപ്പെടുത്തിയതോടെ ശ്രീരംഗനാഥം സുൽത്താനെറ്റ് ഭരണത്തിൽ നിന്നും മുക്തമായി. 
ക്ഷേത്രങ്ങളിൽ പൂജകൾ പുനരാരംഭിച്ചു .ഗോഹത്യകൾക്കറുതി ലഭിച്ചു. 
ശേഷം, വിജയനഗരത്തിൻ്റെ പടത്തലവനായ 
കെംപണ്ണ, വെള്ളയമ്മാളിൻ്റെ ആത്മത്യാഗത്തിൻ്റെ 
സ്മരണാർത്ഥം ഗോപുരത്തിന് അവരുടെ പേര് നൽകി ആദരിച്ചു.

സത്യമാണ് ! ചരിത്രമാണ് ! 
വെള്ളെയമ്മാളിൻ്റെ ചരിത്രം !
ഒരു ദേവദാസി തൻ്റെ ദേവനെ രക്ഷിച്ച ചരിത്രം! 

ഇതിലുമധികം സംഭ്രമജനകമാണ് പിള്ളയ് ലോകാചാര്യൻ എടുത്തുകൊണ്ടൊടിയ 
രംഗനാഥപ്പെരുമാളിൻ്റെ സാഹസിക യാത്ര ! 

ആ വഴിക്ക് ചിന്തിച്ചാൽ എങ്ങനെയെല്ലാം ഏതെല്ലാം വഴികളിലൂടെ നമ്മുടെ ക്ഷേത്ര മൂർത്തികൾ പലായനം ചെയ്തുവെന്നാർക്കറിയാം ? 

ഇന്നും ഏതെല്ലാം വഴികളിൽ ആരോരുമറിയാതെ
അവർ മറഞ്ഞു കിടപ്പുണ്ടെന്നാർക്കറിയാം ?
ഒരു പക്ഷെ നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ടാകും ! അല്ലെ? 

ഇനിമേലെങ്കിലും ശ്രീരംഗനാഥപ്പെരുമാളെ കാണുമ്പോൾ, മൂവുലകും മയക്കുന്ന ആ പുഞ്ചിരി കൺകുളിർക്കേ കണ്ടു നിൽക്കുമ്പോൾ ,
അതൊരു ദേവദാസിയുടെ ജീവത്യാഗത്തിൻ്റെ പകരമാണെന്ന് ഓർമ്മയുണ്ടാകട്ടെ ! 
ചിന്തകളിൽ ഉപകാരസ്മരണകളുയരട്ടെ ! 

ദേവദാസിമാർ അത്രയൊന്നും വെറുക്കപ്പെടേണ്ടവരായിരുന്നില്ല. ഭാരതത്തിൻ്റെ കലാ പാരമ്പര്യം അവരാണ് നില നിർത്തിയത്. 
ബ്രിട്ടീഷാധിപത്യം നിലവിൽ വന്നതോടെ , ആ സമൂഹം അനുഭവിക്കേണ്ടി വന്നത് ക്രൂരമായ ഭ്രഷ്ടാണ്. മനുഷ്യാവകാശ തള്ളലുകളുടെ ലോകത്ത് അവരൊഴുക്കിയ കണ്ണീരുപ്പിൻ്റെ സ്വാദ് നാമിനിയെങ്കിലുമറിയാതെ പോകരുത്. 

No comments:

Post a Comment