ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 April 2020

ആന്ധ്രയിലെ പത്മനാഭസ്വാമി ക്ഷേത്രം

ആന്ധ്രയിലെ പത്മനാഭസ്വാമി ക്ഷേത്രം

ലോകത്തെ തന്നെ വിലയക്കു വാങ്ങുവാൻ പോന്ന നിധി ഒളിപ്പിച്ചിരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രം നമുക്ക് പരിചയമുണ്ട്. ആറാമത്തെ അറയ്ക്കുള്ളിൽ, സർപ്പങ്ങൾ കാവൽ നിൽക്കുന്ന നിധി കുംഭങ്ങളും അളവറ്റ സ്വത്തുക്കളും ഒക്കെയുള്ള പത്മനാഭസ്വാമി ക്ഷേത്രം അനന്തപുരിയുടെ അഭിമാനമാണ്. ഇതുപോലെ തന്നെ ആന്ധ്രാപ്രദേശിലും ഒരു ക്ഷേത്രമുണ്ട്. വിമതിക്കാനാത്ത നിധി ശേഖരം കൊണ്ട് വാർത്തയിൽ ഇടം നേടിയ ഒരിടം. കാളഹസ്തിയിലെ പ്രസന്ന വരദരാജ സ്വാമി ക്ഷേത്രം.

ആന്ധ്രയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് പ്രസന്ന വരദരാജ സ്വാമി ക്ഷേത്രം. പതിനായിരക്കണക്കിന് തീർഥാടകർ വർഷം തോറും എത്തുന്ന ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്.

ആന്ധ്രാപ്രദേശിലെ കാളഹസ്തി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുപ്പതിയിൽ നിന്നും 40 കിലോമീർ അകലെയാണ് ഇതുള്ളത്. കാലസർപ്പ ദോഷം മാറുവാനും ഇവിടെ പ്രത്യേക പൂജകളുണ്ട്.

വരദരാജ പ്രസന്ന ക്ഷേത്രത്തിന്റെ തൊട്ടടുത്തായാണ് ശ്രീകാളഹസ്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ ഏറ്റവും പരിപാവനമായ ഇടം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൻറെ ഉപക്ഷേത്രമാണ് വരദരാജ പ്രസന്ന ക്ഷേത്രം. ശ്രീശാല പർവ്വതത്തിനു പുറകിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം പോലെ തന്നെ ഇവിടെയും ഒരു വലിയ നിധി ശേഖരമുണ്ട്. ഈ അടുത്ത കാലത്താണ് ഇത് കണ്ടെത്തുന്നത്.

തികച്ചും അപ്രതീക്ഷിതമായാണ് പ്രസന്ന വരദരാജ സ്വാമി ക്ഷേത്രത്തിൽ നിധി ശേഖരം കണ്ടെത്തുന്നത്. അതുവരെ ഇവിടെ നിധി ഒളിഞ്ഞിരിക്കുന്നു എന്ന് ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്നവർക്കു പോലും അറിയില്ലായിരുന്നു.

ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഇവിടുത്തെ ഒരു മുറിയുടെ വശത്ത് ഒരു തടി വാതിൽ കാണുകയുണ്ടായി. ജീർണ്ണിച്ച് ഏകദേശം നശിക്കാനായ അവസ്ഥയിലായിരുന്നു അതുണ്ടായിരുന്നത്. അത് തുറന്നപ്പോഴാണ് അധികാരികളെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള നിധി ശേഖരം ദൃശ്യമായത്. വളരെ ഇടുങ്ങി മുഴുവൻ അഴുക്കു പിടിച്ചു കിടന്നിരുന്ന ആ മുറിയുടെ ഉള്ളിൽ തറ കാണുവാൻ പോലുമാകാതെ നിധി കിടക്കുകയായിരുന്നു.

ആഭരണങ്ങൾ, വിലകൂടിയ കല്ലുകൾ, പുരാവസ്തുക്കൾ, പഴയ ഗ്രന്ഥങ്ങൾ,പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന സാധനങ്ങൾ തുടങ്ങി വിലമതിക്കാനാവാത്ത ഒട്ടേറെ കാര്യങ്ങളാണ് ആ ചെറിയ മുറിയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത്.

ഇവിടെ നിധി കണ്ടെത്തിയ സമയത്ത് അത് കാണാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളും തീർഥാടകരും ഒക്കെ എത്തിയെങ്കിലും പക്ഷേ,അതുകാണാൻ പൊതുജനങ്ങൾക്ക് അനുവാദം ഇല്ല.

എന്നാൽ ഇവിടെ നിന്നും കണ്ടെത്തിയത് ഒരു ഒഴിഞ്ഞ പെട്ടിയാണെന്നും മുൻപ് നടത്തിയ പുനപ്രവർത്തനങ്ങളിൽ നിധി കണ്ടെത്തിയരുന്നുവെന്നും അത് അടുത്തുള്ള ബാങ്കിലേക്ക് മാറ്റിയെന്നുമാണ് പറയപ്പെടുന്നത്. എന്നാൽ ഇതിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല

ഇത് കൂടാതെ ഇവടെ 150 മീറ്റർ നീളത്തിലുള്ള ഒരു തുരങ്കം കൂടിയുണ്ട്. സമീപത്തെ റാണി മഹലിലേക്ക് നയിക്കുന്ന ഇത് ഇന്ന് പൂർണ്ണമായും നശിച്ച അവസ്ഥയിലാണുള്ളത്.

ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6.00 മുതൽ വൈകിട്ട് 9.00 വരെയാണ് ക്ഷേത്രം തുറന്നിരിക്കുക.

കാളഹസ്തി ക്ഷേത്രം

തിരുപ്പതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ശ്രീകാളഹസ്തി ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. സ്വർണ്ണമുഖി നദിയുടെ കരയിലാണ് ഈ ക്ഷേത്രമുള്ളത്.

ശ്രീകാളഹസ്തി ക്ഷേത്രത്തിനു ആ പേരു കിട്ടിയതിനു പിന്നിൽ വിചിത്രമായ ഒരു കഥയുണ്ട്. ശ്രീ എന്നാൽ ചിലന്തിയും കാള എന്നാൽ സർപ്പവും ഹസ്തി എന്നാൽ ആനയും എന്നാണ് അർഥം. ശ്രീ (ചിലന്തി), കാള(സര്‍പ്പം), ഹസ്തി(ആന) എന്നീ മൂന്നു ജീവികള്‍ ഇവിടെ ശിവനെ പ്രാര്‍ഥിച്ച് അനുഗ്രഹം നേടി മോക്ഷം പ്രാപിച്ചു എന്നാണ് വിശ്വാസം.

വിശ്വാസം കഴിഞ്ഞാൽ ഇവിടെ കാണാനുള്ളത് മൂന്നു ഗോപുരങ്ങളാൺണ്. ശില്പകലയുടെ അവസാന വാക്കായാണ് ഇവ അറിയപ്പെടുന്നത്. 100 തൂണുകളുള്ള മണ്ഡപവും ഇവിടെ കാണാം.

ഭൂമിയിൽ രാഹുകേതുക്കളുടെ ആസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ശ്രീ കാളഹസ്തി. രാഹു കേതു ആശീർവ്വാദ പൂജ നടത്തുവാൻ ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്.

No comments:

Post a Comment