ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2020

ആയുർവേദ സൂക്തികൾ

ആയുർവേദ സൂക്തികൾ

01- അജീർണ്ണേ ഭോജനം വിഷം
👉 പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.

02- ഹാലാ ഹാലാഹലോപമാ
👉 രൂക്ഷമദ്യം വാസുകി ഛർദ്ദിച്ച വിഷം പോലെ മാരകം

03- അർദ്ധരോഗഹരീ നിദ്രാ
👉 പാതി രോഗം ഉറങ്ങിയാൽ തീരും

04- മുദ്ഗദാളീ ഗദവ്യാളീ
👉 ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.

05- ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ
👉 വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും

06- അതി സർവ്വത്ര വർജ്ജയേൽ
👉ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്

07- നാസ്തി മൂലം അനൗഷധം
👉 ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല

08- ന വൈദ്യ: പ്രഭുരായുഷ:
👉 വൈദ്യൻ ആയുസ്സിന്റെ നാഥനല്ല.

09- മാതൃവത് പരദാരാണി
👉 അന്യസ്ത്രീകളെ അമ്മയായിക്കാണണം 

10- ചിന്താ വ്യാധിപ്രകാശായ
👉 മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും

11- വ്യായാമശ്ച ശനൈഃ ശനൈഃ
👉 വ്യായാമം ക്രമമായി മാത്രം   വർദ്ധിപ്പിയ്ക്കണം. ധൃതിപ്പെടാതെ ചെയ്യണം - അമിതവേഗം പാടില്ല.

12- അജവത്  ചർവ്വണം കുര്യാത്
👉 ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ

13- സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം
👉 കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും

14- ന സ്നാനം ആചരേത് ഭുക്ത്വാ
👉 ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.  ദഹനം സ്തംഭിയ്ക്കും

15- നാസ്തി മേഘസമം തോയം
👉 മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.

16- അജീർണ്ണേ ഭേഷജം വാരി
👉 തെറ്റിയ ദഹനത്തെ വെള്ളം  ശരിയാക്കും..വെള്ളം കുടിച്ച് ഉപവസിക്കുക...

17- സർവ്വത്ര നൂതനം ശസ്തം, സേവകാന്നേ പുരാതനേ..
👉 എല്ലാറ്റിലും പുതിയതാണ് നല്ലത്, നെല്ലരിയുടെയും  വേലക്കാരുടെയും കാര്യത്തില്‍  ഒഴികെ

18- നിത്യം സർവ്വ രസാഭ്യാസ:
👉 ദിവസവും ആറ്  രസവും ചേർന്ന ഭക്ഷണം കഴിക്കണം -- ഉപ്പ്, കയ്പ്പ്, മധുരം, എരിവ്, പുളിപ്പ്, കഷായം 

19- ജഠരം പൂരയേദർദ്ധം അന്നൈ:
👉 ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക -- ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം 

20- ഭുക്ത്വോപവിശതസ്തന്ദ്രാ
👉 ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും -- ഉണ്ടാൽ അരക്കാതം നടക്കുക 

21- വൃദ്ധസ്യ തരുണീ വിഷം
👉 വയസ്സന് യുവതിയുമായുള്ള ലൈംഗികബന്ധം വിഷോപമമാണ്.

22- ക്ഷുത് സ്വാദുതാം ജനയതി*
👉 വിശപ്പ്  രുചി വർദ്ധിപ്പിക്കും -  Hunger is the best sauce.

23- ചിന്താ ജരാണാം
👉 ചിതയും ചിന്തയും വ്യത്യസ്തമല്ല..
ചിത ശരീരത്തെ ദഹിപ്പിക്കും..ചിന്ത ജീവിതത്തെയും..

(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും -- Worrying ages men and women.)

24- ശതം വിഹായ ഭോക്തവ്യം
👉 നൂറു കാര്യം ഒഴിവാക്കിയിട്ടെങ്കിലും ഊണ് കൃത്യസമയത്തു കഴിയ്ക്കണം.

25- സർവ്വധർമ്മേഷു മദ്ധ്യമാം
👉 എല്ലാറ്റിലും ഇടയ്ക്കുള്ള വഴിയേ പോകുക -- Via media is the  best

26- നിശാന്തേ ച പിബേത് വാരി:
👉 ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം.  മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും

27- വൈദ്യാനാം ഹിതഭുക് മിതഭുക് രിപു:
👉 ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ  വൈദ്യന്റെ ശത്രു -- കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം ?

28- ശക്യതേऽപ്യന്നമാത്രേണ
നര: കർത്തും നിരാമയ:
👉 ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം.

29- ആരോഗ്യം ഭാസ്കരാദിച്ഛേത്
👉 രോഗം വന്നാൽ പ്രാർത്ഥിയ്ക്കേണ്ട ദേവത സൂര്യൻ

30- ദാരിദ്ര്യം പരമൗഷധം
👉 ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും.  അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിതസുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്

31- ആഹാരോ മഹാഭൈഷജ്യമുച്യതേ
👉 ആഹാരമാണ് മഹാമരുന്ന്

32- രുഗബ്‌ധിതരണേ ഹേതും
തരണീം ശരണീകുരു !
👉 രോഗത്തിന്റെ കടൽ കടക്കാൻ സൂര്യനെ വന്ദിയ്ക്കുക.  തരണി = സൂര്യൻ (വള്ളം എന്നും അർത്ഥമുണ്ട്.  ഇവിടെ ശ്ലേഷപ്രയോഗം. ധരണി(ഭൂമി) എന്ന പ്രയോഗവും തെറ്റല്ല 

33- സുഹൃർദ്ദർശനമൗഷധം
👉 സ്നേഹിതരെക്കണ്ടാൽ രോഗത്തിന് ആശ്വാസം വരും. Healing power of love and friendship.

34- ജ്വരനാശായ ലംഘനം
👉 പനിയുണ്ടെങ്കിൽ ഉണ്ണരുത് 

35- പിബ തക്രമഹോ നൃപ രോഗഹരം
👉 ഹേ, രാജാവേ, മോരു കുടിയ്ക്കൂ -- രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും.

36- ന ശ്രാന്തോ ഭോജനം കുര്യാത്
👉 തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത്.

37- ഭുക്ത്വോപവിശത:  സ്ഥൗല്യം
👉 ഉണ്ടിട്ടു നടന്നില്ലെങ്കിൽ  തടിയ്ക്കും

38- ദിവാസ്വാപം ന കുര്യാത്
👉 പകലുറങ്ങരുത് -- കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും,

39- ലാഭാനാം ശ്രേഷ്ഠമാരോഗ്യം
👉 ഏറ്റവും മുന്തിയ നേട്ടം -- ആരോഗ്യം.  അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം

40- സർവ്വമേവ പരിത്യജ്യ
ശരീരം അനുപാലയേത്
ശരീരസ്യ പ്രണഷ്ടസ്യ
സര്‍വമേവ വിനശ്യതി..
👉 മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം

41- പരിശ്രമോ മിതാഹാരോ
ഭൂഗതാവശ്വിനീസുതൗ
👉 ആരോഗ്യദേവതകളാണ് -- ഭൂമിയിൽ വന്ന അശ്വിനീ ദേവന്മാരാണ് -- കണക്കിനുള്ള ഊണും, നിത്യവ്യായാമവും.

42- പ്രാണായാമേന യുക്തേന
സർവ്വരോഗക്ഷയോ ഭവേൽ
👉 ശ്വാസോച്ഛ്വാസം പ്രാണായാമരീതിയിൽ ചെയ്യുന്നവനെ രോഗം ബാധിയ്ക്കില്ല.

43- വിനാ ഗോരസം കോ രസം ഭോജനാനാം ?
👉 അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ ?

44- ആരോഗ്യം ഭോജനാധീനം
👉 ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു  ശ്രദ്ധിയ്ക്കുക.

45- ഘൃതേന വർദ്ധതേ  വീര്യം
👉 നെയ്യു കഴിച്ചാൽ വീര്യം  കൂടും

46- മിതഭോജനേ സ്വാസ്ഥ്യം
👉 ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ  ആഹാരത്തിലാണ്.

47- സായം പ്രാതർമ്മനുഷ്യാണാം
👉 ഭോജനം വേദനിർമ്മിതം

48- ഒരു നേരം ഉണ്ണുന്നവന്‍ യോഗി
രണ്ടു നേരം ഉണ്ണുന്നവന്‍ ഭോഗി..
മൂന്നു നേരം ഉണ്ണുന്നവന്‍ രോഗി
നാലു നേരമായാല്‍ ദ്രോഹി..!!
👉 ഉച്ചതിരിഞ്ഞ് ഒരൊറ്റ ഊണ് -- ഇതാണ് നല്ലത് .  ഭോഗികൾക്കു രണ്ടൂണ് , വേദനിര്‍ദ്ദിഷ്ടമാണ്..  മൂന്നു തവണ ഉണ്ടാൽ  രോഗം വരാം.-- ഇത് പ്രായപൂർത്തിയെത്തിയവർക്കുള്ള ഉപദേശമാണ്. 

49- സർവ്വരോഗഹരീ ക്ഷുധാ
👉 ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം.  ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്.  അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും.

 

No comments:

Post a Comment