ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2020

അഞ്ജനേരി മല

ഹനുമാൻ സ്വാമിയുടെ ജന്മസ്ഥാനമായി കരുതി പോരുന്ന അഞ്ജനേരി മല

ഭക്തോത്തമനും ചിരഞ്ജീവിയുമായ ആഞ്ജനേയ സ്വാമി ഭാരതമൊട്ടുക്കു ആരാധിക്കപ്പെടുന്ന ദേവ സ്വരൂപമാണ്. രാമായണവുമായി ബന്ധപ്പെട്ടും അല്ലാതെയും ഹനുമാനെ കുറിച്ചുള്ള സങ്കല്പങ്ങളും കഥകളും  ഏറെ പ്രചാരത്തിലുണ്ട്. കേരള കരയിലും തമിഴകത്തും ഹനുമാൻ ക്ഷേത്രങ്ങൾ ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു  താരതമ്യേന കുറവാണു. മലയാള ദേശത്തു പഴയ കളരികളിലും മറ്റും പ്രതിഷ്ഠിച്ചു ഉപാസിച്ചു പോരുന്ന ഹനുമാൻ സങ്കല്പത്തിന് രാമായണവുമായി ബന്ധമില്ല എന്നാണ് കാണുന്നത്. ഹനുമാന്റെ ഉത്പത്തിയെ കുറിച്ച്  സുവിദിതമായ ഐതീഹ്യം അദ്ദേഹം, ശാപമേറ്റു വാനര നാരിയായി ജനിച്ച അഞ്ജനയുടേയും കേസരിയുടെയും പുത്രനാണ് എന്നുള്ളതാണ്. വാനര രൂപത്തിൽ ലീലകളാടിയ ശിവനും ശ്രീപാർവ്വതിയ്ക്കും ഉണ്ടായ പുത്രനാണ് ഹനുമാനെന്നും ഗർഭാവസ്ഥയിൽ തന്നെ ആ ചൈതന്യത്തെ അഞ്ജനയുടെ ഉദരത്തിലേക്കു  നിക്ഷേപിക്കുവാൻ വായുദേവനെ ചുമതലപ്പെടുത്തിയെന്നുമുള്ള കഥകൾ അതിനോടനുബന്ധിച്ചു പറഞ്ഞു പോരുന്നുണ്ട്. അഞ്ജനയും കേസരിയും താമസിച്ചിരുന്ന മലയാണ് അഞ്ജനേരി മലയെന്നാണ് വിശ്വാസം. ഇവിടെയാണത്രെ ഹനുമാന്റെ ജനനവും. 
                 
മഹാരാഷ്ട്രാ സംസ്ഥാനത്തു നാസിക്കിൽ നിന്നും ദ്വാദശ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ത്രയംബകേശ്വറിലേക്കു പോകുന്ന പാതയിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ജനേരി മലയുടെ അടിവാരത്തു ചെന്നുചേരാം. താഴ്‌വാരത്തിൽ ഹനുമാൻ സ്വാമിക്ക് വേണ്ടി ഒരു ക്ഷേത്രം പണികഴിപ്പിച്ചിട്ടുണ്ട്. ചമ്രം പണിഞ്ഞു അഞ്ജലീ ഹസ്തനായി ഇരിക്കുന്ന ബൃഹത്തായ ആഞ്ജനേയ വിഗ്രഹമാണ് ഇവിടെ ഉള്ളത്. സന്ദർശകർ ആദ്യം ഇവിടം സന്ദർശിക്കും, അഞ്ജനേരി മലയിലേക്കുള്ള പാത ഇവിടെ നിന്നും ആരംഭിക്കുന്നു. അവിടെ നിന്നും ഒരു കിലോമീറ്ററോളം ദൂരം വരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടും. പിന്നീട് പാസ്സ് എടുത്ത ശേഷം ദുർഘടമായ മലമ്പാത കാൽനടയായി കയറണം. സമുദ്ര നിരപ്പിൽനിന്നും 4264 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാനമാണ് അഞ്ജനേരി. അധികവും പുല്മേടുകളാണ്, ഇടതൂർന്ന വനങ്ങൾ എങ്ങും കാണാനില്ല. കുത്തനെയുള്ള കയറ്റങ്ങളിൽ ചില ഭാഗങ്ങളിൽ പടവുകൾ നിർമ്മിച്ചിട്ടുണ്ട് ഭക്തന്മാരും സഞ്ചാരികളും എല്ലാ കാലയളവിലും ഇവിടം സന്ദർശിക്കാറുണ്ട്. മഴക്കാലങ്ങളിൽ രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും ഒരിയ്ക്കലും വറ്റാത്ത പാദാകൃതിയിലുള്ള കുളവും യാത്രാമധ്യേ കാണാനാകും. ഏകദേശം മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം വേണം മലമുകളിൽ എത്തുവാൻ. അഞ്ജനാ ദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രം അവിടെ ആരാധന നടത്തുന്ന മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നാണ്. അഞ്ജനാ ദേവീ ക്ഷേത്രത്തിനു കുറച്ചു അകലെ മാറി ഒരു ഉത്തുംഗ സ്ഥാനത്തു ഹനുമാൻ സ്വാമിക്ക് വേണ്ടി പണികഴിപ്പിച്ച ക്ഷേത്രം. താരതമ്യേന ചെറുതെങ്കിലും പ്രദേശം പ്രശാന്ത സുന്ദരമാണ്, അതാണ് ഹനുമാന്റെ ജന്മ സ്ഥാനമായി കരുതുന്ന ഇടം. 12ആം നൂറ്റാണ്ടിൽ ഈ പ്രദേശം ഒരു വലിയ ജൈന സങ്കേതമായിരുന്നു. ജൈന സന്യാസിമാർ തപമനുഷ്ഠിച്ചിരുന്ന ഗുഹകൾ അഞ്ജനേരി മലയിൽ കാണുവാനാകും. പാർശ്വ നാഥനുൾപ്പെടെ പല തീർത്ഥങ്കരന്മാരുടെയും രൂപങ്ങൾ ഗുഹകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ താഴ്‌വാരത്തു ഒരു ജൈന ആരാധനാ കേന്ദ്രവും മഹാവീരന്റെ വലിയ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment