പന്നിയൂർ ക്ഷേത്രത്തിൽ പെരുന്തച്ചന്റെ ഉളിയും മുഴക്കോലും
പെരുന്തച്ചനായിരുന്നുവത്രേ ക്ഷേത്രം നിർമിക്കാനുള്ള നിയോഗം. അദ്ദേഹം ഓരോന്നു ചെയ്യുമ്പോഴും ഊരാളന്മാർ ഭേദഗതി നിർദേശിക്കുമായിരുന്നത്രേ. ഒടുവിൽ മനം മടുത്ത അദ്ദേഹം പന്നിയൂർ ക്ഷേത്രം പണി മുടിയില്ലെന്നു ശപിച്ചു തന്റെ ഉളിയും മുഴക്കോലും ഇവിടെ ഉപേക്ഷിച്ചു പോയതായാണ് ഐതിഹ്യം. കല്ലിൽ കൊത്തിയതാണു മുഴക്കോൽ. ക്ഷേത്ര ശ്രീകോവിലിന്റെ പിൻഭാഗത്തെ മതിലിനകത്തുകൂടെ കാണുന്ന കല്ലുളിയുടെ ഒരു ഭാഗത്തിനു ചുവട്ടിൽ പെരുന്തച്ചന്റെ ഉളിയെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു കഥ കൂടിയുണ്ട്. തന്റെ ഉളിവീണു മകൻ മരിച്ചതിൽ പശ്ചാത്താപ വിവശനായ അദ്ദേഹം ദേശാന്തരത്തിനിറങ്ങി. ഒരു ദിവസം തളർന്ന് അവശനായി ഇവിടെ എത്തി. അപ്പോൾ തച്ചു പണി പുരോഗമിക്കുകയായിരുന്നു. വൃദ്ധനും അവശനുമായ വഴിപോക്കനെ പണിക്കാർ തിരിച്ചറിയുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. ഉച്ച ഭക്ഷണത്തിനു പോയപ്പോഴും ക്ഷണിച്ചി്ല്ല. ഇതിൽ മനംനൊന്ത പെരുന്തച്ചൻ ഗോപുര മുകളിൽ കയറി തടിപ്പണിയിൽ ചില കുസൃതികൾ ഒപ്പിച്ചുവത്രേ, ഭക്ഷണം കഴിഞ്ഞെത്തിയ അവർക്ക് ഗോപുരത്തിന്റെ കഴുക്കോൽ ഉറപ്പിക്കാനായില്ല. അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന വൃദ്ധനായ വഴിപോക്കനെ ഓർമിച്ചത്. അദ്ദേഹത്തിനു പെരുന്തച്ചന്റെ ഛായയുള്ളതായി ആരോ പറഞ്ഞു. അപ്പോഴേക്കും അദ്ദേഹം സ്ഥലംവിട്ടിരുന്നു. ഏറെ അന്വേഷണത്തിനൊടുവിലാണു കണ്ടെത്തിയത്. ക്ഷമായാചനം നടത്തി തിരികെക്കൊണ്ടുവന്നു. മനസ്സലിഞ്ഞ പെരുന്തച്ചൻ ക്ഷേത്രത്തിലെത്തി പണിക്കുറവു പരിഹരിച്ചു. എന്നാൽ ഇനി ഒരിക്കലും താൻ പണിയായുധങ്ങൾ കൈയിലെടുക്കില്ലെന്നു ശപഥം ചെയ്ത് ഉളിയും മുഴക്കോലും ക്ഷേത്രത്തിൽ സമർപ്പിച്ചു മടങ്ങിയെന്നും ഒരു കഥയുണ്ട്.
കുറച്ച് വർഷങ്ങൾ മുൻപു ക്ഷേത്രം തിരഞ്ഞ് കോട്ടയത്തുനിന്നു ചില തച്ചന്മാർ ഇവിടെ എത്തിയിരുന്നു. പെരുന്തച്ചന്റെ പിൻതലമുറക്കാരാണെന്നാണവർ അറിയിച്ചത്. കുടുംബത്തിൽ അനർഥങ്ങളുണ്ടായതെത്തുടർന്നു ദേവപ്രശ്നം വച്ചപ്പോഴാണ് ഇതു തെളിഞ്ഞതെന്നും അവർ പറഞ്ഞു. പന്നിയൂർ ക്ഷേത്രത്തിലെത്തി പ്രായശ്ചിത്തം ചെയ്യണമെന്നായിരുന്നത്രേ നിർദേശം. ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ ചെലവിൽ നടന്ന ചില നിർമാണ പ്രവർത്തനങ്ങൾ അവർ ഏറ്റെടുത്തു പൂർത്തിയാക്കുകയും ചെയ്തു.
No comments:
Post a Comment