ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 April 2020

പൂജാവിധാനം രാമായണത്തില്‍

പൂജാവിധാനം രാമായണത്തില്‍

പൂജാവിധാനവും മന്ത്രങ്ങളും സ്വകാര്യമായി വച്ചുകൊണ്ടിരുന്നതാണ് എന്നൊരു ധാരണ ശക്തമാണ്. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ തന്നെയത് തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്, രാമായണത്തില്‍. ബാലി വധത്തിനുശേഷം താരയ്ക്ക് ആത്മോപദേശങ്ങള്‍ നല്‍കി സമാശ്വസിപ്പിച്ചിട്ട് സുഗ്രീവന് രാജ്യാഭിഷേകവും നടത്തിയശേഷം ശ്രീരാമന്‍ ലക്ഷ്മണ സമേതനായി പ്രവര്‍ഷണ ഗിരിയുടെ ഉന്നതമായൊരു ശിഖരത്തിലുള്ള അതിമനോഹരമായ ഗുഹയില്‍ സമാധിസ്ഥനായി വസിച്ചു, ചാതുര്‍മാസ്യം കഴിയുന്നതുവരെ. അക്കാലത്ത് സമാധിയില്‍നിന്നും ഉണര്‍ന്ന് സ്വസ്തമായി ഇരിക്കുന്ന സമയം ഭക്തനായ അനുജന്‍ ലക്ഷ്മണന്‍ രാമനെ സമീപിച്ചു. വര്‍ണാശ്രമികളായ മാലോകര്‍ക്ക് മോക്ഷദായകമായ 'ക്രിയാമാര്‍ഗ്ഗം' ഉപദേശിച്ചുകൊടുക്കണമെന്ന് അപേക്ഷിച്ചു. ശ്രീരാമന്‍ സന്തോഷവാനായി ഉപദേശം തുടങ്ങി. പ്രഥമമായി ആചാര്യനെ സമീപിച്ച് മന്ത്രം മനസ്സിലാക്കണം. നിത്യകര്‍മം നടത്തണം. അതിനുശേഷം അവനവന്റെ കുലധര്‍മമനുസരിച്ച് ദേവസങ്കല്‍പ്പം നടത്തി പൂജിക്കണം. മനസ്സില്‍, അഗ്നിയില്‍, മുഖ്യ പ്രതിമകളില്‍, ആദിത്യങ്കല്‍, ജലത്തില്‍, യാഗാഗ്നിയില്‍, സാളഗ്രാമത്തില്‍ ഒക്കെ ദേവസങ്കല്‍പ്പം നടത്താം. കുളിച്ച് വേദമന്ത്രങ്ങളാല്‍ ദേഹശുദ്ധി വരുത്തണം. നിത്യകര്‍മം ചെയ്യണം. തീര്‍ത്ഥം ഉണ്ടാക്കണം. മനസ്സില്‍ ദേവകലകളെ സങ്കല്‍പ്പിച്ച് ധ്യാനിച്ച് ഉറപ്പിക്കണം. സ്വശരീരം മുഴുവന്‍ ദേവകലകള്‍ വ്യാപിച്ചെന്ന് കല്‍പ്പിച്ച് പൂജകള്‍, നിവേദ്യം, മുതലായവ അതീവ ഭക്തിയോടും ശ്രദ്ധയോടും നടത്തണം. ജപം, ധ്യാനം, നമസ്‌കാരം, നൃത്തം, വാദ്യം, പരിവാര പൂജ ഇവയൊക്കെ ഭക്തിയോടുകൂടി 'മര്‍ത്യന്‍'നിത്യം നടത്തുകയോ, കേള്‍ക്കുകയോ, കാണുകയോ ചെയ്താല്‍ മോക്ഷം ലഭിക്കും. ഈ ഉപദേശം മാലോകര്‍ക്ക് എല്ലാവര്‍ക്കുംവേണ്ടിയാണ്. അറുന്നൂറിലേറെ വര്‍ഷമായി ലളിതമായ മലയാള ഭാഷയില്‍ നാം ഈ ക്രിയാമാര്‍ഗം വായിക്കുന്നു; കേള്‍ക്കുന്നു. പഠിക്കുവാന്‍ വിമുഖത കാട്ടുന്നു. അതായത് പൂജാവിധാനം ആരും രഹസ്യമായി വച്ചിരുന്നില്ലെന്ന് സാരം.

No comments:

Post a Comment