എഴുത്തച്ഛനും രാമായണവും
ചക്കിന്റെ കണ നെഞ്ചോട് അമർത്തി ആഞ്ഞു തള്ളിയിട്ടും മുന്നോട്ടു നീങ്ങാൻ കൂട്ടാക്കുന്നില്ല. പടു കൂറ്റൻ കാളകൾ പോലും മുക്രയിട്ട് വലിക്കുന്ന ഈ ചക്ക്, ഒരു മനുഷ്യൻ എങ്ങനെ തള്ളിനീക്കും? രാജാവ് കല്പിച്ച ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ. സാധാരാണ ജനങ്ങൾക്ക് മനസിലാക്കുവാനും ഉപയോഗിക്കുവാനുമായി മലയാള ലിപി രൂപപെടുത്തുകയും, ആ ലിപി പ്രചാരത്തിലാക്കുവാൻ ആദ്യാക്ഷരങ്ങളിൽ ആരംഭിക്കുന്ന ഹരി നാമ കീർത്തനം രചിച്ചതിനും കിട്ടിയ ശിക്ഷ. വേദജ്ഞാനവും, ഭക്തി രസവും എല്ലാവർക്കും ഒരുപോലെ നേടിയെടുക്കാൻ സാധിക്കും എന്നെഴുതിയത്, ജ്ഞാനം കുത്തകയാക്കി വച്ചിരിക്കുന്ന ചിലരെ ചൊടിപ്പിച്ചതിന്റെ പരിണിത ഫലമാണ് ഈ ചക്കുന്തൽ. എണ്ണ ആട്ടുന്നതിൽ നിന്നും കിട്ടുന്ന വേതനം കൊണ്ട് മാത്രം ജീവിക്കുക എന്നൊരു വ്യവസ്ഥയും പാലിക്കേണ്ടതായിട്ടുണ്ട്. സർവ ചരാചരങ്ങളിലും ഒളിമിന്നി വിളങ്ങുന്ന ഭഗവത് ചൈതന്യം അനുഭവിച്ചറിഞ്ഞ, ഭൂസ്വത്തുക്കളും, ക്ഷേത്ര ഉടമസ്ഥരും ആയിട്ടുള്ള ചില മഹാത്മാക്കൾ, എണ്ണ ആട്ടുന്നതിന്റെ മുൻകൂർ കൂലി എന്ന രീതിയിൽ എത്തിക്കുന്ന ധാന്യങ്ങളാണ് ജീവൻ നിലനിർത്താൻ സഹായിക്കുന്നത്. തുഞ്ചൻ പറമ്പിലെ രാമാനുജന്, ശിഷ്യരെ അക്ഷരം പഠിപ്പിച്ചതിന് കഠിന ശിക്ഷയോ. എന്നവർ അമർഷം കൊണ്ടിരുന്നു. ഭക്ഷ്യ വസ്തുക്കൾ കുറവാണെങ്കിലും, അധ്വാനത്തിനും, എണ്ണക്കും, പനയോലക്കും ഒരുകുറവുമില്ല.
അമ്മാവനും, വല്യേട്ടനും കുട്ടിക്കാലം മുതൽ ചൊല്ലിത്തന്ന വേദമന്ത്രങ്ങളും, തമിഴ് നാട്ടിലെ ആദീനത്തിൽ നിന്നും പഠിച്ച വേദ ശാസ്ത്രങ്ങളും മാത്രമാണ് ഇപ്പോൾ കൈമുതലായിട്ടുള്ള ധനം. ചക്കുന്തൽ കൊണ്ടുമാത്രം ജീവിക്കണം എന്നല്ലേ ശിക്ഷ.! സ്വായത്തമാക്കിയ അറിവുകൊണ്ട് രാമായണം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ? പ്രതിഫലം ലഭിക്കാത്ത ജോലിയല്ലേ? ഗുരുസ്ഥാനീയർ എല്ലാവരും മണ്മറഞ്ഞു പോയി. അനുവാദം ചോദിക്കാൻ ജേഷ്ഠ സഹോദരി മാത്രം ബാക്കി. പഠിക്കലും പഠിപ്പിക്കലും മാത്രമാണല്ലോ തലമുറകളായി പിന്തുടരുന്ന കർമ്മം. വാണി അനുഗ്രഹത്തിനായി പ്രാർത്ഥിച്ച്, ഓപ്പോളുടെ അനുവാദവും വാങ്ങി രാമായണ രചന ആരംഭിക്കുവാനായി തയ്യാറെടുത്തു.
എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ചിന്തിച്ച് ഗുരുഭൂതന്മാരുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ച് ദേവിയെ ധ്യാനിച്ച് ചുറ്റുപാടും കേൾക്കുന്ന ശബ്ദത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു. ചക്കിന്റെ കണ തിരിയുമ്പോൾ ചക്കിനുള്ളിൽ കിടന്ന് ഓരോ എള്ള് മണിയും ജപിക്കുന്നു, 'രാമ രാമ രാമ' എന്ന്. 'കൊടും വേനലിൽ പൂത്തു കായ്ച് ഉണങ്ങിപൊട്ടി ഉതിർമണിയാവുന്നത് ഇങ്ങനെ ജപിച്ച് മോക്ഷം നേടാൻതന്നെ'. അവസാന തുള്ളി എണ്ണയും വേർപെടുന്നതു വരെയും ഈ ജപം തുടർന്നുകൊണ്ടിരിക്കുന്നു. എള്ളിൽ നിന്നും രാമനാമം ഉതിരുന്നത് പോലെ....., അതെ...., ഏറ്റവും കഠിനമായ ജീവിത സാഹചര്യങ്ങൾ അനുഭവിക്കുമ്പോഴും, എന്റെ ഈ മനസ്സിൽ നിന്നും, രാമ മന്ത്രം ഉയർന്നുവരട്ടെ.
എള്ളിന്റെ കരച്ചിലിന് കാതോർത്ത്, ചക്കുന്തുന്നതിന്റെ താളത്തിൽ അക്ഷരണങ്ങളടുക്കിയപ്പോൾ 'ശ്രീ രാമ രാമ രാമ' എന്ന പദാവലി ഉരുത്തിരിഞ്ഞു. ആദ്യത്തെ 'രാമ' ഈശ്വരത്തെ ധ്യാനിച്ച്, രണ്ടാമത്തേത് അക്ഷരലോകത്തേക്ക് കൈപിടിച്ചെഴുതിപ്പിച്ചെത്തിച്ച അമ്മാവനെ ധ്യാനിച്ച്. മൂന്നാമത്തെ രാമൻ ജേഷ്ടനെ സ്മരിച്ചു കൊണ്ട്. അതെ, ആദ്യാക്ഷരം ഓതിത്തന്ന അമ്മാവനും, പിന്നീടതിനെ പടർത്തി പന്തലിപ്പിച്ച് അജ്ഞാനത്തിന്റെ അന്ധകാരത്തെ അകറ്റിയ ജേഷ്ടനും ഭഗവൽ സ്വരൂപം തന്നെ.
അങ്ങനെ ഉള്ളിൽ ഉദിച്ച ഈരടികൾ ചുണ്ടുകളിലൂടെ വിടർന്നുവന്നപ്പോൾ,
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
എന്ന് തുടങ്ങുന്ന നാമം അനസ്യുതമായി ഒഴുകിവരുവാൻ തുടങ്ങി. ചക്കിന്റെ മർമരത്തിന്റെ ഈണത്തോടൊപ്പിച്ച് ഇതു ജപിക്കുവാൻ തുടങ്ങിയപ്പോൾ മണ്ണും വിണ്ണും മാഞ്ഞുപോയി. അതികഠിനമായ എണ്ണയാട്ടുന്നതിന്റെ ആയാസവും അല്പാല്പമായി കുറയുവാൻ ആരംഭിച്ചു. ചക്കിനെ ഒരു രാമ ക്ഷേത്രമായി സങ്കല്പിച്ചപ്പോൾ, ചുറ്റുമുള്ള പരിക്രമം, പ്രദിക്ഷണമായി മാറി. രാമ മന്ത്രം ഉരുവിട്ടു കൊണ്ട് എത്രനേരം പ്രദിക്ഷണം ചെയ്തെന്നറിയില്ല. സ്ഥലകാല ബോധം തിരികെ ലഭിച്ചപ്പോൾ കുടംബാംഗങ്ങൾ മുഴുവരും ഈ നാമം ഉരുവിട്ടു കൊണ്ടു തന്നോടൊപ്പം ചക്കിന് വലം വക്കുന്നു. അങ്ങനെ രചന ആരംഭിച്ച്, തുടർച്ചയായി ദിവസവും പനയോലയിൽ, എഴുത്താണി കൊണ്ടെഴുതിയ ഏഴ് വർഷത്തെ പ്രയത്നഫലം കൈരളിക്ക് ഭക്തിപൂർവ്വം സമർപ്പിച്ചതാകുന്നു അദ്ധ്യാത്മ രാമായണം.
പനയോലയിൽ പകർത്തി കേരളത്തിലുടനീളം നിലനിന്നിരുന്ന എഴുത്തു കളരികളിൽ എത്തിച്ച് സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച്, സമൂഹത്തിൽ സന്മാർഗം നിലനിർത്തിയ മഹാഗ്രന്ഥം. മലയാളികളുടെ മനസ്സിൽ ഇത്രയധികം ആഴത്തിൽ വേരൂന്നിയ മറ്റൊരു ഇതിഹാസവുമുണ്ടാവാൻ തരമില്ല..
രാമായണത്തിലെ ഒരുസന്ദർഭം നമുക്ക് പരിശോധിക്കാം.
പിതാവിന്റെ ദുഃഖ കാരണം അന്വേഷിച്ചെത്തിയ രാമനോട്, കൈകേയി, ദശരഥ രാജാവിനോട് രണ്ട് വരം ആവശ്യപ്പെട്ടകാര്യം അറിയിച്ചു. ശ്രീരാമൻ രാജ്യം ഉപേക്ഷി ക്കണമെന്നും, പകരം സ്വന്തം മകനായ ഭരതനെ രാജാവാക്കണമെന്നും, അതിനോടൊപ്പം പതിന്നാലു വർഷം വനത്തിൽ താമസിക്കണമെന്നുമായിരുന്നു ആവശ്യം. പും എന്ന നരകത്തിൽ നിന്നും പിതാവിനെ രക്ഷിക്കുന്ന വ്യക്തി ആയതുകൊണ്ടാണ് പുത്രൻ എന്ന് മകനെ വിളിക്കുന്നതെന്ന് കൈകേയി ശ്രീ രാമനെ ഓർമിപ്പിച്ചു. ഈ ആവശ്യം വളരെ നിസ്സാരമായി കണക്കാക്കി, രാജ്യം ഉപേക്ഷിക്കാമെന്നും, പതിന്നാലു വർഷം കാട്ടിൽ താമസിച്ച് കൊള്ളാമെന്നും ശ്രീരാമൻ പ്രതിജ്ഞ ചെയ്തു. പിതാവ് എന്തിനാണ് ഈ ഒരു കാര്യത്തിന് ഇത്രയൂം ദുഖിതനായിരിക്കുന്നത്. പിതാമഹന്മാരെ രക്ഷിക്കാനായി ആയിരം വർഷം തപസ്സു ചെയ്ത ഭഗീരഥന്റെ പ്രയത്നത്തിന്റെയോ, യയാതിയിൽ നിന്നും വാർദ്ധക്യം വാങ്ങി സ്വന്തം യവ്വനം തിരികെ നൽകിയ പുരുവിന്റെ പ്രവർത്തിയോടോ താരതമ്യം ചെയ്യുമ്പോൾ ഇതെത്രയോ നിസ്സാരം. രാജ്യം ഭരിക്കാൻ ഭരതനും, രാജ്യം ത്വജിക്കാൻ ഞാനുമാണ് യോഗ്യൻമാർ. അച്ഛൻ കൈകേയി മാതാവിന് പണ്ട് കൊടുത്ത വരങ്ങൾ, അച്ഛൻ നേരിട്ടാവശ്യപ്പെടാഞ്ഞിട്ടുപോലും, നിറവേറ്റാൻ പുറപെട്ട മകനോട് ദശരഥ മഹാരാജാവ് ഇപ്രകാരം അറിയിച്ചു.
സ്ത്രീക്കടിമപെട്ട ഒരു വ്യക്തി വീണ്ടുവിചാരമില്ലാതെ പറഞ്ഞ ഒരു പാഴ്വാക്കായി മാത്രം ഞാൻ കൊടുത്ത വരങ്ങളെ നീ കണ്ടാൽ മതി. വേഗം തന്നെ എന്നെ ഒരു കയറിൽ കെട്ടി ബന്ധനസ്ഥനാക്കി നീ രാജാവായി സ്ഥാനമെടുക്കു. അല്ലാതെ രാജ്യഭാരമൊഴിയുകയും വേണ്ട, പതിന്നാലു വർഷം വനത്തിലും കഴിയണ്ട. പക്ഷെ ഒരു പുത്രന്റെ ധർമ്മം എന്തെന്ന്, സ്വന്തം പ്രവർത്തിയിലൂടെ മാലോകർക്കു മുഴുവൻ മാതൃക കാട്ടുകയാണ് ശ്രീരാമൻ ചെയ്തത്. കേരളത്തിലെ പിതൃ- പുത്ര ബന്ധങ്ങൾ അനേകസംവത്സരങ്ങൾ ദൃഢമായി നിൽക്കാൻ മേൽസൂചിപ്പിച്ച രാമായണ സന്ദർഭം വളരെ സഹായിച്ചിട്ടുണ്ട്..
ഇതിഹാസങ്ങളുടെ സ്വാധീനം സമൂഹത്തിൽ ക്ഷയിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്ന വൃദ്ധ സദനങ്ങൾ. സംസ്കൃതത്തിൽ രചിച്ചിട്ടുള്ള രാമായണങ്ങൾ വിശകലനം ചെയ്ത്, ഭക്തി രസത്തിന് പരമ പ്രാധാന്യം നൽകി, തുഞ്ചത്തെഴുത്തച്ചൻ മലയാള ഭാഷയിൽ എഴുതിയ അദ്ധ്യാത്മ രാമായണം, കൈരളിക്ക് ലഭിച്ച അമൂല്യ നിധിയാകുന്നു. മലയാള ഭാഷയെ അടുത്തറിയണമെങ്കിൽ, രാമായണം ഒരു വട്ടമെങ്കിലും വായിച്ചിരിക്കണം. തകഴി ശിവശങ്കര പിള്ളയുടെ അഭിപ്രായത്തിൽ, ''കഥാകാരനും, കഥാകാരിയും ആകണമെങ്കിൽ ഒത്തിരി വായിക്കണം, രാമായണവും മഹാഭാരതവും പലകുറി വായിക്കണം'.
ഭാരത ജനതക്കൊന്നായി ഒരു സംസ്കൃതി, അല്ലെങ്കിൽ കേരള ജനതയിൽ പൊതുവായി കാണുന്ന സ്വഭാവ ഗുണം, ഇതിനാധാരം ഇതിഹാസങ്ങളിലൂടെ ആചാര്യന്മാർ പഠിപ്പിച്ചിട്ടുള്ള ജീവിത മൂല്യങ്ങളാകുന്നു. കാമ, ക്രോധ, ലോഭ, മോഹങ്ങൾ ഉപേക്ഷിച്ച്, സർവ്വ ചരാചരങ്ങൾക്കും, ഉപയോഗപ്രദമായി ജീവിക്കുവാൻ സാധിച്ചാൽ ജീവിതം ധന്യമായി എന്നാണ് ഇതിഹാസങ്ങളുടെ സന്ദേശം.
രാമായണം പാരായണം ചെയ്യുകയും അതിലെ ഉപദേശങ്ങളും തത്വങ്ങളും മനസ്സിലാക്കി ജീവിക്കുവാനും ശ്രമിച്ചാൽ അതീവ ശാന്തിയും സമാധാനവും കൈവരും. സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊണ്ട ശ്രീരാമനെ സ്മരിക്കുന്നതിനോടൊപ്പം, ബ്രഹ്മ ജ്ഞാനം സർവജനങ്ങളിലും എത്തിക്കുവാൻ സ്വന്തം ജീവൻ പോലും ബലിയർപ്പിക്കുവാൻ തയ്യാറായ പരമാചാര്യനായ, മലയാള ഭാഷയുടെ പിതാവായ രാമാനുജൻ എഴുത്തച്ഛനേയും നമ്മൾക്ക് ഭക്ത്യാ പൂർവ്വം സ്മരിക്കാം.
No comments:
Post a Comment