അർജ്ജുനന്റെ ദിവ്യാസ്ത്ര സമ്പാദനം
കാനനവാസക്കാലത്ത് യുധിഷ്ഠിരന് ഉറക്കമില്ലായിരുന്നു. ഭീഷ്മർ, ദ്രോണർ, കർണൻ, കൃപർ, അശ്വത്ഥാമാവ് എന്നിവരെ എങ്ങനെ ജയിക്കാനാകുമെന്നകാര്യത്തിൽ മനസ്സിൽ തോന്നിയിരുന്ന അവ്യക്തത യുധിഷ്ഠിരനെ ഭയപ്പെടുത്തിയിരുന്നു. തന്റെ കുറ്റംകൊണ്ടാണ് രാജ്യശ്രീ നഷ്ടമായതും കഠിനദുഃഖങ്ങൾ അനുഭവിക്കേണ്ടിവന്നതും എന്ന ബോധം യുധിഷ്ഠിരദുഃഖത്തെ കൂടുതൽ കഠിനമാക്കി. ഇതിനെന്താണ് പരിഹാരം എന്ന് ദ്വൈതവനവാസത്തിന്റെ അവസാനത്തിൽ വ്യാസനോടുതന്നെ ചോദിച്ചു. രാജസൂയ വിജയലഹരിയിൽ മുങ്ങിയിരിക്കുമ്പോഴാണ് പതിമ്മൂന്നാണ്ട് കഴിയുമ്പോൾ യുധിഷ്ഠിരന്റെ പിഴവുമൂലം ഇതെല്ലം നശിക്കുമെന്ന് വ്യാസൻ പറഞ്ഞത്. താൻ അനുഭവിക്കുന്ന ദുർവിധിക്ക് എന്ത് പരിഹാരമെന്നു ചോദിച്ചപ്പോഴാണ് വനവാസവും അജ്ഞാതവാസവും കഴിയുമ്പോൾ രാജ്യശ്രീ തിരികെലഭിക്കുമെന്നും അതിനുവേണ്ടി യത്നിക്കണമെന്നും വ്യാസൻ ഉപദേശിച്ചത്.
ഇക്കാര്യങ്ങൾ സുസാധ്യമാക്കുന്നതിനുവേണ്ടി പ്രതിസ്മൃതി എന്ന വിദ്യ വ്യാസൻ ഉപദേശിക്കുകയും ചെയ്തു. മാത്രമല്ല മഹേന്ദ്രൻ, രുദ്രൻ, വരുണൻ, കുബേരൻ, യമൻ എന്നിവരിൽനിന്നും ദിവ്യാസ്ത്രങ്ങൾ നേടണമെന്നും വ്യാസൻ പറഞ്ഞിരുന്നു.
വ്യാസൻ തന്നെയാണ് ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കരുതെന്ന് യുധിഷ്ഠിരനെ ഉപദേശിച്ചത്. കാരണം സ്ഥിരതാമസം ആ പ്രദേശത്തെ ജന്തുസഞ്ചയത്തെ ഉന്മൂലനം ചെയ്യും. ഈ ഉപദേശം സ്വീകരിച്ചുകൊണ്ടാണ് സരസ്വതീനദീതീരത്തുള്ള കാമ്യകവനത്തിലേക്ക് പാണ്ഡവർ താമസം മാറ്റിയത്. കാമ്യകവനത്തിൽവെച്ച് ഒരു വിജനസ്ഥലത്തേക്ക് അർജുനനെ കൂടെക്കൊണ്ടുപോയി അനുനയത്തോടെ യുധിഷ്ഠിരൻ കാര്യം പറഞ്ഞു. അപ്പോഴത്തെ അവസ്ഥയിൽ ഭീഷ്മർ, ദ്രോണർ, കൃപർ, കർണൻ, അശ്വത്ഥാമാവ് എന്നിവർ സംരക്ഷണത്തോടെ നേതൃത്വം നൽകുന്ന കൗരവസൈന്യത്തെ പാണ്ഡവർക്ക് ജയിക്കാനാകില്ല. ജയം നേടണമെങ്കിൽ ദിവ്യശക്തിയുള്ള ആയുധങ്ങൾ സംഭരിക്കുകതന്നെ വേണം. ഒപ്പം സൈന്യശേഷിയും വർധിപ്പിക്കണം. നിലവിൽ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന രാജാവ് എന്ന അനുകൂലഘടകം ദുര്യോധനനുണ്ട്. ധനുർവേദനിപുണരായ രാജാക്കന്മാരിൽ ഭൂരിപക്ഷവും ദുര്യോധനപക്ഷത്തുമായിരിക്കും. അതുകൊണ്ട് ആയുധമികവിലും ശസ്ത്രവിദ്യയിലും മുന്നേറണം. അതിനാവശ്യമായ രഹസ്യവിദ്യ വ്യാസൻ നൽകിയിട്ടുണ്ടെന്നും അർജുനനോട് യുധിഷ്ഠിരൻ പറഞ്ഞു.
അതുപ്രകാരം ശത്രുക്കളെ വെല്ലുന്നതിനുള്ള ആയുധം സംഭരിക്കുന്നതിനായി ഏകാഗ്രചിന്തനും യോഗിയുമായി മന്ത്രസിദ്ധിവരുത്തി ഉഗ്രമായ തപസ്സോടെ ദേവതാപ്രീതിനേടാൻ അർജുനൻ തീരുമാനിച്ചു. എല്ലാ ദിവ്യാസ്ത്രങ്ങളുടെയും സൂക്ഷിപ്പുകാരൻ മഹേന്ദ്രനാണ്. ദേവതകൾ അദ്ദേഹത്തെയാണ് അതെല്ലാം ഏൽപ്പിച്ചിരിക്കുന്നത്. കൈയിൽ ഗാണ്ഡീവം, തോളിൽ അമ്പൊഴിയാത്ത ആവനാഴി, മാറിൽ പടച്ചട്ട എന്നിവയെല്ലാം ധരിച്ച് ധാർത്തരാഷ്ട്രവധം മാത്രം ആലോചിച്ച് ഹിമാലയത്തെ ലക്ഷ്യമാക്കി നീങ്ങാൻ അർജുനൻ ഒരുങ്ങിനിന്നു. പാണ്ഡവരുടെ ജീവിതവും മരണവും ഐശ്വര്യവും രാജ്യവും ഭവാനിലാണ്. ഭവാന്റെ ജനനസമയം കുന്തീദേവിക്കുണ്ടായിരുന്ന ഇച്ഛ ഭവാൻ നിറവേറ്റുക. ഭവാന്റെ വേർപാട് ദുഃഖകരം പക്ഷേ, നിവൃത്തിയില്ല. വിജയംനേടി തിരിച്ചുവരിക.
ഈ യാത്രാമൊഴികേട്ട് അർജുനൻ യാത്രതിരിച്ചു. അർജുനന്റെ യാത്രയ്ക്ക് ഭൂതങ്ങൾ വഴിമാറിക്കൊടുത്തു. ആദ്യലക്ഷ്യം ദേവേന്ദ്രനെ കാണലായിരുന്നു. ഹിമവാനിലെ ഗന്ധമാദനപർവതം കടന്ന് ഇന്ദ്രനീലത്തിലെത്തി. അവിടെ ജടാധാരിയും കൃശനുമായ ഒരു താപസിയെ കണ്ടു. ക്രോധവും ഹർഷവും വെടിഞ്ഞ് വേദഘോഷണം നടത്തുന്ന മഹാബ്രാഹ്മണരുടെ ആവാസഭൂമിയാണത്. അവർ ശാന്തരായ തപസ്വികളാണ്. അവിടെ യുദ്ധമില്ല. അതുകൊണ്ട് ആയുധം അപ്രസക്തമാണ്. ആയുധം താഴെവെക്കുക. അന്യർക്ക് അലഭ്യമായ ഈ പരമപദത്തെ ഇപ്പോൾതന്നെ ഭവാൻ പ്രാപിച്ചിരിക്കുന്നു. ഇനി എന്തിനാണ് ആയുധം- ആ താപസൻ ചോദിച്ചു. താപസവേഷത്തിലെത്തിയ ഇന്ദ്രൻ തന്റെ മകൻകൂടിയായ പാർഥന്റെ സൈ്ഥര്യം പരീക്ഷിക്കുകയായിരുന്നു. താപസവേഷം വെടിഞ്ഞ ഇന്ദ്രൻ ചോദിച്ചു. സർവകാമലഭ്യമായ പുണ്യലോകമാണിത്. അത് നേടിയതിനുശേഷവും എന്തിനാണ് ആയുധങ്ങൾ തേടുന്നത്. അപ്പോഴാണ് കാമലോഭങ്ങൾക്കൊന്നും തന്റെ മനസ്സിനെ ചലിപ്പിക്കാനാകില്ലെന്നും ദിവ്യമായ ഐശ്വര്യങ്ങൾ സമ്പൂർണമായി ലഭിച്ചാലും കാട്ടിൽ കഴിയുന്ന തന്റെ സഹോദരങ്ങളെ ഉപേക്ഷിക്കില്ലെന്നും ശത്രുക്കളായ കൗരവരോട് പകവീട്ടാതിരിക്കില്ലെന്നും അർജുനൻ ഉറപ്പിച്ചുപറഞ്ഞത്. അർജുനന്റെ നിശ്ചയദാർഢ്യത്തിലും സ്വഭാവസൈ്ഥര്യത്തിലും മതിപ്പുതോന്നിയ ഇന്ദ്രൻ ശിവനെ ഭജിക്കാനും ആയുധങ്ങൾ നേടാനും ഉപദേശിക്കുകയും ചെയ്തു.
ശിവദർശനത്തിനും ശിവപ്രീതിക്കുമായി ഘോരതപം ചെയ്യാൻ ഇന്ദ്രൻ തന്റെ മകനെ ഉപദേശിച്ചു. അങ്ങനെയാണ് ഹിമശൈലദുർഗങ്ങൾ താണ്ടി, വനദുർഗങ്ങൾ കയറി ഹിമവൽ കൊടുമുടിക്കരികെ മരത്തോലുടുത്ത് യോഗദണ്ഡ് ഏന്തി മാന്തോലും ധരിച്ച് കൊഴിഞ്ഞുവീഴുന്ന ഇലകൾ മാത്രം ഭക്ഷിച്ച് അർജുനൻ തപസാരംഭിച്ചത്. അങ്ങനെ മൂന്നാമാസം കഴിഞ്ഞപ്പോൾ പതിന്നാലു ദിവസത്തിലൊരിക്കൽ മാത്രമായി ആഹാരം. പിന്നെ വായുമാത്രം ഭക്ഷിച്ച് ഒറ്റക്കാൽ വിരലൂന്നി കൈകൾ ഉയർത്തി ഏകാഗ്രചിത്തനായി അർജുനൻ ഉഗ്രതപസ്സിൽ മുഴുകി. തപസ്സിന്റെ കാഠിന്യം ഹിമാലയസാനുക്കളിലെ ഋഷികുലത്തെയാകെ തപിപ്പിച്ചു. ഋഷിമാർ പരമശിവനെ സമീപിച്ചു. വിജയന്റെ തപസ്സിനെക്കുറിച്ചു പറയുകയും കാരണം ആരായുകയും ചെയ്തു. സ്വർഗം, ഐശ്വര്യം, ആയുസ്സ് ഇതിനൊന്നും വേണ്ടിയല്ല പാർഥന്റെ തപസ്സ്. തപസ്സിന്റെ ലക്ഷ്യം എന്ത് എന്ന് തനിക്കറിയാം. താനത് സാധിച്ചുകൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഋഷികുലത്തെ ശിവൻ സമാശ്വസിപ്പിച്ചു.
അർജുനൻ ഉഗ്രമായ തപസ്സുചെയ്തത് ആയുധം സംഭരിക്കാനാണ്. സ്വർഗം, ഐശ്വര്യം, ആയുസ്സ്, ആയുധം ഇവ സംഭരിക്കുന്നതിനുവേണ്ടിയുള്ള തപസ്സ് ഉത്തമമല്ല. ലോകഭോഗസംഭരണം തന്നെയാണ് ആ തപസ്സിന്റെ ലക്ഷ്യം. മോക്ഷപ്രാപ്തിക്കുവേണ്ടി ഉപയുക്തമാക്കേണ്ട യോഗവിദ്യയെ കാമസാഫല്യത്തിനായി ഉപയോഗിക്കുന്നതിനെയാണ് അധമലക്ഷ്യത്തോടെയുള്ള തപസ്സ് എന്ന് പറയുന്നത്. സ്വർഗം ഫലഭൂമിയാണ്; കർമഭൂമിയല്ല. സ്വർഗവാസസുഖകാലം കഴിഞ്ഞാൽ കർമഭൂമിയിൽ തിരികെയെത്തി വീണ്ടും കഠിനമായി യത്നിക്കണം. അതുകൊണ്ട് വിവേകശാലികളായ മുമുക്ഷുക്കൾ സ്വർഗവാസത്തിനായി തപം ചെയ്യില്ല. ഐശ്വര്യത്തിനും ആയുസ്സിനുമായി ചെയ്യുന്ന തപസ്സിനെക്കുറിച്ച് വിശേഷിച്ച് പറയാനുമില്ല. അർജുനന്റെ തപസ്സാകട്ടെ ശത്രുസംഹാരത്തിനുവേണ്ടിയുള്ള ആയുധം സംഭരിക്കുന്നതിനുവേണ്ടിയുമാണ്. തപസ്സിന്റെ ലക്ഷ്യം അധമമാണെങ്കിലും തപസ്സ് ഫലശൂന്യമല്ല. അതുകൊണ്ട് ശിവൻ അർജുനന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ശിവൻ കിരാതവേഷത്തിലാണ് അർജുനന്റെ മുന്നിലെത്തിയത്. ഇതിനിടയിൽ മൂകനെന്നുപേരായ അസുരൻ അർജുനനെ കൊല്ലുന്നതിനായി പന്നിയുടെ വേഷത്തിൽ അവിടെയെത്തി. ഒരു ദ്രോഹവും ചെയ്യാത്ത തന്നെ കൊല്ലാൻ തീരുമാനിച്ച പന്നിയെ കൊല്ലാൻ അർജുനനും തീരുമാനിച്ചു. അകാരണമായി തന്നെ കൊല്ലാൻ പന്നി തീരുമാനിച്ചതുകൊണ്ട് താൻ കൊല്ലപ്പെടുന്നതിനുമുൻപേ പന്നിയെ കൊല്ലുന്നതാണ് ഉത്തമം എന്ന യുക്തിയും അർജുനൻ പറഞ്ഞുകൊണ്ട് അവനെ ലക്ഷ്യമാക്കി അസ്ത്രം അയക്കാൻ തയ്യാറായിനിന്നു. ഈ സമയം ആ പന്നി തന്റെ വേട്ടമൃഗമാണെന്നും താനാണ് ആദ്യം ഉന്നംവെച്ചതെന്നും അതുകൊണ്ട് അർജുനന്റെ അസ്ത്രത്തെ പിൻവലിക്കണമെന്നും കിരാതൻ പറഞ്ഞു. പക്ഷേ, അതു ശ്രദ്ധിക്കാതെ സവ്യസാചി അസ്ത്രമെയ്തു; ഒപ്പം കിരാതനും അസ്ത്രമെയ്തതുകൊണ്ട് രണ്ട് അസ്ത്രവും ഒരേസമയം പന്നിയിൽ ഏറ്റു. നായാട്ടിനും നടപടിക്രമവും ചട്ടവും ഉണ്ട്. അതുപ്രകാരം ആദ്യം ഉന്നംവെക്കുന്നവനാണ് വേട്ടമൃഗത്തിന്റെ അവകാശി. അവന്റെ ശരമേറ്റ് കൊല്ലപ്പെടുക എന്നതാണ് വേട്ടമൃഗത്തിന്റെ വിധി. താൻ ഉന്നംവെച്ച മൃഗത്തിൽ കിരാതൻ അസ്ത്രമെയ്തത് നായാട്ട് ലംഘനമാണെന്നും ഇത് താൻ പൊറുക്കില്ല എന്നും താൻ കിരാതനെ കൊല്ലുമെന്നും അർജുനൻ പറഞ്ഞു. രണ്ടുപേരും പരസ്പരം ആ കാട്ടിലെത്തി പാർക്കുന്നതിന്റെ ന്യായാന്യായങ്ങളെ ചോദ്യംചെയ്തു.
ശത്രുസംഹാരനിപുണനായ താനാണ് പന്നിയെ കൊന്നതെന്ന് അർജുനനും അതല്ല തന്റെ അസ്ത്രമേറ്റാണ് പന്നി ചത്തതെന്ന് കിരാതനും അവകാശപ്പെട്ടു. അവകാശവാദം വാക്തർക്കമായി. തർക്കത്തിൽ രണ്ടുപേരും പരസ്പരം വെല്ലുവിളിച്ചു. അർജുനൻ കിരാതനെതിരേ ആദ്യം ശരംവിട്ടു. പക്ഷേ, കിരാതൻ കുലുങ്ങിയില്ല. സവ്യസാചിയുടെ ഗാണ്ഡീവത്തിൽനിന്നും പറന്ന അസ്ത്രങ്ങളെയെല്ലാം കിരാതൻ അനായാസമായി സംഹരിച്ചു. അർജുനൻ കൂടുതൽ കുപിതനായി അസ്ത്രമെയ്തു. അതും കിരാതൻ സംഹരിച്ചപ്പോൾ അദ്ഭുതംപൂണ്ട അർജുനൻ വില്ലുകൊണ്ട് കിരാതനെ അടിച്ചുകൊല്ലാൻ ശ്രമിച്ചു. അടിക്കാനോങ്ങിയ വില്ല് കിരാതൻ പിടിച്ചെടുത്തു. ഉടൻ അർജുനൻ വാളെടുത്തു വീശിയപ്പോൾ വാൾ തകർന്നു. ഒടുവിൽ മുഷ്ടിയുദ്ധമായി. അതിലും പരാജയപ്പെട്ട അർജുനൻ അബോധനായി വീണു. ബോധം തെളിഞ്ഞപ്പോൾ ശിവപൂജ നടത്തി. ശിവനിൽ അർപ്പിച്ച പൂക്കളെല്ലാം കിരാതനിൽ പതിച്ചപ്പോഴാണ് കിരാതൻ ശിവനാണെന്ന് അർജുനൻ തിരിച്ചറിഞ്ഞത്.
അർജുനന്റെ കർമബലത്തിലും ശൗര്യത്തിലും സ്ഥൈര്യത്തിലും ശിവൻ സംപ്രീതനായി. നീലകണ്ഠനും ജടാധരനുമായ കപർദിയെ അർജുനൻ മനമലർകൊണ്ട് പൂജിച്ചു. തന്റെ അപരാധങ്ങളെ പൊറുക്കണമെന്ന് പ്രാർഥിച്ചു. അറിവില്ലാതെചെയ്ത സാഹസങ്ങൾ മാപ്പാക്കണമെന്ന് അപേക്ഷിച്ചു. സന്തോഷംപൂണ്ട രുദ്രൻ താൻ എല്ലാം ക്ഷമിച്ചുവെന്നും അർജുനന്റെ കഴിവിൽ സംതൃപ്തനാണെന്നും പറഞ്ഞു. ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും തിരിച്ചുനൽകി. സംപ്രീതനായ ശിവൻ വരംവരിക്കാൻ അർജുനനെ അനുവദിക്കുകയും ചെയ്തു. അപ്പോഴാണ് ദിവ്യവും ഘോരവുമായ പാശുപതാസ്ത്രം തനിക്ക് തന്നാലും എന്ന് അർജുനൻ പ്രാർഥിച്ചത്. യുഗാന്തകാലത്ത് സർവലോകത്തെയും സംഹരിക്കുന്ന ബ്രഹ്മശിരസ്സാണ് പാശുപതം. ഭീഷ്മർ, ദ്രോണർ, കൃപർ, കർണൻ എന്നിവരുമായി യുദ്ധംചെയ്യേണ്ടിവരുമ്പോൾ ശിവപ്രഭാവത്താൽ അവരെ ജയിക്കാൻ ഈ പാശുപതം വേണം എന്നും അർജുനൻ വിശദീകരിച്ചു. ശിവപ്രിയമായ പാശുപതാസ്ത്രം സസന്തോഷം ശിവൻ അർജുനന് നൽകി. സായുധരല്ലാത്തവരിലും അശക്തരിലും പാശുപതം പ്രയോഗിക്കരുതെന്നും അങ്ങനെ പ്രയോഗിച്ചാൽ ലോകം മുടിയുമെന്നും മുന്നറിയിപ്പ് നൽകി. നോട്ടം, മനസ്സ്, വാക്ക് ഇവകൊണ്ടെല്ലാം അസ്ത്രം പ്രയോഗിക്കാനും കഴിയും.
മഹാദേവനിൽനിന്നും പാശുപതം നേടി വിജയശ്രീലാളിതനായി നിൽക്കുന്ന വിജയന്റെ മുൻപിൽ വരുണൻ, കുബേരൻ, യമൻ എന്നിവരും പ്രത്യക്ഷപ്പെട്ടു. ഒപ്പം തന്റെ പുത്രന്റെ മികവിൽ ഹർഷപുളകിതനായി ദേവേന്ദ്രനും എത്തിച്ചേർന്നു. ഇവരിൽ നാലുപേരും ലോകപാലകരാണ്. അവരുടെ പ്രഭാവത്തിലാണ് ലോകം നിലനിൽക്കുന്നത്. ആദ്യം യമനാണ് അർജുനനെ അനുഗ്രഹിച്ചത്. തേജസ്സുള്ള ക്ഷത്രിയരെ മുഴുവൻ ഫൽഗുനൻ ജയിക്കുമെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് സൂര്യപുത്രനായ കർണനെ അർജുനൻ വധിക്കുമെന്നും പറഞ്ഞു. ലോകത്തിൽ അക്ഷയമായ കീർത്തി അർജുനന് ഉണ്ടാകുമെന്ന് വരംകൊടുത്തതിനുശേഷം ആർക്കും തടുക്കാൻ സാധ്യമല്ലാത്ത ദണ്ഡ് അർജുനന് സമ്മാനിക്കുകയും ചെയ്തു. മഹത്തായ കർമം യമദണ്ഡുകൊണ്ട് നിർവഹിക്കാനുള്ള അനുജ്ഞ വാങ്ങിയതിനോടൊപ്പം വിധിപ്രകാരം ആ ആയുധം പ്രയോഗിക്കാനും പിൻവലിക്കാനുമുള്ള വിദ്യ അർജുനൻ ഗ്രഹിക്കുകയും ചെയ്തു.
ജലാധിപനായ വരുണൻ പാർഥനിൽ സംപ്രീതനായി. വരുണൻ തന്റെ വാരണപാശം എന്ന ആയുധത്തെ മന്ത്രസിദ്ധിയോടുകൂടി അർജുനന് നൽകി. ഈ ആയുധം കൈയിലിരിക്കുവോളം യമനുപോലും അർജുനന്റെമേൽ വിജയംനേടാനാകില്ല. തന്റെ ഈ ആയുധംകൊണ്ട് അടർക്കളത്തിലിറങ്ങുന്ന ക്ഷത്രിയരെ മുഴുവൻ നിശ്ശേഷം നശിപ്പിക്കാനുള്ള ശക്തി അർജുനൻ നേടി. യമനും വരുണനും ദിവ്യമായ അസ്ത്രങ്ങൾ പാർഥനു സമ്മാനിച്ചുകഴിഞ്ഞപ്പോൾ ധനാധിപനായ കുബേരൻ 'അന്തർധാനം' എന്ന അസ്ത്രം സമ്മാനിച്ചു. ദുർജയരായ അമർത്യരെപ്പോലും ജയിക്കാൻ കഴിയുന്ന ഈ അസ്ത്രത്തെക്കൊണ്ട് വിജയന് ധാർത്തരാഷ്ട്രസൈന്യത്തെ മുച്ചൂടും മുടിക്കാൻ കഴിയുമെന്ന വരവും കുബേരൻ നൽകി. മഹാദേവനായ ശങ്കരൻ ത്രിപുരന്മാരെ വധിച്ചത് ആ അസ്ത്രംകൊണ്ടാണെന്ന് വിശദീകരിക്കുകയും ചെയ്തു.
അവസാനത്തെ ഊഴം ദേവേന്ദ്രന്റേതായിരുന്നു. തന്റെ പുത്രന്റെ മഹത്തായ വിജയത്തിൽ ആഹ്ളാദിച്ച ദേവേന്ദ്രൻ അർജുനൻ സ്വർഗവാസത്തിന് അർഹതനേടിയിരിക്കുന്നു എന്ന് അറിയിച്ചു; ഒപ്പം മാതലിയെ അയക്കുകയും ചെയ്തു. സ്വർഗത്തിലെത്തിയതിനുശേഷം ദിവ്യാസ്ത്രങ്ങൾ നൽകാമെന്ന വാഗ്ദാനവും കുന്തീപുത്രന് ദേവേന്ദ്രൻ നൽകി. ദേവന്മാരാൽ ആദരിക്കപ്പെടുകയും ദിവ്യാസ്ത്രങ്ങൾ ലഭിക്കുകയും ചെയ്തപ്പോൾ സമ്പൂർണ കാമസാഫല്യം ലഭിച്ച സന്തോഷം പാർഥനുണ്ടായി. മാതലി തെളിച്ച രഥത്തിൽ സ്വർഗലോകത്തെത്തിയ അർജുനന് ഇന്ദ്രൻ അർധാസനം നൽകി ആദരിച്ചു. അതായത് ഇന്ദ്രസഭയിൽ ഇന്ദ്രന്റെ ഇരിപ്പിടത്തിൽ തന്റെ മകനായ അർജുനനെയും ഇരുത്തിയെന്നു സാരം. ഇന്ദ്രന്റെ ഇഷ്ടം മനസ്സിലാക്കിയ ദേവഗന്ധർവന്മാർ അർജുനന്റെ ഇഷ്ടം സാധിക്കാൻ കാത്തുനിന്നു. ദിവ്യമായ ആയുധങ്ങളിൽ പരിശീലനം നേടിയതിനൊപ്പം ശക്രനിൽനിന്ന് വജ്രായുധപ്രയോഗവും ഇടിത്തീപ്രയോഗവും പാർഥൻ ഗ്രഹിച്ചു.
അസ്ത്രങ്ങളെല്ലാം നേടിക്കഴിഞ്ഞപ്പോൾ തന്റെ സഹോദരങ്ങളുടെ ദുഃസ്ഥിതിയോർത്ത് അർജുനമനസ്സ് ശോകാകുലമായി. കള്ളച്ചൂതിനെക്കുറിച്ചും കർണദുര്യോധനാദികളെയും ദുശ്ശാസന ശകുനികളെയുംകുറിച്ച് ഓർത്ത് മനസ്സ് അസ്വസ്ഥമായി. സംഗീതവും നൃത്യഗീതവാദ്യങ്ങളും അഭ്യസിക്കുന്നതിനായി തന്റെ വിശ്വസ്തനായ ചിത്രസേനനെ പാർഥന്റെ മിത്രമാക്കി ഇന്ദ്രൻ കൊടുത്തു. രതിലീലയിൽക്കൂടി മകനെ വിശാരദനാക്കുന്നതിനുവേണ്ടി വൈശികതന്ത്രവിദഗ്ധയായ ഉർവശിയെ ഇന്ദ്രൻ നിയോഗിക്കുകയും ചെയ്തു. ഋഷിമാർക്കുപോലും കാമവ്യഥയുണ്ടാക്കാൻ പര്യാപ്തമായ ആ മനോമോഹിനിയുടെ അംഗലാവണ്യം പക്ഷേ, പാർഥനിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. മനസ്സും ഇന്ദ്രിയങ്ങളും ശത്രുവധത്തിൽ കേന്ദ്രീകൃതമായിരുന്നു. മഹർഷിമാരുടെപോലും മനസ്സിനെ അനായാസം ഇളക്കിയിട്ടുള്ള ആ മാദകമോഹിനിയുടെ പ്രലോഭനത്തെയും അതിജീവിച്ച മകനെ ഇന്ദ്രൻ പ്രശംസിച്ചു. അജ്ഞാതവാസക്കാലം കടക്കാൻ ഉർവശിയുടെ ശാപവും ആട്ടവും പാട്ടുമെല്ലാം ഉപകാരപ്രദമാകുമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇന്ദ്രന്റെ ആഭ്യർഥനമാനിച്ച് ലോമശമഹർഷിയെ കാമ്യകവനത്തിലെത്തി അർജുനവൃത്താന്തം അറിയിച്ചു. അതിനുശേഷം പാണ്ഡവരെക്കൊണ്ട് തീർഥാടനം നടത്തിച്ച് പാപവിമോചനം നേടാനും അതിലൂടെ ആത്മശക്തി സംഭരിക്കാനും ലോമശൻ അവരെ സഹായിച്ചു.
ആത്മശക്തിയെക്കാൾ ആയുധബലത്തെയാണ് അർജുനൻ ആശ്രയിച്ചത്. ആയുധബലത്തെ അമിതമായി ആശ്രയിക്കുന്നവന് ആത്മവിശ്വാസം കുറയും. ആത്മവിശ്വാസക്കുറവുമൂലമാണ് ഭീഷ്മരുടെ നേതൃത്വത്തിൽ ദ്രോണരും കൃപരും അശ്വത്ഥാമാവും കർണനും ദുര്യോധനാദികളും നിരന്നുനിന്ന പതിനൊന്ന് അക്ഷൗഹണിപ്പടയെ കണ്ടപ്പോൾ കുരുക്ഷേത്രയുദ്ധഭൂമിയിൽ പാർഥൻ തളർന്നുവീണത്. താൻ വിജയം കാംക്ഷിക്കുന്നില്ല എന്നും ഗുരുകാരണവരെയും ബന്ധുജനങ്ങളെയും കൊന്നൊടുക്കി വിജയം നേടാൻ തന്റെ ഹൃദയാലുത്വം തന്നെ അനുവദിക്കുന്നില്ലെന്നും ഫൽഗുനൻ പറയുകയും ചെയ്തു. പെട്ടെന്നുള്ള ഈ മനംമാറ്റത്തിന് ആസ്പദമായി അർജുനൻ നിരത്തിയ കാരണങ്ങൾ വിശ്വസനീയമല്ല. കള്ളച്ചൂതിൽ രാജ്യം നഷ്ടപ്പെട്ട അന്നുമുതൽ എന്തുചെയ്തും രാജ്യം തിരിച്ചുപിടിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു പാണ്ഡുപുത്രർ. ശത്രുസംഹാരം നടത്തി രാജ്യം തിരിച്ചുപിടിക്കുമെന്ന് പലവട്ടം പാർഥൻ പ്രതിജ്ഞചെയ്തിട്ടുണ്ട്. അതിനുവേണ്ടിയാണ് മോക്ഷോപാധിയായ തപസ്സിനെ കാമോപാധിയാക്കി അതിസംഹാരശേഷിയുള്ള ആയുധങ്ങൾ നേടിയതും സൈന്യത്തെ സംഘടിപ്പിച്ചതും കൃഷ്ണനെ കൂടെ കൂട്ടിയതും. പിന്നീട് ഗീതാവാക്യത്തിലുണർന്ന കിരീടി വിജയം നേടിയത് യാദൃശ്ചികമല്ല
No comments:
Post a Comment