ദക്ഷിണാമൂര്‍ത്തി
ദക്ഷിണാ എന്ന പദത്തിന് ബുദ്ധിയെന്നും വലത് എന്നും തെക്കുദിക്കെന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. ഏതൊന്നിനെ സാക്ഷാത്കരിക്കുന്നതിന് ബുദ്ധി ഉപകരണമാണോ ആ ബുദ്ധി ദക്ഷിണാമൂര്‍ത്തി. ബ്രഹ്മാകാരമായ ബുദ്ധിവൃത്തിയില്‍ പ്രതിഫലിതമായി അഭിമുഖമായിരിക്കുന്ന ശിവന്‍തന്നെ ദക്ഷിണാമൂര്‍ത്തി. ശിവന്‍ ജ്ഞാനശക്തിരൂപനായി സ്ഥിതിചെയ്യുന്നു.
പിതാവായ ദക്ഷന്റെ യാഗാഗ്നിയില്‍ ദേഹാര്‍പ്പണം ചെയ്ത സതീദേവിയുടെ വേര്‍പാടില്‍ വിരഹിതനായിത്തീര്‍ന്ന പരമേശ്വരന്‍ ദുഃഖം സഹിക്കവയ്യാതെ ഹിമവാന്റെ നെറുകയില്‍ പേരാലിന്റെ ചുവട്ടില്‍ തെക്കോട്ട് തിരിഞ്ഞിരുന്ന് അനേകകാലം തപസ്സനുഷ്ഠിച്ചു. സതി ഹിമവാന്റെ പുത്രിയായ പാര്‍വതിയായി പുനര്‍ജ്ജനിച്ച് വീണ്ടും തന്റെ പത്‌നിയാകുവോളം ഈ തപോവ്രതം പരമേശ്വരന്‍ അനുഷ്ഠിച്ചുവരവേ സനകാദികളും ദേവന്മാരും ഋഷിമാരും മറ്റു പലരും ശിവസന്നിധിയിലെത്തി പരമതത്ത്വത്തെക്കുറിച്ചുള്ള അവരുടെ സംശയങ്ങള്‍ക്ക് പരിഹാരം നേടിപ്പോന്നു. തന്നെ സമീപിച്ചവര്‍ക്കെല്ലാം മഹത്തും പരമവുമായ ജ്ഞാനം പ്രദാനം ചെയ്തുകൊണ്ട് ദക്ഷിണാഭിമുഖനായിരുന്ന പരമശിവന്‍ അങ്ങനെ ദക്ഷിണാമൂര്‍ത്തിയെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. അതോടെ എല്ലാവര്‍ക്കും ഗുരുവായി; ലോകഗുരുവായിത്തീരുകയും ചെയ്തു.
ദക്ഷിണാമൂര്‍ത്തിയെ ദേവന്മാര്‍ പോലും മഹാഗുരുവായി പരിഗണിച്ച് എല്ലാവിദ്യകളുടെയും നിധിയായും ലൗകിക രോഗത്തിനുള്ള പ്രത്യൗഷധമായും സകലലോകത്തിനും ഗുരുവായും ആദരിച്ചു. അതുകൊണ്ട് സര്‍വ്വഗുരുവാകുന്ന ദക്ഷിണാമൂര്‍ത്തിയെ സങ്കല്‍പിച്ചുകൊണ്ടുള്ള ഗുരുപൂജയാണ് സര്‍വ്വോത്തമമായിട്ടുള്ളത്.
No comments:
Post a Comment