ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 January 2017

സന്താനസൗഭാഗ്യത്തിന് മണ്ണാറശാല ഉരുളി കമഴ്ത്തൽ

സന്താനസൗഭാഗ്യത്തിന് മണ്ണാറശാല ഉരുളി കമഴ്ത്തൽ

വൈവാഹിക ജീവിതത്തിന്റെ പൂർണത എന്നത് സന്താന ലബ്ധിയിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ശാരീരികവും മാനസികവുമായ പലകാരണങ്ങൾ കൊണ്ടും സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ നമ്മുടെ നാട്ടിൽ അനവധിയാണ്. ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി ആദ്യം ചെയ്യേണ്ടത് നാഗങ്ങളെ പ്രസാദിപ്പിക്കുക എന്നതാണ്. നാഗാരാധനയ്ക്ക് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളികമഴ്ത്തൽ വഴിപാട് സന്താനം ലഭിക്കുന്നതിന് കാരണമാകും എന്നാണ് വിശ്വാസം. 

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുള്ളുവൻ പാട്ടിന്റെ ഈണം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രാന്തരീക്ഷം എന്നും ഭക്തി നിർഭരമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. ക്ഷേത്ര  നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പൂജാ വിധികൾ കൊണ്ടും ആചാരങ്ങൾകൊണ്ടും ഏറെ ശ്രേഷ്ഠമായ ക്ഷേത്രമാണ് മണ്ണാറശാല.

മണ്ണാറശാലയുടെ ഉദ്ഭവത്തെപ്പറ്റി പറയുന്നത്. 30 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഖ്യപ്രതിഷ്ഠായായ നാഗങ്ങളെ കൂടാതെ ഉപപ്രതിഷ്ഠകളായി ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവരുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഒരു നേരം മാത്രമേ ക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള പൂജയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. കിഴക്കോട്ടു മുഖമുള്ള ക്ഷേത്രത്തിൽ ആരാധിച്ചു വരുന്ന വിഗ്രഹത്തിന് അഞ്ചടി ഉയരമുണ്ട് എന്നതും ശ്രദ്ധേയം. മറ്റു ക്ഷേത്രങ്ങളിൽ പുരുഷന്മാർ പ്രധാന പൂജാരികളാകുമ്പോൾ മണ്ണാറശാലയിൽ സ്ത്രീകളാണ് പ്രധാന പൂജ ചെയ്യുന്നത്. പുരുഷന്മാർ ഇവിടെ ഉപപൂജാരികളാകുന്നു. 

മണ്ണാറശാല ആയില്യം

തുലാം, കുംഭം, കന്നി മാസങ്ങളിലെ ആയില്യം നാൾ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസമാണ്. ഭക്തി നിർഭരമായി ഈ ദിനങ്ങളിൽ ചെയ്യുന്ന വഴിപാടുകൾക്ക് പൂർണ്ണഫലപ്രാപ്തിയുണ്ടാകും എന്നാണ് വിശ്വാസം. ഭക്തരുടെ സാക്ഷ്യം ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്ന നിലയിൽ പ്രശസ്തമാണ്. ആ  ദിവസം ഉച്ചക്ക് പ്രത്യേക പൂജാവിധികളോടെ പൂജാരിയായ വലിയമ്മ (അങ്ങനെ അറിയപ്പെടുന്നു) നാഗരാജ വിഗ്രഹത്തിന് നിവേദ്യം നടത്തുന്നു. തുടർന്ന് പ്രദക്ഷിണം നടക്കുന്നു.

ഇതിനു പുറമെ എല്ലാ മാസത്തിലും ആയില്യം നാളിൽ വിശേഷാൽ പൂജകൾ സംഘടിപ്പിക്കപ്പെടുന്നു. ശിവരാത്രിനാളിലെ സർപ്പ പൂജ, നൂറും പാലും തുടങ്ങിയവ മണ്ണാറശാല അമ്മയുടെ പ്രത്യേക പൂജാവിധികളാണ്. പാല്‍, പഴം, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹങ്ങള്‍, ആള്‍രൂപങ്ങള്‍ എന്നിവ ക്ഷേത്രനടയിൽ സമർപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന വഴിപാട്. ശിവരാത്രി ദിനത്തിൽ സർപ്പരാജാവായ വാസുകിക്ക് പ്രത്യേക പൂജ നടത്തുന്നു.

സന്താന ലബ്ധിക്ക് ഉരുളികമഴ്ത്തൽ

വിവാഹശേഷം നിശ്ചിത വർഷങ്ങൾ കഴിഞ്ഞ ദമ്പതിമാർ സന്താന ലബ്ധിക്കായി ഇവിടെയെത്തി ഭക്ത്യാദരപൂർവ്വം ഉരുളികമഴ്ത്തുന്നു. ആയിരക്കണക്കിനു ഭക്തജനങ്ങൾ ഇവിടെ വന്ന് ഈ അപൂർവ്വമായ വഴിപാട് നടത്തി ഫലസിദ്ധി നേടുന്നു. നേർച്ച നടത്തി കുഞ്ഞുണ്ടായി കഴിഞ്ഞ് ദമ്പതിമാർ ക്ഷേത്രത്തിൽ എത്തി കമിഴ്ത്തിയ ഉരുളിനിവർത്തി പായസം വച്ച് സർപ്പങ്ങൾക്ക് നേദിക്കുന്ന ചടങ്ങ് പ്രധാനമാണ്. സന്താന ലബ്ധിക്കുള്ള നന്ദി സൂചകമായാണ് ഇങ്ങനെ ചെയ്യുന്നത്. 

ഇതിനു പുറമെ ത്വക് രോഗങ്ങൾ മാറുന്നതിനായി ഇവിടെ നൂറും പാലും നേദിക്കുന്നു. നേത്രരോഗങ്ങൾ, കുഷ്ഠം, സന്താനദുഃഖം, വെള്ളപ്പാണ്ട് എന്നിവയുടെ ശമനത്തിനാണ് നൂറും പാലും നൽകി വരുന്നത്.  ഭക്ത്യാദര പൂർവം വാണങ്ങിയാൽ തീർച്ചയായും ഫലം കിട്ടുമെന്ന്  വിശ്വസിക്കപ്പെടുന്നു.

No comments:

Post a Comment