ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2017

പുരാണസ്ഥലങ്ങൾ 2

കൗശാംബി മുതല്‍ ഗണ്ഡകി വരെ
കോസം [കൗശാംബി]

വാല്മീകിരാമായണം, കഥാസരിത്‌സാഗരം, പാണിനീസൂത്രങ്ങള്‍, പതഞ്ജലിഭാഷ്യം, സ്വപ്‌നവാസവദത്തം എന്നിവയില്‍ പരാമര്‍ശിക്കുന്ന കൗശംബി എന്ന ജനപദം, ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്ന് 60 കി.മീ. അകലെ യമുനാ നദിക്കരയില്‍ ഇന്ന് കോസം എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാമമാണ്. കോശം എന്ന ഉച്ചാരണവുമുണ്ട്.
ബ്രഹ്മപുത്രനായ കുശന് വിദര്‍ഭരാജകുമാരിയില്‍പ്പിറന്ന കുശാംബന്‍ നിര്‍മിച്ച നഗരമാണ് കൗശാംബി.
വത്സം എന്ന രാജ്യത്തിന്റെ മധ്യത്തിലാണ് കൗശാംബി സ്ഥിതിചെയ്തിരുന്നത്. പാണ്ഡവരാജവംശജനായ ഉദയനന്‍ ഈ നഗരത്തെ തലസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്നു (കഥാസരിത് സാഗരം) അതിപുരാതനകാലത്ത് ഇതൊരു വിദ്യാകേന്ദ്രമായിരുന്നു.
കൗരവരുടെ ആസ്ഥാനമായിരുന്ന ഹസ്തിനപുരം ഗംഗയുടെ ഒഴുക്കില്‍പ്പെട്ട് നശിച്ചപ്പോള്‍ അന്നത്തെ രാജാവ് കൗശാംബിയിലേക്ക് മാറിയെന്ന് പ്രസ്താവിക്കപ്പെടുന്നു.

ഇവിടെ വെണ്ണക്കല്ലില്‍ അശോകന്‍ പണിയിച്ച ഒരു സ്തംഭം (9 മീ. ഉയരം) ഇപ്പോഴുമുണ്ട്.
ഉത്തരേന്ത്യയിലെ 16 ജനപദങ്ങളിലൊന്നായിരുന്ന കൗശാംബിയില്‍ ബുദ്ധന്‍ രണ്ടുപ്രാവശ്യം വസിച്ചിട്ടുണ്ട്. അനേഹം ബുദ്ധവിഹാരങ്ങളിവിടെയുണ്ട്. കൗശാംബിയില്‍ ശകസാമ്രാജ്യവും കനിഷ്‌കസാമ്രാജ്യവും നിലവിലിരുന്നതായി ഉത്ഖനനങ്ങള്‍ തെളിയിക്കുന്നു. ഹൂണരാജാക്കന്മാരും ഇവിടെ ഭരിച്ചിരുന്നു. ആറാം നൂറ്റാണ്ടോടുകൂടിയാണ് കൗശാംബി നശിക്കാന്‍ തുടങ്ങിയത്.
ഫാഹിയാന്റെ സന്ദര്‍ശനകാലത്ത് കൗശാംബി ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. അതേസമയം, ഏതാണ്ട് 200 വര്‍ഷം കഴിഞ്ഞ് ഹ്യുയാന്‍സാങ് തന്റെ യാത്രക്കിടയിലിവിടെയെത്തിയപ്പോഴേക്കും ബുദ്ധമതം നശിച്ചുകഴിഞ്ഞിരുന്നു.യമുനാതീരങ്ങളില്‍ കൗശാംബിയുടെ അവശിഷ്ടങ്ങളുണ്ട്.

ഖാഖ-ഖസം
മഹാഭാരതത്തിലും വാമനപുരാണത്തിലുമൊക്കെ പരാമര്‍ശമുള്ള ഖസം (ഖശം) എന്ന പുരാതനരാജ്യമാകാം കശ്മീരില്‍ ‘ഖാഖ’ എന്ന് ഇന്നറിയപ്പെടുന്ന പ്രദേശം.
യക്ഷന്മാരുടെ മാതാവിന്റെ പേരാണ് ഖശ. യക്ഷന്മാരുടെ നാട് എന്ന അര്‍ത്ഥത്തിലാകാം ഈ പ്രദേശത്തിന് ഖസം (ഖശം) എന്ന പേരുണ്ടായത്.
ഗംഗോദേവ് -ഗംഗോത്ഭേദം
മഹാഭാരതത്തില്‍പ്പറയുന്ന ഗംഗോത്ഭേദം (ഗംഗോദ്‌ഭേദം) ആണ് രാജസ്ഥാനിലെ ഗംഗോദേവ് എന്ന സ്ഥലം.
ഇതൊരു പുണ്യസ്ഥലമാണ്. ഇവിടെ മൂന്നുരാത്രി ഉപവാസമനുഷ്ഠിച്ചാല്‍ വാജപേയയജ്ഞത്തിന്റെ ഫലം ലഭിക്കുകയും, അങ്ങനെ പരബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഗംഗയുടെ ഉത്പത്തി സ്ഥാനമാണ് ഗംഗോദ്‌ഭേദം എന്നും പറയപ്പെടുന്നു.

ഗണ്ഡക്-ഗണ്ഡകി
പുരാണപ്രസിദ്ധമായ, നേപ്പാളിലെ ഗണ്ഡകി എന്ന പുണ്യ നദി ഇന്ന് ഗണ്ഡക് എന്നറിയപ്പെടുന്നു. കൃഷ്ണഗണ്ഡക് എന്നും ഇതിന് വിളിപ്പേരുണ്ട്.

നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ടിബറ്റിനോട് ചേര്‍ന്ന് ഹിമാലയപ്രാന്തത്തില്‍നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. ഇത് ഗംഗയിലൊഴുകിച്ചേരുന്നു.

ഗണ്ഡകീനദിയുടെ ഉദ്ഭവത്തെക്കുറിച്ച് സ്‌കന്ദപുരാണത്തിലുള്ള കഥ ഇതാണ്. ദേവാസുരന്മാര്‍ പാലാഴിമഥനം ചെയ്തു കിട്ടിയ അമൃതിനെച്ചൊല്ലി അവര്‍ക്കിടയിലൊരു തര്‍ക്കമുണ്ടായി. മഹാവിഷ്ണു പ്രശ്‌നപരിഹാരത്തിനെത്തി. വിഷ്ണു മോഹിനിരൂപംപൂണ്ട് അസുരന്മാരെ ആകര്‍ഷിച്ചുനിര്‍ത്തി. മോഹിനിയുടെ ലാവണ്യം ശിവനെ മദോന്മത്തനാക്കി. ശിവന്‍ മോഹിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. അവര്‍ ഭോഗാസക്തരായി ആലിംഗനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വല്ലാതെ വിയര്‍ത്തു. ആ വിയര്‍പ്പുകണങ്ങള്‍ ഭൂമിയില്‍ വീണു. അതൊരു നദിയായി രൂപംകൊണ്ടു. അതാണ് ഗണ്ഡകീനദി.

ഗണ്ഡകിയുടെ തീരത്ത് മണ്ണുരുട്ടിക്കളിക്കുകയായിരുന്ന പുഴുക്കള്‍ യാദൃച്ഛികമായി നദിയില്‍ വീണു. ഉടന്‍ അവയ്ക്ക് മോക്ഷം കിട്ടി. (വിഷ്ണു-മഹേശ്വരന്മാരുടെ വിയര്‍പ്പാണല്ലോ നദീജലം) അതോടെ ഗണ്ഡകീനദിയുടെ പവിത്രത കൂടുതല്‍ പ്രസിദ്ധമായി. ഇതും സ്‌കന്ദപുരാണത്തിലെ കഥയാണ്.

മഹാഭാരതത്തില്‍ ഗണ്ഡകീനദിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളിവയാണ്. ഗണ്ഡകീനദിയിലെ ജലം കുടിക്കുന്നവര്‍ പാപമോചിതരായിത്തീരുന്നു (ആദിപര്‍വം) ഈ നദിക്ക് നാരായണി, സാളഗ്രാമി, ഹിരണ്വതി, ഹിരണ്യവതി എന്നീ പേരുകളുമുണ്ട് (ഭീഷ്മപര്‍വം) ശ്രീകൃഷ്ണനും അര്‍ജ്ജുനനും ഭീമനുംകൂടി ഒരിക്കല്‍ ഇന്ദ്രപ്രസ്ഥത്തില്‍നിന്ന് ഗിരിവ്രജത്തിലേക്ക് പോകുംവഴി ഈ നദി തരണം ചെയ്തു (സഭാപര്‍വം) ഗണ്ഡകീനദിയിലെ ജലത്തിന് പുണ്യനദികളിലെയും ജലത്തിന്റെ കലര്‍പ്പുണ്ട്. അതിനാല്‍ ഇതില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അശ്വമേധം ചെയ്ത ഫലം ലഭിക്കുകയും അവര്‍ സൂര്യലോകത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു (വനപര്‍വം). അഗ്നിയുടെ ഉല്‍പത്തിക്ക് നിദാനമായ നദികളില്‍ ഗണ്ഡകിയും ഉള്‍പ്പെടുന്നു (വനപര്‍വം).
കാളിഗണ്ഡക്, ബുറിയാ, ത്രിശൂലാ തുടങ്ങിയ ചെറുനദികള്‍ ഗണ്ഡകിയില്‍ ചേരുന്നു. തൃശൂല്‍ഗംഗാ എന്നും ഇതിന് പേരുണ്ട്. നേപ്പാളില്‍നിന്ന് തെക്കുപടിഞ്ഞാറായൊഴുകി ഭാരതത്തിലെത്തുന്ന നദി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയ്ക്ക് കുറുകെ തെക്കുകിഴക്കായൊഴുകുന്നു. പിന്നെ, ബീഹാറിലെ ചംപാരന്‍, സരണ്‍ എന്നീ ജില്ലകളിലൂടൊഴുകി പാറ്റ്‌നക്ക് എതിരെവച്ച് ഗംഗയില്‍ച്ചേരുന്നു. മഞ്ഞുരുകിയുണ്ടാകുന്ന ജലവും കൂടെച്ചേര്‍ന്ന് ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാകുന്നു. 640 കി. മീറ്ററാണ് ഗണ്ഡകിയുടെ നീളം.

ഗണ്ഡകീനദിയുടെ ഉദ്ഭവസ്ഥാനമുള്‍ക്കൊള്ളുന്ന പ്രദേശത്തെ ശാലഗ്രാമി എന്നുവിളിക്കുന്നു. സാളഗ്രാമി എന്നും പറയുന്നുണ്ട്. മഹാവിഷ്ണുവിന്റെയും മറ്റു ദേവന്മാരുടെയും സവിശേഷസാന്നിദ്ധ്യം ഈ ഗ്രാമത്തിനുണ്ടെന്നാണ് വിശ്വാസം. പലവിധത്തിലുള്ള ശിലാരൂപങ്ങളുടെ വമ്പിച്ചൊരു കലവറയാണ് ഗണ്ഡകീനദിയുടെ ഉദ്ഭവകേന്ദ്രമായ ഈ പ്രദേശം. വിശ്വശില്‍പിയൊരുക്കിയ വിചിത്രങ്ങളും സുന്ദരവുമായ ശിലാശില്‍പ്പങ്ങള്‍. ഇവയാണ് സാളഗ്രാമങ്ങള്‍.

(പന്തീരായിരം സാളഗ്രാമങ്ങള്‍ അടുക്കിവച്ചുകൊണ്ടുള്ള കടുശര്‍ക്കയോഗനിര്‍മിതമാണ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭവസ്വാമി ക്ഷേത്രത്തിലെ അനന്തപദ്മനാഭവ വിഗ്രഹം)
ചെന്നുനിന്നു ഗണ്ഡകീതീരസ്ഥലേ (ശ്രീമഹാഭാഗവതം)
സര്‍വതീര്‍ഥാംബുവിത്താകും
ഗണ്ഡകീനദി പൂകിലോ
(ഭാഷാഭാരതം-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
ശ്രീലയാം ദക്ഷിണബാഹുപോല്‍ ഗണ്ഡകി
സാലഗ്രാമങ്ങള്‍ക്ക് മാതാവാവോള്‍
(പിംഗള) ഗണ്ഡകീനദീജമാം രത്‌നം

No comments:

Post a Comment