ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 January 2017

ജീവിതകളി

ജീവിതകളി

ദേവീക്ഷേത്രങ്ങളില്‍ പറയ്‌ക്കെഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടത്തുന്ന ജീവിതകളി ഓണാട്ടുകരയുടെ ഒരു അനുഷ്ഠാന ക്ഷേത്രകലയാണ്. കരയുടെ കാവല്‍നാഥയ്ക്ക് വരുമാനവിഹിതം പങ്കിടുന്നതാണ് പറവഴിപാട്. പറയ്‌ക്കെഴുന്നള്ളിപ്പിന് ദേവസങ്കല്‍പ്പങ്ങളില്‍ ആനയെയാണ് ഉപയോഗിക്കുക. ജീവിത ഉപയോഗിക്കുന്നത് ദേവീക്ഷേത്രങ്ങളിലാണ്. പറയ്‌ക്കെഴുന്നള്ളിപ്പ് കാലമായാല്‍ ക്ഷേത്രമൂര്‍ത്തിയെ ആവാഹിച്ചുകഴിഞ്ഞാല്‍ നടയടയ്ക്കും. കരകാണാനുള്ള ദേവിയുടെ പുറപ്പാടാണ് പിന്നെ. ജീവിതയെടുക്കുന്നത് അതിനായി നിയോഗിക്കപ്പെട്ട ബ്രാഹ്മണന്മാരാണ്. ജീവിതയേറ്റാന്‍ പ്രത്യേക പരിശീലനവും പരിശുദ്ധിയും ആവശ്യമാണ്.

പ്രഭാതത്തില്‍ ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പറയെടുപ്പിനായി വീടുകളിലേക്ക് പുറപ്പെടുന്നത്. വീടുകളില്‍ ദേവിയെ പറയിട്ട് സ്വീകരിക്കും. വീട്ടുമുറ്റത്ത് ചാണകം മെഴുകി ശുദ്ധിയാക്കി പൂക്കള്‍ വിതറിയ തറയിലാണ് പീഠമിട്ട് ദേവിയെ ഇരുത്തുക. പറയിടിലിന് നെല്ല്, അവല്‍, അരി, മലര്, പഴം എന്നിവയാണ് ഉപയോഗിക്കുക. തൂശനിലയിലാണ് വഴിപാട് പറ നിറച്ചുവയ്ക്കുക. പറയില്‍നിന്നുമെടുത്ത നെല്ലും പൂവും ദേവിക്ക് മേല്‍ശാന്തി അര്‍ച്ചന നടത്തും. തുടര്‍ന്ന് പറയെടുത്തു മടങ്ങുമ്പോള്‍ ആ വീടിന് ഒരു വര്‍ഷത്തേക്കുള്ള ദേവീകടാക്ഷമായിയെന്നാണ് വിശ്വാസം.

വീടുകളിലെത്തി പറയെടുത്തശേഷം രാത്രികാലങ്ങളിലാണ് അന്‍പൊലി നടക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് താളമേളങ്ങളുടെയും വര്‍ണരാജികളുടെയും കൂടിയെഴുന്നള്ളത്തായ ജീവിതകളി നടക്കുന്നത്. ഓണാട്ടുകരയിലും സമീപപ്രദേശങ്ങളിലും മീനം മേടം മാസങ്ങള്‍ ജീവിതകളിയുടെയും പഞ്ചാരിമേളത്തിന്റെയും ലഹരിയിലാണ്. വീക്കുചെണ്ട, ഉരുണ്ടുചെണ്ട, തകില്‍, കൈത്താളം, കൊമ്പ്, കുഴല്‍ ഇവ ചേരുന്ന വൈവിധ്യമാര്‍ന്ന ഇരുപതോളം താളങ്ങളും അവയ്‌ക്കൊപ്പം ചുവടുവെയ്പുകളും അംഗചലനങ്ങളുംകൊണ്ട് ജീവിതയില്‍ ചേതോഹരങ്ങളായ ചലനങ്ങളും സൃഷ്ടിക്കുന്ന ജീവിതകളിയും വര്‍ണപ്പൊലിമ സൃഷ്ടിക്കുന്ന തീവെട്ടിയും താലപ്പൊലിയും മെഴുവട്ടവും ആരവമുയര്‍ത്തുന്ന ആര്‍പ്പും കുരവയും രാവുകള്‍ക്ക് പൂരപ്രഭ നല്‍കുന്നു.

ജീവിതകളിക്കും താളമേളങ്ങള്‍ക്കും പ്രാദേശികമായ ചില ചിട്ടമാറ്റങ്ങള്‍ ഉണ്ട്. ഓണാട്ടുകരയില്‍ പ്രാദേശിക ഭേദങ്ങള്‍ അനുസരിച്ച് രാമപുരംചിട്ട, ചെട്ടികുളങ്ങരചിട്ട, കാരാഴ്മചിട്ട എന്നിങ്ങനെ മൂന്നു ചിട്ടകളില്‍ ജീവിതകളി നടക്കുന്നുണ്ട്. മധ്യതിരുവിതാംകൂറില്‍ ഏറെ പ്രസിദ്ധം കാരാഴ്മ ചിട്ടയിലുള്ള ജീവിതകളിയാണ്. ക്ഷേത്രത്തിലെ അത്താഴപൂജയ്ക്ക് ശേഷം അന്‍പൊലി വഴിപാട് നടത്തുന്ന വീട്ടുകാര്‍ നടയ്ക്കലെത്തി അഷ്ടമംഗല്യവും വിളക്കും വാദ്യമേളങ്ങളുമായി ദേവിയെ ആനയിക്കുന്നു. ദേവി എഴുന്നള്ളുന്ന വഴിയില്‍ താലപ്പൊലിയുമായി ബാലികമാര്‍ എതിരേല്‍ക്കും. ദേവി സന്തോഷത്തില്‍ തുള്ളിച്ചാടുന്നുവെന്നവണ്ണം ജീവിത തോളില്‍ എടുത്തിരിക്കുന്ന പൂജാരിമാര്‍ മേളത്തിനൊപ്പിച്ച് ചുവടുവച്ച് ജീവിത കളിപ്പിക്കും. മണിക്കൂറുകള്‍ നീളുന്ന ജീവിതകളിയുടെ അന്ത്യത്തില്‍ പഞ്ചാരിമേളം അഞ്ചാംതാളം മുഴങ്ങും.

ഇത് ജീവിത അന്‍പൊലിക്കളത്തിലേറുവാനുള്ള താളമാണ്. അന്‍പൊലി പന്തലിന് മുന്നില്‍ പല നിരകളായി മുക്കോണിച്ച് കത്തിച്ചുവച്ചിരിക്കുന്ന നിലവിളക്കുകള്‍ക്കിടയിലൂടെ ജീവിതയുമായി ചുവടുകള്‍ വച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പും കുരവയുമായി ദേവിയെ എതിരേല്‍ക്കും. അന്‍പൊലി പന്തലിന് മുന്നിലെത്തുന്ന പൂജാരി മുറുകി നില്‍ക്കുന്ന പഞ്ചാരിമേളത്തിനൊപ്പിച്ച് നൃത്തം വയ്ക്കുന്നു. തുടര്‍ന്ന് അന്‍പൊലി സ്വീകരിക്കുന്നു. ജീവിതകെട്ടിയൊരുക്കുന്നതു മുതല്‍ അന്‍പൊലി പന്തല്‍ ഒരുക്കി അതിനു മുന്നില്‍ ജീവിത കളിപ്പിക്കുന്നതുവരെയുള്ള ഈ കലയ്ക്ക് അനുഷ്ഠാന വിശുദ്ധി മാറ്റുകൂട്ടുന്നു.

No comments:

Post a Comment