ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 January 2017

ഭൂലക്ഷണം:

ഭൂലക്ഷണം:

പശുക്കളും നല്ല മനുഷ്യര്‍ പൂമരം
ഫലദ്രുമം പാല്‍മരമുള്ള ഭൂമിയും
കിഴക്കു താണിട്ടു നിരന്നു മാര്‍ദ്ദവം
മുഴക്കവും നീര്‍വലമായ ഭൂമിയും
ബീജങ്ങളത്രാശു മുളയ്ക്കുമേടവും
ഖാത്വാനിറച്ചിട്ടതിലേറെയുള്ളതും
ശീതോഷ്ണയോരാര്‍ത്തി കുറഞ്ഞദേശവും
വേനല്‍ക്കു നീരുള്ളതു നല്ലഭൂമിയാം.
(മനുഷ്യാലയ ഭാഷ)

പശുക്കള്‍ മേയുന്ന ഭൂമി, പൂമരങ്ങളും, ഫലവൃക്ഷങ്ങളും നില്‍ക്കുന്നതും, കറയുള്ള മരങ്ങളുള്ളതും  (പ്ലാവ് തുടങ്ങിയവ), കിഴക്കോട്ട് ചരിവുള്ള, മാര്‍ദ്ദവമുള്ളതും, ചവിട്ടുമ്പോള്‍ മുഴക്കമുള്ളതും പ്രദക്ഷിണമായി ജലം ഒഴുകുന്നതുമായ  (തോട്, നദി) ഭൂമി വാസഗൃഹം ചമയ്ക്കാന്‍ ഉത്തമമാണ്.

വിത്തുകള്‍ കുഴിച്ചിട്ടാല്‍ വേഗം മുളയ്ക്കുന്നതും, കുഴിയുണ്ടാക്കി എടുത്ത മണ്ണ് തിരിച്ചു നിറച്ചാല്‍ ബാക്കി വരുന്നതും, കൂടുതല്‍ ചൂടും തണുപ്പുമില്ലാത്തതും, വേനല്‍ക്കാലത്തും ജലം ലഭിക്കുന്നതുമായ ഭൂമി ഉത്തമം. 

അധമഭൂമി ലക്ഷണം:
വൃത്താകൃതി, അര്‍ദ്ധവൃത്തം, ത്രികോണ്‍, അഞ്ച്/ആറു കോണ്‍ ഉള്ള ഭൂമി, പോടുകള്‍ ഉള്ളതും, ആമയുടെ പുറം പോലെ ഉയര്‍ന്നതോ, നടുഭാഗം താഴ്ന്നതോ ആയ ഭൂമി. ഗോമുഖം പോലെയുള്ള ഭൂമി.
വയലുകള്‍, ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, തടാകം, നദീതീരം, സമുദ്ര തീരം, അങ്കക്കള, ശ്മശാന സമീപമുള്ള ഭൂമി. 

നടുതാണ ധരിത്രിയില്‍ വസിച്ചാ
ലതില്‍ നിന്നന്യ ഗൃഹത്തില്‍ മാറ്റമുണ്ടാം
നടുവുന്നതമാം മഹീതലത്തില്‍
ധനസൌഖ്യാദികള്‍ മിക്കതും നശിക്കും
അഗ്നികോണ്‍ മുതല്‍ വായുകോണ്‍ വരെ
താണ ഭൂമിയില്‍ വസിപ്പവര്‍ക്ക് ദാരിദ്ര്യം മിക്കവാറും ഭവിച്ചിടും.
(മനുഷ്യാലയ മഹാഭാഷാ ചന്ദ്രിക)

നടുവ് കുഴിഞ്ഞ ഭൂമിയില്‍ ഗൃഹം വെച്ചു താമസിച്ചാല്‍ അവിടെ നിന്നും മാറേണ്ടി വരും. മഴക്കാലത്ത്‌ വെള്ളക്കെട്ട് ഉണ്ടാവും എന്നതാണ് ഇതിന്‍റെ ശാസ്ത്രീയ വശം. നടുഭാഗം ഉയര്‍ന്ന ഭൂമിയും വാസയോഗ്യമല്ല. അഗ്നികോണ്‍ ഉയര്‍ന്നു, ക്രമേണ വായു കോണ്‍ വരെ താണ്കിടക്കുന്ന  ഭൂമിയും അധമമാണ്.

അധമഭൂമിയെ സംസ്കരിച്ച് എടുക്കേണ്ടതെങ്ങനെയെന്നു ഭൂമി ജാതകം എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു:

ഖനനം, ഹരണം, ദാഹം
പൂരണം, ഗോനിവാസം
വിപ്രോശ്ചിഷ്ടം, ഗവ്യമെന്നീ-
യേഴുതാന്‍ സ്ഥലശുദ്ധികള്‍

ഭൂമി കുഴിച്ച് മാലിന്യങ്ങള്‍ നീക്കുക. ഭൂമിയെ ഖണ്ഡങ്ങള്‍ ആക്കുക, അങ്ങനെ അത് ചതുരശ്രീകരിക്കുക. കാഞ്ഞിരം, മുള്ള്മുരിക്ക്, സ്വര്‍ണക്ഷീരി തുടങ്ങിയ അധമ വൃക്ഷങ്ങളും, കാടും വെട്ടിത്തെളിച്ച് തീയിടുക. പോടുകളും  കുഴികളുമായി കിടക്കുന്ന ഭൂമി മണ്ണു നിറച്ച്  നിരപ്പാക്കുക. പശുക്കളെ മേയാന്‍ വിടുക, ദൈവിക വൃത്തിയില്‍ കഴിയുന്നവരെ താമസിപ്പിക്കുക, പഞ്ചഗവ്യം (പശുവിന്‍റെ പാല്, തൈര്, നെയ്യ്, മൂത്രം, ചാണകം – ഇവ ചേര്‍ത്താണ് പഞ്ചഗവ്യം ഉണ്ടാക്കുക. തമിഴ്നാട്ടില്‍ ഇത് പുണ്യാഹമായി ഉപയോഗിക്കുന്നു) തളിക്കുക ഒക്കെയാണ്
അധമ ഭൂമി ശുദ്ധിയാക്കി എടുക്കാന്‍ വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന വഴികള്‍. ഒരു തുണ്ട്‌ ഭൂമിപോലും അയോഗ്യം എന്ന് തള്ളിക്കളയുന്നില്ല, മറിച്ച് ശ്മശാന ഭൂമിപോലും വാസയോഗ്യമാക്കാം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

ഭൂപരീക്ഷ:
ഭൂപരീക്ഷയ്ക്ക് വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്; ഗൃഹനിര്‍മ്മാണത്തിന് പരിഗണിക്കപ്പെടുന്ന വസ്തുവില്‍ ഒരുകോല്‍ (1കോല്=72cm) ദീര്‍ഘ, വിസ്താരത്തിലും, താഴ്ചയിലും ഒരു കുഴിയെടുത്ത്, പുറത്തെടുത്ത മണ്ണ് വീണ്ടും നിറയ്ക്കുക; അത് കുഴി മൂടി മിച്ചമായാല്‍ ഉത്തമവും, തികഞ്ഞാല്‍ മധ്യമവും, തികയാതെ വന്നാല്‍ അധമവുമാകുന്നു.

അതുപോലെ കുഴിയില്‍ നിറച്ചു ജലം നിറുത്തി, 100 അടി പിന്നോട്ടുപോയി, മടങ്ങിവന്ന് ജലവിതാനം പരിശോധിക്കുക. ജലവിധാനത്തിനു സാരമായ മാറ്റമില്ലെങ്കില്‍ ഭൂമി സ്വീകരിക്കാം. ഈ രണ്ടു പരീക്ഷണങ്ങളും ആധുനിക മണ്ബലതന്ത്രത്തില്‍ (Geotechnical Engineering) നടത്തുന്ന പരീക്ഷണങ്ങളോട് സാമ്യമുള്ളവയാണ്. ഭൂമിയുടെ ഉറപ്പും ജലരോധകത്വവുമാണ് പരീക്ഷിക്കുന്നത്.

No comments:

Post a Comment