ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2017

തൃച്ചംബരം ക്ഷേത്രം

തൃച്ചംബരം ക്ഷേത്രം , കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലാണ്‌ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം. പഴയകാലത്തെ മുപ്പത്തിരണ്ട്‌ നമ്പൂതിരി ഗ്രാമങ്ങളിലൊന്നാണ്‌ തളിപ്പറമ്പ്‌. ശംബര മഹര്‍ഷി ഏറെക്കാലം തപസ്‌ ചെയ്തതിലാണെത്രെ ഈ വനപ്രദേശത്തിന്‌ ശംബരവനമെന്നും ഒടുവില്‍ ശ്രീ ശംബരപുരമെന്നും പേരുലഭിച്ചത്‌. കാലാന്തരത്തില്‍ ശ്രീ ശംബരം ലോപിച്ച്‌ തൃച്ചംബരം എന്നായി. ക്ഷേത്രത്തിന്റെ നാലമ്പലവും ശ്രീകോവിലുമെല്ലാം പുരാതന വാസ്തുശില്‍പ്പമാതൃക വെളിവാക്കുന്നവയാണ്‌. പ്രധാന ക്ഷേത്രത്തിന്‌ കിഴക്കുഭാഗത്ത്‌ ജലദുര്‍ഗക്ഷേത്രം. ആദ്യമുണ്ടായ ക്ഷേത്രമിതാണെന്ന്‌ വിശ്വാസം. മണ്ഡപമുണ്ട്‌. മൂന്നുനില ശ്രീകോവില്‍. അവയ്ക്ക്‌ ചുറ്റും കൊത്തുപണികള്‍. കൂട്ടത്തില്‍ ശ്രീകൃഷ്ണന്റെ മാതാവ്‌ ദേവകിയുടെ കല്യാണം മുതല്‍ ഹംസവധം വരെ കൊത്തിവച്ചിരിക്കുന്നത്‌ അപൂര്‍വ കാഴ്ചയാണ്‌. പ്രധാന ദേവന്‍ ശ്രീകൃഷ്ണന്‍. കിഴക്കോട്ട്‌ ദര്‍ശനം. കംസനിഗ്രഹത്തിനുശേഷമുള്ള ഭാവം. വടക്കുഭാഗത്തായി വിഷകസേനന്‍. നേരെ മുന്നില്‍ അഗ്നികോണില്‍ ഭഗവതി. നേരെ പിന്നില്‍ അനന്തശയനം. മൂന്നുനേരം പൂജ. വിശന്നുവശായ ഭഗവാന്‌ നടതുറന്നാലുടനെ നേദ്യം. അതിനുശേഷമാണ്‌ അഭിഷേകം. ദേവന്‍ രൗദ്രഭാവത്തിലായതിനാല്‍ പുലര്‍ച്ചെ ഇവിടെ തൊഴുന്നത്‌ നല്ലതാണെന്ന്‌ വിശ്വാസം. പ്രധാന വഴിപാട്‌ പാല്‍പ്പായസം. ആയിരം അപ്പം വഴിപാടും നടക്കാറുണ്ട്‌. വിശേഷാല്‍ വഴിപാടായി അറിയപ്പെടുന്ന ഈ ഉണ്ണിയപ്പം ഉണ്ടാക്കുന്നത്‌ നമ്പൂതിരി സത്രീകളാണ്‌. പണ്ട്‌ ഉണ്ണികൃഷ്ണന്‍ ഗോവര്‍ദ്ധനത്തില്‍ കുടുങ്ങിയപ്പോയപ്പോള്‍ കഴിക്കാന്‍ അപ്പം കൊടുത്തയച്ചതിന്റെ സ്മരണയ്ക്കായിട്ടാണ്‌ ഭക്തരുടെ ഈ വഴിപാട്‌ സമര്‍പ്പണം.

കുംഭമാസത്തിലാണ്‌ ഉത്സവം. ഇരുപത്തിരണ്ടിന്‌ ആരംഭിച്ച്‌ മീനം ആറുവരെ കൊടിയേറിക്കഴിഞ്ഞാല്‍ മഴൂരിലെ ബലരാമക്ഷേത്രത്തില്‍ അറിയിക്കണമെന്നുണ്ട്‌. ആദ്യദിവസം അവിടെനിന്നും ബലരാമനെത്തും. തിടമ്പുനൃത്തവും കൂട്ടത്തിലോട്ടവും ഉണ്ടാകും. ദേവകി പ്രസവിച്ച ഉടന്‍ കൃഷ്ണനെ അവിടെനിന്നും മാറ്റുകയുണ്ടായല്ലോ. അതുകൊണ്ട്‌ കൃഷ്ണനെ കാണാന്‍ അമ്മയ്ക്ക്‌ കഴിഞ്ഞില്ല. ഭഗവാന്റെ ലീലകള്‍ ഒന്ന്‌ കാണാന്‍ കൊതിച്ച ആ അമ്മ പറഞ്ഞതിനെ അനുസ്മരിച്ചാണ്‌ ഓട്ടം. നാലാം ഉത്സവത്തിന്‌ നാട്‌ വലംവയ്ക്കുന്ന ചടങ്ങുണ്ടാകും. ആറാം ഉത്സവത്തിന്‌ വൈകുന്നേരം ആറാട്ട്‌. കൂടിപ്പിരിയല്‍ സമയത്ത്‌ ജ്യേഷ്ഠന്റെ പിന്നാലെ പോകുന്ന അനുജനെ പാലമൃത്‌ കാട്ടി തഞ്ചത്തില്‍ തിരിച്ചുകൊണ്ടുവരുന്നത്‌ ഭക്തിസാന്ദ്രമായ ചടങ്ങാണ്‌. കുംഭം ഇരുപത്തിയഞ്ചു മുതല്‍ മീനം രണ്ടുവരെ പൂക്കോത്തു നടയില്‍നിന്നും എഴുന്നെള്ളിപ്പുണ്ട്‌. അതുകഴിഞ്ഞാല്‍ സ്വര്‍ണമോതിരം സമര്‍പ്പിക്കല്‍ എന്ന ചടങ്ങാണ്‌. ഭക്തര്‍ക്ക്‌ ഇത്‌ നേരിട്ടു സമര്‍പ്പിക്കാം. ഇലഞ്ഞിഇലയില്‍ മോതിരം വച്ചുള്ള തൊഴല്‍ പുറത്തേയ്ക്കെഴുന്നെള്ളിക്കുന്ന ദിവസമാണ്‌. ഈ ചടങ്ങിന്‌ ഉപയോഗിക്കുന്നത്‌ ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിലെ ഇലയാണ്‌. കായ്‌ ഇല്ലാത്ത ഇവിടത്തെ ഇലഞ്ഞി ആരെയും അത്ഭുതപ്പെടുത്തും. ദേഹം മുഴുവനുമുള്ള വൃണത്തോടെ അത്രിമഹര്‍ഷി ഇവിടത്തെ ഇലഞ്ഞി മരച്ചോട്ടിലിരുന്ന്‌ തപസുചെയ്തു. അതിന്റെ ഓരോ കായ്‌ അടര്‍ന്ന്‌ ദേഹത്ത്‌ വീഴുമ്പോഴും അദ്ദേഹത്തിന്‌ കൂടുതല്‍ നൊന്തു. മഹര്‍ഷിയുടെ വേദനയറിഞ്ഞ്‌ ഭഗവാന്‍ തന്നെ ഈ മരത്തിന്‌ കായ്‌ വേണ്ടെന്ന്‌ നിശ്ചയിക്കുകയായിരുന്നു.

No comments:

Post a Comment