ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 January 2017

ദുരിതം തീരാൻ‌ പ്രദോഷവ്രതം

ദുരിതം തീരാൻ‌ പ്രദോഷവ്രതം

ശിവപ്രീതികരമായ വ്രതമാണു പ്രദോഷവ്രതം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം എന്നിവയെല്ലാം പ്രദോഷവ്രത ഫലങ്ങളാണ്. ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവർക്കു ദുരിതകാഠിന്യം കുറയ്ക്കാൻ ഉത്തമമാർഗമത്രേ പ്രദോഷവ്രതം. ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷവും (കൃഷ്ണപക്ഷവും) ശനിയാഴ്ചയും ചേർന്നു വരുന്ന ശനിപ്രദോഷം ഏറെ വിശിഷ്ടമാണ്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും പുണ്യദായകമാണ്.

പ്രദോഷമെന്നാൽ രാത്രിയുടെ ആഗമനം എന്നാണർഥം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസമാണു പ്രദോഷദിനം. പ്രദോഷസന്ധ്യയിൽ പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു. ഈ അവസരത്തിൽ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം” എന്നാണു ശിവപുരാണത്തിൽ പറയുന്നത്.

വ്രതാനുഷ്ഠാനം

പ്രദോഷവ്രതത്തിന്റെ തലേന്ന് ഒരിക്കൽ (ഒരിക്കലൂണ്) എടുക്കുക. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദർശനം നടത്തുക. പകൽ മുഴുവൻ ഉപവാസം നന്ന്, അതിനു സാധിക്കാത്തവർ ഉച്ചയ്ക്ക് നിവേദ്യച്ചോറുണ്ണാം. കൂവളത്തിലകൊണ്ട് അർച്ചന, കൂവളമാല സമർപ്പണം എന്നിവ ഉത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. എണ്ണതേച്ചുകുളി പാടില്ല. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക/ അവലും മലരോ,പഴമോ നേദിച്ചോ -പാരണ വിടുക (ഉപവാസമവസാനിപ്പിക്കുക). ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിക്കുന്നതിലൂടെ നിത്യദുരിതശമനം നേടാം.

പഞ്ചാക്ഷരീ മന്ത്രം

ഓം നമഃ ശിവായ

(ശിവഭഗവാന്റെ ഏറ്റവും പരിപാവനമായ നാമമാണിത്. ഈ അഞ്ച് അക്ഷരങ്ങൾ പഞ്ചഭൂതങ്ങളെ കുറിക്കുന്നു.) ന– ഭൂമി, മ– ജലം, ശി– അഗ്നി, വ– വായു, യ– ആകാശം

പ്രാര്‍ത്ഥനാ ശ്ലോകം

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം

ശിവ പഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരായായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ- മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ പിനാകഹസ്തായ സനാതനായ ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമഃ ശിവായ

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ | ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

No comments:

Post a Comment