ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2017

രാമേശ്വരം

രാമേശ്വരം

തമിഴ്‌നാട്ടിലെ പ്രസിദ്ധ ക്ഷേത്രനഗരമായ മധുരയില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെയാണ് പുണ്യമുറങ്ങുന്ന രാമേശ്വരം. രാമായണവുമായി ബന്ധപ്പെട്ടതാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ തീര്‍ത്ഥാടന കേന്ദ്രം. ഭാരതത്തിലെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ഇവിടെയുള്ളത്.
രാമേശ്വരത്ത് വിധിയാംവണ്ണം ദര്‍ശനം നടത്തി മുങ്ങിക്കുളിച്ചാല്‍ എല്ലാ മുജ്ജന്മപാപങ്ങളില്‍ നിന്നും മോചനം കിട്ടും. രാമേശ്വരത്തെ ശിവലിംഗത്തില്‍ ആദ്യ അഭിഷേകം നടത്താന്‍ എന്നും അതിരാവിലെ ആരെങ്കിലും ഗംഗാജലവുമായി എത്താറുണ്ട് എന്നതാണ് മറ്റൊരത്ഭുതം. ക്ഷേത്രഭരണാധികാരികള്‍ ഏല്പിച്ചതോ ഏര്‍പ്പാടാക്കിയതോ ഒന്നുമല്ല എങ്കിലും നടതുറക്കുമ്പോള്‍ ഒരു ഭക്തന്‍/ഭക്ത അഭിഷേകം ചെയ്യാനുള്ള ഗംഗാജലവുമായി അവിടെ എത്തിയിരിക്കും.
മന്നാര്‍ കടലിടുക്കിലെ ഒരു ചെറിയ ദ്വീപിലാണ് ശ്രീരാമനാഥസ്വാമിക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം. ഉദ്ദേശം പതിനാറ് കിലോമീറ്റര്‍ നീളവും പത്തുകിലോമീറ്റര്‍ വീതിയും ഉള്ള ഈ സ്ഥലത്തെ ഏകാന്തത തന്നെ നമ്മില്‍ ആത്മീയ ചിന്തകള്‍ ഉണര്‍ത്തുന്നു. വലിയ ഗോപുരവും 1200ഓളം മീറ്റര്‍ നീളം വരുന്ന ഇടനാഴികകളും (പ്രദക്ഷിണ വഴി) ക്ഷേത്രത്തിന്റെ വിസ്തൃതി വെളിപ്പെടുത്തുന്നു.
ആദ്യം എത്തുക വളരെ വലിയ ഒരു ഗണപതിവിഗ്രഹത്തിനു മുന്നിലാണ്. ഗണപതിയെ വണങ്ങി വീണ്ടും പ്രദക്ഷിണമായി കുറേ നടന്നാലാണ് മുഖ്യപ്രതിഷ്ഠയ്ക്കു മുമ്പില്‍ എത്തുക.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീരാമനത്രെ. ശിവലിംഗമാണ് പ്രതിഷ്ഠ.
സേതുബന്ധനം തുടങ്ങിയ വേളയില്‍ ശ്രീരാമന്‍ പ്രതിഷ്ഠിച്ചു പൂജിച്ചതാണ് ഇവിടത്തെ ശ്രീ പരമശിവന്റെ ജ്യോതിര്‍ലിംഗം എന്നൊരു ഐതിഹ്യമുണ്ട്. മറ്റൊന്ന് ലങ്കായുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ ശിവഭക്തനായ രാവണനെ കൊന്ന പാപത്തില്‍ നിന്ന് മോചനം കിട്ടാന്‍ ശിവലിംഗം പ്രതിഷ്ഠിക്കണമെന്നാഗ്രഹിച്ച് കൈലാസത്തില്‍ നിന്ന് ശിവലിംഗം കൊണ്ടുവരുന്നതിനായി ശ്രീരാമന്‍ ഹനുമാനെ നിയോഗിച്ചു. ഹനുമാന് ശിവന്റെ ദര്‍ശനം കിട്ടാന്‍ അല്പം കാലതാമസമുണ്ടായി. പ്രതിഷ്ഠാമുഹൂര്‍ത്തമായിട്ടും ഹനുമാന്‍ എത്തിയില്ല. ഉത്ക്കണ്ഠാകുലയായ സീത മണല്‍ കടല്‍വെള്ളത്തില്‍ കുഴച്ച് ഒരു ശിവലിംഗമുണ്ടാക്കി രാമലിംഗമായി അവിടെ പ്രതിഷ്ഠിച്ചു.
ഹനുമാന്‍ കൈലാസത്തില്‍ നിന്ന് ശിവലിംഗവുമായി കുതിച്ചെത്തി. പ്രതിഷ്ഠാ പീഠത്തില്‍ മറ്റൊരു ലിംഗം കണ്ട് നിരാശനായി. ഹനുമാനെ ആശ്വസിപ്പിക്കുന്നതിനായി ശ്രീരാമന്‍ ആ ലിംഗമെടുത്ത് നേരത്തേ പ്രതിഷ്ഠ ലിംഗത്തിനു സമീപം തന്നെ പ്രതിഷ്ഠിച്ചു. അതിന് വിശ്വലിംഗം അഥവാ ഹനുമദ്‌ലിംഗം എന്ന് പേരും നല്‍കി. ആദ്യം വിശ്വലിംഗത്തിന് പൂജ നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ആ പതിവ് ഇന്നും തുടരുന്നു.
രാമലിംഗത്തിന്റെ വലതുവശത്തായി ശ്രീരാമനാഥസ്വാമിയുടെ പത്‌നി പര്‍വ്വതവര്‍ദ്ധിനിയുടെ പ്രതിഷ്ഠയുണ്ട്. ഇവിടെ ഒരു ശ്രീ ചക്രവും കാണാം. സേതുമാധവസ്വാമി എന്നപേരില്‍ മറ്റൊരു വിഷ്ണുപ്രതിഷ്ഠയുണ്ട്. സന്താനഗണപതി, പള്ളികൊണ്ട പെരുമാള്‍, അഷ്ഠലക്ഷ്മി, ഹനുമാന്‍, സുബ്രഹ്മണ്യന്‍, നടരാജന്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്.
ആദ്യം അഗ്നിതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചുവേണം രാമേശ്വരത്തെ തീര്‍ത്ഥയാത്ര ആരംഭിക്കുവാന്‍. അലകളില്ലാത്ത, ശാന്തമായ സമുദ്രത്തിലെ സ്‌നാനമാണിത്. തുടര്‍ന്ന് 22 തീര്‍ത്ഥങ്ങളില്‍ കൂടി കുളിക്കണം. ഇവയില്‍ ഭൂരിഭാഗവും ക്ഷേത്രഭിത്തികള്‍ക്കുള്ളില്‍ തന്നെയുള്ള കിണറുകളാണ്, ഒരെണ്ണം കുളവും. ധനുഷ്‌കോടിയിലെ കോടിതീര്‍ത്ഥത്തില്‍ മുങ്ങിയാലാണ് തീര്‍ത്ഥാടനം പൂര്‍ത്തിയാകുന്നത്. പൂര്‍വികര്‍ക്ക് ശ്രാദ്ധമൂട്ടാനാണ് ഭക്തര്‍ പ്രധാനമായും ഇവിടെ എത്തുന്നത്.
രാമനാഥസ്വാമിക്ഷേത്രത്തില്‍ നിന്ന് ഉദ്ദേശ്യം രണ്ടര കിലോമീറ്റര്‍ അകലെ ഒരു ചെറിയ കുന്നിലാണ് ഗന്ധമാദന പര്‍വ്വതം എന്ന ഇരുനില മണ്ഡപം. ഈ കുന്നിന്‍ മുകളില്‍ നിന്ന് രാമേശ്വരം ഒട്ടാകെ കാണാം.
ആടിമാസത്തിലെയും തൈമാസത്തിലെയും പൗര്‍ണമി ഇവിടെ പ്രധാനമാണ്.
ശിവരാത്രി, വസന്തോത്സവം, രാമലിംഗപ്രതിഷ്‌ഠോത്സവം, നവരാത്രി, സ്‌കന്ദഷഷ്ഠി, ആര്‍ദ്രാദര്‍ശനം എന്നിവയാണ് വിശേഷപ്പെട്ട ദിവസങ്ങള്‍.

No comments:

Post a Comment