ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 January 2017

ഉപനിഷതകഥകൾ - 3 [ശ്വേതകേതുവിന്റ തിരിച്ചറിവ്]

ശ്വേതകേതുവിന്റ തിരിച്ചറിവ്

അരുണിയുടെ പുത്രൻ ആണ് ഉദ്ദാലകൻ.  ഗുരുകുല വിദ്യാഭാസം നേടിയ ഉദ്ദാലകൻ പാരമ്പര്യമനുസരിച്ചു നിത്യനിഷ്‌ഠങ്ങളിലും ജപധ്യാനദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ചു ഉദ്ദാലകൻ എങ്ങും സുപ്രസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹർഷിയയിത്തീരാനും ഉദ്ദാലകനു സാധിച്ചു.

ഉദ്ദാലകമഹർഷിയുടെ പുത്രൻ ആണ് ശ്വേതകേതു. തന്റെ പിതാവിനെപ്പോലെ മഹാജ്ഞാനിയാകാനൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവസവും ശാസ്ത്രപഠനവും ബഹു കഠിനമാണ് എന്ന് അവൻ കരുതി. തപസ്സു അനുഷ്ഠിക്കാൻ എങ്കിൽ അതിനേക്കാൾ ബുദ്ധിമുട്ടു സഹിക്കേണ്ടി വരും.  വെറുതെ അവക്കൊന്നിനും തുനിയെണ്ട. നല്ല ഭക്ഷണം കഴിക്കണം, കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കണം അതിൽപരം പാണ്ഡിത്യം കൊണ്ട് എന്ത് നേടാൻ ആണ്?

തന്റെ മുഴുവൻ സമയവും കൂട്ടുകാരുമായി കളിച്ചു കളയുവാണ് ശ്വേതകേതു ഇഷ്ടപെട്ടത്.

അങ്ങനെ ആ ബാലൻ വളർന്നു വന്നു. ഉപനയനത്തിനു സമയം ആയി. ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേണം ഗുരുകുലത്തിൽ വസിക്കുവാൻ. ഉപനീതനാകുവാനും ഗുരുകുലത്തിൽ പോയി വിദ്യാഭാസം നടത്താൻ ശ്വേതകേതു ഇഷ്ടപ്പെട്ടില്ല. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റെ നല്ല ഭാവിയെ കരുതി, ആ പിതാവ് കുടുംബത്തിന്റ പാരമ്പര്യത്തിനൊത്തവണ്ണം ഉപനയനം കഴിപ്പിച്ചു. ഉദ്ദാലകൻ മകനോട് പറഞ്ഞു.

"ശ്വേതകേതു! ധാരാളം പണ്ഡിതന്മാർക്കും ബ്രഹ്മജ്ഞാനികൾക്കും ജൻമം നൽകിയ ബ്രാഹ്മണ കുടുംബമാണ് നമ്മുടേത്. ബ്രഹ്മജ്ഞാനമുള്ളവനാണ് ബ്രാഹ്മണൻ. ഞാനും എന്റ അച്ഛനും മുത്തച്ഛനും എല്ലാവരും ബ്രാഹ്മണരാണ്. പാരമ്പര്യങ്ങളെ അനുഷ്ട്ടിച്ചു പോരുന്നവരാണ്. മകനേ നീയും ആ പാരമ്പര്യം നിലനിർത്തണം. നീ വംശത്തിനു കളങ്കമാകാൻ പാടില്ല. നീ ബ്രഹ്മചാരിയായി നീ ഗുരുകുലത്തിൽ വസിക്കുക. നമ്മുടെ ഉത്തമവംശത്തിലുള്ള നീ ബ്രാഹ്മണനാകാതെ പോകുന്നത് ശരിയല്ല അപമാനവും ആണ്.

അച്ഛന്റെ ആഗ്രഹമനുസരിച്ചു ശ്വേതകേതു ഗുരുകുലത്തിൽ എത്തി,

ഉത്തമനായ ഒരു ഗുരുവിന്റ കീഴിൽ പഠനം ആരംഭിച്ചു. ഗുരുവിന്റ കീഴിൽ വളരെക്കാലം കഴിച്ചു കൂട്ടി ശ്വേതകേതു സ്വഗൃഹത്തിൽ തിരിച്ചു എത്തി. താൻ മഹാപണ്ഡിതൻ ആയിതീർന്നു എന്ന അഹങ്കാരം ശ്വേതകേതുവിന്‌ ഉണ്ടായിരുന്നു. തന്റ നടപ്പിലും ഇരിപ്പിലും സംസാരത്തിലുമെല്ലാം അത് പ്രകടമാക്കികൊണ്ടിര്ന്നു.

ശ്വേതകേതുവിന്റെ ഭാവങ്ങൾ കണ്ടപ്പോൾ തന്നെ ഉദ്ദാലകനു ഒരു സംഗതി മനസ്സിൽ ആയി. തന്റെ മകൻ വേണ്ടവിധം വേദശാസ്ത്രദികൾ പഠിച്ചിട്ടു ഇല്ല.

വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവ് നേടിയവന് അഹങ്കാരം ഉണ്ടാവില്ല. വിദ്യ കൊണ്ട് നേടുന്നത് വിനയം ആണ്. " വിദ്യ ദദാതി വിനയം എന്ന് ആണ് ശാസ്ത്രം പഠിപ്പിക്കുന്നത്. ശ്വേതകേതുവിനാണുവെങ്കിൽ ഇപ്പോൾ അല്പം പോലും വിനയം കാണുന്നില്ല. പണ്ഡിതൻ എന്നുള്ള ഗർവ് ആണ് കാണിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചു ഇരിക്കില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. ഇത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നത് ആണ്. അല്പജ്ഞാനികൾ താൻ എല്ലാമറിഞ്ഞെന്നു അഹങ്കരിച്ചു ലോകം ചുറ്റി നടക്കും. അവൻ സഭകളിൽ വാത പ്രതിവാദ്യങ്ങൾ നടത്തും. എന്നാൽ എല്ലാം അറിയുന്ന ജ്ഞാനി സാദാ വിനയാന്വിതാനായിരിക്കും.

ശ്വേതകേതുവിന്റെ അഹങ്കാരം നശിപ്പിക്കണമെന്നും അവനു ശരിക്കുള്ള യാഥാർത്ഥജ്ഞാനം ഉണ്ടാകണം എന്ന് ഉദ്ധാലകൻ വിചാരിച്ചു. ആ ചിന്തയിൽ അദ്ദേഹം തന്റെ പുത്രനെ വിളിച്ചു.

"ശ്വേതകേതു!"

"എന്റാണ് അച്ഛാ"

"മകനേ, വളരെ വർഷങ്ങൾ കൂടി ആണ് നിന്നെ ഞാൻ കാണുന്നത്. നിന്നെ കണ്ടിട്ട് ഒരു മഹാപണ്ഡിതന്റെ ഭാവം ഉണ്ട്.  നീ വേദവും ശാസ്ത്രവും എല്ലാം ശരിയായിട്ട് അറിഞ്ഞുവോ?

"തീർച്ചയായും, ഇക്കാലമത്രയും ഞാൻ കഷ്ടപ്പെട്ടു പഠിക്കുകയായിരുന്നു ഇല്ലേ!"

എങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ?

"മകനേ, എന്തുകണ്ടാൽ പിന്നെ യാതൊന്നും കാണേണ്ടതില്ലയോ, എന്ത് കേട്ടാൽ പിന്നെ യാതൊന്നും കേൾക്കേണ്ടതില്ലയോ, എന്തുഅറിഞ്ഞാൽ പിന്നെ യാതൊന്നുമറിയേണ്ടതില്ലയോ ആ അറിവ് എന്താണെന്ന് നിനക്ക് അറിയാമോ?"

ഈ ചോദ്യം കേട്ട് ശ്വേതകേതു അമ്പരന്നു. വല്ലാതെ പതറി പോയി.

ശ്വേതകേതുവിനു എത്ര ആലോചിച്ചിട്ടും ഒന്നും വ്യക്തമല്ല. എങ്ങനെയും ഒരറിവുണ്ടോ? ശ്വേതകേതു അത് വരെ പഠിച്ച പാടമെല്ലാം ഓർത്തു നോക്കി. പിതാവിന്റ ചോദ്യത്തിനുത്തരം അവനു അറിവില്ലായിരുന്നു. മകന്റെ അന്ധാളിപ്പു കണ്ടു ഉദ്ദാലകൻ ചോദ്യം കുറച്ചു കൂടി ലളിതമാക്കി വിശദീകരിച്ചു.

"മകനേ, ലോകത്തിൽ അനേകം പദാർത്ഥങ്ങൾ ഉണ്ട്. അത് കൊണ്ട് ഓരോ പദാർത്ഥങ്ങളെയും വേറെ വേറെയടുത്തു ശരിയാംവണ്ണം അറിയുവാൻ നമുക്കാകുകില്ല. അവ എണ്ണത്തിൽ അത്രയധികമുണ്ട്. നമ്മുടെ  ആയുസ്സുണെങ്ങിൽ വളരെ കുറച്ചു മാത്രവും. എന്നാൽ പദാർത്ഥങ്ങളുടെ ഗുണചിന്തനതിയിലൂടെ അവയുടെ അടിസ്ഥാനതത്വം മനസ്സിലാക്കുവാൻ സാധിക്കും. നീ പലതരത്തിലുള്ള സ്വർണഭാരങ്ങൾ കണ്ടിട്ടില്ലേ.

വള, മാല, കമ്മൽ, മോതിരം എന്നിങ്ങനെ ബഹുവിധം ആഭരണങ്ങൾ. ഇവ എല്ലാം സ്വർണ്ണo കൊണ്ട് ഉണ്ടാക്കിയത് ആണ്. എന്നാൽ ഇവ എല്ലാം ഉരുക്കിയാൽ  സ്വർണ്ണo മാത്രം ആണ് കിട്ടുന്നത്. വളയും മാലയും ആകുന്നതിനു മുമ്പും അവ സ്വർണ്ണമായിരുന്നു. വള, മാല, കമ്മൽ, മോതിരം എന്നിവയൊക്കെ വെറും നാമ രൂപങ്ങൾ മാത്രം. സത്യത്തിൽ അവ ഇപ്പോഴും സ്വർണ്ണമാണ്. സ്വർണ്ണപണിക്കാരൻ സ്വർണ്ണം കൊണ്ട് വിവിധരൂപങ്ങൾ ഉണ്ടാക്കുന്നു. ആ രൂപത്തിന്റ ആകൃതി അനുസരിച്ചു പല പേരുകൾ നൽകുന്നു. ഇവിടെ സ്വർണ്ണപണിക്കാരൻ ഒരു നിമിത്ത കാരണം. അയാൾ സത്യത്തിൽ മാലയോ വളയോ ഒന്നുമല്ല. മകനേ നീ ആലോചിച്ചു നോക്കിട്ടു എന്റെ ചോദ്യത്തിന് ഉത്തരം പറയു.

അച്ഛാ എന്റ ഗുരു ഇത്ഒന്നും പറഞ്ഞു തന്നിട്ട് ഇല്ല. അച്ഛൻ അത് എന്ത് ആണ് എന്ന് പറഞ്ഞു തന്നാലും. ശ്വേതകേതു അച്ഛനോട് അപേക്ഷിച്ചു. അപ്പോൾ അവന്റ ഗർവ് എല്ലാം നശിച്ചു കഴിഞ്ഞിരുന്നു. അത് കൊണ്ട് ഉദ്ദാലകമഹർഷി പുത്രനോട് യഥാർത്ഥ അറിവിനെ കുറിച്ച് വിശദീകരിച്ചു.

"ശ്വേതകേതാ, നീ ചുറ്റും കാണുന്ന പ്രപഞ്ചമില്ലേ അത് മുമ്പ് ഉണ്ടായിരുന്നില്ല. അവയെല്ലാം ഉണ്ടാകുന്നതിനുമുമ്പ് ആദിയിൽ ഒരു ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സത്‌വസ്തുവല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

ആ സത്ത്‌ പലതാകട്ടെ എന്നാഗ്രഹിച്ചു.

ആദ്യം പഞ്ചതന്മാത്രകളുണ്ടായി.

പഞ്ചഭൂതങ്ങളുടെ സൂക്ഷ്മരൂപങ്ങൾ ആണ് പഞ്ചതന്മാത്രകൾ. ആകാശം, വായു, ഭൂമി, അഗ്നി, ജലം എന്നിങ്ങനെയാണ് പഞ്ചഭൂതങ്ങൾ.

പിന്നീട് ജീവാത്മാവ് സ്ഥാവരജംഗമവസ്തുക്കളിൽ സ്വയം പ്രകടിതമായി. ആദിയിൽ ഇവിടെ ഉണ്ടായിരുന്ന ആ സത്ത്‌  തന്നെ ആണ് ജീവജാലകങ്ങളിൽ ചൈതന്യസ്വരൂപനായ ജീവാത്മാവായി നിലനിൽക്കുന്നത്. അതുകൊണ്ടു ആ സത്തതിനെ അറിഞ്ഞാൽ എല്ലാത്തിനെയും അറിയാം.

മകനേ, ഞാൻ നിന്നോട് ചോദിച്ചില്ലേ, ഏതൊന്നിനെ അറിഞ്ഞാലാണോ പിന്നെ യാതൊന്നും അറിയേണ്ടതില്ലെന്നു. ഉത്തരമിതാണ്, സകല ജീവജാലങ്ങളിലും നിറഞ്ഞു നിൽക്കുന്ന ആ സത്ത്തിന്റെ അറിവിലൂടെ എല്ലാം അറിയാനാകും. പിന്നെ മറ്റൊന്നും അറിയുന്നില്ല.

അത് കേട്ട് കഴിഞ്ഞപ്പോൾ ശ്വേതകേതുവിന്‌ അനേകം സംശയങ്ങൾ ഉണ്ടായി.

"ആദിയിൽ ഒന്നായിരുന്നത് എങ്ങനെയാണ് പലതാകുന്നത്? സൂക്ഷ്മത്തിൽ നിന്നും എങ്ങനെ സ്ഥൂലം ഉണ്ടാകും? ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ലല്ലോ ?

ശ്വേതകേതുവിന്റെ അവസ്ഥ മനസ്സിലാക്കി ഉദ്ദാലക മഹർഷി പറഞ്ഞു:

"ശരി നീ ഇപ്പോൾ പോകുക, 15 ദിവസങ്ങൾ ഇനി ആഹാരമൊന്നും കഴിക്കരുത്. ആവശ്യമെങ്കിൽ ഇടക്കിടക്കു വെള്ളം മാത്രം കുടിക്കാം. വിരോധമില്ല. പതിനാറാമത്തെ ദിവസം ഇനി നമ്മൾ തമ്മിൽ കാണാം."

അച്ഛന്റെ നിർദേശപ്രകാരം ശ്വേതകേതു 15 ദിവസം ആഹാരമൊന്നും കഴിക്കാതെ ജലപാനം ചെയ്തു ജീവിച്ചു. പതിനാറാം ദിവസം അവൻ അച്ഛന്റ്റെ മുമ്പിൽ എത്തി. അപ്പോൾ ഉദ്ദാലകൻ ശ്വേതകേതുവിനോട് ചോദിച്ചു.

"മകനേ, നീ വേദങ്ങൾ പഠിച്ചിട്ടുണ്ടല്ലോ?

"പഠിച്ചിട്ടുണ്ട് അച്ഛാ"

"എങ്കിൽ വേദം ചൊല്ലു കേൾക്കട്ടെ"

വേദങ്ങൾ എല്ലാം പഠിച്ചവന് ശ്വേതകേതു പക്ഷെ ഒന്നും ഓർമ്മ വരുന്നില്ല.

"അച്ഛാ, വേദങ്ങൾ ഒന്നും ഓർമ്മ വരുന്നില്ല."

"ശരി എങ്കിൽ നീ പോയി കുറച്ചു ദിവസം ആഹാരം കഴിച്ചു വിശ്രമിക്കു. ആരോഗ്യമൊക്കെ തിരിച്ചു കിട്ടട്ടെ. "

ശ്വേതകേതു അങ്ങനെ ചെയ്തു. നന്നായി ആഹാരം കഴിച്ചു വിശ്രമിച്ചു ദിവസങ്ങൾ കഴിഞ്ഞു. ശ്വേതകേതുവിന്റെ ക്ഷീണമെല്ലാം മാറി ആരോഗ്യം പുഷ്ടിക്കപെട്ടു. വേദങ്ങൾ നന്നായി ഓർമിച്ചു. പിതാവിന്റ നിർദേശപ്രകാരം വേദഭാഗങ്ങളൊക്കെ ചൊല്ലിക്കേൾപ്പിച്ചു.

"ശ്വേതകേതു, നിനക്കു ഈ അറിവ് എവിടെ നിന്നാണ് തിരിച്ചു കിട്ടിയത്? ആരോഗ്യം ക്ഷയിച്ചിരിക്കുന്ന അവസ്ഥയിൽ ഈ അറിവ് എന്ത് കൊണ്ട് നിനക്ക് ഓർമ്മ വന്നില്ല."

പിതാവിന്റ ചോദ്യം ശ്വേതകേതുവിനെ ചിന്താമഗ്നനാക്കി

ഉദ്ദാലകമഹർഷി വിശദീകരിച്ചു കൊടുത്തു. 

"ഭൗതികശരീരം അന്നത്തിൽ നിന്നാണ് ഉണ്ടാകുന്നത്. അന്നം സ്ഥൂലമാണ്. അന്നം ജലത്തിൽ നിന്നും, ജലം തേജസ്സിൽ നിന്നും, ഉണ്ടാകുന്നു. അതായത് സൂക്ഷ്മഭാവം ജലവും, ജലത്തിന്റ തേജസ്സുമാകുന്നു. ഈ തേജസ്സുണ്ടാകുന്നത് സത്തിൽ നിന്നുമാണ്. സത്തിനു ഉത്പത്തിയുമില്ല, നാശവുമില്ല. സകല അറിവിന്റെയും മൂല കാരണം സത്താണ്.

മനസ്സും  ഭൗതികമണ്. ശരീര സംബന്ധത്താൽ മനസ്സ് ആഹാരത്തിൽ നിന്നാണ് പുഷ്ടിനേടുന്നത്. ശരീരത്തിനും മനസ്സിനും ആവശ്യമായ ഊർജ്ജം ആഹാരത്തിൽ നിന്നമാണ് ലഭിക്കുന്നത്. മനസ്സിന് ശരീരത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി പുഷ്ടിപ്പെടുവാൻ സാധ്യമല്ല. മനസ്സിന് സ്വതന്ത്രസത്ത ഇല്ല. ആഹാരത്തിന്റെ സ്ക്ഷ്മാംശം പരിണമിച്ചുണ്ടാകുന്ന മനസ്സിന് ആഹാരസംബന്ധമായി ക്ഷീണവും പുഷ്ടിയും വരാം.

അതുകൊണ്ടു ആഹാരമില്ലാതെ ശരീരം ക്ഷണിക്കുമ്പോൾ മനസ്സും ക്ഷീണിക്കും. മനസ്സ് തളർന്നവന്റെ ബുദ്ധി ശരിയായി പ്രവൃത്തിക്കുക ഇല്ല. അപ്പോൾ അവന്റെ അറിവ് സൂക്ഷ്മത്തിലേക്കു മാറികിടപ്പുണ്ട്. യഥാർത്ഥത്തിൽ നശിക്കുന്നുല്ലെങ്കിലും സ്ഥൂലമായി പ്രകടമാകുകയില്ല.

മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോഴാണ് ബുദ്ധിയും സ്മൃതിയുമൊക്കെ വേണ്ടപോലെ പ്രവർത്തിക്കുന്നത്. എല്ലാ അറിവിന്റെയും മൂല കാരണം സത്ത തന്നെയാണ്. ആ സത്ത് തന്നെയാണ് ആത്മരൂപേണ എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത്. അത് അഖണ്ഡമാണ്. ആനന്ദസ്വരൂപമാണ് , യഥാർത്ഥത്തിൽ ഈ സത്താണ് മനുഷ്യന്റെ സ്വന്തം രൂപം.

തന്റെ സ്വരൂപത്തെ അറിയുന്നവൻ ആനന്ദാനുഭൂതിയുണ്ടാകും. ആ  ആനന്ദാനുഭൂതിയിൽ ലയിച്ചു ആത്മാവുകുന്ന സത്തുമായി ഏകിഭവിക്കുന്നതാണ് യഥാർത്ഥ സുഖം. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ ആത്മസത്ത ശ്വേതകേതാ നിന്നിലുമുണ്ട്.

അല്ലയോ ശ്വേതകേതാ, ആ സത്ത നീയാകുന്നു. ആനന്ദസ്വരൂപമായ ആ ആത്മാവ് നീ തന്നെയാകുന്നു.

"തത്ത്വമസി ശ്വേതകേതാ"
(തത് = അത്, ത്വo = നീ, അസി= ആകുന്നു.)

ജീവാത്മാവിനും പരമാത്മാവിനും കുറിച്ച് അനേക തത്ത്വങ്ങൾ ശ്വേതകേതുവിന്‌ പിതാവ് വിശദീകരിച്ചു കൊടുത്തു. എന്നിട്ടു അവനോടു ഒരു പേരാൽ വിത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

ശ്വേതകേതു അത് കൊണ്ടുവന്നു,

"ശരി അത് പൊളിച്ചു നോക്കു. അതിൽ നീ കാണുന്നത് എന്താണ്."

ശ്വേതകേതു പേരാൽവിത്തു പൊളിച്ചു നോക്കി.

"അണുക്കളെ പോലെ ചെറിയ ചെറിയ വിത്തുകൾ കാണുന്നു."

"ശരി അതിൽ ഒന്നടുത്തു പൊളിച്ചു നോക്കു."

അതും പൊളിച്ചു നോക്കി.

"ഇപ്പോൾ എന്ത് കാണുന്നു."

"ഇതിൽ ഒന്നും കാണുന്നില്ല."

നീ ഈ വിത്തിനുള്ളിൽ ഒന്നും കാണുന്നില്ലെങ്കിലും അതിൽ പേരാലിന്റെ ബീജമായി ചെറിയൊരംശം ഉണ്ട്. ആ ചെറിയ ബീജമാണ് വലിയ വൃക്ഷമായി വളരുന്നത്. ഇതു പോലെ ആണ് സൂക്ഷ്മത്തിൽ നിന്നും സ്ഥൂലമുണ്ടാകുന്നത്. സൂക്ഷമായ ആത്മാവ് നാനാ രൂപങ്ങളോടുകൂടിയ സ്ഥൂലപ്രപഞ്ചമായി ഈ വിധം മാറുന്നു."

ശ്വേതകേതുവിനു ഒരു സംശയം ഉണ്ടായി.

"സത്തായ ആത്മാവാണ് പ്രപഞ്ചത്തിലെ എല്ലാത്തിനും കാരണമെങ്കിൽ അതിനെ പ്രത്യക്ഷമായി കാണാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്."

ഉദ്ദാലകൻ പറഞ്ഞു, "മകനെ നീ ഇപ്പോൾ ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടിത്തിട്ടു അതിൽ കുറച്ചു ഉപ്പു ഇടണം. എന്നിട്ടു അത് എടുത്തു കൊണ്ട് വരണം. "

ശ്വേതകേതു അപ്രകാരം ചെയ്തു.

പിറ്റേദിവസം ഉപ്പിട്ട  ജലവുമായി ശ്വേതകേതു അച്ഛന്റെ അടുത്ത് എത്തി.

"മകനെ, ഇന്നലെ നീ ഇട്ട ഉപ്പ് എവിടെ പോയി."

"അത് കാണുന്നില്ല."

"ഇനി ഈ വെള്ളത്തിൽ അല്പമെടുത്തു രുചിച്ചു നോക്കു."

ശ്വേതകേതു അല്പം ജലമെടുത്തു രുചിച്ചു നോക്കി.

"അച്ഛാ ഇത് ഉപ്പുരസമുള്ളതാണ്.

"ശരി, എങ്കിൽ ഈ വെള്ളത്തിന്റ വിവിധ ഭാഗങ്ങളിൽ രസം നോക്കുക."

ശ്വേതകേതു അപ്രകാരം ചെയ്തു. എല്ലാ ഭാഗങ്ങളിലും ഉപ്പുരസം നിറഞ്ഞിരിക്കുന്നു.

"നീ ഇന്നലെ വെള്ളത്തിലിട്ട ഉപ്പ് ഇപ്പോഴും അവിടെ തന്നെ ഉണ്ട് പക്ഷെ വെള്ളത്തിലെ ഉപ്പിനെ നിനക്ക് കാണാൻ കഴിയുന്നില്ല എന്നുമാത്രം. എങ്കിലും രുചിച്ചുനോക്കിട്ട് രസം കൊണ്ട് ഉപ്പിനെ അറിയാമെല്ലോ. അതുപോലെ ഓരോ ശരീരത്തിലുമുള്ള ആത്മാവിനെ നമുക്ക് കാണാൻ കഴിയുന്നില്ലെങ്കിലും മറ്റു വിധത്തിൽ അതിനെ അനുഭവിച്ചറിയാൻ കഴിയും."

ശ്വേതകേതുവിന്‌ ഒരു സംശയം കൂടി ബാക്കി വന്നു.

"അച്ഛാ, വെള്ളത്തിലെ ഉപ്പിനെ സ്വാദു കൊണ്ട് അറിയുന്നപോലെ ആത്മാവിനെ എന്തുകൊണ്ടാണറിയുക."

"കള്ളന്മാർ ഒരുവനെ പിടികൂടി കണ്ണുകെട്ടി കാട്ടിൽ കൊണ്ടുവിട്ടിട്ട് കടന്നു കളഞ്ഞു എന്നിരിക്കട്ടെ. അവന്റെ അവസ്ഥ ഒന്ന് ആലോചിചിച്ചുനോക്കു. വഴിയറിയാതെയും, സഹായിക്കാൻ ആരുമില്ലാതെയും കാട്ടുപാതയിൽ അവന് എത്രയധികം വിഷമിച്ചു വലയേണ്ടിവരും. ആ വഴി വരുന്ന ദയാലുവായ ഒരാൾ അവന്റെ കെട്ടഴിച്ചു, ആശ്വസിപ്പിച്ചു സ്വന്തം നാട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതുപോലെ ശ്രെഷ്ഠനായ ഒരു ഗുരുവിന്റ സഹായത്താൽ ആത്മാവിനെ അറിയാനാകും."

കാരുണ്യവാനും ആത്മജ്ഞാനിയുമായ ഒരു ഗുരുവിന്റ ഉപദേശാനുസാരം സൂക്ഷ്മമായ ആത്മഭാവത്തെ അനുഭവിക്കാൻ കഴിയും.

ശ്വതകേതുവിന്റ സംശയങ്ങളെല്ലാം ഉദ്ദാലകൻ ഉപദേശിച്ചു ഇല്ലാതെയാക്കി.

എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ സത്ത് തന്റെ ആത്മാവ് തന്നെയെന്ന് അറിഞ്ഞാ ശ്വേതകേതു സംപ്രീതനായി.

സുപ്രസിദ്ധങ്ങളായ നാലു വേദാന്ത മഹാകാവ്യങ്ങളിൽ വെച്ച് പ്രധാനപ്പെട്ട ഒന്നാണ് തത്ത്വമസി എന്ന മഹാവാക്യം. ഉദ്ദാലകന്റെയും ശ്വേതകേതുവിന്റെയും ഈ കഥാഭാഗത്തു തത്ത്വമസി മഹാകാവ്യത്തെ ആദ്യമായി ഉപദേശിക്കപ്പെടുന്നത്.     

No comments:

Post a Comment