തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് "ദേവപ്രശ്നം" വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്.
ശക്തിപീഠം: ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്.
മാന്ധാതാവ്: ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതിദേവി ഭഗവാൻ ശിവന്റെ സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പ്രരമശിവനെ പൂജകൾ കൊണ്ട് സംപ്രീതനാക്കി. പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.
മുചുകുന്ദൻ: മാന്ധാതാവിന്റെ മകനായ മുചുകുന്ദൻ പിന്നീട് ശ്രീ പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി.
ശതസോമൻ: പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.
ശതസേനൻ: ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.
ശ്രീരാമൻ: ലങ്കയിൽ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകൾ അർപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തിൽ പ്രവേശനമില്ല.
കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാർ സമുദായത്തിലെ "മാണി" കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാൻ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് "വിദൂഷകരത്നം" പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.
ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള "വീരശൃംഘല". ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഘല നൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഘല സമ്മാനിച്ചത്. വീരശൃംഘല ലഭിക്കുമ്പോൾ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ 'കൊട്ടുംപുറം' പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സിൽ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
No comments:
Post a Comment