ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 January 2017

പഞ്ചാഗ്നി തത്വം

പഞ്ചാഗ്നി തത്വം

വേദപ്രോക്തമായ ജ്ഞാനമേഖലയാണ് പഞ്ചാഗ്നിതത്വം. ഒരു കവി ഈ തത്വത്തെ ”പഞ്ചാഗ്നി മധ്യേ തപസ്സ് ചെയ്താലുമീ പാപകര്‍മങ്ങള്‍ക്ക് പരിഹാരമാകുമോ” എന്നാണ് സൂചിപ്പിച്ചത്. അഞ്ച് അഗ്നികുണ്ഡങ്ങള്‍ കത്തിച്ച് അതിന് നടുവില്‍ നായകനെ ഒറ്റക്കാലില്‍ നിര്‍ത്തി സിനിമാസംവിധായകന്‍ ഈ തത്വത്തെ ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിച്ചത് നാം കണ്ടിട്ടുണ്ട്! ശിവപുരാണത്തിലെ, പഞ്ചാഗ്നി മധ്യത്തില്‍ തപസ്സ് അനുഷ്ഠിച്ച് തന്റെ സ്വപ്‌നനായകനെ സ്വന്തമാക്കിയ പാര്‍വതിദേവിയുടെ കഥയും നാം വായിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും തന്നെ പഞ്ചാഗ്നിതത്വത്തിന്റെ അകക്കാമ്പ് നുകരാന്‍ നമ്മെ സഹായിച്ചെന്ന് വരില്ല. ഗുരുപൂര്‍ണിമാദിവസം ഞങ്ങളുടെ ഗുരുവായ സ്വാമി തങ്കദാസ് ഞങ്ങള്‍ക്ക് നല്‍കിയ ഗുരുസന്ദേശം പഞ്ചാഗ്നിതത്വത്തെക്കുറിച്ചായിരുന്നു. കേട്ടറിഞ്ഞ ആ തത്വത്തെ കഴിയുംവിധം വിശദീകരിക്കാന്‍ ശ്രമിക്കയാണിവിടെ. തെറ്റുകുറ്റങ്ങള്‍ എന്തെങ്കിലും വന്നുഭവിച്ചിട്ടുണ്ടെങ്കില്‍ വായനക്കാര്‍ക്ക് അത് ചൂണ്ടിക്കാണിക്കാവുന്നതാണ്. അതില്‍ സന്തോഷമേയുള്ളൂ.

അഞ്ച് അഗ്നികള്‍ ചേര്‍ന്നത് പഞ്ചാഗ്നി. മാതാവ്, പിതാവ്, ഗുരു, ആത്മാവ്, അഗ്നി എന്നിങ്ങനെയാണ് അഞ്ച് അഗ്നികള്‍ ഇവിടുള്ളത്. അവയ്ക്ക് മധ്യത്തിലാണ് നമ്മുടെ ജീവിതം. ഇവിടെ മാതാവും പിതാവും ഗുരുവും നമുക്ക് പരിചിതരാണ്. പിന്നെ അവശേഷിക്കുന്നത് ആത്മാവ് എന്ന അഗ്നിയും ‘അഗ്നി’യെന്ന അഗ്നിയും ആണ്. ആത്മാവ് എന്ന അഗ്നി നാം തന്നെയാണ്! ജഠരാഗ്നി ഉള്‍പ്പെടെ അനേകം അഗ്നികള്‍ നിറഞ്ഞ ഒരാത്മാവാണ് നാം എന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ആദ്യത്തെ നാല് അഗ്നികള്‍ കെട്ടുകഴിഞ്ഞാലും ഒരഗ്നി പിന്നേയും അവശേഷിക്കും. അതാണ് പ്രപഞ്ചാഗ്നി.

ശാസ്ത്രജ്ഞര്‍ അടുത്തകാലത്ത് ‘ദൈവകണം’ എന്ന് വിളിച്ച ആദിമവും സര്‍വവ്യാപിയും സമ്പൂര്‍ണവും സൃഷ്ടി-സ്ഥിതി-സംഹാര കര്‍തൃത്വങ്ങള്‍ക്ക് കാരണവുമായ സര്‍വേശ്വരന്‍ തന്നെയാണ് ആ അഗ്നി! പ്രപഞ്ചകാരകവസ്തുവാകയാല്‍ അതിനെ പ്രപഞ്ചാഗ്നിയെന്നും വിളിക്കും. ഇത് ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ഒരഗ്നിയല്ല. ചുരുക്കത്തില്‍ സാര്‍വലൗകികമായി അറിയപ്പെടുന്ന ‘ദൈവസത്ത’ തന്നെയാണ് ആ അഗ്നി.

മേല്‍പറഞ്ഞ അഞ്ച് അഗ്നികളും കെട്ടുപോകാതെ (നമ്മുടെ മനസ്സില്‍നിന്നും) സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതായത് ‘ആത്മാവ്’ എന്ന സ്വന്തം അഗ്നികൊണ്ട് (നമ്മുടെ അസ്തിത്വത്തിനാധാരമായ ഊര്‍ജ്ജം) മാതാവിനും പിതാവിനും ഗുരുവിനും പിന്നെ പ്രപഞ്ചകാരകമായ അഗ്നിക്കും പ്രണാമങ്ങള്‍ അര്‍പ്പിക്കുകയെന്നതാണ് പഞ്ചാഗ്നി മധ്യത്തിലെ തപസ്സിന്റെ പൊരുള്‍. മാതാവും പിതാവും ഗുരുവും പിന്നെ നാമും നശിച്ചുകഴിഞ്ഞാലും പ്രപഞ്ചാഗ്നി ഇവിടെ അവശേഷിക്കും. കഴിഞ്ഞ 1370 കോടി വര്‍ഷങ്ങളായി ഈ പ്രപഞ്ചാഗ്നി ജ്വലിച്ചു തുടങ്ങിയിട്ടെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഈ കണ്ടെത്തലിനാണ് 2006 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് നല്‍കിയത്.

പ്രപഞ്ചത്തിന്റെ ഉത്സഭവം 1370 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു മഹാസ്‌ഫോടനത്തിലൂടെയായിരുന്നുവെന്നാണ് അവരുടെ കണ്ടെത്തല്‍.
രണ്ട് പതിറ്റാണ്ട് മുന്‍പ് അമേരിക്കയിലെ ‘നാസ’യെന്ന ബാഹ്യാകാശ ഗവേഷണകേന്ദ്രം വിട്ടയച്ച ‘കോബ്’ എന്ന ഉപഗ്രഹത്തില്‍നിന്ന് ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ വിശ്ലേഷണവിധേയമാക്കിയതില്‍നിന്നാണ് പ്രപഞ്ചം ഉണ്ടായത് കൃത്യമായും 1370 കോടി വര്‍ഷങ്ങള്‍ മുന്‍പായിരുന്നു എന്ന് മനസ്സിലാക്കിയത്. പ്രപഞ്ചം അനുനിമിഷം വികസിച്ചു കൊണ്ടിരിക്കയാണ്. ഇനിയും ഏതാണ്ടിത്രയും കാലം ഇത് വികസിച്ചുകൊണ്ടേയിരിക്കും. അതിനൊക്കെ എത്രയോ മുന്‍പ് തന്നെ സൂര്യന്‍ കെട്ടണയുകയും ഭൂമി കത്തി ചാമ്പലാകുകയും ചെയ്യും! പക്ഷേ, പ്രപഞ്ചം വീണ്ടും ചുരുങ്ങുകയും ആദ്യത്തെ ‘ഏകാത്മകബിന്ദു’വിലേക്ക് ഒടുങ്ങുകയും ചെയ്യുമത്രേ! വീണ്ടും ഇതെല്ലാം ആവര്‍ത്തിക്കും!! വീണ്ടും പ്രാപഞ്ചികവും ജൈവികവുമായ പരിണാമപ്രക്രിയകളും ആവര്‍ത്തിക്കും.

അതിനിടയില്‍ ഒരുപക്ഷേ നാം വീണ്ടും ഇന്നത്തെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കുകയും സ്വപ്‌നസന്നിഭമായ ഈ യാതനകളും സുഖങ്ങളും ഒക്കെ അനുഭവിക്കുകയും ചെയ്യുമത്രെ! അതൊക്കെ എന്തുതന്നെയായാലും നാം ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയം മാതാ, പിതാ, ഗുരു, പിന്നെ ‘നാം’ എന്ന നാലാമത്തെ അഗ്നിയും കെട്ടുകഴിഞ്ഞാലും അഞ്ചാമത്തെ പ്രപഞ്ചാഗ്നി വീണ്ടും ചാക്രിക സൃഷ്ടി-സ്ഥിതി-സംഹാരയത്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന സനാതനമായ അറിവാണ് നാം ഉള്‍ക്കൊള്ളേണ്ടത്. ഒരിക്കലും കെടാത്ത ഒരഗ്നിയാണ് പ്രപഞ്ചാഗ്നിയെന്ന് സാരം!
നമ്മുടെ ഓരോ ആത്മാവിലും ഈ അഞ്ച് അഗ്നികളും ജീവിതാവസാനംവരേയും ജ്വലിച്ചുകൊണ്ടേയിരിക്കും. നാമായി, നമ്മുടെ പ്രവൃത്തിദോഷംകൊണ്ട് ഈ നാല് അഗ്നികളേയും ഇല്ലാതാക്കാന്‍ ഒരിക്കലും ശ്രമിക്കരുത്.

മാതാവിനേയും പിതാവിനേയും ഗുരുവിനേയും സാനുപാതികമായും നിസ്വാര്‍ത്ഥമായും പ്രേമപൂര്‍വകമായും നാം സംരക്ഷിക്കണം എന്നര്‍ത്ഥം. അതിന് നമ്മെ നാം സ്വയം പ്രാപ്തമാക്കുന്നതിലൂടെ നമ്മുടെയുള്ളിലെ അഗ്നിയേയും കെട്ടുപോകാതെ സംരക്ഷിക്കണം എന്ന് പറയേണ്ടതില്ലല്ലൊ. സാത്വികമായ ആഹാരങ്ങള്‍കൊണ്ടും നീഹാരങ്ങള്‍കൊണ്ടും പ്രാണായാമങ്ങള്‍കൊണ്ടും ധാര്‍മികമായ ജീവിതംകൊണ്ടും നാം നമ്മുടെ ശരീരമാകുന്ന പഞ്ചഭൂതാഗ്നിയെ സംരക്ഷിക്കുന്നതില്‍ ജാഗരൂകരായിരിക്കണം. മാനാപമാനങ്ങള്‍ ഒന്നുംതന്നെ നമ്മെ ഈ അഗ്നികളില്‍നിന്നും അകറ്റാന്‍ ഇടയാക്കരുത്. നമ്മുടെ മനഃസാക്ഷി നമ്മോട് അനുനിമിഷം ഓതിക്കൊണ്ടിരിക്കുന്ന നേരായ മാര്‍ഗങ്ങളെ പിന്തുടര്‍ന്നാല്‍ പാപകര്‍മങ്ങള്‍ ഒന്നും നമുക്ക് ചെയ്യേണ്ടതായി വരില്ല. മനഃസാക്ഷിയുടെ പതിഞ്ഞ ശബ്ദം ശ്രവിക്കാന്‍ നാം എപ്പോഴും ബദ്ധശ്രദ്ധരായിരിക്കേണ്ടതുണ്ട്. മനഃസാക്ഷിയെയാണ് വേദത്തില്‍ ‘ചിത്തം’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.

ചിത്തത്തില്‍നിന്ന് ജനിക്കുന്നതാണ് ‘ബുദ്ധി.’ ബുദ്ധിയെ ‘കളിക്കാന്‍’ വിട്ടിട്ട് അത് നോക്കി രസിക്കുന്ന ഒരമ്മയെപ്പോലെയാണ് ചിത്തം! തന്റെ ഓമന മകന്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നറിയുന്ന ഏതൊരമ്മയും ഓടിച്ചെന്ന് ആ പൈതലിനെ രക്ഷിക്കാന്‍ ശ്രമിക്കുമെന്ന് നമുക്കറിയാം. പക്ഷേ മുതിര്‍ന്നാലോ? അമ്മയുടെ ശബ്ദം നേര്‍ത്തതാകും. നാം പ്രേമപൂര്‍വം ശ്രദ്ധിച്ച് കേള്‍ക്കാന്‍ ശ്രമിച്ചാലേ ചിത്തം പറയുന്നത് നമുക്ക് കേള്‍ക്കാന്‍ പറ്റൂ. ബുദ്ധിയില്‍നിന്നും ജനിക്കുന്ന മനസ്സ് എപ്പോഴും ചഞ്ചലമായിരിക്കും. ‘മരഞ്ചാടികുരങ്ങെ’ന്നാണ് നാം അതിനെ വിശേഷിപ്പിക്കാറ്! ‘മനമോടാത്ത കുമാര്‍ഗമില്ലെടോ’ എന്ന് കവി, സീതയെക്കൊണ്ട് പറയിപ്പിച്ചതതുകൊണ്ടാണ്. ബുദ്ധിയും മനസ്സും ചേര്‍ന്നാല്‍ അതിന് വക്രഗതിയാണുണ്ടാവുക, അതിലൂടെ സംസൃഷ്ടമാകുന്നത് പത്ത് ഇന്ദ്രിയങ്ങളാണ്. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളും ചേര്‍ന്നതാണത്. ഈ പത്ത് ഇന്ദ്രിയങ്ങള്‍ക്കൊണ്ടാണ് നാം നമ്മുടെ എല്ലാ ജീവവ്യാപാരങ്ങളും നിര്‍വഹിക്കുന്നത്.

ഈ പത്ത് ഇന്ദ്രിയങ്ങളും പിന്നെ മനസ്സും ബുദ്ധിയും ചേര്‍ന്നുള്ള ‘പന്ത്രണ്ട് പേരാണ്’ ലോകത്ത് എല്ലാ അശാന്തികളും സൃഷ്ടിക്കുന്നത്! ഇതില്‍നിന്നും രക്ഷപ്പെടാനാണ് നാം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെ വഴിയാംവണ്ണം ഉപയോഗപ്പെടുത്തേണ്ടത്.
ജ്ഞാനത്തിന് രണ്ട് വഴിയുണ്ട്, സ്വാര്‍ത്ഥത്തിന്റെയും നിസ്വാര്‍ത്ഥത്തിന്റെതും. കര്‍മേന്ദ്രിയങ്ങള്‍ക്ക് രണ്ട് വിധത്തില്‍ പ്രവര്‍ത്തിക്കാം. ഒന്ന് ശുദ്ധമായ രീതിയിലും മറ്റേത് മലിനമായ രീതിയിലും. നാം ഇതില്‍നിന്ന് എപ്പോഴും ശുദ്ധവഴി തിരഞ്ഞെടുത്താല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. നിര്‍മോഹത്വമായ ഒരു മനസ്സോടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് അര്‍ഹമായ വ്യക്തികള്‍ക്ക് ദാനം നല്‍കിയാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂ ഈ ഭൂമിയില്‍! അതിന് വിപ്ലവം ഒന്നും വേണമെന്നില്ല.

നമ്മുടെ ഓരോരുത്തരുടെയും മനസ്സിലാണ് വിപ്ലവമുണ്ടാകേണ്ടത്. ഞാന്‍ മലിനമാര്‍ഗത്തില്‍ സഞ്ചരിക്കില്ലെന്നും നിര്‍മോഹത്തോടെ യഥാര്‍ഹം ദാനം നിര്‍വഹിക്കുമെന്നും തീരുമാനിക്കുന്നതാണ് യഥാര്‍ത്ഥ വിപ്ലവം! അതിന്റെ ഫലമാകട്ടെ തീര്‍ച്ചയായും സ്ഥിതിസമത്വവും സുസ്ഥിരവികസനവും തന്നെയായിരിക്കും. പഞ്ചാഗ്നിതത്വങ്ങള്‍ വ്യക്തിക്കെന്നപോലെ സമഷ്ഠിക്കും ബാധകമാണെന്ന് അറിയുമ്പോഴാണ് ലോകത്ത് സമസ്തരും സുഖാനുഭവങ്ങളില്‍ ചെന്നെത്തി അങ്ങനെ സര്‍വശാന്തി പടരുക.

No comments:

Post a Comment