ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 November 2016

പാണി

പാണി

ക്ഷേത്രങ്ങളിലെ ഏതൊരു ചലനാത്മക കർമ്മത്തിനും (എഴുന്നള്ളിപ്പ് പോലെയുള്ള) ആരംഭം കുറിക്കുന്ന മംഗള വാദ്യമാണ് പാണി.
നിത്യശീവേലി, ശ്രീഭൂതബലി, ഉത്സവബലി തുടങ്ങിയ കാര്യങ്ങൾക്ക് ഒരു വിളംബരം ആയിട്ടാണ് പാണി കൊട്ടുന്നത്. അത്തരം കർമ്മത്തിന്റെ പ്രാധാന്യം അനുസരിച്ച് പലതരത്തിൽ പാണി കൊട്ടുന്നത് വ്യക്തമായ അനുഷ്ഠനമാണ്.

പാണി കൊട്ടുന്നത് അനുസരിച്ച് തന്ത്രിയോ, ശാന്തിയോ ബലി തൂകണം എന്നാണു നിയമം. ലളിതമായി പറഞ്ഞാൽ അകത്തു നിന്നും ദേവനെ എഴുന്നള്ളിച്ചു പുറത്തു കൊണ്ടു വന്ന് നാലു ചുറ്റിലും നടന്ന് പ്രദക്ഷിണ വഴിയിലെ വിഗ്രഹങ്ങൾക്ക് പായസം ഉൾപ്പടെ നേദ്യങ്ങൾ കൊടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതാണ് ബലിതൂകൽ. അപ്പോൾ കുറെ ആളുകൾ ചെണ്ടയും, ചെങ്ങിലയും കൊട്ടി പുറകെ വരുന്നത് കണ്ടിട്ടുണ്ടല്ലോ..?
അതാണ് പാണി കൊട്ടുക എന്ന് പറയുന്നത്.

പാണി കൊട്ടുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല.
ഓരോ കർമ്മത്തിനും അനുസരിച്ച് പാണി കൊട്ടണം. ഏറെ പരിചയം, നല്ല പാണ്ഡിത്യം, ഏകാഗ്രത, നിയന്ത്രണശേഷി ഒക്കെ പാണി കൊട്ടുവാൻ ആവശ്യമുണ്ട്.
പാണിക്ക് അനുസരിച്ച് തന്ത്രിയോ ശാന്തിയോ ബലി തൂകുകയും വേണം. പിഴയ്ക്കാതെ ഇത് ചെയ്യണം എന്നാണു നിയമം. ഇതില് ഏതെങ്കിലും ഒന്ന് പിഴച്ചാല് അത് വളരെ ഗൗരവമായ കാര്യമാണ് എന്ന് ക്ഷേത്രശാസ്ത്രം.

പാണി പിഴയ്ക്കാതെ കൊട്ടണം. ['പാണിയില് പിഴച്ചാല് കൊണിയില്'] അതായത് പടി ഇറക്കി വിടും എന്ന് എന്നാണു ശാസ്ത്രം.

സാധാരണ ദൈനംദിന ശീവേലിക്ക് പാണി കൊട്ടുന്നത് ഒരു ആവിഷ്ക്കാരമാണ്. തിമിലയിലാണ് പാണി കൊട്ടുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി സാധാരണ പാണി കൊട്ടുന്ന രീതി പറയാം..

ത ത്തോം *ത ത്തോം *ത ത്തോം ത തോം തോം
ത ത്തോം *ത ത്തോം *ത ത്തോം ത തോം തോം
ത ത്തോം *ത ത്തോം *ത ത്തോം ത തോം തോം
ത ത്തോം തതോം തോം *
ത ത്തോം തതോം തോം *
ത ത്തോം തതോം തോം *
ത ത്തോം ത ത്തോം ത ത്തോം തോം തോം
ത *ത്തോം *ത ത്തോം *ത *ത്തോം .....ഇങ്ങനെയാണ് .

(* ഈ ചിഹ്നം ഒരക്ഷരം കൊട്ടാനുള്ള സമയം വിട്ടു കളയുക എന്നതാണ് ) ഇത്തരത്തിലാണ് കൊട്ടുക ..!

ഇതിന് (പല ക്ഷേത്രങ്ങളിലും) ഏകീകൃത രൂപം ഉണ്ടോ എന്ന് ചോദിച്ചാല് ഇല്ല. പലയിടത്തും പലതരത്തിലാണ്. ചില സ്ഥലത്ത് ചെണ്ട, ചേങ്ങില, തിമില, ശംഖു് എന്നിവ വേണം. എന്നാല് ചില സ്ഥലങ്ങളിൽ ശംഖും, തിമിലയും വേണ്ട. ചേങ്ങില മാത്രം മതി. (ഉദാഹരണം ഗുരുവായൂർ) ഈ മാറ്റങ്ങൾ ദിഗ്ഭേദം കൊണ്ട് വന്നതാകാനാണ് സാധ്യത എന്ന് തോന്നുന്നു. എന്തായാലും പാണി കൊട്ടലിന് അടിസ്ഥാനപരമായ ചില ഘടകങ്ങൾ ഉണ്ട് എന്ന് മനസിലാക്കണം.

ഓരോ ക്ഷേത്രത്തിലെയും ദേവന്റെ ഭൂതഗണങ്ങളുടെ എണ്ണം അനുസരിച്ച് പാണി കൊട്ടുന്ന രീതിക്ക് മാറ്റവും വരും എന്നും നിരീക്ഷിച്ചാൽ നമുക്ക് മനസിലാകും.

No comments:

Post a Comment