ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2016

ശബരിമല വിശേഷം. 2

ശബരിമല വിശേഷം. 2
പേരുർത്തോട്
➖➖➖➖➖➖➖➖➖
എരുമേലിയിൽ നിന്ന് ഏകദേശം 3.5km സഞ്ചരിച്ചാൽ ഇവിടെയെത്താം. പേരൂർത്തോടിലേയ്ക്ക് എത്തുന്നതിനു മുമ്പുള്ള സ്ഥലമാണ് കോട്ടപ്പട്ടി. വനയാത്ര തുടങ്ങുന്നത് കോട്ടപ്പട്ടി മുതലാണ്. വാപരന്റെ ഗോഷ്ഠാതിര്‍ത്തിയാണു പുരാണപ്രകാരം കോട്ടപ്പടി. പുലിവൃന്ദങ്ങളോടുകൂടി പന്തളത്തേക്കു പുറപ്പെടും മുമ്പ് ദുഷ്ടമൃഗങ്ങളില്‍ നിന്നും ഉപദ്രവം ഉണ്ടാകാതെ ഭക്ത സംരക്ഷണത്തിനായി ഗോഷ്ഠം സ്ഥാപിച്ച് കാത്തിരിക്കാന്‍ വാപരനെ ഭഗവാന്‍ ഉപദേശിച്ച സ്ഥാനമാണിത്. കോട്ടപ്പടി. കോട്ടപ്പടി കഴിഞ്ഞാൽ അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തിലേക്ക് പ്രവേശിക്കൂകയാണ്. അയ്യപ്പന്റെ കോട്ടയുടെ തുടക്കമാണിവിടം. അവിടെ ഇല പറിച്ചിട്ട് തൊഴുത് വേണം യാത്ര തുടങ്ങേണ്ടത്..
ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് പരിപാവനമായിത്തീർന്ന പേരൂർതോട് ഒരു പുണ്യതീർത്ഥമായാണ് ശബരിമല തീർത്ഥാടകർ കരുതുന്നത്. വനവാസകാലത്ത് ധര്‍മശാസ്താവ് ഭൂതഗണങ്ങളോടൊപ്പം വിശ്രമിച്ചതായി വിശ്വസിക്കുന്ന സ്ഥലമാണു പേരൂര്‍ത്തോട്. ഭഗവാൻ ഇവിടെ സ്നാനം ചെയ്തതായി വിശ്വസിക്കുന്നു. പേരൂർത്തോട്ടിൽ കളി കഴിഞ്ഞ് അവിടെയുള്ള പാറകളിൽ അരിയും മലർപ്പോടിയും തൂകണം. കന്നി അയ്യപ്പന്മാർക്ക് ഒഴിച്ചു കൂടുവാൻ പാടില്ലാത്ത ഒരു കർമ്മമാണിത്. കന്നി അയ്യപ്പന്മാർ കാളകെട്ടിയിൽ ഉടയ്ക്കുവാനുള്ള നാളീകേരം പേരൂർത്തോട്ടിൽ നിന്നാണ് മുക്കി എടുക്കുന്നത്. അവിടെ നിന്നു നടന്നു നീങ്ങുമ്പോള്‍ എത്തുന്നത് ഇരുമ്പൂന്നിക്കരയില്‍. അവിടെ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഭക്തന്മാര്‍ ദര്‍ശനവും വഴിപാടും നടത്തി വിശ്രമിച്ചാണു നടന്നു നീങ്ങുക. വഴിപാടുകള്‍, അര്‍ച്ചന, പായസം, കര്‍പ്പൂരം കത്തിച്ചു പ്രാര്‍ഥിക്കുന്നവരും ഉണ്ട്. ഇരുമ്പൂന്നിക്കര പിന്നിട്ടാല്‍ വനമായി. തേക്കു പ്ളാന്റേഷനിലൂടെയാണ് ഇനിയുളള കൂടുതല്‍ യാത്ര.
കാളകെട്ടി
➖➖➖➖➖➖➖➖➖
പേരൂർത്തോട്ടിൽ നിന്നും 13 Km ദൂരാമാണ് കാളകെട്ടിയ്ക്കുള്ളത്. മഹിഷിനിഗ്രഹത്തിനുശേഷം ധര്‍മ്മശാസ്‍താവ് ആനന്ദനൃത്തം ചെയ്യുന്നത് കാണാന്‍ എത്തിയ പരമശിവന്‍ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥലമാണ് കാളകെട്ടി. കാളയെ കെട്ടിയതെന്ന് കരുതുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ ആഞ്ഞിലിമരവും ക്ഷേത്രത്തിന് സമീപം കാണാം. ദുര്‍ഘടമായ കാട്ടുപാതയിലൂടെ ക്ഷീണിതരായി എത്തുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസമാണ് വന്‍മരങ്ങള്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന കാളകെട്ടി ഇടത്താവളം.
അവിടുത്തെ ശിവക്ഷേത്രത്തില്‍ വഴിപാടുകള്‍ ‍അര്‍ച്ചന, ധാര, എണ്ണവിളക്ക്, എന്നിവയാണ്. കാളകെട്ടിയിൽ പേരൂത്തോടിൽ നിന്നും മുക്കിയെടുത്ത നാളികേരം ഉടയ്ക്കുകയും കർപ്പൂരം കത്തിച്ച് കുറച്ച് സമയം ഭജനമിരിക്കുകയും ചെയ്യുന്നു. ഭക്തന്മാർക്ക് വിരിവക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ഒരുക്കാറുണ്ട്.
അഴുത
➖➖➖➖➖➖➖➖➖
കാളകെട്ടിയാൽ നിന്നും അഴുതയിലേക്ക് 3 Km ദുരമുണ്ട്. പമ്പയിലേക്ക് ഒഴുകി വരുന്ന കാട്ടരുവിയാണ് അഴുത. നദിയിലെ പുണ്യസ്നാനം തീർത്ഥാടനത്തിന്റെ ഒരു ഭാഗമാണ്. അഴുതയില്‍ മുങ്ങിക്കുളിച്ച് ചെറിയ ഉരുളന്‍ കല്ലെടുത്ത് വേണം ഇനിയുള്ള യാത്ര. ഭക്തര്‍ക്കായി കരുതിവെച്ച പോലെയാണ് അഴുതയില്‍ ഉരുളന്‍ കല്ലുകളുടെ ശേഖരം. ഇവിടെവരെ മാത്രമാണ് ജനവാസപ്രദേശങ്ങള്‍. ഇനി ദുര്‍ഘടമായ കാനനപാതയാണ്. കുത്തനെയുള്ള കയറ്റവും മറ്റുമുള്ളതിനാല്‍ ഇടയ്ക്കിടെ വിശ്രമിച്ച് വേണം മലകയറാന്‍. കൈയില്‍ കുടിവെള്ളം കരുതാന്‍ മറക്കരുത്. നദിയുടെ മറുകരയില്‍ അയ്യപ്പസേവാസംഘം ക്യാമ്പുണ്ട്. ഇവിടെ അന്നദാനമുണ്ടാകും. അഴുതനദിയുടെ അക്കരെയെത്താന്‍ കടത്തുവള്ളമോ, ചങ്ങാടമോ ലഭിക്കും. 
കല്ലിടാംകുന്ന്
➖➖➖➖➖➖➖➖➖
അഴുതയില്‍ നിന്നും 5 Km ദൂരത്തില്‍ കിഴക്കാം തൂക്കായ കയറ്റമാണ് അഴുതമേട്. കരിമലകയറ്റത്തേക്കാള്‍ കാഠിന്യമാണ് അഴുതമേടിലൂടെയുള്ള യാത്ര. അങ്ങനെ യാത്ര ചെയ്ത്താൽ കല്ലിടാംകുന്നിലെത്താം.
മഹിഷിയെ നിഗ്രഹിച്ചശേഷം എടുത്തെറിഞ്ഞപ്പോള്‍ വന്നുവീണ സ്ഥലമാണിത്. മഹിഷിയുടെ ജഡം ലോകര്‍ക്ക് ഉപദ്രവമായി മാറാതിരിക്കാന്‍ ബ്രഹ്മാവിന്റെ ഉപദേശപ്രകാരം അയ്യപ്പന്‍ കല്ലിട്ടുമൂടി എന്നാണ് സങ്കല്‍പം. ഇതിന്റെ സ്മരണ പുതുക്കുവാനാണ് അഴുതാ നദിയിൽ നിന്നും മുങ്ങിയെടുത്ത കല്ല് ഇവിടെയാണ് നിക്ഷേപിക്കുന്നത്. ഇവിടെ കല്ല് ഇട്ട് വന്ദിച്ച് കര്‍പ്പൂരം കത്തിക്കുന്നതാണ് പ്രധാനവഴിപാട്. കാനനപാതയില്‍ കല്ലിടാംകുന്ന് കയറ്റവും, കരിമല കയറ്റിറക്കവുമാണ് ഏറെ ദുര്‍ഘടം. കല്ലിടാംകുന്നില്‍ നിന്നും ഇഞ്ചപ്പാറക്കോട്ട, മുക്കുഴി താവളങ്ങള്‍ കഴിഞ്ഞാല്‍ കരിമലയായി. കരിമല കയറിയിറങ്ങി വലിയാനവട്ടവും ചെറിയാനവട്ടവും കടന്നാല്‍ പമ്പയിലെത്തും.
ഇഞ്ചിപ്പാറക്കോട്ടയും കരിയിലാംതോടും
➖➖➖➖➖➖➖➖➖
കല്ലിടാംകുന്നിൽ നിന്നും അഴുതമേട്ടിലെ കുത്തനെയുള്ള കയറ്റം അവസാനിക്കുന്നത് ഇഞ്ചിപ്പാറക്കോട്ടയിലാണ്. ഉദയനന്റെ പ്രധാനക്കോട്ട ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വനപാലദേവനായ ഇഞ്ചിപ്പാറ മൂപ്പന്റെ ഒരു ക്ഷേത്രം ഇവിടെയുണ്ട്. ചെറിയൊരു ശാസ്താ ക്ഷേത്രവും സ്ഥിതി ചെയുന്നു. കോട്ടയില്‍ ശാസ്‍താവ് എന്ന മൂർത്തിയെ സങ്കൽപ്പിച്ച്  ഇവിടുത്തെ പ്രതിഷ്ഠ. നാളീകേരം അടിക്കല്‍, വെടിവഴിപാട്, സര്‍പ്പം പാട്ട് എന്നിവയാണ് പ്രധാനപ്പെട്ട വഴിപാടുകള്‍. അയ്യപ്പന്‍മാരുടെ പ്രധാന വിശ്രമകേന്ദ്രമായ ഇവിടെ ഭക്ഷണം പാകം ചെയ്‍തു കഴിച്ചശേഷം വിശ്രമിക്കാം. കാനനഭംഗി ശരിക്കും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ് കരിയിലാംതോട്. തോടും ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളും പക്ഷിക്കൂട്ടങ്ങളുടെ ചിലമ്പലും ക്ഷീണിച്ചെത്തുന്ന ഭക്തര്‍ക്ക് ആശ്വാസകരമാണ്. ഇഞ്ചിപ്പാറക്കോട്ടയിൽ നിന്ന് വലിയ ഇറക്കം അവസാനിക്കുന്നത് മുക്കഴി എന്ന താഴവരയിലാണ്. ഇവിടെ ഒരു ദേവീക്ഷേത്രവും, ഗണപതി ക്ഷേത്രവും ഉണ്ട്. പ്രധാനപ്പെട്ട വിശ്രമകേന്ദ്രങ്ങളാണ്. ഇവിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും കാട്ടുമൃഗങ്ങളുടെ ശല്യമില്ലാതെ ഉറങ്ങാനുമൊക്കെയുള്ള സൌകര്യമുണ്ട്. വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടർന്ന് കുറെ ദൂരം പോയാൽ കരിയിലം തൊട്ടിൽ എത്തുന്നു. കരിമല കയറ്റത്തിനു മുൻപുള്ള ഒരു വിശ്രമതാവളമാണിത്.
കരിമല
➖➖➖➖➖➖➖➖➖
ശബരിമലയാത്രയില്‍ പല മലകള്‍ കടന്നുപോകേണ്ടതുണ്ടെങ്കിലും അവകളിലെല്ലാം കൊണ്ടും ഭയങ്കരമായിട്ടുള്ളതാണ്‌ കരിമല. ഇതിന്റെ പേരുതന്നെ ഏതാണ്ട്‌ ഇതിന്റെ ഭയങ്കരതയെ സൂചിപ്പിക്കുന്നുണ്ട്‌. ദൂരെനിന്നും കണ്ടുതുടങ്ങുമ്പോള്‍ തന്നെ കറുത്തിരുണ്ടുള്ള കാഴ്ച ഇതരമലകളില്‍ നിന്ന്‌ കരിമലയെ നമുക്ക്‌ മനസിലാക്കിത്തരുന്നു. ഇതിലെ മണ്ണിന്റെ നിറം തന്നെ വളരെ കറുത്തതാണ്‌. കരിവരന്മാരും ഈ മലയില്‍ ധാരാളമുണ്ട്‌. പലതുകൊണ്ടും കരിമല എന്ന പേര്‌ ഇതിന്‌ അന്വര്‍ത്ഥമാണ്‌. കരിമലകേറ്റം കഠിനമെന്റയ്യപ്പാഎന്ന്‌ ശരണം വിളിച്ചുകൊണ്ടാണ്‌ അയ്യപ്പന്മാര്‍ കയറുന്നത്‌.  കഠിതമായ കയറ്റമാണ് കരിമലകയറ്റം കരിമലദേവിയെ ധ്യാനിച്ച് ഒരില പറിച്ച് പാതയിലിട്ട് വലതുകാൽ ഇലയിൽ ചവിട്ടിയെ മല കയറാവൂ. വ്രതഭംഗം വന്നവരെ കരിമല കടത്തിവിടാറില്ല എന്നൊരു ചൊല്ലുണ്ട്. ഏഴുമടക്കുകളായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഏഴാമത്തെത്തട്ടുകയറി ഒരു സമഭൂമിയിലെത്തുന്നു. പ്രകൃതീരമണീയമായ ആ സ്ഥലം അനവധി ലതാനികുഞ്ജങ്ങളാലും പൂത്തുനില്‍ക്കുന്ന പലതരം വൃക്ഷങ്ങളാലും പരിശോഭിതമായികാണാം. ക്ഷീണിച്ചുവരുന്ന യാത്രക്കാര്‌ അവിടെയുള്ള മന്ദമാരുതനേറ്റ്‌ കുറച്ചെങ്കിലും വിശ്രമിക്കാതെ പുറപ്പെടാറില്ല. ഇവിടെ കരിമലനാഥന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ഏകദേശം നാലടിനീളവും രണ്ടടി ചുറ്റവും കാണുന്ന ആ ശില കരിമലയുടെ പ്രതിഷ്ഠയാണെന്നും വിശ്വസിക്കുന്നു. ഇവിടെ മഞ്ഞപ്പൊടി വിതറി കര്‍പ്പൂരദീപവും മറ്റും ആരാധിക്കാറുണ്ട്‌. ഇവിടെയുള്ള കിണറും കുളവും മണികണ്ട്ഠൻ വില്ലും ശരവും ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം. അയ്യപ്പനും അദ്ദേഹത്തിന്റെ സൈന്യവും ഈ കിണറുകളിൽ നിന്ന് വെള്ളം കുടിച്ച് ദാഹശമനം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. ഭഗവാന്റെ കിങ്കരനായ കൊച്ചുകടുത്ത സ്വാമിയുടെയും, കരിമല ഭഗവതിയുടെയും ആസ്ഥാനമായി കരിമല കരുതപ്പെടുന്നു.
ഇനി മലയിറക്കമാണ്. കയറ്റത്തേക്കാള്‍ അപകടകരമാണ് കരിമലയിറങ്ങുന്നത്. കരിമലയുടെ താഴെയാണ് കുമ്പളംതോട്. വിസ്താരമേറിയ രണ്ട് സമതലഭൂമികൾ വലിയാനവട്ടവും, ചെറിയാനവെട്ടവും. മലയിറങ്ങി എത്തുന്നത് വിശാലമായ വലിയാനവട്ടം പ്രദേശത്താണ്. കഠിനയാത്രയിലൂടെ ക്ഷീണിച്ചെത്തുന്ന അയ്യപ്പന്‍മാര്‍ വിരിവെച്ച് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. പിതൃതര്‍പ്പണം നടത്താനുള്ള സൌകര്യവും വലിയാനവട്ടത്തുണ്ട്. തുടര്‍ന്ന് നടന്നെത്തുന്നത് ചെറിയാനവട്ടത്ത്. അവിടെയും അയ്യപ്പന്‍മാര്‍ വിരിവെച്ച് വിശ്രമിക്കാറുണ്ട്. ഇവിടെ നിന്ന് പമ്പയിലേക്കും നീലിമലയിലേക്കും പോകാം. നീലിമല വഴിയാണ് തിരുവാഭരണഘോഷയാത്ര കടന്നുപോകുന്നത്. ഈ രണ്ടു വഴികളിലൂടെയും സന്നിധാനത്തേക്ക് പോകാം. പന്തളത്തുനിന്നു തിരുവാഭരണങ്ങൾ കൊണ്ടുവരുമ്പോൾ അത് കുറച്ചു സമയം വയ്ക്കുവാനുള്ള പീഠം ഇവിടെയുണ്ട്. ചെറിയാനവട്ടത്തിൽ നിന്നും തീർത്ഥാടകർ എത്തിച്ചേരുന്നത്. വിശാലമായ പമ്പാതീരത്തിലാണ്.
പമ്പ സ്നാനം
➖➖➖➖➖➖➖➖➖
പെരിയാറും ഭാരത പുഴയും കഴിഞ്ഞാൽ കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാ നദി. ശബരി മലയുടെ സാന്നിധ്യം മൂലം പുണ്യ നദിയായി അറിയപ്പെടുന്ന പമ്പയെ ദക്ഷിണ ഗംഗയെന്നും വിളിക്കുന്നു. പമ്പാ നദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചി മലയിലാണ്‌. പിന്നീടത് 176 കിലോമീറ്റർ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. നീലക്കൊടുവേലി മുതലായ ഔഷധസസ്യങ്ങൾ
നിറഞ്ഞ കാട്ടിലൂടെ ഒഴുകി വരുന്ന പമ്പ സർവ രോഗ സംഹാരി കൂടിയാണ്. എരുമേലി മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഉള്ള
എത്ര കടുത്ത ക്ഷിണവും നിമിഷങ്ങൾക്കകം പമ്പ സ്നാനത്തില്ലുടെ മാറ്റിയെടുക്കാം.
1. പമ്പ സ്നാനം നടത്തുംമ്പോൾ ആഴം കൂടിയ ഭാഗത്ത്‌ പോകരുത്‌. സുരക്ഷാ മൂന്നാറിയിപ്പ്‌ ശ്രദ്ധിക്കണം.
2. പമ്പ മണൽപ്പുറത്ത്‌ പാചക വാതകം തുടങ്ങിയ ഇന്ധനം ഉപയോഗിച്ച്‌ പാചകം ചെയ്യാൻ പാടില്ല. അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച്‌ കെടുത്തണം.
3. കുടിക്കുവാൻ ശുദ്ധ ജലം ഉപയോഗിക്കണം.
4. മല മൂത്ര വിസർജ്ജനത്തിന്‌ സുചിമുറിതന്നെ ഉപയോഗിക്കണം.
5. പമ്പാനദിയില്‍ ഉടുത്ത വസ്‌ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല.
6. പമ്പ നദിയും പരിസരവും മലിനപ്പെടുത്താൻ പാടില്ല.
7. പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത്‌ ആചാരമല്ല
8. ശബരിമലയില്‍ ഉത്സവത്തിന്‍െറ ഭാഗമായി പമ്പയില്‍ ആറാട്ടുനടക്കുന്ന ദിവസം പമ്പയിലും യൗവനയുക്തകളായ സ്‌ത്രീകള്‍ വരാന്‍ പാടില്ല.
പമ്പ ബലി തർപ്പണം
➖➖➖➖➖➖➖➖➖
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യ സ്നാനംകഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലി തറയും കർമ്മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും (രാപകൽ ഭേദമന്യേ) മറവ പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സേനാംഗങ്ങള്‍ക്ക് അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അത് പോലെ ശബരിയ്ക്ക് മോക്ഷം കൊടുത്ത ശേഷംരാമ ലക്ഷ്മണന്മാരും ദശരഥനും ശബരിയ്ക്കും വേണ്ടി പമ്പ തീരത്ത്‌ ബലി തർപ്പണം നടത്തിയെന്നും ഐതീഹ്യമുണ്ട്.
ജീവികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിണാമത്തിന്റെ കോണിപ്പടിയിൽ ആലേഘനം ചെയ്യപ്പെടുകയും സാവകാശം വരും തലമുറയിലേക്ക് ഒഴുകി എത്തുകയും ചെയ്യുന്നു.  ശരിക്കും പറഞ്ഞാൽ നമ്മുടെ നൂറോ ആയിരമോ അതിനുമൊക്കെ അപ്പുറമോ ആരൊക്കെയോ കണ്ട സ്വപ്നങ്ങളുടെ ഫലപ്രാപ്തിയാണ് ഇന്നത്തെ നാം ഓരോരുത്തരും. അപ്പോൾ നമ്മളുടെ ജിവിത രീതി, സ്വഭാവ വിശേഷങ്ങൾ, ആഗ്രങ്ങൾ സ്വപ്നങ്ങൾ... എല്ലാം നൂറ്റാണ്ടുകൾക്കപ്പുറം നമ്മുടെ തലമുറയുടെ രൂപ ഭാവമായി മാറുന്നു. ഇവരെ വർഷത്തിൽ ഒരിക്കലെങ്കിലും ഓർമ്മിക്കുക. ഇതാണ് നമ്മുക്ക് അവർക്ക് നൽക്കാൻ കഴിയുന്ന എറ്റവും വലിയ ആദരവ്.
മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്‍റെ ബലിപിണ്ഡവുമായി ഒരു നാള്‍. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്‍കുന്ന ഭോജ-നമാണ് ഈ ബലി തർപ്പണം. ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. 
പാപനാശിനിയും പുണ്യതീർത്ഥവുമായ പമ്പയിൽ ബലികർമ്മം നടത്തിയാൽ മാത്രമേ ശബരിമല യാത്രയുടെ ഗുണഫലം ലഭിക്കുകയുള്ളു.  [പംപാ (പമ്പ) എന്നത് തിരിച്ചെഴുതിയാൽ പാപം എന്നായി അഥവാ പാപത്തിന്റെ വിപരീതമാണ് പംപാ (പമ്പ) എന്നത്.
പമ്പ സദ്യയും പമ്പ വിളക്കും
➖➖➖➖➖➖➖➖➖
മകരവിളക്കിന്റെ തലേദിവസമാണ് പമ്പാസദ്യയും പമ്പവിളക്കും പമ്പാതീരത്ത് ഒരുക്കുന്നത്. മറവ പടയ്ക്കുമേൽ വിജയം നേടിയ സൈനികർക്കാണ് ആദ്യം പമ്പസദ്യ ഒരുക്കിയത്. അതിൽ അയ്യപ്പനും പങ്കെടുത്തിരുന്നു. അതിന്റെ ഓർമ്മയ്ക്കാണ് ഇപ്പോഴും സദ്യ നടത്തുന്നത്. പമ്പാസദ്യയുണ്ണുന്നത് ഭഗവാനോപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന പുണ്യകർമ്മമാണ്. [അന്നദാന പ്രഭുവെ എന്നുള്ള ശരണ മന്ത്രം ഇവിടെ സ്മരികെണ്ടതാണ്] ഉച്ചനീചത്വം മറന്ന് സദ്യ നടത്തുമ്പോൾ സമഭാവനയുടെ ലോകത്തെവിടെയും കാണാൻ കഴിയാത്ത ഏകതാഭാവം പമ്പാസദ്യയിൽ ദർശിക്കുവാൻ സാധിക്കും. പമ്പാസദ്യ കഴിഞ്ഞ് സന്ധ്യയോടുകൂടിയാണ് പമ്പാവിളക്ക്. മറവ പടയ്ക്കുമേൽ അയ്യപ്പൻ തേടിയ വിജയത്തിന്റെ പ്രതികമായാണ് പമ്പാവിളക്ക് നടത്തുന്നത്. വാഴപ്പിണ്ടിയാൽ മൺചിരാതുകൊണ്ടും മരയോട്ടിക്കായ കൊണ്ടും  കമുകിന്‍പോളയും മറ്റും കൊണ്ടുണ്ടാക്കിയ ചെറിയ ഓടങ്ങളില്‍  എണ്ണ വിളക്കുകള്‍ തെളിയിച്ച് പമ്പയിലൊഴുക്കി വിടുന്നതിനെയാണ് പമ്പാവിളക്ക് എന്ന് പറയുന്നത്. 
പമ്പായിൽ നിന്ന് സനിധാനം വരെ
പമ്പാ ഗണപതി:
➖➖➖➖➖➖➖➖➖
പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി പ്രാർത്തിച്ച്. പമ്പാ ഗണപതിക്കു നാളികേരം ഉടച്ച് നാഗരാജാവ്, പാര്‍വതി, ആദിമൂല ഗണപതി, ഹനുമാന്‍, ശ്രീരാമന്‍ എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹം വാങ്ങി വിണ്ടും യാത്ര തുടരാം.
നീലിമല:
➖➖➖➖➖➖➖➖➖
കഠിനമാണ് നീലിമല കയറ്റം. ചെങ്കുത്തായ കയറ്റമാണ് നീലിമല. പതുക്കെ വിശ്രമിച്ച് സാവധാനം കയറുന്നതാണ് ഉത്തമം. ശാരീരിക അവശതയുള്ളവര്‍ക്കും രോഗികള്‍ക്കുമായി ഓക്സിജന്‍ പാര്‍ലര്‍, കാര്‍ഡിയോളജി യൂണിറ്റ് എന്നിവയുടെ സഹായം ലഭ്യമാണ്. നീലിമല കയറ്റം അവസാനിക്കുന്ന ഭാഗത്തിന് അപ്പാച്ചിമേട് എന്ന് പറയുന്നു.
അപ്പാച്ചിമേട്:
➖➖➖➖➖➖➖➖➖
ശാസ്‍താ ദാസനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനായി ഇവിടുത്തെ പാതയുടെ ഇരുവശത്തുമുള്ള ആഗാധഗർതത്തിൽ [അപ്പാച്ചി, ഇപ്പാച്ചി] കന്നി സ്വാമിമാർ അരിമാവ് കുഴച്ച് ഉണ്ടാക്കിയ ഉണ്ടകൾ എറിയുന്നു. ഇവിടെയുള്ള ദുർഭൂതങ്ങളെ പ്രീതിപ്പെടുത്തി കൊണ് മുന്നോട്ട് പോവുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശബരിപീഠം:
➖➖➖➖➖➖➖➖➖
നീലിമല കയറിയെത്തുന്ന തിരുവാഭരണ ഘോഷയാത്ര ശബരിപീഠം വഴിയാണ് സന്നിധാനത്തേക്ക് പോകുന്നത്. വനത്തിനുള്ളിലെ ഏഴു കോട്ടകളിലൊന്നാണ് ശബരിപീഠം. ശ്രീരാമന്റെ വനവാസകാലത്ത് ഇവിടെ തപസ് ചെയ്‍ത ശബരിക്ക് ഭഗവാന്‍ മോക്ഷം നല്‍കിയതിനാലാണ് ശബരിപീഠം എന്ന പേര്‍ ലഭിച്ചതത്രെ. ഇവിടെ നാളികേരം ഉടയ്ക്കുകയും, വെടിവഴിപാട് നടത്തുകയും ചെയ്യുംന്നത് ഐശ്വര്യപ്രദമാണ്. മോക്ഷപ്രാപ്തിക്കായി കർപ്പൂരാരാധനയും നടത്തപ്പെടുന്നു.
ശരംകുത്തി:
➖➖➖➖➖➖➖➖➖
ഉദയന്റെ നേതൃത്വത്തിലുള്ള മറവപ്പടയെ കീഴടക്കിയ അയ്യപ്പനും സംഘവും അവരുടെ ശരങ്ങളും മറ്റ് ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലമാണ് ശരംകുത്തി. എരുമേലിയില്‍ പേട്ട കെട്ടിവരുന്ന കന്നി അയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ നിക്ഷേപിച്ചു വേണം യാത്ര തുടരേണ്ടത്.
ജീവിതലക്ഷ്യം പൂർത്തീകരിച്ച ശേഷം മണികണ്ഠൻ പന്തള രാജാവിനോട് പറഞ്ഞു. എന്റെ അവതാരോദ്ദേശം പൂർത്തീകരിച്ചു. ഇനി ഞാൻ സ്വസ്ഥമായ ഒരു സ്ഥലത്ത് ഇരിക്കാൻ പോവുകയാണ്. അത് പറഞ്ഞു മണികണ്ഠൻ ഒരു ശരം തുടുത്തുവിട്ടു . അത് കരിമലക്കും അപ്പുറം ഒരു അരയാലിൽ ചെന്ന് പതിച്ചു. അതാണ്‌ ശരംകുത്തിയാല് മുമ്പ് ഇവിടെ ഒരു ആൽ മരം ഉണ്ടായിരുന്നു തീർത്ഥാടകർക്ക് സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടി അത് വെട്ടി മാറ്റി തറ നിരപ്പാക്കി.
മാളികപ്പുറത്തമ്മക്ക് അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അയ്യപ്പൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.എന്നെ കാണാൻ കന്നി അയ്യപ്പന്മാർ വരാതിരിക്കുന്ന വർഷം ഞാൻ നിന്നെ വിവാഹം കഴിക്കുന്നതായിരിക്കും. അതുവരെ നീ മാളികപ്പുറത്തമ്മയായി ശബരിമലക്ക് വടക്ക് ഭാഗത്തായി വാഴും, എന്നെ കാണാൻ എത്തുന്ന ഭക്തർ നിന്നെയും കണ്ടു തൊഴാതെ മടങ്ങില്ല. മകരസംക്രമത്തിന് കന്നി അയ്യപ്പന്മാർ എത്തിയിട്ടുണ്ടൊ എന്നറിയാൻ മാളികപ്പുറത്തമ്മ ശരംകുത്തിവരെ എഴുന്നൊള്ളന്നു. ഒട്ടെറെ ശരങ്ങൾ ഇവിടെ കാണുമ്പോൾ നിരാശയോടെ മടങ്ങിപ്പോകുന്നു.
ശബരിമല ഉള്ള കാലത്തോളം ശരംകുത്തിയിൽ ശരങ്ങളും, കന്നിയ്യപ്പന്മാരും ഇല്ലാത്ത വര്ഷം ഉണ്ടാകുമോ ? മണ്ടലപൂജക്ക് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ചു സന്നിധാനത്തിലേക്ക് ആനയിക്കുന്നതു ശരംകുത്തിയിൽ നിന്നാണ്. ഇവിടെ നാളികേരം ഉടയ്ക്കുന്നത് വഴിപാടാണ്. ശരംകുത്തിയിൽ ശരക്കോൽ എറിയുന്നത് മനസ്സിന്റെ ഏകാഗ്രതയുടെ പ്രതീകമാണ്. ശരംകുത്തിയിൽ നിന്നും സന്നിധാനത്തിലേക്കാണ് അയ്യപ്പന്മാർ പോകുന്നത്.
മരക്കൂട്ടം:
➖➖➖➖➖➖➖➖➖
ഇവിടെ നിന്ന് സന്നിധാനത്തേക്കുള്ള വഴി രണ്ടായി പിരിയുന്നു. ശരംകുത്തി വഴിയും ഇടത്തേക്ക് തിരിഞ്ഞ് ചന്ദ്രാനന്ദന്‍ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. 
പതിനെട്ട് പടികള്‍
➖➖➖➖➖➖➖➖➖
പതിനെട്ട് തത്ത്വ സോപാനങ്ങൾ
➖➖➖➖➖➖➖➖➖
ശബരിമല സന്നിധാനത്തേയ്ക്ക് അയ്യപ്പ ദര്‍ശനത്തിനായി വരുന്നവര്‍ പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെ സവിധത്തിലെത്തുന്നത്. തത്ത്വമസി പൊരുളായ ഭഗവാനിലേയ്ക്ക് ഭക്തന്‍ എത്തുന്നത് പതിനെട്ട് പടവുകള്‍ താണ്ടിയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാം പടി.
ശബരിമല ക്ഷേത്രം ഏതു പ്രകാരം നിര്‍മ്മിക്കണമെന്ന് മണികണ്ഠസ്വാമി പന്തളരാജാവിനു നല്‍കുന്ന ഉപദേശം ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായത്തില്‍കാണാം. പതിനെട്ടാംപടിയേക്കുറിച്ചു മണികണ്ഠന്‍ പറയുന്നു
ക്ഷേത്രത്തില്‍ എന്റെ ലിംഗ പ്രതിഷ്ഠയുടെ കിഴക്കുഭാഗത്ത് പതിനെട്ടു പടിയോടുകൂടിയ സോപാനം നിര്‍മ്മിച്ചു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യ എന്നിവയെ കടന്നാലേ നിര്‍ഗുണനായ എന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേപോലെ പതിനെട്ടു പടികയറിവന്നാല്‍ ഭക്തര്‍ക്ക് എന്റെലിംഗം കാണാന്‍ കഴിയണം.
മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വ സോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തളമഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍കാണാം.
പതിനെട്ട് മലകൾ
➖➖➖➖➖➖➖➖➖
ശബരിമലശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. 1.പൊന്നമ്പലമേട്, 2.ഗൗഡൻമല, 3.നാഗമല, 4.സുന്ദരമല, 5.ചിറ്റമ്പലമല, 6.കൽക്കിമല, 7.മാതംഗമല, 8.മൈലാടുംമല, 9.ശ്രീപാദമല, 10.ദേവർമല, 11.നിലയ്ക്കൽമല, 12.തലപ്പാറമല, 13.നീലിമല, 14.കരിമല, 15.പുതുശേരിമല, 16.കാളകെട്ടിമല, 17.ഇഞ്ചിപ്പാറമല, 18.ശബരിമല
എന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നുംകരുതാം. ഓരോമലയുടേയും ദേവതഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നു ചെന്ന് മലദേവതകളെ വന്ദിച്ച് ശാസ്താവിനെ ദര്‍ശിക്കുന്നു എന്നുസാരം.
പതിനെട്ടുതരം ആയുധങ്ങള്‍
➖➖➖➖➖➖➖➖➖
ചുരിക മുതല്‍ അസ്ത്രം വരെയുള്ള പതിനെട്ടുതരം ആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ ഓരോന്നും ഓരോ പടികളായി പരിണമിച്ചു വെന്നും ഒരു സങ്കല്പമുണ്ട്.
പതിനെട്ട് ശാസ്രങ്ങൾ
➖➖➖➖➖➖➖➖➖
ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്.
നാല് വേദങ്ങൾ-
1.ഋഗ്വേദം, 2.യജുർവേദം, 3.സാമവേദം, 4.അഥർവവേദം.
ആറു ദർശനങ്ങൾ-
5.സാംഖ്യം, 6.വൈശേഷികം, 7.യോഗം, 8.ന്യായം, 9.മീമാംസ, 10.വേദാന്തം.
ആറ് അംഗങ്ങൾ-
11.ശിക്ഷ, 12.കല്പം, 13.വ്യാകരണം, 14.നിരുക്തം, 15.ഛന്ദസ്, 16.ജ്യോതിഷം.
രണ്ട് പ്രധാനകൃതികൾ-
17.രാമായണം, 18.മഹാഭാരതം. പതിനെട്ടാം പടി ഇതിനേയും പ്രതിനിധീകരിക്കുന്നു. 
ഇന്ദ്രിയങ്ങൾ
➖➖➖➖➖➖➖➖➖
പതിനെട്ടാം പടിയിലെ ഓരോ പടിക്കും പറയാൻ വിശ്വാസത്തിന്റെ കഥകൾ ഇനിയും ഏറെയാണ്. ആദ്യത്തെ അഞ്ച് പടികൾ അ‌ഞ്ച് കര്‍മേന്ദ്രിയങ്ങള്‍
1.കൈ, 2.കാൽ, 3.നാക്ക്, 4.ഗുദം [വിസർജനാവയവങ്ങൾ],
5.ഉപസ്ഥം [ലിംഗം]
എന്നിവ കര്‍മേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു. അടുത്ത് അഞ്ച് പടികൾ ജ്ഞാനേന്ദ്രീയങ്ങൾ
6.കണ്ണ്, 7.ചെവി, 8.മൂക്ക്, 9.നാക്ക്, 10.ത്വക്ക്.
മനുഷ്യരെ ആത്മസാക്ഷാത്ക്കാരത്തിനു തടസ്സമായി നില്‍ക്ക്കുന്ന ശത്രുക്കളാണ് അടുത്ത എട്ട് പടികൾ ജീവിതത്തിൽ ഒഴിവാക്കേണ്ട
11.കാമം, 12.ക്രോധം, 13.ലോഭം, 14.മോഹം, 15.മദം, 16.മാൽസര്യം, 17.അസൂയ, 18.ദഭ്. ആദ്യ പത്ത് പടികൾ നമസ്കരിക്കുമ്പോൾ കർമേന്ദ്രീയങ്ങളെയും ജ്ഞാനേന്ദ്രീയങ്ങളെയും ശുദ്ധികരിക്കുന്നു. അടുത്ത എട്ട് പടികൾ നമസ്കരിക്കുമ്പോൾ ഒഴിവാക്കേണ്ടവയെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ ശുദ്ധീകരിച്ച മനസുമായി ഭഗവാന്റെ അടുത്തേക്കെത്തുമ്പോൾ ഭക്തൻ ഭഗവാൻ തന്നെയാകുന്നു. 'തത്വമസി' എന്ന വാക്ക് അർത്ഥ പൂർണമാകുന്നതും ഇവിടെയാണ്.
പതിനെട്ടിന്റെ മഹത്വം പന്തളം കൊട്ടാരത്തിലും കാണാം. കൊട്ടാരത്തിലെ പ്രധാനകവാടമായ പടിപ്പുര മാളികയിലേക്കു കടക്കാനും പതിനെട്ട് പടികളാണ്. പന്തളത്തു നിന്ന് ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്ന പന്തളം രാജാവ് പരദേവതയായ മണ്ണടി ഭഗവതിയെ തൊഴുത് പടിപ്പുര മാളികയുടെ പതിനെട്ടുപടികൾ ഇറങ്ങിയാണ് യാത്ര തിരിക്കുന്നത്.
കാനനക്ഷേത്രമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്ന് സംരക്ഷണം നൽകുവാനവണം ഉയരത്തിൽ ക്ഷേത്രം നിർമിച്ചത്. പതിനെട്ടാംപടിക്ക് കാവലായി ഇടത് കറുപ്പസ്വാമിയും വലത് കടുത്തസ്വാമിയും ഭൂതഗണങ്ങളോടു കൂടി കാവലുണ്ട്. നാളികേരം ഉടച്ചു വേണം പടി ചവിട്ടാൻ. പരിശുദ്ധമായ പടിയായതിനാൽ വൃതാനുഷ്ഠാനവും ഇരുമുടികെട്ടും നിർബന്ധം.
പതിനെട്ടു തത്വങ്ങളുടെ ഇരിപ്പിടവും പരമപവിത്രവുമായതിനാല്‍ വ്രതനിഷ്ഠയില്ലാത്തവര്‍ ഈ ദിവ്യസോപാനങ്ങള്‍ ചവുട്ടിക്കയറുന്നതിന് യോഗ്യരല്ല. ഇരുമുടിക്കെട്ടും ഏന്തിവരുന്ന ഭക്തര്‍ക്കേ പതിനെട്ടാംപടി ചവുട്ടാനുള്ള അര്‍ഹതയുള്ളൂ. ശബരിമല തന്ത്രിക്കും, പന്തളരാജ പ്രതിനിധിക്കും ഇരുമുടിയില്ലാതെ പടിചവുട്ടാം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരമുടച്ച് ആയിരുന്നു പണ്ടുകാലങ്ങളില്‍ അയ്യപ്പന്മാര്‍ സ്വാമിദര്‍ശനം നടത്തിയിരുന്നത്. പതിനെട്ടുപടികളിലും തേങ്ങയുടച്ചു കയറുന്ന പതിവുമുണ്ടായിരുന്നു. കന്നിസ്വാമിയായി വരുന്നയാള്‍ ഒന്നാം പടിയിലും പതിനെട്ടാം തവണ (വര്‍ഷം) മലചവുട്ടുന്നയാള്‍ പതിനെട്ടാം പടിയിലും നാളികേരംഉടയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. പതിനെട്ടുപടികളിലും പതിനെട്ടു വര്‍ഷങ്ങള്‍കൊണ്ട് നാളികേരമുടച്ച്‌ സ്വാമിദര്‍ശനം നടത്തുന്ന ഭക്തന്‍ ആ വര്‍ഷം ശബരിമലയില്‍ ഒരു തെങ്ങു നടണമെന്നും ആചാരമുണ്ട്. പതിനെട്ടാം പടിയെപരിശുദ്ധമായ നാളികേരജലത്താല്‍ അഭിക്ഷേകം ചെയ്യുന്ന ചടങ്ങാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും; തന്റെ പാപങ്ങളെയെല്ലാം ഭഗവദ്‌സന്നിധിയില്‍ തച്ചുടയ്ക്കുന്നതിന്റെ പ്രതീകമാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടു വര്‍ഷം മലചവുട്ടിയ അയ്യപ്പ ഭക്തന്‍ 19-ാം വര്‍ഷം വീണ്ടും ഒന്നാം പടിയില്‍ നാളികേര മടിച്ച് ദര്‍ശനം നടത്തുന്നു.
പതിനെട്ടാം പടിയില്‍ നിരന്തരമായി നാളികേരമുടയ്ക്കല്‍ നടന്നു വന്നതിനാല്‍ കരിങ്കല്‍പ്പടികള്‍ക്കു നാശം സംഭവിച്ചു. അതുമൂലം പഞ്ചലോഹം കൊണ്ട് പൊതിഞ്ഞ് ഇപ്പോള്‍ സംരക്ഷിക്കുന്നു. പടികളില്‍ നാളികേരം ഉടയ്ക്കുന്നതും നിര്‍ത്തലാക്കി. പടികളുടെ ഇരുവശത്തുമായി കറുപ്പസ്വാമിയും കറുപ്പായി അമ്മയും കടുത്തസ്വാമിയും ശബരിമലക്ഷേത്രത്തിനു കാവല്‍ നില്‍ക്കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നാളികേരമുടച്ച് പടികളുടെ ചുവട്ടിലുള്ള ജലപ്രവാഹത്തില്‍കാല്‍ നനച്ച് പതിനെട്ടുപടികളും തൊട്ടുവന്ദിച്ചുവേണം പതിനെട്ടാം പടികയറുവാന്‍. ഇടതുകാല്‍വെച്ച് പടികയറുവാന്‍ ആരംഭിക്കരുത്. മുന്‍പ് ദര്‍ശനം കഴിഞ്ഞുമടങ്ങുന്ന ഭക്തര്‍ പതിനെട്ടാം പടിക്കുമുകളില്‍ നാളികേരം ഉടച്ച് ഭഗവാനെ വന്ദിച്ച് പുറം തിരിയാതെ ഓരോപടിയും തൊട്ടുവന്ദിച്ച് പടികളിറങ്ങി മടക്കയാത്ര ആരംഭിച്ചിരുന്നു. ഭക്തജനബാഹുല്യം കാരണം ഇപ്പോള്‍ പതിനെട്ടാം പടി ഇറങ്ങുവാന്‍ ഭക്തരെ അനുവദിക്കാറില്ല. പടിയുടെമുകളില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് നാളികേരമുടച്ച് ശരണം വിളിച്ച്‌ വടക്കേനടവഴി ഇറങ്ങിയാണ് ഇപ്പോള്‍ ഭക്തരുടെമടക്കയാത്ര. ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിനോളംതന്നെ പ്രാധാന്യം പതിനെട്ടാം പടിക്കുമുണ്ട്. അതിനാല്‍ ഭക്തര്‍ പതിനെട്ടാം പടിയെ ഭക്തിപൂര്‍വ്വം ശരണം വിളിയിലൂടെയും സ്മരിക്കുന്നു.
ശബരിമല പൂജാക്രമം
➖➖➖➖➖➖➖➖➖
ശബരിമലയില്‍ മണ്ഡലപൂജയ്ക്കായി തുലാം അവസാനത്തെ ദിവസം നടതുറക്കും. അന്ന് ഒരു പൂജയുമില്ല. ഭസ്മാഭിഷിക്തനായിരിക്കുന്ന അയ്യപ്പനെ അപ്പോള്‍ ദര്‍ശിക്കാം. അന്നു വൈകീട്ടാണ് തന്ത്രി പുതിയ മേല്‍ശാന്തിയെ അവരോധിക്കുന്നത്. അതിനുശേഷം ശ്രീകോവിലിനുള്ളില്‍ തന്ത്രി, മേല്‍ശാന്തിക്ക് മന്ത്രോപദേശം നല്‍കും. 
എല്ലാ ദിവസവും മൂന്നു പൂജയാണ് അയ്യപ്പസന്നിധിയില്‍ നടത്തുന്നത്. ഉഷഃപൂജ,ഉച്ചപ്പൂജ, അത്താഴ പൂജ. രാവിലെ നാലുമണിക്ക് നടതുറന്നാല്‍ തന്ത്രി ആദ്യമായി അഭിഷേകം നടത്തും. അതിനുശേഷം ഗണപതിഹോമം. 7.30നാണ് ഉഷഃപൂജ. ഉഷഃപൂജക്ക് നൈവേദ്യം ഉഷപ്പായസമാണ്. ഇടിചുപിഴിഞ്ഞ പായസമാണ് ഉഷപ്പായസം. പ്രധാന നൈവേദ്യം അയ്യപ്പന് നല്‍കി നടയടച് പുറത്തുവന്നശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്ക് നൈവേദ്യം നല്‍കും. പിന്നീട് നടതുറന്ന് വീണ്ടും അടച്ചശേഷം പ്രസന്നപൂജ.  ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 വരെ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ. മണ്ഡപത്തില്‍ പ്രത്യേകം പൂജിച്ചു വച്ചിരിക്കുന്ന 25 കലശം തന്ത്രി, വിഗ്രഹത്തില്‍ അഭിഷേകം നടത്തും. തുടര്‍ന്ന് നൈവേദ്യം. ഉച്ചപ്പൂജക്കുശേഷം നടയടച്ചാല്‍ വൈകീട്ട് നാലിന് നട തുറക്കും. സന്ധ്യക്ക് ദീപാരാധന. അതിനുശേഷം വഴിപാടായി പുഷ്പാഭിഷേകം. എല്ലാ ദിവസവും മുടങ്ങാതെ പുഷ്പാഭിഷേകമുണ്ടാവും. രാത്രി പത്തുമണിക്കുശേഷം അത്താഴപൂജ. അപ്പവും പാനകവും നിവേദിക്കും. പൂജക്കുശേഷം ഇവ പ്രസാദമായി നല്‍കും. അത്താഴപൂജ കഴിഞ്ഞ് ശ്രീകോവില്‍ വൃത്തിയാക്കിയ ശേഷം ഹരിവരാസനം ചൊല്ലി നടയടയ്ക്കും. 
എരുമേലി ക്ഷേത്രദര്‍ശന സമയംരാവിലെ 5 മുതല്‍ ഉചയ്ക്ക് 12 വരെ, വൈകുന്നേരം 5 മുതല്‍ 10 വരെ ഫോണ്‍ 04828 210448
പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം രാവിലെ 5 മുതല്‍ 12 വരെ, വൈകുന്നേരം 5 മുതല്‍ 8.30 വരെ

പന്തളത്ത് തിരുവാഭരണ ദര്‍ശനം രാവിലെ 5 മുതല്‍ രാത്രി 8 വരെ തുടര്‍ചയായി.
ഫോണ്‍: 9496 036469
കൊട്ടാരം 94471 22413
NB :- (മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നട അടച്ച് തുറക്കുന്നത് വരെയുള്ള ഇടവേളയില്‍ തിരുവാഭരണദര്‍ശനം ഉണ്ടാവില്ല.)
മാളികപ്പുറത്തമ്മ
➖➖➖➖➖➖➖➖➖
ശബരിമലയില്‍ അയ്യപ്പസ്വാമിക്കു തുല്യ പ്രാധാന്യം മാളികപ്പുറത്തമ്മയ്ക്കും ഉണ്ട്. മനോഹരമായ മാളികയുടെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ആലയത്തില്‍ കുടികൊള്ളുന്നവളായതിനാല്‍; മാളികമുകളില്‍ ഇരിക്കുന്നവളായതിനാല്‍ ദേവിക്ക് മാളികപ്പുറത്തമ്മ എന്നു പേരുലഭിച്ചു.
ത്രിമൂര്‍ത്തികളുടെ (ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരുടെ) അംശം ഒന്നുചേര്‍ന്ന് അത്രിമഹര്‍ഷിയുടേയും അനസൂയയുടേയും പുത്രനായ ദത്താത്രേയനായും ത്രിദേവിമാരുടെ (വാണീ ലക്ഷ്മീ പാര്‍വതിമാരുടെ)  അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഗാലവ മഹര്‍ഷിയുടെ പുത്രിയായ ലീലയായും പിറന്നു.
ദത്താത്രേയനും ലീലയുമായുള്ള വിവാഹവും ദത്തശാപത്താല്‍ ലീല മഹിഷിയായിമാറുന്നതും പന്തളകുമാരനായ മണികണ്ഠന്‍ മഹിഷിക്കു ശാപമോക്ഷം നല്‍കുന്നതുമെല്ലാം ഭൂതനാഥോപാഖ്യാനത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. അഹങ്കാരമെല്ലാമൊഴിഞ്ഞു തന്നെ സമാശ്രയിച്ച മഹിഷിയുടെ ശരീരത്തില്‍ കരുണാമയനായ ഭൂതനാഥന്‍ തന്റെ തൃക്കരങ്ങളാല്‍ അലിവോടെ തലോടി. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്‌നം ഉത്ഭവിച്ചു.
ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങളും  മനോഹരമായ ഉടയാടകളും അണിഞ്ഞ ആ കന്യക അനേകം ദിവ്യനാരിമാരോടൊരുമിച്ച് വിമാനത്തില്‍ ശോഭിച്ചു. ദേവവൃന്ദങ്ങളാല്‍ പോലും വന്ദിക്കപ്പെട്ടവളായ ആ ദേവി മണികണ്ഠസ്വാമിയോടു പറഞ്ഞു: ഭഗവാനേ, അങ്ങയുടെ കൃപയാല്‍ എനിക്കു ശാപമോക്ഷം ലഭിച്ചു. അങ്ങയുടെ ശക്തിയായിത്തന്നെ ഞാന്‍ വര്‍ത്തിക്കുന്നതാണ്. കൃപാനിധിയായ ഭൂതനാഥന്‍ മന്ദം ദേവിയോടു പറഞ്ഞു: നിര്‍മ്മലയായ ഭവതി എന്റെ ശക്തിതന്നെയാണ്.
എന്നിരിക്കിലും ഈ ജന്‍മം എനിക്ക് ബ്രഹ്മചാരിത്വം കൈവെടിയാനാവില്ല. അതിനാല്‍ എന്റെ സഹജയായി (സഹോദരിയായി) മഞ്ജമാതാവെന്ന ധന്യമായ നാമത്തോടെ, ദേവപൂജിതയായി, ഭവതി ഞാന്‍ കുടികൊള്ളുന്നതിന്റെ അല്‍പംദൂരെ ഇടതു ഭാഗത്തായി വസിച്ചാലും. ഭഗവാന്‍ ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ആ നിര്‍ദ്ദേശം സ്വീകരിച്ച് മഞ്ജമാതാവ് അപ്രത്യക്ഷയായി എന്ന് ഭൂതനാഥോപാഖ്യാനം ആറാം അദ്ധ്യായത്തില്‍ പറയുന്നു.
ശബരിമലക്ഷേത്രം നിര്‍മ്മിക്കേണ്ടവിധം മണികണ്ഠന്‍ പന്തളരാജാവിനു പറഞ്ഞുകൊടുക്കുന്ന സന്ദര്‍ഭത്തില്‍ പറയുന്നു: ലീലാസ്വരൂപിണിയായ മഞ്ജാംബികയ്ക്ക് ഒരുമാളിക എന്റെ വാമഭാഗത്തായി നിര്‍മ്മിക്കണം (ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായം).സ്വാമി നിര്‍ദ്ദേശമനുസരിച്ച് ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. ശബരിമലയില്‍ ഭൂതനാഥ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ്. അഗസ്ത്യമഹര്‍ഷിയും പന്തളരാജാവും സാലപുരസ്ഥിതനായ ആചാര്യനും (താഴമണ്‍) അതിനു സാക്ഷികളായി. തുടര്‍ന്ന് മഞ്ജാംബികയുടെ വിഗ്രഹം ആചാര്യന്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യഭാര്‍ഗ്ഗവരാമാദികള്‍ അതിനു സാക്ഷ്യംവഹിച്ചു എന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധ്യായത്തില്‍ പറയുന്നു.
ഭൂതനാഥന്റെ സഹജ എന്ന സ്ഥാനമാണു മാളികപ്പുറത്തമ്മയ്ക്ക് എന്നു ഭൂതനാഥോപാഖ്യാനത്തില്‍ പറയുന്നു. തന്റെ ചിഛക്തിയാണ് മഞ്ജാംബിക എന്ന് ഭൂതനാഥന്‍ സൂചിപ്പിക്കുന്നുമുണ്ട്. അയ്യപ്പനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഇച്ഛിച്ച കന്യക എന്നാണു ഭക്തരുടെ മനസ്സില്‍ മാളികപ്പുറത്തമ്മയ്ക്ക് ഇന്നുള്ള സ്ഥാനം. ഒരു കന്നി അയ്യപ്പന്‍ പോലും തന്നെ കാണാനായി ശബരിമലയില്‍ വരാത്ത ഒരുവര്‍ഷം ഉണ്ടായാല്‍ അന്നു ദേവിയെ വിവാഹം ചെയ്തുകൊള്ളാം എന്നാണു അയ്യപ്പന്റെ വാഗ്ദാനം എന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മകരവിളക്കിന് മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള ആഘോഷപൂര്‍വമായ എഴുന്നള്ളത്തും കന്നി അയ്യപ്പന്‍മാരുടെ ശരങ്ങള്‍ കണ്ട് നിരാശയായുള്ള മടക്കവും.
അയ്യപ്പനെ പ്രണയിച്ച കന്യകയാണു മാളികപ്പുറത്തമ്മ എന്നുസൂചിപ്പിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അയ്യപ്പനെ ആയുധവിദ്യ അഭ്യസിപ്പിച്ച ചീരപ്പന്‍ചിറയിലെ ഗുരുനാഥന്റെ പുത്രിയായ ലീലയാണു മാളികപ്പുറത്തമ്മ എന്ന് ഒരു കഥ. അയ്യപ്പനില്‍ അനുരക്തയായ ലീലയെ തന്റെ ബ്രഹ്മചര്യനിഷ്ഠയേക്കുറിച്ച് അയ്യപ്പന്‍ അറിയിച്ചു. എന്നാല്‍ തന്റെആഗ്രഹം നിറവേറുന്നതുവരെ തപസ്വിനിയായി കഴിഞ്ഞുകൊള്ളാം എന്ന് ലീലതീരുമാനിച്ചുവെന്നും പില്‍ക്കാലത്ത് ശബരിമലയില്‍ അയ്യപ്പനു സമീപം ഒരുമാളിക തീര്‍ത്ത് അവിടെ തപസ്സുചെയ്തുവെന്നും പറയപ്പെടുന്നു.
മാളികപ്പുറത്തമ്മ യഥാര്‍ത്ഥത്തില്‍ സാക്ഷാല്‍ ലളിതാ ത്രിപുരസുന്ദരി തന്നെയാണ് എന്നുകരുതാം. ഭൂതനാഥോപാഖ്യാനത്തില്‍ മഞ്ജമാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവിയെ മഞ്ജാംബിക എന്നും മഞ്ചാംബിക എന്നുംവിളിക്കുന്നു. മഞ്ജാംബിക എന്നാല്‍ മഞ്ജാ(പൂങ്കുല) ധരിച്ച അംബികയെന്നും മഞ്ചാംബിക എന്നാല്‍ മഞ്ചത്തില്‍ (മേടയില്‍, മാളികയില്‍) ഇരിക്കുന്ന അംബികയെന്നും അര്‍ത്ഥം. പൂങ്കുല ധരിക്കുന്നവളും മഞ്ചത്തില്‍ ഇരിക്കുന്നവളുമായ ദേവി ലളിതാംബികയാണ്.
മഞ്ചത്തിന് കട്ടില്‍, മേട, മാടം, തട്ട്, മെത്ത, സിംഹാസനം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്.  മുളകൊണ്ട് താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ഏറുമാടങ്ങള്‍ മഞ്ചമണ്ഡപം എന്നറിയപ്പെടുന്നു. ലളിതാദേവിയുടെ പഞ്ചബ്രഹ്മാസനമാണ് മാളികകൊണ്ട് പ്രതീകവത്കരിക്കപ്പെടുന്നത്. ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നീ നാലുകാലുകളോടും സദാശിവന്‍ എന്ന മെത്തയോടുംകൂടിയതാണു ദേവിയുടെ മഞ്ചം. ചലിക്കാത്ത നാലുകാലുകളായി ദേവകളെ ചിത്രീകരിക്കുന്നു. ചലനാത്മികയും പ്രകൃതിയുമായ ദേവിയെ  വഹിക്കാന്‍ നിശ്ചലരായി ദേവകള്‍ ഇളകിയാടാത്ത കാലുകളായി വര്‍ത്തിക്കുന്നു.
ലളിതാപുത്രനാണു ശാസ്താവ് എന്ന സങ്കല്‍പ്പവും ശ്രീവിദ്യാ ഉപാസനാക്രമങ്ങളില്‍ ശാസ്താവിന്റെ സാന്നിധ്യവും ശബരിമലയിലെ മാളികപ്പുറത്തമ്മ ലളിതാദേവിയാകാനുള്ള സാധ്യതകളിലേക്കാണു വിരല്‍ചൂണ്ടുന്നത്. പാണ്ഡ്യപാരമ്പര്യമുള്ള പന്തളരാജാവിന്റെ കുലപരദേവതയായ മധുര മീനാക്ഷീദേവിയാണു മാളികപ്പുറത്തമ്മ എന്നും കരുതപ്പെടുന്നു.
അയ്യപ്പഭക്തന്‍മാരുടെ ദൃഢഭക്തിക്ക് ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നവളാണു മാളികപ്പുറത്തമ്മ. ശംഖ്, ചക്രം, അഭയവരദമുദ്രകള്‍ എന്നിവ ധരിച്ചവളായി മാളികപ്പുറത്തമ്മ ഭക്തര്‍ക്ക് ദര്‍ശനമരുളുന്നു. അഗ്നിബാധയ്ക്കുശേഷം ശബരിമലക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ ബ്രഹ്മശ്രീ കണ്‍ഠരരു മഹേശ്വരരു തന്ത്രികളാണു മാളികപ്പുറത്തമ്മയുടെ വിഗ്രഹം പുനഃപ്രതിഷ്ഠിച്ചത്. മാളികപ്പുറത്തമ്മയ്ക്കുള്ള മുഖ്യവഴിപാട് ഭഗവതിസേവയാണ്.
ഉപ ദൈവങ്ങൾ
➖➖➖➖➖➖➖➖➖
മാളികപ്പുറം ക്ഷേത്ര സമുച്ചയത്തിലുള്ള മറ്റു ദേവതാ സ്ഥാനങ്ങൾ കൊച്ചു കടുത്ത സ്വാമി ക്ഷേത്രം, നാഗ ദേവതമാർ, മണി മണ്ഡപം എന്നിവയാണ്. കൊച്ചു കടുത്ത സ്വാമിയ്ക്ക് മലർ നിവേദ്യമാണ് പ്രധാനം.
മകരം ആറിന് രാത്രി ഹരിവരാസനം പാടി നടയടച്ചാൽ മാളികപ്പുറം സമുച്ചയത്തിൽ വച്ച് മല ദൈവങ്ങൾക്ക് ഗുരുതി കൊടുക്കും. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് പൊതു ജനങ്ങൾക്ക് പങ്കെടുക്കാൻ പറ്റുന്ന അവസാനത്തെ ചടങ്ങാണത്. മാളികപ്പുറം സമുച്ചയത്തിൽ നടക്കുന്ന മറ്റൊരു ചടങ്ങാണ് പറ കൊട്ടി പാട്ട്. പാലാഴി മഥനത്തെ തുടര്‍ന്ന് വിഷ്ണുവിന് ശനി ബാധിച്ചു. ശിവൻ വേലനായും പാര്‍വ്വതി വേലത്തിയായും വന്ന് പാടി വിഷ്ണുവിന്റെ ശനി ദോഷം അകറ്റിയത്രേ. ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയിൽ മാളികപ്പുറത്തമ്മയുടെ മുന്നിൽ ഭക്തരുടെ ശനി ദോഷമകറ്റാനാണ് പറ കൊട്ടി പാടുന്നത്. മണ്ഡപത്തിന് മുന്നിലായി പതിനഞ്ച് വേലന്‍മാർ നിന്ന് കേശാദിപാദം കഥ പാടിയാണ് ശനി ദോഷം അകറ്റുന്നത്. 
സന്നിധാനത്ത് കന്നി മൂലയിൽ (തെക്ക് പടിഞ്ഞാറ്) ഗണപതി ക്ഷേത്രം, സന്നിധാനത്ത് തന്നെ നാഗരാജ ക്ഷേത്രവുമുണ്ട്. പതിനെട്ടാം പടിയുടെ വലതുവശത്തെ ഉപ ക്ഷേത്രത്തിൽ കറുപ്പ സ്വാമിയും കറുപ്പായി അമ്മയും മരുവുന്നു. പതിനെട്ടാം പടിയുടെ ഇടതുവശത്ത് വലിയ കടുത്ത സ്വാമിയും. പടിയുടെ താഴെ വാവരു സ്ഥാനവും ഉണ്ട്. 
വിശേഷദിവസങ്ങൾ
➖➖➖➖➖➖➖➖➖
ശബരിമല ക്ഷേത്രത്തിൽ മകരവിളക്കിനും മണ്ഡലകാലത്തും മാത്രമേ തുറന്ന് പൂജ നടത്തിയിരുന്നുള്ളു. എന്നാൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചപ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് എല്ലാ മലയാളമാസവും ഒന്ന് മുതൽ അഞ്ചാം തിയതി വരെയും , മണ്ഡലം 41 ദിവസവും, മകരം ഒന്നിൻ മുമ്പ് 9 ദിവസവും, മേടം ഒന്നിൻ മുമ്പ് 4 ദിവസവും എടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌‍ പ്രതിഷ്ഠാദിവസം.
ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്.
മകരവിളക്ക്
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൻറെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. ശബരിമല സന്നിധിയിൽ നിന്നും ഈ ദൃശ്യം വീക്ഷിക്കുവാൻ അനവധി ആളുകൾ എത്താറുണ്ട്.
പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്‌ എന്ന് ചിലർ വാദിക്കുന്നു. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം.
മകരസംക്രമപൂജ
➖➖➖➖➖➖➖➖➖
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയിലാണ് മകര സംക്രമപൂജ. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് സംക്രമവേളയിൽ അഭിഷേകം ചെയ്യുക.
തിരുവാഭരണം ചാർത്തൽ
➖➖➖➖➖➖➖➖➖
അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണിയിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങൾ. ഇത് പന്തളം രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്താണ്. പന്തളത്ത് സൂക്ഷിച്ചിരിക്കുന്ന ഈ ആടയാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലെക്ക് കാൽനടയായി കൊണ്ട് വരുന്നു. ഇവ മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിൽ അയ്യപ്പനെ അണിയിക്കുന്നു. തിരുവാഭരണ ഘൊഷയാത്രക്ക് പൂങ്കാവനത്തിൽ ഗരുഡൻ അകമ്പടി സേവിക്കുന്നതായ് പറയപ്പെടുന്നു.
മാളികപ്പുറത്തമ്മയുടെ എഴുന്നളത്ത്
➖➖➖➖➖➖➖➖➖
മകരജ്യോതിക്കു ശേഷം രാത്രിയിൽ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുന്നു.അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുന്നു.
ഗുരുതി
➖➖➖➖➖➖➖➖➖
മകരവിളക്ക് ഉത്സവം തുടങ്ങി എഴാം ദിവസം രാത്രി മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ കുരുത്തോലകളും പൂക്കളും കൊണ്ട് അലങ്കരിച്ച് ഗുരുതിക്കളം ഒരുക്കും. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് കുമ്പളങ്ങ മുറിച്ച് ചുണ്ണാന്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ നിണം മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.
ഗുരുതി കഴിഞ്ഞ് പിറ്റേന്നാൾ പുലർച്ചെ നട തുറന്ന് തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും.ആ ദിവസം തീർഥാടകർക്കു ദർശനമില്ല. ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുൻപ് തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങും. തുടർന്ന് പന്തളം തമ്പുരാൻ ദർശനം നടത്തും. ഇൗ സമയം രാജപ്രതിനിധി അല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടാകില്ല. പന്തളം തമ്പുരാൻ ദർശനം നടത്തിയ ശേഷം മേൽശാന്തി നട അടച്ച് ശ്രീകോവിലിൻറെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കും. രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങും. തുടർന്ന് അടുത്ത ഒരു വർഷത്തെ പൂജകൾക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഒാഫിസർക്കു താക്കോൽ കൈമാറുന്നതോടെ മകരവിളക്ക് ഉത്സവം സമാപിക്കും.
ശബരിമല അയ്യപ്പന്റെതിരുവാഭരണം
➖➖➖➖➖➖➖➖➖
ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വർണ്ണത്താൽ നിർമ്മിക്കപ്പെട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിക്കുന്ന ഇവ മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.
 *പെട്ടി ഒന്ന്*
➖➖➖➖➖➖➖➖➖
തിരുമുഖം
പ്രഭാമണ്ഡലം
വലിയ ചുരിക
ചെറിയ ചുരിക
ആന
കടുവ
വെള്ളി കെട്ടിയ വലംപിരി ശംഖ്
ലക്ഷ്മി രൂപം
പൂന്തട്ടം
നവരത്നമോതിരം
ശരപൊളി മാല
വെളക്കു മാല
മണി മാല
എറുക്കും പൂമാല
കഞ്ചമ്പരം
 *പെട്ടി 2* 
➖➖➖➖➖➖➖➖➖
കലശത്തിനുള്ള തൈലക്കുടം
പൂജാപാത്രങ്ങൾ
 *പെട്ടി 3* 
➖➖➖➖➖➖➖➖➖
കൊടിപ്പെട്ടി
നെറ്റിപ്പട്ടം
ജീവത
കൊടികൾ
മെഴുവട്ടക്കുട
പന്തളം ധര്‍മ്മ ശാസ്താ ക്ഷേത്രം
➖➖➖➖➖➖➖➖➖
അയ്യപ്പനോളം പഴക്കമുണ്ട് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന്. പന്തളം രാജാവ് ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അച്ചൻ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ തീര്‍ത്ഥാടന കേന്ദ്രം പന്തളം കൊട്ടാരത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. മണികണ്ഠൻ ശൈശവവും യൗവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയിൽ ഭക്തലക്ഷങ്ങൾ ഈ ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തുന്നു.
എല്ലാ വർഷവും മകര സംക്രാന്തി നാളിൽ ശബരിമലയിൽ എത്തിച്ചേരുന്ന ചരിത്ര പ്രസിദ്ധമായ തിരുവാഭരണ യാത്ര ഈ ക്ഷേത്രത്തിൽ നിന്നുമാണ്‌ ആരംഭിക്കുന്നത്. അച്ഛൻ മകനണിയാനുള്ള ആഭരണങ്ങളുമായി പോകുന്നു എന്നതാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പിന്നിലുള്ള വിശ്വാസം. തനി തങ്കത്തിൽ തീർത്തിട്ടുള്ള തിരുവാഭരണങ്ങൾ പന്തളം രാജാവ് അയ്യപ്പന്‌ സമ്മാനിച്ചതാണ്. ഇന്നും പന്തളം രാജവംശത്തിന് മാത്രം സ്വന്തമായിട്ടുള്ള തിരുവാഭരണങ്ങൾ ക്ഷേത്രത്തോട് ചേർന്നുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ ആണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന ദിവസം പ്രഭാതം മുതൽ ഉച്ച വരെയും, മേടത്തിൽ ഉത്രത്തിനും (അയ്യപ്പ സ്വാമിയുടെ ജന്മ ദിനം), വിഷുവിനും മാത്രമാണ് തിരുവാഭരണങ്ങൾ പന്തളം തേവരെ അണിയിക്കുന്നത്‌. മകര സംക്രമത്തിന് തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാര്‍ത്തിയ ശേഷം മാത്രമേ ശബരിമലയിൽ ദീപാരാധന നടത്തുകയുള്ളു.
ചന്ദനത്തിൽ തീർത്ത മൂന്നു പേടകങ്ങളിലായാണ്‌ തിരു ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പ്രധാനം ഗോപുരാകൃതിയിലുള്ള നെട്ടൂർ പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള തിരു മുഖം, വെളക്ക് മാല, ശര പൊളി മാല, എരിക്കിൻ പൂമാല, വില്ലു തള മാലമണി മാല, നവ രത്ന മോതിരം, അരപ്പട്ടപൂന്തട്ടം,കഞ്ചമ്പരംപ്രഭാ മണ്ഡലം, വെള്ളി കെട്ടിയ വലം പിരി ശംഖ്വലിയ ചുരികചെറിയ ചുരികലക്ഷ്മി രൂപംകടുവ,പുലി, ആനകൾ, നെറ്റിപ്പട്ടം എന്നിവയാണ്‌. ചതുരാകൃതിയിലുള്ള അഭിഷേക കുടം പെട്ടി എന്ന രണ്ടാമത്തെ പെട്ടിയിൽ തങ്കത്തിൽ തീർത്ത കലശ കുടവും, മകര സംക്രാന്തി നാളിൽ ശബരിമലയിൽ നടക്കുന്ന പൂജകൾക്കുള്ള സാധന സാമഗ്രികളുമാണ്‌. കൊടിപ്പെട്ടിയെന്ന് വിളിക്കുന്ന ദീർഘചതുരാകൃതിയിലുള്ള മൂന്നാമത്തെ പെട്ടിയിൽ മല ദൈവങ്ങൾക്കുള്ള കൊടികൂറകൾജീവത (ആനപ്പുറത്ത്‌ എഴുന്നള്ളിക്കാനുള്ള വിഗ്രഹം വയ്ക്കുന്ന ചട്ടക്കൂട്‌), മെഴുവട്ടക്കുട എന്നിവയാണ്‌. ഘോഷ യാത്രയിലുടനീളം നെട്ടൂർപ്പെട്ടി ഒന്നാമതും, കൊടി പെട്ടി മൂന്നാമതും ആയിട്ടാണ് പോകുക. പോലിസ്, സേനാ വിഭാഗങ്ങളുടെ കനത്ത സംരക്ഷണത്തിൽ നാൽപ്പത്തൊന്ന് ദിവസം കഠിന വ്രതമനുഷ്ഠിച്ച പതിനഞ്ച് അയ്യപ്പന്മാർ ഗുരു സ്വാമിയുടെ നേതൃത്വത്തിൽ തലച്ചുമടായിട്ടാണ്‌ തിരുവാഭരണ പേടകങ്ങൾ ശബരി മലയിലേക്ക് കൊണ്ടു പോകുന്നത്.
എല്ലാ വർഷയും ധനു മാസം ഇരുപത്തെട്ടിനാണ് തിരുവാഭരണം പന്തളം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നതെങ്കിലും തലേന്ന് വൈകിട്ട് തിരുവാഭരണ പേടകങ്ങൾ ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റു വാങ്ങി ക്ഷേത്രത്തിലേക്ക് കൊണ്ടു വരും. തിരുവാഭരണം കൊട്ടാരത്തിൽ നിന്നും ഏറ്റു വാങ്ങുമ്പോൾ മുതൽ സംക്രമ പൂജ കഴിഞ്ഞ് ശബരിമലയിൽ നിന്നും കൊട്ടാരത്തിൽ തിരിച്ചെത്തിക്കും വരെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനായിരിക്കും. പിറ്റേന്ന് പ്രഭാത പൂജയ്ക്ക് കോയിക്കൽ ശാസ്താവിന് ചാർത്തുന്ന തിരുവാഭരണം കണ്ടു തൊഴാൻ പതിനായിര കണക്കിന് ഭക്ത ജനങ്ങളെത്തും. തിരുവാഭരണം ദർശിക്കുവാൻ ഉച്ചക്ക് പന്ത്രണ്ട് മണി വരെ ഭക്തർക്ക് അനുവാദം ഉണ്ടായിരിക്കും. ക്യത്യം പന്ത്രണ്ട് മണിക്ക് ക്ഷേത്ര നട അടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തിൽ പ്രത്യേകപൂജകളും വഴിപാടുകളും നടക്കും. ഈ സമയം കൊട്ടാരത്തിലെ അംഗങ്ങൾ ഒഴികെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കില്ല. ദീപാരാധന അവസാനിച്ചാലുടൻ തന്നെ ആഭരണ പേടകങ്ങളടച്ച് വീരാളി പട്ട് വിരിച്ച് പൂമാലകൾ ചാർത്തി ഘോഷയാത്രക്ക് തയ്യാറാക്കും. അപ്പോഴേക്കും പൂജിച്ച ഉടവാളുമായെത്തുന്ന മേൽശാന്തിക്ക് പണക്കിഴി ദക്ഷിണയായി നൽകി വലിയ തമ്പുരാൻ ഉടവാൾ സ്വീകരിക്കും. പന്തളം രാജവംശത്തിലെ തമ്പുരാൻ സ്ഥാനമേല്‍ക്കുന്നയാൾ പിന്നീട് ശബരിമല ക്ഷേത്രം ദര്‍ശനം നടത്താൻ പാടില്ലാത്തതിനാൽ ഉട വാളുമായ് തമ്പുരാന്റെ പ്രതിനിധിയായ ഇളമുറ തമ്പുരാൻ ഘോഷയാത്രക്ക് നേതൃത്വം നൽകും. ഒരു മണിയോടെ വടക്കു പടിഞ്ഞാറ് ഭാഗത്തു നിന്നും പറന്നെത്തുന്ന രണ്ട് കൃഷ്ണ പരുന്തുകൾ വലിയ കോയിക്കൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളിൽ മൂന്ന്തവണ വട്ടമിട്ടു പറക്കുന്നതോടെ നട തുറക്കും. ആയിരക്കണക്കിനു വരുന്ന ഭക്തജനങ്ങളുടെ കണ്ഠത്തിൽ നിന്ന് ഉയരുന്ന ശരണം വിളികളോടെ തിരുവാഭരണ പേടകങ്ങളേന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തിനു പുറത്തേക്കു വന്ന് വാദ്യ ഘോഷ അകമ്പടിയോടെ ശബരിമലയിലേക്ക് പുറപ്പെടുകയായി.രാജാവിന്റെ സ്ഥാനത്ത് നിന്ന് ഘോഷയാത്ര നയിക്കുന്നത് ഇളമുറ തമ്പുരാൻ ആണെങ്കിലും രാജപ്രധിനിധി കുറുപ്പാണ്. ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് തമ്പുരാൻ ഉടവാളും പരിചയും കുറുപ്പിന് കൈമാറുന്നു. തിരുവാഭരണ പേടകങ്ങളുടെ വാഹകര്‍ മുന്നിലുംഅതിന് പിന്നിൽവാളും പരിചയുമായി കുറുപ്പുംതൊട്ട് പുറകിലായി തമ്പുരാനും യാത്ര ആരംഭിക്കുന്നു.
പഞ്ച ശാസ്താ ക്ഷേത്രങ്ങൾ
➖➖➖➖➖➖➖➖➖
കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്ത് സഹ്യ മല നിരകളിലെ കുളത്തൂപ്പുഴആര്യങ്കാവ്അച്ചൻ കോവിൽ എന്നീ സ്ഥലങ്ങളിൽ മൂന്ന് ധർമ്മ ശാസ്താ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു.
കുളത്തൂപ്പുഴയിൽ ബാലകൻ,
ആര്യങ്കാവിൽ യുവാവ്,
അച്ചൻ കോവിലിൽ കുടുംബസ്ഥൻ
എന്നീ സങ്കൽപ്പങ്ങളിലാണ് ആരാധന. കേരള സൃഷ്ടാവായി അറിയപ്പെടുന്ന ഭാര്‍ഗ്ഗവ രാമൻ ദ്വാപര യുഗത്തിൽ പ്രതിഷ്ഠിച്ച പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യ മൂന്നെണ്ണമാണ് ഈ ക്ഷേത്രങ്ങളെന്ന് വിശ്വാസം. അഞ്ചാമത്തെത് സന്യാസ സങ്കല്പത്തിൽ ശബരിമലയിലാണെന്ന് ഏവരും സമ്മതിക്കുന്നുണ്ട്പക്ഷെ നാലാമത്തെത് ഏതാണ്, സങ്കൽപ്പം എന്താണ് എന്നത് തർക്ക വിഷയമാണ്. കാന്തമല എന്നാണ് ഒരു വാദം, പക്ഷെ കാന്ത മലയിൽ ശിവ ചൈതന്യമാണ്, ശബരി മലയ്ക്ക് നിലയ്ക്കൽ എന്ന പോലെ തന്നെയാണ് അച്ഛൻ കോവിലിന് കാന്ത മല (മകൻ അച്ഛൻ ബന്ധം). ചില കഥകളിൽ പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ പൊന്നമ്പലമേട് ഉൾപ്പെടുത്തിയിരിക്കുന്നു, പൊന്നമ്പലമേട് ശബരിമലയുടെ മൂല സ്ഥാനമായത് കൊണ്ട് ഈ വാദവും തെറ്റാവാനേ വഴിയുള്ളൂ. അയ്യപ്പൻ കോവിലാണെന്നുള്ള വാദം ചിലപ്പോൾ ശരിയായിരിക്കാം, കാരണം ബാല്യം, കൗമാരം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നീ അവസ്ഥകളിൽ അയ്യപ്പൻ കോവിലെ ആരാധനയ്ക്ക് നാലാമത്തെ അവസ്ഥയോടാണ് സാമ്യം. ആകെയുള്ളൊരു പോരായ്മ്മ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻ കോവിൽ എന്നീ സ്ഥലങ്ങൾ അടുത്തടുത്ത് കിടക്കുമ്പോൾ (20 കിലോ മീറ്റർ ചുറ്റളവിൽ) അയ്യപ്പൻ കോവിൽ കാടിന് നടുവിലൂടെ പോയാൽ പോലും 120 കിലോ മീറ്റർ അകലെയാണ് (അച്ചൻ കോവിലിനും അയ്യപ്പൻ കോവിലിനും ഏതാണ്ട് നടുക്കായാണ് ശബരിമല).
തമിഴ് വിശ്വാസം അനുസരിച്ച് മേൽ പറഞ്ഞ ശാസ്താ ക്ഷേത്രങ്ങളുടെ കൂടെ തിരുനെൽവേലി ജില്ലയിലെ പാപനാശത്തിനടുത്തുള്ള സൂരി മുത്തു അയ്യനാർ (സൂരി മുത്തയ്യൻ) ക്ഷേത്രവും ഉൾപ്പെടുത്തിയിരിക്കുന്നു. 'മനുഷ്യ ശരീരത്തിൽ കുണ്ഡലിനിയുടെ ഉയർച്ചയ്ക്ക് ആവിശ്യമായ മൂലംസ്വാധിഷ്ഠനംമണിപൂരകംഅനാഹതംവിശുദ്ധിആജ്ഞ എന്ന ഷഡാധാരങ്ങളെയാണീ ക്ഷേത്രങ്ങൾ സൂചിപ്പിക്കുന്നതത്രേ. കുണ്ഡലിനി ഷഡാധാരങ്ങളിലൂടെ ഉയർന്നു കഴിയുമ്പോൾ പ്രാണസാക്ഷാത്കാരം കിട്ടുമത്രേ. ക്രമ പ്രകാരം ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ മോക്ഷം ലഭിക്കുമെന്ന് ചുരുക്കം. ഈ ആറ് ക്ഷേത്രങ്ങളോടോപ്പം എരുമേലിയിലും പൊന്നമ്പലമേടിലും കൂടി ദർശനം നടത്തിയാൽ അഷ്ട രാഗങ്ങളിൽ നിന്നും മോചനം നേടാമത്രേ.


No comments:

Post a Comment