മാതാപിതാക്കളെ ദ്രോഹിക്കുന്നവർ പിതൃദോഷമുള്ളവർ...
എന്താണ് പിതൃദോഷം...? ജ്യോതിഷ വിശ്വാസികളുടെ മനസ്സിനെ പേടിപ്പെടുത്തുന്ന പ്രശ്നമാണ് പിതൃദോഷം. വിവാഹം നടക്കാത്തതു പിതൃദോഷം കൊണ്ടാണ്, വീടു പണി നടക്കാത്തതു പിതൃദോഷം മൂലമാണ്, ജോലി ലഭിക്കാത്തതു പിതൃദോഷത്താലാണ് എന്നൊക്കെ കേൾക്കുമ്പോൾ നമ്മുടെ പിതൃക്കൾ ഇത്ര ക്രൂരഹൃദയരാണോ എന്നു തോന്നിപ്പോകും. മരിച്ചു പോയ അച്ഛനോ അമ്മയോ വന്നു വിവാഹം മുടക്കുന്നു എന്നു കേള്‍ക്കുമ്പോൾ തോന്നുന്ന വേദന ഭീകരമാണ്.
എന്താണ് പിതൃദോഷം.....?
അതറിയണമെങ്കിൽ ആദ്യം പുത്രൻ എന്താണെന്ന് അറിയണം. ജനിക്കുമ്പോൾതന്നെ ഒരാളെ പുത്രൻ എന്നോ പുത്രി എന്നോ കണക്കാക്കാൻ പാടില്ല എന്നാണു ഹിന്ദു പുരാണങ്ങൾ പഠിപ്പിക്കുന്നത്.
അച്ഛനും അമ്മയ്ക്കും വയസ്സാകുന്ന സമയത്ത് അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുന്ന സന്ദർഭത്തിൽ ആരാണോ അവർക്കു സഹായകരമായി പ്രവർത്തിക്കുന്നത് അയാളാണ് പുത്രൻ / പുത്രി. അഥവാ അപ്പോൾ മാത്രമേ അയാൾ പുത്രൻ / പുത്രി ആകൂ.
ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും സംരക്ഷിക്കാത്തവർ, അവർക്കു വേദന മാത്രം നൽകുന്നവർ, മാനസികമായും ശാരീരികമായും അച്ഛനമ്മമാരെ പീഡിപ്പിക്കുന്നവർ ഇവരൊക്കെ പിതൃദോഷം ഉള്ളവരാണ്. അല്ലാതെയുള്ളവർ പിതൃദോഷം ഭയപ്പെടേണ്ട.
ചില ഹിന്ദു ഭവനങ്ങളിൽ ഇപ്പോഴും പിന്തുടരുന്ന ഒരു രീതിയുണ്ട്. ഓണം അടക്കമുള്ള വിശേഷ ദിവസങ്ങളിൽ സദ്യ ഉണ്ണുന്നതിനു മുൻപ് എല്ലാ വിഭവങ്ങളും ഇലയിൽ നിരത്തി പൂജാമുറിയിൽ പിതൃക്കൾക്ക് എന്ന പേരിൽ വയ്ക്കാറുണ്ട്. ഒരു പിതൃവും അതൊന്നും വന്നു കഴിക്കില്ലെന്ന് ഇതു വയ്ക്കുന്നവർക്കും അറിയാം. പക്ഷേ ഈ ആചാരം കണ്ടു വളരുന്ന പുതുതലമുറ പഠിക്കുന്ന വലിയൊരു പാഠമുണ്ട്; മറ്റുള്ളവർക്കു കൂടി കൊടുത്തിട്ടു വേണം നാം ഭക്ഷണം കഴിക്കാൻ എന്നത്.
കർക്കിടക വാവിനും മറ്റും ബലി തർപ്പണത്തിനു പോകുന്നവരില്‍ കുറേപ്പേർക്കും അറിയാം ഇതൊന്നും പിതൃക്കൾ കാണുന്നില്ലെന്ന്. പക്ഷേ, മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർത്തും അവരോട് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുക്കണമെന്ന് ആവശ്യപ്പെട്ടും നാം നടത്തുന്ന പ്രാർഥനയുണ്ടല്ലോ, അതൊരു ആത്മസംതൃപ്തിയാണ്.
ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ സ്നേഹിക്കുക, അവർക്കു കരുതൽ നൽകുക. ‘ഞാൻ വീണു കിടന്നാൽ എന്റെ മകൻ/മകൾ എന്നെ സംരക്ഷിച്ചു കൊള്ളും’ എന്ന് അച്ഛനോ അമ്മയ്ക്കോ വിശ്വാസം ഉണ്ടായാല്‍ അതിൽ മാത്രമേ പുണ്യമുള്ളൂ.
അതെ.പരമാർത്ഥം.
ReplyDelete