ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2016

ശബരിമല വിശേഷം. 3

ശബരിമല വിശേഷം. 3
അച്ചൻ കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം
➖➖➖➖➖➖➖➖➖
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിൽ ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻ കോവില്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി പരശുരാമൻ സ്ഥാപിച്ച പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതന വിഗ്രഹം ഇവിടെയാണന്നാണ് വിശ്വാസം. ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ മലയാളികളേക്കാൾ തമിഴ് നാട്ടിലെ ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. അച്ചൻ കോവിൽ മലയുടെ കിഴക്കു വടക്കെ കോണിലുള്ള താഴ്വരയിലാണ് ക്ഷേത്രം. ആര്യങ്കാവ് ക്ഷേത്രത്തിൽ നിന്ന് റോഡ് മാർഗം ചെങ്കോട്ടയിൽ ചെന്ന് അച്ചൻ കോവിൽ ക്ഷേത്രത്തിലെത്താൻ 40 കിലോ മീറ്റർ, ട്രാക്കിംഗ് ദൂരം 10 കിലോ മീറ്റർ. പത്തനാപുരം കരവൂറിൽ നിന്ന് കാനന പാത വഴി 32 കിലോ മീറ്റർ. കോന്നിയിൽ നിന്ന് കാനന പാത വഴി 40 കിലോ മീറ്റർ. പുനലൂരിൽ നിന്ന് ചെങ്കോട്ട, പിറവന്തൂർ, മുള്ളുമല വഴിയും ഇവിടെത്താം. തമിഴ്‌ നാട്ടിലെ തെങ്കാശി വഴിയും ക്ഷേത്രത്തിലെത്താം. പൂര്‍ണ്ണ പുഷ്ക്കല സമേതനായ ഗൃഹസ്ഥാശ്രമി ശാസ്താ സങ്കല്പമാണിവിടെ.
വിഷഹാരിയാണ് അച്ചൻ കോവിൽ ശാസ്താവ്, പ്രതിഷ്ഠയുടെ വലതു കൈയ്യിൽ (ഇവിടെ ശാസ്താവ് ചിന്മുദ്ര ഹസ്തനല്ല) എപ്പോഴും ചന്ദനം അരച്ച് വയ്ക്കും. വിഷം തീണ്ടി വരുന്നവർക്ക് കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാം. ഏത് നേരത്തും ഈ ക്ഷേത്രത്തിന്റെ നട തുറക്കും, ഇതിനായ് ക്ഷേത്രത്തിൽ പണ്ട് മുതലേ രണ്ട് ശാന്തിക്കാരുണ്ട്. വിഷം തീണ്ടിയവർ എത്തിയാൽ അര്‍ദ്ധ രാത്രിയിലും ശാന്തിക്കാരൻ കുളിച്ച് നട തുറക്കും. ദേവന്റെ കൈയിൽ അരച്ച് വെച്ച ചന്ദനം തീർത്ഥത്തിൽ ചാലിച്ച് മുറിപ്പാടിൽ തേക്കും, കഴിക്കാനും കൊടുക്കും. ചികിത്സാ സമയം ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യ ദിവസം കടും ചായ മാത്രം, പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി, ദാഹിക്കുമ്പോൾ ക്ഷേത്ര കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
ക്ഷേത്ര മതിൽക്കെട്ടിനുളളിലും പുറത്തും ധാരാളം ഉപദേവാലയങ്ങളുണ്ട്‌. പ്രധാന ഉപദേവകൾ ഗണപതി, മാളികപുറത്തമ്മ, ഭഗവതി, മുരുകൻ, ദുർഗ, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ്. അയ്യപ്പന്റെ പരിവാരങ്ങളായ കാള മാടൻ, കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ, മാടന്‍തേവൻ തുടങ്ങിയവരെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും കോവിലുകളും ഉണ്ട്. കറുപ്പസ്വാമിയും, കറുപ്പായി അമ്മയും തമിഴ് നാട്ടിലെ കല്ലർ സമുദായത്തിന്റെ പ്രധാനദേവതകളാണ്. ചതുർ ബാഹു വിഷ്ണു പ്രതിഷ്ഠയുമുണ്ട്. നിത്യവും അഞ്ച് പൂജയുണ്ട്, ശനി ദോഷത്തിനു പ്രത്യേക വഴിപാടുണ്ട്. ചില ഗ്രന്ഥങ്ങളിൽ കൊല്ല വർഷം 1106 മകരം പന്ത്രണ്ടിനാണ് പുനപ്രതിഷ്ഠ നടന്നത് എന്ന് കാണുന്നു. മകരത്തിലെ പ്രതിഷ്ഠാ ദിനം രേവതി പൂജയായി കൊണ്ടാടുന്നുഅന്ന് പുഷ്പാഭിഷേകം പ്രധാന ചടങ്ങണ്. രേവതി പൂജയിലെ പോലെ ഇത്ര അധികം പുഷ്പങ്ങൾ അഭിഷേകത്തിന് ഉപയോഗിക്കുന്ന പൂജകൾ ദക്ഷിണ ഇന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇല്ലെന്നു പറയപ്പെടുന്നു.
മണ്ഡല പൂജയുടെ പിറ്റേ ദിവസം ആറാട്ടായി പത്ത് ദിവസമാണ് ഉത്സവം. വൃശ്ചിക മാസത്തിന് മുപ്പത് ദിവസം ഉണ്ടെങ്കിൽ ധനു രണ്ടിനും ഇരുപത്തി ഒമ്പത് ദിവസമേയുള്ളു എങ്കിൽ ധനു ഒന്നിനുമാണ് കൊടിയേറ്റ്. കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് അച്ചൻ കോവിൽ. മൂന്നാം ഉത്സവ ദിവസം മുതൽ തേരിന്റെ ആകൃതിയിലുള്ള ചെറു വാഹനത്തിൽ വർണ ശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിൽ ഏന്തിയുളള ശാസ്താ വിഗ്രഹം വഹിച്ച് എഴുന്നള്ളത്തു നടക്കുന്നു. ഒമ്പതാം ഉത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ഇതിന് മണികണ്ഠ മുത്തയ്യ സ്വാമിയുടെ എഴുന്നള്ളത്ത് എന്നാണ് പറഞ്ഞു വരുന്നത്. രഥം നിർമ്മിച്ചിരിക്കുന്നത് വനത്തിൽ നിന്ന് ശേഖരിച്ച തടി മാത്രം ഉപയോഗിച്ചാണ്. ഉത്സവത്തിന്റെ അഞ്ചാം ദിവസം മുതൽ രഥത്തിന്റെ അറ്റ കുറ്റ പണികളാരംഭിക്കും. ഒമ്പതാം നാൾ പ്രഭാതത്തിൽ പണി പൂര്‍ത്തീകരിച്ച രഥം പതിനെട്ടാം പടിക്കു താഴെ അലങ്കരിച്ച്‌ നിര്‍ത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രഥത്തിലേക്ക് മണിമുത്തയ്യനെ എഴുന്നള്ളിക്കുന്നതോടെ ചടങ്ങ് തുടങ്ങും. ക്ഷേത്രത്തിനു ചുറ്റും തേര്‍വീഥി ഉണ്ട്, രഥത്തിനിരുവശവും കെട്ടിയ ചൂരൽ വള്ളി കൈയ്യിൽ ഏന്തി ഭക്തർ ശരണം വിളികളോടെ തേര് വലിയ്ക്കും. രഥത്തിന് മുന്നിലായി കാന്തമല ശിവ ക്ഷേത്രത്തിൽ നിന്ന് കൊടുത്തയച്ച തങ്കവാൾ കൈയ്യിലേന്തി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും കോന്നി ശിവ ക്ഷേത്രത്തിൽ നിന്ന് കൊടുത്തയച്ച അന്നക്കൊടി കൈയ്യിൽ ഏന്തി കറുപ്പ സ്വാമിയുടെ പൂജാരി നടക്കും. പടിഞ്ഞാറെ നടയിലെ അമ്മൻ കോവിലിൽ എത്തുമ്പോൾ പൂജാരി ഉറഞ്ഞു തുള്ളും. വടക്കെ നടയിൽ എത്തുമ്പോൾ രഥം മൂന്നു തവണ അങ്ങോട്ടുമിങ്ങോട്ടും വലിക്കും. തമിഴ്‌ നാട്ടിലേക്ക് അയ്യനെ കൊണ്ടുപോകാൻ ശ്രമിക്കുന്നതായും നാട്ടുകാർ ഇവിടെ തന്നെ പിടിച്ചു നിർത്തുന്നതായുമാണ് സങ്കല്‍പ്പം. ക്ഷേത്രത്തിന് മുന്നിൽ ഒരു വലം വക്കുന്നതോടെ തേരോട്ടം അവസാനിക്കും.
ആചാര പെരുമയിൽ അച്ചൻ കോവിൽ ശാസ്താവിന്റെ പരിവാര മൂര്‍ത്തിയായ കറുപ്പ സ്വാമിക്ക്‌ പ്രാധാന്യമുണ്ട്‌. മഹിഷീ നിഗ്രഹത്തിന്‌ മണി കണ്ഠനെ സഹായിക്കാൻ ശിവൻ കുശ പുല്ല്‌ ഉപയോഗിച്ച്‌ സൃഷ്ടിച്ച ഭൂത ഗണമാണ്‌ കറുപ്പ സ്വാമി എന്നാണ് ഐതീഹ്യം. അഭീഷ്ട സിദ്ധിക്ക്‌ കറുപ്പനൂട്ട്‌ എന്ന വഴിപാട് അച്ചൻ കോവിലിൽ നടത്താറുണ്ട്‌. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതിൽ കുടുംബത്തിനാണ്‌ കറുപ്പൻ കോവിലിലെ പൂജാരി സ്ഥാനം. ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന്‌ അകമ്പടി സേവിക്കാനും കറുപ്പ സ്വാമിയുണ്ടാകും. ഉത്സവത്തിന്റെ മൂന്നാം ദിനം മുതലാരംഭിക്കുന്ന ചടങ്ങാണ് കറുപ്പൻ തുള്ളൽ. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കാലുറകളണിഞ്ഞ്‌, കച്ചമണികൾ കെട്ടി, ശിരസിൽ അലങ്കാര വസ്ത്രം ചുറ്റി, വലം കൈയ്യിൽ വേലും ഇടം കൈയ്യിൽ ഭസ്മ കൊപ്പരയും വഹിച്ച്‌ പ്രത്യേക ഭാവാദികളോടെ കറുപ്പ സ്വാമി രംഗത്തെത്തുമ്പോൾ സ്ത്രീജനങ്ങൾ കുരവയിട്ട് സ്വീകരിക്കും. ജന നന്മയ്ക്കു വേണ്ടി ധര്‍മ്മ ശാസ്താവ്‌ നടത്തുന്ന ദേശ രക്ഷ പരിപാടികള്‍ക്ക്‌ മാര്‍ഗ്ഗ തടസ്സം നീക്കുന്ന കര്‍മ്മം കൂടിയാണ്‌ ഈ ചടങ്ങെന്ന് പഴമക്കാർ.
ആര്യങ്കാവ് ധര്‍മ്മ ശാസ്താ ക്ഷേത്രം
➖➖➖➖➖➖➖➖➖
കൊല്ലം തിരുമംഗലം ദേശീയ പാതയിൽ (പുനലൂർ ചെങ്കോട്ട റൂട്ട്) തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ആര്യങ്കാവ് ക്ഷേത്രം. കുളത്തൂപ്പുഴയിൽ നിന്ന് റോഡ്‌ മാർഗം തെന്മലയിൽ ചെന്ന് ആര്യങ്കാവിലെത്താൻ 25 കിലോ മീറ്റർ, ട്രാക്കിംഗ് ദൂരം (തെന്മല ഡാം കടന്ന്) 10 കിലോ മീറ്റർ. പാതയോരത്ത് നിന്ന് 35 അടി താഴ്ചയിലാണ് ആര്യന്റെ കാവായ ക്ഷേത്രം. കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ, വിഗ്രഹം നടയ്ക്ക് നേരെയല്ല, വലതു മൂലയിൽ അൽപ്പം ചരിഞ്ഞാണ്. പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യ രശ്മി പതിയും. പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തു വശത്തായി കാവൽ ദൈവങ്ങളായ കറുപ്പസ്വാമിയുടെയും കറുപ്പായി അമ്മയുടെയും പ്രതിഷ്ഠകൾ. പടികൾ അവസാനിക്കുന്നതിനു മുമ്പിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിർമ്മാണ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കം എറിയ തറയാണിത്. മറ്റ് ഉപ ദേവകൾ ശിവൻ, ഗണപതി, നാഗരാജ, അഷ്ടദിക്ക് പാലകർ എന്നിവരാണ്. മൂല പ്രതിഷ്ഠയിൽ ഉച്ചക്ക് മാത്രമേ അഭിഷേകമുള്ളൂ. കുറെ നാൾ മുമ്പ് വരെ ശബരി മലയിലെ പോലെ തന്നെ ഇവിടെയും പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം ഇല്ലായിരുന്നു (നാലമ്പലത്തിനുള്ളിൽ). ക്ഷേത്രം തമിഴ്‌ നാട് അതിർത്തിൽ ആയതിനാൽ പൂജകൾ കേരള ആചാര പ്രകാരവും ഉത്സവം തമിഴ് ആചാര പ്രകാരവുമായാണ്. ധനു മാസം മൂന്ന് മുതൽ പന്ത്രണ്ട് വരെയാണ് ഉത്സവം. ഉത്സവത്തിന്റെ എട്ടാം ദിവസം നടക്കുന്ന തൃകല്യാണത്തിനു ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന മംഗല്യ ചരട് അണിഞ്ഞാൽ യുവതികളുടെ വിവാഹം പെട്ടന്ന് നടക്കുമെന്നാണ് വിശ്വാസം (തൃക്കൈകല്യാണം എന്നും പറയാറുണ്ട്).
തമിഴ് നാട്ടിൽ നിന്നുള്ള ഭക്തരാണ് തൃക്കല്യാണ ചടങ്ങുകൾക്ക് മുമ്പിൽ നിൽക്കുന്നത്. ആര്യങ്കാവ് ക്ഷേത്രത്തിൽ നിന്ന് 10 കിലോ മീറ്റർ ദൂരെയാണ് മാമ്പഴത്തറ ക്ഷേത്രം, ഇവിടുത്തെ പുഷ്ക്കല ദേവിയുമായാണ് പാണ്ഡ്യശ വംശ തിലകമായ ആര്യങ്കാവിൽ അയ്യന്റെ കല്യാണം നടത്തൻ ഒരുങ്ങുന്നത്. കല്യാണത്തിന് മുമ്പുള്ള വിവാഹ നിശ്ചയ ചടങ്ങാണ് പാണ്ഡ്യന് മുടിപ്പ്. വൃശ്ചികം 29ന് മാമ്പഴത്തറ ദേവിയുടെ കാർണവന്മാരായ നാട്ട് പ്രമാണിമാർ ദേവി നടയിൽ നിന്ന് കൊളുത്തിയ ദീപം ഘോഷ യാത്രയായി കൊണ്ട് വന്നു ആര്യങ്കാവ് ക്ഷേത്രത്തിൽ വച്ച് സാന്നിധ്യം അറിയിക്കുന്നു. ഈ സമയം പാണ്ഡ്യ രാജ വംശജർ പുരുഷ ധനമായ പണകിഴി മാമ്പഴത്തറക്കാർക്ക് കൊടുക്കുകയും നിശ്ചയ താംബൂലം നടത്തുകയും ചെയ്യുന്നു. ശബരി മലയിൽ മണ്ഡല പൂജയും ആര്യങ്കാവിൽ തൃക്കല്യാണവും അച്ചൻ കോവിൽ രഥോത്സവവും ഒരേ ദിവസം തന്നെ നടക്കുന്നു. തൃക്കല്യാണ മണ്ഡപം അലങ്കരിച്ച്‌ പാണ്ടി വാദ്യ മേളത്തോടെ വരന്റെ ആൾക്കാരായ തമിഴ് നാട്ടുകാർ വധുവിനെ സ്വീകരിച്ച് മണ്ഡപത്തിലേയ്ക്ക് ആനയിക്കും. എന്നാൽ ഈ സന്ദര്‍ഭത്തിൽ വധു ഋതുമതിയായി എന്നറിയിച്ച് വിവാഹം മുടങ്ങുകയും താലി അയ്യന്റെ വിഗ്രഹത്തിൽ തന്നെ ചാർത്തുകയും ചെയ്യുന്നു. ഇതിന്‌ ശേഷം തമിഴ്‌ തന്ത്ര വിധി പ്രകാരമുള്ള കുഭാംഭിഷേകം നടക്കുന്നു. ആര്യങ്കാവ്‌ അയ്യന്റെ പേരിൽ തമിഴ്‌ നാട്ടിലെ പമ്പിളിയിൽ 30 ഏക്കർ നിലം ഇന്നും വീരമണി കണ്ഠനയ്യന്മാർ എന്ന തണ്ട പേരിൽ നില നില്‍ക്കുന്നു.
കുളത്തൂപ്പുഴ ധര്‍മ്മ ശാസ്താ ക്ഷേത്രം
➖➖➖➖➖➖➖➖➖
കൊല്ലത്ത് നിന്ന് ആയൂർ അഞ്ചൽ വഴി തെന്മലയിലേയ്ക്ക് പോകുമ്പോൾ അറുപത് കിലോ മീറ്റർ കഴിഞ്ഞാൽ കുളത്തൂപ്പുഴയിൽ എത്താം. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ് വഴിയും ക്ഷേത്രത്തിൽ എത്താം. കുളന്തയുടെ ഊരിലെ പുഴയുടെ അരുകിലുള്ള കുളത്തൂപ്പുഴ ക്ഷേത്രം പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാമത്തെതാണെന്ന് കരുതപ്പെടുന്നു. ബ്രഹ്മചര്യ ഭാവത്തിലുള്ള ബാല ശാസ്താവാണ് സങ്കൽപം, പൊട്ടിയ എട്ട് ശിലാ ശകലങ്ങളാണ് പ്രതിഷ്ഠ. ക്ഷേത്രത്തെ ചുറ്റി മല നിരകൾ, ക്ഷേത്രത്തിന് അടുത്ത് കൂടി കല്ലടയാർ ഒഴുകുന്നു. പുഷ്പാഭിഷേകം, നെയ്യഭിഷേകം, നീരാജനം, രക്ത പുഷ്പാഞ്ജലി, അഷ്ടോത്തര അർച്ചന, അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം, അരവണ, അപ്പംകുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തി കിടത്തുന്ന അടിമ സമർപ്പണം തുടങ്ങിയവയാണ് വഴിപാടുകൾ.
ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവൻ, നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിന്പുറത്ത് യക്ഷി, ഗന്ധർവൻ, ഭൂതത്താൻ, മാമ്പഴത്തറ ഭഗവതി, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നിവരാണ് ഉപ ദേവകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്ര കാവ്. പൊട്ടിയ എട്ട് ശിലാ ശകലങ്ങളെ കുറിച്ചുള്ള ഐതീഹ്യം ഇങ്ങിനെ. സഞ്ചാര പ്രിയനായിരുന്ന ഒരു ആചാര്യൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പമുള്ളവർ ഭക്ഷണം പാകം ചെയ്യാനായി അടുപ്പുകല്ല് സ്ഥാപിച്ചപ്പോൾ ഒരണ്ണമെപ്പോഴും വലുതായി തന്നെ ഇരിക്കുന്നു. പല കല്ലുകൾ വെച്ചിട്ടും ശരിയാവുന്നില്ലാത്തത് കൊണ്ട് അവർ ഒരു കല്ല് പൊട്ടിക്കുവാൻ ശ്രമിച്ചു, ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്ത പ്രവാഹം കണ്ട് ഭയന്ന് സംഘാഗംങ്ങൾ ആചാര്യനെ വിവരം അറിയിച്ചു. അദ്ദേഹം അവിടെ ശാസ്താ സാന്നിധ്യം മനസ്സിലാക്കി ചിതറിയ കഷ്ണങ്ങൾ ഒന്നിച്ചെടുത്ത് വച്ച് പ്രതിഷ്ഠിച്ചു. വിവരം അറിഞ്ഞെത്തിയ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം അദ്ദേഹം നൽകി.
ക്ഷേത്ര കടവിലുള്ള മത്സ്യങ്ങളെ തിരുമക്കൾ എന്നാണ് പറയുന്നത്. ബ്രഹ്മ ചരിയായ ശാസ്താവിനെ സ്നേഹിച്ച കന്യകയോട് മത്സ്യ രൂപത്തിൽ ആറ്റിൽ കിടന്നു കൊള്ളാൻ അനുവദിച്ചു എന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് വെള്ളപ്പൊക്കത്തിൽ കുളത്തൂപ്പുഴയിൽ മുഴുവൻ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടും ക്ഷേത്രത്തിനോ ആറ്റിൻ കരയിലെ മത്സ്യ കന്യക വിഗ്രഹത്തിനോ ഒന്നും സംഭവിച്ചില്ല. മനുഷ്യനോളം വലിപ്പമുള്ള മനുഷ്യരുമായി ഇണങ്ങി പോകുന്ന മീനികളെ ഇന്നും കാണാൻ കഴിയും. ഈ മീനുകള്‍ക്ക്‌ അരി, കടല, മലർ എന്നിവയാണ്‌ ഭക്തജനങ്ങൾ നല്‍കുന്നത്‌. നിര്‍ഭയമായി കഴിയുന്ന മീനുകൾ മനുഷ്യരോട്‌ അടുത്ത്‌ വന്ന്‌ തീറ്റകൾ സ്വീകരിക്കും എന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. മീനുകള്‍ക്ക്‌ ആഹാരം നല്‍കുന്നവരുടെ ത്വക്ക്‌ രോഗങ്ങൾ പൂര്‍ണ്ണമായും മാറുമെന്നാണ് വിശ്വാസം. ഉത്സവത്തോടനുബന്ധിച്ച്‌ പ്രത്യേക പൂജകളോടെ ക്ഷേത്ര മേല്‍ശാന്തി പൂജാദ്രവ്യങ്ങളായ പായസം, വെള്ളച്ചോറ്‌ എന്നിവ മീനുകള്‍ക്ക്‌ ഊട്ടുന്ന ചടങ്ങാണ്‌ മീനൂട്ട്‌.
അയ്യപ്പൻ കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം
➖➖➖➖➖➖➖➖➖
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശത്തുള്ള അയ്യപ്പൻ കോവില്‍ പഞ്ചായത്തിലാണ്‌ പുണ്യപുരാതനമായ  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുഗങ്ങളുടെ പഴക്കവും ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധമുള്ളതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന തിരുമല നായ്ക്കൻ അയ്യപ്പൻ കോവിലിന് അടുത്ത്വേട്ടയ്ക്ക് വരുകയും അമ്പലം കാണുകയും തുടര്‍ന്ന് ക്ഷേത്രത്തിനാവശ്യമായ സഹായങ്ങൾ നല്‍കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാണുന്ന ശിലാ ലിഖിതങ്ങൾ ഇതിനുള്ള തെളിവുകളാണ്. ക്ഷേത്രം വകയായി ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്നു. അതിൽ പ്രധാന ഭാഗം തമിഴ് നാട്ടിലെ ഡിണ്ടികൽ എന്ന സ്ഥലത്തായിരുന്നു. പത്തനംതിട്ട ജില്ലയിൽ ശാസ്താംകണ്ടം (നാറാണം മുഴി പഞ്ചായത്തിൽ) എന്നറിയപ്പെടുന്ന പ്രദേശവും അയ്യപ്പൻ കോവില്‍ വക ആയിരുന്നു എന്നും കേൾക്കുന്നുണ്ട്. ഊരാളി, മലയരയൻ, മന്നാൻ എന്നീ ആദിവാസി ഗോത്രങ്ങളാണ് ഈ ക്ഷേത്രത്തിന്റെ അവകാശികൾ എന്നാണ് പണ്ട് മുതലേയുള്ള വിശ്വാസം.
വേനൽ കാലത്ത് ക്ഷേത്രത്തിനരുകിലൂടെ പെരിയാര്‍ ഒഴുകി വന്നു ഇടുക്കി ജലായശത്തിൽ ചേരുന്നു. മഴ കാലത്ത് ഡാമിൽ ജലനിരപ്പ്‌ ഉയരുമ്പോൾ ക്ഷേത്രം ജലത്തിനടിയിലാകുന്നു (പ്രകൃതിയുടെ ആറാട്ട്). ഇതു കാണാൻ നൂറു കണക്കിനു വിശ്വാസികളെത്തുന്നുണ്ട്‌. വേനലിൽ കരയിലൂടെ സഞ്ചരിച്ച്‌ പടി കെട്ട് കയറി ക്ഷേത്രത്തിലെത്താം. വർഷ കാലത്ത് വള്ളങ്ങളിലാണ് ഭക്തർ ക്ഷേത്രത്തിനടുത്ത് അർച്ചനയ്ക്കായി എത്തുന്നത്‌. റിസർവോയറിൽ ജലം നിറയ്ക്കാൻ തുടങ്ങിയപ്പോൾ (1975ൽ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ ക്ഷേത്രം പൊളിച്ചെടുത്ത് അടുത്ത് തന്നെയുള്ള തൊപ്പിപ്പാള എന്ന സ്ഥലത്ത് സ്ഥാപിച്ചു. ഇത്‌ ഊരാളി, മന്നാൻ സമുദായങ്ങളുടെ എതിർപ്പിന് ഇടയാക്കി. തുടർന്ന്‌ 2001ൽ ചില സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പൻ കോവിലിൽ ക്ഷേത്രം പുനർ നിർമ്മിച്ചു. ഇതിനെതിരേ ബോർഡ്‌ നിയമ നടപടി സ്വീകരിക്കുകയും കേസ്‌ കട്ടപ്പന സബ്‌ കോടതിയിൽ എത്തുകയും ചെയ്‌തു. എന്നാൽ തൽക്കാലം ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാൻ കേരള ഹൈക്കോടതി അനുവദിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന്‌ ധാരാളം ഭക്ത ജനങ്ങളിപ്പോൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്. പുരാതന ക്ഷേത്രത്തിൽ നിന്ന്‌ അയ്യപ്പ സാന്നിധ്യം മാറ്റാനായിട്ടില്ലെന്ന്‌ വിശ്വാസികൾ പറയുന്നു. ക്ഷേത്രത്തിനടുത്ത് ഡാമിന് കുറുകെ തൂക്കുപാലം നിർമ്മിച്ചതോടെ നിരവധി വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്‌. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത്‌ കാണുന്ന ഗുഹ വന വാസ കാലത്ത്‌ പാണ്ഡവർ നിര്‍മ്മിച്ചതാണെന്നും ഇതിന്റെമറ്റു കവാടങ്ങൾ തുറക്കുന്നത്‌ ശബരിമല, മധുര മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കാണ് എന്ന് പറയപ്പെടുന്നു. ഇവിടെ കാണുന്ന നിലവറ മേൽ ശാന്തി മഠമായി ഉപയോഗിച്ചിരുന്നതാണെന്ന് പുരാവൃത്തം. ക്ഷേത്രത്തിന്റെ ഇടതു കോണില്‍ കോവില്‍ മല. ക്ഷേത്രത്തിന് പടിഞ്ഞാറ്‌ഭാഗത്ത് ആറ്റിലൂടെ മൂന്ന് കിലോ മീറ്റർ താഴെയ്ക്ക് പോയാല്‍ ഭീമൻ ചുവടിലും അവിടെ നിന്നും വീണ്ടും രണ്ട് കിലോ മീറ്റർതാഴെയ്ക്ക് പോയാല്‍ സീത കയത്തിലുമെത്താം.
ശ്രീകോവിലില്‍ പാറകൊണ്ടു കെട്ടിയ പീഠത്തിനു മുകളില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ധര്‍മ്മ ശാസ്താവ്‌. വടക്കു ഭാഗത്ത്‌ മാളികപ്പുറത്തമ്മമുന്നില്‍ ഇടതു ഭാഗത്ത്‌ കിണറിന് മുന്നില്‍ സര്‍പ്പകാവ്‌, കന്നി മൂലയില്‍ ഗണപതി. രാവിലെ അഞ്ചര മുതല്‍ പത്തര വരെയും വൈകിട്ട്‌ അഞ്ചര മുതല്‍ എഴര വരെയുമാണ്‌ പുജാ സമയം. ഇവിടെയും ശബരിമലയിലെ പോലെ പൂജകളും വഴിപാടുകളുമാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ശനി ദോഷ നിവാരണത്തിന്നടത്തുന്ന പൂജയും, എല്ലാ മാസവും നടത്തുന്ന ആയില്യ പൂജയും പ്രധാനം തന്നെ. രാമജയന്തിയും, കൃഷ്ണജയന്തിയും, ഗണേശോത്സവവും, ശിവരാത്രിയും ഇവിടെ ആഘോഷിച്ചു വരുന്നു, കര്‍ക്കിട വാവ് ബലിയും വിശേഷമാണ്‌. വര്‍ഷത്തിൽ ഒരിക്കല്‍ സപ്താഹ യജ്ഞവുമുണ്ട്‌. മകര വിളക്കിനാണ്‌ മഹോത്സവം, ജനുവരി ഒന്നിന്‌ ആരംഭിച്ച്‌ പതിനാലിന്‌ അവസാനിക്കും. ഉത്സവത്തോട് അനുബന്ധിച്ച്‌ ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി, പാണ്ടിമേളം, അലങ്കാരകാവടി, കരകയാട്ടം, മുളപ്പാരി, തെയ്യം, മാവിളക്ക്‌ തുടങ്ങിയവയുടെ അകമ്പടിയോടെ ഭഗവാന്റെ തിടമ്പേറ്റിയ ഗജ വീരന്‍ ക്ഷേത്രത്തിലേക്ക്‌ എഴുന്നെള്ളും. അതിനു ശേഷം ആദിവാസികളുടെ മീനൂട്ട്‌ മഹോത്സവും കൂത്തും ക്ഷേത്രത്തില്‍ നടക്കും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ആദിവാസികള്‍ മീനുകള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന ചടങ്ങാണിത്‌.
അച്ചൻ കോവിൽ ക്ഷേത്രത്തിൽ നിന്ന് ശബരി മലയിലേയ്ക്ക്‌ ട്രാക്കിംഗ് ദൂരം അറുപത് കിലോ മീറ്റർ, അയ്യപ്പൻ കോവിൽ ക്ഷേത്രത്തിൽ നിന്ന് ശബരി മലയിലേയ്ക്ക്‌ ട്രാക്കിംഗ് ദൂരവും 60 കിലോ മീറ്റർ തന്നെ (പക്ഷെ സാധാരണ ജനങ്ങൾക്ക്‌ അപ്രാപ്യമായ വഴിയാണ് ഇത്). അച്ചൻ കോവിലിൽ നിന്ന് റാന്നി, കാഞ്ഞിരപ്പള്ളി വഴി കട്ടപ്പനയ്ക്ക് അടുത്തുള്ള അയ്യപ്പൻ കോവിലിൽ എത്താൻ 170 കിലോ മീറ്റർ താണ്ടണം. കോട്ടയത്ത് നിന്ന് ഈരാറ്റുപേട്ട, വാഗമണ്‍ വഴി അയ്യപ്പൻ കോവിലിൽ എത്താൻ തൊണ്ണൂറ് കിലോ മീറ്റർ. എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി, കട്ടപ്പന വഴി അയ്യപ്പൻ കോവിലിൽ എത്താൻ 150 കിലോ മീറ്റർ.
എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രം
➖➖➖➖➖➖➖➖➖
ശബരിമല ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രം കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്ന് കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലേയ്ക്ക് ദൂരം 50 കിലോ മീറ്റർ ആണ്. ഉത്തര കേരളത്തിൽ നിന്ന് വരുന്ന അയ്യപ്പന്മാർ അങ്കമാലി, പെരുമ്പാവൂർ, തൊടുപുഴ, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിൽ എത്താറുണ്ട്. പാലയ്ക്ക് അടുത്തുള്ള കടപ്പാട്ടൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് അപ്രകാരം ചെയ്യുന്നത്. ശബരി മല തീർഥാടകർ എരുമേലി വഴി പോകണം എന്നാണ് പണ്ട് മുതലേയുള്ള ചിട്ട. കേരളീയ മാതൃകയിൽ നിർമ്മിച്ച എരുമേലി ക്ഷേത്രത്തിൽ കൈയ്യിൽ ആയുധമായി ഒരു അമ്പുമായി നിൽക്കുന്ന രൂപത്തിൽ കിഴക്കോട്ട് ദർശനമേകി അയ്യപ്പ സ്വാമി മരുവുന്നു. മഹിഷി നിഗ്രഹത്തിന് ഉപയോഗിച്ച അമ്പാണത്രെ അത്. കുംഭമാസത്തിൽ ഉത്രം ആറാട്ടായി 10 ദിവസമാണ് ഉത്സവം. എരുമയെ കൊന്ന സ്ഥലമാണ് എരുമേലി ആയത്, എരുമയുടെ രക്തം വീണ കുളം രുധിര കുളം ഇപ്പോൾ ഉതിര കുളമാണ്. പണ്ട് റാന്നി കർത്താവ് എന്ന നാട്ടു രാജാവിന്റെ വകയായിരുന്നു ക്ഷേത്രം, ആലമ്പിള്ളി എന്നായിരുന്നു അന്ന് ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥലത്തിന്റെ പേര്.
ശബരിമല തീർത്ഥടകർ എരുമേലിയിൽ വന്ന് ദർശനം നടത്തിയതിന് ശേഷം വേണം മല ചവിട്ടാൻ എന്നതാണ് വിശ്വാസം. ആദ്യമായി ശബരി മലയ്ക്ക് പോകുന്നവർ നിശ്ചയമായും എരുമേലിയിൽ പേട്ട കെട്ടി കഴിഞ്ഞ് വേണം ശബരിമലയിലേയ്ക്ക് തിരിക്കാൻ. പേട്ട കെട്ടുന്നതിനു മുമ്പ് എരുമേലി ശാസ്താവിന്  മുന്നിൽ പ്രായശ്ചിത്തം ചെയ്യണം ഒരു വെറ്റിലയും അതിൽ ഒരു അടയ്ക്കയും ഒരു രൂപ നാണയവും വച്ച് ഭഗവാനേ വൃതവേളയിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളെല്ലാം പൊറുത്ത് പതിനെട്ടാംപടി കയറാൻ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ച് ഭണ്ഡാരത്തിൽ ഇടണം. അനന്തരം പേട്ട കെട്ടിന് തയാറാകണം എരുമേലിയിൽ നിന്ന് പേട്ടയിലെയ്ക്കുള്ള അര കിലോ മീറ്റർ ദൂരത്തിൽ പേട്ട കെട്ടാനുള്ള സധന സമിഗ്രികൾ വില്ക്കുന്ന ഒട്ടനവധി കടകളുണ്ട് അവിടെ നിന്ന് പേട്ട കമ്പ് (മൂന്നു കോൽ നിളമുള്ള ഒരു വടി) കുറച്ചു പച്ചകറികൾ കുറച്ചു കിഴങ്ങ് വർഗങ്ങൾ മുഖത്തും ദേഹത്തും തേയ്ക്കാനുള്ള വർണ്ണ പൊടികൾ എന്നിവ വാങ്ങി കൊച്ചമ്പലത്തിലേയ്ക്ക് (പേട്ട ശാസ്താ ക്ഷേത്രം) പോകണം. പേട്ട കെട്ടിന് അകമ്പടി സേവിക്കാൻ കുഴൽ വിളിക്കാരും തകിൽക്കാരും വാടകയ്ക്ക് വരും. പേട്ട ക്ഷേത്രത്തിൽ ചെന്ന് പച്ച കറികളും കിഴങ്ങ് വർഗങ്ങളും തുണിയിൽ പൊതിഞ്ഞ് പേട്ട കമ്പിന്റെ നടുക്ക് കെട്ടി വർണ്ണ പൊടികൾ മുഖത്തും ദേഹത്തും പൂശി കുഴൽ വിളിക്കാരന്റെയും തകിൽക്കാരന്റെയും അകമ്പടിയോടെ തുള്ളി ചാടി  കൊണ്ട് പേട്ട ക്ഷേത്രം വലം വച്ച് വാവരു പള്ളിയിൽ കയറി വലം വച്ച് എരുമേലി ക്ഷേത്രത്തിൽ ചെല്ലണം. പേട്ട കെട്ടുമ്പോൾ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം എന്ന് ഉച്ചത്തിൽ വിളിക്കണം (അയ്യപ്പൻ എന്റെ അകത്ത് സ്വാമി എന്റെ അകത്ത് എന്നതാണത്രെ അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം). എരുമേലി ക്ഷേത്രത്തിൽ ചെന്ന് മൂന്നു വലം വച്ച് നടയ്ക്കൽ ചെന്ന് വന്ദിച്ച് പേട്ട കെട്ട് അവസാനിപ്പിക്കാം. ശേഷം അമ്പലത്തിനു മുമ്പിലുള്ള തോട്ടിൽ ഇറങ്ങി കുളിച്ച് കുറച്ചു നേരം വിശ്രമിച്ച്‌ മല ചവിട്ടാൻ തുടങ്ങാം. മല ചവിട്ടാൻ തുടങ്ങുന്നതിനു മുമ്പ് കന്നിക്കാർ ശബരി പീഠത്തിൽ തൂക്കാനുള്ള കച്ചയും ശരം കുത്തിയിൽ കുത്താനുള്ള ശരവും വാങ്ങുവാൻ മറക്കരുത്.
ധനു ഇരുപതാം തിയതി മുതലേ പേട്ട കെട്ടുവാൻ പാടോള്ളൂ എന്നതാണ് ആചാരമെങ്കിലും അന്യസംസ്ഥാനത്ത് നിന്ന് വരുന്ന നൂറുകണക്കിന് അയ്യപ്പ ഭക്തർ വൃശ്ചികം ഒന്ന് മുതലേ പേട്ട കെട്ടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. അമ്പലപ്പുഴ ആലങ്ങാട്ട് സംഘക്കാരാണ് അവസാനം പേട്ട കെട്ടേണ്ടത്. അമ്പലപ്പുഴ സംഘം അയ്യപ്പന്റെ അച്ഛൻ താവഴിയും ആലങ്ങാട്ടുകാർ അമ്മ താവഴിയും എന്നണ് വിശ്വാസം. ധനു ഇരുപത്തെഴിനാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘക്കാരുടെ പേട്ട കെട്ട്. ആദ്യം അമ്പലപ്പുഴ സംഘക്കാർ പേട്ട കെട്ടും ആ സമയം ആകാശത്ത് കൃഷ്ണ പരുന്തുകൾ വട്ടമിട്ടു പറക്കും. അമ്പലപ്പുഴ സംഘക്കാരുടെ പേട്ട കെട്ട് കഴിഞ്ഞാൽ വൈകിട്ട് മൂന്നു മണിയോടെ ആലങ്ങാട് സംഘക്കാർ പേട്ട കെട്ടും പൂർവ രാശിയിലപ്പോൾ വളരെ വ്യക്തതയോടെ നക്ഷത്രം തെളിയും. ഉദായനനുമായുള്ള യുദ്ധത്തിന് മുന്നോടിയായി അയ്യപ്പ നിർദ്ദേശ പ്രകാരം വാവർ മറ്റല്ലായിടത്തും സഹായ അഭ്യർത്ഥന നടത്തി എന്നാൽ ആലങ്ങാടുകാരുടെ അടുത്ത് ചെല്ലാൻ മാത്രം മറന്നു പോയി അതിന്റെ കെറുവ് എന്നോണം ആലങ്ങാട് സംഘക്കാർ പേട്ട കെട്ടി വരുമ്പോൾ ഇപ്പോഴും വാവരു പള്ളിയിൽ കയറാറില്ല. അയ്യപ്പന്റെ ഉറ്റ മിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ പതിനെട്ടാം പടി ചവിട്ടാവൂ എന്നാണ് .വിശ്വാസം. മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരു പള്ളിയും അയ്യപ്പ ക്ഷേത്രങ്ങളും എരുമേലിയിൽ നില കൊള്ളുന്നു.
ഹരിവരാസനം
➖➖➖➖➖➖➖➖➖
ശബരിമലയിൽ ദിവസവും അത്താഴ പൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.
അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കുന്ന ഹരിവരാസനം
ആദിതാളത്തിൽ, മധ്യമാവതി രാഗത്തിൽ, സംസ്കൃത പദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌.
ശ്രീകോവിലിൽ ഭഗവാനെ പാടിയുറക്കാൻ മേൽശാന്തി ഹരിവരാസനം പാടുന്ന അതേ സമയത്ത്,
പുറത്ത് ഭക്തജനങ്ങൾക്കായി യേശുദാസിന്റെ ശബ്ദത്തിലുള്ള ഓഡിയോ കേൾപ്പിക്കും.
ഇനി ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ....
ഹരിവരാസനം
വിശ്വമോഹനം
ഹരിദധീശ്വരം
ആരാധ്യപാദുകം
അരിവിമർദ്ദനം
നിത്യ നർത്തനം
ഹരിഹരാത്മജം
ദേവമാശ്രയേ....
അർത്ഥം
 
ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
ശരണ കീർത്തനം
ശക്ത മാനസം
ഭരണലോലുപം
നർത്തനാലസം
അരുണ ഭാസുരം
ഭൂതനായകം
ഹരിഹരാത്മജം
ദേവമാശ്രയേ...
അർത്ഥം
 
ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
പ്രണയ സത്യകം
പ്രാണ നായകം
പ്രണതകല്പകം
സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ....
അർത്ഥം
 
പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'
ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
തുരഗവാഹനം
സുന്ദരാനനം
വരഗദായുധം
വേദവർണ്ണിതം
ഗുരുകൃപാകരം
കീർത്തന പ്രിയം
ഹരിഹരാത്മജം
ദേവമാശ്രയേ.....
അർത്ഥം
 
കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
ത്രിഭുവനാർച്ചിതം
ദേവതാത്മകം
ത്രിനയനം പ്രഭും
ദിവ്യദേശികം
ത്രിദശ പൂജിതം
ചിന്തിത പ്രദം
ഹരിഹരാത്മജം
ദേവമാശ്രയേ....
അർത്ഥം
 
മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
ഭവഭയാപഹം
ഭാവുകാവഹം
ഭുവനമോഹനം
ഭൂതിഭൂഷണം
ധവളവാഹനം
ദിവ്യവാരണം
ഹരിഹരാത്മജം
ദേവമാശ്രയേ.....
അർത്ഥം
 
ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
കള മൃദുസ്മിതം
സുന്ദരാനനം
കളഭ കോമളം
ഗാത്ര മോഹനം
കളഭ കേസരി
വാജിവാഹനം
ഹരിഹരാത്മജം
ദേവമാശ്രയേ....
അർത്ഥം
 
മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
ശ്രിതജനപ്രിയം
ചിന്തിതപ്രദം
ശ്രുതിവിഭൂഷണം
സാധുജീവനം
ശ്രുതിമനോഹരം
ഗീതലാലസം
ഹരിഹരാത്മജം
ദേവമാശ്രയേ....
അർത്ഥം
ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.....


No comments:

Post a Comment