ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2016

മന്ത്രങ്ങൾ

മന്ത്രങ്ങൾ

മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ്
മന്ത്രങ്ങൾ.
"മനനാത് ത്രായതേ ഇതിമന്ത്ര"
എന്നതാണ് പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത് പരമാത്മാവിന്റെയോ അതിന്റെ
ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്.
നാദവിസ്ഫോടനത്തിൽ നിന്നാണ് പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി
സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ
നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ
മനുഷ്യന് ഗ്രഹിക്കാവുന്നതല്ല.
അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ്
ഓംകാരം. ഓംകാരത്തിൽ നിന്നാണ്
പ്രപഞ്ചസൃഷ്ടിയുണ്ടായത്. അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ് ഓം.
ഇത് ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ പ്രതീകമാണ്. ബ്രഹ്മപ്രാപ്തിക്കുള്ള വിവിധ
ഉപാസനകളിൽ പ്രണവോപാസനമാണ് ഏറ്റവും മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്. ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി
വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും
ഓംകാരപൂർവ്വമാണ്. മഹാപുണ്യമായ ഓംകാരം ത്രിസന്ധ്യകളിലും ജപിക്കണമെന്ന് ആചാര്യന്മാർ
ഉത്ഘോഷിക്കുന്നു. മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര
സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ് ജപം. നാമജപമായാലും
മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം
അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ് ഈശ്വരനിൽ അഥവാ
ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം
ഒന്നിച്ചവയാണ്. നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ
നാമത്തേയും നമുക്ക് മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ് ധ്യാനം.
അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്. മന്ത്രങ്ങൾ ശിഷ്യന് ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ അതിന്
ചൈതന്യമുണ്ടാവുകയുള്ളൂ.

ഗുരു ബ്രഹ്മ ഗുരു വിഷ്ണു,
ഗുരു ദേവോമഹേശ്വരഃ
ഗുരുസാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ

ഗുരു ഈശ്വരൻ, ബ്രഹ്മൻ, സത്യം, പ്രണവം എന്നിവ ഒന്നുതന്നെ അഥവാ ഒന്നുപോലെ മഹനീയംഎന്നതാണ് ഹൈന്ദവസങ്കല്പം. പണ്ട് ഗുരുകുലത്തിൽ ശിഷ്യന്മാർ ചെന്ന് താമസിച്ച് വിദ്യകൾ ഓരോന്നായി പഠിച്ചിരുന്നു. ഇന്ന് കാലം മാറി
ഗതി മാറി. ഗുരുകുല വിദ്യാഭ്യാസത്തിന്
സാഹചര്യങ്ങൾ ഇല്ലാതെയായി. പള്ളിക്കൂടങ്ങളും കോളേജുകളും അവയുടെ സ്ഥാനങ്ങൾ ഏറ്റെടുത്തു.
ഗുരു ശിഷ്യബന്ധം അറ്റുപോയ ലക്ഷണങ്ങൾ എല്ലായിടത്തും കാണാം. ഒരു ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രോപദേശം സ്വീകരിച്ചു വേണം നാം
മന്ത്രജപം ആരംഭിക്കുവാൻ. ഇതാണ് മന്ത്രദീക്ഷ എന്നറിയപ്പെടുന്നത്.
മഞ്ഞപ്പൂക്കൾ കൊണ്ടാണ് ഗുരുപൂജ നടത്തേണ്ടത്. തൈര് ചേർത്ത് നിവേദ്യം തയ്യാറാക്കുന്നു. ജന്മ
നക്ഷത്രദിവസം, വ്യാഴാഴ്ചകൾ എന്നിവയിൽ ഗുരുപൂജ നടത്താം. വ്യാഴദശ, വ്യാഴപഹാരം എന്നിവ
തുടങ്ങുന്ന ദിവസവും, ചാരവശാൽ വ്യാഴം അനിഷ്ടരാശിയിൽ പ്രവേശിക്കുന്ന ദിവസവും ഗുരുപൂജ നടത്തുക. പുസ്തകങ്ങളിൽ കാണുന്ന മന്ത്രങ്ങൾ അതുപോലെ ജപിച്ചതുകൊണ്ട് ഫലമുണ്ടാകുന്നില്ല. ഒരു ഗുരുനാഥനിൽ നിന്ന് ഉപദേശമായി ലഭിക്കുമ്പോൾ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ. ഒരു ജീവിയിൽ നിന്നു മാത്രമേ മറ്റൊരു ജീവി ജനിക്കുന്നുള്ളൂ എന്ന ശാസ്ര്തസത്യം ഇവിടെ പ്രസക്തമാണ്. സാധനയിലൂടെ സിദ്ധി കൈവന്ന ഒരു ഉത്തമ സാധകൻ മന്ത്രത്തിന്റെ സൂക്ഷ്മ കണികയെ
ശിഷ്യനിൽ നിക്ഷേപിക്കുമ്പോൾ മാത്രമേ ആ കണിക ജൈവമാകുന്നുള്ളൂ. ആ ജൈവകണികയെ
മാത്രമേ ശിഷ്യനും സാധനയിലൂടെ
വളർത്തിക്കൊണ്ടുവരാൻ കഴിയൂ. പുസ്തകത്തിൽ നോക്കി മന്ത്ര സിദ്ധി വരുത്താമെന്ന് പറയുന്നത് അച്ഛനില്ലാതെ സന്തതിയുണ്ടാവുമെന്നും വിത്തു
വിതയ്ക്കാതെ കൃഷി ചെയ്യാമെന്നും
പറയുന്നതുപോലെയാണ്.
ദീക്ഷദാനം ചെയ്യുവാൻ യോഗ്യനായ ഗുരുവിന്റെ ലക്ഷണങ്ങൾ മന്ത്രശാസ്ര്തത്തിൽ
വിശദീകരിക്കുന്നുണ്ട്. ഉപദേശിച്ചതുകൊണ്ടു
മാത്രം ഒരുവനും ഗുരുവാകുന്നില്ല. ഇന്ദ്രീയജയം നേടിയവനും സത്യവാദിയും ദയാലുവും ശിഷ്യന്റെ
സംശയങ്ങൾ ദൂരീകരിക്കാൻ കഴിവുള്ളവനും ശാന്തചിത്തനും വൈദിക ക്രിയകളിൽ സമർത്ഥനും
മന്ത്രസിദ്ധി നേടിയവനും നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നവനും ആരോഹിയും
സ്വസ്ഥലത്തുതന്നെ വസിക്കുന്നവനും
ആയിരിക്കണം ഗുരു. അതുപോലെ ശിഷ്യനും ചില ഗുണങ്ങൾ വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതിൽ
ഗുരുഭക്തി തന്നെ ഏറ്റവും മുഖ്യം. ഗുരു ഈശ്വരൻ തന്നെയാണെന്നും ഗുരുവിന്റെ ഉപദേശം വേദവാക്യം പോലെയാണെന്നും ഗുരുകടാക്ഷം
കൊണ്ട് തനിക്ക് സമസ്തവും സിദ്ധിക്കുമെന്നും പൂർണ്ണവിശ്വാസം ശിഷ്യനും വേണം. ഗുരുവിൽ
ശിഷ്യനുള്ള പൂർണ്ണവിശ്വാസം മന്ത്രോപാസനയുടെ
ഫലസിദ്ധിക്ക് അനിവാര്യമാണ്. ആ
വിശ്വാസത്തിന് ഇളക്കം തട്ടുന്നത് അപകടവുമാണ്. അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ, മാതാപിതാക്കളിൽ ഭക്തി ആദിയായവയും ശിഷ്യനിൽ അവശ്യം
ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.
ദീക്ഷകൾ മൂന്നുതരത്തിലുണ്ട്. മാന്ത്രികദീക്ഷ, ശാക്തിദീക്ഷ, ശാംബവീദീക്ഷ. ജപം മനസ്സിനെ
പരിശുദ്ധമാക്കും. ജപം പാപത്തെ നശിപ്പിക്കും. ജപം കുണ്ഡലിനി ശക്തിയെ ഉണർത്തും. ജപം
വ്യക്തിയെ ഭയവിമുക്തനും സ്നേഹസമ്പന്നനും ആക്കുന്നു. ജപം സംസ്കാരം വളർത്തും. മനഃശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തി, ദാഹം,
വിശ്വാസം, ഇവയോടുകൂടി ജപവും, മന്ത്രവും, ധ്യാനവും ചെയ്താൽ വ്യക്തിയുടെ ജന്മാന്തരങ്ങളിലെ പാപം നശിച്ച് മോക്ഷത്തിനുള്ള വഴി ഉണ്ടാകും. പഥ്യമായി മൂന്നുകോടി നാമം ജപിച്ചാൽ നമ്മുടെ കൈയ്യിലുള്ള രേഖകൾ മാറി വരുന്നതായി
കാണാം. ജാതകത്തിൽ ലഗ്നം, ധനം തുടങ്ങി 12 ഭാവങ്ങളാണുള്ളത്. ഈ ദ്വാദശഭാവങ്ങൾക്കും നാമജപം കൊണ്ട് ശുദ്ധിവരുന്നതാണ്.
പഥ്യാചരണത്തോടെ മൂന്നുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്ര്യമുണ്ടാകുന്നതല്ല. ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.

No comments:

Post a Comment